Sunday, May 10, 2020

പെണ്ണുകാണൽ - ഒരു KSRTC അപാരത


Reaching there on 7 June”  ഏറ്റവും ചുരുങ്ങിയ വാക്യത്തിൽ ടെലിഗ്രാം ചെയ്ത് പോസ്റ്റ് ഓഫീസിൽ നിന്നും പുറത്തിറങ്ങി. രണ്ട് വർഷത്തിന് ശേഷം  ലഭിച്ച നാൽപ്പത്തിയഞ്ച്  ദിവസത്തെ അവധിക്കാലത്തിന്റെ രണ്ടാം ദിനം. 1993 ജൂൺ നാല്.

സൗദി അറേബ്യയിൽ ജോലി ലഭിച്ചിട്ട് നാല് വർഷമാകുന്നു. ആദ്യത്തെ വെക്കേഷനിൽ വന്നപ്പോൾ പിടിച്ച് പെണ്ണ് കെട്ടിക്കാൻ നോക്കിയതാണ് വീട്ടുകാർ. ചില പെൺകുട്ടികൾക്ക് ചെക്കനെ പിടിക്കാത്തതു കൊണ്ടും ചില പെൺകുട്ടികളെ ചെക്കന് പിടിക്കാത്തതു കൊണ്ടും രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെടുക എന്ന അത്ഭുതം സംഭവിക്കാത്തതു കൊണ്ടും അന്ന് ഒന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം.

അപ്പോൾ ഈ ടെലിഗ്രാം ചെയ്തത് ആർക്കാണെന്ന് വിചാരിക്കുന്നുണ്ടാവും നിങ്ങളിപ്പോൾ. പെണ്ണുകാണൽ എന്ന ചടങ്ങിന് മുന്നൂറ് കിലോമീറ്റർ അകലെ തിരുവനന്തപുരത്തുള്ള വധൂഗൃഹത്തിലേക്ക് ചെല്ലുന്ന കാര്യം അറിയിച്ചതാണ്. വധൂഗൃഹം എന്ന് ഇപ്പോഴേ ഉറപ്പിച്ച് പറയാമോ എന്ന് ചോദിച്ചാൽ ഏതാണ്ടൊക്കെ പറയാം എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. രണ്ടാമത്തെ വെക്കേഷൻ ആകുന്നതിനും അഞ്ചാറ് മാസങ്ങൾക്ക് മുമ്പേ തന്നെ ഇരുവരുടെയും വീട്ടുകാർ പരസ്പരം പോയി കണ്ട് കാര്യങ്ങളൊക്കെ ഏതാണ്ട് ഉറപ്പിച്ചത് പോലെയാണ് അവസ്ഥ. മൂന്ന് പെണ്മക്കളിലെ ഇളയവൾ. ഹൃദയാഘാതം വന്ന് അച്ഛനെ നഷ്ടപ്പെട്ടത് ആറാമത്തെ വയസ്സിൽ. അച്ഛന്റെ മരണത്തെ തുടർന്ന് ലഭിച്ച ഗവണ്മന്റ് ഉദ്യോഗം കൊണ്ട് അമ്മ മൂന്ന് മക്കളെയും പഠിപ്പിച്ച് MA ക്കാരാക്കി. ചേച്ചിമാർ രണ്ടുപേരെയും നല്ല നിലയിൽ വിവാഹം കഴിച്ചയച്ചിരിക്കുന്നു. ഇനിയിപ്പോൾ പെണ്ണും ചെക്കനും പരസ്പരം കണ്ടിട്ട്ഫോട്ടോയിൽ കണ്ടതു പോലെ അല്ലല്ലോ ഏയ്, ഇതെനിക്ക് ശരിയാവില്ലഎന്നെങ്ങാനും പറഞ്ഞാൽ രണ്ട് വീട്ടുകാരും ബോധം കെട്ട് വീഴും എന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. പരസ്പരം ഹൃദയങ്ങൾ കൈമാറാൻ മൊബൈലും വാട്സാപ്പും ഫേസ്ബുക്കും ഒന്നും  ഇല്ലാത്ത കാലമാണെന്നോർക്കണം.

ദമ്മാമിൽ നിന്നും എയറിന്ത്യയിൽ തിരുവനന്തപുരം എയർപോർട്ടിലായിരുന്നു വന്നിറങ്ങിയത്. അന്ന് നെടുമ്പാശേരിയിൽ എയർപോർട്ട്  ഇല്ല. ഇത്രയൊക്കെ ആയ നിലയ്ക്ക് എയർപോർട്ടിൽ നിന്നും നേരെ പോയി പെണ്ണിനെ കണ്ടിട്ട് തൃശൂർക്ക് വന്നാൽ പോരായിരുന്നോ എന്ന് നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നത് പോലെ എനിക്കും തോന്നിയിരുന്നു കേട്ടോ. പക്ഷേ, അത്ര ആക്രാന്തം പാടില്ല മോനേ എന്ന് പറഞ്ഞ് മനസ്സ് പിന്തിരിപ്പിച്ചു കളഞ്ഞു. അല്ലെങ്കിലും എന്ത് വിചാരിക്കും അവരൊക്കെ

തൃശൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തുക എന്നതാണ് ഇനിയത്തെ യജ്ഞം. അനുജനാണ് കൂടെ വരാമെന്ന് ഏറ്റിരിക്കുന്നത്. അച്ഛനും അമ്മയും അനുജത്തിയും അമ്മാവനും ഒക്കെക്കൂടി പല തവണയായി നേരത്തെ തന്നെ കണ്ടു കഴിഞ്ഞതാണ്. തൃശൂരിൽ നിന്നും രാവിലെ തിരിച്ചാൽ അവിടെയെത്തുമ്പോൾ വൈകുന്നേരമാകും. പെണ്ണ് കാണൽ എന്ന് പറയുമ്പോൾ നേരം കെട്ട നേരത്ത് ഒക്കെ ആകുന്നത് ശരിയല്ല ഏറിയാൽ ഉച്ചനേരം അത് കടന്ന് പോകുന്നത് ഭംഗിയല്ല. അങ്ങനെയാണ് രാത്രി കൂത്താട്ടുകുളത്തുള്ള അമ്മാവന്റെ വീട്ടിൽ തങ്ങിയിട്ട് രാവിലെ തിരുവനന്തപുരത്തേക്കുള്ള ബസ്സ് പിടിക്കാമെന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ആ സുദിനം  വന്നെത്തി. 1993 ജൂൺ 7. പതിവ് തെറ്റിക്കാതെ കാലവർഷം തന്റെ പണി തുടങ്ങിയിട്ടുണ്ട്. ഒരു കാലൻകുടയ്ക്ക് കീഴിൽ ഞാനും അനുജനും പ്രഭാത് ബേക്കറിയുടെ മുന്നിൽ തിരുവനന്തപുരത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ വരുന്നതും കാത്ത് നിൽക്കുമ്പോൾ സമയം കാലത്ത് എട്ടര മണി.

ഞങ്ങളുടെ.. സോറി.. എന്റെ ക്ഷമയെ അധികം പരീക്ഷിക്കാതെ തന്നെ തിരുവനന്തപുരം എന്ന് ബോർഡ് വച്ച LSFP ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു. ഭാഗ്യം അധികം കാത്തു നിൽക്കേണ്ടി വന്നില്ല രണ്ടു മണിയോടെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും. റബ്ബർത്തോട്ടങ്ങൾക്ക് ഇടയിലൂടെ ഹെയർപിൻ വളവുകൾ തിരിഞ്ഞ് കയറ്റവും ഇറക്കവും ഒക്കെയായി ഏറ്റുമാനൂർ വരെയുള്ള യാത്ര അതിമനോഹരമായിരുന്നു. പിന്നെ കോട്ടയം, ചങ്ങനാശേരി, തിരുവല്ല... അതിനിടയിൽ ഇടയ്ക്കൊക്കെ മഴയും.

തിരുവല്ല കഴിഞ്ഞതോടെയാണ് ഈ ബസ്സ് എങ്ങോട്ടാണ് പോകുന്നതെന്ന സംശയം മനസ്സിൽ ഉദിച്ചത്. എം.സി.റോഡിൽ നിന്നും വഴി മാറി ഏതൊക്കെയോ ചെറുവഴികളിലൂടെയാണ് ഇപ്പോൾ ഓട്ടം. സംശയം തോന്നി കണ്ടക്ടറോട് ചോദിച്ചപ്പോഴല്ലേ പണി കിട്ടിയ വിവരം അറിയുന്നത്. അമ്പലപ്പുഴയിൽ ചെന്ന് നാഷണൽ ഹൈവേയിൽ കയറി ഹരിപ്പാട്, കായംകുളം, കൊല്ലം വഴിയാണത്രെ ഈ ബസ്സിന്റെ റൂട്ട് ബെസ്റ്റ്! ഇതിലും ഭേദം തൃശൂരിൽ നിന്ന് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നതായിരുന്നു.

