Friday, October 9, 2015

മദിരാശീയം - 4


തൊട്ടടുത്തുള്ള റെയിൽ‌വേ സ്റ്റേഷനാണ് “ഗിണ്ടി”. തമിഴിൽ “ഗ” എന്ന അക്ഷരം ഇല്ലാത്തത് കൊണ്ട് “ക” ആണ് ഉപയോഗിക്കുക. മണിച്ചിത്രത്താഴ് അന്ന് ഇറങ്ങിയിട്ടില്ലാത്തതിനാൽ ആർക്കും അതിൽ അസ്വസ്ഥതയോ പുതുമയോ ഒന്നും തോന്നിയിരുന്നില്ല. പ്രീഡിഗ്രിയ്ക്ക് എൻ.വി.കൃഷ്ണവാര്യരുടെ “കൊച്ചുതൊമ്മൻ” എന്നൊരു കവിത പഠിക്കുവാനുണ്ടായിരുന്നു. അതിൽ നിന്നാണ് “ഗിണ്ടി” എന്നത് മദിരാശിയിലെ ഒരു സ്ഥലമാണെന്നുള്ള അറിവ് ആദ്യമായി ലഭിച്ചത്.

മദ്രാസ് ബീച്ചിൽ നിന്നും ആരംഭിക്കുന്ന മീറ്റർ ഗേജ് പാത എഗ്‌മൂർ ടെർമിനലിൽ വന്ന് ചേർന്ന് മാമ്പലം, ഗിണ്ടി, താംബരം, ചെങ്കൽപ്പേട്ട് തുടങ്ങിയ പ്രദേശങ്ങൾ താണ്ടി തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകങ്ങളുടെയും നെല്ലറകളുടെയും ദേശങ്ങൾ കടന്ന് തെക്കോട്ട് പോകുന്നു. താംബരത്ത് നിന്നും മദ്രാസ് ബീച്ച് വരെയുള്ള സബർബൻ ഇലക്ട്രിക്ക് ട്രെയിൻ സർവീസായിരുന്നു ഞങ്ങളുടെ വാരാന്ത്യങ്ങളിലെ ഔട്ടിങ്ങിനുള്ള ഉപാധി. മദ്രാസ് പാർക്ക് സ്റ്റേഷനിൽ ഇറങ്ങി പൂനമല്ലി ഹൈറോഡ് ക്രോസ് ചെയ്താൽ മൂർ മാർക്കറ്റും പിന്നെ തലയുയർത്തി നിൽക്കുന്ന മദ്രാസ് സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷനുമായി.  അന്നത്തെ മീറ്റർ ഗേജ് പാത പിന്നീടെപ്പോഴോ ബ്രോഡ്ഗേജായി മാറി.

മൂർ മാർക്കറ്റിൽ നിന്നും ജെയിംസ് ഹാർഡ്ലി ചെയ്സിന്റെ ത്രില്ലറുകൾ വാങ്ങിക്കൂട്ടുകയായിരുന്നു മനോജിന്റെയും ഷിബുവിന്റെയും പ്രധാന ഹോബി. ഞാനാകട്ടെ, പാർക്ക് സ്റ്റേഷന് പുറത്തുള്ള പെട്ടിക്കടകളിൽ വച്ചിരിക്കുന്ന കലാകൌമുദിയുടെ വരിക്കാരനും. തൃശൂർ സെന്റ് തോമസ് കോളേജിലെ റീഡിങ്ങ് റൂമിൽ നിന്നും സഹചാരിയായി ഒപ്പം കൂടിയ കലാകൌമുദിയുമായുള്ള ചങ്ങാത്തം വായനയുടെ ലോകം വിശാലമാക്കുവാൻ ഒട്ടൊന്നുമല്ല സഹായിച്ചത്. എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം എന്നിൽ എഴുതുവാനുള്ള ത്വരയെ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. എം.ടി യുടെ രണ്ടാമൂഴവും, സി. രാധാകൃഷ്ണന്റെ സ്പന്ദമാപിനികളേ നന്ദിയും, എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളും, എം.പി നാരായണപിള്ളയുടെ പരിണാമവും, കെ. സുരേന്ദ്രന്റെ സീതായനവും ഒക്കെ വായിച്ചത് കലാകൌമുദിയിലൂടെയായിരുന്നു.

