Tuesday, December 18, 2012

ഈ കലാലയ മുറ്റത്ത് വീണ്ടും



ഊണ് കഴിഞ്ഞ് ഇനിയെന്ത് എന്ന ചിന്തയിൽ തറവാട്ടിൽ അന്യോന്യം നോക്കി വിഷണ്ണരായി ഇരിക്കുമ്പോഴാണ് മൊബൈൽ ചിലച്ചത്. സജീവ്ഭായ് !

“ഹലോ നമസ്കാരം  എത്തിയല്ലേ വിനുവേട്ടാ?” 

“നമസ്കാരം.  ങ്ഹും എത്തി എത്തി വീടൊക്കെ കാണുകയും ചെയ്തൂട്ടോ” നീരസം പ്രകടിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

“ഞാനിവിടെ സൈറ്റിലുണ്ട് ഇങ്ങോട്ട് വാന്ന്

ഈ സൌഹൃദമാണ് ദ്വേഷ്യവും നീരസവുമെല്ലാം അലിയിച്ചു കളയുന്നത്. വീട് പണിയുന്നവനും പണിയിപ്പിക്കുന്നവനും തമ്മിലുള്ള ബിസിനസ് ബന്ധത്തിനുമപ്പുറം ഒരു കുടുംബ സൌഹൃദം തന്നെ രൂപം കൊണ്ടിരിക്കുന്നു കഴിഞ്ഞ രണ്ട് വർഷമായി എന്നതാണ് വാസ്തവം. ശങ്കർജിയോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ഒരു പങ്ക് സജീവ്ഭായിക്കും കുടുംബത്തിനും കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല ഞങ്ങൾക്ക്.

നിഷ്കളങ്കമായ മന്ദഹാസവുമായാണ് സജീവ്ഭായ് ഞങ്ങളെ വരവേറ്റത്.

“പണിക്കാരെ കിട്ടാനുള്ള വിഷമം അതാണ് വൈകിയത്വിഷമിക്കാണ്ടാന്നേയ് ഒരാഴ്ച്ച കൊണ്ട് തീർത്ത് തരാം  കുശലാന്വേഷണങ്ങൾക്ക് ശേഷം സജീവ്ഭായ് പറഞ്ഞു.

“തീർന്നാൽ കൊള്ളാം” സർഗത്തിലെ കുട്ടൻ തമ്പുരാൻ സ്റ്റൈലിൽ വാമഭാഗം പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു പോയി.

* * * * * * * * * * * * * * * *

ഇനിയത്തെ യജ്ഞം കോളേജ് അഡ്മിഷനാണ്. റിസൽറ്റ് അറിഞ്ഞപ്പോൾ തന്നെ സെന്റ് തോമസിലും കേരളവർമ്മയിലും അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തതാണ്. ഇന്റർവ്യൂ സമയം കൂടി കണക്ക് കൂട്ടിയാണ് വെക്കേഷൻ അഡ്ജസ്റ്റ് ചെയ്ത് ജൂണിൽ തന്നെ വന്നിരിക്കുന്നത്.

“കേരളവർമ്മയിൽ കിട്ടിയാൽ നന്നായിരുന്നു” മകന്റെ ആഗ്രഹം.

“അവിടെ എന്നും സമരവും പൊരിഞ്ഞ അടിയുമാണെന്നാണ് കേട്ടത് സെന്റ് തോമസിൽ കിട്ടിയാൽ ചേരുന്നതാണ് നല്ലത് ഞാനൊക്കെ പഠിക്കുമ്പോഴത്തെ പോലെയല്ല മിക്സഡ് ആണിപ്പോൾ” അവൻ മരത്തിൽ കണ്ടത് മാനത്ത് കണ്ടിട്ട് ഞാൻ പറഞ്ഞു.

“ഛേ...  അതുകൊണ്ടല്ല അച്ഛാ” അവന്റെ മുഖത്ത് നാണം.

