Wednesday, December 24, 2008

ക്രിസ്‌മസ്സും നക്ഷത്രവും പിന്നെ ജോജിയും

സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിപ്പിടുത്തം പതുക്കെ ഗള്‍ഫിനേയും ബാധിച്ചു തുടങ്ങിയെന്ന് മനസ്സിലായത്‌ പ്രോഡക്റ്റിവിറ്റി, എഫിഷ്യെന്‍സി, ബില്ലിംഗ്‌ ടാര്‍ഗെറ്റ്‌ എന്നീ പദങ്ങള്‍ കൊണ്ട്‌ നാഴികയ്ക്ക്‌ നാല്‍പ്പത്‌ വട്ടം ഞങ്ങളെ വിരട്ടിയിരുന്ന മാനേജര്‍മാരുടെ മുഖത്ത്‌ കര്‍ക്കിടക മാസത്തില്‍ പഴങ്കഞ്ഞി കുടിച്ച്‌ മഴയെ ശപിച്ച്‌ കോലായിലിരിക്കുന്ന കാരണവന്മാരുടെ ദൈന്യത കണ്ടപ്പോഴാണ്‌. എത്രവട്ടം കൂട്ടിക്കിഴിച്ചാലും കഴിഞ്ഞ മാസത്തെ വിറ്റുവരവിന്റെ ഏഴയലത്ത്‌ പോലും വരില്ല എന്നുറപ്പായതോടെ കൂട്ടിലടച്ച വെരുകിന്റെ അവസ്ഥയിലാണ്‌ ബോസ്‌ ഇപ്പോള്‍.

ചുരുങ്ങിയത്‌ പതിനായിരത്തെട്ട്‌ പ്രാവശ്യമെങ്കിലും വര്‍ക്കൗട്ട്‌ ചെയ്ത "എക്സ്‌പ്പെക്ടഡ്‌ ബില്ലിംഗ്‌" ഇനിയും ഊതി വീര്‍പ്പിക്കാന്‍ പറ്റുമോ എന്ന് തല പുകഞ്ഞാലോചിച്ച്‌ മോണിറ്ററില്‍ കണ്ണും നട്ടിരിക്കുമ്പോഴാണ്‌ അരികിലെപ്പോഴോ വന്ന് നിന്നിരുന്ന ജോജിയുടെ ഞെട്ടിപ്പിക്കുന്ന ചോദ്യം കേട്ടത്‌.

"അല്ല ചേട്ടാ, ഈ സ്റ്റാറ്‌ എവിട്യാ കിട്ട്വാ?..."

"ഇവിടെ മനുഷ്യന്‍ വാല്‌മ്മേ തീ പിടിച്ചിരിക്കുമ്പഴാ ഒരു സ്റ്റാറ്‌" എന്ന് മനസ്സിലോര്‍ത്തെങ്കിലും ചോദിച്ചില്ല.

"ഇതെന്തിനാപ്പോ സ്റ്റാറ്‌ ജോജ്യേ...?"

"ഹൈ ചേട്ടാ, ക്രിസ്‌മസ്സല്ലേ വരണേ.... റൂമില്‌ കെട്ടി ഞാത്തി ഒരു ബള്‍ബിടാന്ന് വച്ചിട്ടാ...."

നല്ല ആഗ്രഹം. ക്രിസ്‌മസ്സിന്‌ നക്ഷത്രം തന്നെ കെട്ടിത്തൂക്കി ആഘോഷിക്കണം സൗദി അറേബ്യയില്‍. മറ്റു മതാചാരങ്ങള്‍ക്ക്‌ കര്‍ശനമായ വിലക്കുകളുള്ള ഇവിടെ ഇതിനെക്കുറിച്ച്‌ ആലോചിക്കാന്‍ തന്നെ അപാര ധൈര്യം വേണം.

ധൈര്യം ഇത്തിരി കൂടിയത്‌ കൊണ്ടാണല്ലോ നാട്ടില്‍ സ്വന്തമായി ഒരു ബസ്സുണ്ടായിട്ടും സൗദിയില്‍ വന്ന് കഷ്ടപ്പെടാന്‍ യോഗമുണ്ടായത്‌. മീശ മുളയ്ക്കുന്ന പ്രായത്തില്‍ തന്നെ തൃശ്ശൂര്‍ - പാലപ്പിള്ളി റൂട്ടിലോടുന്ന സെന്റ്‌ ജോര്‍ജ്ജില്‍ കണ്ടക്ടറായും ഡ്രൈവറായും ചെത്ത്‌ കുറച്ചധികമായപ്പോള്‍ ജോര്‍ജേട്ടന്‍ തീരുമാനിച്ചതാണ്‌ ഇവനെ ഇവിടെ നിറുത്തിയാല്‍ ശരിയാവില്ല എന്ന്. അതാണ്‌ ജോജി. പക്ഷേ എന്തൊക്കെയായാലും ആമ്പല്ലൂര്‌കാരന്‍ ജോജി ഭക്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴയ്ക്കും തയ്യാറായിരുന്നില്ല ഒരിക്കലും.

