Wednesday, June 29, 2011

പഞ്ചവന്‍കാടും മീരാന്‍ മൊയ്തീനും

കുറേ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. എന്ന് വച്ചാല്‍ ഏതാണ്ട്‌ പത്തിരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. ഗള്‍ഫിലെ ദമ്മാമില്‍ എത്തി പ്ലാസ്റ്റിക്കിന്റെ ലോകവുമായി പൊരുത്തപ്പെട്ട്‌ തുടങ്ങിയ കാലം. വല്ല വിധേനയും രണ്ട്‌ വര്‍ഷം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്താനുള്ള വെമ്പലിനിടയിലാണ്‌ ഇറാക്കിന്റെ കുവൈറ്റ്‌ അധിനിവേശവും തുടര്‍ന്നുള്ള അമേരിക്കയുടെ ഒന്നാം ഇറാക്ക്‌ യുദ്ധവും അരങ്ങേറിയത്‌.

പ്ലാസ്റ്റിക്ക്‌ ഗ്രാന്യൂളുകള്‍ ഉരുക്കി വിവിധ പാക്കേജിംഗ്‌ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന Blown film Extrusion process നടക്കുന്ന ഫാക്ടറിയിലെ പ്രൊഡക്ഷന്‍ പ്ലാനിങ്ങിലാണ്‌ ജോലി. ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍ അവയെ നയിച്ചുകൊണ്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും പിന്നെ വിരലിലെണ്ണാവുന്ന കുറച്ച്‌ പേര്‍ ഫിലിപ്പീനികളുമാണ്‌. ഇന്ത്യാക്കാരില്‍ തന്നെ സിംഹഭാഗവും മലയാളികള്‍ ആയിരുന്നു. അതുകൊണ്ട്‌ തന്നെ ഞങ്ങളുടെ ഫാക്ടറി കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ല.

രസികരായ കഥാപാത്രങ്ങള്‍ക്ക്‌ ഞങ്ങളുടെ ഫാക്ടറിയില്‍ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. ശങ്കരേട്ടന്‍, ജോണേട്ടന്‍, ബി.ബി.സി റഷീദ്‌, പാമ്പ്‌ വര്‍ഗീസ്‌, പുലിത്തോമ, ഉമ്മച്ചന്‍, റപ്പായേട്ടന്‍, പാസ്റ്റര്‍ തോമസ്‌ ഡാനിയല്‍, തായ്‌വാന്‍ കുമാര്‍ ... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍... പിന്നീട്‌ ഇവരില്‍ പലരും പലപ്പോഴായി വണ്‍വേ പോയെങ്കിലും മറ്റ്‌ ചിലര്‍ ഇപ്പോഴും അവിടെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്‌.

ഇറാക്ക്‌ യുദ്ധം കഴിഞ്ഞതിന്‌ ശേഷമാണ്‌ ഞങ്ങളുടെ കമ്പനിയില്‍ പുതിയ ബാച്ച്‌ എത്തിയത്‌. വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന രീതിയ്ക്ക്‌ വിപരീതമായി അപ്രാവശ്യം ബംഗ്ലാദേശില്‍ നിന്നായിരുന്നു റിക്രൂട്ട്‌മന്റ്‌. ഏത്‌ ജോലിയും പെട്ടെന്ന് പഠിച്ചെടുത്ത്‌ കഴിവ്‌ തെളിയിക്കുന്ന മലയാളികളില്‍ നിന്ന് തികച്ചും ഭിന്നരായിരുന്നു അവരില്‍ ഒട്ടുമിക്കവരും. ഗള്‍ഫില്‍ എത്തുന്ന ബംഗ്ലാദേശികള്‍ക്ക്‌ ശമ്പളം മാത്രമല്ല, മറ്റു പലതും കുറവായിരുന്നു എന്ന് കമ്പനിയ്ക്ക്‌ മനസ്സിലായത്‌ അല്‍പ്പം വൈകിയായിരുന്നു.

