Saturday, August 24, 2013

മദിരാശീയം - 1



ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം പെട്ടെന്നൊരു നാൾ അപ്രതീക്ഷിതമായി പഴയ ഒരു സുഹൃത്ത് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും മാനസികാവസ്ഥ? അതും വർഷങ്ങളായി ഞാൻ തേടിക്കൊണ്ടിരുന്ന വ്യക്തിഅതായിരുന്നു കഴിഞ്ഞയാഴ്ച്ച സംഭവിച്ചത്ഫെയ്സ്ബുക്കിന്റെ മുറ്റത്ത് വച്ച് നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം അവനെ ഞാൻ കണ്ടുമുട്ടി. ആ സുഹൃത്ത് ആരായിരുന്നു എന്നറിയാൻ അത്രയും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചേ പറ്റൂ

ബിരുദപഠനം കഴിഞ്ഞ് നളന്ദ ഇൻസ്റ്റിട്യൂട്ടിൽ കണക്ക് മാഷായി സൌജന്യ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രക്ഷപെടണമെങ്കിൽ നാട്ടിൽ നിന്നിട്ട് രക്ഷയില്ല എന്ന ബോധോദയമുണ്ടായത്. മൂന്ന് വർഷം കൊണ്ട് എൻ‌ജിനീയർ ആവാം എന്ന മോഹനവാഗ്ദാനവുമായുള്ള പത്ര പരസ്യം കണ്ട് മദിരാശിയിലെ HIET (Hindustan Institute of Engineering Technology) യിൽ AMIE ക്ക് ചേരുന്നത് അങ്ങനെയാണ്.

1984 ജൂലൈയിലെ ഒരു പുലർകാലത്ത് ഒരു കൈയിൽ സ്യൂട്ട്കെയ്സും മറുകൈയിൽ കോസടി കിടക്കയുമായി മദ്രാസ് സെൻ‌ട്രലിൽ നമ്പർ 20 മദ്രാസ് മെയിലിൽ വന്നിറങ്ങുമ്പോൾ ആകെക്കൂടി അറിയുന്ന തമിഴ് “സെയ്ദാപ്പേട്ടൈ പോകും ബസ്സ് എങ്കെ കിടൈയ്ക്കും“ എന്നത് മാത്രമായിരുന്നു. സെയ്ദാപ്പേട്ടൈയിൽ നിന്നും ഗിണ്ടി വഴി താംബരത്തേക്ക് പോകുന്ന ബസ്സിൽ കയറി HIET യുടെ മുന്നിൽ ഇറങ്ങാനാണ് നിർദ്ദേശം.

സെൻ‌ട്രൽ സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന് വിശാലമായ ടാക്സി സ്റ്റാന്റിൽ നിന്നിരുന്ന ഒരു പോലീസ്കാരനോട് പലവട്ടം ഉരുവിട്ട് ഹൃദിസ്ഥമാക്കി വച്ചിരുന്ന ആ ചോദ്യം രണ്ടും കൽപ്പിച്ച് അങ്ങ് കാച്ചി. മദിരാശിയിൽ ഏത് മനുഷ്യജീവിയെയും അഭിസംബോധന ചെയ്യുമ്പോൾ “സാർ“ അല്ലെങ്കിൽ “അയ്യാ” എന്ന് വേണം തുടങ്ങാനെന്ന് മേൽപ്പറഞ്ഞ തമിഴ് പഠിപ്പിച്ച  ഉറ്റ സുഹൃത്ത് പ്രത്യേകം ചട്ടം കെട്ടിയിരുന്നു.

“സാർ സെയ്ദാപ്പേട്ടൈ പോകും ബസ്സ് എങ്കെ കിടൈയ്ക്കും?“

തലങ്ങും വിലങ്ങും പല്ലവൻ ട്രാൻസ്പോർട്ട്സിന്റെ ബസ്സുകൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിലേക്ക് അയാൾ കൈ ചൂണ്ടി.

