Friday, January 28, 2011

ഒരു മഴദിനം കൂടി ...

രാവിലെ കമ്പനിയിലേക്ക്‌ തിരിക്കുന്നതിനു മുമ്പ്‌ കാലാവസ്ഥാ പ്രവചനം നോക്കുക എന്നത്‌ ഒരു ശീലമായിരിക്കുന്നു ഇപ്പോള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മഴ ലഭിച്ചിരുന്ന ജിദ്ദയില്‍ ഇപ്പോള്‍ മഴ ഇടയ്ക്കിടെ വിരുന്നിനെത്തി തുടങ്ങിയിരിക്കുന്നു.

മഴ ഒരു ഹരമാണ്‌. നാട്ടില്‍ ... എന്നാല്‍ ജിദ്ദയിലെ മഴ സമ്മാനിക്കുന്നത്‌ ഭീതിയാണ്‌. നിര്‍ത്താതെ അര മണിക്കൂര്‍ പെയ്തിറങ്ങിയാല്‍ എന്തും സംഭവിക്കാവുന്ന നാഴികകളാണ്‌ പിന്നെ. അതാണ്‌ കഴിഞ്ഞ വര്‍ഷം മുതലുള്ള അനുഭവം...

കാലാവസ്ഥാ പ്രവചനം അനുസരിച്ച്‌ ഇന്ന് മഴയുടെ ദിനമാണ്‌. ജാലകത്തിലൂടെ കിഴക്കന്‍ ചക്രവാളത്തിലേക്ക്‌ എത്തിനോക്കി. തെളിഞ്ഞ ആകാശം. പേരറിയാത്ത കിഴക്കന്‍ മലകളുടെ അപ്പുറത്തു നിന്നും ഉയര്‍ന്നുവരുന്ന ബാലസൂര്യന്‍. ഇതാണോ മഴയുടെ ദിനം? ആകാശവാണിയില്‍ പണ്ട്‌ കേട്ടിരുന്ന കാലാവസ്ഥാപ്രവചനം പോലെയായിത്തുടങ്ങിയോ ഇവിടെയും?

റിപ്പബ്ലിക്ക്‌ ദിനം പ്രമാണിച്ച്‌ സ്കൂളില്‍ പരിപാടികള്‍ ഉണ്ടെങ്കിലും 'എനിക്ക്‌ വയ്യ പോകാന്‍' എന്ന് മകന്‍... അതേതായാലും നന്നായി. മഴ വല്ലതും പെയ്യുകയാണെങ്കില്‍ പോകാതിരിക്കുന്നത്‌ തന്നെയാണ്‌ സുരക്ഷിതം.

തെളിഞ്ഞ പ്രഭാതത്തിലെ കുളിര്‍കാറ്റിനൊപ്പം യാത്ര ചെയ്ത്‌ കമ്പനിയിലെത്തിയപ്പോഴാണ്‌ മാനം ഇരുളുന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌. വടക്ക്‌ കിഴക്കന്‍ ചക്രവാളത്തിലേക്ക്‌ അതിവേഗം പായുന്ന ഭീമാകാരങ്ങളായ കാര്‍മേഘക്കൂട്ടങ്ങള്‍... ഇത്‌ തിമര്‍ക്കുന്ന ലക്ഷണമുണ്ട്‌...

കാര്‍ , അല്‍പ്പം ഉയര്‍ന്ന നടപ്പാതയില്‍ കയറ്റിയിട്ടിട്ട്‌ സുരക്ഷിതത്വം ഉറപ്പാക്കി ഓഫീസില്‍ എത്തിയപ്പോഴേക്കും ആദ്യതുള്ളി ഭൂമിയില്‍ പതിച്ചു കഴിഞ്ഞിരുന്നു.
ജോലി തുടങ്ങുന്നതിന്‌ മുമ്പായി വീട്ടിലേക്ക്‌ വിളിച്ചു. അവിടെ മഴ തകര്‍ക്കുകയാണത്രേ. ഇടമുറിയാത്ത മഴ... പണ്ടത്തെപ്പോലെ വെള്ളത്തിലൂടെ നടന്ന് വരാന്‍ നോക്കല്ലേ എന്ന ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും...

പതിനൊന്ന് മണിയോടെ പണിയൊന്നൊതുങ്ങിയപ്പോഴാണ്‌ ജിമ്മിയെ വിളിച്ചത്‌.

