വേലായുധേട്ടന്റെ വീട്ടിലെ ശുനകന്‍ 'ചൊക്ലി'യെ കാണുമ്പോഴെല്ലാം മനസ്സില്‍ അടക്കാനാവാത്ത ആഗ്രഹമായിരുന്നു സ്വന്തമായി ഒരു 'നായകന്‍' എനിയ്ക്കും വേണമെന്ന്.
'എനിയ്ക്കൊരു ശുനകന്‍ വേണമച്ഛാ' എന്നു നേരിട്ട് പറയാന്‍ ധൈര്യം അല്‍പ്പം കുറവായിരുന്നതിനാല്‍ അമ്മ വഴിയാണ് കാര്യം അച്ഛന്റെ മുന്നില്‍ എത്തിയത്. അനുജത്തിയുടെയും അനുജന്റെയും ശബ്ദ വോട്ടും കൂടിയായപ്പോള്‍ വിചാരിച്ചതിനേക്കാള്‍ പെട്ടെന്ന് പ്രമേയം പാസ്സായി. ഇനി തൃശൂരില്‍ അരിയങ്ങാടിയില്‍ പോയി ഒരു സുന്ദര നായക്കുട്ടപ്പനെ വാങ്ങിക്കൊണ്ടുവരിക എന്നത് അച്ഛന്റെ പ്രോജക്റ്റ്.
തൃശൂരില്‍ പോയി വരുക എന്നത് അര ദിവസം പാഴാവുന്ന കലാപരിപാടിയാണക്കാലത്ത്. പട്ടണത്തിലേയ്ക്ക് സര്‍വീസ് നടത്തുന്നത് രണ്ടേ രണ്ട് ബസ്സുകള്‍ മാത്രം. ചരല്‍ നിറഞ്ഞ ഇടവഴിയിലൂടെ ആഞ്ഞുപിടിച്ചെത്തുമ്പേഴേയ്ക്കും 'ജീസ്സസ്'അതിന്റെ വഴിയേ പൊയ്‌പ്പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കാത്തു നില്‍ക്കണം 'ചാലയ്ക്കല്‍'വരുന്നത് വരെ.
ബസ്സിനേക്കാള്‍ അധികം റോഡിന്റെ ഉപയോഗം വൈക്കോല്‍ ഉണക്കുന്ന പെണ്ണുങ്ങള്‍ക്കും നിരത്തിയ വൈക്കോലിനടിയിലെ ഗട്ടറുകളില്‍ വീഴാതെ സര്‍ക്കസ്‌കാരെപ്പോലെ പോകുന്ന സൈക്കിളുകാര്‍ക്കും പിന്നെ ഉശിരന്‍ വെള്ളക്കാളകളെ കെട്ടിയ ചന്തുമ്മാന്റെ കാളവണ്ടിയ്ക്കുമായിരുന്നു.
രണ്ടരയുടെ ബസ്സ് അകലെ സ്റ്റോപ്പില്‍ വന്നു നിന്ന ശബ്ദം കേട്ടപ്പോള്‍ അനുജത്തി തുള്ളിച്ചാടി.
'ആ ബസ്സില്‍ എന്തായാലും അച്ഛന്‍ ഉണ്ടാവും'
തെങ്ങിന്‍ തോപ്പില്‍ക്കൂടി വരുന്ന അച്ഛന്റെ കൈയില്‍ അത്ര ചെറുതല്ലാത്ത ഒരു കാര്‍ട്ടണ്‍ കണ്ടപ്പോഴേ കാര്യം ഉറപ്പായി. എല്ലാവരുടെയും ആകാംക്ഷയ്ക്ക് അറുതി വരുത്തിക്കൊണ്ട് കാര്‍ട്ടണ്‍ തുറന്ന് കക്ഷിയെ പുറത്തെടുത്തപ്പോഴാണ് ഞെട്ടിയ്ക്കുന്ന ആ സത്യം ഞങ്ങള്‍ മനസ്സിലാക്കിയത്. സുന്ദരന്‍ നായക്കുട്ടിയെ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഒരു സുന്ദരി അള്‍സേഷന്‍ പട്ടിക്കുട്ടിയെ ആയിരുന്നു!
'ഈ അച്ഛനെ അവര് പറ്റിച്ചൂന്നാ തോന്ന്‌ണേ...' അമ്മയുടെ കമന്റ്.