പാരീസ് എന്നൊരു സ്ഥലം മദ്രാസിലും ഉണ്ടെന്നും വിദേശങ്ങളിൽ നിന്നും കള്ളക്കടത്തായി എത്തുന്ന സാധനങ്ങൾ മാത്രം വിൽക്കാനായി ഒരു മാർക്കറ്റ് അവിടെയുണ്ടെന്നുള്ളതും പുതിയൊരു അറിവായിരുന്നു. ഏതെങ്കിലും സാധനം കൈയിലെടുത്ത് വില ചോദിച്ചു പോയാൽ പിന്നെ അത് വാങ്ങിയില്ലെങ്കിൽ നാം വിവരമറിയുമെന്നുള്ളതും നടുക്കുന്ന ഒരോർമ്മയാണ്. അത് മറന്നിട്ടില്ലാത്ത എന്റെ ഒരുറ്റ സുഹൃത്ത് ഇപ്പോൾ ദുബായിലുണ്ട്. ഇത് വായിക്കാനിട വന്നാൽ ഇവനിതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടാകും ആശാൻ.

ക്ലാസുകൾ കഴിഞ്ഞ് വൈകുന്നേരമാകുമ്പോൾ ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങി മൌണ്ട് പൂനമല്ലി റോഡിലെ ബാങ്ക് ഓഫ് ബറോഡയുടെ മുന്നിൽ നിന്നുകൊണ്ടാണ് കൊച്ചു വർത്തമാനം പറയുക. അങ്ങനെയൊരിക്കൽ നിൽക്കുമ്പോഴാണ് മുന്നിലും പിന്നിലും പോലീസ് അകമ്പടിയോടെ മുഖ്യമന്ത്രി മക്കൾ‌തിലകം തിരു. എം.ജി.ആർ അവർകൾ ആ വഴി കടന്നു പോയത്. അംബാസഡർ കാറിന്റെ പിൻ‌സീറ്റിൽ എല്ലാവർക്കും പരിചിതമായ ആ പട്ടുതൊപ്പിയുമണിഞ്ഞ് കാണികളായ ഞങ്ങളെ നോക്കി കൈ വീശി വെളുക്കെ ചിരിച്ചുകൊണ്ട്...  

മാസങ്ങൾ മൂന്ന് കടന്നു പോയിരിക്കുന്നു. കോളേജ് സെക്യൂരിറ്റിക്കാരൻ ദേവരാജന്റെ മെസ്സിൽ നിന്നുമുള്ള പരിമിതമായ ഭക്ഷണം ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിന് പോലും തികയുന്നില്ല എന്ന തിരിച്ചറിവ് പതുക്കെ പതുക്കെ ഞങ്ങളിൽ പലരിലും രൂഢമൂലമായിത്തുടങ്ങിയത്  അപ്പോഴായിരുന്നു. അങ്ങനെയാണ് അഞ്ചോ ആറോ പേർ ചേർന്ന് പുറമേ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുക എന്ന ആശയം ഉടലെടുക്കുന്നത്.