എന്തായാലും അതുകൊണ്ട് ഒരു ഗുണം കിട്ടി. മലയാളത്തിന്റെ മഹാസാഹിത്യകാരൻ തകഴിയുടെ നാട് കാണുവാൻ സാധിച്ചു. കുട്ടനാടൻ വയലേലകൾക്ക് നടുവിലൂടെ, തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ കാലവർഷത്തിന്റെ ഈറൻ കണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു യാത്ര. ചെമ്മീൻ എന്ന കൃതിയിലൂടെ കേട്ടു പരിചയം മാത്രമുള്ള പുറക്കാട് കടപ്പുറവും തൃക്കുന്നപ്പുഴയും ഒക്കെ നേരിൽ കണ്ടു കൊണ്ട് യാത്ര തുടരവെ സമയം നീളുന്നത് അറിഞ്ഞില്ല.

കരുവാറ്റ, ഹരിപ്പാട്, ചേപ്പാട് ഒക്കെ താണ്ടി കായംകുളം ബസ് സ്റ്റാൻഡിൽ കയറി ഡീസൽ പമ്പിന് മുന്നിൽ പാർക്ക് ചെയ്യുമ്പോൾ സമയം ഒരു മണിയോട് അടുക്കുന്നു! രണ്ട് മണിക്ക് തിരുവനന്തപുരത്ത് എത്താമെന്ന് വീമ്പടിച്ച എന്നെ നോക്കി അനുജൻ ഒന്ന് ആക്കി ചിരിച്ചു.

പുറത്ത് ചെറിയൊരു കശപിശ കേട്ടിട്ടാണ് ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്. ഞങ്ങളുടെ ഡ്രൈവറും പമ്പ് ഓപ്പറേറ്ററുമായിട്ടാണ്. കറന്റ് പോയിരിക്കുകയാണ്, അതിനാൽ ഡീസൽ അടിച്ചു തരാൻ മാർഗ്ഗമില്ല എന്നാണ് പുള്ളിയുടെ നിലപാട്. കറന്റില്ലെങ്കിൽ കൈ കൊണ്ട് കറക്കി മാനുവലായി അടിക്കണമെന്ന് ഡ്രൈവർ. അടുത്ത സ്റ്റേഷൻ വരെ എത്താനുള്ള ഡീസൽ പോലും ടാങ്കിൽ ഇല്ലത്രെ. അത് തന്റെ പ്രശ്നമല്ല എന്നും മാനുവൽ ആയി ഇന്ധനം നിറയ്ക്കുന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നും പമ്പ് ഓപ്പറേറ്റർ. അടുത്ത നിമിഷം അവിടെ എത്തിയ ഒരു മാരുതി കാറിൽ കയറി ആശാൻ സ്ഥലം വിടുകയും ചെയ്തു.

ഡീസൽ അടിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണെന്ന് എല്ലാവരോടുമായി ഡ്രൈവർ പ്രഖ്യാപിച്ചു. ബെസ്റ്റ്…! കഷ്ടകാല നേരത്ത് തല മൊട്ടയച്ചപ്പോൾ കല്ലുമഴ…! അതെങ്ങനെ ശരിയാവും എന്ന് പ്രതികരണ ശേഷിയുള്ള യാത്രികരിൽ ചിലർ ഇതങ്ങനെ വിട്ടാൽ പറ്റില്ല, നമുക്ക് ഡിപ്പോ മാനേജരെ പോയി കാണാം എന്നും പറഞ്ഞ് ഇറങ്ങിയവരുടെ കൂട്ടത്തിലേക്ക്ഒരു കമ്പനി കൊടുക്കാൻ ചെല്ല്എന്നും പറഞ്ഞ് അനുജൻ എന്നെയും തള്ളി വിട്ടു.

ഒരു ജാഥയായി പത്തിരുപത്തിയഞ്ച് പേർ തന്റെ ഓഫീസിലേക്ക് ഇരച്ചു കയറി വരുന്നതു കണ്ട് അമ്പരന്ന ഡിപ്പോ മാനേജർ പുറത്തു കടക്കാൻ നോക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

എന്താ എന്താണ്?”അൽപ്പം ഭീതിയോടെ അയാൾ ഞങ്ങളുടെ നേരെ നോക്കി.

സാറേ, ഞങ്ങൾ വന്ന ബസ്സ് ഡീസലടിക്കാൻ വേണ്ടി പമ്പിന് മുന്നിൽ നിർത്തിജാഥയുടെ നേതാവ് തുടങ്ങി വച്ചു.

അപ്പോൾ ഒരു മാരുതി കാറിൽ ഒരാൾ വന്നുഅടുത്തയാൾ ഏറ്റെടുത്തു.

നിങ്ങളെന്തുവാ ഈ പറയുന്നത്...? എന്നിട്ട്?” ഡിപ്പോ മാനേജർ ഉത്കണ്ഠാകുലനായി.

പമ്പുകാരൻ അതിൽ കയറിപ്പോയിമറ്റൊരാൾ പൂർത്തീകരിച്ചു.

ഹൊ! മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോടോ ഇയാള്മാരുതി കാറെന്നും ആരോ വന്നെന്നും എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ആരാണ്ടെയോ പിടിച്ചോണ്ടു പോയെന്ന്മാനേജർക്ക് ശ്വാസം നേരെ വീണത് ഇപ്പോഴാണ്.

സാറേ, കറന്റില്ലാത്തതു കൊണ്ട് ഡീസലടിച്ച് തരുവാൻ പറ്റില്ലാന്ന് പറഞ്ഞ് അയാൾ പോയി ഡ്രൈവറാണേൽ ട്രിപ്പ് അവസാനിപ്പിക്കുവാന്നും പറഞ്ഞു തിരുവനന്തപുരം വരെ പോകാനുള്ള ബസ്സാണ് സാറേകൂട്ടത്തിൽ ഇത്തിരി കോമൺസെൻസ് ഉള്ളവൻ കാര്യം പറഞ്ഞു.

ശരി നിങ്ങളങ്ങോട്ട് ചെല്ല് ഞാൻ വരാംമാനേജർ സമാധാനിപ്പിച്ചു.

ബസ്സിനരികിലെത്തിയ ഞങ്ങൾക്കരികിലേക്ക് ഒരു മെക്കാനിക്കിനെയും കൂട്ടി മാനേജർ എത്തി.

മാനുവൽ ആയി ഒരു ടാങ്ക് അടിക്കുക എന്നൊക്കെ പറഞ്ഞാൽ അത്ര എളുപ്പമൊന്നുമല്ല ദേ, ഇയാൾ കാണിച്ചു തരും എങ്ങനെയാന്ന് നിങ്ങളെല്ലാവരും കൂടി മാറി മാറി ഒന്ന് സഹായിച്ചാൽ കുറെയെങ്കിലും അടിക്കാംമാനേജർ ഞങ്ങളോട് പറഞ്ഞു.

പിന്നെ അങ്ങോട്ട് ഞങ്ങളുടെ ഓരോരുത്തരുടെയും ഊഴമായിരുന്നു. മെക്കാനിക്ക് കൊണ്ടുവന്ന ലിവർ പമ്പിലേക്ക് ഘടിപ്പിച്ച് കറക്കിക്കൊണ്ടിരിക്കുക... കൈ കഴയ്ക്കുമ്പോൾ ഊഴം അടുത്തയാൾക്ക്. അങ്ങനെ എല്ലാവരും കൂടി ഒത്തു പിടിച്ച് ഏതാണ്ട് അര ടാങ്കോളം ആയപ്പോൾ ഡ്രൈവർ പറഞ്ഞു. “ശരി മതിയാവുംബാക്കി ഇനി കൊല്ലത്ത് നിന്ന് അടിക്കാം


അങ്ങനെ നീങ്ങിത്തുടങ്ങിയ വണ്ടി കൊല്ലത്ത് നിന്നും ടാങ്ക് ഫുള്ളാക്കി തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിൽ എത്തുമ്പോൾ സമയം നാലര! അവിടെ നിന്ന് ഒരു ഓട്ടോയിൽ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന സ്ഥലം തേടിപ്പിടിച്ച് വധൂഗൃഹത്തിൽ എത്തുമ്പോൾ അഞ്ചു മണി.

കോളിങ്ങ് ബെൽ അടിച്ച് ഇത്തിരി നേരം കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്നത്. അതിനു മുമ്പ് കതകിലെ മാഗ്നിഫൈയിങ്ങ് ലെൻസിലൂടെ ആരൊക്കെയോ ഒന്നു രണ്ടു വട്ടം നോക്കുന്നത് എന്റെ ഡിറ്റക്ടിവ് ദൃഷ്ടിയിൽ പെട്ടിരുന്നു.

