Wednesday, April 18, 2007

വേലായുധേട്ടന്‍

'ആ വെളക്കിന്റെ ചില്ല് ഒന്ന് കഴുകീര്‍ന്നെങ്കില്‍ കൊറേംകൂടി വെളിച്ചം കിട്ടില്ലേര്‍ന്നാ... വെറുതേ കണ്ണ്‌ ചീത്തയാക്കണ്ട ചെക്കാ...'അമ്മയുടെ ശകാരം.

കോളേജില്‍ പഠിക്കുന്ന എന്നെക്കുറിച്ച്‌ ഏറെ പ്രതീക്ഷകളാണ്‌ അമ്മയ്ക്ക്‌.

വൈദ്യുതിവിളക്കുകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എത്തുന്നതിനും മുന്‍പ്‌ ചിമ്മിണി വിളക്കും ബ്രില്‍ മഷിക്കുപ്പിയുടെ അടപ്പ്‌ തുളച്ച്‌ തിരിയിട്ട കുട്ടിവിളക്കുകളും മാത്രമുള്ള കാലം. ഇരുട്ട്‌ വീണാല്‍ പിന്നെ ചിമ്മിണി വിളക്കിനേക്കാള്‍ സ്റ്റാറ്റസ്‌ അഞ്ച്‌ സെല്ലിന്റെ എവറെഡി റ്റോര്‍ച്ചിന്‌ മാത്രമേയുള്ളൂ. അവനാണ്‌ പിന്നെ സൂപ്പര്‍സ്റ്റാര്‍.

വിളക്കിന്റെ തിരി താഴ്ത്തി,കെടുത്തിയിട്ട്‌ ഒരു കടലാസിന്റെ കഷണം കൂട്ടിപ്പിടിച്ച്‌ ചില്ല്‌ ഊരി എടുത്തു. ഉടനേ വെള്ളത്തില്‍ മുക്കിയാല്‍ ചില്ല്‌ പൊട്ടിയത്‌ തന്നെ. പിന്നെ പുതിയ ചില്ല്‌ വാങ്ങുന്നത്‌ വരെ കുപ്പിവിളക്കിന്റെ പുക മുഴുവന്‍ കരിയായി പരിണമിച്ച്‌ മൂക്കിനകത്ത്‌ ഡെപ്പോസിറ്റ്‌ ചെയ്ത്‌ കൊണ്ടായിരിക്കും പഠിക്കേണ്ടി വരിക.

പുതുജീവന്‍ കിട്ടിയ തിരിനാളം, കഴുകിത്തുടച്ച ചില്ലിനുള്ളില്‍ പൂര്‍വ്വാധികം ശോഭയോടെ മിന്നി. കൈയ്യെത്തും ദൂരെ ഫിലിപ്സ്‌ ട്രാന്‍സിസ്റ്റര്‍. പത്ത്‌ മണിയുടെ 'രഞ്ജിനി' തുടങ്ങുന്നതിനു മുന്‍പ്‌ തീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ കാള്‍ക്കുലസ്സിലേയ്ക്ക്‌ വീണ്ടും കണ്ണുകള്‍ തിരിച്ചു. മൈനര്‍ ആന്‍റണി മാഷ്‌ടെ ക്ലാസ്സിലെ വിജ്ഞാനം മാത്രം പോരാ എന്ന്‌ തോന്നിയതുകൊണ്ട്‌ എം.കെ.മേനോന്‍ മാഷ്‌ടെ വീട്ടിലെ ട്യൂഷനും ഉള്ളതിനാല്‍ ഏതു 'മരോട്ടിത്തലയനും' പഠിയ്ക്കാതിരിയ്ക്കാന്‍ സാധിക്കില്ല എന്ന അവസ്ഥ. അല്ലെങ്കില്‍ നാളെ ട്യൂഷന്‍ ക്ലാസ്സില്‍ കേരളവര്‍മ്മയിലേയും സെന്‍റ്‌മേരീസിലേയും ചുള്ളത്തികളുടെ മുന്നില്‍ നാണം കെടും.