'പറ്റിച്ചതൊന്ന്വല്ലാ... പട്ടിയ്ക്കാ ശൗര്യം കൂട്വാ... ഈ തൊടീല് കാലെടുത്ത് കുത്ത്‌ണോനെയൊന്നും വെറുതെ വിടാന്‍ പാടില്ല...' അച്ഛനും വിട്ടുകൊടുത്തില്ല. (എറണാകുളത്തിന് തെക്കോട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്... തൃശൂരില്‍ നായ എന്നാല്‍ പുല്ലിംഗവും പട്ടി എന്നാല്‍ സ്ത്രീലിംഗവും ആകുന്നു.)
അങ്ങനെ 'റാണി' ഞങ്ങളുടെ വീട്ടിലെ അംഗമായി വേലായുധേട്ടന്‍ പണിത മരക്കൂട്ടില്‍ വലതു കൈ വച്ചു കയറിക്കൊണ്ട് ചാര്‍ജേറ്റെടുത്തു. ഞായറഴ്ചകളില്‍ അടാട്ട് ചന്തയില്‍ നിന്ന് രണ്ട് രൂപയ്ക്ക് വാങ്ങുന്ന വെട്ടിക്കൂട്ട് കൊണ്ടുണ്ടാക്കുന്ന സൂപ്പ് കഴിച്ച് അവള്‍ കൊഴുത്തുരുണ്ടു. അവിടെയാണ് പ്രശ്നങ്ങളുടെ ആരംഭം.
കാല്‍ നാഴിക ചുറ്റളവിലുള്ള കുരുത്തംകെട്ട നായക്കുട്ടന്മാരെല്ലാം സെന്റ് മേരീസിലെ പിള്ളേരെ ലൈനടിയ്ക്കാന്‍ വരുന്ന സെന്റ് തോമാസ് ചുള്ളന്മാരെപ്പോലെ ഞങ്ങളുടെ തൊടിയിലെ വാഴച്ചുവട്ടിലും കവുങ്ങിന്‍ ചുവട്ടിലുമെല്ലാം സ്ഥിരവാസം തുടങ്ങി. ഓമനിച്ചു വളര്‍ത്തിയ കോഴികളില്‍ ചിലതെല്ലാം അവന്മാരുടെ ഉച്ചഭക്ഷണമായിത്തീര്‍ന്നതോടെ അമ്മയുടെ നേതൃത്വത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തിരമായി സമ്മേളിച്ചു.
ഉടന്‍ തന്നെ നല്ല ഒരു നായ്‌ക്കുട്ടനെ വാങ്ങിക്കൊണ്ടു വന്ന് റാണിയ്ക്ക് ബോയ് ഫ്രെണ്ട് ആയി സമ്മാനിക്കുക. അതായിരുന്നു സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ലോംഗ് ടേം റെസലൂഷന്‍. അങ്ങനെയാണ് റാണിയേക്കാള്‍ രണ്ട് മാസം പ്രായക്കുറവുള്ള 'ജോക്കര്‍' പ്രതിശ്രുത വരന്റെ രൂപത്തില്‍ ആഗതനാകുന്നത്. അവിടെ പ്രശ്നം ഗുരുതരമാകുന്നു.
തന്നേക്കാള്‍ പ്രായം കുറഞ്ഞവനെ മൈന്റ് ചെയ്യാന്‍ പോലും റാണി കൂട്ടാക്കുന്നില്ല. നല്ല അള്‍സേഷന്‍ ഇനത്തില്‍പ്പെട്ട തനിയ്ക്ക് നാടന്‍ ലുക്ക് ഉള്ള ജോക്കര്‍ ഒരിയ്ക്കലും ചേരില്ല എന്ന നിലപാടില്‍ത്തന്നെ മാസം രണ്ട് കഴിഞ്ഞിട്ടും റാണി ഉറച്ചു നിന്നു. ഞങ്ങള്‍ക്കാണെങ്കില്‍ കഷ്ടകാല നേരത്ത് തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന അവസ്ഥയും.
അപ്പോഴാണ് എന്റെ ബുദ്ധിയില്‍ (ഒടുക്കത്തെ ബുദ്ധി എന്നു പറയുന്നതാകും ശരി.) ഇതിനുള്ള പരിഹാരം ഉദിച്ചത്. ജോക്കറെ ഗുരുജിയുടെ വീട്ടിലേയ്ക്ക് എക്സ്‌പ്പോര്‍ട്ട് ചെയ്യുക.
