Thursday, December 31, 2009

വീണ്ടും ചില പുതുവത്സര ചിന്തകള്‍

ഒരു വര്‍ഷം കൂടി കൊഴിയുന്നു... ഒപ്പം നമ്മുടെ ക്ഷണികമായ ജീവിതത്തിലെ ഒരേടും കൂടി മറിയുന്നു...

പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ നാമെല്ലാം ആവേശഭരിതരിതരായി ഉത്സാഹത്തോടെ കാത്തിരിക്കുന്നു... നല്ലത്‌ മാത്രം ഭവിക്കട്ടെ എന്ന് ഓരോ വര്‍ഷാന്ത്യത്തിലും നാം പരസ്പരം ആശംസിക്കുന്നു...

ആശംസകള്‍ യാഥാര്‍ത്ഥ്യമായി ഭവിച്ചിരുന്നെങ്കില്‍... ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും വര്‍ഗ്ഗത്തിന്റെയും കെട്ടുകള്‍ തകര്‍ത്ത്‌ മനുഷ്യര്‍ ഒന്നായിരുന്നെങ്കില്‍... ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ ഈ ലോകം മുഴുവന്‍ ഒരൊറ്റ രാഷ്ട്രമായിരുന്നെങ്കില്‍...

മറ്റുള്ളവരെ ദ്രോഹിക്കുകയില്ല എന്ന വളരെ ലളിതമായ തീരുമാനം മാത്രം നാം ഓരോരുത്തരും നടപ്പില്‍ വരുത്തിയാല്‍ തീരുന്നതല്ലേയുള്ളു ഈ ലോകത്തെ സകല പ്രശ്നങ്ങളും? പക്ഷേ അതിന്‌ സ്വാര്‍ത്ഥത എന്ന വികാരം നമ്മുടെ മനസ്സുകളില്‍ നിന്ന് ആദ്യം പറിച്ചെറിയണം. മറ്റുള്ളവരെ ദ്രോഹിച്ച്‌ നേടുന്നതൊന്നും നാം എവിടെയും കൊണ്ടുപോകുന്നില്ല എന്ന തിരിച്ചറിവുണ്ടാകണം... അതിനുള്ള മാനസിക വളര്‍ച്ച കൈവരിക്കണം...

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന് പറഞ്ഞ കാള്‍ മാര്‍ക്സിന്റെ അനുയായികള്‍ക്ക്‌ പോലും മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പിന്നെ മറ്റുള്ളവരെ പറഞ്ഞിട്ടെന്ത്‌ കാര്യം? ... എല്ലാം ഇത്രയൊക്കെയേ ഉള്ളൂ എന്ന തിരിച്ചറിവില്‍ ക്ഷീണം തട്ടുക നൂറ്റാണ്ടുകളായി സമൂഹത്തെ ഭിന്നിപ്പിച്ച്‌ ആമോദിക്കുന്ന ഈ ലോകത്തെ പല മുന്‍നിര പ്രസ്ഥാനങ്ങള്‍ക്കുമായിരിക്കും. ഭൂരിഭാഗം ജനതയുടെയും ആത്മവിശ്വാസമില്ലായ്മ മുതലെടുക്കുന്ന മതങ്ങള്‍ക്ക്‌... ആയുധക്കച്ചവടത്തിലൂടെ ലഭിക്കുന്ന വന്‍ സമ്പത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ തീവ്രവാദം വളര്‍ത്തുകയും പിന്നെ അവയെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ അവിടെയെല്ലാം കടന്ന് ചെന്ന് വീണ്ടും ആയുധങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്‌...

