Sunday, August 14, 2011

തായിഫ്‌ ബ്ലോഗ്‌ മീറ്റ്‌


ബൂലോഗത്ത്‌ വന്നിട്ട്‌ വര്‍ഷം നാല്‌ കഴിഞ്ഞെങ്കിലും ഇതു വരെ ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ. ചെറായി മീറ്റ്‌, തൊടുപുഴ മീറ്റ്‌, കൊച്ചി മീറ്റ്‌, തിരൂര്‍ മീറ്റ്‌, ഇനിയിപ്പോള്‍ കണ്ണൂര്‍ മീറ്റ്‌... നാട്ടിലുള്ള ബ്ലോഗേഴ്‌സിനൊക്കെ എന്തുമാവാല്ലോ... അലക്ക്‌ കഴിഞ്ഞിട്ട്‌ കാശിക്ക്‌ പോകാന്‍ നേരമില്ല എന്ന് പറഞ്ഞത്‌ പോലെ ഇതൊന്നും നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ല എന്ന് സ്വയം സമാധാനിച്ചു.

നാട്ടിലെ മീറ്റുകളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ അങ്ങ്‌ ബിലാത്തിയിലും നടന്നു കുറേനാള്‍ മുമ്പ്‌ ബ്ലോഗ്‌ മീറ്റ്‌. എവിടെ ചെണ്ടപ്പുറത്ത്‌ കോല്‌ വീണാലും ഓടിയെത്തുന്ന മുരളിഭായ്‌ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത്‌ ഇന്ദ്രജാലവും കണ്‍കെട്ടുമൊക്കെയായി അവിടെ വിലസി എന്നാണ്‌ അതിനോടനുബന്ധിച്ച്‌ കണ്ട ചില പോസ്റ്റുകളില്‍ നിന്നും അന്നറിയാന്‍ കഴിഞ്ഞത്‌. ഇതൊക്കെ കേട്ടും വായിച്ചും കോള്‍മയിര്‍ കൊണ്ടിരിക്കുമ്പോഴായിരുന്നു ജിദ്ദ ബ്ലോഗ്‌ മീറ്റുമായി ഇവിടുത്തെ പുലികള്‍ ഇറങ്ങിയത്‌. കഷ്ടകാല നേരത്ത്‌ അന്ന് സ്ഥലത്തുണ്ടാകാന്‍ സാധിക്കാഞ്ഞതിനാല്‍ അതും നഷ്ടമായി.

എന്നെങ്കിലും ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാതിരിക്കില്ല എന്ന നേരിയ പ്രതീക്ഷയോടെ അങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോഴാണ്‌ ഉറ്റ സുഹൃത്തായ ബ്ലോഗര്‍ ജിമ്മി ജോണ്‍ വിളിക്കുന്നത്‌.

"വിനുവേട്ടാ, അടുത്ത വെള്ളിയാഴ്ച നമുക്ക്‌ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്തിയാലോ...?"

"ങ്‌ഹേ... ബ്ലോഗ്‌ മീറ്റോ...? അതൊക്കെ ഇത്ര പെട്ടെന്ന് സംഘടിപ്പിക്കാന്‍ പറ്റുമോ...? ഇവിടെയുള്ള പ്രശസ്തരായ ബ്ലോഗേഴ്‌സ്‌ സംഘടിപ്പിച്ച ബ്ലോഗ്‌ മീറ്റ്‌ കഴിഞ്ഞപ്പോഴേക്കും എന്തായിരുന്നു കോലാഹലങ്ങള്‍... ചേരി തിരിഞ്ഞുള്ള ചെളി വാരിയേറ്‌ കണ്ടതല്ലേ...? ഇനി നമ്മളായിട്ട്‌ എന്തിനാ ആവശ്യമില്ലാത്ത പണിക്ക്‌ പോകുന്നത്‌...?"

"ഇതങ്ങനെയല്ല വിനുവേട്ടാ... നമ്മള്‍ സംഘടിപ്പിക്കുന്ന മീറ്റ്‌ കുറച്ച്‌ ദൂരെയാണ്‌... പുലികളുടെയും സിംഹങ്ങളുടെയും ഒന്നും ആക്രമണം ഉണ്ടാകില്ല..."

"ഒന്ന് തെളിച്ച്‌ പറയ്‌ ജിം ... എന്നാലും ഇത്ര പെട്ടെന്ന് എങ്ങനെയാ ഇതൊക്കെ അറേഞ്ച്‌ ചെയ്യുന്നത്‌...?"