അമ്മയുടെ ചെറിയമ്മയുടെ മകനാണ് ഗുരുജി. സ്ഥാനം കൊണ്ട് അമ്മാവനാണെങ്കിലും പ്രായം എന്നേക്കാള്‍ മൂന്നു വയസ്സു മാത്രം അധികം. പ്രീഡിഗ്രിയ്ക്ക് സെന്തോമാസ്സില്‍ ഞാന്‍ കാലുകുത്തുമ്പോള്‍ കക്ഷി അവിടെത്തന്നെ ഡിഗ്രി രണ്ടാം വര്‍ഷം. അത്യാവശ്യം തല്ലുകൊള്ളിത്തരങ്ങള്‍ കൈയിലുള്ള മാന്യന്‍ ആയതുകൊണ്ട് ഞാന്‍ കല്‍പ്പിച്ചു നല്‍കിയ പേരാണ് ഗുരുജി എന്നത്. ഗിരിജാ തീയേറ്ററില്‍ നൂണ്‍ ഷോ എന്നൊരു പരിപാടി ഉണ്ടെന്നും 'ഉല്‍പ്പത്തി' പോലുള്ള പടങ്ങള്‍ അവിടെ കളിയ്ക്കാറുണ്ടെന്നുമുള്ള വിസ്മയകരമായ അറിവുകള്‍ എനിയ്ക്ക് ആദ്യമായി പകര്‍ന്ന് തന്നത് ഈ ഗുരുജിയാണ്.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മല്‍സരിച്ച് പുള്ളിയുടെയും എന്റെയും മാത്രം വോട്ടു കിട്ടി ഏട്ട് നിലയില്‍ പൊട്ടി ചിന്താവിഷ്ഠനായിരിക്കുന്ന നേരത്താണ് സയന്‍സ് ബ്ലോക്കില്‍ വച്ച് ജോക്കറിന്റെ കാര്യം ഞാന്‍ അവതരിപ്പിച്ചത്. ഇലക്‍ഷന് പൊട്ടിയാലെന്ത് ഒരു പട്ടിയേയല്ലേ ഫ്രീയായി കിട്ടുന്നത് എന്നു മനസ്സിലായപ്പോള്‍ ആശാന്റെ മുഖം തെളിഞ്ഞു. അങ്ങനെ ഇരുപത് പൈസ കണ്‍സഷന്‍ ടിക്കറ്റില്‍ ഞങ്ങള്‍ രണ്ടും വൈകുന്നേരം മൂന്നരയോടെ അടാട്ട് ലാന്റ് ചെയ്യുന്നു.
ഇനിയാണ് യജ്ഞം. അടാട്ട് നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള വടക്കാഞ്ചേരിയിലാണ് ഗുരുജിയുടെ വീട്. ടാക്സി വിളിച്ച് പോകാനുള്ള സാമ്പത്തികശേഷി രണ്ട് വീട്ടുകാര്‍ക്കും ഇല്ലാത്ത കാലം. എന്റെ ഒടുക്കത്തെ ബുദ്ധി വീണ്ടും ഉണര്‍ന്നു.
'അതിനെന്താ, മ്മ്ക്ക് ബസ്സില് പോവാല്ലോ....'
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോസ്റ്റ് കുറയുന്ന ലക്ഷണം കണ്ടപ്പോള്‍ ഗുരുജിയുടെ വട്ടമുഖം വീണ്ടും വിടര്‍ന്നു.
അങ്ങനെ ആളൂര്‍ വെയര്‍ഹൗസില്‍ നിന്നു വാങ്ങിയ പുത്തന്‍ ബെല്‍റ്റും ചങ്ങലയുമണിഞ്ഞ ജോക്കര്‍ തന്നെ വേണ്ടാത്ത റാണിയെ ദയനീയമായി ഒന്നു നോക്കിയിട്ട് ഞങ്ങളുടെ കൂടെ പടിയിറങ്ങി. എന്റെ ഒടുക്കത്തെ ബുദ്ധിയുടെ അനന്തര ഫലം അവിടെ ആരംഭിയ്ക്കുന്നു.
ബെല്‍ബോട്ടം പാന്റില്‍ ഗുരുജിയും ചുവന്ന കരയുള്ള കൈത്തറി മുണ്ടില്‍ ഞാനും വിവസ്ത്രനായ ജോക്കറേയും കൂട്ടി ബസ്സ് സ്റ്റോപ്പിലെത്തിയപ്പോഴേയ്ക്കും നേരം വൈകുന്നേരം അഞ്ച് മണി. നായക്കുട്ടിയെയും കൊണ്ടുള്ള ഞങ്ങളുടെ പത്രാസിലുള്ള നില്‍പ്പ് കണ്ടിട്ട് കോള്‍പ്പാടത്തെ പണി കഴിഞ്ഞു പോകുന്ന പെണ്ണുങ്ങള്‍ അടക്കം പറഞ്ഞ് ചിരിച്ചു.
'എങ്ങ്‌ടാ ഈ നേരത്ത് മാഷ്‌ടെ കുട്ടി നായനേം കൊണ്ട്?...' പണി കഴിഞ്ഞ് വേലായുധേട്ടന്‍ ആണിക്കാലുമായി പതിവു ക്വോട്ട പൂശാന്‍ പോകുന്ന വഴിയാണ്.
