Sunday, September 17, 2017

മദിരാശീയം - 7ഗോൾഡൻ ബീച്ച് സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് എല്ലാവരുടെയും സാഹസിക മനോഭാവത്തിന് അല്പം ശമനം വന്നു എന്നതായിരുന്നു സത്യം. പിന്നീടുള്ള ഔട്ടിങ്ങ് ഏറിപ്പോയാൽ ആദമ്പാക്കം ജയലക്ഷ്മി, ആലന്തൂർ മതി, സെന്റ് തോമസ് മൌണ്ട് ജ്യോതി എന്നീ തീയേറ്ററുകളിലെ ഫസ്റ്റ് ഷോയിലേക്ക് ചുരുങ്ങി. പഠനവും അതോടൊപ്പം തന്നെ കൊണ്ടുപോകുക എന്ന ദൌത്യം മറക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടായിരുന്നു എന്ന കാ‍ര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

വേനൽ വിട പറഞ്ഞ് നവംബർ അടുത്തതോടെ ചൂടിൽ നിന്നും ഒരു ശമനമാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ. കേരളത്തിലെ തുലാവർഷ സമയത്താണ് മദിരാശിയിൽ ആകെക്കൂടി മഴ ലഭിക്കുക. മദിരാശിയിലെ മഴയെ ആവോളം ആസ്വദിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നു ഞങ്ങൾ. എന്നാൽ എല്ലാ‍വരെയും ഭീതിയിൽ ആഴ്ത്തിക്കൊണ്ട് ഒരു ദുഷ്ടൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന വിവരം ഓൾ ഇന്ത്യാ റേഡിയോ ചെന്നൈ ഞങ്ങളെ അറിയിച്ചത് 1984 നവംബർ പന്ത്രണ്ടിനായിരുന്നുവെന്ന് തോന്നുന്നു. മണിക്കൂറിൽ നൂറ് മുതൽ നൂറ്റിയിരുപത് കിലോമീറ്റർ വരെ വേഗതയിൽ ഒരു സൈക്ലോൺ ചെങ്കൽപ്പെട്ട്, മദിരാശി, ആന്ധ്രയിലെ നെല്ലൂർ, പ്രകാശം എന്നീ തീരങ്ങളിൽ വീശിയടിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗരൂകരായിരിക്കണമെന്നുമായിരുന്നു അറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം  കനത്ത മഴയും പ്രളയവും ഉണ്ടാകുമെന്നും ഒരാഴ്ച്ചത്തേക്ക് ആവശ്യമുള്ള സാധനങ്ങൾ ജനങ്ങൾ കരുതി വച്ചിരിക്കണമെന്നും ഒക്കെയുള്ള അറിയിപ്പുകൾ ഓരോ മണിക്കൂറും ഇടവിട്ട് ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു.

ഒരു കാറ്റ് വരുന്നതിന് ഇത്രമാത്രം പേടിക്കാനെന്തിരിക്കുന്നു എന്നതായിരുന്നു ആദ്യമൊക്കെ ഞങ്ങൾ മലയാളത്താന്മാരുടെ നിലപാട്. എന്നാൽ വെല്ലൂര്കാരനായ പ്രേമാനന്ദിന് അതത്ര ലാഘവത്തോടെ എടുക്കുവാനാകുമായിരുന്നില്ല. 

“മച്ചാ... നീങ്ക നിനൈക്കിറ മാതിരിയില്ലൈ... സൈക്ലോൺ‌ന്നാ ഉങ്കളുക്ക് തെരിയാത്... രൊമ്പ കെയർഫുള്ളാ ഇരുക്കണം...”

“ആമാ മച്ചാ...” ജയരാജും അവനെ പിന്താങ്ങി.

ആ സമയത്താണ് പട്ടത്തിയുടെ മകൻ സുരേഷും എത്തിയത്. ഒരാഴ്ച്ചത്തേക്കുള്ള സാധനങ്ങൾ എല്ലാം സ്റ്റോക്ക് ചെയ്യണം, പുയൽ അടിച്ചു തുടങ്ങിയാൽ പിന്നെ ആരും പുറത്തിറങ്ങരുത്, ജനാലകളും വാതിലുകളും എല്ലാം അടച്ച് ടേപ്പ് ഒട്ടിച്ച് കാറ്റ് കയറാത്ത നിലയിലാക്കണം എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ഒന്നു കൂടി ഭീതിയിലാഴ്ത്തി.