"എന്റെ ജോജ്യേ, ഇവിടെ ഇതൊക്കെ ഹറാമാണ്‌. വെറുതെ ആവശ്യമില്ലാത്ത ഗുലുമാലിലൊന്നും ചെന്ന് ചാടല്ലേ..."

"ഹൈ, അങ്ങനെയങ്ങട്‌ വിട്ടാ ശര്യാവില്യാലോ. ഞാനൊന്ന് നോക്കട്ടെ കിട്ട്വോന്ന്..."

"എന്താ നാട്ടുകാര്‌ രണ്ട്‌ പേരും കൂടി ഒരു സല്ലാപം? ... " കണ്ണൂര്‌കാരന്‍ സുരേട്ടന്‍. തന്നേക്കാള്‍ മുതിര്‍ന്നവരെയും സ്നേഹപൂര്‍വ്വം "മോനേ" എന്ന് വിളിച്ച്‌ കുശലം ചോദിക്കുന്ന സുരേട്ടന്‍.

"സുരേട്ടന്‍ വന്നത്‌ നന്നായി. ഈ സ്റ്റാറെവിട്യാ കിട്ട്വാ സുരേട്ടാ? ക്രിസ്‌മസ്സിന്‌ ഞാത്തിയിടാനാ .... "

സുരേട്ടന്റെ കണ്ണുകളിലെ ഗൂഢസ്മിതം ഞാന്‍ പെട്ടെന്ന് വായിച്ചെടുത്തു.

"മോനേ ജോജീ അതറിയില്ലേ? കോര്‍ണിഷിലുള്ള സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടൂലോ...."

ജോജിയുടെ മുഖം ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ശിരസ്സ്‌ പോലെ തിളങ്ങി.

"സുരേട്ടാ, മ്മ്‌ള്‌ താമസിക്കണേന്റെ അടുത്തുള്ള സൗത്ത്‌ മാളിലും ഉണ്ടല്ലോ ഒരു സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌. അവിടെണ്ടാവില്യേ?..."

"ഇല്ല മോനേ... കോര്‍ണിഷിലെ സ്റ്റോറില്‍ മാത്രമേ കിട്ടൂ..."

"ശരി സുരേട്ടാ, വളരെ ഉപകാരം... പണി കഴിഞ്ഞിട്ട്‌ ഇന്ന് രാത്രി ഒന്ന് പോയി നോക്കട്ടെ..."

നക്ഷത്രത്തിന്റെ സാന്നിധ്യത്തില്‍ ക്രിസ്‌മസ്സ്‌ ഭക്തി നിര്‍ഭരമാക്കാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തില്‍ പോകുന്ന ജോജിയെ നോക്കി കള്ളച്ചിരിയോടെ നില്‍ക്കുന്ന സുരേട്ടന്‍.

"അല്ല സുരേട്ടാ, ഇവിടെ ശരിയ്ക്കും കിട്ടുമോ സ്റ്റാറ്‌?... " എനിയ്ക്ക്‌ അദ്ഭുതമായിരുന്നു.

"എവടെ? ... അവനൊന്നു ഒന്ന് കറങ്ങിയിട്ട്‌ വരട്ടെ മോനേ..."

ജോലി കഴിഞ്ഞ്‌ കുളിച്ച്‌ കുട്ടപ്പനായി പെര്‍ഫ്‌യൂം അടിച്ച്‌, പുതിയതായി വച്ചു പിടിപ്പിച്ച ബുള്‍ഗാന്‍ താടിയുടെ ഭംഗി ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി തന്റെ കാമ്രി കാറില്‍ "ബലദില്‍" എത്തി പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം കിട്ടിയപ്പോള്‍ സമയം രാത്രി ഒന്‍പതര.

