Saturday, August 24, 2013

മദിരാശീയം - 1



ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം പെട്ടെന്നൊരു നാൾ അപ്രതീക്ഷിതമായി പഴയ ഒരു സുഹൃത്ത് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും മാനസികാവസ്ഥ? അതും വർഷങ്ങളായി ഞാൻ തേടിക്കൊണ്ടിരുന്ന വ്യക്തിഅതായിരുന്നു കഴിഞ്ഞയാഴ്ച്ച സംഭവിച്ചത്ഫെയ്സ്ബുക്കിന്റെ മുറ്റത്ത് വച്ച് നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം അവനെ ഞാൻ കണ്ടുമുട്ടി. ആ സുഹൃത്ത് ആരായിരുന്നു എന്നറിയാൻ അത്രയും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചേ പറ്റൂ

ബിരുദപഠനം കഴിഞ്ഞ് നളന്ദ ഇൻസ്റ്റിട്യൂട്ടിൽ കണക്ക് മാഷായി സൌജന്യ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രക്ഷപെടണമെങ്കിൽ നാട്ടിൽ നിന്നിട്ട് രക്ഷയില്ല എന്ന ബോധോദയമുണ്ടായത്. മൂന്ന് വർഷം കൊണ്ട് എൻ‌ജിനീയർ ആവാം എന്ന മോഹനവാഗ്ദാനവുമായുള്ള പത്ര പരസ്യം കണ്ട് മദിരാശിയിലെ HIET (Hindustan Institute of Engineering Technology) യിൽ AMIE ക്ക് ചേരുന്നത് അങ്ങനെയാണ്.

1984 ജൂലൈയിലെ ഒരു പുലർകാലത്ത് ഒരു കൈയിൽ സ്യൂട്ട്കെയ്സും മറുകൈയിൽ കോസടി കിടക്കയുമായി മദ്രാസ് സെൻ‌ട്രലിൽ നമ്പർ 20 മദ്രാസ് മെയിലിൽ വന്നിറങ്ങുമ്പോൾ ആകെക്കൂടി അറിയുന്ന തമിഴ് “സെയ്ദാപ്പേട്ടൈ പോകും ബസ്സ് എങ്കെ കിടൈയ്ക്കും“ എന്നത് മാത്രമായിരുന്നു. സെയ്ദാപ്പേട്ടൈയിൽ നിന്നും ഗിണ്ടി വഴി താംബരത്തേക്ക് പോകുന്ന ബസ്സിൽ കയറി HIET യുടെ മുന്നിൽ ഇറങ്ങാനാണ് നിർദ്ദേശം.

സെൻ‌ട്രൽ സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന് വിശാലമായ ടാക്സി സ്റ്റാന്റിൽ നിന്നിരുന്ന ഒരു പോലീസ്കാരനോട് പലവട്ടം ഉരുവിട്ട് ഹൃദിസ്ഥമാക്കി വച്ചിരുന്ന ആ ചോദ്യം രണ്ടും കൽപ്പിച്ച് അങ്ങ് കാച്ചി. മദിരാശിയിൽ ഏത് മനുഷ്യജീവിയെയും അഭിസംബോധന ചെയ്യുമ്പോൾ “സാർ“ അല്ലെങ്കിൽ “അയ്യാ” എന്ന് വേണം തുടങ്ങാനെന്ന് മേൽപ്പറഞ്ഞ തമിഴ് പഠിപ്പിച്ച  ഉറ്റ സുഹൃത്ത് പ്രത്യേകം ചട്ടം കെട്ടിയിരുന്നു.

“സാർ സെയ്ദാപ്പേട്ടൈ പോകും ബസ്സ് എങ്കെ കിടൈയ്ക്കും?“

തലങ്ങും വിലങ്ങും പല്ലവൻ ട്രാൻസ്പോർട്ട്സിന്റെ ബസ്സുകൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിലേക്ക് അയാൾ കൈ ചൂണ്ടി.

“അങ്കെ

റോഡിനടിയിലെ ‘ചുരങ്കപാതൈ‘യിലൂടെ മറുവശത്തെത്തി അൽപ്പനേരം സ്ഥിതിഗതികൾ വിലയിരുത്തിയപ്പോഴാണ് അക്കാര്യം മനസ്സിലായത്. എല്ലാ ബസ്സുകളും ഒരേ സ്റ്റോപ്പിൽ അല്ല നിർത്തുന്നത്. ഓരോ ഇടങ്ങളിലേക്കുമുള്ള ബസ്സുകൾക്കും പ്രത്യേകം നമ്പറുകളും നിർത്തുവാൻ സ്റ്റോപ്പുകളുമുണ്ട്. എന്തായാലും ഞാൻ നിന്നിരുന്ന ഷെൽട്ടറിനു മുന്നിൽ തന്നെയാണ് തമിഴിനൊപ്പം SAIDAPET എന്ന് ഇംഗ്ലീഷിലും എഴുതി നെറ്റിയിലൊട്ടിച്ച പല്ലവന്റെ ബസ്സ് നമ്പർ 18 വന്ന് നിന്നത്. ഭാഗ്യം

നാട്ടിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇടത് വശത്തെ സീറ്റുകളാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. ഇവിടെ ഇതാ ഇടത്‌ഭാഗത്തുള്ള സീറ്റുകൾ അത്രയും വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു! ബസ്സുകളിലെങ്കിലും സോഷ്യലിസം വന്നുവല്ലോ ആശ്വാസം

മൌണ്ട് റോഡിലെ വലിയ കെട്ടിടങ്ങൾക്കും സിനിമാ ഹോർഡിങ്ങുകൾക്കും ഇടയിലൂടെ സെയ്ദാപേട്ടൈ ലക്ഷ്യമാക്കി നീങ്ങുന്ന ബസ്സിന്റെ വലതുവശത്തെ സൈഡ് സീറ്റിൽ ഇരുന്ന് മദിരാശി നഗരം വീക്ഷിക്കുകയായിരുന്നു ഞാൻ. നുങ്കമ്പാക്കം ഹൈറോഡിന് മുകളിലൂടെയുള്ള ഫ്ലൈഓവർ കേരളത്തിൽ നിന്നും വരുന്ന ഒരാൾക്ക് അന്നൊരു വിസ്മയം തന്നെയായിരുന്നു.  

കാഴ്ച്ചകളുടെ ബാഹുല്യത്തിൽ അവസാന സ്റ്റോപ്പായ സെയ്ദാപേട്ടയിൽ എത്തിയത് അറിഞ്ഞില്ല. ഇനി താംബരത്തേക്കുള്ള ബസ്സ് കണ്ടുപിടിക്കണം. കണ്ടക്ടറോട് തന്നെ ചോദിക്കാം.

