Tuesday, November 17, 2009

ഇരുനൂറ്‌ മില്ലിയുടെ ആഫ്റ്റര്‍ ഇഫക്റ്റ്‌

വീണ്ടും ഒരു ഒഴിവുകാലം... എത്ര പെട്ടെന്നാണ്‌ ഒരു വര്‍ഷം പറന്ന് പോയത്‌!... ഇത്തവണ പതിവിന്‌ വിപരീതമായി ഗള്‍ഫ്‌ എയറിന്‌ പകരം എമിറേറ്റ്‌സില്‍ ആണ്‌ യാത്ര. ജിദ്ദയില്‍ നിന്ന്‌ രാത്രി 9:45 ന്‌ കയറിയാല്‍ ഏറ്റവും കുറഞ്ഞ ട്രാന്‍സിറ്റ്‌ സമയത്തില്‍ രാവിലെ ഒമ്പത്‌ മണിക്ക്‌ നാട്ടില്‍ എത്താം. എല്ലാവരും പറഞ്ഞ്‌ പറഞ്ഞ്‌ മനുഷ്യനെ കൊതിപ്പിക്കുന്ന ദുബായ്‌ എയര്‍പ്പോര്‍ട്ടിന്റെ മായിക സൗന്ദര്യം ഒന്ന് കാണുകയും ചെയ്യാം.

ഇപ്രാവശ്യത്തെ യാത്രയിലും പുതിയ കഥാപാത്രങ്ങളെ കണ്ടുമുട്ടാനിടവരട്ടെ എന്ന് ആശംസിച്ച്‌ കൊണ്ടാണ്‌ സ്നേഹിതര്‍ യാത്രയാക്കിയത്‌. ദുബായില്‍ ലാന്റ്‌ ചെയ്ത്‌ അടുത്ത ഫ്ലൈറ്റിനുള്ള ഡിപ്പാര്‍ച്ചര്‍ ഗെയ്റ്റ്‌ വരെയുള്ള ഒരു കിലോമീറ്റര്‍ നടത്തത്തിനിടയില്‍ നിന്നും ഒരു കാര്യം മനസ്സിലായി. ഗള്‍ഫെന്നും പറഞ്ഞ്‌ സൗദിയില്‍ ജീവിതം ഹോമിച്ചു കളയുന്ന എന്നെയൊക്കെ ചവിട്ടണം. കുറുമാന്റെയും വിശാലമനസ്കന്റെയുമൊക്കെ ഒരു യോഗം... അവരുടെ തലയില്‍ വരച്ച ആ പെന്‍സില്‍ അതിന്‌ ശേഷം നമ്മുടെ പറമ്പിലേക്കെങ്കിലും ഒന്ന് വലിച്ചെറിഞ്ഞിരുന്നെങ്കില്‍...

ഗള്‍ഫ്‌ എയറും എമിറേറ്റ്‌സും തമ്മിലുള്ള അന്തരം ശരിയ്ക്കും അറിയാന്‍ കഴിഞ്ഞു. വളരെ നല്ല സര്‍വീസ്‌. ഈ ബുദ്ധി എന്തേ കഴിഞ്ഞ പത്തിരുപത്‌ വര്‍ഷമായി തോന്നാഞ്ഞത്‌... എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ... അതിലും അത്ഭുതം സഹയാത്രികരെ കണ്ടിട്ടായിരുന്നു. നന്നായിട്ട്‌ മിനുങ്ങിക്കൊണ്ടിരിക്കുന്നവരൊക്കെയും എത്ര മര്യാദക്കാരായി ആര്‍ക്കുമൊരു ശല്യവുമില്ലാതെ തങ്ങളുടെ പ്രവൃത്തിയില്‍ വ്യാപൃതരായിരിക്കുന്നു!. ഇങ്ങനെ പോയാല്‍ എനിക്കൊരു കഥാപാത്രത്തെ എവിടെ കിട്ടും?...

പന്നിപ്പനി പരിശോധനയും കഴിഞ്ഞ്‌ പതിവ്‌ പോലെ തന്നെ ഗ്രീന്‍ ചാനലിലൂടെ പുറത്ത്‌ കടന്ന് വീടണഞ്ഞപ്പോഴും വൈവിധ്യമാര്‍ന്ന ഒരു കഥാപാത്രവും ത്രെഡ്ഡും കിട്ടാത്തതിന്റെ ഖേദം അവശേഷിച്ചു.

