Friday, December 31, 2010

ഡിസംബര്‍ മഴ

"ഈ വര്‍ഷത്തെ മഴ തകര്‍ക്കുമെന്നായിരുന്നല്ലോ വാര്‍ത്ത..." രണ്ടാഴ്ച മുമ്പ്‌ പതിവ്‌ ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ ജിമ്മി പറഞ്ഞു.

ഡിസംബര്‍ അവസാനിക്കാറായി. എന്നിട്ടും മഴയുടെ ലക്ഷണമൊന്നുമില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ മഴ ശരിക്കും കൊണ്ടറിഞ്ഞ അനുഭവമുള്ളതു കൊണ്ട്‌ ചെറിയൊരു ഉത്ക്കണ്ഠ തോന്നാതിരുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അന്ന് വീടെത്തിയത്‌ അതിസാഹസികമായിട്ടായിരുന്നു. അരയ്ക്കൊപ്പം വെള്ളത്തില്‍ ഏതാണ്ട്‌ രണ്ട്‌ കിലോമീറ്ററോളം ഒരു കൈയില്‍ ഷൂവും മറുകൈയില്‍ മൊബൈല്‍ ഫോണോടൊപ്പം സ്വന്തം ജീവനും പിടിച്ചുള്ള നടത്തം. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളം കിടുങ്ങിപ്പോകുന്നു. തുറന്നു കിടന്നിരുന്ന ഏതെങ്കിലും മാന്‍ ഹോളുകളില്‍ വീണുപോയിരുന്നെങ്കില്‍...!

എന്തായാലും ഇത്തവണ അല്‍പ്പം മുന്‍കരുതല്‍ എടുക്കുവാന്‍ തന്നെ തീരുമാനിച്ചു. പ്രധാനപ്പെട്ട എല്ലാ വെതര്‍ ഫൊര്‍ക്കാസ്റ്റ്‌ സൈറ്റുകളിലും പരതി. ഈ വര്‍ഷം അവസാനിക്കുന്നതിന്‌ മുമ്പ്‌ ജിദ്ദയില്‍ മഴ ഉണ്ടെന്നാണ്‌ പ്രവചനം. അടുത്ത ഒരാഴ്ചത്തേക്കുള്ള കാലാവസ്ഥ കാണിക്കുന്ന ഒരു ഗാഡ്‌ജറ്റ്‌ സ്റ്റോം വാണിങ്ങില്‍ ഘടിപ്പിച്ചു. ഏത്‌ ദിവസമാണ്‌ ജിദ്ദയില്‍ മഴ എന്ന് ഇനി നോക്കിയിട്ട്‌ സമാധാനമായി കമ്പനിയിലേക്ക്‌ പോകാമല്ലോ.

പതിവു പോലെ സ്റ്റോം വാണിങ്ങിലെ സുഹൃത്തുക്കളുടെ കമന്റുകള്‍ നോക്കുന്ന കൂട്ടത്തിലാണ്‌ അത്‌ ശ്രദ്ധയില്‍ പെട്ടത്‌. വ്യാഴാഴ്ച മഴയുടെ ദിവസമാണെന്നുള്ള പ്രവചനം.

വ്യാഴാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ നല്ല കുളിര്‍കാറ്റ്‌. നാട്ടിലെ മകര മാസത്തെ അനുസ്മരിപ്പിക്കുന്ന തണുപ്പ്‌. കാലാവസ്ഥാ പ്രവചനം ഓര്‍മ്മിച്ച്‌ ആകാശത്തേക്ക്‌ മിഴികള്‍ പായിച്ചു. മഴയുടെ യാതൊരു ലക്ഷണവുമില്ല. അഥവാ ഇനി മഴ വന്നാല്‍ തന്നെ ഇന്ന് ഹാഫ്‌ ഡേ ആണ്‌. രണ്ട്‌ മണിക്ക്‌ കമ്പനിയില്‍ നിന്ന് ഇറങ്ങാം.

വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയും ഫാക്ടറി പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ട്‌ ദിവസത്തേക്കുള്ള ഓര്‍ഡറുകള്‍ തയ്യാറാക്കി കൊടുത്തിട്ട്‌ വേണം ഓഫീസില്‍ നിന്ന് ഇറങ്ങാന്‍. അതിന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നതിനിടയില്‍ പുറത്തേക്ക്‌ നോക്കിയപ്പോള്‍ സായാഹ്നത്തിന്റെ പ്രതീതി. സമയം രാവിലെ പത്ത്‌ മണി ആയിട്ടേയുള്ളല്ലോ...! പുറത്തിറങ്ങിയപ്പോഴാണ്‌ കാലാവസ്ഥാ പ്രവചനം അക്ഷരം പ്രതി ശരിയാകുന്ന ലക്ഷണമാണെന്ന് മനസ്സിലായത്‌. മാനം കറുത്തിരുണ്ടിരിക്കുന്നു. ആഞ്ഞുവീശിത്തുടങ്ങിയിരിക്കുന്ന കാറ്റിനൊപ്പം മരുഭൂമിയിലെ പൊടിപടലങ്ങള്‍. ചുവന്ന പൊടിക്കാറ്റും മേഘാവൃതമായ മാനവും കൂടി ഒരു സൂര്യാസ്തമനത്തിന്റെ പ്രതീതി അന്തരീക്ഷത്തിന്‌ നല്‍കി. ഒട്ടും താമസിച്ചില്ല, പുറത്തിറങ്ങി വാഹനം അല്‍പ്പം ഉയര്‍ന്ന നടപ്പാതയില്‍ കയറ്റിയിട്ടു. മുട്ടിനു മുകളില്‍ വെള്ളം ഉയരുന്ന റോഡാണ്‌.ഇരുണ്ട്‌ തുടങ്ങുന്ന ആകാശം - മകന്‍ വീട്ടിലിരുന്ന് എടുത്ത ചിത്രം

പൊടിക്കാറ്റ്‌ ആഞ്ഞടിച്ചപ്പോള്‍ - മകന്‍ വീട്ടിലിരുന്ന് എടുത്ത ചിത്രം


പിന്നെ ഒട്ടും വൈകിയില്ല. ആസ്ബസ്റ്റോസ്‌ മേല്‍ക്കൂരയില്‍ ചരല്‍ വാരിയെറിയുന്ന ശബ്ദം... മഴ തകര്‍ത്തു തുടങ്ങി. കാല്‍ മണിക്കൂര്‍ ആര്‍ത്തലച്ച്‌ തോരാതെ പെയ്ത മഴയില്‍ റോഡ്‌ തോടായി. കഴിഞ്ഞ വര്‍ഷത്തെ അത്ര എത്തിയില്ലെങ്കിലും മരുഭൂമിയുടെ ദാഹത്തിന്‌ തരക്കേടില്ലാത്ത ശമനം.

മാനം തെളിഞ്ഞു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ വെയില്‍ ചിരിച്ചു. രണ്ടു മണി ആയപ്പോഴേക്കും ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ റോഡുകളില്‍ വെള്ളമിറങ്ങി യാത്രായോഗ്യമായിരുന്നു. നന്നായി. ഇനി വീട്‌ പിടിക്കാന്‍ നോക്കാം.


കമ്പനിയുടെ കവാടത്തില്‍ നിന്നുള്ള ദൃശ്യം

വാഹനവുമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് പുറത്ത്‌ കടന്നപ്പോഴാണ്‌ ഇവിടെ പെയ്ത മഴ ഒന്നുമല്ലായിരുന്നുവെന്ന് മനസ്സിലായത്‌. ഗുലൈല്‍ ഫ്ലൈ ഓവറിന്‌ താഴെ എത്തിയതോടെ ഇനി മുന്നോട്ട്‌ നീങ്ങാന്‍ കഴിയില്ല എന്ന് മനസ്സിലായി. കഴിഞ്ഞ വര്‍ഷം കണ്ട അതേ മലവെള്ളപ്പാച്ചില്‍. റോഡുകളുടെ മീഡിയന്‌ മുകളിലും പിന്നെ ഇരുവശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെയുള്ളിലും വെള്ളം കയറി ഒരു കായലിന്റെ പ്രതീതി. അവിടെ നിന്ന് വെറും രണ്ട്‌ കിലോമിറ്റര്‍ മാത്രം അകലെയുള്ള വീട്ടിലെത്താന്‍ ഇനി വേറെ വഴി ഏതെങ്കിലും നോക്കണം.


ഗുലൈല്‍ ഫ്ലൈ ഓവറിനടിയിലെ ദൃശ്യം


ഇസ്കാന്‍ റോഡ്‌ കായലായി മാറിയപ്പോള്‍


ഇസ്കാന്‍ റോഡിന്റെ മറ്റൊരു ദൃശ്യം
 
കാര്‍ റിവേഴ്‌സ്‌ എടുത്ത്‌ ഫ്ലൈ ഓവറിന്‌ മുകളിലേക്കുള്ള പാതയില്‍ നിര്‍ത്തിയിട്ട്‌ ജിദ്ദയുടെ ഭൂമിശാസ്ത്രം മനസ്സിലെ 70 mm സ്ക്രീനില്‍ ഡിസ്‌പ്ലേ ചെയ്യിച്ചു. വഴിയുണ്ട്‌... ഫ്ലൈ ഓവറില്‍ കയറി സ്റ്റേഡിയത്തിന്‌ സമീപം ഇറങ്ങി യൂ ടേണ്‍ എടുത്ത്‌ വീണ്ടും ഫ്ലൈ ഓവറില്‍ കയറുക. ഏതാണ്ട്‌ പത്ത്‌ കിലോമീറ്ററോളം ഫ്ലൈ ഓവറിലൂടെ സഞ്ചരിച്ച്‌ ഷറഫിയയില്‍ ഇറങ്ങുക. അവിടെ നിന്ന് വലത്തോട്ട്‌ തിരിഞ്ഞ്‌ 'വിമാന സിഗ്നല്‍', ഹോളിഡേ ഇന്‍ വഴി കിലോ-4ല്‍ എത്തുക. ഹോ... എന്റെയൊരു കാര്യമേ...