“സാ‍ർ താംബരം പോകും ബസ് എങ്കെ കിടൈയ്ക്കും?”

“ഇങ്കൈയേ നിൻ‌ട്രാൽ പോതും 18A നമ്പർ വരുമ്പോത് ഏറിടുങ്കെ സരി എങ്ക പോണും ഉങ്കളുക്ക്?” എന്റെ പെട്ടിയും കിടക്കയും ഒക്കെ കണ്ട് സഹതാപം തോന്നിയിട്ടായിരിക്കണം അയാൾ ചോദിച്ചു.

സംഭവം തമിഴാണെങ്കിലും അതിന്റെ അർത്ഥം പിടി കിട്ടി എന്നത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

“സെന്റ് തോമസ് മൌണ്ട് HIET  അത്രയും പറയാൻ തമിഴ് അറിയണമെന്നില്ലല്ലോ.

“അപ്പടിയാ HIET പോണും‌ന്നാ അതോ അന്ത ബസ്സിൽ ഏറിടുങ്കെ” തൊട്ടു മുന്നിൽ പോകാൻ തയ്യാറായി നിന്നിരുന്ന 53H ബസ്സ് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.

ഒന്ന് സംശയിച്ച് ആ ബസ്സിന്റെ പിറകിലെ ബോർഡിൽ താംബരം എന്നാണോ എഴുതിയിരിക്കുന്നത് എന്ന് നോക്കി. അല്ല പൂനമല്ലി എന്നോ മറ്റോ എഴുതിയിരിക്കുന്നു പൂനമല്ലി എങ്കിൽ പൂനമല്ലി HIET വഴിയാണല്ലോ പോകുന്നത്. കയറുക തന്നെ.

ടിക്കറ്റ് വാങ്ങുമ്പോൾ കണ്ടക്ടറോട് മണിപ്രവാളത്തിൽ പറഞ്ഞു. “സാർ ഇടം തെരിയില്ല ചൊല്ലണം

ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ ഓരോ സ്റ്റോപ്പും ഏതാണെന്ന് നോക്കി വായിച്ച് ഉറപ്പുവരുത്തുകയായിരുന്നു ഞാൻ. ചിന്നമലൈയും ഗിണ്ടിയും കഴിഞ്ഞ് ബസ്സ് മുന്നോട്ട് നീങ്ങുമ്പോൾ കണ്ടക്ടർ പറഞ്ഞു.

“അടുത്ത സ്റ്റോപ്പ് താൻ HIET

സമാധാനമായി... അയാൾ എന്റെ കാര്യം മറന്നിട്ടില്ല. പതുക്കെ എഴുന്നേറ്റ് പെട്ടിയും കിടക്കയും കൈയിലെടുത്ത് നിൽക്കവേ സൈഡ് ഗ്ലാസിലൂടെ അധികം അകലെയല്ലാതെ ആ ബോർഡ് കണ്ടു. Hindustan Institute of Engineering Technology.

ബസ്സ് നിർത്താറാവുമ്പോഴേക്കും ഇറങ്ങണം. തിരക്കിനിടയിലൂടെ പെട്ടിയും കിടക്കയുമായി വാതിൽക്കൽ എത്തണമെങ്കിൽ ഇപ്പോഴേ നീങ്ങിയേ പറ്റൂ. തൃശൂരിലെ സ്വകാര്യ ബസ്സുകളിൽ എവിടെയും പിടിക്കാതെ ബാലൻസ് ചെയ്ത് നിന്ന് യാത്ര ചെയ്യാൻ ശീലമായ എനിക്കാണോ അതിന് ബുദ്ധിമുട്ട്   ആൾത്തിരക്കിനിടയിലൂടെ പിൻ‌വാതിലിന് നേർക്ക് നീങ്ങുമ്പോൾ ആരുടെയോ കാലിൽ പെട്ടി തട്ടി.

“എന്നയ്യാ ഇത് പാത്ത് പോകക്കൂടാതാ…? എങ്കിരുന്ത് വര്‌റാൻ ഇവൻ...!”

മറുനാട്ടിൽ വന്നിട്ട് ആദ്യമായി കേൾക്കുന്ന ശകാരം കേൾക്കുകയല്ലാതെ വഴിയില്ലല്ലോ ഒരു നാൾ ഞാനും പഠിക്കും തമിഴ്

ബസ്സിൽ നിന്ന് ഇറങ്ങി പെട്ടിയും കിടക്കയും ഒക്കെ നിലത്ത് വച്ചിട്ട് പരിസരമാകെ ഒന്ന് വീക്ഷിച്ചു. ഇതെന്ത് മറിമായം…! എവിടെ HIET? ബസ്സിന്റെ ജനലിലൂടെ അൽപ്പം മുമ്പ് കണ്ടതായിരുന്നല്ലോ ആ വലിയ ബോർഡ്

ബാങ്ക് ഓഫ് ബറോഡയുടെ സെന്റ് തോമസ് മൌണ്ട് ബ്രാഞ്ചിന് മുന്നിലാണ് ഇറങ്ങിയിരിക്കുന്നത്. ഓ അത് ശരി അപ്പോൾ HIET യും കടന്ന് അല്പ ദൂരം മുന്നിലായിരിക്കണം ഈ ബസ്സ് സ്റ്റോപ്പ്. സാരമില്ല കുറച്ച് പിറകോട്ട് നടന്നാൽ മതിറോഡിന്റെ മറുവശത്തായിരുന്നു നേരത്തെ കോളേജിന്റെ ബോർഡ് കണ്ടത്. ഇനിയൊന്നും ആലോചിക്കാനില്ല. റോഡ് മുറിച്ചുകടന്ന് പെട്ടിയും കിടക്കയുമായി വന്ന വഴിയേ തിരിച്ചു നടന്നു.

പത്ത് മിനിറ്റ് നടന്നിട്ടും കോളേജോ കോളേജിന്റെ ബോർഡോ ആ പരിസരത്തെങ്ങും കാണാൻ കഴിയുന്നില്ല. മാത്രമല്ല, റോഡിനിരുവശത്തും ഒരൊറ്റ കെട്ടിടം പോലും ഇല്ല. വഴി തെറ്റിയോ ഞാനിതെങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്! ഭാഗ്യം ഒരു മദ്ധ്യവയസ്കൻ എതിരെ വരുന്നുണ്ട്  ചോദിക്കാം

“എക്സ്ക്യൂസ് മി സർ വേർ ഈസ് HIET?”