* * * * * * * * * * * * * * * * *

മരതക സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ മനസ്സില്‍ ഒരേയൊരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണേട്ടനെ ഒന്ന് സന്ദര്‍ശിക്കണം. കഴിഞ്ഞ അവധിക്കാലത്ത്‌ നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെ ആഗമന കവാടത്തില്‍ നിന്ന് ജനശതാബ്‌ധി എക്സ്‌പ്രസ്‌ പോലെ ട്രോളിയില്‍ ചീറിപ്പാഞ്ഞ്‌ പോയ കൃഷ്ണേട്ടനെ കണ്ട്‌ സുഖവിവരങ്ങള്‍ തിരക്കണം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബസ്സില്‍ ഇതുവഴി കടന്നുപോകുമ്പോഴെല്ലാം ശ്രദ്ധിച്ചിരുന്നു, അടഞ്ഞ്‌ കിടക്കുന്ന കൃഷ്ണേട്ടന്റെ ബാര്‍ബര്‍ഷോപ്പ്‌.

തന്റെ ധീര സാഹസിക കഥ ഇന്റര്‍നെറ്റില്‍ വന്ന കാര്യം കൃഷ്ണേട്ടന്റെ ചെവിയില്‍ എത്തിച്ചതായി നാട്ടില്‍ പോകുന്നതിന്‌ മുമ്പ്‌ മസ്ക്കറ്റിലുള്ള എന്റെ അനുജന്‍ ഫോണ്‍ ചെയ്തറിയിച്ചിരുന്നു. അതൊന്ന് വായിക്കണമല്ലോ എന്ന് ആശാന്‍ അവനോട്‌ ആഗ്രഹം പ്രകടിപ്പിച്ച നിലയ്ക്ക്‌ കക്ഷി അത്‌ വായിക്കാനിട വരുന്നതിന്‌ മുമ്പ്‌ തന്നെ ചെന്ന് കാണുന്നതായിരിക്കും ആരോഗ്യത്തിന്‌ നല്ലത്‌.

ഭാഗ്യം... ഇന്ന് കട തുറന്നിട്ടുണ്ട്‌. എന്നെ അത്ര പരിചയമില്ലാത്തതിനാല്‍ സ്വയം പരിചയപ്പെടുത്തുക എന്നൊരു കടമ്പ ബാക്കി നില്‍ക്കുന്നു.

വാതില്‍ തുറന്ന് ഉള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ കണ്ടത്‌ കത്രികയും ചീപ്പുമായി ഒരു ഒറീസ്സക്കാരന്റെ ജട പിടിച്ച തലയില്‍ മല്ലിട്ടുകൊണ്ടിരിക്കുന്ന അപരിചിതനെയാണ്‌. പോയ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കുറേയധികം ഉത്തരേന്ത്യക്കാരെ കാണാന്‍ കഴിഞ്ഞു ഇപ്രാവശ്യം അടാട്ട്‌ ഗ്രാമത്തില്‍. പുഴക്കല്‍ പാടത്ത്‌ ഉയര്‍ന്ന് വരുന്ന ശോഭാ സിറ്റി പ്രോജക്ടിനായി എത്തിയ പാവപ്പെട്ട ഒറീസ്സക്കാരും പശ്ചിമബംഗാള്‍കാരും.

"ദാ, ഇങ്ങടിരുന്നോട്ടാ...അതിപ്പോ കഴിയും... താടി ഡ്രെസ്സ്‌ ചെയ്യാനല്ലേ?.. "

കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടില്‍ കേട്ട അതേ ശബ്ദം. അതേ... കൃഷ്ണേട്ടന്‍ തന്നെ. കസ്റ്റമേഴ്‌സിന്‌ വേണ്ടി ഒരുക്കിയിട്ടുള്ള ബെഞ്ചില്‍ പത്രവും വായിച്ചിരിക്കുന്നു നമ്മുടെ കൃഷ്ണേട്ടന്‍...

"കൃഷ്ണേട്ടന്‌ എന്നെ മനസ്സിലായോ?..."

കൃഷ്ണേട്ടന്‍ തന്റെ റാന്‍ഡം ആക്സസ്‌ മെമ്മറി മൊത്തം ഒന്ന് സേര്‍ച്ച്‌ ചെയ്ത്‌ 'ഫയല്‍ നോട്ട്‌ ഫൗണ്ട്‌' എന്ന മെസ്സേജുമായി എന്നെ സംശയത്തോടെ നോക്കി.