ആദ്യത്തെ പത്ത്‌ കിലോമീറ്റര്‍ യാത്ര വിചാരിച്ചത്‌ പോലെ തന്നെ നടന്നു. ഫ്ലൈ ഓവറിനു മുകളില്‍ പലയിടത്തും ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി താഴെയുള്ള പ്രളയത്തിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നുണ്ടായിരുന്നു. ചില ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയിലാക്കാന്‍ ഞാനും മറന്നില്ല.

പക്ഷേ, വീട്‌ വരെ ഫ്ലൈ ഓവര്‍ ഇല്ലല്ലോ... ഷറഫിയ എക്സിറ്റ്‌ വഴി താഴോട്ട്‌ ഇറങ്ങിയപ്പോഴാണ്‌ പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ പന്തം കൊളുത്തി പടയാണ്‌ എന്നെ കാത്തിരുന്നത്‌ എന്ന് മനസ്സിലായത്‌. റിവേഴ്‌സ്‌ പോകാന്‍ യാതൊരു വകുപ്പുമില്ലാത്ത നിസ്സഹായാവസ്ഥ. ഏതാണ്ട്‌ മുട്ടൊപ്പം വെള്ളത്തിലൂടെ തന്നെ "വിമാന സിഗ്നല്‍' വരെ എത്തി. വലത്തോട്ട്‌ തിരിഞ്ഞ്‌ മുന്നിലെ റോഡിലേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. കുത്തിയൊലിച്ച്‌ പാഞ്ഞ്‌ വരുന്ന വെള്ളത്തില്‍ കുടുങ്ങി ഓഫായിപ്പോയ നിരവധി വാഹനങ്ങള്‍... പോര്‍ട്ടിലേക്കോ മറ്റോ ഉള്ള കണ്ടെയിനര്‍ ട്രെയിലറുകളും ചെറു ട്രക്കുകളും മാത്രമാണ്‌ ആ വെള്ളക്കെട്ടിലൂടെ അപ്പുറം താണ്ടുന്നത്‌.വേറെയും ചില വഴിയോരക്കാഴ്ചകള്‍


വേറെയും ചില വഴിയോരക്കാഴ്ചകള്‍വേറെയും ചില വഴിയോരക്കാഴ്ചകള്‍

കാറുമായി വീട്ടില്‍ എത്താമെന്നുള്ള പ്രതീക്ഷയറ്റിരിക്കുന്നു. സമയം അഞ്ചുമണിയോടടുത്തിരിക്കുന്നു. വീടണയാന്‍ വേറെന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തിയേ തീരൂ. കായലായി മാറിയ പാതയ്ക്കരികില്‍ അല്‍പ്പം സുരക്ഷിതമായ സ്ഥാനം കണ്ടെത്തി വാഹനം കയറ്റിയിട്ടു. അത്യാവശ്യം വെള്ളത്തില്‍ മുങ്ങി ഓടിയതിന്റെ അസ്കിതകള്‍ രണ്ട്‌ ദിവസം കഴിഞ്ഞാല്‍ ഇവന്‍ കാണിച്ചുതുടങ്ങുമല്ലോ എന്ന വിഷമം മനസ്സിന്റെ ഒരു കോണില്‍ വിങ്ങി. എങ്കിലും ഇപ്പോഴത്തെ ലക്ഷ്യം എന്ത്‌ വില കൊടുത്തും വീടണയുക എന്നതാണ്‌. വെള്ളപ്പാച്ചിലിന്റെ ശക്തി ഏറുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല.

നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒരു മിനിലോറിക്കാരന്‍ കനിഞ്ഞു. വീടിനടുത്ത്‌ വരെ ആ യമന്‍ സ്വദേശിയോടൊപ്പമുള്ള യാത്രയില്‍ സൗദിയിലെ മഴയും കഴിഞ്ഞ വര്‍ഷത്തെ ദുരന്തവും എല്ലാം സംസാരവിഷയങ്ങളായി.

"ഇന്ത ഹിന്ദി... സഹ്‌...?" (നിങ്ങള്‍ ഇന്ത്യക്കാരനല്ലേ?)

"ഏയ്‌..." (അതേ)

"കേരള...?"

"ഏയ്‌..." (അതേ)

"അന ആരിഫ്‌... കേരള നഫര്‍ കൊയ്‌സ്‌..." (എനിക്കറിയാം... കേരളീയര്‍ നല്ലവരാണ്‌)

അതെ... കേരളീയര്‍ നല്ലവരാണ്‌... മറുനാട്ടില്‍ വച്ച്‌ ഇങ്ങനെ ഒരു അഭിനന്ദനം ലഭിക്കാത്ത മലയാളികള്‍ കുറവായിരിക്കും...

ആറ്‌ മണിയോടെ വീട്ടിലെത്തിയ എന്നില്‍ നിന്നും ഈ കഥകളെല്ലാം കേട്ട പ്രിയപത്നി നീലത്താമര ആയിരുന്നു പ്രഥമ കമന്റ്‌ പാസ്സാക്കിയത്‌...

"ഭാഗ്യം... അന്നത്തെ പോലെ വെള്ളത്തിലൂടെ നടന്ന് വരാന്‍ തോന്നിയില്ലല്ലോ... എന്തായിരുന്നു ആ വരവ്‌...! ഷൂവും കൈയില്‍ പിടിച്ച്‌ ഭീമന്‍ രഘുവിനെ പോലെ..."

ഇനി പോയി നോക്കട്ടെ സ്റ്റോം വാണിങ്ങില്‍... നാളത്തെ കാലാവസ്ഥ എങ്ങനെയാണെന്ന്... എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും നവവത്സരാശംസകള്‍...


Tuesday, September 28, 2010

എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...


എയര്‍ബസ്‌-380 എന്ന യാത്രാവിമാനത്തിന്റെ രാജകീയ പ്രൗഢിയും സൗകര്യങ്ങളും ചിത്രസഹിതം വാര്‍ത്തകളിലും ഇ-മെയിലുകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സിലുദിച്ച ആഗ്രഹമായിരുന്നു നമുക്കും ഇതിലൊന്ന് യാത്ര ചെയ്യണമല്ലോ എന്ന്. പക്ഷേ, ജിദ്ദയില്‍ നിന്ന് ഏറിയാല്‍ കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ ഉള്ള യാത്രയില്‍ ഇതിനൊക്കെയുള്ള ഭാഗ്യം എവിടെ കിട്ടാന്‍ ... അതിനാല്‍ തല്‍ക്കാലം , കിട്ടിയ ഇ-മെയിലുകള്‍ ഫോര്‍വേഡ്‌ ചെയ്തും അതിലെ യാത്ര സ്വപ്നം കണ്ടുകൊണ്ടും ജോലി തുടരവേയാണ്‌ അടുത്ത വെക്കേഷനുള്ള ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യാനുള്ള സമയം ആഗതമായത്‌.

ജിദ്ദയില്‍ നിന്ന് നേരിട്ട്‌ കേരളത്തിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നത്‌ രണ്ട്‌ വിമാനക്കമ്പനികളാണ്‌. സൗദി അറേബ്യന്‍ എയര്‍ലൈന്‍സും പിന്നെ നമ്മുടെയെല്ലാം പ്രിയങ്കരമായ എയര്‍ ഇന്ത്യയും . കൃത്യനിഷ്ഠയോടെ പറക്കുന്ന സൗദി എയര്‍ലൈന്‍സില്‍ സീറ്റ്‌ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത്‌ ആറ്‌ മാസം മുന്‍പേ തന്നെ ബുക്ക്‌ ചെയ്യണം. അവധി എന്നാണെന്ന് ആറ്‌ മാസം മുമ്പേ തന്നെ അറിയാമെങ്കില്‍ പിന്നെ പ്രശ്നമില്ല.

പിന്നെ എയര്‍ ഇന്ത്യ. അതൊരു സംഭവം തന്നെ ആയതുകൊണ്ട്‌ ജീവിതത്തില്‍ ആകെ രണ്ടേ രണ്ട്‌ പ്രാവശ്യമേ അതില്‍ യാത്ര ചെയ്തിട്ടുള്ളൂ. ടേക്ക്‌ ഓഫിന്‌ മുമ്പ്‌ വാതിലടച്ച്‌ പ്ലാസ്റ്റിക്ക്‌ ചരട്‌ കൊണ്ട്‌ വരിഞ്ഞ്‌ മുറുക്കി കെട്ടി സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന എയര്‍ ഹോസ്റ്റസ്സിന്റെ കഷ്ടപ്പാട്‌ കണ്ട അന്ന് നിര്‍ത്തിയതാണ്‌ മഹാരാജാവിനൊപ്പമുള്ള യാത്ര. പിന്നീടങ്ങോട്ട്‌ സ്ഥിരമായി ഗള്‍ഫ്‌ എയറില്‍ ആയി യാത്ര. ആകെപ്പാടെയുള്ള ബുദ്ധിമുട്ട്‌ കണക്ഷന്‍ ഫ്ലൈറ്റിനായി ഗള്‍ഫിലെ തന്നെ മറ്റേതെങ്കിലും താവളത്തിലെ അത്ര ചെറുതല്ലാത്ത കാത്തിരിപ്പാണ്‌.

ഏറ്റവും കുറഞ്ഞ ട്രാന്‍സിറ്റ്‌ സമയമുള്ള സര്‍വ്വീസ്‌ തേടി എല്ലാ വിമാനക്കമ്പനികളുടെയും വെബ്‌ സൈറ്റില്‍ പരതിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ യാത്ര എമിറേറ്റ്‌സില്‍ ആക്കിയത്‌. എങ്കിലും ഇപ്രാവശ്യവും ഒന്നു കൂടി ഗവേഷണം നടത്താന്‍ തന്നെ തീരുമാനിച്ചു.