'കാഴസ്ക്കഴത്തിന്‍ കുഴു പാലിലിട്ടാല്‍ കാലാന്തഴേ കയ്പ്പ്‌ ശമിപ്പതുണ്ടോ...'

നല്ല ഈണത്തില്‍ ദൂരെ നിന്നേ കേള്‍ക്കാം വേലായുധേട്ടന്റെ പാട്ട്‌.

'ആഹാ.. മ്മ്‌ടെ വേലായുധന്‍ ഇന്നും മോന്തീട്ട്‌ണ്ട്‌ന്നാ തോന്ന്‌ണേ..'

'അതിന്‌പ്പംന്താ സംശയം' എന്ന് അമ്മയോട്‌ ചോദിയ്ക്കണം എന്നുണ്ടായിരുന്നുവെങ്കിലും മിണ്ടിയില്ല. ഞാന്‍ വലിയ പഠിപ്പിലല്ലേ...

ഈ വേലായുധേട്ടന്‍ എന്നു പറയുന്നത്‌ എന്റെ നല്ലവനായ അയല്‍ക്കാരനാണ്‌. കക്ഷിയ്ക്കറിയാത്ത ജോലികളൊന്നുമില്ല എന്നു പറയാം. പാടത്തുപണി, കല്‍പ്പണി,ആശാരിപ്പണി എന്നിവയിലാണ്‌ ആശാന്റെ ഡോക്ടറേറ്റ്‌. പിന്നെ കോള്‍പ്പാടത്ത്‌ വെള്ളം കയറിയാല്‍ അത്യാവശ്യം 'കുരുത്തി' വച്ചുള്ള മീന്‍പിടുത്തം. മണ്ണിരയെ കൊളുത്തി ചൂണ്ടലിട്ട്‌ പിടിയ്ക്കുന്ന ബ്രാലും മുഷിയും ആള്‍ക്ക്‌ അലര്‍ജിയാണ്‌. അവയുടെ വയറ്റില്‍ മണ്ണിരയുടെ അവശിഷ്ടങ്ങള്‍ കുടുങ്ങിയിട്ടുണ്ടാകും എന്നാണ്‌ വേലായുധേട്ടന്റെ വിശദീകരണം.

ഇത്രയൊക്കെ നല്ലവനായ വേലായുധേട്ടന്റെ നിറം 'കരിപ്പാകുന്നതോടെ' മാറിത്തുടങ്ങും. പാടത്ത്‌ പണികഴിഞ്ഞ്‌ ചന്തയിലെ ചാരായ ഷാപ്പ്‌ വരെ പോകാന്‍ ക്ഷമയില്ലാത്തവര്‍ക്കായി പഞ്ചായത്ത്‌ കിണറിന്റെ സമീപമുള്ള കലുങ്കിന്റെ അടിയിലും കുറുക്കന്മൂലയില്‍ മിച്ചഭൂമിയിലുള്ള കല്ലുവെട്ട്‌ മടയിലും 'കൊട്ടുവടി', 'അമ്മിണി' തുടങ്ങിയ അപരനാമധേയങ്ങളില്‍ അത്യാവശ്യം മിനുങ്ങുവാനുള്ള വക യഥേഷ്ടം ലഭ്യമായിരുന്നത്‌ ആണി ശല്യം കാരണം ദൂരയാത്ര കഠിനമായിരുന്ന വേലായുധേട്ടന്‌ അല്‍പ്പമൊന്നുമല്ല ആശ്വാസമേകിയത്‌.