നവംബർ 14 ന് രാവിലെ തന്നെ മഴ കോരിച്ചൊരിഞ്ഞു തുടങ്ങിയത് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ശരി വച്ചു കൊണ്ടായിരുന്നു. ഒരാഴ്ച്ചത്തേക്ക് ആവശ്യമുള്ള സാധനങ്ങൾ ശേഖരിച്ചു വയ്ക്കണമെന്ന നിർദ്ദേശം പാലിക്കുവാൻ ഞങ്ങൾ തീരുമാനിച്ചത് ഭയം കൊണ്ടൊന്നുമായിരുന്നില്ല. പട്ടിണിയായാലോ എന്ന അചിന്തനീയമായ അവസ്ഥയെക്കുറിച്ചോർത്ത് മാത്രമായിരുന്നു. എന്റർടെയ്ൻ‌മെന്റിനായി വാങ്ങിയ രണ്ട് പാക്കറ്റ് ചീട്ടു കൊണ്ട് തുടങ്ങിയ ഇരുപത്തിയെട്ട് കളിക്ക് ഒരു ഇടവേള കൊടുക്കുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.

നിർത്താതെ പെയ്യുന്ന മഴനൂലുകൾ ചരിഞ്ഞു തുടങ്ങിയിരിക്കുന്നു. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് തെന്നി നീങ്ങുന്ന മഴ... കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. അതേ അറിയിപ്പ് റേഡിയോയിലൂടെയും കേൾക്കാനുണ്ട് ഇപ്പോൾ. ചുഴലിക്കാറ്റ് മദിരാശി തീരത്തേക്ക് പ്രവേശിച്ചിരിക്കുന്നുവത്രെ. ജനാലകളും വാതിലുകളും അടച്ച് സുരക്ഷിതരായി ഇരിക്കുവാനുള്ള അഭ്യർത്ഥനയാണ് റേഡിയോയിൽ ഇപ്പോൾ.  അപ്പുറത്തെ തൊടിയിലെ നീളൻ തെങ്ങിന്റെ തലപ്പ് വളഞ്ഞ് നിലം തൊടുമോ എന്ന് തോന്നും ചൂളം വിളിച്ച് വീശുന്ന കാറ്റിന്റെ ശക്തി കണ്ടാൽ. വീടിന് മുൻഭാഗത്തുള്ള പ്ലോട്ടുകളിലൊക്കെ വെള്ളം നിറഞ്ഞിരിക്കുന്നു. വൈദ്യുതി ബന്ധം നിലച്ചതോടെ മെഴുക് തിരി വെട്ടത്തിൽ തുടർന്ന ഇരുപത്തിയെട്ട് കളി രാത്രിയിലെപ്പോഴോ ഉറക്കത്തിന് വഴി മാറുന്നത് വരെ തുടർന്നു.

നേരം പുലർന്നപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നു. മഴ ചാറുന്നുണ്ട്. പോലീസ് സ്റ്റേഷന് സമീപം ആദമ്പാക്കം തടാകത്തിന്റെ ഒരു ഭാഗത്ത് വെള്ളം കരകവിഞ്ഞ് റോഡിലേക്ക് ഒഴുകുന്നു എന്ന വാർത്തയുമായാണ് പട്ടരുടെ മകൻ സുരേഷ് എത്തിയത്. റോഡിന് മറുഭാഗത്തുള്ള കോളനിയിലെ വീടുകളിലൊക്കെ വെള്ളം കയറിയിരിക്കുകയാണത്രെ. മാത്രമല്ല ആണ്ടാൾ നഗർ മുഴുവനും വെള്ളത്തിനടിയിലായിരിക്കുകയും ചെയ്തിരിക്കുന്നു.