ദമ്മാമിലെ സ്റ്റുഡിയോക്കാരൻ പറ്റാവുന്നതിന്റെ മാക്സിമം ഗ്ലാമറിൽ എടുത്തു തന്ന എന്റെ ഫോട്ടോ മാസങ്ങൾക്ക് മുമ്പേ അവിടെ എത്തിയിരുന്നതു കൊണ്ട് ഭാവി അമ്മായിയമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.

ഇത്ര നേരമായിട്ടും കാണാഞ്ഞപ്പോൾ ഇന്നിനി വരില്ല എന്ന് കരുതി വാ, കയറിയിരിക്കൂഅമ്മയുടെ സ്വാഗത വചനം. “മൂത്ത മക്കളും അവരുടെ കുടുംബവും ഒക്കെ കുറച്ചു മുമ്പ് തിരിച്ചു പോയതേയുള്ളൂ...”

വഴിയിലുണ്ടായ പ്രശ്നങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും എന്റെ കണ്ണുകൾ തേടുകയായിരുന്നു. ഫോട്ടോയിൽ മാത്രം കണ്ടുപരിചയമുള്ള, ആറു മാസക്കാലമായി മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ച് പ്രണയിച്ചു കൊണ്ടിരിക്കുന്ന ആ പെൺകൊടിയെ

എന്നാൽ ശരി മോളെ കണ്ട് സംസാരിക്കണ്ടേ?” കൺവെൻഷണൽ പെണ്ണുകാണൽ രീതിയിൽ ചെറിയൊരു മാറ്റം. തുടിക്കുന്ന ഹൃദയത്തോടെ ഞാൻ അപ്പുറത്തെ മുറിയിലേക്ക് കാലെടുത്തു വച്ചു.

പരസ്പരം പുഞ്ചിരിച്ചു കൊണ്ട് അന്യോന്യം വരവേറ്റ ഞങ്ങളുടെ മനസ്സിൽ ആദ്യമായി കാണുകയാണെന്ന തോന്നൽ ഉണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഞാൻ ചോദിച്ചു.

 എന്നെ വിവാഹം കഴിക്കുന്നതിൽ ഇഷ്ടക്കുറവൊന്നുമില്ലല്ലോ അല്ലേ?”

മനസ്സ് നിറഞ്ഞ ആ പുഞ്ചിരിയിൽ എല്ലാം വ്യക്തമായിരുന്നു. ഇഷ്ടമാണ് എന്ന് പറയാനുള്ള നാണം...

വിഷയദാരിദ്യത്തിന്റെ പാരമ്യത്തിൽ എന്തൊക്കെയോ സംസാരിച്ചുവെന്ന് വരുത്തിത്തീർത്ത് മുറിയ്ക്ക് പുറത്തിറങ്ങിയപ്പോൾ ഡൈനിങ്ങ് ടേബിളിൽ അമ്മയുടെ വക പായസം. ഞാനും അനുജനും കൂടി അത് നുണഞ്ഞു കൊണ്ടിരിക്കവെ മകളുടെ മനസ്സറിയാൻ പുള്ളിക്കാരി അകത്തേക്ക് പോയി.

മകളുടെ അപ്രൂവൽ ലഭിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങളുടെ പാത്രത്തിലേക്ക് വീണ്ടും പായസം ഒഴുകി. വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കുടിപ്പിച്ചു ഞങ്ങളെ. അനുജന്റെ സ്വതസ്സിദ്ധമായ തൃശൂർ തമാശകളും നാട്ടുവർത്തമാനവും ഒക്കെ കേട്ട്  അമ്മയ്ക്ക് ചിരിയടക്കാനാവുന്നുണ്ടായിരുന്നില്ല. നമ്മള് തൃശൂർക്കാര് ജന്മനാ തമാശക്കാരാണെന്നും എന്തിലും ഏതിലും നർമ്മം കണ്ടെത്തുന്നവരാണെന്നും തിരോന്തരംകാർക്ക് അറിയില്ലല്ലോ

ഇത്രയും ഒക്കെ ആയ നിലയ്ക്ക് അടുത്ത ആഴ്ച്ച തന്നെ വിവാഹം ആയാൽ എന്താ പ്രശ്നം എന്ന അത്യാഗ്രഹം ഞാൻ പ്രകടിപ്പിച്ചുവെങ്കിലും ജൂൺ 21 ആണ് ബന്ധുക്കളോടെല്ലാം പറഞ്ഞിരിക്കുന്ന തീയ്യതി എന്നും അതിൽ മാറ്റം വരുത്തുക ബുദ്ധിമുട്ടാണെന്നും അമ്മ നിർബ്ബന്ധം പിടിച്ചു. എങ്കിൽ പിന്നെ ജൂൺ 21 തന്നെ എന്ന് സ്വയം ആശ്വസിച്ച് അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങവെ ഒന്നു കൂടി തിരിഞ്ഞു നോക്കി.  വാതിൽക്കൽ തല കാണിച്ച ഭാവി പത്നിയോട്എന്നാൽ ശരി, വരട്ടെ?” എന്ന് കണ്ണുകളിൽ ഞാൻ ഒളിപ്പിച്ച ചോദ്യത്തിന് കണ്ണുകളിലൂടെത്തന്നെ മൗനാനുവാദം ലഭിച്ചു.

അങ്ങനെയാണ് സുഹൃത്തുക്കളേ 1993 ജൂൺ 21 തിങ്കളാഴ്ച്ച മനോഹരമായ ഒരു കുടുംബ ജീവിതത്തിലേക്ക് ഞങ്ങൾ കാലെടുത്തു വച്ചത്. ഒരേ തരംഗദൈർഘ്യത്തോടെവിജയകരമായ ഇരുപത്തിയേഴാം വാർഷികത്തിലേക്ക് പ്രവേശിക്കുകയാണ് ഞങ്ങൾ

വാൽക്കഷണം : തിരികെ തമ്പാനൂർ സ്റ്റാൻഡിൽ നിന്നും വൈകിട്ട് എട്ട് മണിക്ക് ഞങ്ങൾ കയറിയ KSRTC യുടെ എക്സ്പ്രസ് ബസ്സ് കോട്ടയത്തേക്കുള്ള ആ പച്ച വണ്ടി പാതിരാത്രിയോടടുത്ത് പന്തളം കഴിഞ്ഞതും ബ്രേക്ക് ഡൗൺ അര മണിക്കൂറിന് ശേഷം  ആ വഴി വന്ന കോയമ്പത്തൂർ ലിമിറ്റഡ് സ്റ്റോപ്പിൽ കണ്ടക്ടർ ഞങ്ങൾ യാത്രക്കാരെയെല്ലാം തള്ളിക്കയറ്റി വിട്ടതുകൊണ്ട് പുലർച്ചെ രണ്ടേ മുക്കാലോടെ കൂത്താട്ടുകുളത്തുള്ള അമ്മാവന്റെ വീട്ടിലെത്തി. അതു കൊണ്ട് തന്നെ പറയട്ടെ, എന്റെ പെണ്ണുകാണലിൽ KSRTC യും ഒരു പ്രധാന കഥാപാത്രമാണ്.

Friday, March 27, 2020

ഓർമ്മകൾ ഓടിയെത്തുമ്പോൾ

വെറുതെ… വെറുതേ ഓർത്തുപോയി ബാല്യം… ചങ്ങമ്പിള്ളി കുന്നിന് മുകളിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിന്റെ അങ്കണത്തിന് പിന്നിൽ നിന്ന് തെക്കോട്ട് നോക്കുമ്പോൾ മണൽത്തിട്ടകൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകുന്ന നിള… കാലവർഷത്തിൽ ഇരുകരകളും നിറഞ്ഞ് സംഹാരരുദ്രയായി കലിതുള്ളി പായുന്ന നിള… അൽപ്പം കൂടി കിഴക്കോട്ട് കണ്ണോടിച്ചാൽ ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾക്കപ്പുറം പുഴയെ മുറിച്ച് കടന്ന് പോകുന്ന കുറ്റിപ്പുറം പാലം…


