Wednesday, July 16, 2014

മദിരാശീയം - 2അഡ്മിഷൻ പരിപാടികളൊക്കെ കഴിഞ്ഞ് കോമ്പൌണ്ടിന്റെ അറ്റത്തുള്ള ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ റഷ്യൻ സൈന്യം വെടിവെച്ചിട്ട യുക്രേനിയൻ വിമാനങ്ങളെപ്പോലെ അവിടവിടെയായി രണ്ട് ചെറുവിമാനങ്ങൾ ക്യാമ്പസിലെ പൂഴിമണലിൽ വിശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടു. സെസ്‌ന എന്നോ മറ്റോ ആണ് അവയുടെ പേര്. ഡൊണേഷൻ കൊടുത്ത് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻ‌ജിനീയറിങ്ങ് പഠിക്കാൻ ചേർന്നവർ പണി പഠിക്കുന്നത് ഈ പുരാവസ്തുക്കളിലായിരിക്കും എന്ന് ഞാൻ ഊഹിച്ചു.

താഴത്തെ നിലയിലാണ് എന്റെ റൂം അലോട്ട് ചെയ്തിരിക്കുന്നത്. സഹമുറിയൻ ആരാണാവോ ആരായാലും വേണ്ടില്ല സാധനങ്ങളൊക്കെ കൊണ്ടുവച്ചിട്ട് ഒന്ന് ഫ്രെഷാവണം നല്ല ക്ഷീണമുണ്ട്.

പിള്ളൈ നിലാ ഇരണ്ടും വെള്ളൈ നിലാലലല്ലാ
പിള്ളൈ നിലാ ഇരണ്ടും വെള്ളൈ നിലാ   
അലൈ പോലവേ വിളൈയാടുമേ സുകം നൂറാകുമേ
മൺ‌മേലെ തുള്ളും മാൻ പോലെ

ഉള്ളിൽ നിന്നും തമിഴ് ഗാനത്തിന്റെ അലകൾ റേഡിയോയിലൂടെ ഒഴുകിയെത്തുന്നുണ്ട്. അപ്പോൾ തമിഴനായിരിക്കണം കക്ഷി ഞാൻ കതകിൽ പതുക്കെ തട്ടി. ചിരിച്ച മുഖവുമായി ഒരു ചുരുണ്ട മുടിക്കാരൻ. വെള്ളയിൽ നീലക്കള്ളികളുള്ള, രണ്ടറ്റവും കൂട്ടിത്തുന്നി പാവാട പോലെയാക്കിയ ലുങ്കിയും വെള്ള ബനിയനും വേഷം.

“വണക്കം വാങ്ക വാങ്ക എൻ പേര് സ്വർണ്ണറാം” ഹസ്തദാനം നൽകിക്കൊണ്ട് അവൻ പറഞ്ഞു.

അത് ശരി അപ്പോൾ “റാം” എന്ന പേരുള്ളവരെ തെരഞ്ഞ് പിടിച്ചിട്ടായിരിക്കും ഒരു റൂമിൽ ആക്കിയത്. തൂത്തുക്കുടിക്കാരനാണ് സ്വർണ്ണറാം. മുല്ലപ്പെരിയാർ പ്രശ്നമൊക്കെ അന്ന് ഇത്രയും ചൂട് പിടിച്ചിട്ടില്ലാത്തതിനാൽ പരസ്പരം  ഞങ്ങൾ പരിചയപ്പെട്ട് സുഖവിവരങ്ങൾ പങ്കുവച്ചു.