"വെള്ളിയാഴ്ച രാവിലെ നമ്മള്‍ മീറ്റിന്‌ പുറപ്പെടുന്നു... വൈകുന്നേരത്തോടെ മീറ്റ്‌ കഴിഞ്ഞ്‌ മടക്ക യാത്രയും ... വെരി സിമ്പിള്‍..."

"തമാശ കളയ്‌ ജിം ... എവിടെയാണ്‌ മീറ്റ്‌...? ഇമ്പാല ഓഡിറ്റോറിയം? ലക്കി ദര്‍ബാര്‍ ...? ഈ അവസാന നിമിഷം ഹാള്‍ കിട്ടുമോ?..."

ജിം ചിരിച്ചു. "എന്റെ വിനുവേട്ടാ, നമ്മുടെ മീറ്റ്‌ പ്രകൃതിയുടെ മടിത്തട്ടിലാണ്‌... ഒരു പക്ഷേ, ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ തന്നെ ഈ സംഭവം കയറിക്കൂടും..."

എന്തായാലും വേണ്ടില്ല, വെള്ളിയാഴ്ചയാണെങ്കില്‍ അവധിയാണ്‌. ഈ ബ്ലോഗ്‌ മീറ്റ്‌ എന്ന് പറയുന്ന സംഭവം എന്താണെന്ന് അറിയാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്‌ കൈവന്നിരിക്കുന്നത്‌. അതിന്റെ വകയില്‍ ഒരു പോസ്റ്റും തല്ലിക്കൂട്ടാം. കുറേ നാളുകളായി തൃശൂര്‍ വിശേഷങ്ങളില്‍ ഒരു പോസ്റ്റിട്ടിട്ട്‌.

"ശരി, സമ്മതിച്ചിരിക്കുന്നു... ഞങ്ങള്‍ രണ്ട്‌ ബ്ലോഗര്‍മാരും ഇപ്പോഴേ പേര്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു... മകനെയും ഒപ്പം കൂട്ടുന്നതില്‍ വിരോധമില്ലല്ലോ...?"

"ഒരു വിരോധവുമില്ല... എന്ന് മാത്രമല്ല, മകനെ കൊണ്ടു വരണമെന്നുള്ളത്‌ നിര്‍ബന്ധവുമാണ്‌..."

"ഓ.കെ... ഇനി പറയൂ, എവിടെയാണ്‌ മീറ്റ്‌...?"

"അതല്ലേ വിനുവേട്ടാ നമ്മള്‍ സംഘടിപ്പിക്കുന്ന ഈ മീറ്റിന്റെ സവിശേഷത... ഇവിടെ നിന്ന് ഏകദേശം 200 കിലോ മീറ്റര്‍ അകലെയുള്ള തായിഫ്‌ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത്‌... സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഷിഫ പര്‍വതത്തിന്റെ നെറുകയില്‍ ..."

"ങ്‌ഹേ...!!!"

ശരിയാണ്‌... ഒരു പക്ഷേ, സമുദ്ര നിരപ്പില്‍ നിന്നും ഇത്രയും ഉയരത്തില്‍ വച്ച്‌ സംഘടിപ്പിക്കുന്ന ആദ്യത്തെ ബ്ലോഗ്‌ മീറ്റായിരിക്കും ഇത്‌.

തായിഫ്‌ എന്ന് കേട്ടിട്ടുണ്ട്‌. സൗദി അറേബ്യയിലെ ഉരുകുന്ന ചൂടിലും കുളിര്‍ കാറ്റ്‌ വീശുന്ന പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചുപട്ടണം. അവസരം ഒത്ത്‌ കിട്ടിയ നിലയ്ക്ക്‌ പോകുക തന്നെ.

"അല്ല, ജിം, ട്രാന്‍സ്പോര്‍ട്ടേഷന്‍ എങ്ങനെയാ...? എല്ലാവരും കൂടി ബസ്സിലാണോ പോകുന്നത്‌...?"

"ബസ്സ് ... ഹേയ്‌... അതൊക്കെ ബുദ്ധിമുട്ടാവും... എല്ലാവര്‍ക്കും വണ്ടിയുള്ള നിലയ്ക്ക്‌ അപ്‌നീ അപ്‌നീ ഗാഡിയോം മേ ജായേംഗേ..."

ഒരു കണക്കിന്‌ അതാണ്‌ നല്ലത്‌... കുടുംബ സമേതം കാഴ്ചകളും ആസ്വദിച്ച്‌ സ്വന്തം വാഹനത്തിലുള്ള യാത്ര.

