Tuesday, May 6, 2008

പെട്രോളേട്ടന്‍

ഏതാണ്ട്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ഏപ്രില്‍...

ഗ്രാമങ്ങളിലെ ചെറിയ ചെറിയ പൂരങ്ങളൊക്കെ കഴിഞ്ഞതിന്റെ പിറകേ തൃശൂര്‍ പൂരം വരവായി... ഇനി രണ്ട്‌ മാസക്കാലം പട്ടണത്തില്‍ ആഘോഷമാണ്‌. അതിന്‌ മുന്നോടിയായിട്ടാണ്‌ എല്ലാ വര്‍ഷവും പൂരം എക്സ്‌ഹിബിഷന്‍ തേക്കിന്‍കാട്‌ മൈതാനത്തില്‍ സംഘടിപ്പിക്കുന്നത്‌.

കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി സ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി ജനഹൃദയങ്ങളിലേക്ക്‌ നേരിട്ടെത്തുന്ന അവസരമാണത്‌. അന്‍പത്‌ പൈസയുടെ ടിക്കറ്റ്‌ എടുത്ത്‌ ഉള്ളില്‍ കയറിയാല്‍ രണ്ട്‌ മണിക്കൂര്‍ പോകുന്നത്‌ അറിയുകയേയില്ല. കളിപ്പാട്ടങ്ങളും വിവിധ ഫലവര്‍ഗ്ഗങ്ങളുടെ മെഴുക്‌ കൊണ്ടുണ്ടാക്കിയ മാതൃകകളും എല്ലാം അന്നത്തെ കാലത്ത്‌ ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക്‌ മഹാ വിസ്മയമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ എക്സ്‌ഹിബിഷന്‌ നോട്ടമിട്ട്‌ വച്ചതാണ്‌ രണ്ട്‌ രൂപയുടെ ആ ചുവന്ന ബോട്ട്‌. ലിംകയുടെ അടപ്പില്‍ നല്ലെണ്ണയൊഴിച്ച്‌ നിലവിളക്കിന്റെ പോലെ തിരി കത്തിച്ച്‌, ആ കുഞ്ഞ്‌ ബോട്ടിന്റെ എന്‍ജിന്‍ റൂമില്‍ വച്ച്‌ കൊടുക്കുമ്പോള്‍ പുക നിര്‍ഗമിപ്പിച്ചുകൊണ്ട്‌ 'ടക്‌ ടക്‌ ടക്‌...' എന്ന ശബ്ദത്തോടെ വട്ടയയിലെ വെള്ളത്തില്‍ റൗണ്ടടിക്കുന്ന അവനെ സ്വന്തമാക്കുക എന്നത്‌ ഒരു വര്‍ഷമായിട്ടുള്ള എന്റെ ജീവിതാഭിലാഷമാണ്‌.

ഇന്നത്തെ കുട്ട്യോളടെ പോലെ ബജാജ്‌ എക്സ്‌കാലിബറും മാരുതി ആള്‍ട്ടോയും ഒന്നുമല്ലല്ലൊ ഞാന്‍ ആവശ്യപ്പെട്ടത്‌ ... തികച്ചും ന്യായമായ എന്റെ ആവശ്യം വാരാന്ത്യത്തില്‍ അവധിയ്ക്ക്‌ വരുന്ന അച്ഛന്റെ മുന്നില്‍ അമ്മ വഴി അവതരിപ്പിക്കപ്പെട്ടപ്പോള്‍ പെട്ടെന്നു തന്നെ പാസ്സായി.

"ടൗണിലിയ്ക്കാ പോണേ ... നെറയെ വണ്ടികള്‌ള്ളതാ ... നോക്കീം കണ്ടും സൂക്ഷിച്ച്‌ പൊയ്ക്കോളോ..." മാതാപിതാക്കളുടെ അമിത ഉല്‍ക്കണ്ഠ ... അത്‌ മനസ്സിലാകുന്നത്‌ ഇപ്പോള്‍... ഒരു കൗമാരക്കാരന്റെ അച്ഛന്‍ ആയപ്പോള്‍...

