Monday, December 31, 2007

എലിമിനേഷന്‍ റൗണ്ട്‌

"ഇന്നത്തെ എലിമിനേഷന്‍ റൗണ്ടില്‍ അനിവാര്യമായത്‌ സംഭവിച്ചേ പറ്റൂ... അല്ലേ ..."

"അനന്തമായ കാലത്തിന്റെ ചക്രം ഉരുളുന്ന ഈ വേദിയില്‍ നിന്ന്‌ ഇന്ന് നമ്മളോട്‌ വിട പറയുന്നത്‌ മറ്റാരുമല്ല ... നമുക്ക്‌ ഒരുപാട്‌ ഒരുപാട്‌ നല്ല പ്രകടനങ്ങള്‍ സമ്മാനിച്ച, നമ്മളെയെല്ലാം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത, നമുക്കെല്ലാം പ്രിയങ്കരിയായ 2007 ..."

ഗാലറിയില്‍ തല കുമ്പിട്ട്‌ കണ്ണീര്‍ വീഴ്‌ത്തുന്ന കാണികള്‍...

വേദിയില്‍ ദുഃഖം കടിച്ചമര്‍ത്തി വിതുമ്പുവാന്‍ തുനിയുന്ന 2007 ...

ശ്യാമയുടെ കണ്ണുകള്‍ നിറയുന്നു...

"എന്നെന്നേക്കുമായി ഈ വേദിയില്‍ നിന്നും കാലയവനികയ്ക്ക്‌ പിറകില്‍ മറയുമ്പോള്‍ 2007 ന്‌ എന്തു തോന്നുന്നു?"

"ആദ്യമായി ഈ വേദിയില്‍ എന്നെ എത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു... പ്രത്യേകിച്ചും എന്നെ ഏറ്റവും അധികം പ്രോല്‍സാഹിപ്പിച്ച എന്റെ അമ്മ 2006 നോട്‌... അമ്മ തുടങ്ങി വച്ച പല കാര്യങ്ങളും നല്ല രീതിയില്‍ തന്നെ എനിക്ക്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നു തന്നെയാണെന്റെ വിശ്വാസം... എങ്കിലും ... നാളെ മുതല്‍ നിങ്ങളെയൊന്നും കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...."

തിരിഞ്ഞു നിന്ന് ശ്യാമയുടെ ചുമലില്‍ തല താഴ്‌ത്തി തേങ്ങുന്ന 2007 ... ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ശ്യാമ...

" നോക്കൂ 2007... ഞാനൊന്നു പറഞ്ഞോട്ടെ... ഈ കലാപങ്ങളും കാലുഷ്യങ്ങളും നിറഞ്ഞ കാലയളവില്‍ ചിലപ്പോഴെല്ലാം വിചാരിച്ച പോലെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല എന്നത്‌ വാസ്തവമാണ്‌... പക്ഷേ, this is not the end of World... this is just beginning... എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌ ഓഡിഷന്‍ സമയത്ത്‌ അമ്മയുടെ കൈ പിടിച്ച്‌ വന്ന നിങ്ങളെ... അവിടെ നിന്ന് എത്രയോ മുന്നോട്ട്‌ പോയി അല്ലേ ..." താടിക്കാരന്റെ സാന്ത്വനം...

"അതേ ജയചന്ദ്രന്‍... അതു തന്നെയാണെനിയ്ക്കും പറയാനുള്ളത്‌... ഇനി ആ ലക്ഷ്യങ്ങള്‍ താങ്കളുടെ മകള്‍ 2008 കണ്ടിന്യൂ ചെയ്യട്ടെ..." പണ്ട്‌ താടിയുണ്ടായിരുന്ന ആള്‍...

"ആരെന്തൊക്കെ പറഞ്ഞാലും ഞാനൊന്നു പറയട്ടെ ... You are too good... എന്തൊരു ക്യൂട്ട്‌ ആണെന്നറിയുമോ ആ സ്റ്റേജില്‍ നില്‍ക്കുന്നത്‌ കാണാന്‍..." ചിത്ര അയ്യരുടെ നിഷ്ക്കളങ്കമായ നിരീക്ഷണം...

"ഇന്ന് ഈ വേദിയില്‍ നിന്നും എന്നെന്നേക്കുമായി വിട പറയുന്ന 2007 ന്‌ ഗോദ്‌റേജ്‌ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു DVD Player സമ്മാനിക്കുവാനായി ചിത്രാജിയെ ക്ഷണിക്കുന്നു..."

വീണ്ടും ആലിംഗനങ്ങളുടെ ഘോഷയാത്ര... പശ്ചാത്തലത്തില്‍ 'വിട പറയുകയാണോ....' എന്ന ഗാനം അശരീരിയായി അലയടിക്കുന്നു...

പിന്നെ ... വേദിക്ക്‌ പിറകിലെ ദൃശ്യങ്ങള്‍... വികാരപ്രകടനങ്ങള്‍... സെന്‍സര്‍ ചെയ്യാതെ...

അങ്ങനെ അടുത്ത സ്റ്റേജിലെ മനം മയക്കുന്ന പ്രകടനങ്ങള്‍ക്കായി വീണ്ടും നമുക്ക്‌ കാത്തിരിക്കാം ... ഒത്തിരി ഒത്തിരി പ്രതീക്ഷകളോടെ... 2008 ന്റെ ഇനിയും കാണാന്‍ ഏറെയുള്ള പെര്‍ഫോമന്‍സിനായി...

Wednesday, September 19, 2007

ഏപ്രില്‍ മാഹാത്മ്യം

മദ്രാസില്‍ 'കമ്പ്യൂട്ടര്‍ ഉപരിപഠനം' കഴിഞ്ഞ്‌, അവാര്‍ഡ്‌ ചിത്രങ്ങളിലെ നായകനെ പോലെ ജോലിയും കൂലിയുമില്ലാതെ നടക്കുന്ന കാലം. ഇന്ത്യന്‍ എക്സ്പ്രസ്സിലേയും ഹിന്ദുവിലേയും ക്ലാസിഫൈഡ്‌ കോളങ്ങളില്‍ മുഴുവനും തിരഞ്ഞ്‌ അപേക്ഷകളയച്ചിട്ടും പ്രതികരണളൊന്നുമില്ലാതെ റൗണ്ട്‌ സൗത്തില്‍ നിന്ന് വാങ്ങുന്ന ബുധനാഴ്ച്ചകളിലെ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ഗവേഷണം നടത്തുന്ന കാലം.

പക്ഷേ, ചുരുങ്ങിയത്‌ ഒരു വര്‍ഷത്തെയെങ്കിലും 'എക്സ്‌പീരിയന്‍സ്‌' ഇല്ലാത്തവനെ ഒരുത്തനും വേണ്ട.'അവരെന്നെ നിലത്തൊന്ന്‌ നിറുത്തിയിട്ട്‌ വേണ്ടേ പൂഴിക്കടകന്‍ എടുക്കാന്‍' എന്ന്‌ കളരിയാശാന്‍ പറഞ്ഞതുപോലെ ആരെങ്കിലും ഒരു ജോലി തരാതെ എവിടെ കിട്ടാന്‍ എക്സ്‌പീരിയന്‍സ്‌!...

അങ്ങനെയിരിക്കുമ്പോഴാണ്‌ യാദൃച്ഛികമായി കണ്ടുമുട്ടാനിടയായ ഒരു ക്ലാസ്‌മേറ്റിന്റെ കെയറോഫില്‍ ഗുരുവായൂര്‍ മുതുവട്ടൂരിലെ എക്സ്‌ ഗള്‍ഫ്‌ ബാലഗോപാലന്‍ മാഷ്‌ടെ എക്സ്‌പ്രസ്‌ കമ്പ്യൂട്ടേഴ്‌സില്‍ നേരം കൊല്ലാന്‍ അവസരം ലഭിക്കുന്നത്‌.