ഗള്‍ഫ്‌ എയര്‍ , ഖത്തര്‍ എയര്‍വേയ്‌സ്‌, എമിറേറ്റ്‌സ്‌, കുവൈറ്റ്‌ എയര്‍വേയ്‌സ്‌, ശ്രീലങ്കന്‍ , ഒമാന്‍ എയര്‍ അങ്ങനെ എല്ലാ ചുള്ളന്മാരുടെയും സൈറ്റുകള്‍ കയറിയിറങ്ങിയപ്പോള്‍ മനസ്സിലായി, എമിറേറ്റ്‌സ്‌ തന്നെ മേട്ട. രാത്രി പത്ത്‌ മണിക്ക്‌ ജിദ്ദയില്‍ നിന്ന് പുറപ്പെട്ട്‌ പന്ത്രണ്ട്‌ മണിക്ക്‌ ദുബായില്‍ എത്തുന്നു. അവിടെ നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക്‌ തിരുവനന്തപുരത്തേക്ക്‌ എമിറേറ്റ്‌സിന്റെ തന്നെ കണക്ഷന്‍ ഫ്ലൈറ്റ്‌. രാവിലെ ഒമ്പത്‌ മണിക്ക്‌ തിരുവനന്തപുരത്ത്‌ ലാന്റിംഗ്‌. പത്ത്‌ മണിക്ക്‌ വാമഭാഗത്തിന്റെ വസതിയില്‍ ബ്രേക്ക്‌ ഫാസ്റ്റ്‌.

ശരി, ഇത്തവണയും എമിറേറ്റ്‌സ്‌ തന്നെ ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഒന്നു കൂടി കണ്ണുതുറന്ന് നോക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ സത്യം കണ്ടത്‌. ജിദ്ദ റ്റു ദുബായ്‌ - ടൈപ്പ്‌ ഓഫ്‌ എയര്‍ക്രാഫ്റ്റ്‌ - A380. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. സത്യമാണ്‌...! എയര്‍ബസ്‌ 380 തന്നെ. നടക്കാനിടയില്ലാത്ത കാര്യങ്ങളുടെ കൂട്ടത്തില്‍ എഴുതിത്തള്ളിയിരുന്ന A380 സ്വപ്നത്തിന്‌ അങ്ങനെ വീണ്ടും ചിറക്‌ മുളച്ചു. പിന്നെ താമസിച്ചില്ല. വിജയ്‌ മസാലയുടെ കലണ്ടറില്‍ നോക്കി. വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ സാധാരണ പ്രഖ്യാപിക്കാറില്ല എന്നാണ്‌ ഇത്‌ വരെയുള്ള അറിവ്‌. സൈറ്റില്‍ പരതിയപ്പോള്‍ സെപ്റ്റംബര്‍ രണ്ട്‌ വ്യാഴാഴ്ച രാത്രി പത്ത്‌ മണിക്കുള്ള ഫ്ലൈറ്റില്‍ ഇടമുണ്ട്‌. അങ്ങനെ A380 യില്‍ മൂന്ന് സീറ്റുകള്‍ ബുക്ക്‌ ചെയ്ത്‌ 2010ലെ വെക്കേഷന്റെ പ്രാരംഭനടപടികള്‍ക്ക്‌ തുടക്കമായി.

എയര്‍ബസ്സ്‌-380ഒരു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റോം വാണിങ്ങിന്‌ ഇനി ചെറിയ ഇടവേള. വിരലില്‍ എണ്ണാവുന്ന വായനക്കാരേ ഉള്ളുവെങ്കിലും ഒരു ലക്കം പോലും മുടങ്ങാതെ വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുന്ന അവരോടെല്ലാം യാത്ര പറഞ്ഞിട്ടാവാം നാട്ടിലേക്കുള്ള യാത്ര. ഉദ്വേഗജനകമായ ഒരു ലക്കം എഴുതി പോസ്റ്റ്‌ ചെയ്തിട്ട്‌ അടുത്ത ലക്കത്തിനായി ഇനി മൂന്ന് ആഴ്ച കാത്തിരിക്കുക എന്നൊരു കമന്റും ഇട്ടു. എയര്‍ ഇന്ത്യയില്‍ അല്ല പോകുന്നത്‌, അതു കൊണ്ട്‌ തോര്‍ത്തും സോപ്പും കൊണ്ടുപോകുന്നില്ല എന്ന് അല്‍പ്പം അഹങ്കാരത്തോടെ കൂട്ടിച്ചേര്‍ത്തപ്പോഴാണ്‌ പൂര്‍ണ്ണതൃപ്തിയായത്‌.

പതിവ്‌ പോലെ തന്നെ മൂന്ന് മണിക്കൂര്‍ മുമ്പ്‌ എയര്‍പ്പോര്‍ട്ടില്‍ എത്തി. ചെക്ക്‌ ഇന്‍ കൗണ്ടറിന്‌ മുന്നില്‍ നീണ്ട ക്യൂ. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ക്യൂവിന്‌ കാര്യമായ സ്ഥാനചലനം കാണുന്നില്ല. ലഗേജ്‌ കണ്‍വേയറിന്റെ ബെല്‍റ്റ്‌ പണിമുടക്കിയതാണ്‌ കാരണം. അല്‍പ്പം നീണ്ട കാത്തുനില്‍പ്പിന്‌ ശേഷം ബോര്‍ഡിംഗ്‌ പാസ്സുമായി കുടുംബസമേതം എമിഗ്രേഷന്‍ കഴിഞ്ഞ്‌ ലോഞ്ചിലേക്ക്‌ നീങ്ങുമ്പോള്‍ സമയം ഒമ്പത്‌ മണി കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ കുട്ടപ്പചരിതം ബ്ലോഗര്‍ ജിമ്മിയുടെ കോള്‍ വന്നത്‌.

"അണ്ണാ... എവിടെയെത്തി...?"

"എമിഗ്രേഷന്‍ കഴിഞ്ഞു... ഗെയ്റ്റ്‌ തുറക്കുന്നതും കാത്ത്‌ ലോഞ്ചിലിരിക്കുകയാ..."

"എന്നാല്‍ ശരി... വിഷ്‌ യൂ എ ഹാപ്പി ആന്റ്‌ സേഫ്‌ ജേര്‍ണി... പോയി അടിച്ചു പൊളിച്ചിട്ട്‌ വാ..."

"ശരി... അങ്ങനെയാവട്ടെ..."

ഗെയ്റ്റിന്‌ മുമ്പിലെ ഡിസ്‌പ്ലേ സ്ക്രീന്‍ തെളിഞ്ഞു. ബോര്‍ഡിംഗ്‌ ടൈം 22:45 ... അത്‌ ശരി... അപ്പോള്‍ ഡിലേ ഉണ്ട്‌. സാരമില്ല, കണ്‍വേയര്‍ കേടായതുകൊണ്ടല്ലേ... ഒരു കണക്കിന്‌ നന്നായി. ദുബായില്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

പത്തേ മുക്കാലിന്‌ തന്നെ ഗെയ്റ്റ്‌ തുറന്നു. ജിദ്ദയില്‍ മാത്രം ഇനിയും എയറോ ബ്രിഡ്‌ജ്‌ സൗകര്യം എത്തിയിട്ടില്ല. ടെര്‍മിനലില്‍ നിന്ന് ഫ്ലൈറ്റിനടുത്തെത്താന്‍ ബസ്സ്‌ തന്നെ ശരണം. A380 യുടെ അരികിലെത്തിയപ്പോഴാണ്‌ ഇവന്‍ ശരിക്കും ഭീമാകാരന്‍ തന്നെ എന്ന് മനസ്സിലായത്‌. ബോയിങ്ങ്‌-747 നെ വെല്ലുന്ന ഡബിള്‍ ഡെക്കര്‍ വിമാനം. ഉള്ളിലെ സൗകര്യങ്ങളും എടുത്ത പറയത്തക്കത്‌ തന്നെ. എല്ലാവരും എത്തി ടേക്ക്‌ ഓഫിന്‌ തയ്യാറാകുമ്പോള്‍ സമയം പതിനൊന്നേകാല്‍. ഇത്രയും വലിയ സാധനം അഞ്ഞൂറില്‍പ്പരം ആളുകളെയും വഹിച്ചുകൊണ്ട്‌ ആകാശത്തേക്ക്‌ എങ്ങനെ ഉയരും എന്നൊരു ഭയം ഉള്ളില്‍ തോന്നിയെങ്കിലും പോയാലും എല്ലാവരും ഒന്നിച്ചല്ലേ എന്ന ആശ്വാസത്തില്‍ ഭയം ലവലേശം പുറമേ കാണിക്കാതെ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഇരുന്നു. എന്തായാലും A380 യുടെ ടേക്ക്‌ ഓഫ്‌ അറിയാന്‍ കഴിയാത്ത അത്ര സുഗമായിരുന്നു എന്നതായിരുന്നു സത്യം.


എയര്‍ബസ്സ്‌-380 യുടെ ഉള്ളില്‍ ...'വി ആര്‍ റെഡി റ്റു ലാന്റ്‌ അറ്റ്‌ ദുബായ്‌ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്‌' എന്ന് അനൗണ്‍സ്‌ ചെയ്യുമ്പോള്‍ ദുബായ്‌ സമയം പുലര്‍ച്ചെ രണ്ടേമുക്കാല്‍ ...! തിരുവനന്തപുരത്തേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ്‌ പുറപ്പെടുന്നത്‌ മൂന്നരയ്ക്ക്‌...! പണിയാകുമോ...? ഹേയ്‌... മുമ്പൊരിക്കല്‍ ഗള്‍ഫ്‌ എയറില്‍ ഇത്തരത്തില്‍ ഡിലേ വന്നപ്പോള്‍ അവര്‍ കണക്ഷന്‍ ഫ്ലൈറ്റ്‌ പിടിച്ചിട്ടിരുന്നു. വെറുതെ എന്തിന്‌ അതോര്‍ത്ത്‌ ടെന്‍ഷനടിക്കണം...? നമ്മളെ കയറ്റാതെ അവരെവിടെ പോകാന്‍ ...