കായിക വിനോദങ്ങളില്‍ പ്രധാന ഇനമായ 400മീറ്റര്‍ ഹര്‍ഡില്‍സിനു ട്രെയിനിംഗ്‌ കൊടുക്കുവാന്‍ എക്സൈസ്‌ ജീപ്പില്‍ പോലീസ്‌ ഇടയ്ക്കിടെ എത്താറുള്ളതുകൊണ്ട്‌ പ്രമുഖ വാറ്റുകാരെല്ലാം ക്രമേണ ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെഡല്‍ ജേതാക്കളാകാന്‍ അര്‍ഹതയുള്ളവരായിത്തീര്‍ന്നിരുന്നു.. തീരാശാപമായ തന്റെ ആണിക്കാല്‍ ചതിച്ചതു കൊണ്ട്‌ ഒരിയ്ക്കല്‍ എക്സൈസ്‌ ജീപ്പില്‍ യാത്ര ചെയ്യുവാനുള്ള അസുലഭ സന്ദര്‍ഭവും നമ്മുടെ വേലായുധേട്ടന്‌ ലഭിയ്ക്കുകയുണ്ടായി.

'ടാ ആ റേഡിയോ ഒന്ന് വച്ചു നോക്ക്യേ... സ്കൈലാബ്‌ വീണ്വാവോ...'

അമ്മയുടെ ഇപ്പോഴത്തെ ഫോളോ അപ്‌ വിഷയം സ്കൈലാബ്‌ ആണ്‌. അമേരിക്കക്കാര്‍ മുന്‍പെങ്ങോ ശൂന്യാകാശത്തെത്തിച്ച ആ ബഹിരാകാശപേടകം കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അയ്യപ്പബൈജു സ്റ്റൈലില്‍ നിന്ന്‌ ആടിക്കൊണ്ടിരിക്കുകയാണത്രേ. ഇങ്ങനെ പോയാല്‍ അത്‌ ആരുടെയെങ്കിലും തലയില്‍ വീഴുമെന്ന് ഉറപ്പാകുകയും തുടര്‍ന്ന് ദയാവധം അനുവദിച്ചു കിട്ടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുക്കിക്കൊല്ലാന്‍ തീരുമാനിയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്‌.

'ആകാശവാണി ... വാര്‍ത്തകള്‍ വായിയ്ക്കുന്നത്‌ സുഷമ. അമേരിക്കയുടെ ബഹിരാകാശ പേടകമായ സ്കൈലാബ്‌, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാത്രി ഒന്‍പതരയോടെ പതിയ്ക്കുമെന്ന് നാസ അറിയിച്ചു. കേരളം, തമിഴ്‌നാട്‌, ആന്തമാന്‍ നിക്കോബാര്‍ പ്രദേശങ്ങളിലുള്ളവര്‍ മുന്‍കരുതലുകളോടെയിരിക്കണമെന്ന് തുമ്പയില്‍ നിന്നും അധികൃതര്‍ അറിയിച്ചു.

''ഒമ്പതരയ്ക്കാ വീഴ്ഴാത്രേ...' ഈയാമ്പാറ്റകളെ പിടിയ്ക്കാന്‍ മുഖം മിനുക്കി തക്കം പാര്‍ത്ത്‌ ചുമരിലിരിയ്ക്കുന്ന പല്ലികളെ ഒന്നു നോക്കി, 'നിന്റെയൊക്കെയൊരു ഭാഗ്യം, ഒന്നും പഠിയ്ക്കണ്ടല്ലോ' എന്ന് ആത്മഗതം നടത്തി വീണ്ടും പേജുകള്‍ മറിച്ചു.

'ജനിച്ച കാലത്തിലുള്ള ഷീലം മഴക്കുമോ മാനുഷനുള്ള കാലം...'