തൃശ്ശൂര്‍ റൗണ്ടിലെ തിരക്കിനെ തോല്‍പ്പിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ കോര്‍ണിഷ്‌ ബില്‍ഡിങ്ങിലെ സ്റ്റാര്‍ സൂപ്പര്‍ സ്റ്റോറിന്‌ മുന്നില്‍ ചെന്നപ്പോള്‍ പൂരത്തിനുള്ള ജനത്തിരക്ക്‌. ഓട്ടോമാറ്റിക്‌ വാതിലിലൂടെ ഉള്ളില്‍ കടന്നപ്പോഴേക്കും ജോജിയുടെ ജിജ്ഞാസ അണപൊട്ടി.

ആദ്യം എതിരെ വന്ന സൗദി പൗരന്റെ നേരെ തന്നെ ചോദ്യശരം എയ്തു.

" ഫി സ്റ്റാര്‍....?" (സ്റ്റാര്‍ ഉണ്ടോ?)

സൗദി പൗരന്‍ ജോജിയെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട്‌ മൊഴിഞ്ഞു ...

"താല്‍ ഹിന ..." (ഇങ്ങോട്ടു വരൂ)

ഓട്ടോമാറ്റിക്‌ ഡോറിലൂടെ പുറത്തിറങ്ങി തിരിഞ്ഞ്‌ നിന്നിട്ട്‌ സ്റ്റാര്‍ മാര്‍ക്കറ്റിന്റെ പ്രകാശമാനമായ നെയിം ബോര്‍ഡിലേക്ക്‌ ചൂണ്ടിക്കാണിച്ചിട്ട്‌ ഇപ്രകാരം ഗര്‍ജിച്ചു.

"ഹൈദ സ്റ്റാര്‍ ... മുഖ്‌ മാഫി....." (ഇതാണ്‌ സ്റ്റാര്‍ ... ബുദ്ധിയില്ലാത്തവന്‍....)

ആവശ്യത്തിലധികം നക്ഷത്രങ്ങളെ കണ്ട്‌ കണ്ണ്‌ മഞ്ഞളിച്ച്‌ പോയ ജോജി സുരേട്ടന്റെ ഗൂഢസ്മിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും പാര്‍ക്കിംഗ്‌ ഫീസായ രണ്ട്‌ റിയാലും മൂന്ന് ലിറ്റര്‍ പെട്രോളും രണ്ട്‌ മണിക്കൂറും പിന്നെ മാനവും പോയ വിഷമത്തില്‍ ഇടിവെട്ടേറ്റവനെപ്പോലെ അന്തം വിട്ട്‌ നിന്നു.


(വാല്‍ക്കഷണം - തനിയ്ക്ക്‌ പറ്റിയ അമളി ഈയുള്ളവനോട്‌ പറയുവാനുള്ള നര്‍മ്മബോധം കാണിച്ച ജോജിയ്ക്ക്‌ തന്നെ ഈ കഥ സമര്‍പ്പിക്കുന്നു)

26 comments:

 1. മുന്‍പുള്ള പോസ്റ്റുകളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. ഒരു വലിയ ഇടവേളയ്ക്ക്‌ ശേഷം വീണ്ടും ഒരു പോസ്റ്റ്‌ കൂടി സമര്‍പ്പിക്കുന്നു ചങ്ങാതിമാരേ ... ഇനി നിങ്ങളുടെ ഊഴം ...

  ReplyDelete
 2. താല്‍ ഹിനി...
  ഫി വാജിജ് സ്‌റ്റാര്‍...
  ഒരു പാലം കടക്കണം...
  ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു..

  ReplyDelete
 3. ജോജിയുടെ മുഖം ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ശിരസ്സ്‌ പോലെ തിളങ്ങി.
  ---
  വിനുവേട്ടാ(!), അത് വേണ്ടായിരുന്നൂ!

  പാവം പാവം ജോജി!
  (‘ആറ് മൂല‘യുള്ള സ്റ്റാറെങ്ങാന്‍ ആ അറബിയോട് ചോദിച്ചിരുന്നെങ്കിലോ?)

  ReplyDelete
 4. സംഗതി കലക്കീട്രാ ചുള്ളാ....

  ReplyDelete
 5. വിനുവേട്ടാ വീണ്ടുമെത്തിയല്ലേ? നിങ്ങള്‍ തൃശൂര്‌കാരുടെ ബ്ലോഗ്‌ വായിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്‌ കേട്ടോ. ഈ തമാശക്കാരെല്ലാം കൂടി തൃശൂരില്‍ കുറ്റിയടിച്ചിരിക്കുകയാണോ? "ജനകോടികളുടെ വിശ്വസ്തസ്ഥാപനവും" തൃശൂര്‌കാരന്‍ തന്നെയല്ലേ? കൊള്ളാം ജോജിയുടെ ക്രിസ്തുമസ്‌.