മനോജിന്റെയും അനിലിന്റെയും സാഹസികതയ്ക്ക് ചിറക് മുളച്ചത് അപ്പോഴായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ട് നമുക്കതൊക്കെ ഒന്ന് പോയി കാണണ്ടേ...? പ്രേമാനന്ദും ജയരാജും കൂടി ശബ്ദവോട്ടോടെ പ്രമേയം പാസാക്കിയപ്പോൾ പിന്നെ ബാക്കിയുണ്ടായിരുന്ന ഷിബുവും ഞാനും കരിങ്കാലികളാകാൻ നിന്നില്ല. മഴ ഞങ്ങൾക്ക് ഒരു പ്രശ്നമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് എല്ലാവരും അവരവരുടെ സൈക്കിളുകളിൽ റോഡിലേക്കിറങ്ങി. ഞങ്ങളുടെ കോളനിയിൽ നിന്നും റോഡിലേക്ക് തിരിഞ്ഞതോടെ പേമാരിയും ചുഴലിക്കാറ്റും വരുത്തി വച്ച നാശനഷ്ടങ്ങൾ കാണാനാകുന്നുണ്ടായിരുന്നു. തടാകത്തിന്റെ ബണ്ടിൽ താമസിച്ചിരുന്ന പലരുടെയും കുടിലുകളുടെ മേൽക്കൂര പറന്നു പോയിരിക്കുന്നു. അല്പം കൂടി മുന്നോട്ട് നീങ്ങിയതോടെ റോഡിൽ വെള്ളം കുത്തിയൊലിച്ചു കൊണ്ടിരിക്കുകയാണ്. തടാകം കവിഞ്ഞൊഴുകുന്നു. സൈക്കിളിന്റെ വീലുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിനടിയിലാണ്. ചവിട്ടാൻ ആയാസമുണ്ടെങ്കിലും സാഹസിക യാത്രയുടെ ത്രില്ലിലാണ് എല്ലാവരും.

പോലീസ് സ്റ്റേഷന് സമീപമാണ് വെള്ളം കര കവിഞ്ഞ് റോഡിലേക്ക് കുത്തിയൊഴുകുന്നത്. പെട്ടെന്നാണത് സംഭവിച്ചത്...! സൈക്കിൾ ജാഥ നയിച്ച് മുന്നോട്ട് നീങ്ങിയ മനോജിനെ കാണാനില്ല...! തൊട്ടു പിന്നാലെയുണ്ടായിരുന്ന ഷിബുവും അതാ അടുത്ത നിമിഷം അപ്രത്യക്ഷമാകുന്നു...! അതു കണ്ട പ്രേമാനന്ദ് ഉച്ചത്തിൽ വിളിച്ചു കൂവി.  “മച്ചാ... പള്ളം... പള്ളം...”

രണ്ട് നിമിഷം കഴിഞ്ഞതും, അപ്രത്യക്ഷരായ ഇരുവരും പതുക്കെ പൊന്തി വന്നു. വെള്ളം കുത്തിയൊലിച്ചുണ്ടായ ഒരു ഗർത്തത്തിലായിരുന്നു ഇരുവരും സൈക്കിളുകളോടെ മുങ്ങിപ്പോയത്. പിന്നെ ഒന്നു കൂടി മുങ്ങി തങ്ങളുടെ സൈക്കിളുകളും വലിച്ചെടുത്ത് ചമ്മലോടെ അവർ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു. അങ്ങനെ കുറേക്കാലത്തേക്ക് എല്ലാവർക്കും പറഞ്ഞ് ചിരിക്കുവാനുള്ള വക സമ്മാനിച്ച ആ സംഭവം ഇപ്പോൾ ഇർമ്മ ചുഴലിക്കാറ്റ് വന്നപ്പോൾ ഓർമ്മയിലെത്തി എന്ന് മാത്രം...

                                                         ***
മേൽ‌വിലാസത്തിലെ കൈയക്ഷരം കണ്ടപ്പോഴേ മനസ്സിലായി. കത്ത് രാജന്റേതാണ്. ലാന്റ് ഫോണുകൾ പോലും ഒരു ആഡംബരമായി കണക്കാക്കപ്പെട്ടു വന്ന അന്നൊക്കെ കത്തുകളുടെ വസന്തകാലമായിരുന്നു എന്ന് പറയാം. അടുത്തയാഴ്ച്ച അവനും മൂന്ന് സുഹൃത്തുക്കളും കൂടി മദിരാശിപ്പട്ടണം കാണുവാനായി വരുന്നുവത്രെ.