വേലായുധേട്ടന്റെ അഴകിയരാഗം അടുത്തെത്തിയിരിയ്ക്കുന്നു. ഫിറ്റായാല്‍ പിന്നെ പഴഞ്ചൊല്ലുകളേ ആ നാവില്‍ നിന്ന് ഒഴുകൂ. പക്ഷേ അത്‌ തന്റെ കുടിലിലെത്തുന്നത്‌ വരെ മാത്രം. മുറ്റത്ത്‌ എത്തിയാല്‍ പിന്നെ നിറം മാറും. കെട്ട്യോളുടെ തന്തയ്ക്കും തള്ളയ്ക്കും അങ്ങ്‌ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍പ്പോലും പിന്നെ മനസ്സമാധാനമായിട്ട്‌ ക്യൂവില്‍ നില്‍ക്കാന്‍ സാധിയ്ക്കില്ല.

'ട്യേ ... ഞാന്‍ ബ്‌ടെ വന്നിട്ട്‌ നെണക്ക്‌ ഉമ്മറത്തെയ്ക്കൊന്ന് വന്നൂടല്ലേ... എബ്‌ട്‌റീ നെന്റെ കുട്ടിച്ചാത്തന്മാര്‌... ഞാന്‍ വരുമ്പളെയ്ക്കും നീയൊക്കെ വെളക്ക്‌ കെടുത്തി കതകടയ്ക്കുംല്ലേ... എറങ്ങി വാടീ ബ്‌ടെ...'

വേലായുധേട്ടന്‍ മുറ്റത്ത്‌ നിന്ന് ഇറയത്തേയ്ക്ക്‌ സ്വയം അപ്ഗ്രേഡ്‌ ചെയ്യാനുള്ള ശ്രമത്തിലാണ്‌.

'വെളക്ക്‌ കൊണ്ടാടീ ഇങ്ങട്‌... '

വിളക്ക്‌ കൊണ്ടുവന്ന് വച്ചാല്‍ പിന്നെ ചുരുങ്ങിയത്‌ ഒരു പതിനൊന്ന് മണി വരെയെങ്കിലും പറഞ്ഞ കാര്യങ്ങള്‍ തന്നെ ക്ഷീരബല നൂറ്റൊന്ന് ആവര്‍ത്തിയ്ക്കുന്നത്‌ പോലെ പറഞ്ഞുകൊണ്ടേയിരിയ്ക്കും. കെട്ട്യോള്‍ വിളക്കണയ്ക്കുന്നതിന്റെ രഹസ്യം അതാണ്‌.

'ട്യേ... നീ വെളക്ക്‌ കൊണ്ട്‌രണ്‌ണ്ടാ...'

മുറ്റത്ത്‌ കൂരാക്കൂരിരുട്ടും കുടിലില്‍ നിശ്ശബ്ദതയും മാത്രം.

'നെണക്കൊന്നും ഞാന്‌ള്ളപ്പോ ... ന്റെ വെല അറീല്ലാ... ഇന്ന് നെന്നെയൊക്കെ ഞാന്‍ കാണിച്ചരാടീ...'

വീണ്ടും നിശ്ശബ്ദത.

'ധ്ലൂം....'

വേലായുധേട്ടന്റെ മുറ്റത്തെ കിണറ്റില്‍ എന്തോ വീണ ശബ്ദം. മൂലയ്ക്കെവിടെയോ അടങ്ങിക്കിടന്നിരുന്ന ചൊക്ലിപ്പട്ടിയുടെ നിറുത്താത്ത കുര.

'അയ്യോ ... ഓടിവായോ ... അച്ഛന്‍ കെണറ്റില്‌ ചാട്യേ...ഓടി വായോ...'

അയല്‍പക്കങ്ങളില്‍ നിന്നും ടോര്‍ച്ചും ചിമ്മിണിയുമായി ഓടിയെത്തിയവരുടെ കൂടെ ഞാനും കൂടി. എല്ലാവരും അരമതില്‍ കെട്ടിയ കിണറിനു ചുറ്റും തിരക്കു കൂട്ടുന്നു. ശങ്കരേട്ടന്‍ കിണറ്റിലേയ്ക്ക്‌ ടോര്‍ച്ച്‌ അടിച്ച്‌ നോക്കി. അടിയില്‍ വെള്ളം ഓളം വെട്ടുന്നുണ്ട്‌. സിമന്റ്‌ തേയ്ക്കാത്ത മതിലില്‍ നിന്ന് ഒരു കല്ല് കൂടി ഇളകി ഒപ്പം പോയിട്ടുണ്ട്‌.

