Wednesday, September 19, 2007

ഏപ്രില്‍ മാഹാത്മ്യം

മദ്രാസില്‍ 'കമ്പ്യൂട്ടര്‍ ഉപരിപഠനം' കഴിഞ്ഞ്‌, അവാര്‍ഡ്‌ ചിത്രങ്ങളിലെ നായകനെ പോലെ ജോലിയും കൂലിയുമില്ലാതെ നടക്കുന്ന കാലം. ഇന്ത്യന്‍ എക്സ്പ്രസ്സിലേയും ഹിന്ദുവിലേയും ക്ലാസിഫൈഡ്‌ കോളങ്ങളില്‍ മുഴുവനും തിരഞ്ഞ്‌ അപേക്ഷകളയച്ചിട്ടും പ്രതികരണളൊന്നുമില്ലാതെ റൗണ്ട്‌ സൗത്തില്‍ നിന്ന് വാങ്ങുന്ന ബുധനാഴ്ച്ചകളിലെ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ ഗവേഷണം നടത്തുന്ന കാലം.

പക്ഷേ, ചുരുങ്ങിയത്‌ ഒരു വര്‍ഷത്തെയെങ്കിലും 'എക്സ്‌പീരിയന്‍സ്‌' ഇല്ലാത്തവനെ ഒരുത്തനും വേണ്ട.'അവരെന്നെ നിലത്തൊന്ന്‌ നിറുത്തിയിട്ട്‌ വേണ്ടേ പൂഴിക്കടകന്‍ എടുക്കാന്‍' എന്ന്‌ കളരിയാശാന്‍ പറഞ്ഞതുപോലെ ആരെങ്കിലും ഒരു ജോലി തരാതെ എവിടെ കിട്ടാന്‍ എക്സ്‌പീരിയന്‍സ്‌!...

അങ്ങനെയിരിക്കുമ്പോഴാണ്‌ യാദൃച്ഛികമായി കണ്ടുമുട്ടാനിടയായ ഒരു ക്ലാസ്‌മേറ്റിന്റെ കെയറോഫില്‍ ഗുരുവായൂര്‍ മുതുവട്ടൂരിലെ എക്സ്‌ ഗള്‍ഫ്‌ ബാലഗോപാലന്‍ മാഷ്‌ടെ എക്സ്‌പ്രസ്‌ കമ്പ്യൂട്ടേഴ്‌സില്‍ നേരം കൊല്ലാന്‍ അവസരം ലഭിക്കുന്നത്‌.

"മദ്രാസ്സിലൊക്കെ പോയി പഠിച്ചിട്ട്‌ ഇതുവരെ ജോലിയൊന്ന്വായില്ല്യേ കുട്ട്യേ..." എന്ന നാട്ടുകാരുടെ ചൊറിയുന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാന്‍ കിട്ടിയ വൈക്കോല്‍ത്തുരുമ്പായിരുന്നു അത്‌. ബോംബെയില്‍ കിട്ടാന്‍ പോകുന്ന ഏതോ വലിയ ജോലിയ്ക്കുള്ള വര്‍ക്ക്‌ എക്സ്‌പീരിയന്‍സിനായി അച്ഛന്റെ പെന്‍ഷനില്‍ നിന്ന്‌ ദിവസ്സവും നാലു രൂപ ഇരുപതു പൈസ മുടക്കി സെന്റ്‌ ഫ്രാന്‍സിസില്‍ അടാട്ട്‌ - മുതുവട്ടൂര്‍ യാത്ര കഴിഞ്ഞെത്തുമ്പോള്‍ ചന്തയിലുള്ളവര്‍ 'കമ്പ്യൂട്ടര്‍ പഠിപ്പിക്കണ മാഷ്‌' എന്ന പേര്‌ പതിച്ചു തന്നു.

ദിനവും ഗുരുവായൂര്‍ക്കുള്ള ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന ഇടവേളകളിലാണ്‌ അടാട്ട്‌ ചന്തയിലെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെ വളരെ അടുത്ത്‌ നിരീക്ഷിക്കാന്‍ അവസരം കിട്ടുന്നത്‌.

'കൊട്ടുവടി' നിര്‍മ്മാണത്തിന്റെ പേരില്‍ എക്സൈസ്‌കാര്‍ പെരുമാറി ചങ്ക്‌ കലങ്ങി തിരിച്ചെത്തുന്നവര്‍ക്ക്‌ അത്യാവശ്യം ദശമൂലാരിഷ്ടവും ച്യവനപ്രാശവും കൊടുത്ത്‌ സഹായിക്കുന്ന കഷായം കറപ്പേട്ടന്‍ ...