"മദ്രാസ്സിലൊക്കെ പോയി പഠിച്ചിട്ട്‌ ഇതുവരെ ജോലിയൊന്ന്വായില്ല്യേ കുട്ട്യേ..." എന്ന നാട്ടുകാരുടെ ചൊറിയുന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാന്‍ കിട്ടിയ വൈക്കോല്‍ത്തുരുമ്പായിരുന്നു അത്‌. ബോംബെയില്‍ കിട്ടാന്‍ പോകുന്ന ഏതോ വലിയ ജോലിയ്ക്കുള്ള വര്‍ക്ക്‌ എക്സ്‌പീരിയന്‍സിനായി അച്ഛന്റെ പെന്‍ഷനില്‍ നിന്ന്‌ ദിവസ്സവും നാലു രൂപ ഇരുപതു പൈസ മുടക്കി സെന്റ്‌ ഫ്രാന്‍സിസില്‍ അടാട്ട്‌ - മുതുവട്ടൂര്‍ യാത്ര കഴിഞ്ഞെത്തുമ്പോള്‍ ചന്തയിലുള്ളവര്‍ 'കമ്പ്യൂട്ടര്‍ പഠിപ്പിക്കണ മാഷ്‌' എന്ന പേര്‌ പതിച്ചു തന്നു.

ദിനവും ഗുരുവായൂര്‍ക്കുള്ള ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന ഇടവേളകളിലാണ്‌ അടാട്ട്‌ ചന്തയിലെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെ വളരെ അടുത്ത്‌ നിരീക്ഷിക്കാന്‍ അവസരം കിട്ടുന്നത്‌.

'കൊട്ടുവടി' നിര്‍മ്മാണത്തിന്റെ പേരില്‍ എക്സൈസ്‌കാര്‍ പെരുമാറി ചങ്ക്‌ കലങ്ങി തിരിച്ചെത്തുന്നവര്‍ക്ക്‌ അത്യാവശ്യം ദശമൂലാരിഷ്ടവും ച്യവനപ്രാശവും കൊടുത്ത്‌ സഹായിക്കുന്ന കഷായം കറപ്പേട്ടന്‍ ...

കറപ്പേട്ടന്റെ മരുന്ന്‌ ശരീരത്തില്‍ പിടിക്കാത്തവരെ ചികില്‍സിക്കാന്‍ രാവിലെ തന്നെ തന്റെ ഒറ്റമുറി ഹോമിയോ ഡിസ്പെന്‍സറിയും തുറന്ന്‌ ഈച്ചയാട്ടി വൈകുന്നേരം ഇരുനൂറടിച്ച്‌ പിമ്പിരിയായി ഒരു വിധം അഡ്‌ജസ്റ്റ്‌ ചെയ്ത്‌ വീടെത്തുന്ന മാത്തുട്ടി വൈദ്യര്‍...

തന്റെ പെട്ടിക്കടയിലിരുന്നുകൊണ്ട്‌ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയ്‌ക്കയുമടക്കം ലോകത്തെ ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിച്ച്‌ ശ്രോതാവിനെ കുപ്പിയിലിറക്കുന്ന ശശിയേട്ടന്‍...

ചുമരിലെ കലണ്ടറുകളിലെ മദാലസകളുടെ അകമ്പടിയോടെ ഏത്‌ കസ്റ്റമേഴ്‌സിനെയും ബ്രൂസ്‌ലി കട്ട്‌ ചെയ്ത്‌ കുട്ടപ്പന്മാരാക്കി പുറത്ത്‌ വിടുന്ന രാജുവേട്ടന്‍...

ഉച്ചയാകുന്നതിന്‌ മുന്‍പ്‌ തന്നെ പാമ്പായി വഴിയില്‍ക്കൂടി പോകുന്നവരോട്‌ അയ്യപ്പബൈജുവിനെപ്പോലെ അടി ചോദിച്ച്‌ വാങ്ങിക്കൂട്ടുന്ന യൂണിയന്‍കാരന്‍ മണി മങ്കാട്‌ ...മങ്കാട്‌ എന്നത്‌ വീട്ടുപേരല്ല, 'മഡ്‌ഗാര്‍ഡ്‌' ലോപിച്ച്‌ മങ്കാട്‌ ആയതാണ്‌. കാരണം അടി കിട്ടുന്നത്‌ വരെ, ഇളകിയ മഡ്‌ഗാര്‍ഡുള്ള സൈക്കിള്‍ ഗട്ടറില്‍ വീഴുമ്പോഴത്തെ 'കല കല കല' ശബ്ദം പോലെ ചിലച്ചു കൊണ്ടേയിരിക്കും...

പണ്ട്‌ എസ്‌.കെ.പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സിലുദിച്ച ഒരാഗ്രഹമായിരുന്നു നിര്‍ദോഷമായ എന്തെങ്കിലും കുരുത്തക്കേടുകള്‍ നാട്ടിന്‍പുറത്ത്‌ ഒപ്പിക്കണമെന്നത്‌. ഈ കഥാപാത്രങ്ങളുടെയിടയില്‍ അതൊന്ന്‌ പ്രയോഗിക്കാന്‍ ഇതുതന്നെയവസരം എന്ന്‌ ബോധോദയമുണ്ടായത്‌ പെട്ടെന്നായിരുന്നു. ഒപ്പം മൂന്നു വര്‍ഷം മദ്രാസില്‍ നിന്ന്‌ വിളഞ്ഞതിന്റെ ബലവും.

ഹൈറോഡിലെ പേപ്പര്‍മാര്‍ട്ടില്‍ നിന്ന് കുറച്ച്‌ വലിയ വെള്ളക്കടലാസ്‌ വാങ്ങി ഏപ്രില്‍ ഫൂളിന്റെ തലേദിവസം തന്നെ നീലത്തില്‍ മുക്കിയെഴുതിയ പോസ്റ്ററുകള്‍ റെഡിയാക്കി. വിശാല്‍ജിയുടെ 'ഊരാക്കുടുക്കില്‍' ഗിരി പൊറോട്ട ഉണ്ടാക്കിയതുപോലെ ഒരു തൂക്കുപാത്രത്തില്‍ അല്‍പ്പം മൈദ കുറുക്കിയ പശയും.

രാത്രി പതിനൊന്ന് കഴിഞ്ഞ്‌ അടാട്ട്‌ ചന്ത ഉറക്കമായപ്പോള്‍ സ്ഥാപങ്ങളുടെ ബോര്‍ഡുകള്‍ പലതും മാറി.

ഒന്നാംതരം തെങ്ങിന്‍കള്ള്‌ കിട്ടുന്ന കള്ളുഷാപ്പ്‌ ഭ്രാന്താശുപത്രിയായി ...

രാജുവേട്ടന്റെ നാഷണല്‍ സലൂണ്‍ കള്ളുഷാപ്പായി ...

മാത്തുട്ടി വൈദ്യരുടെ ഹോമിയോ ഡിസ്പെന്‍സറിയുടെ ചുമരില്‍ 'രക്തം, കഫം, മലം, മൂത്രം എന്നിവ ഇവിടെ പരിശോധിക്കുന്നതാണ്‌' എന്ന അഡീഷണല്‍ ബോര്‍ഡ്‌...

ശശിയേട്ടന്റെ പെട്ടിക്കടയില്‍ 'ഒട്ടകപ്പാല്‍ ഇവിടെ കിട്ടുന്നതാണ്‌ .. ലിറ്റര്‍ - 7 രൂപ'...

രാവിലെ ഗുരുവായൂര്‍ക്ക്‌ പോകാന്‍ ചന്തയിലെത്തിയപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം അപ്പോഴും സുരക്ഷിതമായിരിക്കുന്ന പുതിയ പോസ്റ്ററുകള്‍ തന്നെ.

യാതൊരു ചമ്മലുമില്ലാതെ കള്ളുഷാപ്പില്‍ ഹെയര്‍ ഡ്രെസ്‌ ചെയ്യുന്ന രാജുവേട്ടന്‍ ...