ഇതെല്ലാം തിരിച്ചറിയുവാന്‍ ഇവിടുത്തെ മതമേലാളന്മാരും രാഷ്ട്രീയ നായകന്മാരും പൊതുജനത്തെ അനുവദിക്കുകയില്ലല്ലോ. എത്ര കൊണ്ടാലും മതിവരാതെ വീണ്ടും വീണ്ടും കൊണ്ടുകൊണ്ടേ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന പാവം ജനത്തിന്‌ വൃഥാ അറിവിന്റെ വെളിച്ചം പകര്‍ന്ന് കൊടുത്ത്‌ വര്‍ഷങ്ങളായി മേലനങ്ങാതെ കുടിക്കുന്ന കഞ്ഞിയില്‍ അവര്‍ എന്തിന്‌ മണ്ണ്‌ വാരിയിടണം...

മറ്റുള്ളവര്‍ നമ്മളോട്‌ എങ്ങനെ പെരുമാറണം എന്ന് നാം ആശിക്കുന്നുവോ അതു പോലെ നാം മറ്റുള്ളവരോടും പെരുമാറുക. ഈ ഒരു തീരുമാനം നടപ്പിലാക്കുക എന്നതായിരിക്കട്ടെ പുതുവര്‍ഷാരംഭത്തില്‍ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞ.

പൊയ്‌പ്പോയ ദുരന്തങ്ങള്‍ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും കടന്ന് പോകുന്ന വര്‍ഷത്തിനോട്‌ വിടപറയുവാന്‍ വിങ്ങല്‍... എങ്കിലും ശ്രമിക്കട്ടെ ഒരു പുതുവര്‍ഷം നേരുവാന്‍ എല്ലാവര്‍ക്കും... പ്രകൃതി ദുരന്തങ്ങളില്ലാത്ത, സ്വയം വരുത്തി വയ്ക്കുന്ന ദുരിതങ്ങളില്ലാത്ത ഒരു മനോജ്ഞമായ വത്സരം... ശുഭാപ്തിവിശ്വാസത്തിന്റെ ചക്രങ്ങള്‍ ഇനിയും ഉരുളട്ടെ...

ശക്തിയുടെ കവി എന്നറിയപ്പെട്ടിരുന്ന ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ വരികള്‍ ഉദ്ധരിച്ചു കൊണ്ട്‌ ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

"എനിയ്ക്ക്‌ രസമീ നിമ്നോന്നതമാം
വഴിയ്ക്ക്‌ തേരുരുള്‍ പായിയ്ക്കാന്‍
ഇതേതിരുള്‍ക്കുഴിമേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ..."

Tuesday, December 8, 2009

ശങ്കരേട്ടനും രാസായുധവും

ദിവസവും രാവിലെ വിലേ പാര്‍ലേയില്‍ നിന്ന് ചര്‍ച്ച്‌ ഗേറ്റ്‌ വരെയും വൈകുന്നേരം തിരിച്ചുമുള്ള ഞാണിന്മേല്‍ കളി പോലുള്ള യാത്രയ്ക്ക്‌ ഒരു അറുതിയായ സന്തോഷമാണ്‌ ഗള്‍ഫ്‌ ജോലിക്കുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ്‌ കൈയില്‍ കിട്ടിയപ്പോഴുണ്ടായത്‌. എങ്കിലും ഇത്രയും നാള്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഓഫീസില്‍ നിന്ന്‌ യാത്ര പറഞ്ഞു പോന്നതിന്റെ വിഷമം ഇല്ലാതിരുന്നില്ല.

ടിക്കറ്റുമായി തിരികെ വിലേ പാര്‍ലെയിലേക്കുള്ള യാത്രയില്‍ രവി പറഞ്ഞു... "ഇപ്പോള്‍ ഈ തിരക്കു പിടിച്ച ട്രെയിനില്‍ യാത്ര ചെയ്യുന്ന നീ ഉച്ച കഴിഞ്ഞ്‌ സഞ്ചരിക്കുവാന്‍ പോകുന്നത്‌ ഫ്ലൈറ്റില്‍... എന്തൊരു വിരോധാഭാസം...!"