ഒരേ തരംഗദൈർഘ്യമുള്ളവർക്ക് ചങ്ങാത്തത്തിലാവാൻ ഒട്ടും സമയം വേണ്ട എന്നതിന്റെ തെളിവായിരുന്നു ഞങ്ങളുടെ സൌഹൃദം. പ്രീഡിഗ്രി കഴിഞ്ഞ് സെന്റ് തോമസിൽത്തന്നെ ഡിഗ്രിയ്ക്ക് ചേർന്നപ്പോൾ പഴയ സുഹൃത്തുക്കളിൽ പലരും എൻ‌ജിനീയറിങ്ങിനും മറ്റുമായി പല വഴികളിൽ മാറിപ്പോയിരുന്നു. നഗരവാസികളുടെ ജാഡകളിൽ നിന്നും വിഭിന്നമായി ഗ്രാമീണരുടെ ലാളിത്യമായിരുന്നിരിക്കാം ഒരു പക്ഷേ ഞങ്ങളുടെ സൌഹൃദത്തിന് തുടക്കമിട്ടത്. ബിരുദപഠനം കഴിയാറാകുമ്പോഴേക്കും അത് ഒരു കുടുംബ സൌഹൃദം തന്നെയായി മാറിക്കഴിഞ്ഞിരുന്നു. അത്യാവശ്യം തമിഴ് കൈകാര്യം ചെയ്യാനറിയുന്നത് കൊണ്ട് ഉപരിപഠനത്തിനായി മദിരാശിയിലേക്കുള്ള ആദ്യയാത്രയിൽ എനിക്കും അച്ഛനുമൊപ്പം മാർഗ്ഗദർശിയായി രാജനായിരുന്നു ഒപ്പം വന്നത്.

നാലഞ്ച് ദിവസത്തേക്ക് അതിഥികളെക്കൂടി തങ്ങാൻ അനുവദിക്കണമെന്ന നിവേദനവുമായി ചെന്ന എന്നെ പട്ടത്തി നിരാശപ്പെടുത്തിയില്ല. വീട് എടുക്കുമ്പോൾ മുന്നോട്ട് വച്ച നിബന്ധനകൾ തന്നെ അവർ ആ‍വർത്തിച്ചു. പെൺകുട്ടികളുള്ള വീടാണ്... ശല്യമുണ്ടാക്കാതെ നോക്കണം... പത്ത് മണിക്ക് മുമ്പ് തിരികെയെത്തണം...

അങ്ങനെ ആ സുദിനം വന്നെത്തി. ഒരു ശനിയാഴ്ച്ച. നമ്പർ 20 മദ്രാസ് മെയിൽ വന്നിറങ്ങിയ അവർ മേൽ‌വിലാസം തേടിപ്പിടിച്ച് രാവിലെ ഒമ്പത് മണിയോടെ വീടിന് മുന്നിലെത്തി. പട്ടത്തിയെയും കുടുംബത്തെയും പരിചയപ്പെടുത്തിക്കൊടുത്തതിന് ശേഷം മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. എല്ലാവരും പരസ്പരം പരിചയപ്പെട്ടതിന് ശേഷം മനോജ് ചോദിച്ചു.

“ആട്ടെ, എന്തൊക്കെയാണ് ടൂർ പ്രോഗ്രാം...?”

ഒട്ടും ആലോചിക്കേണ്ടി വന്നില്ല രാജന്. “അത്... മറീനാ ബീച്ച്, ബർമ്മാ ബസാർ, നുങ്കമ്പാക്കം വള്ളുവർക്കൊട്ടം, ടി-നഗർ, സെന്റ് തോമസ് മൌണ്ട്, വി.ജി.പി ഗോൾഡൻ ബീച്ച്, വണ്ടലൂർ മൃഗശാല... പിന്നെ എവിടെയൊക്കെ പോകാമോ അവിടെയൊക്കെ...”

“എന്തായാലും എല്ലാവരും കുളിച്ച് ഫ്രെഷായിട്ട് വാ... നമുക്ക് ഭക്ഷണം കഴിച്ചിട്ട് തുടങ്ങാം... എന്തേയ്...?” അനിൽ പറഞ്ഞു.

എല്ലാവരുടെയും കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് പതിനൊന്ന് മണിയോടടുത്തിരുന്നു.

“ഇനിയിപ്പോൾ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിട്ട് ഒരു മൂന്ന് മണിയോടെ ഇറങ്ങാം...” ഷിബു പറഞ്ഞു. “വല്ലാത്ത ചൂടായിരിക്കും ഇപ്പോൾ...”

“അത് ഉണ്മൈ മച്ചാ... സായംകാലംന്നാ മറീനാ ബീച്ച് പോയിടലാം...” പ്രേമാനന്ദിന്റെ അഭിപ്രായം തികച്ചും ന്യായമായിരുന്നു.