'എന്നാലും നെങ്ങളിങ്ങനെ ചെയ്യൂന്ന് ഞാന്‍ വിചാരിച്ചീലല്ലോ... ന്റെ തമ്പുരാനേ ... എനിയ്ക്കിനി ആരൂല്ല്യേ...' കെട്ട്യോള്‌ടെ നെഞ്ഞത്തടി ഒരു വശത്ത്‌ തുടങ്ങിക്കഴിഞ്ഞു.

'നോക്കി നില്‍ക്കാണ്ട്‌ കൊട്ടേം കയറും വേം കൊണ്ടാ... ആ ജോണ്യേ വേഗം വിളിയ്ക്ക്‌...'

ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. ജോണിയാണ്‌ കിണറ്റിലിറങ്ങുവാന്‍ എക്‌സ്പേര്‍ട്‌. ചൂരല്‍കുട്ട എടുക്കുവാന്‍ ഞാന്‍ തിരിഞ്ഞോടി. വിറക്‌ പുരയുടെ അടുത്തെത്തിയപ്പോള്‍ അടക്കിപ്പിടിച്ച ഒരു ചിരി. ഈ നേരത്ത്‌ ആരെടാ ചിരിക്കുന്നത്‌?

അടുത്ത്‌ ചെന്ന് നോക്കി.

വേലായുധേട്ടന്‍ !

കൈ നിവര്‍ത്തിയൊന്ന് കൊടുക്കാന്‍ തോന്നിയെങ്കിലും ചെയ്തില്ല.(തോന്നല്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ഒരിയ്ക്കലും സാധിച്ചിട്ടില്ല.)

'ദേ വേലായുധേട്ടന്‍...' അതൊരു അലറലായിരുന്നു.

'ടാ വേലായുധാ, അപ്പോ ആരാ കെണറ്റില്‌ ചാട്യേ?...' എന്ന ശങ്കരേട്ടന്റെ ദ്വേഷ്യത്തോടെയുള്ള ചോദ്യത്തിന്‌ വേലായുധേട്ടന്‍ ഒരു കള്ളച്ചിരിയോടെ ഇങ്ങനെ മൊഴിഞ്ഞു.

'ഷ്കൈലാബ്‌ കെണേറ്റ്‌ല്‌ വീണു....'




26 comments:

  1. വിനുച്ചേട്ടാ...

    അങ്ങനെ തൃശ്ശിവപേരൂര്‍ വിശേഷംസ്‌ തുടങ്ങിവച്ചു ല്ലേ?... ഗംഭീരതുടക്കം... ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ത്തു... വേലായുധേട്ടന്റെ പടപ്പുറപ്പാട്‌ അസ്സലായി.

    മൂക്കില്‍ കരി നിറയ്ക്കുന്ന മണ്ണെണ്ണ വിളക്കും വാറ്റുകാരെ ഒളിമ്പിക്സിന്‍ യോഗ്യരാക്കിയ എക്സൈസ്‌കാരുമൊക്കെ പല കാര്യങ്ങളും ഓര്‍മ്മിപ്പിച്ചു.

    "സ്കൈലാബ്‌"-ന്റെ കാര്യം "കുട്ടപ്പചരിതത്തില്‍" വീണ്ടും കാണാം.

    പത്തുമണിയുടെ "രഞ്ജിനി" ഒരു തീരാനഷ്ടം തന്നെ...