എത്ര പെട്ടെന്നാണ്‌ ഒന്നര വര്‍ഷം കടന്ന് പോയത്‌. സബര്‍ബന്‍ ട്രെയിനിലെ തൂങ്ങിപ്പിടിച്ചുള്ള യാത്രയ്ക്ക്‌ പകരം പോലീസിന്റെ പഴയ ഇടിവണ്ടി പോലത്തെ മഞ്ഞ ബസ്സില്‍ ഞെങ്ങി ഞെരുങ്ങി ഒടുക്കത്തെ ഹ്യുമിഡിറ്റിയിലുള്ള യാത്ര. ആകെയുള്ള ആശ്വാസം ഡ്രൈവര്‍ മുത്തയ്യയുടെ എണ്ണം പറഞ്ഞ വിറ്റുകള്‍...

സാരമില്ല ... ഇപ്പോഴിതൊക്കെ ശീലമായിരിക്കുന്നു. മാനേജര്‍മാര്‍ക്കൊക്കെ എന്താ അനുകമ്പയും സ്നേഹവും ജോലിക്കാരോട്‌... അവരുടെ സ്നേഹവായ്പ്പും പരിലാളനകളും അനുഭവിച്ചറിഞ്ഞതോടെ ഞങ്ങള്‍ ജോലിക്കാര്‍ ഭൂരിപക്ഷവും ആയുഷ്‌ക്കാലം മുഴുവന്‍ ഇവിടെ തന്നെ ജോലിയെടുക്കാമെന്ന് മനസ്സാ ഉറപ്പിച്ചിരിക്കുകയാണ്‌.

"ഡാ, നീ പോയി രണ്ട്‌ പച്ചമാങ്ങ കൊണ്ടുവന്നേ... എന്നാലേ ഈ അവിയലിന്‌ അവിയലിന്റെ ടേസ്റ്റ്‌ വരൂ..." ശങ്കരേട്ടന്‍.

എട്ട്‌ പേരുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പാചകത്തിന്‌ നാല്‌ ടീമായി തിരിച്ചിരിക്കുകയാണ്‌. ഓരോ ദിവസവും ഓരോ ടീം... എന്റെ ടീം ലീഡര്‍ ശങ്കരേട്ടനാണ്‌. ഭക്ഷണമാണ്‌ ശങ്കരേട്ടന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. അതു കൊണ്ട്‌ തന്നെ ഗുണവുമുണ്ട്‌. ആശാന്‌ ആവശ്യമുള്ള വ്യഞ്ജനങ്ങള്‍ വിളിപ്പുറത്ത്‌ എത്തിച്ച്‌ കൊടുത്ത്‌ കൊണ്ട്‌ കൂടെ നിന്നാല്‍ മതി. എല്ലാം ശങ്കരേട്ടന്‍ തന്നെ ചെയ്തോളും. കുറ്റം പറയരുതല്ലോ... ശങ്കരേട്ടന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്‌. കമ്പനിയിലെ സൂപ്പര്‍വൈസര്‍ ജോലിയേക്കാള്‍ പ്രാധാന്യം പാചകത്തിനും ഭോജനത്തിനും ആയപ്പോള്‍ ശങ്കരേട്ടന്റെ സ്വതവേയുള്ള കുടവയര്‍ അത്യാവശ്യം ഒരു കത്തൊക്കെ എഴുതുവാന്‍ ഉപകരിക്കുന്ന ഒരു മേശ എന്ന നിലയിലേക്ക്‌ വളര്‍ന്നിരുന്നു.

"ഞാനീ സൗദി അറേബ്യയില്‍ എവിടെ പോയി പച്ചമാങ്ങ കൊണ്ടുവരും... ആ കോല്‍പ്പുളി കൊണ്ട്‌ അഡ്‌ജസ്റ്റ്‌ ചെയ്തൂടേ ശങ്കരേട്ടാ?..."