ഏപ്രില്‍ ഫൂളിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ക്ലാസ്സെടുക്കുന്ന ശശിയേട്ടന്‍...

വൈകുന്നേരം അടാട്ട്‌ ചന്തയില്‍ ബസ്സിറങ്ങുമ്പോള്‍ ചെറിയ ഒരു ആള്‍ക്കൂട്ടം ... കേന്ദ്രബിന്ദു നമ്മുടെ മണി മങ്കാട്‌ ... ഇന്നും ആരുടെയോ കയ്യില്‍ നിന്നും കിട്ടിയിട്ടുണ്ട്‌...

"ഇന്നാര്‌ടെ കയ്യീന്നാ ശശിയേട്ടാ?..."

"അതല്ലേ രസം... മാത്തുട്ടി വൈദ്യരോടത്തെ ആ ബോര്‍ഡ്‌ കണ്ട്‌ട്ട്‌ മ്മ്‌ടെ മണി മൂത്രം പരിശോധിച്ചിട്ടന്ന്യേ പൂവുള്ളൂന്നങ്ങട്‌ വാശ്യാ പിടിച്ചു..."

ഇരുട്ട്‌ വീഴുന്നതിനു മുന്‍പ്‌ വീടണയാനായി തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ മണി മങ്കാടിന്റെ അലര്‍ച്ച കേള്‍ക്കുന്നുണ്ടായിരുന്നു... "അതൊട്ടിച്ച കുരുത്തംകെട്ടോനെ ന്റെ കൈയില്‍ കിട്ടീര്‌ന്നെങ്കില്‍...."

Saturday, May 19, 2007

ഗുരുജിയും ജോക്കറും പിന്നെ ഞാനും

വേലായുധേട്ടന്റെ വീട്ടിലെ ശുനകന്‍ 'ചൊക്ലി'യെ കാണുമ്പോഴെല്ലാം മനസ്സില്‍ അടക്കാനാവാത്ത ആഗ്രഹമായിരുന്നു സ്വന്തമായി ഒരു 'നായകന്‍' എനിയ്ക്കും വേണമെന്ന്‌.

'എനിയ്ക്കൊരു ശുനകന്‍ വേണമച്ഛാ' എന്നു നേരിട്ട്‌ പറയാന്‍ ധൈര്യം അല്‍പ്പം കുറവായിരുന്നതിനാല്‍ അമ്മ വഴിയാണ്‌ കാര്യം അച്ഛന്റെ മുന്നില്‍ എത്തിയത്‌. അനുജത്തിയുടെയും അനുജന്റെയും ശബ്ദ വോട്ടും കൂടിയായപ്പോള്‍ വിചാരിച്ചതിനേക്കാള്‍ പെട്ടെന്ന് പ്രമേയം പാസ്സായി. ഇനി തൃശൂരില്‍ അരിയങ്ങാടിയില്‍ പോയി ഒരു സുന്ദര നായക്കുട്ടപ്പനെ വാങ്ങിക്കൊണ്ടുവരിക എന്നത്‌ അച്ഛന്റെ പ്രോജക്റ്റ്‌.

തൃശൂരില്‍ പോയി വരുക എന്നത്‌ അര ദിവസം പാഴാവുന്ന കലാപരിപാടിയാണക്കാലത്ത്‌. പട്ടണത്തിലേയ്ക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌ രണ്ടേ രണ്ട്‌ ബസ്സുകള്‍ മാത്രം. ചരല്‍ നിറഞ്ഞ ഇടവഴിയിലൂടെ ആഞ്ഞുപിടിച്ചെത്തുമ്പേഴേയ്ക്കും 'ജീസ്സസ്‌'അതിന്റെ വഴിയേ പൊയ്‌പ്പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കാത്തു നില്‍ക്കണം 'ചാലയ്ക്കല്‍'വരുന്നത്‌ വരെ.

ബസ്സിനേക്കാള്‍ അധികം റോഡിന്റെ ഉപയോഗം വൈക്കോല്‍ ഉണക്കുന്ന പെണ്ണുങ്ങള്‍ക്കും നിരത്തിയ വൈക്കോലിനടിയിലെ ഗട്ടറുകളില്‍ വീഴാതെ സര്‍ക്കസ്‌കാരെപ്പോലെ പോകുന്ന സൈക്കിളുകാര്‍ക്കും പിന്നെ ഉശിരന്‍ വെള്ളക്കാളകളെ കെട്ടിയ ചന്തുമ്മാന്റെ കാളവണ്ടിയ്ക്കുമായിരുന്നു.

രണ്ടരയുടെ ബസ്സ്‌ അകലെ സ്റ്റോപ്പില്‍ വന്നു നിന്ന ശബ്ദം കേട്ടപ്പോള്‍ അനുജത്തി തുള്ളിച്ചാടി.

'ആ ബസ്സില്‍ എന്തായാലും അച്ഛന്‍ ഉണ്ടാവും'

തെങ്ങിന്‍ തോപ്പില്‍ക്കൂടി വരുന്ന അച്ഛന്റെ കൈയില്‍ അത്ര ചെറുതല്ലാത്ത ഒരു കാര്‍ട്ടണ്‍ കണ്ടപ്പോഴേ കാര്യം ഉറപ്പായി. എല്ലാവരുടെയും ആകാംക്ഷയ്ക്ക്‌ അറുതി വരുത്തിക്കൊണ്ട്‌ കാര്‍ട്ടണ്‍ തുറന്ന് കക്ഷിയെ പുറത്തെടുത്തപ്പോഴാണ്‌ ഞെട്ടിയ്ക്കുന്ന ആ സത്യം ഞങ്ങള്‍ മനസ്സിലാക്കിയത്‌. സുന്ദരന്‍ നായക്കുട്ടിയെ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ഒരു സുന്ദരി അള്‍സേഷന്‍ പട്ടിക്കുട്ടിയെ ആയിരുന്നു!

'ഈ അച്ഛനെ അവര്‌ പറ്റിച്ചൂന്നാ തോന്ന്‌ണേ...' അമ്മയുടെ കമന്റ്‌.

'പറ്റിച്ചതൊന്ന്വല്ലാ... പട്ടിയ്ക്കാ ശൗര്യം കൂട്വാ... ഈ തൊടീല്‌ കാലെടുത്ത്‌ കുത്ത്‌ണോനെയൊന്നും വെറുതെ വിടാന്‍ പാടില്ല...' അച്ഛനും വിട്ടുകൊടുത്തില്ല. (എറണാകുളത്തിന്‌ തെക്കോട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്‌... തൃശൂരില്‍ നായ എന്നാല്‍ പുല്ലിംഗവും പട്ടി എന്നാല്‍ സ്ത്രീലിംഗവും ആകുന്നു.)

അങ്ങനെ 'റാണി' ഞങ്ങളുടെ വീട്ടിലെ അംഗമായി വേലായുധേട്ടന്‍ പണിത മരക്കൂട്ടില്‍ വലതു കൈ വച്ചു കയറിക്കൊണ്ട്‌ ചാര്‍ജേറ്റെടുത്തു. ഞായറഴ്ചകളില്‍ അടാട്ട്‌ ചന്തയില്‍ നിന്ന്‌ രണ്ട്‌ രൂപയ്ക്ക്‌ വാങ്ങുന്ന വെട്ടിക്കൂട്ട്‌ കൊണ്ടുണ്ടാക്കുന്ന സൂപ്പ്‌ കഴിച്ച്‌ അവള്‍ കൊഴുത്തുരുണ്ടു. അവിടെയാണ്‌ പ്രശ്നങ്ങളുടെ ആരംഭം.