“അങ്കെ

റോഡിനടിയിലെ ‘ചുരങ്കപാതൈ‘യിലൂടെ മറുവശത്തെത്തി അൽപ്പനേരം സ്ഥിതിഗതികൾ വിലയിരുത്തിയപ്പോഴാണ് അക്കാര്യം മനസ്സിലായത്. എല്ലാ ബസ്സുകളും ഒരേ സ്റ്റോപ്പിൽ അല്ല നിർത്തുന്നത്. ഓരോ ഇടങ്ങളിലേക്കുമുള്ള ബസ്സുകൾക്കും പ്രത്യേകം നമ്പറുകളും നിർത്തുവാൻ സ്റ്റോപ്പുകളുമുണ്ട്. എന്തായാലും ഞാൻ നിന്നിരുന്ന ഷെൽട്ടറിനു മുന്നിൽ തന്നെയാണ് തമിഴിനൊപ്പം SAIDAPET എന്ന് ഇംഗ്ലീഷിലും എഴുതി നെറ്റിയിലൊട്ടിച്ച പല്ലവന്റെ ബസ്സ് നമ്പർ 18 വന്ന് നിന്നത്. ഭാഗ്യം

നാട്ടിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇടത് വശത്തെ സീറ്റുകളാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. ഇവിടെ ഇതാ ഇടത്‌ഭാഗത്തുള്ള സീറ്റുകൾ അത്രയും വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു! ബസ്സുകളിലെങ്കിലും സോഷ്യലിസം വന്നുവല്ലോ ആശ്വാസം

മൌണ്ട് റോഡിലെ വലിയ കെട്ടിടങ്ങൾക്കും സിനിമാ ഹോർഡിങ്ങുകൾക്കും ഇടയിലൂടെ സെയ്ദാപേട്ടൈ ലക്ഷ്യമാക്കി നീങ്ങുന്ന ബസ്സിന്റെ വലതുവശത്തെ സൈഡ് സീറ്റിൽ ഇരുന്ന് മദിരാശി നഗരം വീക്ഷിക്കുകയായിരുന്നു ഞാൻ. നുങ്കമ്പാക്കം ഹൈറോഡിന് മുകളിലൂടെയുള്ള ഫ്ലൈഓവർ കേരളത്തിൽ നിന്നും വരുന്ന ഒരാൾക്ക് അന്നൊരു വിസ്മയം തന്നെയായിരുന്നു.  

കാഴ്ച്ചകളുടെ ബാഹുല്യത്തിൽ അവസാന സ്റ്റോപ്പായ സെയ്ദാപേട്ടയിൽ എത്തിയത് അറിഞ്ഞില്ല. ഇനി താംബരത്തേക്കുള്ള ബസ്സ് കണ്ടുപിടിക്കണം. കണ്ടക്ടറോട് തന്നെ ചോദിക്കാം.

“സാ‍ർ താംബരം പോകും ബസ് എങ്കെ കിടൈയ്ക്കും?”

“ഇങ്കൈയേ നിൻ‌ട്രാൽ പോതും 18A നമ്പർ വരുമ്പോത് ഏറിടുങ്കെ സരി എങ്ക പോണും ഉങ്കളുക്ക്?” എന്റെ പെട്ടിയും കിടക്കയും ഒക്കെ കണ്ട് സഹതാപം തോന്നിയിട്ടായിരിക്കണം അയാൾ ചോദിച്ചു.

സംഭവം തമിഴാണെങ്കിലും അതിന്റെ അർത്ഥം പിടി കിട്ടി എന്നത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

“സെന്റ് തോമസ് മൌണ്ട് HIET  അത്രയും പറയാൻ തമിഴ് അറിയണമെന്നില്ലല്ലോ.

“അപ്പടിയാ HIET പോണും‌ന്നാ അതോ അന്ത ബസ്സിൽ ഏറിടുങ്കെ” തൊട്ടു മുന്നിൽ പോകാൻ തയ്യാറായി നിന്നിരുന്ന 53H ബസ്സ് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.