ഫാക്ടറിയില്‍ നിന്നുണ്ടാകുന്ന പ്ലാസ്റ്റിക്ക്‌ വെയ്‌സ്റ്റ്‌ റീസൈക്കിള്‍ ചെയ്തുണ്ടാക്കുന്ന ഗ്രാന്യൂളുകള്‍ ഉപയോഗിച്ച്‌ ഓടുന്ന നാലഞ്ച്‌ മെഷീനുകളുടെ ഏരിയ പഞ്ചവന്‍കാട്‌ എന്നാണ്‌ മലയാളികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്‌. മെഷീനില്‍ നിന്ന് വായു നിറച്ച ഒരു സ്തൂപമായി അനുസ്യൂതം മുകളിലേക്ക്‌ പോയി റോളറുകള്‍ക്കിടയിലൂടെ കടന്ന് വൈന്ററില്‍ ചുറ്റി റോളുകളായിട്ടാണ്‌ പ്ലാസ്റ്റിക്ക്‌ ഫിലിം ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. മെഷീനില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ പ്ലാസ്റ്റിക്ക്‌ ഫിലിം പൊട്ടാതെ നോക്കുക എന്നതാണ്‌ ഓപ്പറേറ്ററുടെ പ്രധാന ചുമതല. റീസൈക്കിള്‍ഡ്‌ മെറ്റീരിയല്‍ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ ഫില്‍ട്ടര്‍ അടഞ്ഞ്‌ ഫിലിം പൊട്ടുക പതിവായതിനാല്‍ പഞ്ചവന്‍കാട്ടിലെ ഓപ്പറേറ്റര്‍മാര്‍ക്ക്‌ അവിടുത്തെ ജോലി ശരിക്കും ഒരു ശിക്ഷ തന്നെയായിരുന്നു.

തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന നൈറ്റ്‌ ഷിഫ്റ്റിന്‌ ശേഷം പകല്‍ വെളിച്ചം കാണാനുള്ള കൊതി കൊണ്ടായിരുന്നു മീരാന്‍ മൊയ്തീന്‍ ഡേ ഷിഫ്റ്റ്‌ ചോദിച്ച്‌ വാങ്ങിയത്‌. മുന്‍കോപം എന്ന വികാരം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ മീരാന്‍ മൊയ്തീന്‍ അഞ്ചാറ്‌ വര്‍ഷം സീനിയോറിറ്റിയുള്ള മലയാളിയായ ഓപ്പറേറ്ററാണ്‌. ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിന്‌ കക്ഷിയുടെ വായില്‍ നിന്ന് വരുന്നത്‌ ജോണേട്ടനെ കടത്തി വെട്ടുന്ന തെറികളായിരിക്കും.

രാവിലെ എട്ടു മണിയോടെയാണ്‌ മാനേജര്‍മാര്‍ പ്ലാന്റില്‍ പര്യടനത്തിനിറങ്ങുന്നത്‌. ആ പര്യടനത്തിനിടയില്‍ ഏതെങ്കിലും മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്‌ കണ്ടാല്‍ അതിന്റെ ഓപ്പറേറ്റര്‍ക്കും സൂപ്പര്‍വൈസര്‍ക്കും അന്ന് കുശാലാണ്‌. അതുകൊണ്ട്‌ തന്നെ ആ അരമണിക്കൂര്‍ നേരം മെഷീനുകള്‍ ഓടിക്കൊണ്ടിരിക്കുവാന്‍ എല്ലാവരും ആവും വിധം ശ്രമിക്കും.

വെളിച്ചം കാണാന്‍ ഡേ ഷിഫ്റ്റില്‍ വന്ന മീരാന്‍ മൊയ്തീന്‌ പഞ്ചവന്‍കാടിന്റെ ചുമതലയായിരുന്നു ലഭിച്ചത്‌. റീസൈക്കിള്‍ഡ്‌ മെറ്റീരിയലിന്റെ ഗുണനിലവാരം മോശമായതിനാല്‍ പഞ്ചവന്‍കാട്ടിലെ അഞ്ചു മെഷീനുകളില്‍ നാലെണ്ണവും ഫിലിം പൊട്ടി കിടക്കുകയാണ്‌. പുതിയതായി വന്ന ബംഗ്ലാദേശികളാണ്‌ ഓപ്പറേറ്റര്‍മാര്‍. സമയം എട്ട്‌ മണിയോടടുക്കുന്നു. ഇങ്ങോട്ട്‌ വിളിച്ചാല്‍ അങ്ങോട്ട്‌ പോകുന്ന ബംഗ്ലാദേശികളെക്കൊണ്ട്‌ മാനേജര്‍മാര്‍ വരുമ്പോഴേക്കും മെഷീനുകള്‍ റണ്ണിംഗ്‌ കണ്ടീഷനില്‍ ആക്കാമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. ഇനിയുള്ള ഒരേയൊരു പ്രത്യാശ അപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന അഞ്ചാമത്തെ മെഷീനാണ്‌. എങ്ങനെയെങ്കിലും അതിന്റെ ഫിലിം പൊട്ടാതെ നോക്കണം...

മുകളിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന ഫിലിമിലേക്ക്‌ മീരാന്‍ മൊയ്തീന്‍ നോക്കി. ചതിച്ചോ...!!! ഫിലിം ആടിത്തുടങ്ങിയിരിക്കുന്നു. രണ്ട്‌ ഫില്‍ട്ടറുകളില്‍ ഒന്ന് ബ്ലോക്ക്‌ ആയിത്തുടങ്ങിയിരിക്കുന്നു...