വെറുതെ… വെറുതേ… എന്തിനോ അതെല്ലാം മനസ്സിലേക്കോടിയെത്തി…



തിരുനാവായ സത്രക്കടവിൽ നിന്നും താഴേത്തറ വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരം… റോബർട്ട് ചേട്ടന്റെ ടെയ്‌ലറിങ്ങ് കടയും കടന്ന് മുന്നോട്ട് പോകുമ്പോൾ ഇടത് വശത്ത് പഞ്ചായത്ത് ആപ്പീസ്… പിന്നെ ഇരുവശവും കാറ്റിൽ തലയാട്ടി നിൽക്കുന്ന വയലേലകൾ… വലത് ഭാഗത്തായി നവാമുകുന്ദാ ക്ഷേത്രത്തിലേക്കുള്ള ചെമ്മൺ പാത… ആയിരങ്ങൾ പിതൃതർപ്പണത്തിന് കർക്കിടകവാവിന് ഒത്തുചേരുന്നത് നിളാതീരത്തെ ക്ഷേത്രത്തിനരികിലുള്ള കടവിലാണ്… അൽപ്പം കൂടി നടന്നാൽ ഇടത്തോട്ട് ഒരു റോഡിന്റെ ആരംഭം… എടക്കുളത്ത് സ്ഥിതി ചെയ്യുന്ന തിരുനാവായ റെയിൽ‌വേ സ്റ്റേഷനിലേക്കുള്ള പാതയാണത്… ആതവനാട് വഴി വളാഞ്ചേരിയിലേക്കെത്തുന്നു ആ റോഡ്…



പാടത്തിന് നടുവിലെ റോഡിലൂടെ കാഴ്ച്ചകൾ കണ്ട് നടപ്പ് തുടർന്നു… തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സി.സി ട്രാൻസ്പോർട്ട് കമ്പനിയുടെ ഫാർഗോ ബസ്സുകളും വല്ലപ്പോഴും കടന്നുപോകുന്ന ടി.വി.എസ്സിന്റെ പാഴ്സൽ ലോറികളും… അവയുടെ ഇടയിൽ രാജാവായി വാഴുന്നത് പരപ്പിൽ ട്രാൻസ്പോർട്സിന്റെ പുതിയ ടാറ്റ ബസ്സാണ്… രാജാവിന്റെ ഗമയാണ് അതിലെ ഡ്രൈവർ ഹൈദ്രോസിന് … ടി.വി.എസ്സിന്റെ പാഴ്സൽ ലോറി വരുന്നത് കാണുമ്പോൾ ഞങ്ങൾ കുട്ടികൾ നിവർന്ന് നിന്ന് അതിന്റെ ഡ്രൈവർക്ക് സല്യൂട്ട് കൊടുക്കും… തിരികെ പ്രത്യഭിവാദ്യം നൽകുക എന്നത് ടി.വി.എസ്സിലെ ഡ്രൈവർമാരുടെ പ്രോട്ടോക്കോളിൽ പറഞ്ഞിട്ടുള്ളതാണ്… അത് ലഭിച്ചുകഴിഞ്ഞാൽ സ്വർഗ്ഗം കിട്ടിയ പ്രതീതിയാണ് പിന്നെ ഞങ്ങൾക്ക്…



താഴേത്തറയിൽ എത്തിയാൽ ഇടത്തോട്ട് കുന്നിൻ‌മുകളിലേക്കുള്ള ചെമ്മൺ പാതയിലൂടെയാണ് സ്കൂളിലേക്ക് തിരിയുന്നത്… കയറ്റം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കയറ്റം… ഈ കയറ്റത്തെക്കുറിച്ചോർക്കുമ്പോൾ രസകരമായ ഒരു സംഭവമാണ് ഓർമ്മ വരുന്നത്…



മാസങ്ങൾക്ക് ശേഷം ഈ കുന്നിൻ മുകളിലുള്ള ഒരു വാടക വീട്ടിലേക്ക് ഞങ്ങൾ താമസം മാറ്റിയ സമയം… അന്നാണ് ആദ്യമായി അച്ഛൻ ഒരു മോട്ടോർ സൈക്കിൾ വാങ്ങിയത്… ഒരു പഴയ റോയൽ എൻ‌ഫീൽഡ്… KLD-5725 ആയിരുന്നു എന്നാണെന്റെ ഓർമ്മ… സൈക്കിൾ ബാലൻസ് ഉള്ളത് കൊണ്ട് ലോറി ഡ്രൈവർ യൂസുഫ്‌ക്കയുടെ സഹായത്താൽ ഒരാഴ്ച്ച കൊണ്ട് അത്യാവശ്യം ഓടിക്കാൻ പഠിച്ചു അച്ഛൻ…  അങ്ങനെ ആദ്യമായി മോട്ടോർ സൈക്കിളിൽ ഏതാണ്ട് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോയി വൈകിട്ട് തിരിച്ച് വരുന്ന സമയം…



താഴേത്തറ ജംഗ്‌ഷനിൽ വന്നിട്ട് വീട്ടിലേക്കാവശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി സൈഡ് ബോക്സിൽ ഇട്ടിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇട്ട് കുന്നിൻ‌മുകളിലേക്കുള്ള കുത്തനെയുള്ള ചെമ്മൺ പാതയിലൂടെ മുന്നോട്ട് എടുത്തു. കൃത്യമായ ഇടവേളകളിൽ ഫസ്റ്റ്, സെക്കന്റ്, തേഡ് എന്നീ ഗിയറുകളിലേക്ക് മാറ്റണമെന്നാണ് ഡ്രൈവിങ്ങ് ആശാൻ പഠിപ്പിച്ചിരിക്കുന്നത്… മൂവ് ചെയ്ത ഉടനെ സെക്കന്റ് ഗിയറിലേക്ക് മാറി… ഒരു വിറയൽ… ഹേയ്… തോന്നിയതായിരിക്കും… തേഡിലേക്ക് മാറ്റാം… ഡിം… ഒന്നു കൂടി വിറച്ച് വണ്ടി ഓഫായി നിന്നു…


ഈ കലാപരിപാടി ഒരു നാലഞ്ച് തവണ കൂടി ആവർത്തിച്ചതോടെ അച്ഛന് മതിയായി… ഈ വണ്ടി കയറ്റം വലിക്കുന്നില്ല… എന്തോ കാര്യമായ കുഴപ്പമുണ്ട്…


മോട്ടോർ സൈക്കിളിന്റെ ശബ്ദം ദൂരെ നിന്നും കേട്ടതും അമ്മ പറഞ്ഞു… “അച്ഛൻ വരുന്നുണ്ട്…”


വീടിന് മുന്നിലെ ചെമ്മൺ പാതയിൽ വണ്ടി ഓഫ് ചെയ്ത് മുറ്റത്തേക്ക് ഉരുട്ടിക്കൊണ്ട് വരുന്ന അച്ഛന്റെ മുഖത്ത് ആദ്യ യാത്രയുടെ ആഹ്‌‌ളാദമൊന്നും അത്ര കാണാനില്ല. വിയർത്ത് കുളിച്ചിരിക്കുന്നു.


“ഇതെന്താ, ഇങ്ങനെ വിയർത്തിരിക്കുന്നത്…?” അമ്മ ചോദിച്ചു.


“ഒന്നും പറയണ്ട… വണ്ടിക്കെന്തോ കുഴപ്പമുണ്ട്… കയറ്റം കയറുന്നില്ല… അവസാനം വഴിയിൽ കണ്ട ഒരു പയ്യന്റെ സഹായത്തോടെ താഴേത്തറ മുതൽ കുന്നിന്റെ മുകളിലെത്തുന്നത് വരെ തള്ളി… വെറുതെയല്ല ആ സുദർശനൻ മാഷ് ഈ വണ്ടി വിറ്റത്…!  ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഒരു വാക്കെങ്കിലും പറയാമായിരുന്നു…”


അതേ കോളനിയിൽ തന്നെയായിരുന്നു സുദർശനൻ മാഷുടെ വീടും. വൈകുന്നേരങ്ങളിൽ അന്നത്തെ വിശേഷങ്ങൾ പങ്കു വയ്ക്കുവാനായി ഒത്തു കൂടുന്ന പതിവുണ്ട് അയൽ‌വാസികളായ രംഗൻ മാഷ്‌ക്കും സുദർശനൻ മാഷ്‌ക്കും. അവരുടെ വീടുകളിലേക്ക് ആവശ്യമായ കുടിവെള്ളം കുടത്തിൽ ചുമന്ന് കൊണ്ടു പോകുന്നത് ഞങ്ങളുടെ മുറ്റത്തെ കിണറ്റിൽ നിന്നുമാണ്. വൈദ്യുതിയൊന്നും ആ ഗ്രാമത്തിൽ എത്തിയിട്ടില്ലാത്ത കാലമായിരുന്നു അതെന്നോർക്കണം. ചിമ്മിണി വിളക്കിന്റെ ചില്ല് അച്ഛൻ കഴുകി തുടച്ച് കൊണ്ടിരിക്കവെ സുദർശനൻ മാഷ് തന്റെ എക്സ്‌-മോട്ടോർ സൈക്കിളിന്റെ വിശേഷങ്ങൾ അറിയാനെത്തി.


“സുദർശനൻ മാഷേ… എന്നാലും ഒരു വാക്ക് പറയാമായിരുന്നൂട്ടോ…” എണ്ണം പറഞ്ഞ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി തള്ളി കയറ്റി ക്ഷീണിച്ചതിന്റെ വിഷമം അച്ഛൻ മറച്ചു വച്ചില്ല.


