Wednesday, December 24, 2008

ക്രിസ്‌മസ്സും നക്ഷത്രവും പിന്നെ ജോജിയും

സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിപ്പിടുത്തം പതുക്കെ ഗള്‍ഫിനേയും ബാധിച്ചു തുടങ്ങിയെന്ന് മനസ്സിലായത്‌ പ്രോഡക്റ്റിവിറ്റി, എഫിഷ്യെന്‍സി, ബില്ലിംഗ്‌ ടാര്‍ഗെറ്റ്‌ എന്നീ പദങ്ങള്‍ കൊണ്ട്‌ നാഴികയ്ക്ക്‌ നാല്‍പ്പത്‌ വട്ടം ഞങ്ങളെ വിരട്ടിയിരുന്ന മാനേജര്‍മാരുടെ മുഖത്ത്‌ കര്‍ക്കിടക മാസത്തില്‍ പഴങ്കഞ്ഞി കുടിച്ച്‌ മഴയെ ശപിച്ച്‌ കോലായിലിരിക്കുന്ന കാരണവന്മാരുടെ ദൈന്യത കണ്ടപ്പോഴാണ്‌. എത്രവട്ടം കൂട്ടിക്കിഴിച്ചാലും കഴിഞ്ഞ മാസത്തെ വിറ്റുവരവിന്റെ ഏഴയലത്ത്‌ പോലും വരില്ല എന്നുറപ്പായതോടെ കൂട്ടിലടച്ച വെരുകിന്റെ അവസ്ഥയിലാണ്‌ ബോസ്‌ ഇപ്പോള്‍.

ചുരുങ്ങിയത്‌ പതിനായിരത്തെട്ട്‌ പ്രാവശ്യമെങ്കിലും വര്‍ക്കൗട്ട്‌ ചെയ്ത "എക്സ്‌പ്പെക്ടഡ്‌ ബില്ലിംഗ്‌" ഇനിയും ഊതി വീര്‍പ്പിക്കാന്‍ പറ്റുമോ എന്ന് തല പുകഞ്ഞാലോചിച്ച്‌ മോണിറ്ററില്‍ കണ്ണും നട്ടിരിക്കുമ്പോഴാണ്‌ അരികിലെപ്പോഴോ വന്ന് നിന്നിരുന്ന ജോജിയുടെ ഞെട്ടിപ്പിക്കുന്ന ചോദ്യം കേട്ടത്‌.

"അല്ല ചേട്ടാ, ഈ സ്റ്റാറ്‌ എവിട്യാ കിട്ട്വാ?..."

"ഇവിടെ മനുഷ്യന്‍ വാല്‌മ്മേ തീ പിടിച്ചിരിക്കുമ്പഴാ ഒരു സ്റ്റാറ്‌" എന്ന് മനസ്സിലോര്‍ത്തെങ്കിലും ചോദിച്ചില്ല.

"ഇതെന്തിനാപ്പോ സ്റ്റാറ്‌ ജോജ്യേ...?"

"ഹൈ ചേട്ടാ, ക്രിസ്‌മസ്സല്ലേ വരണേ.... റൂമില്‌ കെട്ടി ഞാത്തി ഒരു ബള്‍ബിടാന്ന് വച്ചിട്ടാ...."

നല്ല ആഗ്രഹം. ക്രിസ്‌മസ്സിന്‌ നക്ഷത്രം തന്നെ കെട്ടിത്തൂക്കി ആഘോഷിക്കണം സൗദി അറേബ്യയില്‍. മറ്റു മതാചാരങ്ങള്‍ക്ക്‌ കര്‍ശനമായ വിലക്കുകളുള്ള ഇവിടെ ഇതിനെക്കുറിച്ച്‌ ആലോചിക്കാന്‍ തന്നെ അപാര ധൈര്യം വേണം.