ഹോസ്റ്റൽ എന്ന് പറഞ്ഞാൽ താമസ സൌകര്യം മാത്രമേയുള്ളൂ. ഭക്ഷണം നമ്മൾ പുറത്ത് നിന്ന് അറേഞ്ച് ചെയ്യണം. ഹോട്ടൽ അല്ലെങ്കിൽ ഏതെങ്കിലും മെസ്സ് പാചകം ചെയ്യാനുള്ള സൌകര്യമൊന്നും ഇവിടെയില്ല. കോളേജ് സെക്യൂരിറ്റി സ്റ്റാഫായ ദേവരാജൻ സ്വന്തം വീട്ടിൽ ചെറുതായി ഒരു മെസ്സ് നടത്തുന്നുണ്ടത്രേ. ആവശ്യക്കാർക്ക് തട്ടുപാത്രത്തിൽ ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം എത്തിച്ചു തരും. രാവിലെ നമ്മൾ വല്ല ബ്രെഡ്ഡും കഴിച്ച് അഡ്ജസ്റ്റ് ചെയ്തോണം.

ഹോസ്റ്റൽ മതിലിന്റെ കവാടം കടന്ന് പുറത്തിറങ്ങുന്നത് ‘ബട്ട്’ റോഡിലേക്കാണ് പറങ്കിമലൈ എന്നറിയപ്പെടുന്ന സെന്റ് തോമസ് മൌണ്ടിലേക്കുള്ള റോഡ്. ഇവിടെയാണ് രാവിലെ ഞാൻ ബസ്സിറങ്ങി ഒരാവശ്യവുമില്ലാതെ തിരിച്ച് ഇരുപത് മിനിറ്റ് നടന്നത്.

നിരനിരയായി കിടക്കുന്ന ഒട്ടും വൃത്തിയില്ലാത്ത ബാത്ത് റൂമുകളിലൊന്നിൽ പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കി മുറിയിൽ തിരിച്ചെത്തിയപ്പോൾ മറ്റൊരാൾ കൂടി സന്നിഹിതനായിരിക്കുന്നു. ഒരു മലയാളി എത്തിയിട്ടുണ്ടെന്നറിഞ്ഞ് വന്നതാണ് ആലുവാക്കാരൻ മോഹൻ. മധുരയിലോ മറ്റോ കുറച്ച് കാലം പഠിച്ചിരുന്നത് കൊണ്ട് സ്വർണ്ണറാമുമായി തമിഴിൽ നന്നായി വച്ച് പെരുക്കുന്നുണ്ട്.

“മുകളിലത്തെ നിലയിൽ കുറച്ച് മലയാളികളുണ്ട് കേട്ടോ പിന്നെ, സീനിയേഴ്സൊക്കെ അപ്പുറത്തെ ബിൽഡിങ്ങിലാ അവന്മാരുടെ വക ചെറിയ പരിചയപ്പെടലൊക്കെ ഉണ്ടാകും എങ്ങനെ ഒഴിഞ്ഞ് മാറി നടന്നാലും ഒരിക്കൽ പിടികൂടും എതിർക്കാതെ നിന്നാൽ വലിയ കുഴപ്പമൊന്നുമില്ലാതെ തലയൂരാം എന്തായാലും ഈ മീശയൊക്കെ ഒന്ന് വടിച്ച് കളയുന്നത് നല്ലതാ അവന്മാർ എടുപ്പിക്കുന്നതിന് മുമ്പ്

അതുശരി റാഗിങ്ങ് വരുന്നിടത്ത് വച്ച് കാണുക തന്നെ മൂന്ന് വർഷം മുമ്പ് പ്രീഡിഗ്രി കഴിഞ്ഞ അവസരത്തിൽ തൃശൂർ എൻ‌ജിനീയറിങ്ങ് കോളേജിന്റെ ക്യാമ്പസിൽ അപ്ലിക്കേഷൻ വാങ്ങാൻ കൂട്ടുകാരനോടൊപ്പം മുണ്ടും മടക്കിക്കുത്തി കയറിച്ചെന്നപ്പോഴായിരുന്നു റാഗിങ്ങിന്റെ പ്രോട്ടോ ടൈപ്പ് എന്താണെന്ന് ആദ്യമായി മനസ്സിലായത്. എവിടെ നിന്നോ പെട്ടെന്ന് മുന്നിൽ അവതരിച്ച നാലഞ്ച് പേർ

“എന്താടാ, ഇത് അരിയങ്ങാടിയാണെന്ന് വിചാരിച്ചോ നീയൊക്കെ? മുണ്ട് താഴ്ത്തിയിട്‌‌റാ! ഏത് കോളേജീന്നാടാ?”