അവിടെയാണ് ആ ആറംഗ കൂട്ടായ്മയുടെ ആരംഭം. മനോജ്, ഷിബു, അനിൽ, ഞാൻ, പിന്നെ മനോജിന്റെ ക്ലാസ്മേറ്റായ വെല്ലൂരുകാരൻ പ്രേമാനന്ദ്, തമിഴ്നാട്ടുകാരനെങ്കിലും ആന്ധ്രയിൽ സ്ഥിരതാമസമാക്കിയ ജയരാജ്. വാടകയ്ക്ക് ഒരു വീട് ലഭിക്കുവാൻ രണ്ട് തമിഴർ ഒപ്പമുള്ളത് എന്തുകൊണ്ടും നല്ലത് തന്നെ. ചെറുപ്പകാലത്ത് വിസ്തൃത മനഃപാഠം (എഞ്ചുവടി) നോക്കി പഠിച്ച് വച്ചിരുന്ന തമിഴ് അക്ഷരമാല വീണ്ടും പൊടി തട്ടിയെടുത്ത് പ്രേമാനന്ദിന്റെ സഹായത്തോടെ അല്പസ്വല്പം വ്യാകരണങ്ങളും ഒക്കെ മനസ്സിലാക്കിയെടുത്ത് അത്യാവശ്യം പെരുമാറുവാൻ തക്ക നിലയിലേക്ക് ഞാൻ സ്വയം അപ്ഗ്രേഡ് ചെയ്തു.

അവധി ദിനങ്ങളായ ശനിയും ഞായറും വീടന്വേഷിച്ച് നടക്കലായി അടുത്ത ജോലി. ബട്ട് റോഡിന്റെ പരിസരം മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും HIET വിദ്യാർത്ഥികൾ ഒരു വിധം എല്ലായിടത്തും കൈയ്യേറി കഴിഞ്ഞിരുന്നു. പിന്നെയുള്ളത് അധികമകലെയല്ലാത്ത ഡിഫൻസ് കോളനിയും നന്ദമ്പാക്കവുമാണ്. അവിടെയൊക്കെ അലഞ്ഞുവെങ്കിലും നാടോടിക്കാറ്റിൽ ദാസനും വിജയനും കൂടി വാടക വീടന്വേഷിച്ചത് പോലെ എല്ലാ സൌകര്യങ്ങളുമുള്ള ഒരു വീട് ഞങ്ങളുടെ ബഡ്ജറ്റിനുള്ളിൽ ഒത്തു വന്നില്ല.

അങ്ങനെയിരിക്കവെയാണ് ആദമ്പാക്കത്ത് ഒരു വീടിന്റെ ഫസ്റ്റ് ഫ്ലോർ വാടകയ്ക്ക് കൊടുക്കുവാനുണ്ടെന്ന് കൂട്ടുകാരിൽ ആരുടെയോ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞത്. ആലന്തൂർ റെയിൽ‌വേ ഗേറ്റ് കടന്ന് തിരക്ക് പിടിച്ച ഇടുങ്ങിയ റോഡിലൂടെ പിന്നെയും നടന്ന് പോലീസ് സ്റ്റേഷനും താണ്ടി വേളാച്ചേരി തടാകത്തിന്റെ കിഴക്ക് വശത്തുള്ള ലക്ഷ്മി ഹയഗ്രീവ നഗറിലാണ് ചെന്നെത്തിയത്. ബസ്സ് പോകാത്ത റോഡ്. നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ സൈക്കിൾ റിക്ഷകളും സൈക്കിളുകളും കാല്പാദത്തിലൂടെ കയറിയിറങ്ങി പോകുവാൻ സാദ്ധ്യതയുള്ള ഇടുങ്ങിയ തെരുവുകൾ. ഇവിടെ നിന്നും കോളേജിൽ പോയി വരണമെങ്കിൽ ഒരു സൈക്കിൾ കൂടിയുണ്ടെങ്കിലേ സാധിക്കൂ.