“അവിടെ കിട്ടുകയാണെങ്കിൽ ചേര് മോനേ നീ അച്ഛന്റെ കോളേജിൽ തന്നെ നിനക്കും പഠിക്കാമല്ലോ” ഭാര്യാജിയുടെ റെക്കമെന്റേഷൻ.

      * * * * * * * * * * * * * * * * * * *

“ഒരു ഇന്റർവ്യൂ കാർഡ്ണ്ട്ട്ടാമോനെവിടെ? അവന്റെ കൈയിൽ തന്നെ കൊടുക്കട്ടെ” പോസ്റ്റ് വുമൺ മകനെ തിരഞ്ഞു.

“അച്ഛാ, സെന്റ് തോമസീന്നാ

“ഇനി മറ്റൊന്നും നോക്കണ്ട അവിടെ തന്നെ ചേര്” വാമഭാഗം.
മാർക്ക് ലിസ്റ്റ്, റ്റി.സി, രണ്ട് ഫോട്ടോ, ഫീസ് ഇത്രയുമായി രാവിലെ  പത്ത് മണിക്ക് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്റർവ്യൂവിന് തലേ ദിവസം തന്നെ ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ  രേഖകളും എടുത്ത് ഫയലിലാക്കി റെഡിയാക്കി വച്ചു അമ്മയും മകനും കൂടി.

* * * * * * * * * * * * * * * * * *

കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്നു. നനഞ്ഞ കുടയും ഫയലും ഒക്കെയായി ബസ്സിനുള്ളിൽ ഞെങ്ങി ഞെരുങ്ങി കോളേജിൽ പോയിരുന്ന കാലം വീണ്ടും ഓർമ്മയിലേക്കോടിയെത്തുകയായിരുന്നു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ. ഒരു ബസ്സ് മിസ്സായാൽ പിന്നെ മുക്കാൽ മണിക്കൂർ കഴിയണമായിരുന്നു അന്നൊക്കെ അടുത്ത ബസ്സ് വരുവാൻ. ഇന്ന് ആ സ്ഥിതിയൊക്കെ പോയ്മറഞ്ഞിരിക്കുന്നു. പത്ത് മിനിറ്റിന് പത്ത് മിനിറ്റിന് ബസ്സുണ്ട് ടൌണിലേക്ക്.

ബസ്സിനുള്ളിലെ തിരക്ക് ഒരു പുതുമയായിരുന്നു മകന്. സൌദിയിലെ സ്കൂൾ ബസ്സിലെ സുഖകരമായ യാത്ര എവിടെ, ചാലയ്ക്കൽ ട്രാൻസ്പോർട്ട്സിലെ തിരക്കിനിടയിലെ യാത്രയെവിടെ കിളിയുടെയും കണ്ടക്ടറുടെയും ഉച്ചത്തിലുള്ള കമ്മ്യൂണിക്കേഷൻ സിസ്റ്റവും യാത്രക്കാരുടെ നാട്ടു വർത്തമാനവും എല്ലാം പുതിയൊരനുഭവം തന്നെയായിരുന്നു അവന്‌.

ബ്ലോക്ക് സ്റ്റോപ്പ് എത്താറായപ്പോഴാണ് തലേദിവസം എടുത്ത് വച്ച ഫയലിനുള്ളിലെ രേഖകളിലേക്ക് വീണ്ടും ഒരു എത്തിനോട്ടം നടത്തിയത്. എല്ലാമുണ്ട് ഫോട്ടോ ഒഴികെ… !!  ബെസ്റ്റ് !

“അല്ല ഫോട്ടോ എടുത്ത് വച്ചില്ലായിരുന്നോ?”