“അല്ല, എത്ര ദിവസത്തെ പ്രോഗ്രാമാണ്...?” ഞാൻ ചോദിച്ചു.

“മൂന്ന് ദിവസം... ഇവർക്കൊക്കെ അവിടെ ചെന്നിട്ട് ഓരോരോ പണികളുള്ളതാ...” രാജൻ പറഞ്ഞു.

മൂന്ന് ദിവസം... മറീനാ ബീച്ച്, ഗോൾഡൻ ബീച്ച്, വള്ളുവർക്കൊട്ടം, ടി-നഗർ, സെന്റ് തോമസ് മൌണ്ട്, വണ്ടലൂർ... നടന്നത് തന്നെ...

ഊണ് കഴിഞ്ഞിട്ട് പുറത്തെ ടെറസിലേക്ക് അവർ ഇറങ്ങി. ചുട്ടുപൊള്ളുന്ന വെയിൽ. “ദെന്തൂട്ട് ചൂടസ്റ്റാ...?” രാജന്റെ കൂട്ടുകാർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു മദിരാശിയിലെ ചൂട്.

“ഓ... എന്നാ പറയാനാ... ഈ ചൂടൊന്ന് കുറയണമെങ്കിൽ നാല് നാലരയൊക്കെയാവുമെന്നേയ്...” ഷിബു തന്റെ ആധികാരികശൈലി പുറത്തെടുത്തു.

“ബീച്ചിലേക്കല്ലേ... നമുക്കൊരു നാലരയാകുമ്പോൾ ഇറങ്ങിയാൽ മതി...ഗിണ്ടിയിൽ ചെന്നിട്ട് ബസ്സ് പിടിക്കാം...” മനോജ് പറഞ്ഞു.

“അത് കറക്ട്...” പ്രേം പറഞ്ഞു. “അപ്പടീന്നാ അത് വരെയ്ക്കും എല്ലോരും ശേർന്ത് കാർഡ്സ് വിളൈയാടലാമാ...?”

“അത് ഐഡിയ...” രാജന്റെ കൂടെ വന്നവരിൽ ഒരാൾ സപ്പോർട്ട് ചെയ്തു.

അങ്ങനെ ആറ് പേർ ചേർന്ന് തുടങ്ങിയ അമ്പത്തിയാറ് കളി ആവേശം മൂത്തതോടെ നാലരയായതും അഞ്ചരയായതും ആറരയായതും ആരും അറിഞ്ഞില്ല... കുണുക്കുകളും കാപ്പുകളും ഒക്കെ ഭൂഷണങ്ങളായി ചെവിയിലും തലയിലും മറ്റും കയറിയതോടെ വാശി ഏറിക്കൊണ്ടിരുന്നു. എട്ടു മണിയോടെ ഭക്ഷണം കഴിക്കുവാനായി കളി നിർത്തിയപ്പോൾ എല്ലാവരുടെയും ആവശ്യം ഒന്നായിരുന്നു. ഇപ്പോൾ ഉള്ള നിലയിൽ നിന്ന് തന്നെ നാളെ രാവിലെ കളി തുടരുന്നതായിരിക്കും...

രാത്രിയിൽ ടെറസിന് മുകളിൽ ഉറങ്ങാൻ കിടക്കുമ്പോൾ രാജൻ പറഞ്ഞു. “ഇന്നത്തെ ദിവസം ചീട്ട് കളിച്ച് പോയി... നാളെ രാവിലെ തന്നെ നമുക്ക് ഇറങ്ങിയാലോ...?”

“ഏയ്... അത് ശരിയാവില്യാ... ഇന്ന് ഞാൻ വച്ച കുണുക്ക് ഇറക്കിട്ടേ ഇനി ബാക്കി കാര്യുള്ളൂട്ടാ... അല്ലാണ്ടെ ഞാനെവിടെയ്ക്കൂല്ല്യാ...” കുണുക്കും കുണുക്കിന്റെ പുറത്ത് കുണുക്കും കയറിയ കുന്നംകുളം‌ ഗഡികളിൽ ഒരുവൻ ബലം പിടിച്ചു.