ഒന്‍പതരയുടെ ചാലയ്ക്കലിന്‌ 'ബാറ്റ'യുടെ മുന്നില്‍ ഇറങ്ങി ഭഗീരഥപ്രയത്നം നടത്തി റോഡ്‌ മുറിച്ച്‌ കടന്ന്‌ തെക്കേനട ലക്ഷ്യമാക്കി ആഞ്ഞ്‌ പിടിച്ചു. (ടെന്‍ഷന്‍ കാരണം സ്വപ്നയുടെ മുന്നില്‍ ഇറങ്ങാന്‍ മറന്നു പോയിരുന്നു) സ്വരാജ്‌ റൗണ്ടിലെ ഒട്ടുമിക്ക പ്രസ്ഥാനങ്ങളുടെയും പരസ്യം മൈക്കിലൂടെ ഒഴുകിയെത്തുന്നുണ്ട്‌. തെക്കേനടയും ഭാരത്‌ സര്‍ക്കസും താണ്ടി മൈതാനത്തില്‍ പാറമേക്കാവിനെതിരെയുള്ള എക്സ്‌ഹിബിഷന്‍ കവാടത്തിന്‌ മുന്നിലെ ക്യൂവില്‍ ടിക്കറ്റ്‌ എടുക്കുവാന്‍ നില്‍ക്കുമ്പോഴാണ്‌ ശ്രദ്ധിച്ചത്‌ ... ക്യൂവില്‍ നാലഞ്ച്‌ ആളുകള്‍ക്ക്‌ മുന്നില്‍ 'പെട്രോള്‍ റപ്പായേട്ടന്‍' ...

റപ്പായേട്ടന്‍ ഒരു പ്രസ്ഥാനമാണ്‌... അടാട്ട്‌ ചന്തയിലെ ആകെയുള്ള രണ്ട്‌ ടാക്സികളില്‍ ഒന്നിന്റെ ഉടമ. KLR 9650 എന്ന മാര്‍ക്ക്‌-2 നെ സ്വന്തം മകനെപ്പോലെയാണ്‌ പരിപാലിച്ച്‌ കൊണ്ട്‌ നടക്കുന്നത്‌. കഴിയുന്നതും അവനെ കഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി ഉടലക്കാവിലും പുറനാട്ടുകരയിലും ഉള്ള ഇറക്കം എത്തുമ്പോള്‍ എന്‍ജിന്‍ ഓഫ്‌ ചെയ്ത്‌ ഗ്രാവിറ്റേഷണല്‍ ഫോഴ്‌സിനെ പരമാവധി ഉപയോഗപ്പെടുത്തുകയും തദ്വാരാ സ്വന്തം പോക്കറ്റിന്റെ കനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്‌ കൊണ്ട്‌ 'പെട്രോള്‍' എന്ന ഓമനപ്പേര്‌ പതിഞ്ഞ്‌ കിട്ടിയ റപ്പായേട്ടന്‍! ഒരിക്കല്‍ അടാട്ട്‌ ഗവണ്‍മന്റ്‌ സ്കൂളിലെ ഒരു രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി 'ദേ പോണു പെട്രോളിന്റെ വണ്ടി' എന്ന്‌ തന്റെ കൂട്ടുകാരനോട്‌ പറഞ്ഞത്‌ കേള്‍ക്കാനിടയായി അപമാനം സഹിയ്ക്കവയ്യാതെ ഹെഡ്‌മാഷ്‌ടെ മുറിയില്‍ കയറിച്ചെന്ന്‌ 'മാഷേ, ഇവ്‌ട്ത്തെ ഒരു ചെക്കന്‍ എന്നെ 'പെട്രോളേ' എന്ന് വിളിച്ചു എന്ന് പരാതി പറഞ്ഞ റപ്പായേട്ടന്‍!

'ഏയ്‌, നിയ്യും വന്നാ ഇവ്‌ടെ ...'