“അയ്യോ അത് മറന്നു പോയല്ലോ

“ഒരു കാര്യം ചെയ്യാം നമുക്കിവിടെ ഇറങ്ങാം പോയി എടുത്തിട്ട് വരാം

മുമ്പിലെത്തിയ ഓട്ടോ പിടിച്ച് തിരികെ വീട്ടിലേക്ക് ശകുനവും ലക്ഷണവും ജ്യോതിഷവും ഒക്കെ വിശ്വസിക്കുന്നവർക്ക് ജീവിതം നായ നക്കി എന്ന് ആകുലപ്പെടുവാൻ ഈ ഒരു സംഭവം മതി. നാനൂറ് മീറ്റർ റിലേ മത്സരത്തിലെന്ന പോലെ വീട്ടിൽ ചെന്ന് ഫോട്ടോയുമെടുത്ത് അടുത്ത ബസ്സിൽ കയറി ടിക്കറ്റെടുക്കുമ്പോൾ ചോദിച്ചു.

“സ്വപ്നയുടെ അവിടെ പോവില്ലേ?”

“ഇല്ല ചേട്ടാ വടക്കേ സ്റ്റാൻഡിലിക്കാ...”

“ശരി...”

ബിനിയുടെ മുന്നിൽ ഇറങ്ങി നടക്കുകയേ മാർഗ്ഗമുള്ളൂ  നടക്കുന്നത് തന്നെയാണ് നല്ലത്. മകന് വഴിയുമൊന്ന് പരിചയമാകട്ടെ. സ്വപ്നയുടെ മുന്നിലെത്തിയപ്പോഴാണ് കാലവർഷം അതിന്റെ ആരവത്തോടെ കോരിച്ചൊരിയുവാൻ തുടങ്ങിയത്.  കുടക്കീഴിലെ യാത്ര ആസ്വദിച്ച് നനഞ്ഞൊലിച്ച് ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം സെന്റ് തോമസിന്റെ അങ്കണത്തിൽ കാലുകുത്തുമ്പോൾ സമയം ഒമ്പതേമുക്കാൽ.

തികച്ചും യാദൃച്ഛികം പ്രീഡിഗ്രിക്ക് ഞാൻ പഠിച്ചിരുന്ന സയൻസ് ബ്ലോക്കിലെ അതേ ക്ലാസ് റൂമിലാണ് ഇന്റർവ്യൂ. പണ്ട് മെൻസ് കോളേജ് ആയിരുന്നപ്പോഴുണ്ടായിരുന്ന വർണ്ണദാരിദ്ര്യമെല്ലാം പോയ്മറഞ്ഞിരിക്കുന്നു. ആൺകുട്ടികളെക്കാൾ ഭൂരിപക്ഷം പെൺകുട്ടികൾക്കാണെന്ന് തോന്നുന്നു ഇപ്പോഴിവിടെ.

അഡ്മിഷൻ നടപടികളെല്ലാം പൂർത്തിയാക്കി പ്രിൻസിപ്പൽ ജെൻസൺ സാറുമായുള്ള ഇന്റർവ്യൂവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലോകം പിടിച്ചടിക്കിയ പ്രതീതി മകന്റെ മുഖത്ത്.

“എന്നാലിനി പോവാല്ലേ?” അവൻ ചോദിച്ചു.

“പോകാൻ വരട്ടെ എന്റെ പഴയ മാഷ്‌മ്മാരെയൊക്കെ ഒന്നു കാണാൻ പറ്റുമോ എന്ന് നോക്കട്ടെ

ഞാൻ ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ജോയ്ൻ ചെയ്ത എം.ഡി വർഗീസ് മാഷ് ഇപ്പോൾ മാത്ത്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് ആണ്. കണക്കിന്റെ കുരുക്കുകൾ വളരെ മനോഹരമായി ലളിതമായി ഞങ്ങളിലേക്ക് പകർന്ന് തന്നിരുന്ന വർഗീസ് മാഷ്

മാത്ത്സ് ഡിപ്പാർട്ട്മെന്റിൽ ചെന്നപ്പോഴാണ് എല്ലാവരും ഇന്റർവ്യൂ നടക്കുന്നയിടത്താണെന്ന് അറിയാൻ കഴിഞ്ഞത്. ശരി എങ്കിൽ അങ്ങോട്ട്..

