Monday, September 28, 2015

മദിരാശീയം - 3റാഫി ബാംഗളുരിലേക്ക് ചേക്കേറിയതോടെ എന്റെ സൌഹൃദം ഹോസ്റ്റലിന്റെ മൂന്നാം നിലയിലേക്ക് പറിച്ച് നടപ്പെട്ടു. ഷിബു ജോണിന്റെയും മനോജിന്റെയും റൂമിലേക്ക്. ചേതൻ ശർമ്മയെ മനസ്സിലെ വിഗ്രഹമായി താലോലിച്ച് കൊണ്ടു നടക്കുന്ന ഷിബു... ക്രിക്കറ്റിൽ താനും ഒട്ടും മോശമല്ലെന്ന് ഊറ്റം കൊള്ളുന്ന ഷിബു... തിരുവല്ലാക്കാരന്റെ സ്വതസിദ്ധമായ പൊങ്ങച്ചം കഴിയുന്നിടത്തൊക്കെ കാഴ്ച്ച വയ്ക്കാൻ മടിയില്ലാത്ത ഷിബു... എന്നെപ്പോലെ തന്നെ AMIE യ്ക്ക് തന്നെ ചേർന്നിരിക്കുന്നു.

പിന്നെ മനോജ്... എയർക്രാഫ്റ്റ് മെയിന്റനൻസ് എൻ‌ജിനീയറിങ്ങിനാണ് ചേർന്നിരിക്കുന്നത്. കാസറഗോഡൻ ശൈലിയിലുള്ള സംസാരം കേൾക്കാൻ നല്ല രസമാണ്. മംഗലാപുരത്തോ മറ്റോ പഠിച്ചിട്ടുള്ളതിനാൽ കന്നടയും അത്യാവശ്യം വഴങ്ങും. കാസറഗോട്ടെ പ്രശസ്ത അഡ്വക്കേറ്റ്  കോടോത്ത് കുഞ്ഞിക്കേളുനായരുടെ സീമന്ത പുത്രൻ.

കോഴിക്കോടിന്റെ ലാളിത്യവും നർമ്മവും പേറുന്ന അനിൽ എല്ലാവർക്കും പ്രിയങ്കരനായത് ഞൊടിയിടയിലായിരുന്നു. ഓട്ടോമൊബൈൽ എൻ‌ജിനീയറിങ്ങ് ഡിപ്ലോമ എടുക്കാൻ അനിൽ വന്നത് ഒന്നും കാണാതെയല്ല... നടക്കാവിലെ ഇൻഡ്യൻ ഇൻഡസ്ട്രീസ് എന്ന ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുന്ന വലിയ കുടുംബത്തിലെ ഇളയ സന്താനമാണ് അനിൽ.

വാരാന്ത്യങ്ങളിലെ ഒഴിവ് ദിനങ്ങൾ ഉല്ലാസപൂർണ്ണമാക്കുവാൻ കോളേജ് ക്യാമ്പസിന്റെ മതിലിന് തൊട്ടപ്പുറത്ത് തന്നെ വിവരമുള്ള ഏതോ തമിഴൻ “ജ്യോതി” എന്നൊരു സിനിമാ തീയേറ്റർ തുറന്ന് വച്ചിട്ടുണ്ട്. അങ്ങനെ മദിരാശിയിൽ ചെന്നിട്ട് ആദ്യമായി കാണുന്ന പടമായിരുന്നു “വൈദേഹി കാത്തിരുന്താൾ”. തമിഴ് പഠിക്കാൻ ഏറ്റവും എളുപ്പ വഴി തമിഴ് പടങ്ങൾ കാണുകയാണെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

ആഴ്ച്ചകൾ കടന്നു പോയതോടെ എക്സ്പ്ലോർ മദ്രാസ് എന്നൊരു ജ്വരം എല്ലാവരിലും സ്വാഭാവികമായും കടന്നു കൂടി. അങ്ങനെയാണ് അധികമകലെയല്ലാതെ തന്നെ വേറെയും ചില സിനിമാ തീയേറ്ററുകൾ ഉണ്ടെന്ന ത്രസിപ്പിക്കുന്ന അറിവ് ഞങ്ങളെ തേടിയെത്തിയത്. ആലന്തൂരിലെ “മതി”, ആലന്തൂർ പച്ചക്കറി മാർക്കറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന “വിക്ടോറിയ”, സെന്റ് തോമസ് മൌണ്ട് റെയിൽ‌വേ ഗേറ്റ് കടന്ന് അല്പം ചെന്നാൽ കാണുന്ന ആദമ്പാക്കം “ജയലക്ഷ്മി” തുടങ്ങിയവയൊക്കെ ഒന്നര രൂപയുടെ ടിക്കറ്റുമായി ഞങ്ങളെ എപ്പോഴും മാടി വിളിച്ചു കൊണ്ടിരുന്നു.