ടേക്ക്‌ ഓഫ്‌ പോലെ തന്നെ സുഗമമായ ലാന്‍ഡിങ്ങിന്‌ ശേഷം ടെര്‍മിനലില്‍ കാല്‍ കുത്തുമ്പോള്‍ സമയം മൂന്ന് മണി. ഇനി അര മണിക്കൂറേ ബാക്കിയുള്ളൂ. ഏതാണ്ട്‌ ഒന്നര കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന ദുബായ്‌ എയര്‍പ്പോര്‍ട്ടിന്റെ ഇങ്ങേയറ്റത്ത്‌ നിന്ന് ഗെയ്റ്റ്‌ നമ്പര്‍ 124 ല്‍ എത്താന്‍ തന്നെ അര മണിക്കൂര്‍ വേണം എന്ന ഭീകര സത്യം അപ്പോഴാണ്‌ ഞങ്ങളുടെ നേരെ കൊഞ്ഞനം കുത്തിയത്‌.

"കാലിക്കറ്റ്‌ ആന്‍ഡ്‌ ഹൈദരാബാദ്‌ പാസ്സഞ്ചേഴ്‌സ്‌ റിപ്പോര്‍ട്ട്‌ റ്റു ട്രാന്‍സ്‌ഫര്‍ ഡെസ്ക്‌ ഇമ്മീഡിയറ്റ്‌ലി എന്ന് പറഞ്ഞ്‌ കൊണ്ട്‌ നില്‍ക്കുന്ന എമിറേറ്റ്‌സ്‌ ഉദ്യോഗസ്ഥരെ കണ്ടതും "വാട്ട്‌ എബൗട്ട്‌ ട്രിവാണ്‍ഡ്രം..." എന്ന് ചോദിച്ചപ്പോള്‍ "ഇവന്‍ എവിടുത്ത്‌കാരാണ്ടാ..." എന്ന മട്ടില്‍ ഒരു നോട്ടം . പിന്നെ അടുത്ത കൗണ്ടറിലേക്ക്‌ ചൂണ്ടിക്കാണിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു. "ട്രിവാന്‍ഡ്രം , കൊച്ചിന്‍ ആന്റ്‌ ബാംഗളൂര്‍ ഗോ ദേര്‍ ..."

നായ കടിക്കാന്‍ ഓടിച്ചിട്ടെന്ന പോലെ ഓടിപ്പാഞ്ഞ്‌ വരുന്ന ഞങ്ങളുടെ വരവ്‌ കണ്ട്‌ ട്രാന്‍സ്‌ഫര്‍ ഡെസ്കിലുണ്ടായിരുന്ന ഫിലിപ്പീനി പെണ്ണുങ്ങള്‍ പാതിയുറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു. ഞൊടിയിടയില്‍ നാല്‌ കൗണ്ടറുകളും ക്യൂവും അവിടെ രൂപം കൊണ്ടു. ഞങ്ങളുടെ ബോര്‍ഡിംഗ്‌ പാസ്സുകള്‍ വാങ്ങി നോക്കിയിട്ട്‌ അവര്‍ പറഞ്ഞു... "യൂ ക്യാനോട്ട്‌ ക്യാച്ച്‌ ദി ഫ്ലൈറ്റ്‌... ഗെയ്റ്റ്‌ ഈസ്‌ ഓള്‍റെഡി ക്ലോസ്‌ഡ്‌..."

"മാഡം ... വി സ്റ്റില്‍ ഹാവ്‌ 30 മിനിറ്റ്‌സ്‌..."

"യൂ കാണ്ട്‌ ഈവണ്‍ റീച്ച്‌ ദി ഗെയ്റ്റ്‌ ഇന്‍ 30 മിനിറ്റ്‌സ്‌..."

"സോ... വാട്ട്‌ വില്‍ വീ ഡൂ നൗ...?"

"വി വില്‍ അറേഞ്ച്‌ സീറ്റ്‌സ്‌ ഇന്‍ നെക്‍സ്റ്റ്‌ എവൈലബിള്‍ ഫ്ലൈറ്റ്‌..."

"വെന്‍ ഈസ്‌ ദാറ്റ്‌...?"

"ലെറ്റ്‌ മീ ചെക്ക്‌ ദി സിസ്റ്റം ..."

അവര്‍ കമ്പ്യൂട്ടറിന്റെ അന്തരാളങ്ങളിലേക്ക്‌ ഊളിയിട്ടു. എല്ലാ കൗണ്ടറുകളിലും ഇത്‌ തന്നെ ആയിരുന്നു അവസ്ഥ. തിരുവനന്തപുരം , കൊച്ചി, ബാംഗളൂര്‍ യാത്രക്കാര്‍ക്കാണ്‌ പണി കിട്ടിയത്‌. എന്താ എയര്‍ബസ്‌ 380 യാത്രയുടെ ഐശ്വര്യം ...

"സര്‍ ... നെക്സ്റ്റ്‌ എവൈലബിള്‍ ഫ്ലൈറ്റ്‌ ഈസ്‌ അറ്റ്‌ 9:45 PM..."

എന്ന് വച്ചാല്‍ പത്ത്‌ പതിനെട്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ... എയര്‍ ഇന്ത്യയെ കുറ്റം പറഞ്ഞ്‌ ബ്ലോഗില്‍ കമന്റ്‌ ഇട്ടതിന്‌ കിട്ടിയ ശിക്ഷ...

"യൂ മീന്‍ ആഫ്റ്റര്‍ 18 അവേഴ്‌സ്‌...? വേര്‍ വില്‍ വി സ്റ്റേ റ്റില്‍ ദാറ്റ്‌...?"

"ഡോണ്ട്‌ വറി സര്‍ ... വി വില്‍ അറേഞ്ച്‌ അക്കമൊഡേഷന്‍ ആന്റ്‌ ഫൂഡ്‌ ഫോര്‍ ഓള്‍ ഓഫ്‌ യൂ..."

ചുരുക്കി പറഞ്ഞാല്‍ അവിടെ നില്‍ക്കുന്ന എല്ലാവരുടെയും ഒഴിവുദിനങ്ങളില്‍ നിന്ന് ഒരു ദിനം കൊഴിഞ്ഞു വീണിരിക്കുന്നു. എന്നാലും മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്‌. ഇതേ അവസ്ഥ എയര്‍ ഇന്ത്യയില്‍ ആയിരുന്നെങ്കിലോ... അടുത്ത ഫ്ലൈറ്റ്‌ എപ്പോള്‍ എന്ന് പോലും തീര്‍ച്ചയില്ലാതെ എയര്‍പ്പോര്‍ട്ടിനകത്ത്‌ നരകിച്ച്‌ കഴിയുക. ഇത്‌ ഒന്നുമില്ലെങ്കില്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസസൗകര്യവും ഭക്ഷണവും തരുമല്ലോ.

അങ്ങനെ എമിറേറ്റ്‌സിന്റെ വക ട്രാന്‍സിറ്റ്‌ വിസയുമായി 'ഐ സ്കാന്‍' കഴിഞ്ഞ്‌ പുറത്തിറങ്ങി മില്ലേനിയം ഹോട്ടലില്‍ എത്തിയപ്പോള്‍ നാലുമണി ആയിരുന്നു. നാലു നേരത്തെ ഭക്ഷണത്തിനുള്ള കൂപ്പണ്‍ കിട്ടിയപ്പോള്‍ തന്നെ പകുതി ജീവന്‍ തിരികെ കിട്ടി.

"അമ്മയെ വിളിച്ച്‌ പറയണ്ടേ..."

വാമഭാഗത്തിന്റെ ചോദ്യം കേട്ടപ്പോഴാണ്‌ അങ്ങനെയൊരു സംഭവം ഓര്‍മ്മ വന്നത്‌. ശരിയാണ്‌... രാവിലെ ഒമ്പത്‌ മണിക്ക്‌ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ വന്ന് കാത്ത്‌ നിന്നിട്ട്‌ മകളെയും മരുമകനെയും പേരക്കുട്ടിയേയും കാണാതെ ഇല്ലാത്ത പൊല്ലാപ്പുകള്‍ ഉണ്ടാക്കണ്ട.

എമിറേറ്റ്‌സിന്റെ വക മൂന്ന് മിനിറ്റ്‌ സൗജന്യ ഇന്റര്‍നാഷണല്‍ കോള്‍ ഉണ്ട്‌. ബുദ്ധിമുട്ടി കഷ്ടപ്പെട്ട്‌ അനുമതി വാങ്ങി ഡയല്‍ ചെയ്തപ്പോള്‍ അങ്ങേ തലക്കല്‍ നോ റെസ്‌പോന്‍സ്‌... ങ്‌ഹേ... ഇനി ഇപ്പോഴേ എയര്‍പ്പോര്‍ട്ടിലേക്ക്‌ പുറപ്പെട്ടിരിക്കുമോ? ഇനി ഒരു വഴിയുണ്ട്‌... എയര്‍പ്പോര്‍ട്ടിലേക്ക്‌ വരാന്‍ ചട്ടം കെട്ടിയിരിക്കുന്ന കാര്‍ ഡ്രൈവറെ തന്നെ വിളിച്ചു നോക്കാം.

"ഹലോ... " സ്ത്രീ ശബ്ദം.

"ഹലോ... വിജയന്‍ ഇല്ലേ...?"

"ചേട്ടന്‍ പശുവിനെ കറക്കയാണ്‌... ആര്‌ വിളിക്കണത്‌...?"

"ശരി... ഞാന്‍ പിന്നെ വിളിക്കാം ..."