“എന്ത്…?”


“ഈ മോട്ടോർ സൈക്കിൾ കയറ്റം കയറില്ല എന്നത്…”


“മാഷെന്താ ഈ പറയുന്നത്…!!! ?”


“താഴേത്തറയിൽ നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് ഒരടി മുന്നോട്ട് കയറുന്നില്ല…ഓഫായിപ്പോകുന്നു… അവസാനം സഹായത്തിന് ഒരാളെ വിളിച്ച് തള്ളിക്കൊണ്ടു വരേണ്ടി വന്നു… ഈ പ്രശ്നമുള്ളത് കൊണ്ടല്ലേ മാഷ് വണ്ടി വിറ്റത്...?”


“എന്റെ മാഷേ… അനാവശ്യം പറയരുത്… എന്റെ കാലിന് സുഖമില്ലാത്തത് കൊണ്ട് ഗിയർ മാറാനുള്ള ബുദ്ധിമുട്ടോർത്തിട്ടാണ് ഞാനിത് വിറ്റ് സ്കൂട്ടർ വാങ്ങിയത്…”


“എങ്കിൽ പിന്നെ വണ്ടിക്കെന്താ പറ്റിയത്… അത് പറ…”


“മാഷ്‌ക്ക് എന്നെ അത്ര വിശ്വാസം ഇല്ലെങ്കിൽ വാ… നമുക്ക് താഴെത്തറയിൽ പോയിട്ട് തിരിച്ച് തിരിച്ച് വരാം… എന്താ പ്രശ്നമെന്ന് നോക്കാമല്ലോ…” സുദർശനൻ മാഷ് വിട്ടു കൊടുക്കാൻ കൂട്ടാക്കിയില്ല..


“എന്റെ മാഷേ… എനിക്ക് വയ്യ ഇനിയും ഒന്നു കൂടി വണ്ടി തള്ളാൻ… ഈ കുന്നിന്റെ മുകളിലേക്ക് എങ്ങയാ ഇതെത്തിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ…” അച്ഛൻ പറഞ്ഞു.


“മാഷ് പേടിക്കാണ്ട്  വാന്ന്… കഴിഞ്ഞ ആഴ്ച്ച വരെ ഞാനീ വണ്ടിയിലല്ലേ ഈ കയറ്റം കയറി വന്നു കൊണ്ടിരുന്നത്?... മാഷ് വാ…”


സുദർശനൻ മാഷ് വണ്ടി സ്റ്റാർട്ട് ചെയ്ത് റോഡിലേക്കെടുത്തു. മനസ്സില്ലാ മനസ്സോടെ അച്ഛൻ പിറകിലെ സീറ്റിൽ കയറി ഇരുന്നു. ഇരുവരെയും വഹിച്ചുകൊണ്ട് റോയൽ എൻ‌ഫീൽഡ് അയ്യപ്പന്റെ കുടിലിനടുത്തെ വളവ് തിരിഞ്ഞ് അപ്രത്യക്ഷമായി…


ഇളം കാറ്റിലൂടെ ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം… അയ്യപ്പന്റെ കുടിലിൽ നിന്നുമാണ് അതിന്റെ ഉത്ഭവം. സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാൽ പിന്നെ കുറേ നേരത്തേക്ക് ആ മുളം‌തണ്ടിൽ നിന്നും ഉതിരുന്ന ഗാനനിർഝരി ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾ പരിസരവാസികൾക്ക്  മാത്രമേയുണ്ടായിരുന്നുള്ളൂ. അതിമനോഹരമായ ആ ഈണങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുക ഒരു മായിക ലോകത്തേക്കായിരിക്കും. ഈറ്റയുടെ തണ്ടിൽ നിന്നുമെടുക്കുന്ന ചീന്തുകൾ കൊണ്ട് മുറം, കുട്ട തുടങ്ങിയ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന തൊഴിലാണ് അയ്യപ്പന്റേത്.


ദൂരെ നിന്നും പ്രതിധ്വനിച്ച് തുടങ്ങിയ റോയൽ എൻ‌ഫീൽഡിന്റെ ഘനഗാംഭീര്യമാർന്ന മുഴക്കം ഓടക്കുഴൽ നാദത്തിന്റെ വീചികളെ നിർദ്ദയം ആക്രമിച്ച് കീഴ്‌പ്പെടുത്തി. നിമിഷങ്ങൾക്കകം  മുറ്റത്തിനപ്പുറത്തെ ചെമ്മൺ പാതയിൽ വെളിച്ചം വിതറിക്കൊണ്ട്  ഓടിയെത്തിയ മോട്ടോർ സൈക്കിൾ ബ്രേക്ക് ചെയ്തു.


“ഇപ്പോൾ എങ്ങനെയുണ്ട് മാഷേ…? ഞാൻ പറഞ്ഞില്ലേ വണ്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന്…?” സുദർശനൻ മാഷുടെ സ്വരത്തിൽ തെല്ല് ഗർവ്വ് കലർന്നിരുന്നു.


“പിന്നെ എന്തായിരുന്നു പ്രശ്നം സുദർശനൻ മാഷേ…?” രംഗൻ മാഷ്‌ക്ക്  ജിജ്ഞാസ അടക്കാനായില്ല. അച്ഛന്റെ മുഖത്താണെങ്കിൽ അത്യാവശ്യം മോശമില്ലാത്ത ചമ്മലും.


“അതിപ്പോ എന്താ പറയുക… ഈ മാഷ്  ഡ്രൈവിങ്ങ് പഠിച്ചത് സ്കൂൾ കുട്ടികൾ കാണാപ്പാഠം പഠിക്കുന്നത് പോലെയല്ലേ…  സ്റ്റാർട്ട്... ഫസ്റ്റ്… സെക്കന്റ്… തേഡ്…”


“മനസ്സിലായില്ല…?”


“എന്റെ മാഷേ… നിരപ്പായ റോഡിലൂടെ ഓടിച്ച് പോകുന്നത് പോലെ തേഡ് ഗിയറിൽ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി ഓടിച്ച് കയറ്റാൻ പറ്റുമോ…? വലിയ കയറ്റങ്ങളിൽ വണ്ടി വലിക്കാതാകുമ്പോൾ ഗിയർ ഡൌൺ ചെയ്യണമെന്ന്  മാഷ്‌ടെ ഡ്രൈവിങ്ങ് ആശാൻ പറഞ്ഞ് കൊടുത്തിരുന്നില്ലത്രേ…”



                                * * *


വാൽക്കഷണം – ആ സംഭവത്തിന് ശേഷമാണ് ശ്രീമാൻ കെ.സി ഇട്ടൂപ്പിന്റെ ‘മോട്ടോർ കാർ ഡ്രൈവിങ്ങ് മാസ്റ്റർ’ എന്ന പുസ്തകം അച്ഛൻ വാങ്ങിക്കൊണ്ടു വന്നത്. അതിന്റെ അവസാന അദ്ധ്യായത്തിൽ മോട്ടോർ സൈക്കിളിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദമായി വിവരിച്ചിരിക്കുന്നു. ആ പുസ്തകം മുഴുവനും വായിക്കുവാനുള്ള ക്ഷമയൊന്നും അച്ഛനുണ്ടായില്ലെങ്കിലും ആ പുസ്തകം വായിച്ച് ഗിയർ സിസ്റ്റത്തിന്റെ സാങ്കേതിക വശങ്ങൾ ആ ചെറുപ്രായത്തിലേ എനിക്ക് മനസ്സിലാക്കുവാനായി എന്നത് ഒരു നേട്ടം തന്നെയായിരുന്നു.

Sunday, February 9, 2020

എങ്കിലും എന്റെ ഗുരുജീ...


വേലായുധേട്ടന്റെ വീട്ടിലെ ശുനകന്‍ 'ചൊക്ലി'യെ കാണുമ്പോഴെല്ലാം മനസ്സില്‍ അടക്കാനാവാത്ത ആഗ്രഹമായിരുന്നു സ്വന്തമായി ഒരു 'നായകന്‍' എനിയ്ക്കും വേണമെന്ന്‌.

'എനിയ്ക്കൊരു ശുനകന്‍ വേണമച്ഛാ' എന്നു നേരിട്ട്‌ പറയാന്‍ ധൈര്യം അല്‍പ്പം കുറവായിരുന്നതിനാല്‍ അമ്മ വഴിയാണ്‌ കാര്യം അച്ഛന്റെ മുന്നില്‍ എത്തിയത്‌. അനുജത്തിയുടെയും അനുജന്റെയും ശബ്ദ വോട്ടും കൂടിയായപ്പോള്‍ വിചാരിച്ചതിനേക്കാള്‍ പെട്ടെന്ന് പ്രമേയം പാസ്സായി. ഇനി തൃശൂരില്‍ അരിയങ്ങാടിയില്‍ പോയി ഒരു സുന്ദര നായക്കുട്ടപ്പനെ വാങ്ങിക്കൊണ്ടുവരിക എന്നത്‌ അച്ഛന്റെ പ്രോജക്റ്റ്‌.