"ഞങ്ങള്‍ക്ക്‌ സമ്മതം... ആരൊക്കെയാണ്‌ ഈ മീറ്റിലെ പ്രമുഖര്‍ ...? ജിദ്ദയിലെ പുലികളെ മുഴുവനും സംഘടിപ്പിച്ചോ...?"

"എന്റെ വിനുവേട്ടാ, അതല്ലേ നേരത്തെ പറഞ്ഞത്‌, പുലികളും സിംഹങ്ങളും ഒന്നുമുണ്ടാകില്ല എന്ന്... ഈ മീറ്റിലെ പ്രമുഖര്‍ ഇതാ ഇവരൊക്കെയാണ്‌... വിനുവേട്ടന്‍, നീലത്താമര, ജിമ്മി ജോണ്‍ ... പിന്നെ എന്റെ സുഹൃദ്‌വലയത്തിലുള്ള ഒരു കുടുംബവും രണ്ട്‌ സ്നേഹിതരും..."

അങ്ങനെ ജൂലൈ 22ന്‌ ജിദ്ദയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ തായിഫിലെ അല്‍ ഷിഫ പര്‍വ്വത ശിഖരത്തില്‍ മൂന്ന് ബ്ലോഗേഴ്‌സും സുഹൃത്തുക്കളും പങ്കെടുത്ത ബ്ലോഗ്‌ മീറ്റിലെ ചില ചിത്രങ്ങള്‍ ...ആദ്യമായിട്ട് ഒരു ബ്ലോഗ് മീറ്റിന് പോകുകയാ... ദാ, ആ കാറിന്റെ പിന്നാലെ പോയാൽ മതി...


ഒട്ടകങ്ങൾ റോഡ് മുറിച്ച് കടക്കുന്നു. സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ കഥ കഴിഞ്ഞത് തന്നെ...


അൽ ഹദ ചുരത്തിന് മുകളിൽ നിന്നൊരു ദൃശ്യം... ദാ, ആ വഴിയിലൂടെയാണ് നമ്മൾ ഇവിടെയെത്തിയത്...


അൽ ഷിഫ പർവ്വതത്തിന് മുകളിൽ... ആ കാണുന്നതെല്ലാം കുന്തിരിക്കത്തിന്റെ മരങ്ങളാണ്...


രണ്ട് ബ്ലോഗർമാർ ... വിനുവേട്ടൻ എന്ന ഞാനും ജിമ്മി ജോണും...


വിനുവേട്ടാ, നമുക്കിവനെയും ഒരു ബ്ലോഗറാക്കണ്ടേ... ഹേയ്, ഞാൻ അത്തരക്കാരനൊന്നുമല്ല എന്ന് മകൻ...


മൂന്നാമത്തെ ബ്ലോഗറും പ്രിയപത്നിയുമായ നീലത്താമര... ആറായിരം അടി ഉയരത്തിലാണ് നിൽക്കുന്നതെന്ന അഹങ്കാരമൊന്നുമില്ല...


ബ്ലോഗ് ‘ഈറ്റിന്’ കണ്ട് പിടിച്ച പ്രകൃതി രമണീയമായ സ്ഥലം... കുന്തിരിക്ക മരങ്ങളുടെ തണലിൽ അൽപ്പ നേരം...

തണൽ അൽപ്പം കൂടിപ്പോയത് കൊണ്ട് കുറച്ച് കൂടി നല്ല “തീറ്റ സ്ഥലം” തേടിയുള്ള പ്രയാണം...


ഇതിലും ഉയരം കൂടിയ മല വല്ലതും ഉണ്ടായിരുന്നെങ്കിൽ അടുത്ത മീറ്റ് അവിടെ നടത്താമായിരുന്നു...

ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഒരൊറ്റ ബലത്തിലാണ് ഞങ്ങൾ ബൂലോഗ സംഘം തായിഫിലേക്ക് യാത്ര പുറപ്പെട്ടത്...ഈ ബ്ലോഗ് മീറ്റ് യാത്രയുടെ വിശദമായ വിവരണങ്ങൾ ജിമ്മി ഒരേ തൂവൽ പക്ഷികളിൽ ഇട്ടിട്ടുണ്ട്... എല്ലാ ബൂലോഗ സുഹൃത്തുക്കളെയും അങ്ങോട്ടും ക്ഷണിക്കുന്നു.