കഥ മുഴുവന്‍ പറയാനുള്ള സമയം മില്ലേനിയം ഹോട്ടല്‍ നമുക്ക്‌ തരില്ലല്ലോ.

റൂമിലെത്തി മൊബൈല്‍ ഓണ്‍ ചെയ്തു. റോമിംഗ്‌ എങ്കില്‍ റോമിംഗ്‌. ഒന്നു കൂടി ട്രൈ ചെയ്ത്‌ നോക്കാം. ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല. അമ്മയെത്തന്നെ കിട്ടി. ഫ്ലൈറ്റ്‌ മിസ്സായതും നാളെ പുലര്‍ച്ചക്കേ എത്തൂ എന്ന കാര്യവും അറിയിച്ചതോടെ സമാധാനമായി. ഇനി ഒന്നുറങ്ങണം. പതുപതുത്ത മെത്തയിലേക്ക്‌ മറിഞ്ഞു.


മകനോടൊപ്പം ഹോട്ടല്‍ മില്ലേനിയത്തില്‍ ..."വല്ലതും കഴിക്കണ്ടേ..." ഭാര്യാജിയുടെ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. സമയം ഒമ്പത്‌ മണിയായിരിക്കുന്നു.

"ശരി.. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞിട്ട്‌ നമുക്ക്‌ റെസ്റ്റോറന്റിലേക്ക്‌ പോകാം... "

"അതിന്‌ ബ്രഷും പേസ്റ്റും ലഗേജിലല്ലേ..."

"ങ്‌ഹേ..." അതൊരു ചതിയായല്ലോ... തോര്‍ത്തും സോപ്പും ഒന്നും കൊണ്ടു പോകുന്നില്ല എന്ന് ബ്ലോഗില്‍ എല്ലാവരോടും വീരവാദം മുഴക്കി യാത്ര പറഞ്ഞ്‌ പോന്നതാണ്‌.

"ഞങ്ങള്‍ കുളിച്ച്‌ വായ്‌ ഒക്കെ കഴുകി റെഡിയാ... പെട്ടെന്ന് വാ..."

എന്തായാലും ബാത്ത്‌റൂമില്‍ തോര്‍ത്തും സോപ്പുമുണ്ട്‌. ഇവര്‍ക്ക്‌ ഒരു ടൂത്ത്‌ പേസ്റ്റ്‌ കൂടി ഇവിടെ വച്ചു കൂടായിരുന്നോ... പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിഞ്ഞ്‌ കുളി കഴിഞ്ഞിട്ടും ഒരു തൃപ്തിയാകുന്നില്ല. പല്ല് തേക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും..?

പെട്ടെന്നാണ്‌ സര്‍ജിയുടെ ഐഡിയ തലയില്‍ ഉദിച്ചത്‌. പല്ല് തേക്കാന്‍ ടൂത്ത്‌ പേസ്റ്റ്‌ തന്നെ വേണമെന്നില്ലെന്നാണ്‌ സര്‍ജി പറയുന്നത്‌... ചൂണ്ടുവിരല്‍ നീട്ടി സോപ്പില്‍ ഒന്ന് തോണ്ടി. പിന്നെ പണ്ട്‌ ഉമിക്കരി കൊണ്ട്‌ പല്ലുതേച്ചിരുന്ന ഓര്‍മ്മയില്‍ ഒരലക്ക്‌... സംഗതി ക്ലീന്‍ . വാട്ട്‌ ആന്‍ ഐഡിയ സര്‍ജി...

സോപ്പ്‌ കൊണ്ട്‌ പല്ല് തേച്ച കാര്യം പറഞ്ഞപ്പോള്‍ ഭാര്യയ്ക്കും മകനും ചിരി അടക്കാന്‍ കഴിഞ്ഞില്ല.

"വലിയ ബുദ്ധിമാനാ... അവിടെ എത്തുന്നത്‌ വരെ വയറിളക്കം പിടിക്കാതിരുന്നാല്‍ മതിയായിരുന്നു..."

"അതിന്‌ സോപ്പ്‌ ഉള്ളില്‍ പോയിട്ടില്ലല്ലോ... പിന്നെന്താ പ്രശ്നം ...?"

"ങ്‌ഹും... എന്തിനും ഉത്തരമുണ്ടല്ലോ... നമുക്ക്‌ കാണാം ..."

റെസ്റ്റോറന്റില്‍ എത്തിയപ്പോഴാണ്‌ ഫ്ലൈറ്റ്‌ മിസ്സായതിന്റെ ഗുണം മനസ്സിലായത്‌. ബുഫേയാണ്‌. കൊച്ചിക്കാരും ബാംഗളൂരുകാരും തിര്‌വോന്തരംകാരും ഒക്കെ അവിടവിടെയായി സ്ഥാനം പിടിച്ച്‌ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. അടിപൊളി ബ്രേക്‌ക്‍ഫാസ്റ്റ്‌.

തിരികെ റൂമില്‍ എത്തി പുറത്തേക്ക്‌ നോക്കിയപ്പോള്‍ അല്‍പ്പമകലെയായി പോകുന്ന മെട്രോ റെയില്‍ . തൊട്ടുതാഴെ ഏതോ ഒരു സ്കൂളിന്റെ കോമ്പൗണ്ട്‌. വെള്ളിയാഴ്ച ആയതുകൊണ്ട്‌ അവധിയാണ്‌. ദുബായ്‌ നഗരം ഉറങ്ങുകയാണ്‌.

ലഞ്ച്‌, ടീ, ഡിന്നര്‍ എന്നിവ കടുകിട സമയം തെറ്റാതെ അതാതിന്റെ സമയത്ത്‌ പോയി കഴിക്കുവാന്‍ ഞങ്ങള്‍ പ്രത്യേകം ശുഷ്ക്കാന്തി കാണിച്ചു എന്ന് പറയേണ്ടതില്ലല്ലോ. നെക്സ്റ്റ്‌ എവൈലബിള്‍ ഫ്ലൈറ്റ്‌ തന്നെ വേണമെന്നില്ലായിരുന്നു, രണ്ട്‌ ദിവസം കഴിഞ്ഞുള്ള ഫ്ലൈറ്റ്‌ ആയാലും മതിയായിരുന്നു എന്ന് മനസ്സില്‍ തോന്നാതിരുന്നില്ല.

ഡിന്നറിന്‌ ശേഷം ഹോട്ടല്‍ മില്ലേനിയത്തോട്‌ വിടവാങ്ങി അവരുടെ വാഹനത്തില്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. എമിഗ്രേഷന്‍ നടപടികള്‍ക്ക്‌ ശേഷം രണ്ട്‌ മണിക്കൂര്‍ സമയം കിട്ടിയതുകൊണ്ട്‌ എയര്‍പ്പോര്‍ട്ടിനകത്ത്‌ രണ്ട്‌ റൗണ്ട്‌ അടിക്കാനും കുറച്ച്‌ ചിത്രങ്ങള്‍ എടുക്കാനും തീരുമാനിച്ചു. ഒരു വിമാനത്താവളം എത്രമാത്രം മനോഹരമാക്കാം എന്നുള്ളതിന്‌ ഉത്തമ ഉദാഹരണമാണ്‌ ദുബായ്‌ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്‌.


ദുബായ്‌ വിമാനത്താവളത്തില്‍ ...

ഫോട്ടോ സെഷന്‍ കഴിഞ്ഞപ്പോഴേക്കും ബോര്‍ഡിങ്ങിനുള്ള സമയം ആയിരുന്നു. ഇനി ഹര്‍ത്താലിന്റെ സ്വന്തം നാട്ടിലേക്ക്‌. പുലര്‍ച്ചെ മൂന്നേമുക്കാലിന്‌ ലാന്റ്‌ ചെയ്യും എന്നാണ്‌ ക്യാപ്റ്റന്റെ അറിയിപ്പ്‌. മില്ലേനിയത്തിലെ ഡിന്നര്‍ കുറച്ച്‌ ഹെവി ആയിപ്പോയതുകൊണ്ട്‌ ഫ്ലൈറ്റിലെ ഭക്ഷണം ഉപേക്ഷിച്ച്‌ അടുത്ത നാലുമണിക്കൂര്‍ സ്വസ്ഥമായി ഉറങ്ങുവാന്‍ തീരുമാനിച്ചു.

ചെറിയ ഒരു ബഹളം കേട്ടാണ്‌ ഉറക്കത്തില്‍ നിന്നുണര്‍ന്നത്‌. വിമാനം ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയിലാണ്‌ മദ്ധ്യഭാഗത്ത്‌ നിന്ന് ഒരാള്‍ എഴുന്നേറ്റ്‌ ആടിയാടി ഇടനാഴിയിലൂടെ പിന്നിലേക്ക്‌ വന്നത്‌. ലാന്റിങ്ങിന്‌ നിമിഷങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ നല്ല പൂസായി എഴുന്നേറ്റ്‌ നടക്കുന്ന ഒരു തടിയനെ കണ്ട എയര്‍ഹോസ്റ്റസ്‌ വെറുതെ ഇരുന്നില്ല.

"സര്‍ ... വീ ആര്‍ ലാന്‍ഡിംഗ്‌... പ്ലീസ്‌ ഗോ റ്റു യുവര്‍ സീറ്റ്‌..."

ആ നിര്‍ദ്ദേശം അത്ര കാര്യമാക്കാതെ കക്ഷി ഞാണിന്മേല്‍ കളി തുടര്‍ന്നു.

"സര്‍ ... ഗോ റ്റു യുവര്‍ സീറ്റ്‌... ദിസ്‌ ഈസ്‌ ഫോര്‍ യുവര്‍ സേഫ്റ്റി..."