ഒന്ന് സംശയിച്ച് ആ ബസ്സിന്റെ പിറകിലെ ബോർഡിൽ താംബരം എന്നാണോ എഴുതിയിരിക്കുന്നത് എന്ന് നോക്കി. അല്ല പൂനമല്ലി എന്നോ മറ്റോ എഴുതിയിരിക്കുന്നു പൂനമല്ലി എങ്കിൽ പൂനമല്ലി HIET വഴിയാണല്ലോ പോകുന്നത്. കയറുക തന്നെ.

ടിക്കറ്റ് വാങ്ങുമ്പോൾ കണ്ടക്ടറോട് മണിപ്രവാളത്തിൽ പറഞ്ഞു. “സാർ ഇടം തെരിയില്ല ചൊല്ലണം

ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ ഓരോ സ്റ്റോപ്പും ഏതാണെന്ന് നോക്കി വായിച്ച് ഉറപ്പുവരുത്തുകയായിരുന്നു ഞാൻ. ചിന്നമലൈയും ഗിണ്ടിയും കഴിഞ്ഞ് ബസ്സ് മുന്നോട്ട് നീങ്ങുമ്പോൾ കണ്ടക്ടർ പറഞ്ഞു.

“അടുത്ത സ്റ്റോപ്പ് താൻ HIET

സമാധാനമായി... അയാൾ എന്റെ കാര്യം മറന്നിട്ടില്ല. പതുക്കെ എഴുന്നേറ്റ് പെട്ടിയും കിടക്കയും കൈയിലെടുത്ത് നിൽക്കവേ സൈഡ് ഗ്ലാസിലൂടെ അധികം അകലെയല്ലാതെ ആ ബോർഡ് കണ്ടു. Hindustan Institute of Engineering Technology.

ബസ്സ് നിർത്താറാവുമ്പോഴേക്കും ഇറങ്ങണം. തിരക്കിനിടയിലൂടെ പെട്ടിയും കിടക്കയുമായി വാതിൽക്കൽ എത്തണമെങ്കിൽ ഇപ്പോഴേ നീങ്ങിയേ പറ്റൂ. തൃശൂരിലെ സ്വകാര്യ ബസ്സുകളിൽ എവിടെയും പിടിക്കാതെ ബാലൻസ് ചെയ്ത് നിന്ന് യാത്ര ചെയ്യാൻ ശീലമായ എനിക്കാണോ അതിന് ബുദ്ധിമുട്ട്   ആൾത്തിരക്കിനിടയിലൂടെ പിൻ‌വാതിലിന് നേർക്ക് നീങ്ങുമ്പോൾ ആരുടെയോ കാലിൽ പെട്ടി തട്ടി.

“എന്നയ്യാ ഇത് പാത്ത് പോകക്കൂടാതാ…? എങ്കിരുന്ത് വര്‌റാൻ ഇവൻ...!”

മറുനാട്ടിൽ വന്നിട്ട് ആദ്യമായി കേൾക്കുന്ന ശകാരം കേൾക്കുകയല്ലാതെ വഴിയില്ലല്ലോ ഒരു നാൾ ഞാനും പഠിക്കും തമിഴ്

ബസ്സിൽ നിന്ന് ഇറങ്ങി പെട്ടിയും കിടക്കയും ഒക്കെ നിലത്ത് വച്ചിട്ട് പരിസരമാകെ ഒന്ന് വീക്ഷിച്ചു. ഇതെന്ത് മറിമായം…! എവിടെ HIET? ബസ്സിന്റെ ജനലിലൂടെ അൽപ്പം മുമ്പ് കണ്ടതായിരുന്നല്ലോ ആ വലിയ ബോർഡ്

ബാങ്ക് ഓഫ് ബറോഡയുടെ സെന്റ് തോമസ് മൌണ്ട് ബ്രാഞ്ചിന് മുന്നിലാണ് ഇറങ്ങിയിരിക്കുന്നത്. ഓ അത് ശരി അപ്പോൾ HIET യും കടന്ന് അല്പ ദൂരം മുന്നിലായിരിക്കണം ഈ ബസ്സ് സ്റ്റോപ്പ്. സാരമില്ല കുറച്ച് പിറകോട്ട് നടന്നാൽ മതിറോഡിന്റെ മറുവശത്തായിരുന്നു നേരത്തെ കോളേജിന്റെ ബോർഡ് കണ്ടത്. ഇനിയൊന്നും ആലോചിക്കാനില്ല. റോഡ് മുറിച്ചുകടന്ന് പെട്ടിയും കിടക്കയുമായി വന്ന വഴിയേ തിരിച്ചു നടന്നു.