കറപ്പേട്ടന്റെ മരുന്ന്‌ ശരീരത്തില്‍ പിടിക്കാത്തവരെ ചികില്‍സിക്കാന്‍ രാവിലെ തന്നെ തന്റെ ഒറ്റമുറി ഹോമിയോ ഡിസ്പെന്‍സറിയും തുറന്ന്‌ ഈച്ചയാട്ടി വൈകുന്നേരം ഇരുനൂറടിച്ച്‌ പിമ്പിരിയായി ഒരു വിധം അഡ്‌ജസ്റ്റ്‌ ചെയ്ത്‌ വീടെത്തുന്ന മാത്തുട്ടി വൈദ്യര്‍...

തന്റെ പെട്ടിക്കടയിലിരുന്നുകൊണ്ട്‌ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയ്‌ക്കയുമടക്കം ലോകത്തെ ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിച്ച്‌ ശ്രോതാവിനെ കുപ്പിയിലിറക്കുന്ന ശശിയേട്ടന്‍...

ചുമരിലെ കലണ്ടറുകളിലെ മദാലസകളുടെ അകമ്പടിയോടെ ഏത്‌ കസ്റ്റമേഴ്‌സിനെയും ബ്രൂസ്‌ലി കട്ട്‌ ചെയ്ത്‌ കുട്ടപ്പന്മാരാക്കി പുറത്ത്‌ വിടുന്ന രാജുവേട്ടന്‍...

ഉച്ചയാകുന്നതിന്‌ മുന്‍പ്‌ തന്നെ പാമ്പായി വഴിയില്‍ക്കൂടി പോകുന്നവരോട്‌ അയ്യപ്പബൈജുവിനെപ്പോലെ അടി ചോദിച്ച്‌ വാങ്ങിക്കൂട്ടുന്ന യൂണിയന്‍കാരന്‍ മണി മങ്കാട്‌ ...മങ്കാട്‌ എന്നത്‌ വീട്ടുപേരല്ല, 'മഡ്‌ഗാര്‍ഡ്‌' ലോപിച്ച്‌ മങ്കാട്‌ ആയതാണ്‌. കാരണം അടി കിട്ടുന്നത്‌ വരെ, ഇളകിയ മഡ്‌ഗാര്‍ഡുള്ള സൈക്കിള്‍ ഗട്ടറില്‍ വീഴുമ്പോഴത്തെ 'കല കല കല' ശബ്ദം പോലെ ചിലച്ചു കൊണ്ടേയിരിക്കും...

പണ്ട്‌ എസ്‌.കെ.പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സിലുദിച്ച ഒരാഗ്രഹമായിരുന്നു നിര്‍ദോഷമായ എന്തെങ്കിലും കുരുത്തക്കേടുകള്‍ നാട്ടിന്‍പുറത്ത്‌ ഒപ്പിക്കണമെന്നത്‌. ഈ കഥാപാത്രങ്ങളുടെയിടയില്‍ അതൊന്ന്‌ പ്രയോഗിക്കാന്‍ ഇതുതന്നെയവസരം എന്ന്‌ ബോധോദയമുണ്ടായത്‌ പെട്ടെന്നായിരുന്നു. ഒപ്പം മൂന്നു വര്‍ഷം മദ്രാസില്‍ നിന്ന്‌ വിളഞ്ഞതിന്റെ ബലവും.

ഹൈറോഡിലെ പേപ്പര്‍മാര്‍ട്ടില്‍ നിന്ന് കുറച്ച്‌ വലിയ വെള്ളക്കടലാസ്‌ വാങ്ങി ഏപ്രില്‍ ഫൂളിന്റെ തലേദിവസം തന്നെ നീലത്തില്‍ മുക്കിയെഴുതിയ പോസ്റ്ററുകള്‍ റെഡിയാക്കി. വിശാല്‍ജിയുടെ 'ഊരാക്കുടുക്കില്‍' ഗിരി പൊറോട്ട ഉണ്ടാക്കിയതുപോലെ ഒരു തൂക്കുപാത്രത്തില്‍ അല്‍പ്പം മൈദ കുറുക്കിയ പശയും.

രാത്രി പതിനൊന്ന് കഴിഞ്ഞ്‌ അടാട്ട്‌ ചന്ത ഉറക്കമായപ്പോള്‍ സ്ഥാപങ്ങളുടെ ബോര്‍ഡുകള്‍ പലതും മാറി.