അങ്ങനെ രണ്ടാം ദിനവും ബ്രേക്ക്ഫാസ്റ്റിന് ശേഷം തലേന്ന് നിർത്തിയിടത്ത് നിന്ന് ചീട്ട് കളി തുടരുകയാണ് സുഹൃത്തുക്കളേ തുടരുകയാണ്... ഊണും ഉറക്കവും ഇല്ലാത്ത കളി എന്ന് പറഞ്ഞാൽ ഇതാണ്... കുണുക്ക് കയറിയവന്റെ കുണുക്കുകൾ അധികരിക്കുന്നതല്ലാതെ ഇറങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അത് ഇറങ്ങാതെ താൻ എങ്ങോട്ടുമില്ല എന്ന വാശിയിൽ കുന്നംകുളം ഗഡിയും... അടുത്തുള്ള സെന്റ് തോമസ് മൌണ്ട് എങ്കിലും പോയി കാണാമെന്ന രാജന്റെ അഭ്യർത്ഥന പോലും അവൻ നിർദ്ദയം തള്ളിക്കളഞ്ഞു...!

തോൽ‌വിയും വിജയവുമായി രണ്ടാം ദിനവും പര്യവസാനിച്ചപ്പോൾ സഞ്ചാരികളുടെ ഓട്ടക്കീശയിൽ പിന്നെ അവശേഷിച്ചത് വെറും ഒരു ദിവസം മാത്രമായിരുന്നു. പിറ്റേദിവസത്തെ റിട്ടേൺ ടിക്കറ്റ് എടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് രാജൻ പ്രഖ്യാപിച്ചു.

“നാളെ വൈകുന്നേരം ആറരയ്ക്കാണ് തൃശൂർക്കുള്ള ട്രെയിൻ... ഞാൻ മദിരാശിയൊക്കെ മുമ്പ് കണ്ടിട്ടുള്ളതാ... നിങ്ങൾക്ക് ആർക്കെങ്കിലും കാണണമെന്നുണ്ടെങ്കിൽ നാളെ രാവിലെ മുതൽ ഉച്ച വരെ സമയമുണ്ട്... കളി ഇന്നത്തോടെ അവസാനിപ്പിച്ചോണം...”

അങ്ങനെയാണ് കുന്നംകുളത്ത് നിന്നും മദിരാശിയിലെ വിവിധ സ്ഥലങ്ങൾ കാണാൻ പുറപ്പെട്ട സംഘം വണ്ടലൂർ അനിമൽ പാർക്ക് എങ്കിലും കാണുന്നതും അന്ന് വൈകുന്നേരത്തെ തിരുവനന്തപുരം മെയിലിൽ മടക്കയാത്ര നടത്തുന്നതും... തൃശൂരിൽ നിന്നും ടിക്കറ്റെടുത്ത് മദിരാശിയിൽ വന്ന് രണ്ട് ദിവസം മുഴുവനും ചീട്ട് കളിച്ചിട്ട് പോയ സംഘമെന്ന വേൾഡ് റെക്കോർഡ് ഇപ്പോഴും ആ കുന്നംകുളം സംഘം നിലനിർത്തുന്നു.

വാൽക്കഷണം  :  ജീവിതയാത്രയിൽ  ഇരുവഴിയിലായിപ്പോയ ഞാനും രാജനും നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കണ്ടുമുട്ടിയത്... ആ ഓർമ്മയിൽ ഈ പോസ്റ്റ് സമർപ്പിക്കുന്നു...

(തുടരും)

30 comments:

 1. ചീട്ടുകളി ഭ്രാന്ത് എന്ന് കേട്ടിട്ടുണ്ട് , എന്നാലും ഇങ്ങനെ എല്ലാം മറന്നു കളിച്ചവർ ..പാണ്ഡവർ മാത്രമേയുള്ളു. (ചൂതായിരുന്നു എന്ന് മാത്രം ). പെണ്ണുകെട്ടിയവർ ഇല്ലാതിരുന്നതു നന്നായി ..അല്ലേൽ മഹാഭാരതം ആവർത്തിച്ചേനെ..!!

  ReplyDelete
  Replies
  1. ഈ സംഭവം ഓർത്തോർത്ത് ഇന്നും ചിരി വരാറുണ്ട് അശോകാ...

   Delete
 2. "തൃശൂരിൽ നിന്നും ടിക്കറ്റെടുത്ത് മദിരാശിയിൽ വന്ന് രണ്ട് ദിവസം മുഴുവനും ചീട്ട് കളിച്ചിട്ട് പോയ സംഘമെന്ന വേൾഡ് റെക്കോർഡ് ഇപ്പോഴും ആ കുന്നംകുളം സംഘം നിലനിർത്തുന്നു."