പച്ചമാങ്ങ കിട്ടും എന്ന പ്രതീക്ഷയിലല്ല പറഞ്ഞതെന്ന് ശങ്കരേട്ടനും അറിയാം. പാചകത്തിനോടുള്ള ആത്മാര്‍ത്ഥത കൂടിപ്പോയപ്പോള്‍ പറഞ്ഞ്‌ പോയതാണ്‌. ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇന്ത്യയില്‍ നിന്നുള്ള പല പച്ചക്കറികളും ഇവിടെ സ്വപ്നം കാണാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.

"ശരി.. കോല്‍പ്പുളിയെങ്കില്‍ കോല്‍പ്പുളി... ടേസ്റ്റ്‌ ഇല്ലാന്ന് ആരെങ്കിലും പറഞ്ഞാല്‍... ഇന്നത്തോടെ ഞാന്‍ കുക്കിംഗ്‌ അവസാനിപ്പിക്കും..."

എവിടെ... ശങ്കരേട്ടന്‍ കുക്കിംഗ്‌ അവസാനിപ്പിക്കുകയോ... വെക്കേഷന്‌ വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം പോലും ആശാന്‌ തൃപ്തിയാവില്ല. ശങ്കരേട്ടന്റെ വെക്കേഷന്‍ ശരിയ്ക്കും ആസ്വദിച്ചിരുന്നത്‌ ശങ്കരേടത്തിയാണെന്ന് പറയാം... ഒരു മാസത്തേക്ക്‌ അടുക്കളയില്‍ കയറണ്ടല്ലോ...

ഞങ്ങള്‍ ഇങ്ങനെയൊക്കെ സന്തോഷത്തോടെ വായയ്ക്ക്‌ രുചിയായിട്ട്‌ വല്ലതുമൊക്കെ കഴിച്ച്‌ ജീവിച്ച്‌ പോകുന്നത്‌ കണ്ട്‌ അസൂയ മൂത്ത ഒരാളുണ്ടായിരുന്നു... സാക്ഷാല്‍ സദ്ദാം ഹുസൈന്‍ !... ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ആ വാര്‍ത്ത കേട്ട്‌ ഞങ്ങള്‍ ഞെട്ടിത്തെറിച്ചു. സദ്ദാം ഹുസൈന്റെ പട്ടാളം കുവൈറ്റില്‍ ഇരച്ച്‌ കയറി ആ രാജ്യം കീഴടക്കിയിരിക്കുന്നു ! അടുത്ത ലക്ഷ്യം സൗദിയുടെ വടക്കേ അതിര്‍ത്തിയാണത്രേ... അതിര്‍ത്തിയില്‍ നിന്ന് കേവലം മുന്നൂറ്‌ കിലോമീറ്റര്‍ മാത്രമുള്ള ഞങ്ങളുടെ കാര്യം കട്ടപ്പൊക ...! ഏത്‌ നേരത്താണാവോ ബോംബെയില്‍ ഉണ്ടായിരുന്ന ജോലിയും കളഞ്ഞ്‌ അഹങ്കാരം മൂത്ത്‌ ഇങ്ങോട്ട്‌ വിമാനം കയറാന്‍ തോന്നിയത്‌... പിന്നെ ആകെയുള്ള ഒരു ആശ്വാസം ഒറ്റത്തടിയാണെന്നതാണ്‌. നാല്‌ കാശുണ്ടാക്കിയിട്ട്‌ മതി വിവാഹം എന്ന് തീരുമാനിച്ചത്‌ എന്തായാലും നന്നായി.

ചൂടുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളും നടക്കുന്നതിനിടയില്‍ മനഃസമാധാനം കളയാനായിട്ട്‌ ഒരുത്തന്‍ കൂടി ഇറങ്ങിത്തിരിച്ചു. ജോര്‍ജ്‌ ബുഷ്‌...! ഇപ്പോഴത്തെ ബുഷല്ല... അങ്ങേരുടെ അപ്പന്‍ ബുഷ്‌... ഞങ്ങളൊക്കെ ഇവിടെ ഇങ്ങനെ ശാപ്പാടടിച്ച്‌ ചീട്ടും കളിച്ച്‌ ആഴ്ചയില്‍ ആഴ്ചയില്‍ കാസറ്റ്‌ പടവും കണ്ട്‌ കഴിഞ്ഞ്‌ പോകുന്നതിന്‌ ഇവര്‍ക്കൊക്കെ എന്തിനാ ഇത്ര ദണ്ഡം... അങ്ങേര്‍ക്ക്‌ സദ്ദാം ഹുസൈന്റെ പട്ടാളത്തെ തിരിച്ചോടിയ്ക്കണമത്രേ. പക്ഷേ അതിന്‌ ഞങ്ങളുടെയടുത്തുള്ള ദഹ്‌റാന്‍ തന്നെ വേണം ഓപ്പറേഷന്‍ ആസ്ഥാനം ആയിട്ട്‌ എന്ന് വച്ചാല്‍...

ഉപഗ്രഹ ചാനലുകള്‍ ഇല്ലാതിരുന്ന അക്കാലത്ത്‌ ബാഹ്യലോകത്ത്‌ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ കുറച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടിയിരുന്നത്‌ ബഹ്‌റൈന്റെ ചാനല്‍ 55 ല്‍ നിന്നായിരുന്നു. അമേരിക്കന്‍ മിലിട്ടറി ദഹ്‌റാനിലേക്കും ബഹ്‌റൈനിലേക്കും എത്തിത്തുടങ്ങിയത്‌ അറിഞ്ഞത്‌ ചാനല്‍ 55 ല്‍ നിന്നായിരുന്നു. CNN ചാനലിന്റെ ഗള്‍ഫിലേക്കുള്ള വരവും അതോടൊപ്പമായിരുന്നു ചാനല്‍ 55മായി കൂട്ടുപിടിച്ച്‌.

"എടാ, അടി പൊട്ടുമെന്നാ തോന്നുന്നേ... അരിയും മറ്റ്‌ ഭക്ഷണ സാധങ്ങളുമൊക്കെ സ്റ്റോക്ക്‌ ചെയ്തില്ലെങ്കില്‍ പ്രശ്നമാകാന്‍ വഴിയുണ്ട്‌... എയര്‍പ്പോര്‍ട്ടും സീ പോര്‍ട്ടും അടച്ചാല്‍ പിന്നെ പട്ടിണിയാവും... ഹോ അതോര്‍ക്കാന്‍ വയ്യാ എനിയ്ക്ക്‌..."

"എന്റെ ശങ്കരേട്ടാ, ആ സദ്ദാമിന്റെ കൈയില്‍ രാസായുധങ്ങളുണ്ടെന്നാ ബുഷ്‌ പറയുന്നത്‌. അതെങ്ങാനും ആ മിസ്സൈലിന്റെ അറ്റത്ത്‌ കൊളുത്തി ഇങ്ങോട്ട്‌ വിട്ടാല്‍ എന്ത്‌ സ്റ്റോക്കുണ്ടായിട്ടെന്താ? തേങ്ങാമുറീലെ എറുമ്പും കൂട്ടത്തെ വെയിലത്ത്‌ കൊട്ടിയ മാതിര്യാവില്ലേ നമ്മുടെ അവസ്ഥ?"

"അത്‌ നീ പേടിക്കണ്ടടാ... നമുക്കെല്ലാം മാസ്ക്‌ തരാന്‍ പുവ്വാത്രേ... ഗ്യാസ്‌ മാസ്ക്‌. ഏത്‌ കെമിക്കല്‍ പൊട്ടിച്ചാലും ഇത്ണ്ടെങ്കീ ഒന്നും പറ്റില്യാന്നാ പറേണേ..."