“സെന്തോമാസീന്ന്‌

“ഏത് ഡാഷീന്നായാലും വേണ്ടീല്ല, താഴ്ത്തിയിട്‌‌റാ മുണ്ട്

പെട്ടെന്നതാ അടുത്ത സംഘം ഓടിയെത്തുന്നു ഇവരുടെ അംഗബലം കൂടുകയാണല്ലോ അപ്ലിക്കേഷൻ വാങ്ങാൻ വന്നപ്പോൾ ഇങ്ങനെയാണെങ്കിൽ അഡ്മിഷൻ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ!

“ഇവിടെ വരുന്ന പിള്ളരെ വിരട്ടാൻ പറ്റില്ല...!” പുതിയ സംഘത്തിന്റെ തലവൻ പ്രഖ്യാപിച്ചു.

പിന്നെ അവിടെ നടന്നത് അവർ തമ്മിലുള്ള വാക്ക് തർക്കമായിരുന്നു. ഒടുവിൽ ആദ്യ സംഘം തോറ്റ് പിന്മാറിയപ്പോൾ രണ്ടാമത് വന്നവർ ഞങ്ങളെ ആശ്വസിപ്പിച്ചു.

“ഞങ്ങൾ എസ്.എഫ്.ഐ ക്കാരാണ് ആന്റി റാഗിങ്ങ് സ്ക്വാഡിലെ അംഗങ്ങൾ അവരങ്ങനെ പെരുമാറിയതിൽ ഖേദിക്കുന്നു

അങ്ങനെ ചെറിയൊരു ഇമ്മ്യൂണിറ്റി മുമ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് മോഹന്റെ മുന്നറിയിപ്പ് മനസ്സിലിട്ടുവെങ്കിലും അത്ര കാര്യമാക്കിയില്ല. എങ്കിലും അടുത്ത ദിവസം രാവിലെ തന്നെ മീശയെടുത്ത് മുഖം, വിളങ്ങുന്ന ചന്ദ്രനെപ്പോലെയാക്കാൻ മറന്നില്ല.

ഒരാഴ്ച്ച കഴിഞ്ഞതോടെ കുറെയധികം സുഹൃത്തുക്കൾ പട്ടികയിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. തിരുവല്ലക്കാരൻ ഷിബു ജോൺ, കോഴിക്കോട്ട് നിന്നുള്ള വലിയ അനിലും ചെറിയ അനിലും, കാസറഗോഡ്‌ സ്വദേശി മനോജ്, മനോജിന്റെ സുഹൃത്ത് വെല്ലൂർ‌ സ്വദേശി പ്രേമാനന്ദ്, ആന്ധ്രയിലെ ഖമ്മം‌ സ്വദേശി ജയരാജ് അങ്ങനെ അങ്ങനെ

തൃശൂരിൽ നിന്നും ഒരാൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ടെന്ന് രണ്ട് ദിവസം മുമ്പ് അറിഞ്ഞിരുന്നു. വെയിൽ ചാഞ്ഞു കൊണ്ടിരിക്കുന്ന ഒരു സായാഹ്നത്തിൽ മോഹനോടൊത്ത് ബാങ്ക് ഓഫ് ബറോഡയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ആ ചുരുണ്ട മുടിക്കാരൻ എതിരെ വരുന്നത് കണ്ടത്.

“ദാ, ആ വരുന്നതാണ് ഇയാളുടെ നാട്ടുകാരൻ” മോഹൻ പറഞ്ഞു.