"അണ്ണാ... ഇതു പോലത്തെ മഴ ഞാനിവിടെ കണ്ടിട്ടേയില്ല... ഓഫീസില്‍ നിന്ന് നോക്കിയാല്‍ കാണാം ... റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്‌... വാഹനങ്ങള്‍ പലതും കുടുങ്ങിക്കിടക്കുകയാണ്‌... പുറത്തേക്കിറങ്ങാന്‍ പറ്റില്ല... ഇന്ന് ഉച്ചയ്ക്കത്തെ ശാപ്പാടിന്റെ കാര്യം ഗോവിന്ദ..."

അപ്പോള്‍ വടക്ക്‌ കിഴക്ക്‌ ദിശയിലേക്ക്‌ മാരത്തോണ്‍ പോലെ പോയ മേഘങ്ങള്‍ അവിടെയാണ്‌ തകര്‍ക്കുന്നത്‌. ഇന്ന് വീട്ടില്‍ പോക്ക്‌ നടക്കില്ല എന്ന് സാരം. ഒരു മണിക്കൂറിലധികം മഴ പെയ്താല്‍ കമ്പനിയില്‍ നിന്ന് ആരും പുറത്ത്‌ പോകരുത്‌ എന്നാണ്‌ കല്‍പ്പന. അത്‌ ലംഘിച്ച്‌ പോയി ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്നും.ഉച്ച കഴിഞ്ഞതോടെ കൂടുതല്‍ വിവരങ്ങള്‍ എത്തിത്തുടങ്ങി. ബലദ്‌, ഹയ്‌ല്‌ സ്ട്രീറ്റ്‌, മദീന റോഡ്‌, അന്തലോസ്‌ റോഡ്‌, പലസ്തീന്‍ റോഡ്‌, എക്സ്പ്രസ്‌ ഹൈവേ തുടങ്ങി മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. കിലോമീറ്ററുകളോളം നീളമുള്ള ഫ്ലൈ ഓവറുകളില്‍ മുന്നോട്ട്‌ പോകാനാവാതെ വാഹനങ്ങളുടെ നീണ്ട നിര. സ്കൂളുകളില്‍ നിന്നും വീട്ടിലേക്ക്‌ പുറപ്പെട്ട വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ ബസ്സുകളില്‍ പാതി വഴിയില്‍ കുടുങ്ങിക്കിടക്കുന്നു. ബലദ്‌ പ്രദേശത്ത്‌ കഴുത്തിനൊപ്പം ഉയര്‍ന്ന വെള്ളത്തിന്റെ ശക്തിയായ ഒഴുക്ക്‌...

ഇന്ന് ഇവിടെത്തന്നെ കഴിച്ചു കൂട്ടണം എന്നത്‌ ഉറപ്പായിരിക്കുന്നു. വീട്ടിലേക്ക്‌ വിളിച്ച്‌ സ്ഥിതിഗതികളുടെ ഗൗരവം വിശദീകരിച്ചു. ഏറ്റവും അധികം ബാധിക്കപ്പെട്ടിട്ടുള്ള പ്രദേശത്തുള്ള ജിമ്മിയുടെ അവസ്ഥ അറിയുവാന്‍ വീണ്ടും വിളിച്ചു.

"ഒരു കട്ടന്‍ ചായ മാത്രമാണ്‌ ഇതു വരെ കഴിക്കാന്‍ കിട്ടിയത്‌... വിശന്നിട്ട്‌ വയ്യ... കളസം ഊരി തലയില്‍ കെട്ടി പതുക്കെ ഇറങ്ങിയാലോ എന്ന ചിന്തയിലാ അണ്ണാ ഞാന്‍ ... അത്രയ്ക്കും വെള്ളമാണ്‌ ഇവിടെ..."
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങങ്ങളില്‍ വസിക്കുന്ന മാനേജര്‍മാരും മറ്റ്‌ ഉദ്യോഗസ്ഥരും എല്ലാം ഇന്ന് രാത്രി ഇവിടെത്തന്നെ കഴിച്ചുകൂട്ടുവാനുള്ള തയ്യാറെടുപ്പിലാണ്‌. മഴ വരുന്നത്‌ കണ്ട്‌ രാവിലെ പത്ത്‌ മണിക്ക്‌ വീട്ടിലേക്ക്‌ പുറപ്പെട്ട രണ്ടുമൂന്ന് പേര്‍ ഇപ്പോഴും വഴിയില്‍ കുടുങ്ങിക്കിടക്കുന്നു എന്നുള്ള വിവരം കിട്ടിയത്‌ തന്നെ കാരണം. നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളിലും ജലവിതാനം ഉയര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്‌.രണ്ടും കല്‍പ്പിച്ച്‌ വെള്ളത്തിലേക്ക്‌ നീന്താനിറങ്ങിയ ജിമ്മിയെ വിളിച്ചിട്ട്‌ കിട്ടുന്നില്ല. ചിലയിടങ്ങളില്‍ വെള്ളത്തില്‍ നിന്ന് ആളുകള്‍ക്ക്‌ വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വിദ്യുച്ഛക്തി വിതരണം വിച്ഛേദിച്ചത്‌ കൊണ്ട്‌ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലായിത്തുടങ്ങിയിരിക്കുന്നു.