ഇനി രക്ഷയില്ല ... പെട്രോളേട്ടന്റെ കത്തി സഹിക്കുകയേ മാര്‍ഗ്ഗമുള്ളൂ...

'വണ്ടി വര്‍ഷാപ്പിലാ ... ഉച്ച തിരിഞ്ഞിട്ടേ കിട്ട്ള്ളൂ ... സമയം പോണ്ടേ ... അതാങ്ങ്‌ട്‌ കേറാംന്ന് വച്ചേ... ഇനീപ്പോ മ്മ്ക്ക്‌ ഒന്നിച്ചാ കറങ്ങാം...'

വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ ... രണ്ട്‌ മണിക്കൂര്‍ ഇനി പെട്രോളേട്ടനെ സഹിക്കുക തന്നെ...

അധികം നടക്കുന്നതിന്‌ മുന്‍പ്‌ തന്നെ നമ്മുടെ ബോട്ടിന്റെ സ്റ്റാള്‍ എത്തി. രണ്ട്‌ രൂപ കൊടുത്ത്‌ അല്‍പ്പം ജാള്യതയോടെ ബോട്ട്‌ കൈക്കലാക്കി നടക്കുമ്പോള്‍ പെട്രോളേട്ടന്റെ ചോദ്യം ...

'അനിയന്‍ കുട്ടിക്ക്‌ കളിക്കാനാവുംല്ലേ...' ... ഭാഗ്യം, എന്നെ തെറ്റിദ്ധരിച്ചിട്ടില്ല....

അന്നത്തെ അത്ഭുതമായ ഇന്‍സ്റ്റന്റ്‌ ഫോട്ടോ എടുക്കുന്ന സ്റ്റാളും കഴിഞ്ഞ്‌ മുന്നോട്ട്‌ ചെന്നപ്പോള്‍ ഭീമാകാരമായ ചക്ര ഊഞ്ഞാല്‍ ...'മെറി ഗോ റൗണ്ട്‌' എന്ന ആ സംഭവത്തില്‍ കയറി നാലഞ്ച്‌ വട്ടം വിഹഗ വീക്ഷണം നടത്താന്‍ വീണ്ടും ടിക്കറ്റ്‌ എടുക്കണം. ഇന്നത്തെപ്പോലെ ജില്ലകള്‍ തോറും വാട്ടര്‍ തീം പാര്‍ക്കുകളും മറ്റുമുള്ള കാലമല്ല. ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പേട്ടന്‍ വീഗാലാന്റ്‌ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ അന്ന് ചിന്തിച്ചിട്ട്‌ പോലും ഉണ്ടാകാന്‍ സാദ്ധ്യതയില്ല.

'ഡാ, മ്മ്ക്ക്‌ ഇത്‌മ്മേ ഒന്ന് കേറ്യാലോ ... ' വിശാല്‍ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍, 'പാമ്പ്‌ കടിക്കാനായിട്ട്‌' വേറൊന്നും കണ്ടില്ല പൊത്തിപ്പിടിച്ച്‌ കേറാന്‍ പെട്രോളിന്‌. ഒരു മാസം മുന്‍പ്‌ കശുമാവിന്റെ മേലെ കയറിയിട്ട്‌ കൈയും കാലും വിറച്ച്‌ തിരിച്ച്‌ താഴേക്കിറങ്ങിയത്‌ എങ്ങനെയെന്ന്‌ എനിക്ക്‌ മാത്രമേ അറിയുകയുള്ളൂ... നെഞ്ചത്തെ ഒരേക്കര്‍ തൊലിയാണ്‌ അന്ന്‌ കശുമാവ്‌ എന്നില്‍ നിന്ന് അപഹരിച്ചത്‌.

'ഏയ്‌, ഞാന്‍ല്ല്യാ റെപ്പായേട്ടാ.... 12 മണീടെ ചാലക്കലിന്‌ പോകാന്‌ള്ള്‌താ...' ഭയം മറച്ച്‌ വയ്ക്കാന്‍ പെട്ടെന്ന്‌ തന്നെ കാരണം കണ്ടെത്തി.

