Thursday, December 31, 2009

വീണ്ടും ചില പുതുവത്സര ചിന്തകള്‍

ഒരു വര്‍ഷം കൂടി കൊഴിയുന്നു... ഒപ്പം നമ്മുടെ ക്ഷണികമായ ജീവിതത്തിലെ ഒരേടും കൂടി മറിയുന്നു...

പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ നാമെല്ലാം ആവേശഭരിതരിതരായി ഉത്സാഹത്തോടെ കാത്തിരിക്കുന്നു... നല്ലത്‌ മാത്രം ഭവിക്കട്ടെ എന്ന് ഓരോ വര്‍ഷാന്ത്യത്തിലും നാം പരസ്പരം ആശംസിക്കുന്നു...

ആശംസകള്‍ യാഥാര്‍ത്ഥ്യമായി ഭവിച്ചിരുന്നെങ്കില്‍... ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും വര്‍ഗ്ഗത്തിന്റെയും കെട്ടുകള്‍ തകര്‍ത്ത്‌ മനുഷ്യര്‍ ഒന്നായിരുന്നെങ്കില്‍... ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ ഈ ലോകം മുഴുവന്‍ ഒരൊറ്റ രാഷ്ട്രമായിരുന്നെങ്കില്‍...

മറ്റുള്ളവരെ ദ്രോഹിക്കുകയില്ല എന്ന വളരെ ലളിതമായ തീരുമാനം മാത്രം നാം ഓരോരുത്തരും നടപ്പില്‍ വരുത്തിയാല്‍ തീരുന്നതല്ലേയുള്ളു ഈ ലോകത്തെ സകല പ്രശ്നങ്ങളും? പക്ഷേ അതിന്‌ സ്വാര്‍ത്ഥത എന്ന വികാരം നമ്മുടെ മനസ്സുകളില്‍ നിന്ന് ആദ്യം പറിച്ചെറിയണം. മറ്റുള്ളവരെ ദ്രോഹിച്ച്‌ നേടുന്നതൊന്നും നാം എവിടെയും കൊണ്ടുപോകുന്നില്ല എന്ന തിരിച്ചറിവുണ്ടാകണം... അതിനുള്ള മാനസിക വളര്‍ച്ച കൈവരിക്കണം...

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന് പറഞ്ഞ കാള്‍ മാര്‍ക്സിന്റെ അനുയായികള്‍ക്ക്‌ പോലും മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പിന്നെ മറ്റുള്ളവരെ പറഞ്ഞിട്ടെന്ത്‌ കാര്യം? ... എല്ലാം ഇത്രയൊക്കെയേ ഉള്ളൂ എന്ന തിരിച്ചറിവില്‍ ക്ഷീണം തട്ടുക നൂറ്റാണ്ടുകളായി സമൂഹത്തെ ഭിന്നിപ്പിച്ച്‌ ആമോദിക്കുന്ന ഈ ലോകത്തെ പല മുന്‍നിര പ്രസ്ഥാനങ്ങള്‍ക്കുമായിരിക്കും. ഭൂരിഭാഗം ജനതയുടെയും ആത്മവിശ്വാസമില്ലായ്മ മുതലെടുക്കുന്ന മതങ്ങള്‍ക്ക്‌... ആയുധക്കച്ചവടത്തിലൂടെ ലഭിക്കുന്ന വന്‍ സമ്പത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ തീവ്രവാദം വളര്‍ത്തുകയും പിന്നെ അവയെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ അവിടെയെല്ലാം കടന്ന് ചെന്ന് വീണ്ടും ആയുധങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്‌...

ഇതെല്ലാം തിരിച്ചറിയുവാന്‍ ഇവിടുത്തെ മതമേലാളന്മാരും രാഷ്ട്രീയ നായകന്മാരും പൊതുജനത്തെ അനുവദിക്കുകയില്ലല്ലോ. എത്ര കൊണ്ടാലും മതിവരാതെ വീണ്ടും വീണ്ടും കൊണ്ടുകൊണ്ടേ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന പാവം ജനത്തിന്‌ വൃഥാ അറിവിന്റെ വെളിച്ചം പകര്‍ന്ന് കൊടുത്ത്‌ വര്‍ഷങ്ങളായി മേലനങ്ങാതെ കുടിക്കുന്ന കഞ്ഞിയില്‍ അവര്‍ എന്തിന്‌ മണ്ണ്‌ വാരിയിടണം...

മറ്റുള്ളവര്‍ നമ്മളോട്‌ എങ്ങനെ പെരുമാറണം എന്ന് നാം ആശിക്കുന്നുവോ അതു പോലെ നാം മറ്റുള്ളവരോടും പെരുമാറുക. ഈ ഒരു തീരുമാനം നടപ്പിലാക്കുക എന്നതായിരിക്കട്ടെ പുതുവര്‍ഷാരംഭത്തില്‍ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞ.

പൊയ്‌പ്പോയ ദുരന്തങ്ങള്‍ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും കടന്ന് പോകുന്ന വര്‍ഷത്തിനോട്‌ വിടപറയുവാന്‍ വിങ്ങല്‍... എങ്കിലും ശ്രമിക്കട്ടെ ഒരു പുതുവര്‍ഷം നേരുവാന്‍ എല്ലാവര്‍ക്കും... പ്രകൃതി ദുരന്തങ്ങളില്ലാത്ത, സ്വയം വരുത്തി വയ്ക്കുന്ന ദുരിതങ്ങളില്ലാത്ത ഒരു മനോജ്ഞമായ വത്സരം... ശുഭാപ്തിവിശ്വാസത്തിന്റെ ചക്രങ്ങള്‍ ഇനിയും ഉരുളട്ടെ...