ഏഴുമണിയോടെ അടുത്തുള്ള ഹോട്ടലില്‍ നിന്നും പ്ലാന്റ്‌ മാനേജര്‍ ഏര്‍പ്പാടാക്കിയ റൈസ്‌ വിത്ത്‌ ഫിഷ്‌ കബാബ്‌, തരക്കേടില്ലാത്ത അത്താഴമായി.

രാത്രി ഒമ്പതരയോടെ ജിദ്ദയിലുള്ള മറ്റൊരു ബ്ലോഗറായ ഹംസയെ വിളിച്ചുനോക്കി. ഭാഗ്യം ... ലൈന്‍ പോകുന്നുണ്ട്‌...

"ആങ്ങ്‌ഹ്‌... വിനുവേട്ടാ... എന്തൊക്കേണ്ട്‌...? മഴയൊക്കെ എങ്ങനെ...?"

"ഇവിടെ ഞങ്ങള്‍ കമ്പനിയില്‍ പെട്ടുപോയി... അവിടെ എങ്ങനെയുണ്ട്‌ വെള്ളം...?"

"ഇത്‌ കുറച്ച്‌ ഉയര്‍ന്ന സ്ഥലാണേയ്‌... അതോണ്ട്‌ ബേജാറാവേണ്ട കാര്യല്ല്ലേയ്‌..." ഏറനാടന്‍ ശൈലിയിലുള്ള വാക്‍ധോരണി... കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ഒരു ജിദ്ദ ബ്ലോഗ്‌ മീറ്റ്‌ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിച്ചാലോ എന്ന് ആരായാനും ഹംസ മറന്നില്ല.
മേശമേല്‍ കൈ തലയിണയാക്കി ഇരുന്നുകൊണ്ടുള്ള ഉറക്കത്തിനിടയില്‍ രാത്രി ഒരു മണിയായത്‌ അറിഞ്ഞില്ല. അടുത്തുള്ള പിസ്സാ ഹട്ടില്‍ നിന്നും ഭക്ഷണം എത്തിയിരിക്കുന്നു എന്നു പറഞ്ഞുള്ള ഫോണ്‍ വന്നതും കണ്ണും തിരുമ്മി ഡൈനിംഗ്‌ ഹാളിലേക്ക്‌ വച്ചു പിടിച്ചു. മാനേജര്‍മാര്‍ എല്ലാവരും ഇവിടെത്തന്നെ പെട്ടു പോയതുകൊണ്ട്‌ അത്താഴത്തിനു പുറമേ 'അത്തത്താഴവും' കഴിക്കുവാനുള്ള യോഗമുണ്ടായി.

നാലായി മുറിച്ച ഒരു പിസ്സാ മുഴുവനും അകത്താക്കി വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ നാല്‌ പീസ്‌ ആയി മുറിച്ചത്‌ ഭാഗ്യം ... എട്ട്‌ പീസ്‌ ആയിട്ടെങ്ങാനും ആയിരുന്നു മുറിച്ചിരുന്നതെങ്കില്‍ കഴിക്കാനുള്ള കപ്പാസിറ്റി ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന യൂറോപ്യന്‍ നര്‍മ്മം ആയിരുന്നു മനസ്സില്‍.പുലര്‍ച്ചെ അഞ്ചര മണിയോടെ വീടുകളിലേക്ക്‌ പോകാനുള്ള അനുവാദം ലഭിച്ചു. രാത്രിയില്‍ മഴ പെയ്യാതിരുന്നതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിരിക്കും എന്ന പ്രതീക്ഷയില്‍ അവരവരുടെ വാഹനങ്ങളില്‍ യാത്രയാരംഭിച്ചു. പ്രളയം ഒഴുകിയൊഴിഞ്ഞ പാതകളില്‍ വെള്ളത്തില്‍ മുങ്ങി ഉപേക്ഷിച്ചു പോയ എണ്ണമറ്റ വാഹനങ്ങള്‍ അപ്പോഴും തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.


ഒരു മഴദിനത്തിനു കൂടി വിട... എത്രയും പെട്ടെന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയിലാകട്ടെ എന്ന് പ്രത്യാശിക്കാം.