ധൈര്യം ഇത്തിരി കൂടിയത്‌ കൊണ്ടാണല്ലോ നാട്ടില്‍ സ്വന്തമായി ഒരു ബസ്സുണ്ടായിട്ടും സൗദിയില്‍ വന്ന് കഷ്ടപ്പെടാന്‍ യോഗമുണ്ടായത്‌. മീശ മുളയ്ക്കുന്ന പ്രായത്തില്‍ തന്നെ തൃശ്ശൂര്‍ - പാലപ്പിള്ളി റൂട്ടിലോടുന്ന സെന്റ്‌ ജോര്‍ജ്ജില്‍ കണ്ടക്ടറായും ഡ്രൈവറായും ചെത്ത്‌ കുറച്ചധികമായപ്പോള്‍ ജോര്‍ജേട്ടന്‍ തീരുമാനിച്ചതാണ്‌ ഇവനെ ഇവിടെ നിറുത്തിയാല്‍ ശരിയാവില്ല എന്ന്. അതാണ്‌ ജോജി. പക്ഷേ എന്തൊക്കെയായാലും ആമ്പല്ലൂര്‌കാരന്‍ ജോജി ഭക്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴയ്ക്കും തയ്യാറായിരുന്നില്ല ഒരിക്കലും.

"എന്റെ ജോജ്യേ, ഇവിടെ ഇതൊക്കെ ഹറാമാണ്‌. വെറുതെ ആവശ്യമില്ലാത്ത ഗുലുമാലിലൊന്നും ചെന്ന് ചാടല്ലേ..."

"ഹൈ, അങ്ങനെയങ്ങട്‌ വിട്ടാ ശര്യാവില്യാലോ. ഞാനൊന്ന് നോക്കട്ടെ കിട്ട്വോന്ന്..."

"എന്താ നാട്ടുകാര്‌ രണ്ട്‌ പേരും കൂടി ഒരു സല്ലാപം? ... " കണ്ണൂര്‌കാരന്‍ സുരേട്ടന്‍. തന്നേക്കാള്‍ മുതിര്‍ന്നവരെയും സ്നേഹപൂര്‍വ്വം "മോനേ" എന്ന് വിളിച്ച്‌ കുശലം ചോദിക്കുന്ന സുരേട്ടന്‍.

"സുരേട്ടന്‍ വന്നത്‌ നന്നായി. ഈ സ്റ്റാറെവിട്യാ കിട്ട്വാ സുരേട്ടാ? ക്രിസ്‌മസ്സിന്‌ ഞാത്തിയിടാനാ .... "

സുരേട്ടന്റെ കണ്ണുകളിലെ ഗൂഢസ്മിതം ഞാന്‍ പെട്ടെന്ന് വായിച്ചെടുത്തു.

"മോനേ ജോജീ അതറിയില്ലേ? കോര്‍ണിഷിലുള്ള സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടൂലോ...."

ജോജിയുടെ മുഖം ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ശിരസ്സ്‌ പോലെ തിളങ്ങി.

"സുരേട്ടാ, മ്മ്‌ള്‌ താമസിക്കണേന്റെ അടുത്തുള്ള സൗത്ത്‌ മാളിലും ഉണ്ടല്ലോ ഒരു സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌. അവിടെണ്ടാവില്യേ?..."

"ഇല്ല മോനേ... കോര്‍ണിഷിലെ സ്റ്റോറില്‍ മാത്രമേ കിട്ടൂ..."

"ശരി സുരേട്ടാ, വളരെ ഉപകാരം... പണി കഴിഞ്ഞിട്ട്‌ ഇന്ന് രാത്രി ഒന്ന് പോയി നോക്കട്ടെ..."

നക്ഷത്രത്തിന്റെ സാന്നിധ്യത്തില്‍ ക്രിസ്‌മസ്സ്‌ ഭക്തി നിര്‍ഭരമാക്കാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തില്‍ പോകുന്ന ജോജിയെ നോക്കി കള്ളച്ചിരിയോടെ നില്‍ക്കുന്ന സുരേട്ടന്‍.