അടി പൊട്ടുമെന്നുള്ള കാര്യം ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞിരുന്നു. നഗരത്തില്‍ മിക്കയിടങ്ങളിലും അപകട സൂചന നല്‍കുന്നതിനായുള്ള വലിയ സൈറണുകള്‍ ഘടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. CNN റിപ്പോര്‍ട്ടര്‍ ചാള്‍സ്‌ ജാക്കോ ലൈവ്‌ റിപ്പോര്‍ട്ടിങ്ങിനായി ദഹ്‌റാനില്‍ എത്തിക്കഴിഞ്ഞു. അമേരിക്കന്‍ നാവികസേനയും വ്യോമസേനയും ബഹ്‌റൈനിലും ദഹ്‌റാനിലുമായി വിന്യസിച്ചിരിക്കുന്നു. 'സാഡം ഹുസൈനെ' മര്യാദ പഠിപ്പിച്ചേ അടങ്ങൂ എന്ന് ബുഷ്‌ കാര്‍ന്നോര്‌ നാഴികയ്ക്ക്‌ നാല്‍പ്പത്‌ വട്ടം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.

ശങ്കരേട്ടന്‍ പറഞ്ഞത്‌ ശരിയായിരുന്നു. അടുത്ത ദിവസം തന്നെ കമ്പനിയില്‍ എല്ലാവര്‍ക്കും ഗ്യാസ്‌ മാസ്ക്ക്‌ വിതരണം ചെയ്തു. സേഫ്റ്റി ആന്റ്‌ സെക്യൂരിറ്റിക്കാരുടെ വക ഡെമോണ്‍സ്ട്രേഷന്‍ കണ്ടപ്പോള്‍ ഭയത്തിനിടയിലും ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. മുഖത്ത്‌ കൂടി വലിച്ച്‌ കയറ്റി തലയുടെ പിറകില്‍ സ്ട്രാപ്പ്‌ മുറുക്കി കെട്ടുന്നതോടെ എല്ലാവര്‍ക്കും ഛായ ഒന്ന്... വരാഹത്തിന്റെ ... പോരാഞ്ഞ്‌ മൂക്കിന്റെ ഭാഗത്ത്‌ ചിമ്മിണി വിളക്കിന്റെയടിയിലെ മണ്ണെണ്ണ ടാങ്ക്‌ പോലെ ഒരു സംഭവം. അതിന്റെയടിയില്‍ കുപ്പിയുടെ അടപ്പ്‌ പോലെ പിരിയുള്ള ഒരു അടപ്പും. ആ അടപ്പ്‌ തുറക്കുമ്പോഴാണ്‌ അന്തരീക്ഷത്തിലെ വിഷവായു അതിനുള്ളിലെ ഫില്‍ട്ടറിലൂടെ കടന്ന് ശുദ്ധീകരിക്കപ്പെട്ട്‌ നമുക്ക്‌ ശ്വസന യോഗ്യമാകുന്നത്‌. ഗ്യാസ്‌ മാസ്ക്കിന്റെ ഈ കിറ്റ്‌ ഇനി മുതല്‍ ഏത്‌ പാതാളത്തില്‍ പോയാലും കൂടെയുണ്ടായിരിക്കണമെന്നാണ്‌ കല്‍പ്പന.

യു.എന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഒരാഴ്ചക്കാലം ശങ്കരേട്ടനും ഞങ്ങളും സ്കൂള്‍ ബാഗ്‌ പോലത്തെ മാസ്ക്‌ കിറ്റും തോളിലിട്ട്‌ രാവിലെയും വൈകുന്നേരവും ആഘോഷമായി കമ്പനിയിലേക്ക്‌ പോകുകയും വരികയും ചെയ്തു.

മാസ്ക്ക്‌ തലയ്ക്കല്‍ തന്നെയുണ്ടെന്ന് ഉറപ്പ്‌ വരുത്തിയിട്ടായിരുന്നു അന്നും ഉറങ്ങാന്‍ കിടന്നത്‌. കതകില്‍ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. അടുത്ത അപ്പാര്‍ട്ട്‌മെന്റിലെ ചന്ദ്രു അണ്ണാച്ചിയാണ്‌. "യുദ്ധം തുടങ്ങി... എല്ലാവരും മാസ്ക്ക്‌ പോട്‌..." എന്ന് പറഞ്ഞ്‌ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും ഓടി നടക്കുകയാണ്‌ അണ്ണാച്ചി.