“ഇഫ് യൂ ആർ ഗോയിങ്ങ് റ്റു HIET, വേർ ആർ യൂ ഗോയിങ്ങ് ദിസ് വേ? ദിസ് റോഡ് ഈസ് റ്റു അശോക് നഗർ ജസ്റ്റ് ടേൺ ബാക്ക് ആന്റ് ലുക്ക്” എന്റെ പിന്നിലേക്ക് അയാൾ കൈ ചൂണ്ടി.

ഇതെന്ത് അത്ഭുതം! ബസ്സിൽ വച്ച് ഞാൻ കണ്ട ആ ബോർഡ് അതാ അവിടെ അവിടെ എത്തണമെങ്കിൽ ഇനി ഒരു പത്ത് മിനിറ്റ് തിരികെ നടന്നേ മതിയാവൂ ഇപ്പോൾ എല്ലാം വ്യക്തമാകുന്നു

ബസ്സിനുള്ളിൽ വച്ച് ഞാൻ ആ ബോർഡ് കണ്ട സ്ഥലത്തു നിന്നും കോളേജ് എത്തുന്നതിന് തൊട്ടുമുമ്പായി ഒരു റൌണ്ട് എബൌട്ട് ഉണ്ട് അവിടെ നിന്നും ഒരു റോഡ് കോളേജിന്റെ മുന്നിലൂടെ താംബരത്തേക്കും മറ്റൊരു റോഡ് കോളേജിന്റെ പിന്നിലൂടെ പൂനമല്ലിയ്ക്കും വഴിപിരിയുന്നു. റൌണ്ട് എബൌട്ടിന് അഭിമുഖമായിട്ടാണ് എന്നെ കുഴക്കിയ ആ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോളേജിന്റെ പിൻ‌ഭാഗത്തെ ഗെയ്റ്റിന് മുന്നിലായിരുന്നു ഞാൻ ബസ്സിറങ്ങിയത്. പെട്ടിയും കിടക്കയുമായി വെറുതേ രാവിലെ ഇരുപത് മിനിറ്റ് ഒരു കാര്യവുമില്ലാതെ നടന്നത് മിച്ചം


(തുടരും)


വാൽക്കഷണം  -  കത്തിപ്പാറ ജംഗ്ഷൻ എന്ന അന്നത്തെ ആ റൌണ്ട് എബൌട്ടിന്റെ സ്ഥാനത്ത് പിൽക്കാലത്ത് എപ്പോഴോ ഫ്ലൈ ഓവർ നിർമ്മിച്ച് വാഹനഗതാഗതം സുഗമമാക്കിയിരിക്കുന്നു എന്ന് ഗൂഗിൾ എർത്ത് പറയുന്നു.

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Thursday, July 18, 2013

നന്നു മിയായുടെ ഡിന്നർ



“രാജുവേട്ടാ, ഓർമ്മയുണ്ടോ?”

കത്രികയ്ക്കും ചീപ്പിനും ഒരു നിമിഷം വിശ്രമം നൽകി രാജുവേട്ടൻ തലയുയർത്തി വെള്ളെഴുത്ത് കണ്ണാടിയുടെ മുകളിലൂടെ എന്നെ നോക്കി. പിന്നെ മുഖത്ത് പുഞ്ചിരി വിടർന്നു.

“കണ്ടിട്ട് വർഷങ്ങളായല്ലോതാൻ എന്നാ വന്നത്?”

“വന്നിട്ട് ഒരു മാസമാകുന്നു രാജുവേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

“ഇവിടെ ഇങ്ങനെയൊക്കെ പോകുന്നു താനിപ്പോൾ എവിടെയാ?”

“സൌദിയിൽ തന്നെ...  പിന്നെ, രാജുവേട്ടാ, മുടിയൊന്ന് വെട്ടണല്ലോ തിരക്കാണോ? ”

“ഏയ്, ഇന്ന് ഇത്തിരി കുറവാണ് ദാ ഇവനും കൂടിയേ ഉള്ളൂ” കസേരയിൽ ഇരിക്കുന്ന ബംഗാളിയുടെ തലയിൽ പണി പുനരാരംഭിച്ചുകൊണ്ട് രാജുവേട്ടൻ പറഞ്ഞു.

പുഴക്കൽ പാടത്ത് ശോഭാ സിറ്റി പ്രോജക്റ്റ് വന്നതിൽ പിന്നെ രാജുവേട്ടന്റെ ബിസിനസ് തെളിഞ്ഞു എന്ന് പറഞ്ഞാൽ മതി. വർഷങ്ങളായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രോജക്റ്റിലെ തൊഴിലാളികൾ മുഴുവനും അന്യസംസ്ഥാനക്കാരാണ്. പശ്ചിമ ബംഗാൾ, ഒറീസ്സ, ബിഹാർ എന്നിവിടങ്ങളിൽ നിന്നും വന്നവർ. ഞങ്ങളുടെ ഗ്രാമത്തിലാണ് ശോഭ ബിൽഡേഴ്സ് അവർക്കുള്ള താമസ സൌകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നത്.  

മൂന്ന് നാല് വർഷങ്ങളായി അവരുമായുള്ള നിരന്തര സമ്പർക്കത്തിന്റെ ഫലമായി ഗ്രാമവാസികളിൽ മിക്കവർക്കും ഇപ്പോൾ അത്യാവശ്യം ഹിന്ദി കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. “ഹെ”, “ഹും”, “ഹൈ” ഒക്കെ കൂട്ടിക്കുഴച്ച് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ലാലേട്ടനെപ്പോലെ.

“കിത്ത്നാ ഹെ ഭൊയ്യാ?” കണ്ണാടിയിൽ നോക്കി തന്റെ സൌന്ദര്യം വിലയിരുത്തിയിട്ട് ആ ബംഗാളി പയ്യൻ ചോദിച്ചു.

“പച്ചാസ്,  ഡാ

“പൊച്ചാസ് ബൊഹോത് സ്യോദാ ഹെ ഭൊയ്യാ ചോലീസ് ദേഗാ ഹം 

 “നഹീ ചലേഗാ ഡാ പച്ചാസ് തന്നിട്ട് പോടാ” രാജുവേട്ടൻ തന്റെ മുറി ഹിന്ദി പുറത്തെടുത്തു.

ഗത്യന്തരമില്ലാതെ അമ്പത് രൂപ കൊടുത്തിട്ട് അവൻ കുട നിവർത്തി മഴയത്തേക്കിറങ്ങി.