ഒരു വിദ്യാർത്ഥിയുടെ അപേക്ഷയിൽ ഒപ്പിട്ടിട്ട് തലയുയർത്തിയ മാഷ്, മുന്നിൽ പ്രത്യക്ഷപ്പെട്ട എന്നെക്കണ്ട്  ഒരു നിമിഷം ഓർമ്മകളുടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് എത്തിനോക്കി. പിന്നെ ആ മുഖത്ത് അത്ഭുതം നിറഞ്ഞ മന്ദഹാസം

“ഓർമ്മയുണ്ടോ മാഷേ?”

“എടോ ഇയാളിതെവിടെയാ? തനിക്കൊരു മാറ്റവുമില്ലല്ലടോ

“ഞാനിപ്പോൾ സൌദിയിലാണ് മാഷേ മകനെ ചേർക്കാൻ വന്നതാണ് ഞാൻ വിചാരിച്ചത് മാഷ് തിരിച്ചറിയില്ല എന്നാണ്

“നിങ്ങളുടെയൊക്കെ ബാച്ചിനെ എങ്ങനെ മറക്കാൻ കഴിയുമെടോ ജോസഫ് മാത്യുവിന്റെയും അജിത്‌കുമാർ രാജയുടെയും ഒക്കെ ബാച്ചല്ലേ? B-ബാച്ച്... അന്നത്തെ കുട്ടികളുടെയൊക്കെ സ്നേഹം ഒന്ന് വേറെ തന്നെയായിരുന്നു…”  ഗതകാല സ്മരണകളുടെയും അന്നത്തെ ഗുരുശിഷ്യ ബന്ധത്തിന്റെയും ഒക്കെ ആർദ്രത ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കുവാൻ കഴിയുമായിരുന്നു.

“അജിത് ഇപ്പോൾ ശക്തൻ കോളേജിലെ രാജാവായി വാഴുകയാണ് തൃശൂരിൽ” മാഷ് പറഞ്ഞു.

“നമ്മുടെ മൈനർ ആന്റണി മാഷൊക്കെ എന്തു പറയുന്നു മാഷേ?”

“മാഷ് മരിച്ചു പോയെടോ അന്നത്തെ മാഷ്‌മ്മാരിൽ പലരും ഇന്നില്ല ഇംഗ്ലീഷ് ഡിപ്പാർട്ടെമെന്റിലെ മുരളി മാഷ് മലയാളത്തിലെ ചുമ്മാർ ചൂണ്ടൽ മാഷ് അങ്ങനെ പലരും

“ഫിസിക്സിലെ എം.കെ മേനോൻ മാഷ് എന്ത് പറയുന്നു?”

“ആളിപ്പോഴും ട്യൂഷനിൽ സജീവമാണ് അതു പോലെ ജയറാം മാഷും

മേനോൻ മാഷ്ടെ “മരോട്ടിത്തലയൻ“, “പിണ്ണാക്ക് തലയൻ“, ജയറാം മാഷ്ടെ “കൊശവൻ” എന്നീ വിളികൾ കേൾക്കാതെ പഠിച്ചവർ അന്ന് കാലത്ത് വിരളമായിരിക്കും.

“കാണാൻ വന്നതിൽ വളരെ സന്തോഷമുണ്ടെടോ ഇതൊക്കെയാണ് പഴയ വിദ്യാർത്ഥികളും ഇന്നത്തെ വിദ്യാർത്ഥികളും തമ്മിലുള്ള വ്യത്യാസം കാണാം ഇനിയും കുറച്ച് തിരക്കിലാ ഇന്റർവ്യൂ നടക്കുകയാ

മാഷോട് യാത്ര പറഞ്ഞിട്ട് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്ക് നടന്നു. ഭാഗ്യം രാംകുമാർ മാഷ് അവിടെത്തന്നെയുണ്ട്. മാഷും ഡിപ്പാർട്ട്മെന്റ് ഹെഡ്ഡാണിപ്പോൾ.