അതേറ്റു. കക്ഷി അവിടെ നിന്നു. പിന്നെ എയര്‍ ഹോസ്റ്റസ്സിന്‌ നേര്‍ക്ക്‌ ദഹിപ്പിക്കുന്ന ഒരു നോട്ടം. പിന്നെ വയറ്റില്‍ കിടക്കുന്ന മദ്യം ഡയലോഗായി പുറത്തു വന്നു.

"യൂ സിറ്റ്‌ ദേര്‍ ... ഡോണ്ട്‌ ടീച്ച്‌ മീ... ഓക്കേ...? ഡോണ്ട്‌ ലുക്ക്‌ അറ്റ്‌ മീ... ഓക്കേ...? യൂ ബ്ലഡി ബിച്ച്‌..."

ഏതാണ്ടിതേ സമയത്താണ്‌ വിമാനത്തിന്റെ മുന്‍ഭാഗത്ത്‌ വേറൊരു ജന്മം സീറ്റില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത്‌. കോട്ടും സൂട്ടും അണിഞ്ഞ്‌ തലയില്‍ മാന്‍ഡ്രേക്ക്‌ സ്റ്റൈലില്‍ തൊപ്പിയും വച്ച ഒരു രൂപം. പിന്നീടങ്ങോട്ട്‌ തടിയന്റെയും മാന്‍ഡ്രേക്കിന്റെയും കലാപരിപാടികള്‍ ആയിരുന്നു. അവരവരുടെ സീറ്റുകളില്‍ പോയി ഇരിക്കുവാനുള്ള ക്യാപ്റ്റന്റെ അപേക്ഷ പോലും വനരോദനമായി മാറി. ഇതിനിടയില്‍ റണ്‍വേ സ്പര്‍ശിച്ച വിമാനത്തിന്റെ ബ്രേക്കിങ്ങില്‍ രണ്ട്‌ പേരും അക്ഷരാര്‍ത്ഥത്തില്‍ ഫ്ലാറ്റായി കഴിഞ്ഞിരുന്നു.

"മലയാളികളുടെ പേര്‌ കളയാനായി ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും..." എവിടെ നിന്നോ ഒരു കമന്റ്‌.

"ഇനിയിപ്പോള്‍ വിമാനത്തില്‍ മദ്യം കൊടുക്കുന്നതും ഇല്ലാതാക്കും ഇത്തരക്കാര്‍..." വേറൊരാള്‍ .

വിമാനം നിന്നതോടെ ഓരോരുത്തരായി ചാടിയെഴുന്നേറ്റു. അപ്പോഴാണ്‌ ക്യാപ്റ്റന്റെ അറിയിപ്പ്‌ വന്നത്‌.

"വീ റിക്വസ്റ്റ്‌ ഓള്‍ പാസഞ്ചേഴ്‌സ്‌ റ്റു ബീ സീറ്റഡ്‌.. വീ ആര്‍ വെയ്റ്റിംഗ്‌ ഫോര്‍ ദി എയര്‍പ്പോര്‍ട്ട്‌ സെക്യൂരിറ്റി റ്റു എന്റര്‍ ദി ഫ്ലൈറ്റ്‌ ആന്റ്‌ ടേക്ക്‌ എവേ ദി റ്റൂ പേഴ്‌സണ്‍സ്‌ ക്രിയേറ്റഡ്‌ കാവോസ്‌ ഓണ്‍ ബോര്‍ഡ്‌..."

സംഗതി സീരിയസ്‌ ആയി. എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിലേക്ക്‌ മടങ്ങി. അഞ്ച്‌ മിനിറ്റിനകം സായുധരായ പോലീസ്‌ സംഘം വിമാനത്തില്‍ പ്രവേശിച്ചു.

"രണ്ടെണ്ണം അങ്ങോട്ട്‌ ഇട്ടു കൊടുക്ക്‌ സാറേ... മനുഷ്യന്റെ സമയം മെനക്കെടുത്താനായി ഇറങ്ങിക്കോളും ഓരോന്ന്..." പിന്നില്‍ നിന്ന് ഏതോ രസികന്റെ കമന്റ്‌.

ലോതറേയും മാന്‍ഡ്രേക്കിനെയും തൂക്കിയെടുത്ത്‌ കൊണ്ടുപോയതിന്‌ പിന്നാലെ ഓരോരുത്തരായി ഇറങ്ങി.

ഇമിഗ്രേഷന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ ഒരിക്കല്‍ക്കൂടി... പിന്നെ തിരുത്തി... അല്ല, മദ്യത്തിന്റെയും ഹര്‍ത്താലിന്റെയും സ്വന്തം നാട്ടിലേക്ക്‌...

ഏറ്റവും ആദ്യം ഇറങ്ങിയ മാന്‍ഡ്രേക്കും ലോതറും അരികിലുള്ള കണ്‍ട്രോള്‍ റൂമില്‍ പോലീസ്‌ അകമ്പടിയോടെ മര്യാദക്കാരായി, കെട്ടിറങ്ങാന്‍ കാത്ത്‌ നില്‍ക്കുന്നത്‌ അപ്പോള്‍ കാണാമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വാല്‍ക്കഷണം - മടക്കയാത്രക്കായി തിരുവനന്തപുരം വിമാനത്താവളത്തിലെ ചെക്ക്‌ ഇന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ പ്രത്യാശയോടെ ഡെസ്ക്‌ സ്റ്റാഫിനോട്‌ ചോദിച്ചു... "ഫ്ലൈറ്റ്‌ ഡിലേ ആകാനുള്ള സാദ്ധ്യത എന്തെങ്കിലുമുണ്ടോ...? കണക്ഷന്‍ ഫ്ലൈറ്റ്‌ മിസ്സാകുമോ?"

"നോ സര്‍ ... എക്സാക്റ്റ്‌ലി ഓണ്‍ ടൈം ആസ്‌ ഷെഡ്യൂള്‍ഡ്‌... ഡോണ്ട്‌ വറി..."

"ങ്‌ഹും... താങ്‌ക്‍സ്‌..." എന്ന് പറഞ്ഞ്‌ ബോര്‍ഡിംഗ്‌ പാസ്സുമായി നിരാശയോടെ കുടുംബസമേതം എമിഗ്രേഷനിലേക്ക്‌ നീങ്ങി.

Friday, June 11, 2010

കൃഷ്ണേട്ടനും മദ്യക്കോളയും

"കൃഷ്ണേട്ടാ, മ്മ്‌ക്കൊരു ട്രിപ്പ്‌ പോയാലോ...?"

"എവടെയ്ക്കാണ്ടാ...? അന്ന് നിങ്ങളെല്ലാം കൂടി എന്നെ ഊട്ടീല്‌ കൊണ്ട്‌ പോയത്‌ മാതിരി ആവ്‌വോ...?" കൃഷ്ണേട്ടന്‍ കത്രികയുടെ താളം നിറുത്തിയില്ല.

അതേ... ഇത്‌ നമ്മുടെ പഴയ കൃഷ്ണേട്ടന്‍ തന്നെ. നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെ ആഗമന കവാടത്തിലുടെ ട്രോളിയില്‍ പാഞ്ഞ്‌ വന്ന കൃഷ്ണേട്ടന്‍. അഥവാ എം.എസ്‌.കെ. കോലഴി എന്ന വ്യത്യസ്ഥനാമൊരു ബാര്‍ബര്‍.

കൃഷ്ണേട്ടനെ വിനോദയാത്രയ്ക്ക്‌ ക്ഷണിക്കുന്നത്‌ മറ്റാരുമല്ല, ജോണ്‍സണ്‍. അടാട്ട്‌ പഞ്ചായത്തിലെ കേബിള്‍ ടി.വി കണക്ഷന്റെ ഹോള്‍സെയില്‍ ആന്‍ഡ്‌ റീട്ടെയില്‍ ഡിസ്ട്രിബ്യൂട്ടര്‍. ഞങ്ങളുടെ നാട്ടുകാര്‍ ഏഷ്യാനെറ്റും സൂര്യയും കൈരളിയും പിന്നീടങ്ങോട്ട്‌ വന്ന ഒരുവിധം എല്ലാ ചാനലുകളും കാണാന്‍ തുടങ്ങിയതിന്‌ നന്ദി പറയേണ്ടത്‌ ഈ ജോണ്‍സണോടാണ്‌. കൂടാതെ, ചാനലുകളിലെ കാഴ്ച മതിയാകാത്തവര്‍ക്കായി ഒരു വീഡിയോ ലൈബ്രറി കൂടി നടത്തിപ്പോരുന്ന ഒരു ആജാനുബാഹു. കണ്ടാല്‍ നമ്മുടെ സിനിമാനടന്‍ മേഘനാദന്‍ ലുക്ക്‌.

"അതൊക്കെ പറയാം... കൃഷ്ണേട്ടന്‍ വരണ്‌ണ്ടാ ഇല്ല്യേ? അത്‌ പറ..."

"വര്‌ണോണ്ട്‌ കൊഴപ്പൊന്നൂല്ല്യാ... പക്ഷേ, എനിയ്ക്കൊരു തുള്ളി കിട്ടണം... അത്‌ നിര്‍ബന്ധാ... ഒരു തുള്ളി മതി..."

അങ്ങനെയാണ്‌. എവിടെ വരാനും കൃഷ്ണേട്ടന്‍ റെഡിയാണ്‌. ഒറ്റ കണ്ടീഷനേയുള്ളൂ. ഒരു തുള്ളി വേണം... പക്ഷേ, ഈ തുള്ളി എന്ന് പറയുന്നത്‌ എന്താണെന്ന് ഒരിക്കല്‍ കൂടെ പോയവര്‍ക്കേ അറിയൂ. ഗ്ലാസ്‌ ഒന്നിന്‌ വെള്ളം ഒരു തുള്ളി!

"ഹൈ... തുള്ളി ഇല്ല്യാത്ത ട്രിപ്പാ...? എന്തൂട്ടാ കൃഷ്ണേട്ടാ ഈ പറേണേ...? അന്ന്‌ ഊട്ടീല്‌ പോയപ്പോ തുള്ളി അടിയ്ക്കാണ്ടാ നിങ്ങള്‌ അവിട്‌ന്ന് തെറിച്ചത്‌...?"