“അപ്പോൾ രാജുവേട്ടൻ ഹിന്ദിയൊക്കെ പഠിച്ചുവല്ലേ?” രാജുവേട്ടൻ ടവൽ പുതപ്പിച്ച് തലയിൽ വെള്ളം സ്പ്രേ ചെയ്യവെ ഞാൻ ചോദിച്ചു.

“അതിനൊക്കെയാണോ ഇത്ര പാട്? മലയാളവും പിന്നെ അറിയുന്ന കുറച്ച് ഹിന്ദി വാക്കുകളും ഒക്കെ കൂട്ടിച്ചേർത്ത് അങ്ങടൊരു തട്ട് അവർക്കും മനസ്സിലാവും നമ്മക്കും മനസ്സിലാവും

“അത് ശരിയാ രാജുവേട്ടാ കഴിഞ്ഞ ദിവസം മഠത്തിന്റെ മുന്നിലെ ആ ചെറിയ പെട്ടിക്കടയിലെ ചേടത്തിയാര് ബംഗാളികളെ ഹിന്ദിയിൽ വിരട്ടുന്നത് കേട്ടു ഇവര് വന്നത് കൊണ്ട് ആൾക്കാര് ഹിന്ദി പഠിച്ചു

“അതെ ഭൂതോം ഭാവീം വർത്തമാനോം വ്യാകരണോം ഒക്കെ ആര് നോക്കുന്നു കാര്യം മനസ്സിലായാൽ പോരേ അത്രയേയുള്ളൂ

മുടി വെട്ടിക്കഴിഞ്ഞ് ചാറ്റൽ മഴയത്ത് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ രാജുവേട്ടന്റെ വാക്കുകളായിരുന്നു മനസ്സിൽ. കാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ?

കമ്പനിയിൽ ആദ്യമായി ബംഗാളികളെ റിക്രൂട്ട് ചെയ്ത കാലം നമ്മുടെ രാജുവേട്ടന്റെ കാര്യം പറഞ്ഞത് പോലെ തന്നെ ഹിന്ദിയുടെ വ്യാകരണത്തിൽ ബംഗാളികളിൽ അധികം പേരും പിന്നാക്കം തന്നെയായിരുന്നു. ഇംഗ്ലീഷിലും പരിജ്ഞാനം നന്നേ കമ്മിയായിരുന്നതിനാൽ അവരിൽ അധികം പേരും തങ്ങളാൽ കഴിയുന്ന പോലെ ഹിന്ദി ഭാഷ ഉപയോഗിച്ച് ഇന്ത്യക്കാരുമായി ഇടപഴകുവാൻ ശ്രമിച്ചു.

ഇ.ഡി.പി ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്ത ‘നന്നുമിയാ’യുമായി വളരെ പെട്ടെന്നാണ് ബിഹാർ സ്വദേശിയായ കമ്പ്യൂട്ടർ പ്രോഗ്രാമർ അൾത്താഫ് ഹുസൈൻ അടുത്തത്. സൌഹൃദം വളർന്ന് പന്തലിച്ച് ഒരു നാൾ നമ്മുടെ ബിഹാറി ഭയ്യ, നന്നുമിയായെയും കുടുംബത്തെയും ഡിന്നറിന് ക്ഷണിച്ചു. കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്ന അൾത്താഫ് ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിച്ചു.

“ആവോ ഭായ് ആവോഅപ്‌നാ ഘർ സമഝ്കർ ആവോ  ബിഹാറി ഭയ്യ സ്വാഗതവചനമോതി.

ബിഹാറി ഭയ്യയുടെ പത്നി നന്നുവിന്റെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി.

കൊച്ചു വർത്തമാനങ്ങൾക്ക് ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അൾത്താഫ് തന്റെ ആതിഥ്യമര്യാദ ആവോളം പ്രകടിപ്പിച്ചു.

“ഖാവോ ഖാവോ  ഖൂബ് ഖാവോ അപ്‌നാ ഘർ സമഝ്കർ ഖാവോ

മനം നിറയെ ഊട്ടിക്കൊണ്ടിരിക്കുന്ന അൾത്താഫിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ നന്നുമിയായുടെയും കുടുംബത്തിന്റെയും മനം കുളിർന്നു.

“ഓർ ഖാവോ പേഡ് ഭർകെ ഖാവോബാക്കി ന രഖ്നാ  ശരം നഹീ ആനേ കാ...”

ആവശ്യത്തിലും അധികം അകത്താക്കി സംതൃപ്തിയോടെ മടങ്ങുമ്പോൾ ബിഹാറി ഭയ്യയെയും കുടുംബത്തെയും വിളിച്ച് പകരം ഒരു ഡിന്നർ കൊടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു നന്നുമിയായുടെയും കുടുംബത്തിന്റെയും മനസ്സിൽ. ഹിന്ദിയുടെ വ്യാകരണങ്ങളൊന്നും അത്ര പോരെങ്കിലും അൾത്താഫ് ആതിഥ്യമര്യാദ പ്രകടിപ്പിക്കുവാനുപയോഗിച്ച വാക്യങ്ങളൊക്കെ നന്നുമിയാ മനസ്സിൽ കോറിയിട്ടു. ഒട്ടും മോശമാകാൻ പാടില്ലല്ലോ

അടുത്ത വെള്ളിയാഴ്ച്ച നന്നുമിയായുടെയും കുടുംബത്തിന്റെയും ഊഴമായിരുന്നു. ബിഹാറി ഭയ്യയുടെ കാർ താഴെ റോഡിൽ പാർക്ക് ചെയ്യുന്നത് ജാലകത്തിലൂടെ കണ്ട നന്നുമിയാ ഹാളിലൂടെ പാഞ്ഞെത്തി മെയിൻ ഡോർ തുറന്ന് പിടിച്ച് റെഡിയായി നിന്നു.

സ്റ്റെയർകെയ്സിലൂടെ മുന്നിലെത്തിയ അൾത്താഫിനെയും കുടുംബത്തെയും കണ്ട നന്നുമിയാ പുഞ്ചിരിയോടെ സ്വാഗത വചനമോതി.

“ആത്തേ ഹെ ആത്തേ ഹേ അപ്‌നാ ഘർ സമഝ്കർ ആത്തേ ഹെ

മനസ്സിൽ ഒരു ചെറിയ കല്ലുകടി അനുഭവപ്പെട്ടുവെങ്കിലും നന്നുമിയായുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടതോടെ ബിഹാറി ഭയ്യ ഉള്ളിലേക്ക് കാലെടുത്തു വച്ചു. നന്നുമിയായുടെ പത്നി ബിഹാറി ഭയ്യയുടെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടു പോയി.