"അല്ല സുരേട്ടാ, ഇവിടെ ശരിയ്ക്കും കിട്ടുമോ സ്റ്റാറ്‌?... " എനിയ്ക്ക്‌ അദ്ഭുതമായിരുന്നു.

"എവടെ? ... അവനൊന്നു ഒന്ന് കറങ്ങിയിട്ട്‌ വരട്ടെ മോനേ..."

ജോലി കഴിഞ്ഞ്‌ കുളിച്ച്‌ കുട്ടപ്പനായി പെര്‍ഫ്‌യൂം അടിച്ച്‌, പുതിയതായി വച്ചു പിടിപ്പിച്ച ബുള്‍ഗാന്‍ താടിയുടെ ഭംഗി ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി തന്റെ കാമ്രി കാറില്‍ "ബലദില്‍" എത്തി പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം കിട്ടിയപ്പോള്‍ സമയം രാത്രി ഒന്‍പതര.

തൃശ്ശൂര്‍ റൗണ്ടിലെ തിരക്കിനെ തോല്‍പ്പിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ കോര്‍ണിഷ്‌ ബില്‍ഡിങ്ങിലെ സ്റ്റാര്‍ സൂപ്പര്‍ സ്റ്റോറിന്‌ മുന്നില്‍ ചെന്നപ്പോള്‍ പൂരത്തിനുള്ള ജനത്തിരക്ക്‌. ഓട്ടോമാറ്റിക്‌ വാതിലിലൂടെ ഉള്ളില്‍ കടന്നപ്പോഴേക്കും ജോജിയുടെ ജിജ്ഞാസ അണപൊട്ടി.

ആദ്യം എതിരെ വന്ന സൗദി പൗരന്റെ നേരെ തന്നെ ചോദ്യശരം എയ്തു.

" ഫി സ്റ്റാര്‍....?" (സ്റ്റാര്‍ ഉണ്ടോ?)

സൗദി പൗരന്‍ ജോജിയെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട്‌ മൊഴിഞ്ഞു ...

"താല്‍ ഹിന ..." (ഇങ്ങോട്ടു വരൂ)

ഓട്ടോമാറ്റിക്‌ ഡോറിലൂടെ പുറത്തിറങ്ങി തിരിഞ്ഞ്‌ നിന്നിട്ട്‌ സ്റ്റാര്‍ മാര്‍ക്കറ്റിന്റെ പ്രകാശമാനമായ നെയിം ബോര്‍ഡിലേക്ക്‌ ചൂണ്ടിക്കാണിച്ചിട്ട്‌ ഇപ്രകാരം ഗര്‍ജിച്ചു.

"ഹൈദ സ്റ്റാര്‍ ... മുഖ്‌ മാഫി....." (ഇതാണ്‌ സ്റ്റാര്‍ ... ബുദ്ധിയില്ലാത്തവന്‍....)

ആവശ്യത്തിലധികം നക്ഷത്രങ്ങളെ കണ്ട്‌ കണ്ണ്‌ മഞ്ഞളിച്ച്‌ പോയ ജോജി സുരേട്ടന്റെ ഗൂഢസ്മിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും പാര്‍ക്കിംഗ്‌ ഫീസായ രണ്ട്‌ റിയാലും മൂന്ന് ലിറ്റര്‍ പെട്രോളും രണ്ട്‌ മണിക്കൂറും പിന്നെ മാനവും പോയ വിഷമത്തില്‍ ഇടിവെട്ടേറ്റവനെപ്പോലെ അന്തം വിട്ട്‌ നിന്നു.


(വാല്‍ക്കഷണം - തനിയ്ക്ക്‌ പറ്റിയ അമളി ഈയുള്ളവനോട്‌ പറയുവാനുള്ള നര്‍മ്മബോധം കാണിച്ച ജോജിയ്ക്ക്‌ തന്നെ ഈ കഥ സമര്‍പ്പിക്കുന്നു)