തൃശൂരില്‍ പോയി വരുക എന്നത്‌ അര ദിവസം പാഴാവുന്ന കലാപരിപാടിയാണക്കാലത്ത്‌. പട്ടണത്തിലേയ്ക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌ രണ്ടേ രണ്ട്‌ ബസ്സുകള്‍ മാത്രം. ചരല്‍ നിറഞ്ഞ ഇടവഴിയിലൂടെ ആഞ്ഞുപിടിച്ചെത്തുമ്പേഴേയ്ക്കും 'ജീസ്സസ്‌'അതിന്റെ വഴിയേ പൊയ്‌പ്പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കാത്തു നില്‍ക്കണം 'ചാലയ്ക്കല്‍'വരുന്നത്‌ വരെ.

ബസ്സിനേക്കാള്‍ അധികം റോഡിന്റെ ഉപയോഗം വൈക്കോല്‍ ഉണക്കുന്ന പെണ്ണുങ്ങള്‍ക്കും നിരത്തിയ വൈക്കോലിനടിയിലെ ഗട്ടറുകളില്‍ വീഴാതെ സര്‍ക്കസ്‌കാരെപ്പോലെ പോകുന്ന സൈക്കിളുകാര്‍ക്കും പിന്നെ ഉശിരന്‍ വെള്ളക്കാളകളെ കെട്ടിയ ചന്തുമ്മാന്റെ കാളവണ്ടിയ്ക്കുമായിരുന്നു.

രണ്ടരയുടെ ബസ്സ്‌ അകലെ സ്റ്റോപ്പില്‍ വന്നു നിന്ന ശബ്ദം കേട്ടപ്പോള്‍ അനുജത്തി തുള്ളിച്ചാടി.

'ആ ബസ്സില്‍ എന്തായാലും അച്ഛന്‍ ഉണ്ടാവും'

തെങ്ങിന്‍ തോപ്പില്‍ക്കൂടി വരുന്ന അച്ഛന്റെ കൈയില്‍ അത്ര ചെറുതല്ലാത്ത ഒരു കാര്‍ട്ടണ്‍ കണ്ടപ്പോഴേ കാര്യം ഉറപ്പായി. എല്ലാവരുടെയും ആകാംക്ഷയ്ക്ക്‌ അറുതി വരുത്തിക്കൊണ്ട്‌ കാര്‍ട്ടണ്‍ തുറന്ന് കക്ഷിയെ പുറത്തെടുത്തപ്പോഴാണ്‌ ഞെട്ടിയ്ക്കുന്ന ആ സത്യം ഞങ്ങള്‍ മനസ്സിലാക്കിയത്‌. സുന്ദരന്‍ നായക്കുട്ടിയെ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ഒരു സുന്ദരി അള്‍സേഷന്‍ പട്ടിക്കുട്ടിയെ ആയിരുന്നു!

'ഈ അച്ഛനെ അവര്‌ പറ്റിച്ചൂന്നാ തോന്ന്‌ണേ...' അമ്മയുടെ കമന്റ്‌.

'പറ്റിച്ചതൊന്ന്വല്ലാ... പട്ടിയ്ക്കാ ശൗര്യം കൂട്വാ... ഈ തൊടീല്‌ കാലെടുത്ത്‌ കുത്ത്‌ണോനെയൊന്നും വെറുതെ വിടാന്‍ പാടില്ല...' അച്ഛനും വിട്ടുകൊടുത്തില്ല. (എറണാകുളത്തിന്‌ തെക്കോട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്‌... തൃശൂരില്‍ നായ എന്നാല്‍ പുല്ലിംഗവും പട്ടി എന്നാല്‍ സ്ത്രീലിംഗവും ആകുന്നു.)

അങ്ങനെ 'റാണി' ഞങ്ങളുടെ വീട്ടിലെ അംഗമായി വേലായുധേട്ടന്‍ പണിത മരക്കൂട്ടില്‍ വലതു കൈ വച്ചു കയറിക്കൊണ്ട്‌ ചാര്‍ജേറ്റെടുത്തു. ഞായറഴ്ചകളില്‍ അടാട്ട്‌ ചന്തയില്‍ നിന്ന്‌ രണ്ട്‌ രൂപയ്ക്ക്‌ വാങ്ങുന്ന വെട്ടിക്കൂട്ട്‌ കൊണ്ടുണ്ടാക്കുന്ന സൂപ്പ്‌ കഴിച്ച്‌ അവള്‍ കൊഴുത്തുരുണ്ടു. അവിടെയാണ്‌ പ്രശ്നങ്ങളുടെ ആരംഭം.

കാല്‍ നാഴിക ചുറ്റളവിലുള്ള കുരുത്തംകെട്ട നായക്കുട്ടന്മാരെല്ലാം സെന്റ്‌ മേരീസിലെ പിള്ളേരെ ലൈനടിയ്ക്കാന്‍ വരുന്ന സെന്റ്‌ തോമാസ്‌ ചുള്ളന്മാരെപ്പോലെ ഞങ്ങളുടെ തൊടിയിലെ വാഴച്ചുവട്ടിലും കവുങ്ങിന്‍ ചുവട്ടിലുമെല്ലാം സ്ഥിരവാസം തുടങ്ങി. ഓമനിച്ചു വളര്‍ത്തിയ കോഴികളില്‍ ചിലതെല്ലാം അവന്മാരുടെ ഉച്ചഭക്ഷണമായിത്തീര്‍ന്നതോടെ അമ്മയുടെ നേതൃത്വത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തിരമായി സമ്മേളിച്ചു.

ഉടന്‍ തന്നെ നല്ല ഒരു നായ്‌ക്കുട്ടനെ വാങ്ങിക്കൊണ്ടു വന്ന്‌ റാണിയ്ക്ക്‌ ബോയ്‌ ഫ്രെണ്ട്‌ ആയി സമ്മാനിക്കുക. അതായിരുന്നു സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ലോംഗ്‌ ടേം റെസലൂഷന്‍. അങ്ങനെയാണ്‌ റാണിയേക്കാള്‍ രണ്ട്‌ മാസം പ്രായക്കുറവുള്ള 'ജോക്കര്‍' പ്രതിശ്രുത വരന്റെ രൂപത്തില്‍ ആഗതനാകുന്നത്‌. അവിടെ പ്രശ്നം ഗുരുതരമാകുന്നു.

തന്നേക്കാള്‍ പ്രായം കുറഞ്ഞവനെ മൈന്റ്‌ ചെയ്യാന്‍ പോലും റാണി കൂട്ടാക്കുന്നില്ല. നല്ല അള്‍സേഷന്‍ ഇനത്തില്‍പ്പെട്ട തനിയ്ക്ക്‌ നാടന്‍ ലുക്ക്‌ ഉള്ള ജോക്കര്‍ ഒരിയ്ക്കലും ചേരില്ല എന്ന നിലപാടില്‍ത്തന്നെ മാസം രണ്ട്‌ കഴിഞ്ഞിട്ടും റാണി ഉറച്ചു നിന്നു. ഞങ്ങള്‍ക്കാണെങ്കില്‍ കഷ്ടകാല നേരത്ത്‌ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന അവസ്ഥയും.

അപ്പോഴാണ്‌ എന്റെ ബുദ്ധിയില്‍ (ഒടുക്കത്തെ ബുദ്ധി എന്നു പറയുന്നതാകും ശരി.) ഇതിനുള്ള പരിഹാരം ഉദിച്ചത്‌. ജോക്കറെ ഗുരുജിയുടെ വീട്ടിലേയ്ക്ക്‌ എക്സ്‌പ്പോര്‍ട്ട്‌ ചെയ്യുക.

അമ്മയുടെ ചെറിയമ്മയുടെ മകനാണ്‌ ഗുരുജി. സ്ഥാനം കൊണ്ട്‌ അമ്മാവനാണെങ്കിലും പ്രായം എന്നേക്കാള്‍ മൂന്നു വയസ്സു മാത്രം അധികം. പ്രീഡിഗ്രിയ്ക്ക്‌ സെന്തോമാസ്സില്‍ ഞാന്‍ കാലുകുത്തുമ്പോള്‍ കക്ഷി അവിടെത്തന്നെ ഡിഗ്രി രണ്ടാം വര്‍ഷം. അത്യാവശ്യം തല്ലുകൊള്ളിത്തരങ്ങള്‍ കൈയിലുള്ള മാന്യന്‍ ആയതുകൊണ്ട്‌ ഞാന്‍ കല്‍പ്പിച്ചു നല്‍കിയ പേരാണ്‌ ഗുരുജി എന്നത്‌. ഗിരിജാ തീയേറ്ററില്‍ നൂണ്‍ ഷോ എന്നൊരു പരിപാടി ഉണ്ടെന്നും 'ഉല്‍പ്പത്തി' പോലുള്ള പടങ്ങള്‍ അവിടെ കളിയ്ക്കാറുണ്ടെന്നുമുള്ള വിസ്മയകരമായ അറിവുകള്‍ എനിയ്ക്ക്‌ ആദ്യമായി പകര്‍ന്ന് തന്നത്‌ ഈ ഗുരുജിയാണ്‌.

കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക്‌ മല്‍സരിച്ച്‌ പുള്ളിയുടെയും എന്റെയും മാത്രം വോട്ടു കിട്ടി ഏട്ട്‌ നിലയില്‍ പൊട്ടി ചിന്താവിഷ്ഠനായിരിക്കുന്ന നേരത്താണ്‌ സയന്‍സ്‌ ബ്ലോക്കില്‍ വച്ച്‌ ജോക്കറിന്റെ കാര്യം ഞാന്‍ അവതരിപ്പിച്ചത്‌. ഇലക്‍ഷന്‌ പൊട്ടിയാലെന്ത്‌ ഒരു പട്ടിയേയല്ലേ ഫ്രീയായി കിട്ടുന്നത്‌ എന്നു മനസ്സിലായപ്പോള്‍ ആശാന്റെ മുഖം തെളിഞ്ഞു. അങ്ങനെ ഇരുപത്‌ പൈസ കണ്‍സഷന്‍ ടിക്കറ്റില്‍ ഞങ്ങള്‍ രണ്ടും വൈകുന്നേരം മൂന്നരയോടെ അടാട്ട്‌ ലാന്റ്‌ ചെയ്യുന്നു.

ഇനിയാണ്‌ യജ്ഞം. അടാട്ട്‌ നിന്ന് ഏതാണ്ട്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെയുള്ള വടക്കാഞ്ചേരിയിലാണ്‌ ഗുരുജിയുടെ വീട്‌. ടാക്സി വിളിച്ച്‌ പോകാനുള്ള സാമ്പത്തികശേഷി രണ്ട്‌ വീട്ടുകാര്‍ക്കും ഇല്ലാത്ത കാലം. എന്റെ ഒടുക്കത്തെ ബുദ്ധി വീണ്ടും ഉണര്‍ന്നു.

'അതിനെന്താ, മ്മ്ക്ക്‌ ബസ്സില്‌ പോവാല്ലോ....'

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോസ്റ്റ്‌ കുറയുന്ന ലക്ഷണം കണ്ടപ്പോള്‍ ഗുരുജിയുടെ വട്ടമുഖം വീണ്ടും വിടര്‍ന്നു.

അങ്ങനെ ആളൂര്‍ വെയര്‍ഹൗസില്‍ നിന്നു വാങ്ങിയ പുത്തന്‍ ബെല്‍റ്റും ചങ്ങലയുമണിഞ്ഞ ജോക്കര്‍ തന്നെ വേണ്ടാത്ത റാണിയെ ദയനീയമായി ഒന്നു നോക്കിയിട്ട്‌ ഞങ്ങളുടെ കൂടെ പടിയിറങ്ങി. എന്റെ ഒടുക്കത്തെ ബുദ്ധിയുടെ അനന്തര ഫലം അവിടെ ആരംഭിയ്ക്കുന്നു.

ബെല്‍ബോട്ടം പാന്റില്‍ ഗുരുജിയും ചുവന്ന കരയുള്ള കൈത്തറി മുണ്ടില്‍ ഞാനും വിവസ്ത്രനായ ജോക്കറേയും കൂട്ടി ബസ്സ്‌ സ്റ്റോപ്പിലെത്തിയപ്പോഴേയ്ക്കും നേരം വൈകുന്നേരം അഞ്ച്‌ മണി. നായക്കുട്ടിയെയും കൊണ്ടുള്ള ഞങ്ങളുടെ പത്രാസിലുള്ള നില്‍പ്പ്‌ കണ്ടിട്ട്‌ കോള്‍പ്പാടത്തെ പണി കഴിഞ്ഞു പോകുന്ന പെണ്ണുങ്ങള്‍ അടക്കം പറഞ്ഞ്‌ ചിരിച്ചു.

'എങ്ങ്‌ടാ ഈ നേരത്ത്‌ മാഷ്‌ടെ കുട്ടി നായനേം കൊണ്ട്‌?...' പണി കഴിഞ്ഞ്‌ വേലായുധേട്ടന്‍ ആണിക്കാലുമായി പതിവു ക്വോട്ട പൂശാന്‍ പോകുന്ന വഴിയാണ്‌.

'വടക്കാഞ്ചേരിയ്ക്കാ....'

'ഹൈയ്‌ ... അപ്പോ അവിടെത്തുമ്പോ നേരംത്തിര്യാവൂലോ...''

കരിനാവ്‌ വളച്ച്‌ ഒന്നും പറയല്ലേ ന്റെ വേലായുധേട്ടാ' എന്ന് മനസ്സില്‍ പറഞ്ഞു.

അരിവാളും ചോറ്റുപാത്രവും കൊമ്പ്‌മുറവുമായി പോകുന്ന പണിക്കാരി പെണ്ണുങ്ങളുടെ നടപ്പിന്റെ ചന്തം നോക്കി സെന്‍സസ്‌ എടുക്കുന്നതില്‍ വ്യാപൃതനായി നില്‍ക്കുകയാണ്‌ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഗുരുജി.

ബസ്സിന്റെ ശബ്ദം അടുത്ത്‌ വന്നതോടെ എന്റെ ഹാര്‍ട്ട്‌ ബീറ്റ്‌സ്‌ തൊണ്ണൂറിലെത്തിയോ എന്നൊരു സംശയം. വൈകുന്നേരം ആയതുകൊണ്ട്‌ ടൗണിലേയ്ക്കുള്ള ബസ്സില്‍ ഏഴോ എട്ടോ പേരേയുള്ളൂ.

പിന്‍വാതിലില്‍ കിളി ഇല്ല. ഭാഗ്യം. പെട്ടെന്നു തന്നെ ഞങ്ങള്‍ ബസ്സില്‍ ചാടിക്കയറി ബാക്‌ക്‍സീറ്റില്‍ വലതു വശത്ത്‌ ഇടം പിടിച്ചു. ബസ്സ്‌ യാത്രയില്‍ മുന്‍പരിചയമില്ലാത്തതിന്റെ പരിഭ്രമത്തോടെ ജോക്കര്‍ സ്റ്റെപ്പിനിടയറിന്റെ സൈഡില്‍ വീഴാതിരിയ്ക്കാന്‍ പാടുപെട്ട്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ നിന്നു.

'ഏയ്‌... ഇതു പറ്റില്യാ... നായനേം കൊണ്ട്‌ ബസ്സിലേ...' കണ്ടക്ടര്‍ ഇടയുന്ന ലക്ഷണമാണ്‌.

'ചേട്ടാ.. ഇപ്പോ തിക്കും തിരക്കുമില്ലാത്ത സമയല്ലേ... തൃശ്ശൂര്‍ വരയ്ക്കൊള്ളൂ... ' ഉടക്കിയിട്ടു കാര്യമില്ല എന്നറിയാമെന്നതു കൊണ്ട്‌ ഞാന്‍ അനുനയത്തിന്റെ സ്വരത്തില്‍ പറഞ്ഞു. തൃശൂരും കഴിഞ്ഞ്‌ മണ്ണുത്തി വരെ പോകുന്ന ബസ്സാണ്‌.

'ഡാ നിയ്യൊക്കെ കോളജീ പഠിക്കണോനല്ലേ? നെണക്കറിഞ്ഞൂടേ പബ്ലിക്‌ വാഹനത്തില്‌ മൃഗങ്ങളെ കൊണ്ട്‌ പോകാന്‍ പാടില്ലാന്ന്‌...'

'നായയ്ക്ക്‌ ടിക്കറ്റ്‌ എടുക്കാം ചേട്ടാ... പ്ലീസ്‌... പ്രശ്നണ്ടാക്കല്ലേ...'

'ഊം .. ശരി ശരി... ഈ നേരായതുകൊണ്ട്‌ എറക്കി വിട്‌ണില്യാ...'

ഗുരുജി നിസ്സംഗനായി ഞാനീ നാട്ടുകാരനല്ലേ എന്ന മട്ടില്‍ ഇരിയ്ക്കുന്നു. വടക്കാഞ്ചേരിയ്ക്കുള്ള ബസ്സില്‍ കയറട്ടെ, ഇതിനു പകരം വച്ചിട്ടുണ്ട്‌ എന്നു ഞാന്‍ സ്വയം ആശ്വസിച്ചു.