കൊച്ചു വർത്തമാനങ്ങൾക്ക് ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ നന്നുമിയാ തന്റെ ആതിഥ്യമര്യാദ ആവോളം പ്രകടിപ്പിച്ചു.

“ഖാത്തേ ഹെ ഖാത്തേ ഹെ ഖൂബ് ഖാത്തേ ഹെ അപ്‌നാ ഘർ സമഝ്കർ ഖാത്തേ ഹെ

ബിഹാറി ഭയ്യ പാത്രത്തിൽ നിന്ന് തലയുയർത്തി തന്റെ പത്നിയെ ഒന്ന് നോക്കി. അതേ നിമിഷം തന്നെ തലയുയർത്തിയ അയാളുടെ പത്നി ജാള്യതയോടെ വീണ്ടും തല താഴ്ത്തി.

നന്നുമിയായുടെ മുഖത്തെ ബഹുമാനവും സൽക്കാരവ്യഗ്രതയും കണ്ട ബിഹാറി ഭയ്യ വീണ്ടും ഭക്ഷണത്തിൽ ശ്രദ്ധയൂന്നി.

“ഓർ ഖാത്തേ ഹെ പേഡ് ഭർകെ ഖാത്തേ ഹെബാക്കി നഹീ രഖ്ത്തേ ശരം നഹീ ആത്തേ

രണ്ട് പേരുടെയും ഭാര്യമാർ അവിടെ സന്നിഹിതരായിരുന്നതിനാലും ബംഗാളിയുടെ ഭാഷാനൈപുണ്യം ബിഹാറി ഭയ്യയ്ക്ക് നേരത്തെ അറിയാമായിരുന്നതുകൊണ്ടും അനിഷ്ടസംഭവങ്ങളൊന്നും അവിടെ സംഭവിച്ചില്ല എന്നതാണ് സത്യം.

ഇനി പറയൂകാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ?

Friday, April 19, 2013

തൂവൽ തേടി ഒരു യാത്ര


അവസാനമില്ലാത്ത ജോലി അതങ്ങനെയാണ് ഡിപ്പാർട്ട്മെന്റിൽ ആരെങ്കിലും വെക്കേഷനിൽ ആണെങ്കിൽ പകരത്തിനൊരാൾ എന്നൊരു സംവിധാനം ഞങ്ങളുടെ നിഘണ്ടുവിൽ മഷിയിട്ട് നോക്കിയാൽ കാണുവാൻ കഴിയില്ല. സൌദിയല്ലേ രാജ്യം മുദ്രാവാക്യം വിളിച്ച് മാനേജരെ ഘെരാവോ ചെയ്യാൻ കഴിയില്ലല്ലോ. എങ്ങനെയും ആഞ്ഞ് പിടിച്ചാലേ അത്യാവശ്യത്തിനുള്ള ജോലി തീർത്ത് ഇരുട്ടുമ്പോഴേക്കും വീട്ടിലെത്താൻ സാധിക്കൂ.

മൊബൈൽ ചിലയ്ക്കാൻ കണ്ട സമയം ഫോണുകൾ റിങ്ങ് ചെയ്യുന്ന ശബ്ദം കേൾക്കുന്നതേ വെറുപ്പാണ്. നമ്മുടെ സുഖവിവരം അന്വേഷിക്കുവാണ് ഇവരൊക്കെ വിളിക്കുന്നതെന്നാണോ വിചാരിച്ചത്? ഓരോ കോളും ഓരോ അസൈൻ‌മെന്റ് ആണ് ഹൌ ആർ യൂ? ഹൌ ഈസ് യുർ ഫാമിലി? എന്നൊക്കെയുള്ള സുഖിപ്പിക്കലിൽ തുടങ്ങി വച്ച് കുരിശുകൾ ഓരോന്നായി ചുമലിൽ എടുത്ത് വച്ച് തന്നിട്ട് അവസാനത്തെ ആ ചോദ്യം കേൾക്കുമ്പോഴാണ് ചൊറിഞ്ഞ്  വരിക. “ക്യാൻ ഐ ഹാവ് ഇറ്റ് ഇൻ വൺ അവർ…?

മനസ്സില്ലാ മനസോടെ മൊബൈൽ എടുത്തു നോക്കി. ഹാവൂ സമാധാനം കുട്ടപ്പചരിതം ജിമ്മി ജോൺ

“തിരക്കിലാണോ അണ്ണാ…? പതിവ് മെയിൽ ഇന്ന് കണ്ടില്ലല്ലോ ?”

“ശ്വാസമെടുക്കുവാൻ സമയമില്ല ജിം.. ഒരുത്തൻ എമർസഞ്ചിയിലാണ് എമർജൻസി വെക്കേഷൻ പോകുന്നവർക്ക് ഇങ്ങനെ ഒരു വിശേഷണം കൊടുക്കാമെന്ന് പഠിപ്പിച്ചത് ജിമ്മി തന്നെയാണ്.

“അത് ശരി പിന്നെ, അണ്ണാ, ഈ ആഴ്ച്ചയല്ലേ മോൻ വരുന്നത്?”

“അതേ തിങ്കളാഴ്ച്ചത്തെ ഫ്ലൈറ്റിന്

“കുറേക്കാലമായില്ലേ ഒരു യാത്രയൊക്കെ പോയിട്ട് നമുക്ക് ഒരു ട്രിപ്പ് ആയാലോ, മോൻ വന്നിട്ട്?”

അതൊരു കാര്യമാണ് 2011 ൽ ആയിരുന്നു ഇതിന് മുമ്പ് ഒരു യാത്ര നടത്തിയത്.

“ഞങ്ങൾ എപ്പോഴേ റെഡി ഏത് വെള്ളിയാഴ്ച്ച വേണമെന്ന് തീരുമാനിച്ച് പറഞ്ഞാൽ മതി

“നമ്മുടെ ടീമിനോട് ഒന്ന് അന്വേഷിച്ചിട്ട് പറയാം അണ്ണാ ഇപ്രാവശ്യം തൂവൽ ആയാലോ?”

“തൂവൽ പെറുക്കാനോ വേറെ പണിയൊന്നുമില്ലേ?”

“അല്ല അണ്ണാ അതിവിടുത്തെ ഒരു സ്ഥലത്തിന്റെ പേരാ

ങ്ഹേ !  തൂവൽ? ഇതെന്താ ഇവിടുത്തെ സ്ഥലങ്ങളുടെ പേരൊക്കെ ഇങ്ങനെ? കഴിഞ്ഞ തവണ തലയിലേക്കായിരുന്നു യാത്ര എന്തായാലും വേണ്ടില്ലതൂവലെങ്കിൽ തൂവൽ പോകുക തന്നെ

“തൂവൽ അതെവിടെയാ ജിം?