  ഈ കുന്നംകുളം ഗഡികളൊക്കെ ഇപ്പോളൂം ഉണ്ടോ ആവോ... എല്ലാവരെയും കൂട്ടി ഒരു ചെന്നൈ യാത്ര കൂടെ പ്ലാൻ ചെയ്തൂടെ വിനുവേട്ടാ.. :D :D

  ReplyDelete
  Replies
  1. ഗഡികളൊക്കെ അവിടെത്തന്നെ ഉണ്ടെന്നാണ് രാജൻ പറഞ്ഞത്... ഇനി ഒരു ട്രിപ്പിന് ഞാനില്ലാ... :)

   Delete
 3. തൃശൂരിൽ നിന്നും ടിക്കറ്റെടുത്ത് മദിരാശിയിൽ വന്ന് രണ്ട് ദിവസം മുഴുവനും ചീട്ട് കളിച്ചിട്ട് പോയ സംഘമെന്ന വേൾഡ് റെക്കോർഡ് ഇപ്പോഴും ആ കുന്നംകുളം സംഘം നിലനിർത്തുന്നു.
  കലക്കി. മഴയിലും കാറ്റിലും മദിരാശി കാണാൻ പോയതും, കനത്ത മഴയാണല്ലോ ഇപ്പൊാൾ നമ്മുടെ നാട്ടിലും. സുഹൃത്തിനെ കാണാൻ കഴിഞ്ഞ സന്തോഷം

  ReplyDelete
  Replies
  1. അതെ സുകന്യാജീ... ആ സമാഗമം ഒരു അനുഭവം തന്നെയായിരുന്നു... കാൽ നൂറ്റാണ്ട് പിന്നിലേക്ക് കുറേ നേരം ഞങ്ങൾ യാത്ര ചെയ്തു...

   Delete
 4. എന്‍റെ ദൈവമേ.. എനിക്ക് ചീട്ടു കളി അറിയാന്‍ പാടില്ല. അത് നന്നായെന്നു തോന്നുന്നു. എന്നാലും ഇതൊരുമാതിരി ജയിംസ് ബോണ്ട് അങ്ങു ബഹാമാസ് അയ്ലണ്ടില്‍ പോയി ചൂത് കളിക്കുന്ന പോലെ ആയി പോയി.

  ReplyDelete
  Replies
  1. അതൊരു സൂപ്പർ ഉപമ ആയിപ്പോയല്ലോ ശ്രീജിത്തേ... :)

   Delete
 5. ചീട്ടുകളിക്കാന്‍ മദിരാശിയിലേക്ക് !!!

  ReplyDelete
  Replies
  1. ആത്യന്തികമായി പറഞ്ഞാൽ... താത്വികമായ ഒരു അവലോകനം നടത്തിയാൽ അതായിരുന്നു സംഭവിച്ചത് മാഷേ...

   Delete
 6. ചീട്ടുകളി ക്ക് വെറുതെ അല്ല ചീത്തപ്പേര് കിട്ടിയത്

  ReplyDelete
 7. ടിക്കറ്റെടുത്തു ചീട്ടു കളിയ്ക്കാൻ പോയ കൂട്ടുകാർക്കു സലാം.... ! ഞങ്ങളുടെ വീട്ടിൽ ഒരു റൗണ്ടിനപ്പുറം കളിയ്ക്കാൻ അനുവദിക്കില്ലായിരുന്നു....

  മദിരാശിപ്പട്ടണത്തെ ഓർമ്മപ്പുസ്തകത്തിൽ നിന്നെടുത്തു തന്നതിനു നന്ദി വിനുവേട്ടാ.... തൊണ്ണൂറുകളിലെ മദിരാശിയിൽ ഞാനുമുണ്ടായിരുന്നു... !

  ReplyDelete
  Replies
  1. സന്തോഷം കുഞ്ഞൂസേ...

   ഇത് എൺപത്തിനാലിലെ മദിരാശിക്കഥയാണ് കേട്ടോ...