കാല്‍ നാഴിക ചുറ്റളവിലുള്ള കുരുത്തംകെട്ട നായക്കുട്ടന്മാരെല്ലാം സെന്റ്‌ മേരീസിലെ പിള്ളേരെ ലൈനടിയ്ക്കാന്‍ വരുന്ന സെന്റ്‌ തോമാസ്‌ ചുള്ളന്മാരെപ്പോലെ ഞങ്ങളുടെ തൊടിയിലെ വാഴച്ചുവട്ടിലും കവുങ്ങിന്‍ ചുവട്ടിലുമെല്ലാം സ്ഥിരവാസം തുടങ്ങി. ഓമനിച്ചു വളര്‍ത്തിയ കോഴികളില്‍ ചിലതെല്ലാം അവന്മാരുടെ ഉച്ചഭക്ഷണമായിത്തീര്‍ന്നതോടെ അമ്മയുടെ നേതൃത്വത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തിരമായി സമ്മേളിച്ചു.

ഉടന്‍ തന്നെ നല്ല ഒരു നായ്‌ക്കുട്ടനെ വാങ്ങിക്കൊണ്ടു വന്ന്‌ റാണിയ്ക്ക്‌ ബോയ്‌ ഫ്രെണ്ട്‌ ആയി സമ്മാനിക്കുക. അതായിരുന്നു സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ലോംഗ്‌ ടേം റെസലൂഷന്‍. അങ്ങനെയാണ്‌ റാണിയേക്കാള്‍ രണ്ട്‌ മാസം പ്രായക്കുറവുള്ള 'ജോക്കര്‍' പ്രതിശ്രുത വരന്റെ രൂപത്തില്‍ ആഗതനാകുന്നത്‌. അവിടെ പ്രശ്നം ഗുരുതരമാകുന്നു.

തന്നേക്കാള്‍ പ്രായം കുറഞ്ഞവനെ മൈന്റ്‌ ചെയ്യാന്‍ പോലും റാണി കൂട്ടാക്കുന്നില്ല. നല്ല അള്‍സേഷന്‍ ഇനത്തില്‍പ്പെട്ട തനിയ്ക്ക്‌ നാടന്‍ ലുക്ക്‌ ഉള്ള ജോക്കര്‍ ഒരിയ്ക്കലും ചേരില്ല എന്ന നിലപാടില്‍ത്തന്നെ മാസം രണ്ട്‌ കഴിഞ്ഞിട്ടും റാണി ഉറച്ചു നിന്നു. ഞങ്ങള്‍ക്കാണെങ്കില്‍ കഷ്ടകാല നേരത്ത്‌ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന അവസ്ഥയും.

അപ്പോഴാണ്‌ എന്റെ ബുദ്ധിയില്‍ (ഒടുക്കത്തെ ബുദ്ധി എന്നു പറയുന്നതാകും ശരി.) ഇതിനുള്ള പരിഹാരം ഉദിച്ചത്‌. ജോക്കറെ ഗുരുജിയുടെ വീട്ടിലേയ്ക്ക്‌ എക്സ്‌പ്പോര്‍ട്ട്‌ ചെയ്യുക.

അമ്മയുടെ ചെറിയമ്മയുടെ മകനാണ്‌ ഗുരുജി. സ്ഥാനം കൊണ്ട്‌ അമ്മാവനാണെങ്കിലും പ്രായം എന്നേക്കാള്‍ മൂന്നു വയസ്സു മാത്രം അധികം. പ്രീഡിഗ്രിയ്ക്ക്‌ സെന്തോമാസ്സില്‍ ഞാന്‍ കാലുകുത്തുമ്പോള്‍ കക്ഷി അവിടെത്തന്നെ ഡിഗ്രി രണ്ടാം വര്‍ഷം. അത്യാവശ്യം തല്ലുകൊള്ളിത്തരങ്ങള്‍ കൈയിലുള്ള മാന്യന്‍ ആയതുകൊണ്ട്‌ ഞാന്‍ കല്‍പ്പിച്ചു നല്‍കിയ പേരാണ്‌ ഗുരുജി എന്നത്‌. ഗിരിജാ തീയേറ്ററില്‍ നൂണ്‍ ഷോ എന്നൊരു പരിപാടി ഉണ്ടെന്നും 'ഉല്‍പ്പത്തി' പോലുള്ള പടങ്ങള്‍ അവിടെ കളിയ്ക്കാറുണ്ടെന്നുമുള്ള വിസ്മയകരമായ അറിവുകള്‍ എനിയ്ക്ക്‌ ആദ്യമായി പകര്‍ന്ന് തന്നത്‌ ഈ ഗുരുജിയാണ്‌.

കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക്‌ മല്‍സരിച്ച്‌ പുള്ളിയുടെയും എന്റെയും മാത്രം വോട്ടു കിട്ടി ഏട്ട്‌ നിലയില്‍ പൊട്ടി ചിന്താവിഷ്ഠനായിരിക്കുന്ന നേരത്താണ്‌ സയന്‍സ്‌ ബ്ലോക്കില്‍ വച്ച്‌ ജോക്കറിന്റെ കാര്യം ഞാന്‍ അവതരിപ്പിച്ചത്‌. ഇലക്‍ഷന്‌ പൊട്ടിയാലെന്ത്‌ ഒരു പട്ടിയേയല്ലേ ഫ്രീയായി കിട്ടുന്നത്‌ എന്നു മനസ്സിലായപ്പോള്‍ ആശാന്റെ മുഖം തെളിഞ്ഞു. അങ്ങനെ ഇരുപത്‌ പൈസ കണ്‍സഷന്‍ ടിക്കറ്റില്‍ ഞങ്ങള്‍ രണ്ടും വൈകുന്നേരം മൂന്നരയോടെ അടാട്ട്‌ ലാന്റ്‌ ചെയ്യുന്നു.

ഇനിയാണ്‌ യജ്ഞം. അടാട്ട്‌ നിന്ന് ഏതാണ്ട്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെയുള്ള വടക്കാഞ്ചേരിയിലാണ്‌ ഗുരുജിയുടെ വീട്‌. ടാക്സി വിളിച്ച്‌ പോകാനുള്ള സാമ്പത്തികശേഷി രണ്ട്‌ വീട്ടുകാര്‍ക്കും ഇല്ലാത്ത കാലം. എന്റെ ഒടുക്കത്തെ ബുദ്ധി വീണ്ടും ഉണര്‍ന്നു.

'അതിനെന്താ, മ്മ്ക്ക്‌ ബസ്സില്‌ പോവാല്ലോ....'

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോസ്റ്റ്‌ കുറയുന്ന ലക്ഷണം കണ്ടപ്പോള്‍ ഗുരുജിയുടെ വട്ടമുഖം വീണ്ടും വിടര്‍ന്നു.

അങ്ങനെ ആളൂര്‍ വെയര്‍ഹൗസില്‍ നിന്നു വാങ്ങിയ പുത്തന്‍ ബെല്‍റ്റും ചങ്ങലയുമണിഞ്ഞ ജോക്കര്‍ തന്നെ വേണ്ടാത്ത റാണിയെ ദയനീയമായി ഒന്നു നോക്കിയിട്ട്‌ ഞങ്ങളുടെ കൂടെ പടിയിറങ്ങി. എന്റെ ഒടുക്കത്തെ ബുദ്ധിയുടെ അനന്തര ഫലം അവിടെ ആരംഭിയ്ക്കുന്നു.

ബെല്‍ബോട്ടം പാന്റില്‍ ഗുരുജിയും ചുവന്ന കരയുള്ള കൈത്തറി മുണ്ടില്‍ ഞാനും വിവസ്ത്രനായ ജോക്കറേയും കൂട്ടി ബസ്സ്‌ സ്റ്റോപ്പിലെത്തിയപ്പോഴേയ്ക്കും നേരം വൈകുന്നേരം അഞ്ച്‌ മണി. നായക്കുട്ടിയെയും കൊണ്ടുള്ള ഞങ്ങളുടെ പത്രാസിലുള്ള നില്‍പ്പ്‌ കണ്ടിട്ട്‌ കോള്‍പ്പാടത്തെ പണി കഴിഞ്ഞു പോകുന്ന പെണ്ണുങ്ങള്‍ അടക്കം പറഞ്ഞ്‌ ചിരിച്ചു.