“ഇവിടുന്ന് പത്ത് നൂറ്‌ കിലോമീറ്റർ വടക്ക് മദീനയ്ക്ക് പോകുന്ന റൂട്ടിൽ കടൽത്തീരമാണ്

“ശരി നമ്മുടെ പഴയ ടീം തന്നെ അല്ലേ ഇപ്രാവശ്യവും?”

“അതേ

“എന്നാൽ ശരി ഏത് ദിവസം എന്ന് തീരുമാനിച്ച് എവിടെ മീറ്റ് ചെയ്യണമെന്ന് അറിയിക്ക്

“ശരി അണ്ണാ ബൈ

“ബൈ

                            * * * * * * * * * * * * * * * * * * * *


“അണ്ണാ അടുത്ത വെള്ളിയാഴ്ച്ച പോകാമെന്ന് തത്വത്തിൽ തീരുമാനമായി” ജിം വീണ്ടും.

“നന്നായി അപ്പോൾ എവിടെയാ മീറ്റിങ്ങ് പോയിന്റ്? എത്ര മണിക്ക് എത്തണം?”

“രാവിലെ ഏഴരയ്ക്ക് നേരത്തെ പോയി ഉച്ചയാവുമ്പോഴേക്കും തിരിച്ചെത്തുന്നതാണ് ഈ ചൂടത്ത് നല്ലത് മദീന റോഡിൽ സാരി സ്ട്രീറ്റിന് മുമ്പുള്ള സർവീസ് റോഡിൽ കയറി പാർക്ക് ചെയ്താൽ മതി ഷംസും കുടുംബവും അവിടെ എത്തുംഅനീഷിന്റെ കൊച്ചിന് പനിയായത് കൊണ്ട് അവനും കുടുംബവും അവസാന നിമിഷത്തിൽ പിന്മാറി പകരം നമ്മുടെ തോമസ് അച്ചായനും കുടുംബവുമാണ് ഒരു വിധത്തിൽ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട് വെള്ളിയാഴ്ച്ചയായിട്ട് വീട്ടിൽ കിടന്നുറങ്ങാനുള്ളതിന് പകരം എന്നൊക്കെ പറഞ്ഞ് ആദ്യം ഇത്തിരി ബലം പിടിച്ചു

“രാവിലെ ഏഴരയ്ക്കൊക്കെ ഞങ്ങൾ വരാം പക്ഷേ, കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ മീറ്റിങ്ങ് പോയിന്റിൽ വന്ന് ഒരു മണിക്കൂർ കാത്ത് കെട്ടി കിടക്കേണ്ടി വരരുത്

“വെള്ളിയാഴ്ച്ചയായിട്ട് വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ അണ്ണാ അഥവാ വൈകിയാൽ തന്നെ കുറച്ച് നേരം ഈച്ചയെ ആട്ടി ഇരിക്ക് അവിടെ

“ഒരു കാര്യം അനീഷില്ലെങ്കിൽ ജിമ്മി എങ്ങനെ മീറ്റിങ്ങ് പോയിന്റിൽ എത്തും?”

“ഈ കാളയെ അണ്ണന്റെ വണ്ടിയിൽ കെട്ടേണ്ടി വരും അണ്ണൻ വരുന്ന വഴി എന്നെ പിക്ക് ചെയ്താൽ മതി

“അത് ഓ.കെ ഇനി ഭക്ഷണം കപ്പപ്പുഴുക്കിന്റെയും മുളക് ചമ്മന്തിയുടെയും കാര്യം ഞങ്ങളേറ്റു...”

“മൊത്തം പതിനൊന്ന് പേരുണ്ട് അപ്പോൾ ശരി എന്നാൽ വെള്ളിയാഴ്ച്ച രാവിലെ കാണാം

                         * * * * * * * * * * * * * * * * * * * * * * * *

വെള്ളിയാഴ്ച്ച രാവിലെ അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയായി കപ്പയുടെ പണിപ്പുരയിലേക്ക് ഭാര്യാജിയോടൊപ്പം കടന്നു. എവിടെ പോയാലും പ്രഭാത ഭക്ഷണം കഴിച്ചിട്ട് പോകുന്നതാണ് ബുദ്ധി. സമാന്തരമായി അടുത്ത ബർണറിൽ ഇഡ്ലിയും തയ്യാറായി തുടങ്ങി. ഏഴുമണി ആയപ്പോഴേക്കും കപ്പയും മുളക് ചമ്മന്തിയും ഇഡ്ലിയും തേങ്ങാച്ചമ്മന്തിയും റെഡി.

കഴിക്കുന്നതിന് മുമ്പ് ജിമ്മിയെ ഒന്ന് വിളിച്ച് നോക്കാം സഹയാത്രികരെല്ലാം ഇപ്പോഴും ഉറക്കത്തിലാണെങ്കിലോ

“ഹലോ ജിം സുപ്രഭാതം എന്തായി?”

“ഷംസ് എഴുന്നേൽക്കാൻ ഇത്തിരി വൈകിപ്പോയി അത്രേ ചേമ്പ് തൊലി കളഞ്ഞോണ്ട് ഇരിക്കുന്നതേയുള്ളൂ അച്ചായനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഞാൻ റെഡിയാണ് 

ബെസ്റ്റ് അപ്പോൾ കാര്യങ്ങളുടെ പോക്ക് കഴിഞ്ഞ തവണത്തേത് പോലെ തന്നെ വെറുതേ ഓടിപ്പിടിച്ച് ചെന്നിട്ട് കാര്യമൊന്നുമില്ല ബ്രേക്ക് ഫാസ്റ്റൊക്കെ വിശാലമായി കഴിച്ചിട്ട് പതുക്കെ മതി

“ഞങ്ങളൊരു ഏഴേമുക്കാലാവുമ്പോഴേക്കും ജിമ്മിയുടെ അടുത്തെത്താം.. അവിടുന്ന് പിന്നെ പതിനഞ്ച് മിനിറ്റ് പോരേ മീറ്റിങ്ങ് പോയിന്റിലേക്ക്?”