ക്ലാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഷിബുവിനെ സന്ദർശിക്കാൻ ചെല്ലുമ്പോൾ അവിടെയുള്ളവരെല്ലാം ഗഹനമായ വായനയിലായിരിക്കും. പഠനത്തിൽ ഇവർക്കെല്ലാം ഇത്ര മാത്രം ആത്മാർത്ഥതയോ എന്ന് ചിന്തിച്ച് ചെറു ചമ്മലോടെ തിരികെ പോരാനൊരുങ്ങുമ്പോഴാണ് അവർ പിറകിൽ നിന്നും വിളിച്ചത്.

“എടോ... താനെവിടെയാ പോകുന്നത്...? ഇങ്ങോട്ട് വാടോ... നല്ല ഉഗ്രൻ ത്രില്ലർ നോവലുകളുണ്ട്... വേണോ...?”

ത്രില്ലർ നോവലുകൾ... പണ്ടേ കോട്ടയം പുഷ്പനാഥിന്റെ മുടിഞ്ഞ ഫാനാണ് ഞാൻ. സെന്റ് തോമസ് കോളേജ് ലൈബ്രറിയിലുള്ള അദ്ദേഹത്തിന്റെ സകല പുസ്തകങ്ങളും ഒന്ന് പോലും വിടാതെ വായിച്ച് തീർത്തിട്ടുള്ളതാണ്. വീട്ടിൽ വൈദ്യുതി എത്തിയിട്ടില്ലാത്ത അന്നൊക്കെ രാത്രി കാലങ്ങളിൽ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ വാഴയുടെ ഇലയും ഒടിഞ്ഞു കിടക്കുന്ന ഓല മടലും അനങ്ങുന്നത് കാർപ്പേത്യൻ മലനിരകളിൽ നിന്നും ട്രാൻസിൽ‌വേനിയൻ താഴ്‌വരയിലേക്കിറങ്ങി വരുന്ന ഡ്രാക്കുളയുടെ കറുത്ത അങ്കിയായി നിനച്ച് ഭയന്ന് വിറച്ചിട്ടുള്ളതാണ്.

“ഏതാണ്... നോക്കട്ടെ...”

ഷിബു നീട്ടിയ പുസ്തകം കണ്ട് ഞാൻ ഞെട്ടി... തോക്കും പിടിച്ച് നിൽക്കുന്ന സായിപ്പിന്റെ ചിത്രമുള്ള ഇംഗ്ലീഷ് പുസ്തകം...! ലൂയി എൽ ആമർ എന്നോ മറ്റോ ആണ് നോവലിസ്റ്റിന്റെ പേര്. ഇവിടെ മനുഷ്യൻ ആകെക്കൂടി വായിച്ചിട്ടുള്ള ഇംഗ്ലീഷ് നോവൽ എന്ന് പറയുന്നത് ഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങ് എന്ന പുസ്തകമാണ്. ആ നോവലിനോടുള്ള ഇഷ്ടം മൂത്ത് രണ്ടാം വർഷമായപ്പോഴേക്കും അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കൈയെഴുത്തുപ്രതിയാക്കി വീട്ടിൽ സൂക്ഷിച്ച് വച്ചിട്ടുള്ള കാര്യമൊന്നും ഇവർക്കറിയില്ലല്ലോ. പുസ്തകം വാങ്ങി ഒന്ന് രണ്ട് പേജുകൾ മറിച്ച് നോക്കിയിട്ടും എന്തോ ഒരു താല്പര്യവും തോന്നിയില്ല.

“എടോ... സെൻ‌ട്രൽ സ്റ്റേഷന്റെ അടുത്ത് മൂർ മാർക്കറ്റ് എന്നൊരു സംഭവമുണ്ട്... ഏത് പുസ്തകം വേണം തനിക്ക്...? എല്ലാം കിട്ടും... പക്ഷേ, സെക്കന്റ് ഹാൻഡായിരിക്കുമെന്ന് മാത്രം... വിലപേശി വാങ്ങാം...” മനോജ് സംഭവം ഏറ്റെടുത്തു.

“ഓ... എനിക്കീ ഇംഗ്ലീഷ് നോവലിനോടൊന്നും അത്ര താല്പര്യമില്ല... വല്ല മലയാളവുമായിരുന്നെങ്കിൽ...” ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.

“പിന്നെ... മലയാളം... ഇവിടെ... മദ്രാസിൽ... ഒന്ന് പോടോ അവിടുന്ന്... ഇംഗ്ലീഷ് നോവലുകൾ എന്ന് പറഞ്ഞാൽ എന്താ അതിലെ ഒരു സസ്പെൻസ്... എന്താ അതിന്റെ ഒരു ത്രിൽ... തനിക്കറിയത്തില്ല അത്...”  ഷിബു വലിയ സായിപ്പാവാനുള്ള ശ്രമമാണ്.

സസ്പെൻസ്... അതിന്റെ ത്രിൽ... ആകെപ്പാടെ ഒരേ ഒരു ഇംഗ്ലീഷ് നോവലേ വായിച്ചിട്ടുള്ളുവെങ്കിലും അതിന്റെ ത്രിൽ ഇനിയും മനസ്സിൽ നിന്ന് പോയിട്ടില്ല. പോൾ പഴയാറ്റിൽ മാഷ്ടെ ക്ലാസുകൾക്കായി കാത്തിരിക്കുമായിരുന്ന ആ കോളേജ് ദിനങ്ങൾ... ഇവർക്ക് അത് വല്ലതുമറിയുമോ...