'എങ്ങ്‌ടാ ഈ നേരത്ത്‌ മാഷ്‌ടെ കുട്ടി നായനേം കൊണ്ട്‌?...' പണി കഴിഞ്ഞ്‌ വേലായുധേട്ടന്‍ ആണിക്കാലുമായി പതിവു ക്വോട്ട പൂശാന്‍ പോകുന്ന വഴിയാണ്‌.

'വടക്കാഞ്ചേരിയ്ക്കാ....'

'ഹൈയ്‌ ... അപ്പോ അവിടെത്തുമ്പോ നേരംത്തിര്യാവൂലോ...''

കരിനാവ്‌ വളച്ച്‌ ഒന്നും പറയല്ലേ ന്റെ വേലായുധേട്ടാ' എന്ന് മനസ്സില്‍ പറഞ്ഞു.

അരിവാളും ചോറ്റുപാത്രവും കൊമ്പ്‌മുറവുമായി പോകുന്ന പണിക്കാരി പെണ്ണുങ്ങളുടെ നടപ്പിന്റെ ചന്തം നോക്കി സെന്‍സസ്‌ എടുക്കുന്നതില്‍ വ്യാപൃതനായി നില്‍ക്കുകയാണ്‌ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഗുരുജി.

ബസ്സിന്റെ ശബ്ദം അടുത്ത്‌ വന്നതോടെ എന്റെ ഹാര്‍ട്ട്‌ ബീറ്റ്‌സ്‌ തൊണ്ണൂറിലെത്തിയോ എന്നൊരു സംശയം. വൈകുന്നേരം ആയതുകൊണ്ട്‌ ടൗണിലേയ്ക്കുള്ള ബസ്സില്‍ ഏഴോ എട്ടോ പേരേയുള്ളൂ.

പിന്‍വാതിലില്‍ കിളി ഇല്ല. ഭാഗ്യം. പെട്ടെന്നു തന്നെ ഞങ്ങള്‍ ബസ്സില്‍ ചാടിക്കയറി ബാക്‌ക്‍സീറ്റില്‍ വലതു വശത്ത്‌ ഇടം പിടിച്ചു. ബസ്സ്‌ യാത്രയില്‍ മുന്‍പരിചയമില്ലാത്തതിന്റെ പരിഭ്രമത്തോടെ ജോക്കര്‍ സ്റ്റെപ്പിനിടയറിന്റെ സൈഡില്‍ വീഴാതിരിയ്ക്കാന്‍ പാടുപെട്ട്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ നിന്നു.

'ഏയ്‌... ഇതു പറ്റില്യാ... നായനേം കൊണ്ട്‌ ബസ്സിലേ...' കണ്ടക്ടര്‍ ഇടയുന്ന ലക്ഷണമാണ്‌.

'ചേട്ടാ.. ഇപ്പോ തിക്കും തിരക്കുമില്ലാത്ത സമയല്ലേ... തൃശ്ശൂര്‍ വരയ്ക്കൊള്ളൂ... ' ഉടക്കിയിട്ടു കാര്യമില്ല എന്നറിയാമെന്നതു കൊണ്ട്‌ ഞാന്‍ അനുനയത്തിന്റെ സ്വരത്തില്‍ പറഞ്ഞു. തൃശൂരും കഴിഞ്ഞ്‌ മണ്ണുത്തി വരെ പോകുന്ന ബസ്സാണ്‌.

'ഡാ നിയ്യൊക്കെ കോളജീ പഠിക്കണോനല്ലേ? നെണക്കറിഞ്ഞൂടേ പബ്ലിക്‌ വാഹനത്തില്‌ മൃഗങ്ങളെ കൊണ്ട്‌ പോകാന്‍ പാടില്ലാന്ന്‌...'

'നായയ്ക്ക്‌ ടിക്കറ്റ്‌ എടുക്കാം ചേട്ടാ... പ്ലീസ്‌... പ്രശ്നണ്ടാക്കല്ലേ...'

'ഊം .. ശരി ശരി... ഈ നേരായതുകൊണ്ട്‌ എറക്കി വിട്‌ണില്യാ...'

ഗുരുജി നിസ്സംഗനായി ഞാനീ നാട്ടുകാരനല്ലേ എന്ന മട്ടില്‍ ഇരിയ്ക്കുന്നു. വടക്കാഞ്ചേരിയ്ക്കുള്ള ബസ്സില്‍ കയറട്ടെ, ഇതിനു പകരം വച്ചിട്ടുണ്ട്‌ എന്നു ഞാന്‍ സ്വയം ആശ്വസിച്ചു.

അങ്ങനെ ബാറ്റയുടെ മുന്‍പില്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചേമുക്കാല്‍. വടക്കേ സ്റ്റാന്റ്‌ വരുന്നതിനു മുന്‍പ്‌ ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്കുള്ള ബസ്സുകള്‍ അവിടെ നിന്നാണ്‌ പുറപ്പെട്ടിരുന്നത്‌.

'ദേ ഗുരുജീ .. മായ ... അതില്‌ പോയാലോ...'

'ശരി വേഗം വാടാ...'

തൃശൂര്‍ റൗണ്ടിലെ ജനക്കൂട്ടം കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായി ജോക്കര്‍. തിരക്കിനിടയില്‍ക്കൂടി 'മായ'യുടെ അടുത്തേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചപ്പോള്‍ വടംവലി മല്‍സരത്തിലെന്നപോലെ അവന്‍ രണ്ട്‌ കാലുംകൊണ്ട്‌ ബ്രേക്ക്‌ ചവിട്ടി എന്നെ പുറകോട്ട്‌ വലിയ്ക്കുന്നു!

'അല്ല, ഇതെങ്ങടാ നായപിടുത്തക്കാര്‌ കേറണേ... ?' ഭീമന്‍ രഘുവിനെപ്പോലെയുള്ള കിളി ഫുട്ബോര്‍ഡ്‌ ബ്ലോക്ക്‌ ചെയ്തു.

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണേ' എന്ന മട്ടില്‍ അറിവില്ലാ പൈതലിനെപ്പോലെ ഞാനും നിന്നു.

'വി ആര്‍ നോട്ട്‌ നായപിടുത്തക്കാര്‍ ... വളര്‍ത്താനുള്ളതാ... ടിക്കറ്റ്‌ എടുക്കാഷ്ടാ...' സ്വന്തം തട്ടകത്തിലെ ബസ്സ്‌ കണ്ടതോടെ ഗുരുജി തന്റെ സ്വതസിദ്ധമായ മംഗ്‌ളീഷില്‍ കാര്യം ഏറ്റെടുത്തു.

'വളര്‍ത്താന്‌ള്ളതാണെങ്കില്‍ ടാക്സി പിടിച്ച്‌ കൊണ്ടു പോണം. വൈകുന്നേരത്തോരോന്നെറങ്ങിക്കോളും ... ഇതില്‌ കേറാന്‍ പറ്റില്യാ.... അവന്റെയൊരിംഗ്‌ളീഷ്‌'

ബസ്സിലുള്ളവരുടെയും ബസ്സ്‌ കാത്ത്‌ നില്‍ക്കുന്നവരുടെയും ശ്രദ്ധ ഞങ്ങളിലേയ്ക്കായി. രാഗത്തിലെ മാറ്റിനി കഴിഞ്ഞ്‌ വരുന്നവരുടെ തിരക്കും കൂടിയായപ്പോള്‍ കുറച്ചുദിവസ്സം മുന്‍പ്‌ പൊതുജനമദ്ധ്യത്തില്‍ തുണിയുടുക്കാതെ നില്‍ക്കുന്നതായി സ്വപ്നം കണ്ടത്‌ ഇതിന്റെ സൂചനയായിരുന്നു എന്നു മനസ്സിലായി.