ഒന്നാംതരം തെങ്ങിന്‍കള്ള്‌ കിട്ടുന്ന കള്ളുഷാപ്പ്‌ ഭ്രാന്താശുപത്രിയായി ...

രാജുവേട്ടന്റെ നാഷണല്‍ സലൂണ്‍ കള്ളുഷാപ്പായി ...

മാത്തുട്ടി വൈദ്യരുടെ ഹോമിയോ ഡിസ്പെന്‍സറിയുടെ ചുമരില്‍ 'രക്തം, കഫം, മലം, മൂത്രം എന്നിവ ഇവിടെ പരിശോധിക്കുന്നതാണ്‌' എന്ന അഡീഷണല്‍ ബോര്‍ഡ്‌...

ശശിയേട്ടന്റെ പെട്ടിക്കടയില്‍ 'ഒട്ടകപ്പാല്‍ ഇവിടെ കിട്ടുന്നതാണ്‌ .. ലിറ്റര്‍ - 7 രൂപ'...

രാവിലെ ഗുരുവായൂര്‍ക്ക്‌ പോകാന്‍ ചന്തയിലെത്തിയപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം അപ്പോഴും സുരക്ഷിതമായിരിക്കുന്ന പുതിയ പോസ്റ്ററുകള്‍ തന്നെ.

യാതൊരു ചമ്മലുമില്ലാതെ കള്ളുഷാപ്പില്‍ ഹെയര്‍ ഡ്രെസ്‌ ചെയ്യുന്ന രാജുവേട്ടന്‍ ...

ഏപ്രില്‍ ഫൂളിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ക്ലാസ്സെടുക്കുന്ന ശശിയേട്ടന്‍...

വൈകുന്നേരം അടാട്ട്‌ ചന്തയില്‍ ബസ്സിറങ്ങുമ്പോള്‍ ചെറിയ ഒരു ആള്‍ക്കൂട്ടം ... കേന്ദ്രബിന്ദു നമ്മുടെ മണി മങ്കാട്‌ ... ഇന്നും ആരുടെയോ കയ്യില്‍ നിന്നും കിട്ടിയിട്ടുണ്ട്‌...

"ഇന്നാര്‌ടെ കയ്യീന്നാ ശശിയേട്ടാ?..."

"അതല്ലേ രസം... മാത്തുട്ടി വൈദ്യരോടത്തെ ആ ബോര്‍ഡ്‌ കണ്ട്‌ട്ട്‌ മ്മ്‌ടെ മണി മൂത്രം പരിശോധിച്ചിട്ടന്ന്യേ പൂവുള്ളൂന്നങ്ങട്‌ വാശ്യാ പിടിച്ചു..."

ഇരുട്ട്‌ വീഴുന്നതിനു മുന്‍പ്‌ വീടണയാനായി തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ മണി മങ്കാടിന്റെ അലര്‍ച്ച കേള്‍ക്കുന്നുണ്ടായിരുന്നു... "അതൊട്ടിച്ച കുരുത്തംകെട്ടോനെ ന്റെ കൈയില്‍ കിട്ടീര്‌ന്നെങ്കില്‍...."

16 comments:

  1. പ്രിയമുള്ള കൂട്ടുകാരേ പ്രണാമം ... ഒരു നീണ്ട ഇടവേളയ്ക്ക്‌ ശേഷം വീണ്ടും ...

    ഓര്‍മ്മയുടെ കയങ്ങളില്‍ മുങ്ങിക്കിടന്നിരുന്ന ചില നുറുങ്ങുകള്‍ എല്ലാവരുടെയും സമക്ഷം സാദരം സമര്‍പ്പിക്കുന്നു... ഇനി വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  2. ഒരു കുല തേങ്ങയോടെ സ്വാഗതം(രണ്ടാമൂഴം)

    എന്തായാലും നാടു വിട്ട് ദമാം വഴി ജിദ്ദയില്‍ എത്തിച്ചേര്‍ന്നത് നാട്ടുകാരുടെ ഭാഗ്യം...

    ReplyDelete
  3. ചാത്തനേറ്:“എസ്‌.കെ.പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സിലുദിച്ച ഒരാഗ്രഹമായിരുന്നു ”

    ഏതായാലും കൂടുതല്‍ ഭീകരനോവലുകളൊന്നും അക്കാലത്ത് വായിക്കാതിരുന്നത് നന്നായി.