അങ്ങനെ ബാറ്റയുടെ മുന്‍പില്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചേമുക്കാല്‍. വടക്കേ സ്റ്റാന്റ്‌ വരുന്നതിനു മുന്‍പ്‌ ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്കുള്ള ബസ്സുകള്‍ അവിടെ നിന്നാണ്‌ പുറപ്പെട്ടിരുന്നത്‌.

'ദേ ഗുരുജീ .. മായ ... അതില്‌ പോയാലോ...'

'ശരി വേഗം വാടാ...'

തൃശൂര്‍ റൗണ്ടിലെ ജനക്കൂട്ടം കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായി ജോക്കര്‍. തിരക്കിനിടയില്‍ക്കൂടി 'മായ'യുടെ അടുത്തേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചപ്പോള്‍ വടംവലി മല്‍സരത്തിലെന്നപോലെ അവന്‍ രണ്ട്‌ കാലുംകൊണ്ട്‌ ബ്രേക്ക്‌ ചവിട്ടി എന്നെ പുറകോട്ട്‌ വലിയ്ക്കുന്നു!

'അല്ല, ഇതെങ്ങടാ നായപിടുത്തക്കാര്‌ കേറണേ... ?' ഭീമന്‍ രഘുവിനെപ്പോലെയുള്ള കിളി ഫുട്ബോര്‍ഡ്‌ ബ്ലോക്ക്‌ ചെയ്തു.

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണേ' എന്ന മട്ടില്‍ അറിവില്ലാ പൈതലിനെപ്പോലെ ഞാനും നിന്നു.

'വി ആര്‍ നോട്ട്‌ നായപിടുത്തക്കാര്‍ ... വളര്‍ത്താനുള്ളതാ... ടിക്കറ്റ്‌ എടുക്കാഷ്ടാ...' സ്വന്തം തട്ടകത്തിലെ ബസ്സ്‌ കണ്ടതോടെ ഗുരുജി തന്റെ സ്വതസിദ്ധമായ മംഗ്‌ളീഷില്‍ കാര്യം ഏറ്റെടുത്തു.

'വളര്‍ത്താന്‌ള്ളതാണെങ്കില്‍ ടാക്സി പിടിച്ച്‌ കൊണ്ടു പോണം. വൈകുന്നേരത്തോരോന്നെറങ്ങിക്കോളും ... ഇതില്‌ കേറാന്‍ പറ്റില്യാ.... അവന്റെയൊരിംഗ്‌ളീഷ്‌'

ബസ്സിലുള്ളവരുടെയും ബസ്സ്‌ കാത്ത്‌ നില്‍ക്കുന്നവരുടെയും ശ്രദ്ധ ഞങ്ങളിലേയ്ക്കായി. രാഗത്തിലെ മാറ്റിനി കഴിഞ്ഞ്‌ വരുന്നവരുടെ തിരക്കും കൂടിയായപ്പോള്‍ കുറച്ചുദിവസ്സം മുന്‍പ്‌ പൊതുജനമദ്ധ്യത്തില്‍ തുണിയുടുക്കാതെ നില്‍ക്കുന്നതായി സ്വപ്നം കണ്ടത്‌ ഇതിന്റെ സൂചനയായിരുന്നു എന്നു മനസ്സിലായി.

'മായ' പോയി 'ഭാരത്‌' വന്നു. 'ഭാരത്‌' പോയി 'കരിപ്പാല്‍' വന്നു. സാധാരണ നിലയില്‍ ഞങ്ങള്‍ തിരിഞ്ഞുനോക്കാത്ത 'പാട്ട'ബസ്സുകളില്‍ പോലും പ്രവേശനം നിഷേധിച്ചതോടെ അലോഷ്യസ്സ്‌ പോയിട്ട്‌ ഗവണ്‍മന്റ്‌ കോളേജില്‍ പോലും അഡ്‌മിഷന്‍ കിട്ടാതെ പാരലല്‍ കോളേജിന്റെ വരാന്തയില്‍ നില്‍ക്കുന്ന അവസ്ഥയിലായി ഞങ്ങള്‍. ഈ നിമിഷം ഭൂമി പിളര്‍ന്ന് ഈ ശുനകന്‍ താഴ്‌ന്നു പോയിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചു.

ആരംഭത്തിലുണ്ടായിരുന്ന ധൈര്യം ഇരുട്ട്‌ വീണതോടെ ആവിയായി പോകുന്നത്‌ ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു. എട്ടുമണി കഴിഞ്ഞാല്‍ പിന്നെ അടാട്ടേയ്ക്കും വടക്കാഞ്ചേരിയിലേയ്ക്കും ബസ്സില്ല എന്ന ഭീകര സത്യം കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലെ കാര്‍പേത്യന്‍ മലനിരകളില്‍ എത്തിപ്പെട്ട അവസ്ഥയിലേയ്ക്ക്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

'ഡാ, നിന്റെ കൈയില്‍ എത്ര രൂപയുണ്ട്‌? ... ' ഗുരുജിയുടെ ബുദ്ധിയില്‍ റെസ്‌ക്യൂ പ്ലാന്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്തു.

അന്നത്തെ ഫാഷനായ ഫ്ലാപ്‌ വച്ച പോക്കറ്റില്‍ ഇന്‍വെന്ററി എടുത്തപ്പോള്‍ കിട്ടിയത്‌ ഒന്‍പത്‌ രൂപ. ഗുരുജിയുടെ പോക്കറ്റിലെ പതിമൂന്ന്‌ രൂപയും കൂടിയായപ്പോള്‍ പ്ലാന്‍ ഇംപ്ലിമന്റ്‌ ചെയ്യാനുള്ള ആത്മവിശ്വാസം കൈവന്നു.

'പതിനാറു രൂപയില്‍ ഒരു പൈസ കുറയില്യാ... കിലോമീറ്റര്‍ ഇരുപതാ നെങ്ങളീപ്പറയണ സ്ഥലത്തിയ്ക്ക്‌...' പാട്ട ലാംബ്രട്ട ഓട്ടോ റിക്ഷക്കാരന്റെ ഡിമാന്റ്‌.

'പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടെടാ' എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാനും ഗുരുജിയും തല കുനിച്ച്‌ ഓട്ടോയുടെ ഉള്ളില്‍ കയറി. ഇതിനൊക്കെ കാരണക്കാരനായ ജോക്കര്‍ തല നിവര്‍ത്തിയും.

മുക്കാല്‍ മണിക്കൂര്‍ യാത്ര കഴിഞ്ഞ്‌ റെയില്‍വേ ലൈനിനിപ്പുറം ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ നീണ്ട ഹോഴ്‌സ്‌ റെയ്‌സ്‌ കഴിഞ്ഞ്‌ താഴെയിറങ്ങിയ കുതിരക്കാരന്റെ പോലെ തണ്ടെല്ലിനു നല്ല വേദന.

ഗുരുജിയുടെ ഓണം കേറാമൂലയിലെ സകല നായ്ക്കളുടെയും ശബ്ദായമാനമായ അകമ്പടിയോടെ കൂരാക്കൂരിരുട്ടത്ത്‌ ഒരു കിലോമീറ്റര്‍ കുന്ന് കയറി വീടെത്തിയപ്പോള്‍ സമയം ഒമ്പതര!

അതിലേതോ ഒരു ശുനകന്റെ പല്ലുടക്കി കീറിയ കൈത്തറി ഡബിള്‍ (എന്റെ ആകെപ്പാടെയുള്ള പ്രെസ്റ്റീജിയസ്‌ ഡ്രെസ്സ്‌) നോക്കി നെടുവീര്‍പ്പിട്ടിരിയ്ക്കുമ്പോള്‍ ഗുരുജി ഇങ്ങനെ മൊഴിഞ്ഞു.

'പണം ഇന്നു വരും, നാളെ പോകും... മാനമാണ്‌ വലുത്‌. വി ഹാവ്‌ റ്റു കീപ്‌ അവര്‍ ഡിഗ്‌നിറ്റി...'

ധനനഷ്ടവും സമയനഷ്ടവും മാനഹാനിയും ഒരുമിച്ചനുഭവിച്ച ഞാന്‍ ഡിഗ്‌നിറ്റി കീപ്‌ ചെയ്യാന്‍ അടിയും മുകളും ഇന്റര്‍ചെയ്ഞ്ച്‌ ചെയ്തുടുത്ത മുണ്ടിന്റെ മടക്കിക്കുത്ത്‌ നാളെ തിരിച്ച്‌ വീടെത്തുന്നത്‌ വരെ അബദ്ധത്തില്‍ പോലും താഴ്ത്തിയിടാനിടയാകല്ലേ എന്നു പ്രാര്‍ത്ഥിച്ച്‌ എന്റെ ഒടുക്കത്തെ ബുദ്ധിയെ പഴി ചാരി ഉറങ്ങാന്‍ കിടന്നു.