'മായ' പോയി 'ഭാരത്‌' വന്നു. 'ഭാരത്‌' പോയി 'കരിപ്പാല്‍' വന്നു. സാധാരണ നിലയില്‍ ഞങ്ങള്‍ തിരിഞ്ഞുനോക്കാത്ത 'പാട്ട'ബസ്സുകളില്‍ പോലും പ്രവേശനം നിഷേധിച്ചതോടെ അലോഷ്യസ്സ്‌ പോയിട്ട്‌ ഗവണ്‍മന്റ്‌ കോളേജില്‍ പോലും അഡ്‌മിഷന്‍ കിട്ടാതെ പാരലല്‍ കോളേജിന്റെ വരാന്തയില്‍ നില്‍ക്കുന്ന അവസ്ഥയിലായി ഞങ്ങള്‍. ഈ നിമിഷം ഭൂമി പിളര്‍ന്ന് ഈ ശുനകന്‍ താഴ്‌ന്നു പോയിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചു.

ആരംഭത്തിലുണ്ടായിരുന്ന ധൈര്യം ഇരുട്ട്‌ വീണതോടെ ആവിയായി പോകുന്നത്‌ ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു. എട്ടുമണി കഴിഞ്ഞാല്‍ പിന്നെ അടാട്ടേയ്ക്കും വടക്കാഞ്ചേരിയിലേയ്ക്കും ബസ്സില്ല എന്ന ഭീകര സത്യം കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലെ കാര്‍പേത്യന്‍ മലനിരകളില്‍ എത്തിപ്പെട്ട അവസ്ഥയിലേയ്ക്ക്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

'ഡാ, നിന്റെ കൈയില്‍ എത്ര രൂപയുണ്ട്‌? ... ' ഗുരുജിയുടെ ബുദ്ധിയില്‍ റെസ്‌ക്യൂ പ്ലാന്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്തു.

അന്നത്തെ ഫാഷനായ ഫ്ലാപ്‌ വച്ച പോക്കറ്റില്‍ ഇന്‍വെന്ററി എടുത്തപ്പോള്‍ കിട്ടിയത്‌ ഒന്‍പത്‌ രൂപ. ഗുരുജിയുടെ പോക്കറ്റിലെ പതിമൂന്ന്‌ രൂപയും കൂടിയായപ്പോള്‍ പ്ലാന്‍ ഇംപ്ലിമന്റ്‌ ചെയ്യാനുള്ള ആത്മവിശ്വാസം കൈവന്നു.

'പതിനാറു രൂപയില്‍ ഒരു പൈസ കുറയില്യാ... കിലോമീറ്റര്‍ ഇരുപതാ നെങ്ങളീപ്പറയണ സ്ഥലത്തിയ്ക്ക്‌...' പാട്ട ലാംബ്രട്ട ഓട്ടോ റിക്ഷക്കാരന്റെ ഡിമാന്റ്‌.

'പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടെടാ' എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാനും ഗുരുജിയും തല കുനിച്ച്‌ ഓട്ടോയുടെ ഉള്ളില്‍ കയറി. ഇതിനൊക്കെ കാരണക്കാരനായ ജോക്കര്‍ തല നിവര്‍ത്തിയും.

മുക്കാല്‍ മണിക്കൂര്‍ യാത്ര കഴിഞ്ഞ്‌ റെയില്‍വേ ലൈനിനിപ്പുറം ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ നീണ്ട ഹോഴ്‌സ്‌ റെയ്‌സ്‌ കഴിഞ്ഞ്‌ താഴെയിറങ്ങിയ കുതിരക്കാരന്റെ പോലെ തണ്ടെല്ലിനു നല്ല വേദന.

ഗുരുജിയുടെ ഓണം കേറാമൂലയിലെ സകല നായ്ക്കളുടെയും ശബ്ദായമാനമായ അകമ്പടിയോടെ കൂരാക്കൂരിരുട്ടത്ത്‌ ഒരു കിലോമീറ്റര്‍ കുന്ന് കയറി വീടെത്തിയപ്പോള്‍ സമയം ഒമ്പതര!

അതിലേതോ ഒരു ശുനകന്റെ പല്ലുടക്കി കീറിയ കൈത്തറി ഡബിള്‍ (എന്റെ ആകെപ്പാടെയുള്ള പ്രെസ്റ്റീജിയസ്‌ ഡ്രെസ്സ്‌) നോക്കി നെടുവീര്‍പ്പിട്ടിരിയ്ക്കുമ്പോള്‍ ഗുരുജി ഇങ്ങനെ മൊഴിഞ്ഞു.

'പണം ഇന്നു വരും, നാളെ പോകും... മാനമാണ്‌ വലുത്‌. വി ഹാവ്‌ റ്റു കീപ്‌ അവര്‍ ഡിഗ്‌നിറ്റി...'

ധനനഷ്ടവും സമയനഷ്ടവും മാനഹാനിയും ഒരുമിച്ചനുഭവിച്ച ഞാന്‍ ഡിഗ്‌നിറ്റി കീപ്‌ ചെയ്യാന്‍ അടിയും മുകളും ഇന്റര്‍ചെയ്ഞ്ച്‌ ചെയ്തുടുത്ത മുണ്ടിന്റെ മടക്കിക്കുത്ത്‌ നാളെ തിരിച്ച്‌ വീടെത്തുന്നത്‌ വരെ അബദ്ധത്തില്‍ പോലും താഴ്ത്തിയിടാനിടയാകല്ലേ എന്നു പ്രാര്‍ത്ഥിച്ച്‌ എന്റെ ഒടുക്കത്തെ ബുദ്ധിയെ പഴി ചാരി ഉറങ്ങാന്‍ കിടന്നു.

Wednesday, April 18, 2007

വേലായുധേട്ടന്‍

'ആ വെളക്കിന്റെ ചില്ല് ഒന്ന് കഴുകീര്‍ന്നെങ്കില്‍ കൊറേംകൂടി വെളിച്ചം കിട്ടില്ലേര്‍ന്നാ... വെറുതേ കണ്ണ്‌ ചീത്തയാക്കണ്ട ചെക്കാ...'അമ്മയുടെ ശകാരം.

കോളേജില്‍ പഠിക്കുന്ന എന്നെക്കുറിച്ച്‌ ഏറെ പ്രതീക്ഷകളാണ്‌ അമ്മയ്ക്ക്‌.

വൈദ്യുതിവിളക്കുകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എത്തുന്നതിനും മുന്‍പ്‌ ചിമ്മിണി വിളക്കും ബ്രില്‍ മഷിക്കുപ്പിയുടെ അടപ്പ്‌ തുളച്ച്‌ തിരിയിട്ട കുട്ടിവിളക്കുകളും മാത്രമുള്ള കാലം. ഇരുട്ട്‌ വീണാല്‍ പിന്നെ ചിമ്മിണി വിളക്കിനേക്കാള്‍ സ്റ്റാറ്റസ്‌ അഞ്ച്‌ സെല്ലിന്റെ എവറെഡി റ്റോര്‍ച്ചിന്‌ മാത്രമേയുള്ളൂ. അവനാണ്‌ പിന്നെ സൂപ്പര്‍സ്റ്റാര്‍.

വിളക്കിന്റെ തിരി താഴ്ത്തി,കെടുത്തിയിട്ട്‌ ഒരു കടലാസിന്റെ കഷണം കൂട്ടിപ്പിടിച്ച്‌ ചില്ല്‌ ഊരി എടുത്തു. ഉടനേ വെള്ളത്തില്‍ മുക്കിയാല്‍ ചില്ല്‌ പൊട്ടിയത്‌ തന്നെ. പിന്നെ പുതിയ ചില്ല്‌ വാങ്ങുന്നത്‌ വരെ കുപ്പിവിളക്കിന്റെ പുക മുഴുവന്‍ കരിയായി പരിണമിച്ച്‌ മൂക്കിനകത്ത്‌ ഡെപ്പോസിറ്റ്‌ ചെയ്ത്‌ കൊണ്ടായിരിക്കും പഠിക്കേണ്ടി വരിക.