മദിരാശിയിലെത്തിയ ശേഷം ആദ്യമായി കണ്ടുമുട്ടുന്ന തൃശൂർക്കാരനാണ് റാഫി. ആ സന്തോഷം മറച്ചു വയ്ക്കുവാൻ കഴിയുമായിരുന്നില്ല. കുരിയച്ചിറയിലാണ് വീട്.

“സെന്റ് തോമസിൽ ഞങ്ങളുടെ മാത്‌സ് ഡിപ്പാർട്ട്മെന്റിൽ ഒരു എം.ഡി വർഗീസ് മാഷുണ്ട് കുരിയച്ചിറയിൽ തന്നെയാണ് വീട് ചെറുപ്പക്കാരനാണ് നന്നായി ക്ലാസെടുക്കുംഅറിയുമോ?” ഞാൻ ചോദിച്ചു. എന്റെ ഏറ്റവും പ്രീയപ്പെട്ട ഗണിതാദ്ധ്യാപകനായിരുന്നു വർഗീസ് മാഷ്.  

“അറിയാം എന്റെ ചേട്ടനാ  മനസ്സ് തുറന്ന് പുഞ്ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു.

അതൊരു ഉറ്റ സൌഹൃദത്തിന്റെ തുടക്കമായിരുന്നു. വാരാന്ത്യത്തിലെ അവധി ദിനങ്ങളിൽ വൈകുന്നേരം ഗിണ്ടിയിൽ നിന്നും അണ്ണാ സ്ക്വയറിലേക്കുള്ള 45B യിൽ കയറി മറീനാ ബീച്ചിൽ ഇറങ്ങി മണൽപ്പരപ്പിൽ ഇരുന്ന് ബംഗാൾ ഉൾക്കടലിന്റെ അനന്തതയിലേക്ക് കണ്ണും നട്ട് നാടിന്റെ ഓർമ്മകൾ അയവിറക്കുന്നതിൽ സന്തോഷം കണ്ടെത്തിയ നാളുകൾ

പക്ഷേ, ആ സൌഹൃദം അധികനാൾ നീണ്ടു നിന്നില്ല. ഏതാണ്ട് രണ്ട് മാസം കഴിഞ്ഞതോടെ AMIE എന്നത് നമുക്ക് പറ്റിയ പണിയല്ല എന്നും പറഞ്ഞ് ബാംഗളൂരിൽ B.Ed ന് അഡ്മിഷൻ ശരിയാക്കി എല്ലാവരോടും യാത്ര ചൊല്ലിക്കൊണ്ട് മുമ്പേ പറക്കുന്ന പക്ഷിയായി മാറി റാഫി


(തുടരും)


വാൽക്കഷണം :   സെന്റ് തോമസ് മൌണ്ടിന് മുകളിൽ ചെന്നാൽ നല്ല കാറ്റുണ്ടെന്നും തെക്കോട്ട് നോക്കിയാൽ മീനമ്പാക്കം എയർപ്പോർട്ടിന്റെ റൺ‌വേയിൽ വന്നിറങ്ങുന്ന വിമാനങ്ങളെ തൊട്ടടുത്ത് കാണാമെന്നും മനസ്സിലാക്കിയത് സീനിയർ ചേട്ടന്മാർ പരിചയപ്പെടാൻ വേണ്ടി അങ്ങോട്ട് കൊണ്ടുപോയതു കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത് പ്ലീസ്

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

42 comments:

 1. നീണ്ട ഇടവേളയ്ക്ക് ശേഷം മദിരാശി വിശേഷങ്ങൾ തുടരുന്നു...