"ങ്‌ഹും, അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ നീയെന്നെ... എങ്ങ്‌ടാ ഞാന്‍ വരണ്ടേന്ന്‌ പറ നീ..."

"എസ്റ്റേറ്റിലിക്കൊന്ന് പോണം കൃഷ്ണേട്ടാ... കൊറച്ച്‌ റബ്ബറ്‌ ഷീറ്റ്‌ണ്ട്‌ കൊണ്ട്‌രാന്‍..."

കേബിളും കാസറ്റും സി.ഡിയും ഒക്കെ ഒരു സൈഡ്‌ ബിസിനസ്‌ മാത്രമാണ്‌ ജോണ്‍സണ്‌. ജീവിയ്ക്കണമെങ്കില്‍ അത്‌ മാത്രം പോരല്ലോ. അങ്ങനെയാണ്‌ കൊല്ലങ്കോടിനപ്പുറം തമിഴ്‌നാട്‌ അതിര്‍ത്തിയ്ക്കടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍ തോട്ടം ചുളുവിലയ്ക്ക്‌ ഒത്തപ്പോള്‍ വാങ്ങിയത്‌. പണിക്കാരന്‍ പറ്റിച്ചതിന്റെ ബാക്കി ഷീറ്റ്‌ കൊണ്ടുവരാനാണ്‌ മാസത്തില്‍ ഒരിക്കല്‍ ജോണ്‍സണ്‍ ഏലിയാസ്‌ മേഘനാദന്റെ ട്രിപ്പ്‌.

"കൃഷ്ണേട്ടാ, കുഴി റെഡി..." കൈക്കോട്ടുമായി വേലായി ബാര്‍ബര്‍ഷോപ്പിന്റെ മുന്നില്‍ വന്ന് വിളിച്ചു പറഞ്ഞു.

"കുഴിയാ...? ആരെ കുഴിച്ചിടാനാ കൃഷ്ണേട്ടാ...?" ജോണ്‍സണ്‍ പിരി വെട്ടി.

കൃഷ്ണേട്ടന്റെ കത്രികത്താളം ഒരു നിമിഷം നിലച്ചു. പിന്നെ രൂക്ഷമായി ജോണ്‍സനെ ഒന്ന് നോക്കി. എങ്കിലും, ജോണ്‍സണ്‍ ഓഫര്‍ ചെയ്തിരിക്കുന്ന "തുള്ളി"യുടെ ഓര്‍മ്മയില്‍ കൃഷ്ണേട്ടന്റെ പ്രഷര്‍ സാധാരണ നിലയിലേക്ക്‌ തിരിച്ചുവന്നു.

"എന്തൂട്ട്‌ പറയാനാ, ജോണ്‍സാ... മ്മ്‌ടെ പഞ്ചായത്തിനല്ലേ രണ്ടാം വട്ടോം മാതൃകാ പഞ്ചായത്തിന്‌ള്ള അവാര്‍ഡ്‌ കിട്ടീത്‌... പഴേ മാതിര്യൊന്നും പറ്റില്ല്യാന്നാ പ്രസിഡന്റ്‌ പറേണേ... ഞാനീ വെട്ടിയെറക്കണ മുടിയൊക്കെ ആഴത്തില്‍ കുഴിച്ചുമൂടണത്രേ..."

"ദിപ്പൊ വരാട്ടാ..." കസേരയില്‍ മൂടിപ്പുതച്ചിരിക്കുന്നയാളോട്‌ പറഞ്ഞിട്ട്‌ കൃഷ്ണേട്ടന്‍ ബാര്‍ബര്‍ഷോപ്പിന്‌ പിറകിലെ പുരയിടത്തിലേക്ക്‌ നടന്നു. ജോണ്‍സനും വേലായിയും പിറകേയും.

"എന്തൂട്ടാണ്ടാത്‌...? ഈ ഒരടി താഴ്ചള്ള കുഴി കുത്താനാ നെന്നെ ഞാന്‍ ഏല്‍പ്പിച്ചെ? ഇനീം താഴണം... വേഷം കെട്ട്‌ എട്‌ക്ക്‌ര്‌തോ ന്റട്‌ത്ത്‌..."

കൃഷ്ണേട്ടനും ജോണ്‍സണും തിരിച്ച്‌ നടന്നു.

"ഡാ ജോണ്‍സാ, മ്മ്‌ക്ക്‌ ചൊവ്വാഴ്ച്യായാലോ ട്രിപ്പ്‌?.. അന്നാവുമ്പോ കട മൊടക്കാണേനും.."

"ചൊവ്വേങ്കി ചൊവ്വ... രാവിലെ ഏഴ്‌ മണിക്ക്‌ കെണറിന്റവിടെ നിന്നാ മതി... ഞാന്‍ വണ്ട്യായിട്ട്‌ വരാം..."

"ആര്‌രെ വണ്ട്യാ...?"

"മ്മ്‌ടെ തേജന്റെ സുമോ പറഞ്ഞിട്ട്‌ണ്ട്‌... അപ്പോള്‍ ശരി... പറഞ്ഞ പോലെ..." ജോണ്‍സണ്‍ തന്റെ സാറ്റലൈറ്റ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ യാത്രയായി.

കൃഷ്ണേട്ടന്‍, കസേരയില്‍ പുതച്ചിരിക്കുന്ന ആളുടെ തല ഷെയ്‌പ്പാക്കിയെടുത്തു.

"കൃഷ്ണേട്ടാ, കുഴി പറഞ്ഞ താഴ്ച്യായീണ്ട്‌ട്ടാ..." വേലായി വീണ്ടുമെത്തി.

"ഇത്ര പെട്ടെന്നാ...?"

സംഭവം ശരിയാണ്‌... എല്ലാം കൂടി മൂന്ന് അടിയെങ്കിലും താഴ്ചയുണ്ട്‌ കുഴിയ്ക്ക്‌. രണ്ടടി താഴോട്ടും, കുഴിയില്‍ നിന്ന് എടുത്ത മണ്ണ്‌ വശങ്ങളില്‍ പൊത്തിവച്ച്‌ ഒരടി മുകളിലോട്ടും...


* * * * * * * * * * * * * * * * * * * * * * * * *


ചൊവ്വാഴ്ച രാവിലെ തന്നെ തേജന്‍ സുമോയുമായി സാറ്റലൈറ്റ്‌ കണ്‍ട്രോള്‍ റൂമിലെത്തി. ബക്കാര്‍ഡി, ഗോല്‍ക്കുണ്ട, ഓ.സി.ആര്‍, കൊക്കോകോള കുപ്പികള്‍, ഈസ്റ്റേണ്‍ അച്ചാര്‍, കൊക്കുവട, മുറുക്ക്‌, ഗ്ലാസുകള്‍, പിഞ്ഞാണങ്ങള്‍ തുടങ്ങി കൊല്ലങ്കോട്‌ യാത്രയ്ക്കുള്ള സകല സാധനങ്ങളുമായി ജോണ്‍സണ്‍ റെഡി.

"കെണറിന്റെ അവിട്‌ന്ന് കൃഷ്ണേട്ടനേം പൊക്കണംട്രാ തേജാ..."

"ഏത്‌ ... എം.എസ്‌.കെ കോലഴിയാ...?"

കിണറിന്റെയവിടുന്ന് കയറിയ കൃഷ്ണേട്ടന്റെ നോട്ടം ആദ്യമെത്തിയത്‌ സീറ്റിനു പിറകിലേക്കായിരുന്നു. പുഴക്കല്‍ പാടത്ത്‌ കൂടി വണ്ടി കുതിക്കുമ്പോള്‍ ആദ്യത്തെ ചോദ്യം എത്തി.

"അല്ല, ഗഡ്യോളേ... എപ്പഴാ തൊടങ്ങണ്ടേ...?"

"ന്റെ കൃഷ്ണേട്ടാ, ഇത്ര രാവിലന്ന്യാ...? ആലത്തൂരെങ്കിലും എത്തട്ടെ..."

"നിര്‍ത്തിയിട്ട വണ്ടീലിര്‌ന്ന് കഴിക്കാന്‍ പാടില്യാന്നാ നെയമം... വണ്ടി ഓടുമ്പോ പ്രശ്നംല്ല്യാ..." അല്ലെങ്കിലും നിയമ വശങ്ങളൊക്കെ പണ്ടേ നല്ല പിടിപാടാണ്‌ കൃഷ്ണേട്ടന്‌.

മണ്ണുത്തി കഴിഞ്ഞതോടെ കൃഷ്ണേട്ടന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു. "ഡാ, ജോണ്‍സാ... നീയാ കുപ്പി പൊട്ടിച്ചേ..."

അങ്ങനെ ഓടുന്ന വണ്ടിയില്‍ നിയമം ലംഘിക്കാതെ കൃഷ്ണേട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബക്കാര്‍ഡിയും കോളയും കൂടി മിക്സ്‌ ചെയ്ത്‌ ക്രമേണ ആലത്തൂര്‍, നെന്മാറ തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളും കടന്ന് പോകുമ്പോഴെല്ലാം നിയമം ലംഘിക്കാതിരിക്കാന്‍ കൃഷ്ണേട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഏകദേശം പത്ത്‌ പത്തരയോടെ ടാറ്റാ സുമോ കൊല്ലങ്കോട്‌ - പൊള്ളാച്ചി റോഡില്‍ നിന്ന് അല്‍പ്പം ഉള്ളിലേക്ക്‌ മാറിയുള്ള റബ്ബര്‍ എസ്റ്റേറ്റിലേക്ക്‌ പ്രവേശിച്ചു.