"ഇല്ല, കണ്ട്‌ കാണാന്‍ വഴിയില്ല കൃഷ്ണേട്ടാ... പക്ഷേ കൃഷ്ണേട്ടന്‌ എന്നെ അറിയാം... ഞാന്‍, തേജന്റെ ചേട്ടന്‍..."

കൃഷ്ണേട്ടന്റെ മുഖം തെളിഞ്ഞു.

"ങ്‌ഹാ... മനസ്സിലായി മനസ്സിലായി... എന്നെ ഇന്റര്‍നെറ്റീ കൊണ്ട്‌ പോയി കുരിശുമ്മേ തറച്ച ആളല്ലേ... എന്നാ വന്നേ...?"

"വന്നിട്ട്‌ ഒരാഴ്ചയായി കൃഷ്ണേട്ടാ... പക്ഷേ, കഴിഞ്ഞയാഴ്ച മൊത്തം അടച്ചിട്ടിരിക്ക്യാര്‌ന്നല്ലോ ഇവിടെ...?"

"അത്‌ ശരി... അപ്പോ ചേട്ടന്‍ സംഭവം അറിഞ്ഞില്ല്യേ...?" ഒറീസ്സക്കാരന്റെ തലയില്‍ മല്ലിട്ടുകൊണ്ടിരുന്നയാള്‍ ഒരു കൊമേര്‍ഷ്യല്‍ ബ്രേക്ക്‌ എടുത്ത്‌ ചിരിയടക്കാന്‍ പാട്‌ പെട്ട്‌ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഡാ... നെനക്കൊക്കെ ചിരിക്കാം... എന്റെ കഷ്ടപ്പാട്‌ എനിക്കല്ലേ അറിയൂ..." കൃഷ്ണേട്ടന്‌ പരിഭവിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അതേ ചേട്ടാ, കഴിഞ്ഞാഴ്ച വൈന്നേരം ഒരു ഏഴേഴരയായിണ്ടാവും... മ്മ്‌ടെ കൃഷ്ണേട്ടന്‍ കടേം പൂട്ടി പതിവ്‌ വീശും വീശി ആ പാട്ട ടിവ്യെസ്സ്‌ ഫിഫ്റ്റീമ്മേ പോയതാ വീട്ടിലിക്ക്‌..."

സ്കൂട്ടറുകളുടെ രാജാവായിരുന്ന ബജാജ്‌ ചേതക്ക്‌ പോലും ഇപ്പോള്‍ നാട്ടിലെ നിരത്തുകളില്‍ കാണാനില്ല. അത്രയ്ക്ക്‌ മാറിപ്പോയിരിക്കുന്നു ഇന്നത്തെ തലമുറയുടെ ഇരുചക്ര സംസ്കാരം. എന്നിട്ടും ഒരു ഗള്‍ഫ്‌ റിട്ടേണിയായ കൃഷ്ണേട്ടന്‍ ഇപ്പോഴും ടി.വി.എസ്‌ 50 യുമായി അഡ്ജസ്റ്റ്‌ ചെയ്ത്‌ പോകുന്നു. അല്ലെങ്കിലും ഇന്നത്തെ കാലത്ത്‌ ഗള്‍ഫില്‍ നിന്ന് തിരിച്ച്‌ വന്നവനാണല്ലോ പണത്തിന്റെ വില നന്നായിട്ടറിയുന്നത്‌.

"എന്നിട്ട്‌...?"

"എന്തുട്ടാവാനാ... ഇരുട്ട്‌ വീണ നേരല്ലേ... ഇരുനൂറ്‌ വീശിയതിന്റെ സുഖത്തിലങ്ങനെ ആ പാട്ടേം മൂളിച്ച്‌ ബ്ലോക്കിന്റവിടെ എത്താറായപ്പളാ കൃഷ്ണേട്ടന്‌ ഓര്‍മ്മ വന്നത്‌ കുട്ട്യോള്‌ക്ക്‌ പഴം വാങ്ങീല്യാന്ന്... പൊയ്ക്കൊണ്ടിര്‌ന്ന അതേ സ്പീഡില്‌ ഒറ്റൊടിക്കല്‌ വലത്തോട്ട്‌..."