    നഷ്ടസ്വര്‍ഗ്ഗങ്ങളുടെ ഭാണ്ടക്കെട്ടും പേറിവന്ന "വേലായുധേട്ടന`" സ്വാഗതം.. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നതിനൊപ്പം വിനുച്ചേട്ടന` എല്ലാവിധ ആശംസകളും നേരുന്നു.

    കുട്ടപ്പന്‍

    ReplyDelete
  2. നന്നായിട്ടുണ്ട്ട്ടാ. ഈ സ്കൈലാബ് എല്ലാടത്തും വീണിട്ടുണ്ടല്ലേ. ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ അത്യാവശ്യം പൂശിയിട്ടു വരുമ്പോള്‍ സൈക്കിളിടിച്ചു. പുള്ളിക്കാരന്‍ ഒറ്റ നിലവിളിയാ “എന്റമ്മോ സ്കൈലാബ് വീണേയ്!!!”

    ReplyDelete
  3. കല്‍ക്കീട്ടുണ്ടല്ലോ ഗഡ്യേ....

    പോരട്ടേ സ്കൈലാബുകള്‍ തുരു തുരാന്നിങ്ങാട്ട്‌..

    ReplyDelete
  4. വിനുച്ചേട്ടാ... നന്നായി എഴുതിയിരിയ്ക്കുന്നു. ഇനിയും എഴുതൂ..

    ReplyDelete
  5. ഈ സ്കൈലാബ് വീഴുന്ന കാലം എനിക്കോര്‍മ്മയുണ്ട്. അന്ന് ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയിരുന്നു എന്ന് തോന്നുന്നു. എപ്പോഴും ആകാശത്തേക്ക് നോക്കിയേ നടക്കൂ. അഥവാ ഈ പണ്ടാറം നമ്മുടെ തലയിലെങ്ങാന്‍ വീണാലോ എന്ന് സംശയമായിരുന്നു അന്ന്!

    -സങ്കുചിതന്‍

    ReplyDelete
  6. അപ്പോള്‍ ഈ ‘സ്കൈലാബ്’ എല്ലാവരുടെയും ഓര്‍മ്മകളിലുണ്ടല്ലേ.
    അന്ന് അതിനെ ‘ഇസ്കൈലാബ്’എന്നാ ഞങ്ങള്‍ പറഞ്ഞിരുന്നത്.
    വിനുച്ചേട്ടാ നന്നായി എഴുതിയിരിക്കുന്നു:)

    ReplyDelete
  7. ചേട്ടോ
    അസ്സലായിരിക്ക്ണു.
    “ ബ്രില്‍ മഷിക്കുപ്പിയുടെ അടപ്പ്‌ തുളച്ച്‌ തിരിയിട്ട കുട്ടിവിളക്കുകളും മാത്രമുള്ള കാലം “

    മൊത്തത്തില്‍ ഇഷ്ടാ‍ായി..

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. അങ്ങനെ സ്കൈലാബിനെ വീഴ്ത്തീ ല്ലേ..ഇഷ്ടായി. അടാട്ട് എവിട്യാ വീട് ?
    ഇതിലെ കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നില്ല.
    http://kuttamenon.blogspot.com

    ReplyDelete
  10. അടാട്ട്‌ എല്‍.പി.സ്കൂളിന്റെ അടുത്താ മേന്‍നേ... ഒരു പക്ഷേ നമ്മള്‍ ഒരേ കാലയളവിലായിരിയ്ക്കും സെന്തോമസ്സില്‍ പഠിച്ചിരുന്നത്‌. 1979 മുതല്‍ 1984 വരെ ഞാന്‍ അവിടെയുണ്ടായിരുന്നു. പിന്നെ ഈ പിന്‍മൊഴിയില്‍ കമന്റ്‌ എങ്ങനെ കൊണ്ടുവരാമെന്ന് എനിയ്ക്ക്‌ വലിയ പിടിയൊന്നുമില്ലല്ലൊ മേന്‍നേ...