  ReplyDelete
 2. ഒരു തവണ ആ വഴിക്ക് ചെന്നിട്ടുണ്ട്. ജോലി കിട്ടി നാലഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ എ. എം.ഐ.ഇ. ക്ക് പഠിക്കണമെന്ന് കലശലായ മോഹം. കറസ്പോണ്ടന്‍സ് കോഴ്സിന്ന് ചേര്‍ന്നു. ആദ്യം വരുന്നത് മാത്സിന്‍റെ പാഠങ്ങള്‍. വര്‍ക്ക്‌ഡ് എക്സാംപിള്‍സും ഉണ്ട്. എന്‍റെ അറിവുവെച്ചു നോക്കുമ്പോള്‍ പലതും 
  തെറ്റ്. ശരിയാവിധത്തില്‍ ചെയ്ത് അയച്ചുകൊടുത്തപ്പോള്‍ '' യുവര്‍ പ്രൊസീജര്‍ ഈസ് കറക്ട് '' എന്ന മറുപടി കിട്ടി അതോടെ പഠനം നിര്‍ത്തി.

  ReplyDelete
  Replies
  1. അതുകൊണ്ട് വട്ടാകാതെ കയ്ച്ചിലായി അല്ലേ കേരളേട്ടാ... :)

   Delete
 3. അപ്പോ സീനിയേഴ്സ് "ശരിയ്ക്കും" പരിചയപ്പെട്ടു ല്ലേ?

  [പിന്നെ, മുല്ലപ്പെരിയാര്‍ പ്രശ്നമൊന്നും ഇന്റര്‍സ്റ്റേറ്റ് സൌഹൃദങ്ങളെ ഇപ്പഴും ബാധിച്ചിട്ടൊന്നുമില്ല, വിനുവേട്ടാ. എന്റെ സുഹൃത്തുക്കളില്‍ നല്ലൊരു പങ്ക് തമിഴരാണ്]

  ReplyDelete
  Replies
  1. പരിചയപ്പെട്ടു പരിചയപ്പെട്ടു... പക്ഷേ, പരിചയപ്പെടലിന് ശേഷം പിറ്റേ ദിവസം മുതൽ എല്ലാം നോർമലായിരുന്നു... :)

   Delete
 4. Replies
  1. ഹാജർ മാത്രമേയുള്ളൂ...? :(

   Delete
 5. മദിരാശി ഓർമ്മകൾ.ഞാൻ മൂന്നു മാസം
  അവിടെ ഉണ്ടായിരുന്നു..മൂർ മാർക്കറ്റ്‌
  ബർമ ബസാർ മരീന ബീച്ച്,സെൻ തോമസ്‌
  മൌണ്ട് ഒക്കെ ഓര്മ വരുന്നു....

  ReplyDelete
  Replies
  1. മൂർ മാർക്കറ്റിലെ പഴയ പുസ്തകങ്ങളുടെ മാർക്കറ്റ്... ബർമ്മാ ബാസാറിലെ കള്ളക്കടത്ത് സാധനങ്ങൾ... മറീനാ ബീച്ചിലെ എരിവുള്ള ചുണ്ടൽ... സെന്റ് തോമസ് മൌണ്ടിന് മുകളിൽ നിന്നുമുള്ള പനോരമിക് വ്യൂ... ഓർമ്മകൾക്കെന്ത് മധുരം...

   Delete
 6. ഓര്‍മ്മയിലെത്താന്‍ ഒരുതിരിച്ചുപോക്ക് നടത്തേണ്ടിവന്നു...
  നന്നായിരിക്കുന്നു എഴുത്ത്
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം തങ്കപ്പൻ ചേട്ടാ...

   Delete
 7. മദിരാശീയം രണ്ടാം ഭാഗം വല്ലാതെ വൈകിയല്ലോ. ഓര്‍മകള്‍ രസകരമായി അവതരിപ്പിച്ചു.
  ഗുരുക്കന്മാരെ എന്നും ഓര്‍ക്കുന്ന ഒരു വിനുവേട്ടനെ കണ്ടു.

  വാല്‍ക്കഷണം : വാല്‍ക്കഷണം അത്രക്കങ്ങ്‌ പിടികിട്ടിയില്ല.