സംഭവം ശരിയാണ്‌... അപകട സൂചന നല്‍കുന്ന സൈറനുകള്‍ എമ്പാടും അലറിക്കൊണ്ടിരിക്കുന്നു. എങ്ങും പരിഭ്രാന്തിയോടെ ഓടിനടക്കുന്നവര്‍... എല്ലാവരുടെയും മുഖത്തിന്‌ ഇപ്പോള്‍ ഒരു ഛായ മാത്രം, കാട്ടുപന്നിയുടെ... വിഷവാതകത്തിന്റെ ഓര്‍മ്മ വന്നതും ഗ്യാസ്‌ മാസ്ക്ക്‌ എടുത്തണിഞ്ഞ്‌ ഓടിയത്‌ ശങ്കരേട്ടന്റെ മുറിയിലേക്കാണ്‌.

തണുപ്പ്‌ കാലത്തെ തന്റെ സ്ഥിരം വസ്ത്രമായ മങ്കി സ്യൂട്ടിനും സ്വെറ്ററിനും പുറമേ ഇപ്പോള്‍ ഗ്യാസ്‌ മാസ്കും കൂടി ഫിറ്റ്‌ ചെയ്തിരിക്കുന്ന ശങ്കരേട്ടനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കട്ടിലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ശങ്കരേട്ടന്റെ മൂക്കിന്റെ ഒരു വശത്ത്‌ ഒരു കൊമ്പ്‌ കൂടി ഫിറ്റ്‌ ചെയ്ത്‌ കൊടുത്താല്‍ സാക്ഷാല്‍ ഗണപതി തന്നെ. ഗ്യാസ്‌ മാസ്ക്‌ ധരിച്ചിരിക്കുമ്പോള്‍ ചിരി വന്നാലും ചിരിയ്ക്കാന്‍ കഴിയില്ല എന്ന വിലയേറിയ അറിവ്‌ ആദ്യമായിട്ടായിരുന്നു.

അടുത്ത നിമിഷം അധികമകലെയല്ലാതെ അതിഭയങ്കരമായ ഒരു സ്ഫോടനം. ഞങ്ങളുടെ കെട്ടിടം ഒരു നിമിഷം കുലുങ്ങി. ഉറക്കെ ഒന്ന് അലറുവാന്‍ പോലും കഴിയില്ല ഈ മാസ്ക്‌ ഉള്ളപ്പോള്‍ എന്ന പുതിയ അറിവ്‌ വീണ്ടും. സദ്ദാം ഹുസൈന്റെ സ്കഡ്‌ മിസ്സൈലിനെ താഴെ വീഴുന്നതിന്‌ മുമ്പ്‌ തകര്‍ക്കാന്‍ പാട്രിയറ്റ്‌ കൊണ്ടുവന്ന് വച്ചിട്ടുണ്ടെന്ന് ബുഷ്‌ കാര്‍ന്നോര്‌ പറഞ്ഞിട്ട്‌ ഇപ്പോള്‍... വിഷവാതകം ശ്വസിച്ച്‌ വടിയാവാന്‍ തന്നെ യോഗമെന്ന് തോന്നുന്നു.

വീണ്ടും ഒരു സ്ഫോടനം കൂടി... കുറേക്കൂടി അടുത്ത്‌. കെട്ടിടം വീണ്ടും കുലുങ്ങി. അതേ.. ഇതു തന്നെ അവസാനം... വല്ല ആവശ്യവുമുണ്ടായിരുന്നോ ബോംബെയില്‍ നിന്ന് കുറ്റിയും പറിച്ച്‌ ഇങ്ങോട്ടെഴുന്നെള്ളാന്‍... ഇനിയിപ്പോള്‍ ശവശരീരം പോലും കാണാന്‍ പറ്റുമോ വീട്ടുകാര്‍ക്ക്‌... പറഞ്ഞിട്ടെന്ത്‌ കാര്യം... പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ...