ബാങ്ക് ഓഫീസറായ ഒരു പട്ടരുടെ വീടാണ്. പട്ടരും പട്ടരെ ഭരിക്കുന്ന ഭാര്യയും അഞ്ച് മക്കളും വസിക്കുന്ന ആ വീടിന്റെ ഒന്നാം നിലയാണ് വാടകയ്ക്ക് കൊടുക്കുവാൻ ഇട്ടിരിക്കുന്നത്. മൂത്ത മകന് ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ്സ്... പിന്നെ ഓരോ വയസ്സ് ഇടവേള കൊടുത്തുകൊണ്ട് രണ്ട് പെൺമക്കൾ, അതിന് താഴെ ഞങ്ങളുടെ പ്രായത്തിൽ ഒരു മകൻ, ഏറ്റവുമൊടുവിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന മറ്റൊരു മകളും. ബാച്ചിലേഴ്സിന് വാടകയ്ക്ക് കൊടുക്കുവാൻ എന്തുകൊണ്ടും ഉത്തമമായ വീട്...

ഞങ്ങളുടെ ഭവ്യതയും കുലീനത്വവും (?) കണ്ടും സംസാരിച്ചും ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പട്ടരെ ഭരിക്കുന്ന ഭാര്യ ഒന്നാം നില ഞങ്ങൾക്ക് തന്നെ വാടകയ്ക്ക് നൽകുവാൻ തീരുമാനിച്ചു...! ഒന്നാം നിലയിലേക്ക് പ്രത്യേകമായി സ്റ്റെയർകെയ്സ് ഉള്ളത് കൊണ്ട് വീട്ടുകാർക്ക് ഞങ്ങളൊരു ശല്യമാകുന്ന പ്രശ്നമേയില്ല എന്ന ധാരണയിലായിരുന്നു അത്. മാത്രമല്ല തികച്ചും ന്യായമായ മൂന്ന് നാല് കണ്ടീഷനുകളും.

  1. സസ്യാഹാരം മാത്രമേ പാചകം ചെയ്യാനും കഴിക്കാനും പാടുള്ളൂ.
  2.  പാചകത്തിനായി അവരുടെ വീട്ടിൽ ജോലിക്ക് വരുന്ന ഒരു അമ്മ്യാരെ ഏർപ്പാടാക്കും.
  3. രാത്രി പത്ത് മണിക്ക് കോമ്പൌണ്ടിന്റെ ഗെയ്റ്റ് അടയ്ക്കും.
  4. വീട്ടിലെ പെൺ‌മക്കൾക്ക് യാതൊരു ശല്യവുമുണ്ടാക്കരുത്.


ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി. വീടന്വേഷിച്ച് നടന്ന് നടന്ന് ഒരു വഴിക്കായി ഇരിക്കുകയാണ്. മാസം അഞ്ഞൂറ് രൂപയ്ക്ക് ഇത്രയും സൌകര്യമുള്ള ഒരു വീട് ഇനി കിട്ടാൻ സാദ്ധ്യതയില്ല.

  1. കണ്ടീഷൻ നമ്പർ വൺ - തൽക്കാലം അഡ്ജസ്റ്റ്  ചെയ്യാം... വേറെ വഴിയില്ലല്ലോ...
  2. കണ്ടീഷൻ നമ്പർ റ്റൂ – ഇതൊരു പാരയാണെങ്കിലും പിന്നീട് അങ്ങനെ ഒരാളുടെ ആവശ്യമില്ല എന്ന് തീരുമാനിക്കാം...  ആദ്യം ഒരു ഗ്രിപ്പ് ആകട്ടെ.
  3.  കണ്ടീഷൻ നമ്പർ ത്രീ – സെക്കന്റ് ഷോ എന്നത്  ഫസ്റ്റ് ഷോ യിലേക്ക് അഡ്വാൻസ് ചെയ്യാം തൽക്കാലം...
  4. കണ്ടീഷൻ നമ്പർ ഫോർ - ഡോണ്ട് വറി... മൂന്ന് പെൺകുട്ടികൾക്കും കൂടി ഇപ്പോഴുള്ള രണ്ട് സഹോദരന്മാരോടൊപ്പം ഞങ്ങൾ ആറ് പേരും കൂടി ചേർന്ന് അഷ്ട സഹോദരന്മാരാകുന്നു...