“അറിയുമോ മാഷേ?”

“എടോ താനോ.?”  അവിശ്വസനീയതയോടെ കൈകളിൽ പിടിച്ച് കണ്ണുകളിലേക്ക് നോക്കി നിന്നു മാഷ്

“തന്റെ ചിരി കണ്ടപ്പോഴേ എനിക്ക് ഓർമ്മയിലെത്തി എന്താടോ ഇപ്പോൾ ഇവിടെ...?”

“മകനെ ചേർക്കാൻ വന്നതാണ് മാഷേ

“ഏതാ സബ്ജക്റ്റ്?”

“ഇക്കണോമിക്സ്

“ഡേവിസ് മാഷെ കണ്ടില്ലേ?”

“കണ്ടു മാഷേ അഡ്മിഷൻ എല്ലാം ഓ.കെ ആയി

“ഇയാൾ എന്റെ ഒരു പഴയ സ്റ്റുഡന്റാണ് മിഡ് എയ്റ്റീസ് ശരിയല്ലേടോ?” മാഷ് സഹപ്രവർത്തകർക്ക് എന്നെ പരിചയപ്പെടുത്തി.

“അന്നത്തെ കുട്ടികളുടെ സ്നേഹവും ബഹുമാനവും ഒന്നും ഇന്നത്തെ കുട്ടികൾക്കില്ലെടോ... അതൊക്കെ ഒരു കാലം
    
ആ വാത്സല്യത്തിന് മുന്നിൽ ഞാൻ ഇരുപത്തിയെട്ട് – മുപ്പത് വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ച് ആ കലാലയത്തിൽ ചെലവഴിച്ച സുവർണ്ണ കാലത്തിന്റെ ചിറകിലേറി.

കോളേജ് ഭരണാധികാരികളെ ഞെട്ടിച്ചുകൊണ്ട് എസ്. എഫ്. ഐ യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് യൂണിയൻ ചെയർമാനായ ഫാദർ സി.ടി ജോസ് ഇംഗ്ലീഷ് സാഹിത്യത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി വേർഡ്സ്‌വർത്തിനെയും കീറ്റ്സിനെയും ബ്രൌണിങ്ങിനെയും കാണിച്ചു തന്ന വി.ജി.നാരായണൻ മാഷ് മാക്ബത്തിലൂടെ ഷെയ്ക്സ്പീരിയൻ ലിറ്ററേച്ചർ അഭിനയിച്ച് ഫലിപ്പിക്കുമായിരുന്ന രാമചന്ദ്രൻ മാഷ് സ്റ്റോം വാണിങ്ങിലൂടെ ഹീറോ ആയി മാറിയ പോൾ പഴയാറ്റിൽ മാഷ് “മിസ്റ്റർ C.V.C ഉണ്ണി ഇനി ക്ലാസിൽ വരേണ്ടതില്ല” എന്ന് ഏതോ കുസൃതിക്കാരൻ ബോർഡിൽ എഴുതി വച്ചിരിക്കുന്നത് കണ്ട് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ മലയാളം അദ്ധ്യാപകൻ സി.വി. ചേറുണ്ണി മാഷ് അങ്ങനെ പ്രീയപ്പെട്ട എത്രയോ അദ്ധ്യാപകർ

വർഷങ്ങൾക്ക് ശേഷം വീണ്ടും എന്റെ പ്രിയകലാലയത്തിന്റെ മുറ്റത്ത് നിൽക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. ജീവിച്ചിരിക്കുന്നവരും മൺ‌മറഞ്ഞവരും ആയ എല്ലാ അദ്ധ്യാപകർക്കും എന്റെ കൂപ്പുകൈ അന്ന് ഒപ്പമുണ്ടായിരുന്ന എല്ലാ സഹപാഠികൾക്കും കൂപ്പുകൈനിങ്ങളുടെയെല്ലാം ഹൃദയതാളം ഞാനറിയുന്നു