  ReplyDelete
  Replies
  1. ഈഗിളിന്റെ തിരക്ക് കാരണമാണ് സുകന്യാജീ മറ്റൊന്നിനും സമയമില്ലാത്തത്...

   ഈ വര്‍ഗീസ് മാഷെയാണ് മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് വീണ്ടും സെന്റ് തോമസില്‍ ചെന്നപ്പോള്‍ കണ്ടു മുട്ടിയത്... അതിനെക്കുറിച്ച് ഞാന്‍ മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു...

   വാല്‍ക്കഷണം മനസ്സിലായില്ലെന്നോ...! ശ്രീയ്ക്കും വി.കെ മാഷ്ക്കും ശരിക്കും മനസ്സിലായല്ലോ... :)

   Delete
  2. ഇപ്പൊ ശരിക്കും മനസ്സിലായി.

   Delete
 8. അപ്പോൾ ചേട്ടന്മാർ നല്ലോണം പരിചയപ്പെട്ടുവല്ലേ...?!
  തുടരട്ടെ...
  ആശംസകൾ...

  ReplyDelete
  Replies
  1. പരിചയപ്പെട്ടു അശോകൻ മാഷേ... പരിചയപ്പെട്ടു... മൌണ്ടിന്റെ മുകൾ വരെ എത്താൻ എത്ര പടികൾ ഉണ്ടെന്ന് കുറേ വർഷത്തേക്ക് നല്ല ഓർമ്മയുണ്ടായിരുന്നു... :)

   Delete
 9. മദിരാശിയിലെ ആശിപ്പിക്കുന്ന ലീലാവിലാസങ്ങൾ
  ഇപ്പയിപ്പവരുമെന്ന് കരുതി , ആശിച്ചിട്ടൊരു കൊല്ലമാവാറായപ്പോൾ
  ചില ആന ഗെഡിയന്മാരെ മാത്രം കാട്ടി തന്ന് വെറുതെ ആശിപ്പിച്ച് കളഞ്ഞൂട്ടാ‍ാ‍ാ.

  പിന്നെ നിങ്ങ ഗെഡീസ്സെല്ലാം സീനിയറായപ്പോൾ
  ജൂനിയേഴ്സിനെ വണങ്ങിയ കഥ കൂടീ പ്രതീക്ഷിക്കുന്നുണ്ട് കേട്ടൊ വിനുവേട്ടാ‍ാ‍ാ

  ReplyDelete
  Replies
  1. ഹേയ്... ഞങ്ങളത്തരക്കാരൊന്നുമല്ല മുരളിഭായ്... :)

   ഈ ഗഢാഗഡിയന്മാരുടെ രസകരങ്ങളായ വിശേഷങ്ങൾ വരാനിരിക്കുന്നതേയുള്ളൂ കേട്ടോ...

   Delete
 10. ആ പരിച്ചയപെടലിന്റെ വിശദാംശങ്ങള്‍ ഒന്ന് കൂടി വ്യക്തമാക്കാമായിരുന്നു :p
  ബാക്കി പെട്ടന്ന് പോന്നോട്ടെ..

  ReplyDelete
 11. അനുഭവകുറിപ്പുകള്‍ തുടരട്ടെ. ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി സുധീർദാസ്... സന്തോഷം...

   Delete
 12. ഇത്തിരി ലേറ്റായാലും ലേറ്റസ്റ്റായി ഞാനുമെത്തി.. :)

  മദിരാശി ഓർമ്മക്കുറിപ്പുകൾ നന്നായി പുരോഗമിക്കുന്നുണ്ടല്ലോ.. വെറുതെ വച്ച്‌ താമസിപ്പിക്കാതെ അടുത്ത ലക്കം പോന്നോട്ടെ...

  ReplyDelete
  Replies
  1. നോക്കാം... സമാന്തരമായി മറ്റേ ബ്‌‌ളോഗും കൊണ്ടുപോകണമല്ലോ... അതുകാരണമുള്ള സമയക്കുറവ് മാത്രമേയുള്ളൂ പ്രശ്നം...