    ReplyDelete
  11. താഴെ കാണുന്ന വഴിയില്‍ പിന്മൊഴികളിലേക്ക് അയക്കാം.
    in blogger
    > settings
    > comments
    > comment notificaiton address add
    pinmozhikal@gmail.com
    and save.
    കൂടുതല്‍ http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html
    നമ്മള്‍ ഒരേകാലയളവിലല്ല സെന്തോമസില്‍ പഠിച്ചതു. ഞാന്‍ കുറെ ജൂനിയറാണ്. 88 ലാണ് ഡിഗ്രിക്ക് സെന്തോമസില്‍ വന്നത്. അടാട്ട് പള്ളിയുടെ സ്കൂളോ ? അടാട്ട് പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസി. ഉണ്ണിമോനെന്ന് ഞാന്‍ വിളിക്കുന്ന അനില്‍ അക്കര എന്റെ കൂട്ടുകാരനായിരുന്നു.

    ReplyDelete
  12. കടിഞ്ഞൂല്‍ സന്ദര്‍ശകന്‍ കുട്ടപ്പനും സാങ്കേതിക വിവരങ്ങള്‍ തന്നു സഹായിച്ച കുട്ടന്‍മേനോനും പ്രത്യേക നന്ദി.

    ഈ കന്നിക്കാരന്റെ ബ്ലോഗില്‍ കയറി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടു പോയ മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ. അധികം കാലതാമസമില്ലാതെ അടുത്ത പോസ്റ്റില്‍ കാണാം.

    ReplyDelete
  13. സ്വാഗതം,ഇതു പോലെഒരു വേലായുധന്‍ ഇവിടെ http://rehnaliyu.blogspot.com/2006/08/blog-post.html

    ReplyDelete
  14. നന്നായി എഴുതിയിരിക്കുന്നു ..:)

    നല്ല ഓര്‍മ്മ

    ReplyDelete
  15. ഇങ്ങനെയുള്ള വിരുതന്‍ വേലായുധന്മാര്‍ എല്ലാ ഗ്രാമങ്ങളിലും കാണും.

    എന്റെ ചെറുപ്പത്തില്‍ ഞങ്ങടെ അടുത്തൊരു അന്തപ്പനുണ്ടായിരുന്നു. കൊറ്റനല്ലൂര്‍ ഷാപ്പീന്ന് മൂക്കറ്റം മോന്തി രാത്രി 8 മണിയോടെ പൂരപ്പാ‍ട്ടും വെല്ലുവിളികളുമായി ഒരു വരവുണ്ട്.
    -ഞങ്ങടെ വീടിന്റെ അതിര്‍ത്തിയായാല്‍ ഇയാള്‍ നിശ്ശബ്ദനാകും. വീടുന്നുമുന്‍പിലൂടെ കാളകളുടേ കുടമണി ശബ്ദം മാത്രം കേള്‍ക്കാം. അതിര്‍ത്തി വിട്ടാല്‍ ഉടന്‍ തുടങ്ങും വീണ്ടും തെറിയഭിഷേകം.

    ഇതിന്റെ രഹസ്യം ചോതിച്ച് മിഖായിലേട്ടനോട് അന്തപ്പന്‍ പറഞ്ഞതിതാ: ‘അയാളു ആള് പാവമാന്നേ..പിന്നെ സ്കൂളീ പഠിക്കണ രണ്ട് പെങ്കുട്യോളും ല്ലേ ആ വീട്ടീ.അതോണ്ടാ‍....”

    ഗുണപാഠം: കള്ളൂകുടി ഒരു പുറമ്പൂച്ച് മാത്രം, ദ്വേഷ്യമുള്ളവരെ ഭള്ളു പറയാന്‍!