'ചാലക്കല്‌ പൊക്കോട്ട്‌റാ...നെന്നെ ഞാന്‍ വീട്ട്‌ല്‌ കൊണ്ട്‌ വിടാംന്ന്... അച്ഛനോട്‌ ഞാന്‍ പറഞ്ഞോളാടാ...' ആള്‌ വിടാനുള്ള ഭാവമില്ല...

'ഇല്ല റെപ്പായേട്ടാ, അതൊന്നും ശരിയാവ്‌ല്ല്യാ...

''നിയ്യെന്തുട്ടാ ഈ പറേണേ... നെണക്കറിയ്യോ, ഇതിന്റെ മേലെ എത്ത്യാ ചാവക്കാട്‌ കടല്‌ കാണാംന്നാ പറേണേ... അത്‌ ശര്യാണോന്ന് ഒന്ന്‌ നോക്കണ്ടേ...'

ഇനി സത്യം പറയുക തന്നെയേ ഉള്ളൂ രക്ഷപെടാന്‍ മാര്‍ഗ്ഗം. ചക്ര ഊഞ്ഞാലില്‍ കയറി പേടിച്ച്‌ കരഞ്ഞവന്‍ എന്ന മാനക്കേട്‌ വരാതിരിക്കാന്‍ വേറെ വഴിയില്ല.

'റെപ്പായേട്ടാ, എനിക്ക്‌ പേട്യാ ഇതില്‌ കേറാന്‍... എനിക്ക്‌ തല ചിറ്റും മേലെ എത്തുമ്പോള്‍...'

ഇനി നിര്‍ബ്ബന്ധിച്ചിട്ട്‌ കാര്യമില്ല എന്ന്‌ പെട്രോളേട്ടന്‌ മനസ്സിലായി. 'ഇവനൊക്കെ എവ്‌ട്‌ത്ത്‌കാരനാണ്ടാ' എന്ന മട്ടില്‍ എന്നെ ഒരു നോട്ടം നോക്കി.

'എടാ, ആണ്‍കുട്ടികളായാ കൊറച്ചൊക്കെ ധൈര്യം വേണം ... ഒരു കാര്യം ചെയ്യ്‌... നീ ഇബ്‌ടെ നിക്ക്‌ ... ഞാന്‍ ഇത്മ്മെ ഒരു ട്രിപ്പടിച്ചിട്ട്‌ വരാം...'

അവിടെ എയറിന്ത്യാ പൈലറ്റിന്റെ ഭാവത്തില്‍ നിന്നിരുന്ന തമിഴന്‍ ഓപ്പറേറ്ററുടെ കൈയില്‍ നിന്ന് ടിക്കറ്റും വാങ്ങി ഗിരിജയില്‍ ഇംഗ്ലീഷ്‌ സിനിമ കാണാനിരിക്കുന്ന ഗമയോടെ പെട്രോളേട്ടന്‍ ഊഞ്ഞാലില്‍ ഞെളിഞ്ഞിരുന്നു.

അല്‍പ്പനേരം കൊണ്ട്‌ സീറ്റുകള്‍ നിറഞ്ഞു. തമിഴന്‍ പൈലറ്റ്‌ തന്റെ പോക്കറ്റില്‍ കിടന്ന വിസില്‍ എടുത്ത്‌ ചുണ്ടില്‍ വച്ച്‌ ബസ്സിലെ കിളിയേപ്പോലെ നീട്ടിയൊരലക്ക്‌...

'അയ്യാ.... , എല്ലോരും നല്ലാ പിടിച്ച്‌ ഉക്കാരുങ്കോ ... അഞ്ച്‌ റൗണ്ട്‌ ശുത്തിനതക്കപ്പുറം താന്‍ നിര്‍പ്പാട്ടുവേന്‍...'

പെട്രോളേട്ടന്‍ ഇപ്പോള്‍ ക്ലോക്കിലെ ഒന്‍പതിന്റെ സ്ഥാനത്താണ്‌. അവിടെയിരുന്ന് പുച്ഛത്തോടെ എന്നെ നോക്കി ആക്കുന്ന ഒരു ചിരി ...