   Delete
 13. കണ്ണിന്റെ അസ്കിത മൂലം ഇന്നാണ് ബ്ലോഗ് വായന പുനരാരംഭിച്ചത്.
  മദിരാശീയം ഇന്നാണ് വായിച്ചത്!

  ReplyDelete
  Replies
  1. തിരികെയെത്തിയതിൽ സന്തോഷം അജിത്‌ഭായ്...

   Delete
 14. നമത് ചെന്നൈ..
  ചെന്നൈ കഥകൾ ഇന്നമും വരട്ടും..

  ReplyDelete
 15. ഇന്നെങ്കിലും ആ പരാതി അങ്ങു തീര്‍ത്താക്കാമെന്നു വച്ചു.. .

  മദിരാശീയം.. .
  വിനുവേട്ടനെല്ലാം മധുരിക്കുന്ന ഓര്‍മ്മകള്‍.....
  മധുരിക്കണമെങ്കില്‍ അനുഭവങ്ങള്‍ ഓര്‍മ്മകളാവണം ..ല്ലേ...

  ചെന്നൈ ജീവിതം ഒരു ഓര്‍മ്മയാകുന്ന നാളും കാത്ത്....

  ReplyDelete
  Replies
  1. ആ ഓർമ്മകളെല്ലാം ഉണ്ടാപ്രിയുടെ ലോകത്തിൽ എഴുതണം ട്ടോ...

   Delete
 16. രസകരമായി അവതരിപ്പിച്ചു. കുറിപ്പുകള്‍ തുടരട്ടെ.

  ReplyDelete
 17. ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനുണ്ട് ഒരു സുഖം കാരണം ഇനി തിരികെ ലഭിക്കാത്ത ആ കാലത്തേക്ക് നമ്മുടെ മനസ്സ് വീണ്ടും ഓര്‍മ്മകളിലൂടെ സഞ്ചരിക്കും നല്ലോര്‍മ്മകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക ആശംസകള്‍

  ReplyDelete
  Replies
  1. വളരെ സന്തോഷം റഷീദ്ഭായ്...

   Delete
 18. വളരെ നന്നായിരിക്കുന്നു.

  ReplyDelete
 19. തമിഴ് സുഹൃത്തുക്കൾ ഏറെ ഉള്ളതിനാൽ ചെന്നൈക്കഥകൾ എല്ലാം കേൾക്കാൻ ഒരു പ്രത്യേക സുഖം‌‌. റാഗിങ്ങ് വിശദാംശങ്ങൾ അടുത്ത ഭാഗങ്ങളിൽ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു

  ReplyDelete
  Replies
  1. അപ്പോൾ അങ്ങനെയാണ് ഉറുമ്പ് തമിഴ് പഠിച്ചതല്ലേ...? റാഗിങ്ങ്... ങ് ഹും.... :)

   Delete
 20. വിനുവേട്ടാ , കുഞ്ഞുറുമ്പ് പറഞ്ഞ പോലെ റാഗിങ്ങ് വിശേഷങ്ങൾ പറയാതെ പോകില്ല എന്ന് ഞാനും കരുതുന്നു ...

  ReplyDelete
  Replies
  1. റാഗിങ്ങ് വിശേഷങ്ങൾ... അത് സെന്റ് തോമസ് മൌണ്ടിന് മുകളിൽ വച്ചായിരുന്നു എന്ന് വാൽക്കഷണത്തിൽ പറഞ്ഞിട്ടുണ്ടല്ലോ ഷഹീം... അതൊന്നും ഒരു റാഗിങ്ങേ ആയിരുന്നില്ല്ല.... ഒരു റാഗിങ്ങ് കഥ ഇനിയുള്ള ലക്കങ്ങളിലൊന്നിൽ ഉണ്ടാകും... കാത്തിരിക്കുക...

   Delete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...