അങ്ങനെ ലക്ഷ്മി ഹയഗ്രീവ നഗറിൽ പ്ലോട്ട് നമ്പർ 15A യിലെ ആ വീടിന്റെ ഒന്നാം നിലയിൽ സ്വാതന്ത്ര്യത്തിന്റെ നറുമണം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ ഗൃഹപ്രവേശം നടത്തി.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Monday, September 28, 2015

മദിരാശീയം - 3റാഫി ബാംഗളുരിലേക്ക് ചേക്കേറിയതോടെ എന്റെ സൌഹൃദം ഹോസ്റ്റലിന്റെ മൂന്നാം നിലയിലേക്ക് പറിച്ച് നടപ്പെട്ടു. ഷിബു ജോണിന്റെയും മനോജിന്റെയും റൂമിലേക്ക്. ചേതൻ ശർമ്മയെ മനസ്സിലെ വിഗ്രഹമായി താലോലിച്ച് കൊണ്ടു നടക്കുന്ന ഷിബു... ക്രിക്കറ്റിൽ താനും ഒട്ടും മോശമല്ലെന്ന് ഊറ്റം കൊള്ളുന്ന ഷിബു... തിരുവല്ലാക്കാരന്റെ സ്വതസിദ്ധമായ പൊങ്ങച്ചം കഴിയുന്നിടത്തൊക്കെ കാഴ്ച്ച വയ്ക്കാൻ മടിയില്ലാത്ത ഷിബു... എന്നെപ്പോലെ തന്നെ AMIE യ്ക്ക് തന്നെ ചേർന്നിരിക്കുന്നു.

പിന്നെ മനോജ്... എയർക്രാഫ്റ്റ് മെയിന്റനൻസ് എൻ‌ജിനീയറിങ്ങിനാണ് ചേർന്നിരിക്കുന്നത്. കാസറഗോഡൻ ശൈലിയിലുള്ള സംസാരം കേൾക്കാൻ നല്ല രസമാണ്. മംഗലാപുരത്തോ മറ്റോ പഠിച്ചിട്ടുള്ളതിനാൽ കന്നടയും അത്യാവശ്യം വഴങ്ങും. കാസറഗോട്ടെ പ്രശസ്ത അഡ്വക്കേറ്റ്  കോടോത്ത് കുഞ്ഞിക്കേളുനായരുടെ സീമന്ത പുത്രൻ.

കോഴിക്കോടിന്റെ ലാളിത്യവും നർമ്മവും പേറുന്ന അനിൽ എല്ലാവർക്കും പ്രിയങ്കരനായത് ഞൊടിയിടയിലായിരുന്നു. ഓട്ടോമൊബൈൽ എൻ‌ജിനീയറിങ്ങ് ഡിപ്ലോമ എടുക്കാൻ അനിൽ വന്നത് ഒന്നും കാണാതെയല്ല... നടക്കാവിലെ ഇൻഡ്യൻ ഇൻഡസ്ട്രീസ് എന്ന ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുന്ന വലിയ കുടുംബത്തിലെ ഇളയ സന്താനമാണ് അനിൽ.

വാരാന്ത്യങ്ങളിലെ ഒഴിവ് ദിനങ്ങൾ ഉല്ലാസപൂർണ്ണമാക്കുവാൻ കോളേജ് ക്യാമ്പസിന്റെ മതിലിന് തൊട്ടപ്പുറത്ത് തന്നെ വിവരമുള്ള ഏതോ തമിഴൻ “ജ്യോതി” എന്നൊരു സിനിമാ തീയേറ്റർ തുറന്ന് വച്ചിട്ടുണ്ട്. അങ്ങനെ മദിരാശിയിൽ ചെന്നിട്ട് ആദ്യമായി കാണുന്ന പടമായിരുന്നു “വൈദേഹി കാത്തിരുന്താൾ”. തമിഴ് പഠിക്കാൻ ഏറ്റവും എളുപ്പ വഴി തമിഴ് പടങ്ങൾ കാണുകയാണെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