തമിഴന്‍ പൈലറ്റ്‌ ഇലക്ട്രിക്ക്‌ ബട്ടണ്‍ അമര്‍ത്തി. പതുക്കെ കറങ്ങിത്തുടങ്ങിയ ആ വലിയ ഊഞ്ഞാല്‍ച്ചക്രം ക്രമേണ വേഗതയാര്‍ജ്ജിച്ചു. മുകളിലെത്തിയിട്ട്‌ താഴേക്ക്‌ പെട്ടെന്നുള്ള കറക്കത്തിനിടയില്‍ ആള്‍ക്കാരുടെ ഓരിയിടലും ഒപ്പം കേട്ട്‌ തുടങ്ങി.

രണ്ടാമത്തെ റൗണ്ടില്‍ പെട്രോളേട്ടന്റെ സീറ്റ്‌ താഴെ എത്താറായപ്പോഴാണത്‌ കണ്ടത്‌. ആശാന്റെ മുഖത്തുണ്ടായിരുന്ന ആ ചിരി എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പകരം, ഈര്‍ച്ച പകുതിയെത്തിയ മരത്തടിയില്‍ കയറിയിരുന്ന് ആപ്പ്‌ വലിച്ചൂരിയെടുത്ത കുരങ്ങന്റെ ദയനീയഭാവം ...

ക്ലോക്കില്‍ പന്ത്രണ്ടിന്റെ സ്ഥാനത്താണിപ്പോള്‍ പെട്രോളേട്ടന്‍ ... താഴോട്ട്‌ നോക്കി കൈ കൊണ്ട്‌ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നു. ഈ യന്ത്രം ഒന്ന് നിറുത്തിച്ച്‌ തരൂ എന്നാണ്‌ പുള്ളിയുടെ ആംഗ്യത്തിന്റെ അര്‍ത്ഥം എന്ന്‌ ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. പക്ഷേ അത്‌ കാണേണ്ട നമ്മുടെ തമിഴന്‍ പൈലറ്റ്‌, ആപ്പിള്‍ മാര്‍ക്ക്‌ ബീഡി ആസ്വദിക്കുന്ന തിരക്കിലാണ്‌...

വീണ്ടും പെട്രോളേട്ടന്‍ ഭ്രമണപഥത്തില്‍ ഭൂമിയോട്‌ ഏറ്റവും അടുത്തെത്തി.

'നിര്‍ത്തെടാ #%$#$%$%#$#$%$ മോനേ .... '

അലര്‍ച്ച കേട്ട്‌, ആപ്പിള്‍ മാര്‍ക്ക്‌ ആസ്വദിച്ചുകൊണ്ടിരുന്ന തമിഴന്റെ കൈ അറിയാതെ എമര്‍ജന്‍സി സ്വിച്ചില്‍ അമര്‍ന്നു ...

ചുറ്റും കൂടിയവരുടെ കൂക്കുവിളികളോടെ വേച്ച്‌ വേച്ച്‌ ഇറങ്ങിയ പെട്രോളേട്ടന്റെ മുഖം അപ്പോള്‍ രാഗം തീയേറ്ററില്‍ നിന്ന് ഹൊറര്‍ മൂവി കണ്ടിറങ്ങി വന്നത്‌ പോലെയായിരുന്നു.

മുഖത്ത്‌ രക്തമയമേയില്ലാത്ത പെട്രോളേട്ടന്റെയൊപ്പം മുന്നോട്ട്‌ നടക്കുമ്പോള്‍ ചാവക്കാട്‌ കടല്‍ കാണാന്‍ പറ്റിയോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്ന് വച്ചത്‌ നന്നായി എന്ന്‌ ഇപ്പോള്‍ തോന്നുന്നു. അല്ലെങ്കില്‍ ഹര്‍ഭജന്റെ തല്ല് കൊണ്ട ശ്രീശാന്തിന്റെ അവസ്ഥ ആയേനെ.