"അരേ ഭായ്‌... വോ മെറ്റീരിയല്‍ ബന്ദ്‌ കര്‍കേ ഫില്‍ട്ടര്‍ നികാലോ... ക്ലീന്‍ കര്‍കേ വാപസ്‌ ലഗാവോ... ജല്‍ദീ... " മാനേജരുടെ തെറി മുന്നില്‍ കണ്ടുകൊണ്ട്‌ മീരാന്‍ മൊയ്തീന്‍ അലറി.

കേട്ടത്‌ പാതി കേള്‍ക്കാത്തത്‌ പാതി, ബംഗാളി ഓടി. മെറ്റീരിയല്‍ പൈപ്പ്‌ അടച്ചു.

"ഡിം..." അടുത്ത നിമിഷം ഫിലിം പൊട്ടി താഴെ വീണു.

മീരാന്‍ മൊയ്തീന്‍ പറഞ്ഞത്‌ പോലെ തന്നെ ചെയ്തു ബംഗ്ലാദേശി. പക്ഷേ, തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫില്‍ട്ടറിലേക്കുള്ള മെറ്റീരിയല്‍ പൈപ്പാണ്‌ അടച്ചതെന്ന് മാത്രം.

മീരാന്‍ മൊയ്തീന്റെ കണ്ണുകളില്‍ ഇരുട്ട്‌ കയറി. ഫാക്ടറിയുടെ കവാടത്തിലേക്ക്‌ ദയനീയമായി കണ്ണോടിച്ചു. സംഹാരരുദ്രനായ മാനേജരും സംഘവും വലത്‌ കാല്‍ വച്ച്‌ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു ...!

പഞ്ചവന്‍കാടിനപ്പുറമുള്ള മെഷീനുകളുടെ ഓപ്പറേറ്റര്‍മാരെല്ലാം മീരാന്‍ മൊയ്തീനെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയാന്‌. ഇന്ന് ബംഗാളിയുടെ കഥ കഴിഞ്ഞത്‌ തന്നെ... കാരണം, കക്ഷിയുടെ പ്രെഷര്‍ അവര്‍ക്കെല്ലാം നന്നായി അറിയാവുന്നതാണ്‌.

മീരാന്‍ മൊയ്തീന്‍ ഒരു കൊടുങ്കാറ്റ്‌ പോലെ ബംഗാളിയുടെ നേര്‍ക്ക്‌ കുതിച്ചു. അടുത്തെത്തിയതും അവനെ കെട്ടിപ്പിടിച്ച്‌ മൂര്‍ദ്ധാവില്‍ ചുംബിച്ചു. പിന്നെ കീശയില്‍ നിന്ന് ഒരു റിയാലിന്റെ നോട്ട്‌ എടുത്ത്‌ കൈയില്‍ കൊടുത്തിട്ട്‌ പറഞ്ഞു.

"കഫതീരിയ മേ ജാകെ ഏക്‌ പെപ്സി പീവോ... ഓര്‍ പന്ത്രഹ്‌ മിനിറ്റ്‌ കേ ബാദ്‌ ആവോ... ജാ... ജാ..."

* * * * * * * * * * * * * * * * * * * * * * * * * * *

ഫയറിംഗ്‌ കഴിഞ്ഞ്‌ പ്ലാന്റ്‌ മാനേജര്‍ സ്ഥലം വിട്ടതിന്‌ ശേഷം മീരാന്‍ മൊയ്തീന്‍ നോര്‍മല്‍ ആയി എന്നുറപ്പായപ്പോള്‍ പഞ്ചവന്‍കാടിന്റെ അയല്‍വാസികള്‍ അരികിലെത്തി ചോദിച്ചു.

"അല്ല മീരാനേ... ഞങ്ങള്‍ വിചാരിച്ചത്‌ നിങ്ങള്‍ ആ ചെക്കനിട്ട്‌ രണ്ട്‌ പൊട്ടിക്കുമെന്നാ... നിങ്ങളെന്തിനാ അവനെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുത്തതും പെപ്സി വാങ്ങാന്‍ കാശ്‌ കൊടുത്തതും ?..."

മീരാന്‍ മൊയ്തീന്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

"ഒരു മിനിറ്റ്‌ കൂടി അവന്‍ അവിടെ നിന്നിരുന്നെങ്കില്‍ കുത്തി അവന്റെ കുടല്‍ ഞാന്‍ എടുത്തേനെ... പിന്നെ ശരീയത്താ നിയമം... എനിക്ക്‌ തലയോട്‌ കൂടി തന്നെ നാട്ടില്‍ പോകണമെന്നുണ്ട്‌..."

* * * * * * * * * * * * * * * * * * * * * * * * * * * *