ആഴ്ച്ചകൾ കടന്നു പോയതോടെ എക്സ്പ്ലോർ മദ്രാസ് എന്നൊരു ജ്വരം എല്ലാവരിലും സ്വാഭാവികമായും കടന്നു കൂടി. അങ്ങനെയാണ് അധികമകലെയല്ലാതെ തന്നെ വേറെയും ചില സിനിമാ തീയേറ്ററുകൾ ഉണ്ടെന്ന ത്രസിപ്പിക്കുന്ന അറിവ് ഞങ്ങളെ തേടിയെത്തിയത്. ആലന്തൂരിലെ “മതി”, ആലന്തൂർ പച്ചക്കറി മാർക്കറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന “വിക്ടോറിയ”, സെന്റ് തോമസ് മൌണ്ട് റെയിൽ‌വേ ഗേറ്റ് കടന്ന് അല്പം ചെന്നാൽ കാണുന്ന ആദമ്പാക്കം “ജയലക്ഷ്മി” തുടങ്ങിയവയൊക്കെ ഒന്നര രൂപയുടെ ടിക്കറ്റുമായി ഞങ്ങളെ എപ്പോഴും മാടി വിളിച്ചു കൊണ്ടിരുന്നു.

ക്ലാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഷിബുവിനെ സന്ദർശിക്കാൻ ചെല്ലുമ്പോൾ അവിടെയുള്ളവരെല്ലാം ഗഹനമായ വായനയിലായിരിക്കും. പഠനത്തിൽ ഇവർക്കെല്ലാം ഇത്ര മാത്രം ആത്മാർത്ഥതയോ എന്ന് ചിന്തിച്ച് ചെറു ചമ്മലോടെ തിരികെ പോരാനൊരുങ്ങുമ്പോഴാണ് അവർ പിറകിൽ നിന്നും വിളിച്ചത്.

“എടോ... താനെവിടെയാ പോകുന്നത്...? ഇങ്ങോട്ട് വാടോ... നല്ല ഉഗ്രൻ ത്രില്ലർ നോവലുകളുണ്ട്... വേണോ...?”

ത്രില്ലർ നോവലുകൾ... പണ്ടേ കോട്ടയം പുഷ്പനാഥിന്റെ മുടിഞ്ഞ ഫാനാണ് ഞാൻ. സെന്റ് തോമസ് കോളേജ് ലൈബ്രറിയിലുള്ള അദ്ദേഹത്തിന്റെ സകല പുസ്തകങ്ങളും ഒന്ന് പോലും വിടാതെ വായിച്ച് തീർത്തിട്ടുള്ളതാണ്. വീട്ടിൽ വൈദ്യുതി എത്തിയിട്ടില്ലാത്ത അന്നൊക്കെ രാത്രി കാലങ്ങളിൽ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ വാഴയുടെ ഇലയും ഒടിഞ്ഞു കിടക്കുന്ന ഓല മടലും അനങ്ങുന്നത് കാർപ്പേത്യൻ മലനിരകളിൽ നിന്നും ട്രാൻസിൽ‌വേനിയൻ താഴ്‌വരയിലേക്കിറങ്ങി വരുന്ന ഡ്രാക്കുളയുടെ കറുത്ത അങ്കിയായി നിനച്ച് ഭയന്ന് വിറച്ചിട്ടുള്ളതാണ്.

“ഏതാണ്... നോക്കട്ടെ...”