പത്ത് മിനിറ്റ് നടന്നിട്ടും കോളേജോ കോളേജിന്റെ ബോർഡോ ആ പരിസരത്തെങ്ങും കാണാൻ കഴിയുന്നില്ല. മാത്രമല്ല, റോഡിനിരുവശത്തും ഒരൊറ്റ കെട്ടിടം പോലും ഇല്ല. വഴി തെറ്റിയോ ഞാനിതെങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്! ഭാഗ്യം ഒരു മദ്ധ്യവയസ്കൻ എതിരെ വരുന്നുണ്ട്  ചോദിക്കാം

“എക്സ്ക്യൂസ് മി സർ വേർ ഈസ് HIET?”

“ഇഫ് യൂ ആർ ഗോയിങ്ങ് റ്റു HIET, വേർ ആർ യൂ ഗോയിങ്ങ് ദിസ് വേ? ദിസ് റോഡ് ഈസ് റ്റു അശോക് നഗർ ജസ്റ്റ് ടേൺ ബാക്ക് ആന്റ് ലുക്ക്” എന്റെ പിന്നിലേക്ക് അയാൾ കൈ ചൂണ്ടി.

ഇതെന്ത് അത്ഭുതം! ബസ്സിൽ വച്ച് ഞാൻ കണ്ട ആ ബോർഡ് അതാ അവിടെ അവിടെ എത്തണമെങ്കിൽ ഇനി ഒരു പത്ത് മിനിറ്റ് തിരികെ നടന്നേ മതിയാവൂ ഇപ്പോൾ എല്ലാം വ്യക്തമാകുന്നു

ബസ്സിനുള്ളിൽ വച്ച് ഞാൻ ആ ബോർഡ് കണ്ട സ്ഥലത്തു നിന്നും കോളേജ് എത്തുന്നതിന് തൊട്ടുമുമ്പായി ഒരു റൌണ്ട് എബൌട്ട് ഉണ്ട് അവിടെ നിന്നും ഒരു റോഡ് കോളേജിന്റെ മുന്നിലൂടെ താംബരത്തേക്കും മറ്റൊരു റോഡ് കോളേജിന്റെ പിന്നിലൂടെ പൂനമല്ലിയ്ക്കും വഴിപിരിയുന്നു. റൌണ്ട് എബൌട്ടിന് അഭിമുഖമായിട്ടാണ് എന്നെ കുഴക്കിയ ആ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോളേജിന്റെ പിൻ‌ഭാഗത്തെ ഗെയ്റ്റിന് മുന്നിലായിരുന്നു ഞാൻ ബസ്സിറങ്ങിയത്. പെട്ടിയും കിടക്കയുമായി വെറുതേ രാവിലെ ഇരുപത് മിനിറ്റ് ഒരു കാര്യവുമില്ലാതെ നടന്നത് മിച്ചം


(തുടരും)


വാൽക്കഷണം  -  കത്തിപ്പാറ ജംഗ്ഷൻ എന്ന അന്നത്തെ ആ റൌണ്ട് എബൌട്ടിന്റെ സ്ഥാനത്ത് പിൽക്കാലത്ത് എപ്പോഴോ ഫ്ലൈ ഓവർ നിർമ്മിച്ച് വാഹനഗതാഗതം സുഗമമാക്കിയിരിക്കുന്നു എന്ന് ഗൂഗിൾ എർത്ത് പറയുന്നു.

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...