ശക്തിയുടെ കവി എന്നറിയപ്പെട്ടിരുന്ന ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ വരികള്‍ ഉദ്ധരിച്ചു കൊണ്ട്‌ ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

"എനിയ്ക്ക്‌ രസമീ നിമ്നോന്നതമാം
വഴിയ്ക്ക്‌ തേരുരുള്‍ പായിയ്ക്കാന്‍
ഇതേതിരുള്‍ക്കുഴിമേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ..."

15 comments:

 1. ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

  ReplyDelete
 2. പുതുവർഷപ്പുലരിയിലെ ബുലോഗത്തിലെ വത്യസ്ഥമായൊരു നവവത്സര രചനയാണിത്..കേട്ടൊ ഭായി....

  കുടുംബത്തിൽ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
  സസ്നേഹം,
  മുരളി തയ്യിൽ.

  ReplyDelete
 3. മറ്റുള്ളവര്‍ നമ്മളോട് എങ്ങനെ പെരുമാറണം എന്നു നമ്മള്‍ കരുതുന്നുവോ, അതുപോലെയാവണം നമ്മളും അവരോട്. വളരെ ശരിയായ കാര്യം.

  നമക്കു് ആശിക്കാം നന്മയും സമാധാനവും നിറഞ്ഞ വരും നാളുകള്‍ക്കായി. പ്രതീക്ഷകളും സ്വപനങ്ങളും പൂവണിയട്ടെ.

  സന്തോഷവും സമാധാ‍നവും നിറഞ്ഞതാവട്ടെ പുതുവര്‍ഷം, വരും വര്‍ഷങ്ങളും.

  ReplyDelete
 4. be
  happy
  healthy
  prosperous
  helpful
  nature loving
  peaceful
  this year and every year that will follow !

  ReplyDelete
 5. പപ്പനാവന്റെയും എന്റേം പേരില്‍ ഞാനും ആസംശിക്കുന്നു :)

  ReplyDelete
 6. വിവേകത്തിന്റെ പൊന്നൊളി ചിതറുന്ന ഈ കുറിപ്പിനു നന്ദി സുഹ്ര്‌ത്തേ...

  സ്നേഹാനുഭവങ്ങളാൽ നിറഞ്ഞ ഒരു പുതുവർഷം‌ ആശം‌സിക്കുന്നു.

  ReplyDelete
 7. വിനുവേട്ടാ..

  വളരെ അര്‍ത്ഥവത്തായ രചന... പുതുവര്‍ഷ പുലരിയെ ചിന്തോദ്ദീപകമാക്കിയതിന് നന്ദി..

  ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല വര്‍ഷം സ്വന്തമാവട്ടെ എന്ന് ആശംസിക്കുന്നു...

  ReplyDelete
 8. ബിലാത്തിപ്പട്ടണം പറഞ്ഞതിന് താഴെ ഒരു ഒപ്പ്.

  നവവത്സരാശംസകള്‍ മാഷേ.

  ReplyDelete
 9. മുരളി തയ്യില്‍... അല്ല ബിലാത്തിപ്പട്ടണം... കമന്റിന്‌ നന്ദി... ആശംസകള്‍ക്കും നന്ദി...

  എഴുത്തുകാരി, രമണിക, കുമാരന്‍... വീണ്ടും നന്ദി...

  ദീപ്‌സ്‌... ആരാ ഈ പപ്പനാവന്‍? മനസ്സിലായില്ലല്ലോ...

  ഉസ്മാന്‍, ജിമ്മി, നിരക്ഷരന്‍... ഇതൊക്കെ നമുക്ക്‌ ആശിക്കാം എന്നല്ലാതെ... എന്നാലും, രണ്ട്‌ പേരെങ്കിലും നന്നായാല്‍ അത്രയുമായല്ലോ...

  എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 10. മാഷേ..നമിച്ചിരിക്കുന്നു!

  ഈ ചിന്തകള്‍ എല്ലാവരും വെച്ചുപുലര്‍ത്തിയിരുന്നെങ്കില്‍ ഈ ലോകം എന്നേ നന്നായേനേ..

  പക്ഷെ എന്തുചെയ്യാന്‍....??????!!!!

  നന്മകള്‍ നേര്‍ന്നുകൊണ്ട്,

  ഭായി

  ReplyDelete
 11. മറ്റുള്ളവര്‍ നമ്മളോട് എങ്ങനെ പെരുമാറണം എന്നു നമ്മള്‍ കരുതുന്നുവോ, അതുപോലെയാവണം നമ്മളും അവരോട്.

  വളരെ പ്രസക്തം, ആശംസകള്‍.

  ReplyDelete
 12. നല്ല ചിന്തകള്‍ ..
  നന്മകള്‍ മാത്രം ഈ പുതു വര്ഷം കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു...

  ReplyDelete
 13. ഭായി, തെച്ചിക്കോടന്‍, രാധ... അതേ, ആശിക്കാം നമുക്ക്‌ തിരിച്ചറിവുള്ള ഒരു ജനതയ്ക്കായി..

  ReplyDelete
 14. ലോകാസമസ്താ സുഖിനോഭവന്തു...പുതുവത്സരം ആശംസിക്കുന്നു..

  ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...