ഷിബു നീട്ടിയ പുസ്തകം കണ്ട് ഞാൻ ഞെട്ടി... തോക്കും പിടിച്ച് നിൽക്കുന്ന സായിപ്പിന്റെ ചിത്രമുള്ള ഇംഗ്ലീഷ് പുസ്തകം...! ലൂയി എൽ ആമർ എന്നോ മറ്റോ ആണ് നോവലിസ്റ്റിന്റെ പേര്. ഇവിടെ മനുഷ്യൻ ആകെക്കൂടി വായിച്ചിട്ടുള്ള ഇംഗ്ലീഷ് നോവൽ എന്ന് പറയുന്നത് ഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങ് എന്ന പുസ്തകമാണ്. ആ നോവലിനോടുള്ള ഇഷ്ടം മൂത്ത് രണ്ടാം വർഷമായപ്പോഴേക്കും അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കൈയെഴുത്തുപ്രതിയാക്കി വീട്ടിൽ സൂക്ഷിച്ച് വച്ചിട്ടുള്ള കാര്യമൊന്നും ഇവർക്കറിയില്ലല്ലോ. പുസ്തകം വാങ്ങി ഒന്ന് രണ്ട് പേജുകൾ മറിച്ച് നോക്കിയിട്ടും എന്തോ ഒരു താല്പര്യവും തോന്നിയില്ല.

“എടോ... സെൻ‌ട്രൽ സ്റ്റേഷന്റെ അടുത്ത് മൂർ മാർക്കറ്റ് എന്നൊരു സംഭവമുണ്ട്... ഏത് പുസ്തകം വേണം തനിക്ക്...? എല്ലാം കിട്ടും... പക്ഷേ, സെക്കന്റ് ഹാൻഡായിരിക്കുമെന്ന് മാത്രം... വിലപേശി വാങ്ങാം...” മനോജ് സംഭവം ഏറ്റെടുത്തു.

“ഓ... എനിക്കീ ഇംഗ്ലീഷ് നോവലിനോടൊന്നും അത്ര താല്പര്യമില്ല... വല്ല മലയാളവുമായിരുന്നെങ്കിൽ...” ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.

“പിന്നെ... മലയാളം... ഇവിടെ... മദ്രാസിൽ... ഒന്ന് പോടോ അവിടുന്ന്... ഇംഗ്ലീഷ് നോവലുകൾ എന്ന് പറഞ്ഞാൽ എന്താ അതിലെ ഒരു സസ്പെൻസ്... എന്താ അതിന്റെ ഒരു ത്രിൽ... തനിക്കറിയത്തില്ല അത്...”  ഷിബു വലിയ സായിപ്പാവാനുള്ള ശ്രമമാണ്.

സസ്പെൻസ്... അതിന്റെ ത്രിൽ... ആകെപ്പാടെ ഒരേ ഒരു ഇംഗ്ലീഷ് നോവലേ വായിച്ചിട്ടുള്ളുവെങ്കിലും അതിന്റെ ത്രിൽ ഇനിയും മനസ്സിൽ നിന്ന് പോയിട്ടില്ല. പോൾ പഴയാറ്റിൽ മാഷ്ടെ ക്ലാസുകൾക്കായി കാത്തിരിക്കുമായിരുന്ന ആ കോളേജ് ദിനങ്ങൾ... ഇവർക്ക് അത് വല്ലതുമറിയുമോ...

“അല്ല, നിങ്ങൾ ജാക്ക് ഹിഗ്ഗിൻസ് എന്നൊരു നോവലിസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ...?” ഞാനും അത്ര മോശക്കാരനാവാൻ പാടില്ലല്ലോ.

“ഇല്ല...” ഷിബു.

“എവിടെയോ കേട്ടിട്ടുള്ളത് പോലെ...” മനോജ്.

“ഞാൻ കേട്ടിട്ടുണ്ട്... എന്റെ ചേച്ചിയ്ക്ക് അയാളുടെ ഒരു പുസ്തകം പഠിക്കാനുണ്ടായിരുന്നു... ദി ഈഗിൾ ഹാസ് ലാന്റഡ് എന്നോ മറ്റോ ആണ് പേര്...” അതുവരെ പതുങ്ങി ഇരിക്കുകയായിരുന്ന എടപ്പാളു‌കാരൻ ശശി പറഞ്ഞു.  അന്നൊക്കെ ശശി എന്ന് പറഞ്ഞാൽ ഇന്നത്തെ ശശി അല്ല എന്നോർമ്മ വേണം...