ഓടിക്കൊണ്ടിരിക്കുന്ന സ്പീഡില്‍ യൂ-ടേണ്‍ എടുക്കാനുണ്ടായ ധൈര്യം തീര്‍ച്ചയായും ഇരുനൂറ്‌ മില്ലി വീശിയതിന്റെ തന്നെ. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അപ്പോ, കെട്ടിമറിഞ്ഞ്‌ വീണൂന്ന് പറ..."

"അല്ല ചേട്ടാ, വീഴ്‌ണേന്റെ മുമ്പല്ലേ രസം... പിന്നിക്കൂടി വന്ന ചെക്കന്റെ ഹീറോ ഹോണ്ട ഒറ്റലക്ക്‌ ടീവ്യെസ്സിന്റെ പള്ളയ്ക്ക്‌... എന്താണ്ടേയ്‌ന്ന് ചെക്കനും മനസ്സിലായില്ല്യ, കൃഷ്ണേട്ടനും മനസ്സിലായില്ല്യ..."

എങ്ങനെ ചിരിക്കാതിരിക്കും...? മറ്റുള്ളവരുടെ അധഃപതനത്തില്‍ നിന്നാണ്‌ ഹാസ്യത്തിന്റെ ഉത്‌പ്പത്തി എന്ന് പണ്ട്‌ മലയാളം പാഠപുസ്തകത്തില്‍ പഠിച്ചത്‌ എത്ര വാസ്തവം...

"അത്‌ ശരി... അപ്പോള്‍ അതായിരുന്നുവല്ലേ ഒരാഴ്ച കട അടച്ചിട്ടത്‌...?"

"ഒരാഴ്ചോണ്ട്‌ ഈ ലെവലിലിക്ക്‌ എത്തിയതന്നെ ഭാഗ്യം... മൂലത്തറയിലെ ഒരേക്രയാ ഒരഞ്ഞ്‌ പോയത്‌..."

"ഡാ ഡാ... മതീടാ.. മതീടാ..." നീ അവന്റെ തലേലെ പണി മുഴുവനാക്കടാ..." കൃഷ്ണേട്ടനും ചിരിയില്‍ പങ്ക്‌ ചേര്‍ന്നു.

"എന്നിട്ട്‌ കൃഷ്ണേട്ടന്റെ ടി.വി.എസ്സ്‌ എവിടെ? എന്തെങ്കിലും പറ്റിയോ...?"

"അതെന്ത്‌ ചോദ്യാ ചേട്ടാ... വണ്ടിക്കാണെങ്കില്‍ കടലാസൊന്നുല്ല്യ... കൃഷ്ണേട്ടന്‌ ലൈസന്‍സൂല്ല്യാ... പിറ്റേ ദിവസം ഒരു ആക്രിക്കാരന്‍ വന്ന് എല്ലാം കൂടി ഒരു ചാക്കില്‌ കെട്ടിക്കോണ്ടോയി..."

"അപ്പോള്‍ ആ ഇടിച്ച ചെക്കന്‌ ഒന്നും കൊടുക്കേണ്ടിവന്നില്ലേ...?"

"അതല്ലേ മാഷേ രസം..." ഇത്രയും നേരം വിവരണം കേട്ട്‌ രസിച്ചിരുന്ന കൃഷ്ണേട്ടന്‍ കഥ ഏറ്റെടുത്തു.

"വീഴ്ച കഴിഞ്ഞ്‌ ബോധം വന്നപ്പോ കുറ്റം എന്റെയാന്ന് മനസ്സിലായി. ചെക്കന്‍ സംഭവം പോലീസ്‌ കേസാക്കിയാല്‍ ന്റെ കൈയില്‌ ലൈസന്‍സൂല്ല്യ, വണ്ടിക്ക്‌ പേപ്പറൂല്ല്യ... എന്തെങ്കിലും കൊടുത്ത്‌ ഒഴിവാക്കാന്ന് വച്ചാല്‍ കൈയില്‌ പൈസേംല്ല്യാ..."

"പിന്നെ എങ്ങനെ തടിയൂരി കൃഷ്ണേട്ടാ...?"

"ഉത്തരത്ത്‌മ്മേന്ന് പിടുത്തം വിട്ട പല്ലി പോലെ എണീക്കാന്‍ പറ്റാണ്ടെ റോട്ടിലിരിക്കുമ്പോ ആ ചെക്കന്‍ വന്ന് പിടിച്ചെണീപ്പീച്ചിട്ട്‌ പറയാ... 'ചേട്ടാ, എന്ത്‌ വേണങ്കി ചെയ്യാം... കേസാക്കല്ലേ... അച്ഛന്റെ വണ്ടിയാ... എനിക്ക്‌ ലൈസന്‍സില്ല... ഞാന്‍ കാല്‌ പിടിക്കാം... ആസ്പത്രീലെ സകല ചെലവും ഞാന്‍ ചെയ്യാം' എന്ന്... അങ്ങനെ ഒരാഴ്ച ആസ്പത്രീല്‌ സുഖവാസായിര്‌ന്നു ഞാന്‍..."