പുതുജീവന്‍ കിട്ടിയ തിരിനാളം, കഴുകിത്തുടച്ച ചില്ലിനുള്ളില്‍ പൂര്‍വ്വാധികം ശോഭയോടെ മിന്നി. കൈയ്യെത്തും ദൂരെ ഫിലിപ്സ്‌ ട്രാന്‍സിസ്റ്റര്‍. പത്ത്‌ മണിയുടെ 'രഞ്ജിനി' തുടങ്ങുന്നതിനു മുന്‍പ്‌ തീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ കാള്‍ക്കുലസ്സിലേയ്ക്ക്‌ വീണ്ടും കണ്ണുകള്‍ തിരിച്ചു. മൈനര്‍ ആന്‍റണി മാഷ്‌ടെ ക്ലാസ്സിലെ വിജ്ഞാനം മാത്രം പോരാ എന്ന്‌ തോന്നിയതുകൊണ്ട്‌ എം.കെ.മേനോന്‍ മാഷ്‌ടെ വീട്ടിലെ ട്യൂഷനും ഉള്ളതിനാല്‍ ഏതു 'മരോട്ടിത്തലയനും' പഠിയ്ക്കാതിരിയ്ക്കാന്‍ സാധിക്കില്ല എന്ന അവസ്ഥ. അല്ലെങ്കില്‍ നാളെ ട്യൂഷന്‍ ക്ലാസ്സില്‍ കേരളവര്‍മ്മയിലേയും സെന്‍റ്‌മേരീസിലേയും ചുള്ളത്തികളുടെ മുന്നില്‍ നാണം കെടും.

'കാഴസ്ക്കഴത്തിന്‍ കുഴു പാലിലിട്ടാല്‍ കാലാന്തഴേ കയ്പ്പ്‌ ശമിപ്പതുണ്ടോ...'

നല്ല ഈണത്തില്‍ ദൂരെ നിന്നേ കേള്‍ക്കാം വേലായുധേട്ടന്റെ പാട്ട്‌.

'ആഹാ.. മ്മ്‌ടെ വേലായുധന്‍ ഇന്നും മോന്തീട്ട്‌ണ്ട്‌ന്നാ തോന്ന്‌ണേ..'

'അതിന്‌പ്പംന്താ സംശയം' എന്ന് അമ്മയോട്‌ ചോദിയ്ക്കണം എന്നുണ്ടായിരുന്നുവെങ്കിലും മിണ്ടിയില്ല. ഞാന്‍ വലിയ പഠിപ്പിലല്ലേ...

ഈ വേലായുധേട്ടന്‍ എന്നു പറയുന്നത്‌ എന്റെ നല്ലവനായ അയല്‍ക്കാരനാണ്‌. കക്ഷിയ്ക്കറിയാത്ത ജോലികളൊന്നുമില്ല എന്നു പറയാം. പാടത്തുപണി, കല്‍പ്പണി,ആശാരിപ്പണി എന്നിവയിലാണ്‌ ആശാന്റെ ഡോക്ടറേറ്റ്‌. പിന്നെ കോള്‍പ്പാടത്ത്‌ വെള്ളം കയറിയാല്‍ അത്യാവശ്യം 'കുരുത്തി' വച്ചുള്ള മീന്‍പിടുത്തം. മണ്ണിരയെ കൊളുത്തി ചൂണ്ടലിട്ട്‌ പിടിയ്ക്കുന്ന ബ്രാലും മുഷിയും ആള്‍ക്ക്‌ അലര്‍ജിയാണ്‌. അവയുടെ വയറ്റില്‍ മണ്ണിരയുടെ അവശിഷ്ടങ്ങള്‍ കുടുങ്ങിയിട്ടുണ്ടാകും എന്നാണ്‌ വേലായുധേട്ടന്റെ വിശദീകരണം.

ഇത്രയൊക്കെ നല്ലവനായ വേലായുധേട്ടന്റെ നിറം 'കരിപ്പാകുന്നതോടെ' മാറിത്തുടങ്ങും. പാടത്ത്‌ പണികഴിഞ്ഞ്‌ ചന്തയിലെ ചാരായ ഷാപ്പ്‌ വരെ പോകാന്‍ ക്ഷമയില്ലാത്തവര്‍ക്കായി പഞ്ചായത്ത്‌ കിണറിന്റെ സമീപമുള്ള കലുങ്കിന്റെ അടിയിലും കുറുക്കന്മൂലയില്‍ മിച്ചഭൂമിയിലുള്ള കല്ലുവെട്ട്‌ മടയിലും 'കൊട്ടുവടി', 'അമ്മിണി' തുടങ്ങിയ അപരനാമധേയങ്ങളില്‍ അത്യാവശ്യം മിനുങ്ങുവാനുള്ള വക യഥേഷ്ടം ലഭ്യമായിരുന്നത്‌ ആണി ശല്യം കാരണം ദൂരയാത്ര കഠിനമായിരുന്ന വേലായുധേട്ടന്‌ അല്‍പ്പമൊന്നുമല്ല ആശ്വാസമേകിയത്‌.

കായിക വിനോദങ്ങളില്‍ പ്രധാന ഇനമായ 400മീറ്റര്‍ ഹര്‍ഡില്‍സിനു ട്രെയിനിംഗ്‌ കൊടുക്കുവാന്‍ എക്സൈസ്‌ ജീപ്പില്‍ പോലീസ്‌ ഇടയ്ക്കിടെ എത്താറുള്ളതുകൊണ്ട്‌ പ്രമുഖ വാറ്റുകാരെല്ലാം ക്രമേണ ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെഡല്‍ ജേതാക്കളാകാന്‍ അര്‍ഹതയുള്ളവരായിത്തീര്‍ന്നിരുന്നു.. തീരാശാപമായ തന്റെ ആണിക്കാല്‍ ചതിച്ചതു കൊണ്ട്‌ ഒരിയ്ക്കല്‍ എക്സൈസ്‌ ജീപ്പില്‍ യാത്ര ചെയ്യുവാനുള്ള അസുലഭ സന്ദര്‍ഭവും നമ്മുടെ വേലായുധേട്ടന്‌ ലഭിയ്ക്കുകയുണ്ടായി.

'ടാ ആ റേഡിയോ ഒന്ന് വച്ചു നോക്ക്യേ... സ്കൈലാബ്‌ വീണ്വാവോ...'

അമ്മയുടെ ഇപ്പോഴത്തെ ഫോളോ അപ്‌ വിഷയം സ്കൈലാബ്‌ ആണ്‌. അമേരിക്കക്കാര്‍ മുന്‍പെങ്ങോ ശൂന്യാകാശത്തെത്തിച്ച ആ ബഹിരാകാശപേടകം കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അയ്യപ്പബൈജു സ്റ്റൈലില്‍ നിന്ന്‌ ആടിക്കൊണ്ടിരിക്കുകയാണത്രേ. ഇങ്ങനെ പോയാല്‍ അത്‌ ആരുടെയെങ്കിലും തലയില്‍ വീഴുമെന്ന് ഉറപ്പാകുകയും തുടര്‍ന്ന് ദയാവധം അനുവദിച്ചു കിട്ടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുക്കിക്കൊല്ലാന്‍ തീരുമാനിയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്‌.

'ആകാശവാണി ... വാര്‍ത്തകള്‍ വായിയ്ക്കുന്നത്‌ സുഷമ. അമേരിക്കയുടെ ബഹിരാകാശ പേടകമായ സ്കൈലാബ്‌, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാത്രി ഒന്‍പതരയോടെ പതിയ്ക്കുമെന്ന് നാസ അറിയിച്ചു. കേരളം, തമിഴ്‌നാട്‌, ആന്തമാന്‍ നിക്കോബാര്‍ പ്രദേശങ്ങളിലുള്ളവര്‍ മുന്‍കരുതലുകളോടെയിരിക്കണമെന്ന് തുമ്പയില്‍ നിന്നും അധികൃതര്‍ അറിയിച്ചു.