"ഇനി എറങ്ങാട്ടാ കൃഷ്ണേട്ടാ..." ഒരു വിധം ഫിറ്റ്‌ ആയി മയങ്ങിത്തുടങ്ങിയിരുന്ന കൃഷ്ണേട്ടനെ ജോണ്‍സണ്‍ തട്ടി വിളിച്ചു.

"ങ്‌ഹാ... എത്ത്യാ... കൊള്ളാല്ലടാ നെന്റെ എസ്റ്റേറ്റ്‌... ഇനി വേണം വിസ്തരിച്ചൊന്ന് മോന്താന്‍..."

അപ്പോള്‍ ഇത്‌ വരെ മോന്തിയതൊന്നും ഒന്നും ആയിട്ടില്ല ആശാന്‌. ബക്കാര്‍ഡിയുടെ കുപ്പി ഒരു വിധം കാലി ആയിരിക്കുന്നു.

ജോണ്‍സന്റെ എസ്റ്റേറ്റ്‌ കാവല്‍ക്കാരന്‍ അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. "ഇന്നേയ്ക്ക്‌ വരുവീങ്കേന്ന് ശൊല്ലവേയില്ലിയേ..." നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വരുന്നതിനു മുമ്പേ എട്ട്‌ പത്ത്‌ ഷീറ്റും കൂടി മുക്കാമായിരുന്നു എന്നായിരിക്കും അവന്‍ മനസ്സില്‍ വിചാരിച്ചത്‌.

"കൃഷ്ണേട്ടാ, ഒരു കാര്യം ചെയ്യ്‌, തേജന്റെ കൂടെ ഇവിടെ ഇരിക്ക്‌... ഞാന്‍ ഇവന്റെ കൂടെ പോയി ഷീറ്റിന്റെ കണക്കൊക്കെ നോക്കീട്ട്‌ വരാം... ഞാനും കൂടി വന്നിട്ട്‌ മതീട്ടാ അടുത്ത കുപ്പി..."

"ഹേയ്‌... ഞാന്‍ തൊട്‌ണില്യാ ഇനി... നീ വന്നിട്ട്‌ ഒരു തുള്ളീം കൂടി മതി..." കൃഷ്ണേട്ടന്‍ റബ്ബര്‍ മരത്തണലിലേക്ക്‌ ചാഞ്ഞു. മണ്ണുത്തി മുതല്‍ തുടങ്ങിയ പൂശല്ലേ, എങ്ങനെ സൈഡാവാതിരിക്കും.

അര മണിക്കൂര്‍ കഴിഞ്ഞ്‌ റബ്ബര്‍ ഷീറ്റുകളുമായി ജോണ്‍സനും കാവല്‍ക്കാരനും എത്തി. എല്ലാം വണ്ടിക്കുള്ളില്‍ കയറ്റിയതിന്‌ ശേഷം ജോണ്‍സണ്‍ റെഡിയായി. "അപ്പോള്‍ തൊടങ്ങാല്ലേ തേജാ...?"

ബാക്കിയുള്ള കുപ്പികളും ടച്ചിങ്ങ്‌സും എല്ലാം കൂടി മരച്ചുവട്ടില്‍ വച്ചിട്ട്‌ ജോണ്‍സണ്‍ കൃഷ്ണേട്ടനെ വിളിച്ചുണര്‍ത്തി.

"ഞാന്‍ റെഡി... ഞാന്‍ റെഡി..." പുതിയ കുപ്പി തുറന്ന് കൃഷ്ണേട്ടന്‍ ഗ്ലാസിലേക്ക്‌ പകര്‍ന്നു. പകുതി നിറഞ്ഞ ഗ്ലാസിലേക്ക്‌ പിന്നെ കോളയുടെ കുപ്പി കമഴ്ത്തി. എന്നിട്ട്‌ ഒറ്റ വലി...!

"എന്തൂട്ട്‌ ഡാഷാണ്ടാ ഇത്‌... പണ്ടാറടങ്ങാന്‍...?" കൃഷ്ണേട്ടന്റെ കണ്ണുകള്‍ തുറിച്ചു. സാധനം പോയ വഴിയൊക്കെ കത്തിപ്പോയ വെപ്രാളത്തില്‍ കൃഷ്ണേട്ടന്‍ നെഞ്ഞത്ത്‌ കൈ വച്ചു.

"അയ്യോ കൃഷ്ണേട്ടാ, ആ കോളക്കുപ്പീലെ സാധനാ എടുത്ത്‌ മിക്സ്‌ ചെയ്തേ? രാവിലെ ഗോല്‍ക്കണ്ടക്കുപ്പീന്റെ വക്ക്‌ പൊട്ടീപ്പോ ഞാനതാ കോളക്കുപ്പീലാ ഒഴിച്ചു വച്ചത്‌. നിങ്ങളതെടുത്ത്‌ മിക്സ്‌ ചെയ്യുംന്ന് ഞാന്‍ വിചാരിച്ചാ...?"

കൃഷ്ണേട്ടന്‍ വായില്‍ നിന്ന് സരസ്വതി പ്രവഹിച്ചു തുടങ്ങി. രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞില്ല, എണ്ണം പറഞ്ഞ ഒരു കൊടുവാള്‍ എടുത്ത്‌ നീട്ടിയൊരലക്ക്‌... അതോടെ അല്‍പ്പം സമാധാനം...

"ഡാ തേജാ, കൊറച്ച്‌ വെള്ളം താടാ, മോറൊന്ന് കഴുകട്രാ..."

തേജന്‍ ഒഴിച്ചു കൊടുത്ത വെള്ളം കൊണ്ട്‌ മുഖം കഴുകി തുടച്ച്‌ കണ്ണ്‌ തുറന്ന് നോക്കിയ കൃഷ്ണേട്ടന്‍ കണ്ടത്‌ എസ്റ്റേറ്റിന്റെ അതിരിലുള്ള പനയുടെ മുകളില്‍ നിന്ന് കള്ള്‌ ചെത്തി ഇറങ്ങി വരുന്ന ചെറുപ്പക്കാരനെയാണ്‌.

പിന്നെ ഒട്ടും താമസിച്ചില്ല... അടുത്ത്‌ കണ്ട കാലി ഗ്ലാസ്‌ എടുത്ത്‌ നീട്ടിയിട്ട്‌ കൃഷ്ണേട്ടന്‍ പറഞ്ഞു...

"മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."

* * * * * * * * * * * * * * * * * * * * * * * * * * * * * *

Tuesday, January 26, 2010

ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍

നമ്മുടെ ഭാരതത്തിന്‌ സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിട്ട്‌ ആറ്‌ ദശാബ്ദങ്ങള്‍ കഴിയുന്നു...

സോവറിന്‍ സോഷ്യലിസ്റ്റ്‌ സെക്യൂലര്‍ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇന്ത്യ...

സോവറിന്‍...

ഒരളവ്‌ വരെ അംഗീകരിച്ച്‌ കൊടുക്കാം... പക്ഷേ ഈ നിലയ്ക്ക്‌ മുന്നോട്ട്‌ പോയാല്‍ അമേരിക്കയുടെ മറ്റൊരു കോളനി ആയി ഭാരതം മാറുന്നത്‌ കാണാനുള്ള നിര്‍ഭാഗ്യം ചിലപ്പോള്‍ നമ്മുടെ തലമുറയ്ക്ക്‌ തന്നെ സിദ്ധിച്ചേക്കാം...

സോഷ്യലിസ്റ്റ്‌ ...

മനോഹരമായ ഭാവന... എന്തായാലും അത്‌ ഭരണഘടനയിലെങ്കിലും ഉണ്ടല്ലോ... എങ്കിലും മറ്റ്‌ പല ലോക രാഷ്ട്രങ്ങളോടും താരതമ്യപ്പെടുത്തിയാല്‍ നാം ഭാഗ്യം ചെയ്തവരാണ്‌...

സെക്യൂലര്‍...

ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത പദം... 'ഗവണ്മന്റിന്റെ ഭരണസംബന്ധമായ കാര്യങ്ങളില്‍ മതങ്ങള്‍ക്ക്‌ യാതൊരു വിധ സ്വാധീനവും ഇല്ലാത്ത സംവിധാനം' എന്നതിനെ എത്ര സൗകര്യപൂര്‍വ്വം വളച്ചൊടിച്ച്‌ ഇന്നത്തെ നിലയില്‍ എത്തിച്ചിരിക്കുന്നു ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതമേധാവികളും... ഒരു സെക്യൂലര്‍ രാഷ്ട്രത്തിന്‌ ഏറ്റവും അവശ്യമായ ഒരു ഏകീകൃത സിവില്‍ കോഡ്‌ എന്നെങ്കിലും ഭാരതത്തിന്‌ കൊണ്ടുവരുവാന്‍ സാധിക്കുമോ...? വിവിധ മതസമൂഹങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കും പിടിവാശികള്‍ക്കും മുന്നില്‍ മുട്ടുമടക്കാത്ത ഒരു നിയമനിര്‍മ്മാണ സഭ നമുക്ക്‌ സ്വപ്നം കാണാന്‍ കഴിയുമോ...?

ഡെമോക്രാറ്റിക്ക്‌...

സമ്മതിക്കുന്നു... അത്‌ മാത്രമാണ്‌ ഒരാശ്വാസം... പക്ഷേ നിയമ സഭകളിലും പാര്‍ലമെന്റിലും വരെ ഗുണ്ടകള്‍ക്കും കുറ്റവാളികള്‍ക്കും സ്ഥാനമാനങ്ങള്‍ വഹിക്കാമെന്ന നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌ ആശാസ്യമാണോ...?

എങ്കിലും നാനാത്വത്തിലെ ഏകത്വവുമായി ഭാരതം മുന്നേറുന്നു... മുന്നേറട്ടെ... ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ്‌ സെക്യൂലര്‍ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക്‌ ആശിക്കാം...

എല്ലാവര്‍ക്കും എന്റെ റിപ്പബ്ലിക്ക്‌ ദിനാശംസകള്‍...