   Delete
 8. കാൽ നൂറ്റാണ്ടിന് ശേഷം ഈ ഗെഡികൾക്കെല്ലാം
  കൂടി ചെന്നൈയിലേക്ക് ഒരു ടൂറുകൂടി ഇനി ലൈവായി
  നടത്താവുന്ന ഒരു കിണ്ണങ്കാച്ചി ചാൻസാണ് വിനുവേട്ടനും ,
  രാജനുമൊക്കെ ഇപ്പോൾ നാട്ടിലുള്ള നിലക്ക് കൈവന്നിരിക്കുന്നത് ..!
  ഒന്ന് പൂശിക്കൂടെ ...? !

  ReplyDelete
  Replies
  1. ഇനിയൊരിക്കലാ‍വട്ടെ മുരളിഭായ്...

   Delete
 9. ജീവിതയാത്രയിൽ ഇരുവഴിയിലായിപ്പോയ ഞാനും രാജനും നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കണ്ടുമുട്ടിയത്...
  മനുഷ്യബന്ധങ്ങൾ അങ്ങനെ ആണ് എത്ര കൊല്ലം കഴിഞ്ഞാലും നിറുത്തിയടത്തു വെച്ച് വീണ്ടും തുടങ്ങും. നല്ല എഴുത്ത്. ആശംസകൾ വിനുവേട്ടാ..

  ReplyDelete
  Replies
  1. അതെ പുനലൂരാനേ... സന്തോഷം സന്ദർശനത്തിനും അഭിപ്രായത്തിനും...

   Delete
 10. ചീട്ടുകളിക്കാന്‍ പോയ എല്ലാവരും കൂട്ടിമുട്ടിയോ ?

  ReplyDelete
  Replies
  1. ഇല്ല മാഷേ... അതിനുള്ള സമയം ലഭിച്ചില്ല...

   Delete
 11. രസകരമായി..പഴയ മുഖങ്ങള്‍ മുന്നിലെത്തുമ്പോഴാണ് ഇങ്ങിനെ ചിലതൊക്കെ കൂടുതല്‍ രസകരമായി ഓര്‍ക്കാന്‍ കഴിയുക..അന്നത്തെ ചീട്ടുകളിയുടെ രസം കൊണ്ടാണ്..ഇന്നും നാടുകാണാന്‍ കഴിയാത്തതിന്‍റെ സങ്കടമില്ലാത്തത്. ആ ഓര്‍മ്മയുടെ സുഖം ഒന്ന് വേറെ തന്നെ...

  ReplyDelete
  Replies
  1. തീർച്ചയായും മുഹമ്മദ്ക്കാ...

   Delete
 12. enikkum undu madirassi ormakal..golden beach s thomas mountetcc..
  any way rasamundu vaayikkaan.....:)

  ReplyDelete
 13. പഴയകാല ചീട്ടുകളിക്കൂട്ടായ്മയുടെ മറക്കാനാവാത്തസ്നേഹബന്ധം!
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ സന്തോഷം തങ്കപ്പൻ ചേട്ടാ...

   Delete
 14. ചീട്ടു കളിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയം ചേര്‍ത്തുവെച്ചാല്‍ ആറു കൊല്ലമെങ്കിലും ആവുമെന്ന് തോന്നുന്നു. ആ കളിയുടെ സുഖം അനുഭവിച്ച ആളുകള്‍ക്കേ മനസ്സിലവൂ എന്ന് ചീട്ടുകളിയില്‍ ഞാന്‍ നേടിയ കപ്പുകളേയും ഷീല്‍ഡുകളേയും സാക്ഷി നിര്‍ത്തി പറയുന്നു.

  ReplyDelete
  Replies
  1. അപ്പോൾ ഈ പോസ്റ്റിന്റെ ഫുൾ സ്പിരിറ്റും കേരളേട്ടന് അനുഭവവേദ്യമായി എന്ന് പറ... :)

   Delete
 15. ചീട്ടുകളിയിലെ സ്പിരിറ്റിനേക്കാൾ ചെവിയിൽ തൂങ്ങിയ തൂക്കിന്റെ നാണക്കേട് ഒന്നിറക്കാനായിരിക്കും രണ്ടു ദിവസം മുഴുവൻ കളിക്കേണ്ട ഗതികേടിലെത്തിയത്. ആ നാണക്കേടിനേക്കാൾ വലിയതല്ല മദിരാശി ...!

  ReplyDelete
  Replies
  1. അതെ... അത് തന്നെയായിരുന്നു സംഭവിച്ചത് അശോകേട്ടാ...

   Delete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...