“അതെ... അതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ...” ഞാൻ പറഞ്ഞു. “അദ്ദേഹത്തിന്റെ സ്റ്റോം വാണിങ്ങ് എന്ന നോവൽ വായിച്ചിട്ടുണ്ടോ...? അതിലുള്ളത് പോലുള്ള സസ്പെൻസ് ഒക്കെയുണ്ടോ നിങ്ങളീ പറയുന്ന നോവലുകളിൽ...?”

“അങ്ങനെയൊക്കെ ചോദിച്ചാൽ ഞങ്ങളാരും അത് വായിച്ചിട്ടില്ല... എന്താണതിന്റെ കഥ? അതറിഞ്ഞാലല്ലേ പറയാൻ പറ്റൂ...?” മനോജ് പറഞ്ഞു.

അതൊരു തുടക്കമായിരുന്നു. AMIE യ്ക്കും  AME യ്ക്കും പഠിക്കാൻ ചേർന്നവർ അങ്ങനെ എന്റെ കഥ കേൾക്കുവാൻ ഡബിൾ ഡക്കർ കട്ടിലിന്റെ മേലെയും താഴെയുമായി കാത് കൂർപ്പിച്ച് ഇരുന്നു. സ്റ്റോം വാണിങ്ങിന്റെ ഒറിജിനലോ എന്റെ കൈയെഴുത്തുപ്രതിയോ ഇല്ലാതെ അങ്ങനെ ഞാൻ കഥാപ്രസംഗം ആരംഭിച്ചു.

ഏതാണ്ട് പത്ത് ദിവസം കൊണ്ട് ഓരോ അദ്ധ്യായത്തിലെയും പ്രധാന സംഭവങ്ങൾ വള്ളിപുള്ളി വിടാതെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് പുനരാവിഷ്കരിക്കുമ്പോൾ അത്ഭുതമായിരുന്നു എല്ലാവർക്കും.  ഒടുവിൽ മേശമേൽ അല്പം മുന്നോട്ടാഞ്ഞ് മടക്കിവച്ച തന്റെ കൈകളിൽ തല ചായ്ച്ച് ഗാഢ നിദ്രയിലേക്ക് വഴുതി വീഴുന്ന റിയർ അഡ്മിറൽ ക്യാരി റീവിന്റെ ചിത്രം വിവരിച്ച് കഥ അവസാനിപ്പിച്ചപ്പോൾ എല്ലാ മുഖങ്ങളിലും മ്ലാനത.

രണ്ട് നിമിഷത്തെ മൌനത്തിന് ശേഷം എഴുന്നേറ്റ മനോജ് കൈ തന്നിട്ട് പറഞ്ഞു. “യൂ ഹാവ് ഗോൺ ത്രൂ ഇറ്റ് വെരി വെൽ... നോ ഡൌട്ട് എബൌട്ട് ഇറ്റ്... വണ്ടർഫുൾ...”

അതെ... അതൊരു പുതിയ ആത്മ സൌഹൃദത്തിന്റെ ആരംഭമായിരുന്നു. മദിരാശിയിൽ ഉണ്ടായിരുന്ന അത്രയും കാലവും പിന്നീട് ബോംബെയിലും അവിടെ നിന്ന് ഗൾഫിൽ എത്തുന്നത് വരെയും തുടർന്ന സൌഹൃദം... പിന്നീടെപ്പോഴോ ജീവിത യാത്രയിൽ  എവിടെയൊ വച്ച് മുറിഞ്ഞു പോയ സൌഹൃദം...  ആ മനോജിനെയാണ് വർഷങ്ങൾക്ക് ശേഷം അല്ലെങ്കിൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഫേസ് ബുക്കിന്റെ മുറ്റത്ത് വച്ച് ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ ഞാൻ കണ്ടെത്തിയത്.  


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...