  മുരളി.

  ReplyDelete
 6. ☆ജദ്ദയില്‍ സ്റ്റാര്‍,ക്രിസ്മസ്സ് ട്രീ,
  ഡെക്കറെഷന്‍ ഒക്കെ കിട്ടുന്നത് ബലദില്‍ അല്ല. സൌദിയാ സിറ്റിയുടെ ഓപ്പസിറ്റ് ഫിലിപ്പിനി സൂക്കില്‍ ,സാന്താക്ലോസ്സിന്റെ തൊപ്പി, ക്രിസ്മസ് കാര്‍ഡുകള്‍ വരെ നവംബര്‍ ആദ്യവാരം മുതല്‍ കിട്ടും.ഡിസബര്‍ ആവുമ്പോള്‍ മുത്തവമാരുടെ റെയിഡ് ഉണ്ടാവും അപ്പോള്‍ പല സാധനങ്ങളും ഡിസ്‌പ്ലേയില്‍ കാണില്ല.ഒരു പ്രിന്‍സ് ആണ് ആ കടയുടെ സ്പോണ്‍സര്‍ ആരും അവിടെ ചെന്ന് ശല്ല്യം ചെയ്യില്ല. ..
  26 കൊല്ലം തട്ടു പോളിപ്പന്‍ ക്രിസ്മസ് ജദ്ദയില്‍ ആഘോഷിച്ചു .സ്റ്റാറും ട്രീയും എല്ലാം വച്ചു തന്നെ!ഇന്നലെ കൂടി ആ ഓര്‍മ്മകള്‍ അയവിറക്കി...☆

  ☆പുതുവത്സരാശംസകള്‍‌☆

  ReplyDelete
 7. Vaayikaan oru sugamundengilum endingil oru punchintay kuravundu..sangathi vannilla ennoru thonnal...aadyam vayichappol avasanam valaray rasakaramavum ennoru jijnhasa (oh entayoru manglish) undakiyengilum avasanam pettannu angu theernathu polay.
   
  ithrayokkay parayunulla vivaramay enikkullu  Anno …

  Pappan

  ReplyDelete
 8. കഥ അടിപൊളി...ആറ്റികുറുക്കി രസകരമായി പറഞ്ഞിരിയ്ക്കുന്നു....റെജിയുടെ തനതു ശൈലിയില്‍ നര്‍മ്മംക്കൊണ്ടു നിറച്ചിരിയ്ക്കുന്നു....പക്ഷെ അവിടെയിവിടെയൊക്കെ ശ്രുതി പോയതു പോലെ.....പ്രത്യേകിച്ചും ആ അവസാന ചരണത്തില്‍ ....
  പപ്പന്‍ പറഞ്ഞതുപോലെ ഒരു പഞ്ചിന്റെ കുറവ്‌.....

  റെജിയില്‍ നിന്നും ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു എന്നതാണ്‌ മുഖ്യ കാരണം ....
  പിന്നെ പരസ്യം നല്‍കിയ പ്രതീക്ഷയ്ക്കൊത്തു സംഗതികളൊന്നും ഇല്ലായിരുന്നു എന്നതും ഒരു കാരണം...
  പരസ്യം വായിച്ചപ്പോള്‍ ജോജി എന്തോ വലിയ എന്തൊക്കെയൊ ചെയ്യാന്‍ പൊകുന്നു
  എന്ന ഒരു പ്രതീതി ഉണ്ടായിരുന്നു....

  ഇതു തന്നെയാണ്‌ "പെട്രോളേട്ടന്‍" വായിച്ചപ്പോളും എനിയ്ക്കു തൊന്നിയത്‌.

  "ഇപ്പോള്‍ ഒരു കൗമാരക്കാരന്റെ അച്ചനായപ്പോഴാണ്‌ എനിയ്ക്കതു മനസ്സിലായത്‌"

  എന്ന പരസ്യവചകം ആ കഥയെക്കുറിച്ചു എന്നില്‍ വല്ലാത്ത പ്രതീക്ഷയാണുയര്‍ത്തിയത്‌....കൗമരത്തിന്റെ വ്യഥകളും,കുതുഹലതയും, പ്രശ്നങ്ങളും എല്ലാം ആസ്പദമാക്കി എഴുതിയ ഒരു കഥ എന്നാണ്‌ ഞാന്‍ ആദ്യം കരുതിയത്‌......