“ഓ.കെ അണ്ണാഅപ്പോൾ ശരി

ചേമ്പിന്റെ തൊലി കളയുന്നതേയുള്ളെങ്കിൽ ഒരു എട്ടരയെങ്കിലും ആവാതെ ഷംസ് എത്തില്ല അപ്പോൾ എട്ട് മണിക്ക് ഇറങ്ങിയാൽ മതി ഇവിടുന്ന് ഞങ്ങൾ സമാധാനപ്പെട്ടു. ആ സമയം കൊണ്ട് പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വയ്ക്കാമെന്ന് വാമഭാഗം.

എട്ട് മണിക്ക് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ വീണ്ടും ജിമ്മിയുടെ കോൾ

“അണ്ണാ എവിടെയാ?”

“ദേ വരുന്നു പത്ത് മിനിറ്റ്

“അച്ചായൻ ഏഴരയ്ക്ക് മീറ്റിങ്ങ് പോയിന്റിൽ വന്ന് കാത്ത് നിന്നിട്ട് ആരെയും കാണാത്തതു കൊണ്ട് എന്നെ വിളിച്ചിരുന്നു രാവിലെ പോയില്ലെങ്കിൽ പിന്നെ പോയിട്ട് കാര്യമൊന്നുമില്ല എന്നൊക്കെ പറഞ്ഞിട്ട് പുള്ളിക്കാരൻ സ്ഥലം വിട്ടു തൂവലിലേക്കാണോ അതോ ഇനി തിരികെ വീട്ടിലേക്കാണോ എന്നറിയില്ല ഷംസ് അഞ്ച് മിനിറ്റ് മുമ്പ് മീറ്റിങ്ങ് പോയിന്റിൽ എത്തി കാത്ത് കിടപ്പുണ്ട്

“ഛേ ഇത്തവണ ഞങ്ങളാണല്ലോ പ്രോഗ്രാം ഷെഡ്യൂൾ തെറ്റിച്ചത് ദേ, എത്തിപ്പോയി

വെള്ളിയാഴ്ച്ച പ്രഭാതത്തിൽ തിരക്കൊഴിഞ്ഞ റോഡിലൂടെ ‘സാഹിർ’ മുന്നറിയിപ്പുകൾ പാലിച്ചുകൊണ്ട് അനുവദനീയമായ മാക്സിമം സ്പീഡിൽ ജിമ്മിയെ പിക്ക് ചെയ്യുവാൻ പായുമ്പോൾ ഓർത്തു ചേമ്പിൻ‌തൊലി ആ ചേമ്പിന്റെ തൊലിയാണ് ഞങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കളഞ്ഞത്

ഒറ്റമരത്തിൽ കയറിയ കുരങ്ങനെപ്പോലെ വിഷണ്ണനായി ഒരു തൂണും ചാരി നിന്നിരുന്ന ജിമ്മിയെ പ്രൈവറ്റ് ബസ്സിലെ കിളി റാഞ്ചുന്നത് പോലെ വണ്ടിയിൽ എടുത്തിട്ട് മദീനറോഡിലേക്ക് പാഞ്ഞു. ചേമ്പിൻ തൊലിയാണ് ഇതിനെല്ലാം കാരണമായത് എന്ന് ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കാൻ ഞങ്ങൾ മറന്നില്ല.

ഒരു മണിക്കൂർ വൈകി കൃത്യം എട്ടരയ്ക്ക് മീറ്റിങ്ങ് പോയിന്റിൽ എത്തുമ്പോൾ ഷംസും കുടുംബവും കാത്ത് കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ ഞങ്ങൾ അനുഭവിച്ച കാത്തിരിപ്പിന്റെ സുഖം ഇത്തവണ ടീം ലീഡറെ അനുഭവിപ്പിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ ഞങ്ങൾ യാത്ര തുടർന്നു.


തൂവൽ തേടി...



എയർപോർട്ട് എക്സിറ്റും കഴിഞ്ഞ് ജിദ്ദ നഗരത്തിന് വെളിയിലേക്ക് കടന്നതോടെ ഹൈവേ ഏതാണ്ട് വിജനമായി തുടങ്ങിയിരിക്കുന്നു. പാതയുടെ ഇരുവശങ്ങളിലും പ്രത്യേകിച്ച് ഒന്നും തന്നെയില്ല കണ്ണുകൾക്ക് ഹരം പകരുവാൻ പരന്ന് കിടക്കുന്ന മരുഭൂമിയുടെ നടുവിലൂടെ നോക്കെത്താ ദൂരത്ത് ചക്രവാളത്തിൽ അവസാനിക്കുന്ന ഋജുവായ പാത. 120 കിലോമീറ്ററാണ് അനുവദനീയമായ ഉയർന്ന വേഗ പരിധി. This highway is monitored by radar എന്ന മുന്നറിയിപ്പ് ഇടയ്ക്കിടെ തലയുയർത്തി നിൽക്കുന്നുണ്ട്. അതിൽ കൂടുതൽ കത്തിക്കാൻ ശ്രമിച്ചാൽ ഫൈൻ അടയ്ക്കാൻ പറഞ്ഞ് മൊബൈലിൽ SMS വരിക എപ്പോഴാണെന്ന് പറയാൻ പറ്റില്ല.  

ഇതുപോലത്തെ മരുഭൂമിയിൽ ഒറ്റപ്പെട്ട് പോയാലത്തെ അവസ്ഥ !  ബെന്യാമിന്റെ ആടുജീവിതം ഓർമ്മയിലെത്തി. ആടുകളും ഒട്ടകങ്ങളുമായി പുറം‌ലോകവുമായി ഒരു ബന്ധവുമില്ലാതെ നരകിക്കുന്ന എത്രയോ പ്രവാസ ജന്മങ്ങൾ

എണ്ണമറ്റ കിലോമീറ്ററുകൾ കടന്ന് പോയപ്പോൾ ദൂരെ ഒരു പെട്രോൾ പമ്പും അതിനോടനുബന്ധിച്ച് കുറച്ച് കടകളും കാണാറായി. ഷംസിന്റെ വാഹനം അങ്ങോട്ട് തിരിയുന്നതിനായി ഇന്റിക്കേറ്റർ ഇട്ടു. പിന്നാലെ ഞങ്ങളും. നേരം വൈകിയതിൽ പിണങ്ങിപ്പോയ അച്ചായന്റെ വാഹനം അവിടെ ഞങ്ങളെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. ഇരുകൈകളും കൂപ്പി ക്ഷമാപണം നടത്തി യാത്ര തുടർന്ന ഷംസിനെ ഞങ്ങൾ അനുഗമിച്ചു.

120 വരെ പോകാം...