“അല്ല, നിങ്ങൾ ജാക്ക് ഹിഗ്ഗിൻസ് എന്നൊരു നോവലിസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ...?” ഞാനും അത്ര മോശക്കാരനാവാൻ പാടില്ലല്ലോ.

“ഇല്ല...” ഷിബു.

“എവിടെയോ കേട്ടിട്ടുള്ളത് പോലെ...” മനോജ്.

“ഞാൻ കേട്ടിട്ടുണ്ട്... എന്റെ ചേച്ചിയ്ക്ക് അയാളുടെ ഒരു പുസ്തകം പഠിക്കാനുണ്ടായിരുന്നു... ദി ഈഗിൾ ഹാസ് ലാന്റഡ് എന്നോ മറ്റോ ആണ് പേര്...” അതുവരെ പതുങ്ങി ഇരിക്കുകയായിരുന്ന എടപ്പാളു‌കാരൻ ശശി പറഞ്ഞു.  അന്നൊക്കെ ശശി എന്ന് പറഞ്ഞാൽ ഇന്നത്തെ ശശി അല്ല എന്നോർമ്മ വേണം...

“അതെ... അതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ...” ഞാൻ പറഞ്ഞു. “അദ്ദേഹത്തിന്റെ സ്റ്റോം വാണിങ്ങ് എന്ന നോവൽ വായിച്ചിട്ടുണ്ടോ...? അതിലുള്ളത് പോലുള്ള സസ്പെൻസ് ഒക്കെയുണ്ടോ നിങ്ങളീ പറയുന്ന നോവലുകളിൽ...?”

“അങ്ങനെയൊക്കെ ചോദിച്ചാൽ ഞങ്ങളാരും അത് വായിച്ചിട്ടില്ല... എന്താണതിന്റെ കഥ? അതറിഞ്ഞാലല്ലേ പറയാൻ പറ്റൂ...?” മനോജ് പറഞ്ഞു.

അതൊരു തുടക്കമായിരുന്നു. AMIE യ്ക്കും  AME യ്ക്കും പഠിക്കാൻ ചേർന്നവർ അങ്ങനെ എന്റെ കഥ കേൾക്കുവാൻ ഡബിൾ ഡക്കർ കട്ടിലിന്റെ മേലെയും താഴെയുമായി കാത് കൂർപ്പിച്ച് ഇരുന്നു. സ്റ്റോം വാണിങ്ങിന്റെ ഒറിജിനലോ എന്റെ കൈയെഴുത്തുപ്രതിയോ ഇല്ലാതെ അങ്ങനെ ഞാൻ കഥാപ്രസംഗം ആരംഭിച്ചു.

ഏതാണ്ട് പത്ത് ദിവസം കൊണ്ട് ഓരോ അദ്ധ്യായത്തിലെയും പ്രധാന സംഭവങ്ങൾ വള്ളിപുള്ളി വിടാതെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് പുനരാവിഷ്കരിക്കുമ്പോൾ അത്ഭുതമായിരുന്നു എല്ലാവർക്കും.  ഒടുവിൽ മേശമേൽ അല്പം മുന്നോട്ടാഞ്ഞ് മടക്കിവച്ച തന്റെ കൈകളിൽ തല ചായ്ച്ച് ഗാഢ നിദ്രയിലേക്ക് വഴുതി വീഴുന്ന റിയർ അഡ്മിറൽ ക്യാരി റീവിന്റെ ചിത്രം വിവരിച്ച് കഥ അവസാനിപ്പിച്ചപ്പോൾ എല്ലാ മുഖങ്ങളിലും മ്ലാനത.

രണ്ട് നിമിഷത്തെ മൌനത്തിന് ശേഷം എഴുന്നേറ്റ മനോജ് കൈ തന്നിട്ട് പറഞ്ഞു. “യൂ ഹാവ് ഗോൺ ത്രൂ ഇറ്റ് വെരി വെൽ... നോ ഡൌട്ട് എബൌട്ട് ഇറ്റ്... വണ്ടർഫുൾ...”

അതെ... അതൊരു പുതിയ ആത്മ സൌഹൃദത്തിന്റെ ആരംഭമായിരുന്നു. മദിരാശിയിൽ ഉണ്ടായിരുന്ന അത്രയും കാലവും പിന്നീട് ബോംബെയിലും അവിടെ നിന്ന് ഗൾഫിൽ എത്തുന്നത് വരെയും തുടർന്ന സൌഹൃദം... പിന്നീടെപ്പോഴോ ജീവിത യാത്രയിൽ  എവിടെയൊ വച്ച് മുറിഞ്ഞു പോയ സൌഹൃദം...  ആ മനോജിനെയാണ് വർഷങ്ങൾക്ക് ശേഷം അല്ലെങ്കിൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഫേസ് ബുക്കിന്റെ മുറ്റത്ത് വച്ച് ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ ഞാൻ കണ്ടെത്തിയത്.  


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...