അപ്പോഴാണ്‌ നടുക്കുന്ന ആ കാഴ്ച കണ്ടത്‌... ഗ്യാസ്‌ മാസ്കിന്റെ സുതാര്യമായ ചില്ലുകള്‍ക്കുള്ളില്‍ ശങ്കരേട്ടന്റെ കണ്ണുകള്‍ തുറിയ്ക്കുന്നു. അതേ... വിഷവാതകം ശങ്കരേട്ടനെ ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു! ശ്വാസം എടുക്കുവാന്‍ കഴിയാതെ ആസ്ത്‌മാരോഗിയെ പോലെ നീട്ടിവലിക്കുകയാണ്‌ ശങ്കരേട്ടന്‍. ചമ്രം പടിഞ്ഞിരുന്ന ശങ്കരേട്ടന്‍ കിടക്കയില്‍ കാലുകള്‍ നീട്ടി തുരുതുരാ ചവിട്ടിക്കൊണ്ടിരിക്കുന്നു. സംശയമില്ല, ഇത്‌ രാസായുധം തന്നെ... ഏവരും ഭയന്നിരുന്ന ആ ദുരന്തം അവസാനം ഇതാ എത്തിയിരിക്കുന്നു! ... അല്‍പ്പ നിമിഷങ്ങള്‍ക്കകം ഞങ്ങളെല്ലാവരും നിശ്ചലരായി ഇവിടെ മറിഞ്ഞു വീഴും...

രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞ്‌ വീണ്ടും ചുറ്റിലും നോക്കി. ആരും മറിഞ്ഞ്‌ വീണിട്ടില്ല ഇതുവരെ. പക്ഷേ ശങ്കരേട്ടന്‍ മാത്രം അപ്പോഴും വെപ്രാളം കാണിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതെന്താ ഇങ്ങനെ?... സം തിംഗ്‌ റോംഗ്‌... ഇനി ഭക്ഷണപ്രിയരെ മാത്രം ബാധിക്കുന്ന വല്ല വാതകവുമായിരിക്കുമോ ഇത്‌..? തങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പായതോടെ എല്ലാവരുടെയും ശ്രദ്ധ കൈകാലിട്ടടിക്കുന്ന ശങ്കരേട്ടനിലായി.

ശങ്കരേട്ടന്റെ സഹമുറിയനായ സുരേട്ടനാണ്‌ സംഭവം ആദ്യം ക്ലിക്ക്‌ ചെയ്തത്‌. സുരേട്ടന്‍ തന്റെ കട്ടിലില്‍ നിന്ന് ചാടിയെഴുനേറ്റ്‌ ശങ്കരേട്ടന്റെ മാസ്കിന്റെ ചുവടെയുള്ള ഫില്‍ട്ടറിന്റെ അടപ്പ്‌ ഇടത്തോട്ട്‌ തിരിച്ച്‌ തിരിച്ച്‌ തുറന്നു കൊടുത്തു.

ഭാഗ്യം... മാസ്കിന്റെ അടഞ്ഞിരിക്കുന്ന അടപ്പ്‌ സുരേട്ടന്‍ സമയത്ത്‌ തന്നെ കണ്ടത്‌ കൊണ്ട്‌ ശങ്കരേട്ടന്റെ അടപ്പ്‌ തെറിച്ചില്ല...

പുനര്‍ജന്മം ലഭിച്ച ആശ്വാസത്തില്‍ ശങ്കരേട്ടന്‍ ദീര്‍ഘമായി ശ്വസിച്ചു കൊണ്ടിരിക്കുമ്പോള്‍, പുറത്ത്‌ അപകടം ഒഴിവായി എന്നറിയിക്കുന്ന "ഓള്‍ ക്ലിയര്‍" സൈറന്‍ മുഴങ്ങുന്നുണ്ടായിരുന്നു.