    ഓടോ:ഇപ്പോള്‍ മലയാളം ബ്ലോഗുകള്‍ വായിക്കുന്നണ്ടല്ലേ? ജിദ്ദയ്ക്കാരെ സൂക്ഷിച്ചോ :)

    ReplyDelete
  4. ഇങ്ങനെ ഒരു കയ്യിലിരിപ്പുള്ളതുകൊണ്ടല്ലേ ഇപ്പോളോര്‍ക്കാന്‍ എന്തെങ്കിലുമുണ്ടായത്. അതുകൊണ്ട് കയ്യിലിരിപ്പുകള്‍ നഷ്ടപ്പെടുത്തരുത്. ചിലതു മാത്രം പുറത്തിടുത്താല്‍ മതിയെന്നു മാത്രം.

    കൊള്ളാം

    ReplyDelete
  5. വിനുവണ്ണാ...

    സംഭവം കലക്കീട്ടോ... എന്നാലും "പഞ്ച്‌" അല്‍പ്പം കുറഞ്ഞുപോയോ എന്നൊരു സന്ദേഹം... പരിഹരിക്കാവുന്നതേയുള്ളൂ.

    പണ്ട്‌, ഞങ്ങളുടെ നാട്ടിലും മേല്‍പ്പറഞ്ഞ "സുദിനം" കെങ്കേമമായി കൊണ്ടാടിയിരുന്നു. അന്നൊക്കെ, ഡോ. കുഞ്ഞമ്മയുടെ ക്ലിനിക്ക്‌ "റേഷന്‍കട"യായും റേഷന്‍കട "കള്ളുഷാപ്പാ"യും കള്ളുഷാപ്പ്‌ കുഞ്ഞമ്മാസ്‌ "ക്ലിനിക്‌" ആയും രൂപന്തരപ്പെട്ടിരുന്നു...

    റേഷന്‍കടയും കള്ളുഷാപ്പും ബാക്കിയായി... കുഞ്ഞമ്മയും ക്ലിനിക്കും ഓര്‍മ്മയായി...

    ReplyDelete
  6. കുട്ടപ്പാ ... പഞ്ച്‌ കുറഞ്ഞു പോയി അല്ലേ? ... ഇനിയത്തെ അവധിയ്ക്ക്‌ നാട്ടില്‍ ചെല്ലുമ്പോള്‍ മണി മങ്കാടിന്റെ പഞ്ച്‌ കിട്ടുമോ എന്നാണ്‌ എന്റെ ഭയം ... 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു പ്രഹേളികയുടെ മൂടുപടം അഴിഞ്ഞ്‌ വീണിരിക്കുകയാണിപ്പോള്‍ ...

    ReplyDelete
  7. മാഹാത്മ്യം കലക്കീട്ടുണ്ട്. (ഓടോ : അടാട്ട് പലതും മാറി . മാത്തുട്ടിവൈദ്യര് ഇപ്പോ ഓഫായിപ്പോയീ അല്ലേ ?
    വലത്തേ ഭാഗത്തുണ്ടായിരുന്ന് കള്ളുഷാപ്പ് ഇപ്പോ ഇടത്തോട്ട് മാറ്റി. അമ്പലങ്കാവിന്റെ അവിടെ സ്ഥലവില കുത്തനെ കൂടി.. :) )

    ReplyDelete
  8. മാഹാത്മ്യം കലക്കി. പിറ്റേന്ന് ഏതു വൈദ്യശാലയില്‍ നിന്നാണ് എണ്ണയും കുഴമ്പും വാങ്ങിയത്?

    ReplyDelete
  9. നമ്മടെ കുറുമാന്‍ അടാട്ട് വീടെടുത്തത് അറിയ്യൊ ആവൊ..?

    ReplyDelete
  10. അറിയാം വെളിച്ചപ്പാടേ ... ഇപ്രാവശ്യത്തെ വെക്കേഷന്‌ കുറുമാന്‍ നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും കാണണം...

    ReplyDelete
  11. ഒരു വെടിക്കുള്ള മരുന്ന് കയ്യിലുണ്ടല്ലോ.

    ReplyDelete
  12. അടാട്ടുകാരെ അടിപൊളിയായി അവതരിപ്പിക്കുക
    മാത്രമല്ല ,അവരെയെല്ലാം ഓലക്കോണവും ഉടുപ്പിച്ചിട്ടുണ്ട് അല്ലേ
    ഇനി ആ ‘മഡ് ഗാർഡക്കൊ’ മനസ്സിൽ മങ്ങാതെ നിൽക്കും...!

    ReplyDelete
  13. കുരുത്തക്കേട് കൊള്ളാം.

    നന്നായി അവതരിപ്പിച്ചു, വിനുവേട്ടാ. വൈകിയെത്തിയതില്‍ ക്ഷമാപണം :)

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...