''ഒമ്പതരയ്ക്കാ വീഴ്ഴാത്രേ...' ഈയാമ്പാറ്റകളെ പിടിയ്ക്കാന്‍ മുഖം മിനുക്കി തക്കം പാര്‍ത്ത്‌ ചുമരിലിരിയ്ക്കുന്ന പല്ലികളെ ഒന്നു നോക്കി, 'നിന്റെയൊക്കെയൊരു ഭാഗ്യം, ഒന്നും പഠിയ്ക്കണ്ടല്ലോ' എന്ന് ആത്മഗതം നടത്തി വീണ്ടും പേജുകള്‍ മറിച്ചു.

'ജനിച്ച കാലത്തിലുള്ള ഷീലം മഴക്കുമോ മാനുഷനുള്ള കാലം...'

വേലായുധേട്ടന്റെ അഴകിയരാഗം അടുത്തെത്തിയിരിയ്ക്കുന്നു. ഫിറ്റായാല്‍ പിന്നെ പഴഞ്ചൊല്ലുകളേ ആ നാവില്‍ നിന്ന് ഒഴുകൂ. പക്ഷേ അത്‌ തന്റെ കുടിലിലെത്തുന്നത്‌ വരെ മാത്രം. മുറ്റത്ത്‌ എത്തിയാല്‍ പിന്നെ നിറം മാറും. കെട്ട്യോളുടെ തന്തയ്ക്കും തള്ളയ്ക്കും അങ്ങ്‌ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍പ്പോലും പിന്നെ മനസ്സമാധാനമായിട്ട്‌ ക്യൂവില്‍ നില്‍ക്കാന്‍ സാധിയ്ക്കില്ല.

'ട്യേ ... ഞാന്‍ ബ്‌ടെ വന്നിട്ട്‌ നെണക്ക്‌ ഉമ്മറത്തെയ്ക്കൊന്ന് വന്നൂടല്ലേ... എബ്‌ട്‌റീ നെന്റെ കുട്ടിച്ചാത്തന്മാര്‌... ഞാന്‍ വരുമ്പളെയ്ക്കും നീയൊക്കെ വെളക്ക്‌ കെടുത്തി കതകടയ്ക്കുംല്ലേ... എറങ്ങി വാടീ ബ്‌ടെ...'

വേലായുധേട്ടന്‍ മുറ്റത്ത്‌ നിന്ന് ഇറയത്തേയ്ക്ക്‌ സ്വയം അപ്ഗ്രേഡ്‌ ചെയ്യാനുള്ള ശ്രമത്തിലാണ്‌.

'വെളക്ക്‌ കൊണ്ടാടീ ഇങ്ങട്‌... '

വിളക്ക്‌ കൊണ്ടുവന്ന് വച്ചാല്‍ പിന്നെ ചുരുങ്ങിയത്‌ ഒരു പതിനൊന്ന് മണി വരെയെങ്കിലും പറഞ്ഞ കാര്യങ്ങള്‍ തന്നെ ക്ഷീരബല നൂറ്റൊന്ന് ആവര്‍ത്തിയ്ക്കുന്നത്‌ പോലെ പറഞ്ഞുകൊണ്ടേയിരിയ്ക്കും. കെട്ട്യോള്‍ വിളക്കണയ്ക്കുന്നതിന്റെ രഹസ്യം അതാണ്‌.

'ട്യേ... നീ വെളക്ക്‌ കൊണ്ട്‌രണ്‌ണ്ടാ...'

മുറ്റത്ത്‌ കൂരാക്കൂരിരുട്ടും കുടിലില്‍ നിശ്ശബ്ദതയും മാത്രം.

'നെണക്കൊന്നും ഞാന്‌ള്ളപ്പോ ... ന്റെ വെല അറീല്ലാ... ഇന്ന് നെന്നെയൊക്കെ ഞാന്‍ കാണിച്ചരാടീ...'

വീണ്ടും നിശ്ശബ്ദത.

'ധ്ലൂം....'

വേലായുധേട്ടന്റെ മുറ്റത്തെ കിണറ്റില്‍ എന്തോ വീണ ശബ്ദം. മൂലയ്ക്കെവിടെയോ അടങ്ങിക്കിടന്നിരുന്ന ചൊക്ലിപ്പട്ടിയുടെ നിറുത്താത്ത കുര.

'അയ്യോ ... ഓടിവായോ ... അച്ഛന്‍ കെണറ്റില്‌ ചാട്യേ...ഓടി വായോ...'

അയല്‍പക്കങ്ങളില്‍ നിന്നും ടോര്‍ച്ചും ചിമ്മിണിയുമായി ഓടിയെത്തിയവരുടെ കൂടെ ഞാനും കൂടി. എല്ലാവരും അരമതില്‍ കെട്ടിയ കിണറിനു ചുറ്റും തിരക്കു കൂട്ടുന്നു. ശങ്കരേട്ടന്‍ കിണറ്റിലേയ്ക്ക്‌ ടോര്‍ച്ച്‌ അടിച്ച്‌ നോക്കി. അടിയില്‍ വെള്ളം ഓളം വെട്ടുന്നുണ്ട്‌. സിമന്റ്‌ തേയ്ക്കാത്ത മതിലില്‍ നിന്ന് ഒരു കല്ല് കൂടി ഇളകി ഒപ്പം പോയിട്ടുണ്ട്‌.

'എന്നാലും നെങ്ങളിങ്ങനെ ചെയ്യൂന്ന് ഞാന്‍ വിചാരിച്ചീലല്ലോ... ന്റെ തമ്പുരാനേ ... എനിയ്ക്കിനി ആരൂല്ല്യേ...' കെട്ട്യോള്‌ടെ നെഞ്ഞത്തടി ഒരു വശത്ത്‌ തുടങ്ങിക്കഴിഞ്ഞു.

'നോക്കി നില്‍ക്കാണ്ട്‌ കൊട്ടേം കയറും വേം കൊണ്ടാ... ആ ജോണ്യേ വേഗം വിളിയ്ക്ക്‌...'

ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. ജോണിയാണ്‌ കിണറ്റിലിറങ്ങുവാന്‍ എക്‌സ്പേര്‍ട്‌. ചൂരല്‍കുട്ട എടുക്കുവാന്‍ ഞാന്‍ തിരിഞ്ഞോടി. വിറക്‌ പുരയുടെ അടുത്തെത്തിയപ്പോള്‍ അടക്കിപ്പിടിച്ച ഒരു ചിരി. ഈ നേരത്ത്‌ ആരെടാ ചിരിക്കുന്നത്‌?

അടുത്ത്‌ ചെന്ന് നോക്കി.

വേലായുധേട്ടന്‍ !

കൈ നിവര്‍ത്തിയൊന്ന് കൊടുക്കാന്‍ തോന്നിയെങ്കിലും ചെയ്തില്ല.(തോന്നല്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ഒരിയ്ക്കലും സാധിച്ചിട്ടില്ല.)

'ദേ വേലായുധേട്ടന്‍...' അതൊരു അലറലായിരുന്നു.

'ടാ വേലായുധാ, അപ്പോ ആരാ കെണറ്റില്‌ ചാട്യേ?...' എന്ന ശങ്കരേട്ടന്റെ ദ്വേഷ്യത്തോടെയുള്ള ചോദ്യത്തിന്‌ വേലായുധേട്ടന്‍ ഒരു കള്ളച്ചിരിയോടെ ഇങ്ങനെ മൊഴിഞ്ഞു.

'ഷ്കൈലാബ്‌ കെണേറ്റ്‌ല്‌ വീണു....'




Thursday, March 8, 2007

നമസ്കാരം സുഹൃത്തുക്കളേ ...

നാട്ടുവിശേഷങ്ങളുമായി നിങ്ങളുടെ മുറ്റത്ത്‌ ഞാന്‍ വരുന്നു. കാത്തിരിക്കുക.

വിനുച്ചേട്ടന്‍