ഇതാണ്‌ ഞങ്ങളുടെ കൃഷ്ണേട്ടന്‍... ഇപ്രവശ്യത്തെ അവധിക്കാലത്ത്‌ വിമാനയാത്രയില്‍ കഥാപാത്രങ്ങളെയൊന്നും കിട്ടിയില്ലെങ്കിലെന്താ... കൃഷ്ണേട്ടന്‍ തന്നെ വീണ്ടും ഒരു കഥയ്ക്ക്‌ അവസരമൊരുക്കി തന്നിരിക്കുന്നു.

"എന്നിട്ട്‌ ഇപ്പോഴെങ്ങനെയുണ്ട്‌ കൃഷ്ണേട്ടാ... എല്ലാം നോര്‍മലായോ... ?"

"നോര്‍മലായോന്നാ... എങ്കില്‍ ഞാനീ ബെഞ്ചിലിവിടെ ഇരിക്ക്വോ...? മുടി വെട്ടാന്‍ ഈ കുരിപ്പിനെ എല്‍പ്പിക്ക്വോ...?" ഒറീസക്കാരന്റെ തലയില്‍ അവസാനത്തെ മിനുക്ക്‌ പണി നടത്തുന്ന കക്ഷിയുടെ നേരെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു.

"അതെന്താ കൃഷ്ണേട്ടാ...?" എനിക്ക്‌ വീണ്ടും അത്ഭുതം...

"ഞാന്‍ പറയാം ചേട്ടാ... ആസ്പത്രീന്ന് വന്ന് രാവിലെ തന്നെ ഐശ്വര്യമായിട്ട്‌ കടയൊക്കെ തുറന്നു കൃഷ്ണേട്ടന്‍. ഒരാഴ്ചയ്ക്ക്‌ ശേഷം കിട്ടുന്ന കന്നി കസ്റ്റമറെ ടവ്വലൊക്കെ പുതപ്പിച്ച്‌ തലയില്‍ വെള്ളം സ്പ്രേ ചെയ്ത്‌ ദൈവത്തെ ധ്യാനിച്ച്‌ ചീപ്പും കത്രികയും കൈയിലെടുത്തപ്പോഴല്ലേ മ്മ്‌ടെ കൃഷ്ണേട്ടന്‍ ഞെട്ടിപ്പോയത്‌... കത്രികക്കണ്ണീല്‌ വിരല്‌ കയറിണില്ല്യാ !..."

അത്‌ ശരി... അപ്പോള്‍ അതാണ്‌ കാരണം. ഇപ്പോഴും നീര്‌ വച്ച്‌ വീങ്ങിയിരിക്കുന്ന വിരലുകളുമായി ഈ അവസ്ഥയില്‍ തന്റെ കടയില്‍ വന്ന് പത്രം വായിച്ചുകൊണ്ടിരിക്കുക തന്നെയേ മാര്‍ഗമുള്ളൂ കൃഷ്ണേട്ടന്‌... ഇരുനൂറ്‌ മില്ലിയുടെ ആഫ്റ്റര്‍ ഇഫക്ട്‌...

കത്രികക്കണ്ണിയില്‍ എത്രയും പെട്ടെന്ന് വിരല്‍ കയറുമാറാകട്ടെ എന്ന് ആശംസിച്ച്‌ യാത്രപറഞ്ഞ്‌ പോരുമ്പോള്‍ കൃഷ്ണേട്ടന്‍ ഇപ്രകാരം പറഞ്ഞു.

"ഇനി അവിടെ ചെന്ന് ഉള്ളതും ഇല്ലാത്തതും ഒക്കെ ചേര്‍ത്ത്‌ ഈ കഥേം കൂടി ഇന്റര്‍നെറ്റിലിട്ടോളോട്ടാ... എന്തായാലും എം.എസ്‌.കെ കോലഴീനെ നിങ്ങളൊക്കെക്കൂടി ഫെയ്‌മസാക്കീലോ..."