  ഇതൊന്നും കഥകളുടെ കുഴപ്പമല്ല പരസ്യം ഉണര്‍ത്തുന്ന അമിത പ്രതീക്ഷകള്‍മൂലമുള്ള പ്രശ്നങ്ങാളാണെന്നു ചുരുക്കം......

  കൊല്ലേരി

  ReplyDelete
 9. Belated Christamas greets.
  For a special Christmas xperience you please read
  http://manjaly-halwa.blogspot.com

  ReplyDelete
 10. ഭാഗ്യം , അറബി ആകാശത്തെ നക്ഷത്രം കാണിക്കാന്‍ കൊണ്ടു പോയില്ലല്ലോ !

  ReplyDelete
 11. നന്ദി മാണിക്യാ ............... ഞങ്ങള്‍ ജിദ്ദക്കാര്‍ക്ക്‌ വിലപ്പെട്ട ഈ വിവരം തന്നതിന്‌. വിനുവേട്ടാ, ജിദ്ദയിലാണെന്ന് പറഞ്ഞിട്ട്‌ വല്ല കാര്യവുമുണ്ടോ?

  ബിജു

  ReplyDelete
 12. വിനുവണ്ണാ..

  കമന്റടിക്കാൻ താമസിച്ചതിൽ ക്ഷമാപണം... പതിവുപോലെ ‘ജോജി’യുടെ അവതരണം മനോഹരമാക്കി...

  ആ ജോജിയെ വിടാതെ പിന്തുടർന്നാൽ കൂടുതൽ സംഭവങ്ങൾ കിട്ടാതിരിക്കില്ല... :)

  ജിമ്മി ജോൺ


  വാൽക്കഷണം : മാണിക്യം ചേട്ടന് നന്ദി പറയാൻ ബിജുവിന്റെ ഒപ്പം ഞാനും കൂടുന്നു... ജിദ്ദയിൽ അങ്ങനെ ഒരു സൂക്ക് ഉണ്ടെന്ന് പരഞ്ഞുതന്നതിന്... അടുത്ത ക്രിസ്തുമസിന് (ഇൻഷാ അള്ളാഹ്) സ്റ്റാറും തൊപ്പിയുമൊക്കെ വാങ്ങിയിട്ടു തന്നെ കാര്യം...

  ReplyDelete
 13. comments kandittaanu ee vazhi kayariyath. kollaamallo. iniyumundo vinuvettaa ningalude naattil Jojiyepolathe gadikal?

  Pradeep

  ReplyDelete
 14. നിങ്ങള്‍ തൃശ്ശൂര്‌കാര്‌ എന്തെഴുതിയാലും അതില്‍ നര്‍മ്മത്തിന്റെ അംശമുണ്ടല്ലോ. എങ്ങനെ ഇത്‌ സാധിക്കുന്നു സ്നേഹിതാ? തേക്കിന്‍കാട്ടില്‍ വല്ല ഒറ്റമൂലിയുമുണ്ടോ?

  സന്തോഷ്‌

  ReplyDelete
 15. സുഹൃത്തേ
  രസകരം. തൃശ്ശൂര്‍ക്കാരനായ എനിക്കീ കഥ വല്ലാതെ ഇഷ്ടപ്പെട്ടു എന്നു പറയേണ്ടതില്ലല്ലോ! സരസം. ലളിതം. ഇനിയും പോരട്ടെ, തൃശ്ശൂര്‍ മണവും ഭാഷയുമുള്ള കഥകള്‍, അനുഭവങ്ങള്‍

  ഞാന്‍ വീണ്ടും വരാം

  നന്ദന്‍/നന്ദപര്‍വ്വം

  ReplyDelete
 16. ജോജി നക്ഷത്രമെണ്ണാതിരുന്നത് ഭാഗ്യം. എല്ലാവിധ ആശംസകളും.
  വായിക്കാന്‍ വളരെ വൈകിയതില്‍ ക്ഷമീക്കുക.

  ReplyDelete
 17. ക്രിസ്തുമസ്സ് വിശേഷം വായിക്കാന്‍ വന്നത് വിഷുവിനോടടുത്ത്..എന്നെ സമ്മതിക്കണം അല്ലെ വിനുവേട്ടാ..വായന, എഴുത്ത് എന്നിവയൊക്കെ ഏതാണ്ണ്ട് നിലച്ച മാതിരിയാ..