    ReplyDelete
  16. മേനോന്‍ മാഷ് എന്നെയും പഠിപ്പിച്ചിട്ടുണ്ട്..ആ മരോട്ടിത്തലയന്‍ വിളി...ഹഹാ
    qw_er_ty

    ReplyDelete
  17. ഹ ഹ ഹ. മേനൊന്‍ മാഷുടെ മരോട്ടിത്തലയന്‍ വിളി മറക്കാന്‍ പറ്റില്ല കൂടെ ജയറാം സാറിന്റെ കൊശവന്‍ വിളിയും.

    ReplyDelete
  18. വിനുചേട്ടാ‍ാ.....

    അപ്പോ ചേട്ടായി ഒരു പുലിയാണല്ലേ??

    കുറെ സൂപ്പര്‍ ഡ്യൂപ്പര്‍ നമ്പറുകള്‍. പല്ലി യെ പറ്റി പറഞ്ഞതും മറ്റുമെല്ലാം തകര്‍ത്തു.

    :) അടുത്തത് പോരട്ടേ....

    ReplyDelete
  19. Kuttan Menon...and...Vishala Manaskan....
    The Two Big Pulikal...
    Anugrahichalloo..Randineyum manassilu dyaanichu angidu thudangikkolloooo...Moshaavillaa..
    Malayaalathilu onnu kaachaane enthaa cheyyaaa ente eeshwaraaa...

    ReplyDelete
  20. വേലായുധേട്ടന്റെ കഥ വായിച്ചപ്പോള്‍ പെട്ടെന്ന്‌ മനസില്‍ വന്നതു്‌
    ചാലക്കുടിക്കാരന്‍ കലഭവന്‍ മണിയുടെ നാടന്‍ പാട്ടാണു്‌.......

    പകലു മുഴുവനും പണിയെടുത്ത്‌, കിട്ടണക്കാശിനു കള്ളും കുടിച്ചു്‌
    എന്റെ മോളെ കഷ്ടത്തിലാക്കല്ലെ വേലായുധാ...........

    വേലായുധേട്ടന്റെ വിശേഷങ്ങള്‍ ഇനിയും ഏഴുതണം കേട്ടൊ !
    അഭിനന്ദനങ്ങള്‍.......

    ReplyDelete
  21. വേലായുധേട്ടനെ ഞാന്‍ വായിക്കാന്‍ രണ്ടു വര്ഷം എടുത്തല്ലോ വിനുവേട്ടാ... നമ്മടെ രാമെട്ട്ടന്‍ തന്നെ വരേണ്ടി വന്നു നിമിത്തമായി

    ReplyDelete
  22. സുഷമയുടെ വാര്‍ത്തവായന, പത്തുമണിയുടെ രഞ്ജിനി.... പഴയകാല ഓര്‍മ്മകള്‍. വേലായുധന്‍ താരം തന്നെ.

    ReplyDelete
  23. ബ്രില്‍ മഷിക്കുപ്പിയും ...പത്ത് മണിയുടെ രഞ്ജിനിയും ..സുഷമയുടെ വാര്‍ത്താ വായനയും പിന്നെ അന്നത്തെ ഏറെ ചര്‍ച്ച ചെയ്യപെട്ട സ്കൈലാബും ..കൂട്ടത്തില്‍ നമ്മള്‍ക്കൊക്കെ പരിചിതനായ വേലായുധേട്ടന്റെ പരാക്രമങ്ങളും ..രസകരമായി തന്നെ വിനു അവതരിപ്പിച്ചു..സന്തോഷം ഇവിടെ ഈ വിശേഷങ്ങളൊക്കെ കേള്‍ക്കാന്‍ സാധിച്ചതില്‍ ..

    ReplyDelete
  24. Wow. ഇപ്പോഴാ കണ്ടത്. പ്രദീപ് ന്റെ പോസ്റ്റിൽ ലിങ്ക് കൊടുത്തിരുന്നത്. ഇൗ സംഭവം എല്ലാ ദിവസവും fb യില് ഇടൂ. ഞാൻ ഇൗ പഴയ പോസ്റ്റ് ഒന്നും വായിച്ചിട്ടില്ല

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...