ചെക്ക് പോസ്റ്റ് കഴിഞ്ഞ് വീണ്ടും അനന്തമായ യാത്ര. പുതിയതായി വരാൻ പോകുന്ന ഇക്കണോമിക്ക് സിറ്റി ഇവിടെ അടുത്തെവിടെയോ ആണന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ. തൂവലിലേക്ക് ഇനി അധികം ദൂരമില്ല.

തൂവലിലേക്ക്...
 
തൂവൽക്കൊട്ടാരമല്ല... ഇതൊരു പള്ളിയാണ്...
  


അതേ ലക്ഷ്യസ്ഥാനം അടുത്തുകൊണ്ടിരിക്കുന്നു. തൂവലിലേക്കുള്ള എക്സിറ്റിൽ ഇറങ്ങി ചെങ്കടൽ തീരത്തേക്കുള്ള പാതയിൽ വീണ്ടും ഒരു ചെക്ക് പോസ്റ്റ്. കാറുകളിലുള്ള എല്ലാവരെയും സംശയദൃഷ്ടിയോടെ ഒന്ന് ഉഴിഞ്ഞതിന് ശേഷം  ഉദ്യോഗസ്ഥർ പോകാനനുവദിച്ചു.


തൂവൽത്തീരത്തേക്ക്...
ഈ കടലും... മറുകടലും.. ഭൂമിയും വാനവും കടന്ന്...
ജിമ്മിയോടൊപ്പം ജൂനിയർ വിനുവേട്ടൻ...
അച്ഛനും മകനും...

അവസാനം ഇതാ തൂവലിൽ ശാന്തമായ കുഞ്ഞോളങ്ങളുമായി ഒരു തടാകം പോലെ വെയിലിൽ വെട്ടിത്തിളങ്ങുന്ന ഉൾക്കടൽ. കടൽക്കരയിൽ പാർക്ക് ചെയ്ത് എല്ലാവരും തീരത്തേക്ക്. അച്ചായനും ഷംസും വേഷം മാറ്റി നീന്തുവാൻ തയ്യാറായി കഴിഞ്ഞു. ഒപ്പം വെള്ളത്തിൽ ഇറങ്ങുവാൻ ശാഠ്യം പിടിച്ച് അവരുടെ മക്കളും. കഴുത്തൊപ്പം വെള്ളമുള്ളിടത്തേക്ക് ഇറങ്ങി ചെന്ന് മലർന്ന് കിടന്ന് ഫ്ലോട്ട് ചെയ്ത് അഭ്യാസം കാണിക്കുകയാണ് ഷംസ്. 

നിന്റെ അച്ചായനാടാ പറയുന്നത്... ഇറങ്ങി വാടാ...

ഉവ്വുവ്വേ... ഇതൊക്കെ ഞങ്ങൾ കുറേ കണ്ടതാ...
പുതിയ തീരങ്ങൾ...

ധൈര്യത്തിൽ ഒട്ടും പിന്നിലല്ലാത്തതിനാൽ മുട്ടിന് മുകളിൽ വരെ മാത്രം വെള്ളത്തിൽ ഇറങ്ങി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജിമ്മിയും ഞാനും മറന്നില്ല. സൂക്ഷിച്ച് നടന്നില്ലെങ്കിൽ അടിത്തട്ടിലെ മൂർച്ചയേറിയ കടൽപ്പുറ്റുകളിൽ തട്ടി കാൽ മുറിയുമെന്നുള്ളതിന് ഗ്യാരണ്ടി.

ധൈര്യവാന്മാരായ രണ്ട് ബ്ലോഗർമാർ
നീന്തി നീന്തി ഞാൻ കോട്ടയത്തെത്തുമെന്നാ തോന്നുന്നേ...
അച്ചായാ, അവിടെ നിലയില്ലാത്ത സ്ഥലമാണ് കേട്ടോ... പറഞ്ഞില്ലാന്ന് വേണ്ട...


കയത്തിൽ ഇറങ്ങിയ പോത്തുകളെ പോലെ മുങ്ങിക്കിടക്കുന്ന അച്ചായനെയും ഷംസിനെയും ഒരു വിധം കരയ്ക്ക് കയറ്റി ബീച്ചിൽ ചെറിയ തോതിൽ ഒരു ഫുട്‌ബാൾ മാച്ച് സംഘടിപ്പിക്കാൻ ജിമ്മിയ്ക്ക് സാധിച്ചു. നട്ടുച്ചയ്ക്ക് പന്ത് കളിക്കുന്ന ആളുകളെ കണ്ട് പ്രതിഷേധ സൂചകമായി കടൽക്കാക്കകൾ കരഞ്ഞുകൊണ്ടേയിരുന്നു.

പശിക്ക്തമ്മാ... വല്ലതും തരണേ...
മറഡോണയോടാ കളി...

ഏത് മറഡോണയായാലും വേണ്ടില്ല... ഈ അച്ചായനാ ഗോളി...

ദേ, നിങ്ങള് വരുന്നുണ്ടോ ? വിശന്നിട്ട് വയ്യ...


വസ്ത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞപ്പോൾ എല്ലാവർക്കും നല്ല വിശപ്പ്. സന്ദർശകർക്കായി അല്പം അകലെയായി കെട്ടിയിരിക്കുന്ന വിശ്രമ കേന്ദ്രങ്ങൾ. അതിലൊന്നിൽ ഇടം പിടിച്ച് ചേമ്പും കപ്പയും മുളക് ചമ്മന്തിയും പരസ്പരം വീതിച്ച് അകത്താക്കി ജഠരാഗ്നിയെ അണച്ച് വിശ്രമിക്കുന്ന സമയത്ത് അച്ചായന്റെ തൃശൂർ വിശേഷങ്ങൾ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു കൊണ്ടിരുന്നു. 


എന്റെ ക്ഷമ നശിച്ച് തുടങ്ങി...

ഇത് മുഴുവനും ഞാൻ തിന്നും...

ഈ പാവം ഒരിടത്ത് സമാധാനത്തോടെ ഇരുന്നോട്ടെ...

ഞാൻ ഷംസ്... വയറ് നിറഞ്ഞാൽ ഇത്തിരി ഉറക്കം.. അതാണ് ഞമ്മടെ സ്റ്റൈൽ...


ഇനിയും ഇതുപോലുള്ള യാത്രകൾക്കായി വീണ്ടും സന്ധിക്കാം എന്ന ധാരണയോടെ ജിദ്ദയിലേക്ക് മടക്കയാത്ര ആരംഭിക്കുമ്പോൾ കടൽക്കാക്കകൾ വേദനയോടെ ഞങ്ങൾക്ക് യാത്രാമൊഴിയേകി.