  സംഭവം രസിച്ചു വായിച്ചു.

  എന്റെമ്മേ ഒരു സ്റ്റാറിടാന്‍ പോലും സൌദിയില്‍ പ്രശ്നമാണോ? ദുഫായി തന്നെ തൊമ്മന്‍.

  ReplyDelete
 18. വിനുവേട്ടാ, ജോജിയുടെ ക്രിസ്തുമസ്‌ പൊളിച്ചടുക്കി. ഈ ബ്ലോഗ്‌ അധികമൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. നമ്മുടെ വിശാലന്‍ ചേട്ടന്റെ കഥകള്‍ വായിക്കുന്ന ആ രസമുണ്ട്‌ ഇതിനും. അത്‌ പിന്നെ തൃശ്ശൂര്‍ക്കാരുടെ സ്വതസിദ്ധമായ നര്‍മ്മബോധം ആയിരിക്കും കാരണമല്ലേ? എന്തായാലും എഴുത്ത്‌ നിറുത്തരുതേ.

  വിജേഷ്‌

  ReplyDelete
 19. കര്‍ക്കിടക മാസത്തിലെ കാരണവന്മാരുടെ മുഖത്തെ ദൈന്യത. ഉപമ കലക്കി വിനുവേട്ടാ. പിന്നെ നമ്മുടെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ശിരസ്സും. ഞാനിപ്പോള്‍ ചിരിച്ച്‌ ചാവും. ഹാ ഹാ ഹാ..............

  അജയന്‍

  ReplyDelete
 20. ജോജിയെ സന്ദര്‍ശിച്ച്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

  ബാജി, പലത്തിനിപ്പുറം ഇങ്ങനെയൊക്കെത്തന്നെയാ....

  മാണിക്ക്യം, ജിദ്ദക്കാര്‍ക്ക്‌ വഴികാട്ടാന്‍ വെളിച്ചം കാണിച്ചതിന്‌ ആയിരമായിരം നന്ദി...

  നന്ദപര്‍വ്വം വന്ന നന്ദന്‌ പ്രത്യേക നന്ദി...

  കുട്ടപ്പാ, മുത്തവമാരെ സൂക്ഷിച്ചോ ....

  കൈതമുള്ളേ, ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെയടുത്തെങ്ങും പോയേക്കല്ലേ ... മുള്ള്‌ ആ തലയില്‍ കോറിയാല്‍ പ്രശ്നമാണ്‌ ...

  കുറുമാനേ, ഗ്ലോബല്‍ വില്ലേജില്‍ തന്നെ കറങ്ങി നടന്നാല്‍ എങ്ങിനെയാ എഴുതാന്‍ സമയം കിട്ടുക?

  കൊല്ലേരീ ശരിയ്ക്കും താങ്ങിയല്ലേ?

  കുട്ടന്‍ മേന്‌ന്നേ, എഴുത്തൊന്നുമില്ലേ ഇപ്പോള്‍?

  അപ്പോള്‍ ശരി, ഒരിക്കല്‍ക്കൂടി നന്ദി

  ReplyDelete
 21. കമന്റുകള്‍ കണ്ടിട്ടാണ്‌ ഈ വഴി വന്നത്‌. കൊള്ളാമല്ലോ. സരസമായ ആഖ്യാനം. ഈ തൃശ്ശൂരില്‍ കുറേ പുലികളുണ്ടല്ലേ?

  വേണുഗോപാല്‍

  ReplyDelete
 22. haha ..kollam...
  ithengane aanu thrissur visesham aakunnath mashe ? :))

  ReplyDelete
 23. എന്റെ മാഷേ, മറ്റൊരു തൃശ്ശൂര്‍ക്കാരന്‌ പറ്റിയ അമളി ആയത്‌ കൊണ്ട്‌ എഴുതിയല്ലേ പാവം വിനുവേട്ടന്‍. ക്ഷമിച്ച്‌ കളയെന്ന്‌.

  മനോജ്‌

  ReplyDelete
 24. ennalum paavam jojikku oru staarinu pakaram ethrayo kanaan bagyam undaayi !!!
  paavangale vela vekkunnath enthina??
  :)
  aadhyamaayitta ithu vazhi. appozhekkum ente malayalam font poyi!! entha oru aishwaryam..

  ReplyDelete
 25. എന്തിനാണീ വലിയ ഇടവേള? ഈ നര്‍മകൈരളിക്ക്?

  ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...