'വടക്കാഞ്ചേരിയ്ക്കാ....'
'ഹൈയ് ... അപ്പോ അവിടെത്തുമ്പോ നേരംത്തിര്യാവൂലോ...''
കരിനാവ് വളച്ച് ഒന്നും പറയല്ലേ ന്റെ വേലായുധേട്ടാ' എന്ന് മനസ്സില്‍ പറഞ്ഞു.
അരിവാളും ചോറ്റുപാത്രവും കൊമ്പ്‌മുറവുമായി പോകുന്ന പണിക്കാരി പെണ്ണുങ്ങളുടെ നടപ്പിന്റെ ചന്തം നോക്കി സെന്‍സസ് എടുക്കുന്നതില്‍ വ്യാപൃതനായി നില്‍ക്കുകയാണ് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഗുരുജി.
ബസ്സിന്റെ ശബ്ദം അടുത്ത് വന്നതോടെ എന്റെ ഹാര്‍ട്ട് ബീറ്റ്‌സ് തൊണ്ണൂറിലെത്തിയോ എന്നൊരു സംശയം. വൈകുന്നേരം ആയതുകൊണ്ട് ടൗണിലേയ്ക്കുള്ള ബസ്സില്‍ ഏഴോ എട്ടോ പേരേയുള്ളൂ.
പിന്‍വാതിലില്‍ കിളി ഇല്ല. ഭാഗ്യം. പെട്ടെന്നു തന്നെ ഞങ്ങള്‍ ബസ്സില്‍ ചാടിക്കയറി ബാക്‌ക്‍സീറ്റില്‍ വലതു വശത്ത് ഇടം പിടിച്ചു. ബസ്സ് യാത്രയില്‍ മുന്‍പരിചയമില്ലാത്തതിന്റെ പരിഭ്രമത്തോടെ ജോക്കര്‍ സ്റ്റെപ്പിനിടയറിന്റെ സൈഡില്‍ വീഴാതിരിയ്ക്കാന്‍ പാടുപെട്ട് അഡ്ജസ്റ്റ് ചെയ്ത് നിന്നു.
'ഏയ്... ഇതു പറ്റില്യാ... നായനേം കൊണ്ട് ബസ്സിലേ...' കണ്ടക്ടര്‍ ഇടയുന്ന ലക്ഷണമാണ്.
'ചേട്ടാ.. ഇപ്പോ തിക്കും തിരക്കുമില്ലാത്ത സമയല്ലേ... തൃശ്ശൂര്‍ വരയ്ക്കൊള്ളൂ... ' ഉടക്കിയിട്ടു കാര്യമില്ല എന്നറിയാമെന്നതു കൊണ്ട് ഞാന്‍ അനുനയത്തിന്റെ സ്വരത്തില്‍ പറഞ്ഞു. തൃശൂരും കഴിഞ്ഞ് മണ്ണുത്തി വരെ പോകുന്ന ബസ്സാണ്.
'ഡാ നിയ്യൊക്കെ കോളജീ പഠിക്കണോനല്ലേ? നെണക്കറിഞ്ഞൂടേ പബ്ലിക് വാഹനത്തില് മൃഗങ്ങളെ കൊണ്ട് പോകാന്‍ പാടില്ലാന്ന്...'
'നായയ്ക്ക് ടിക്കറ്റ് എടുക്കാം ചേട്ടാ... പ്ലീസ്... പ്രശ്നണ്ടാക്കല്ലേ...'
'ഊം .. ശരി ശരി... ഈ നേരായതുകൊണ്ട് എറക്കി വിട്‌ണില്യാ...'
ഗുരുജി നിസ്സംഗനായി ഞാനീ നാട്ടുകാരനല്ലേ എന്ന മട്ടില്‍ ഇരിയ്ക്കുന്നു. വടക്കാഞ്ചേരിയ്ക്കുള്ള ബസ്സില്‍ കയറട്ടെ, ഇതിനു പകരം വച്ചിട്ടുണ്ട് എന്നു ഞാന്‍ സ്വയം ആശ്വസിച്ചു.
അങ്ങനെ ബാറ്റയുടെ മുന്‍പില്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചേമുക്കാല്‍. വടക്കേ സ്റ്റാന്റ് വരുന്നതിനു മുന്‍പ് ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്കുള്ള ബസ്സുകള്‍ അവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്.
'ദേ ഗുരുജീ .. മായ ... അതില് പോയാലോ...'
'ശരി വേഗം വാടാ...'
തൃശൂര്‍ റൗണ്ടിലെ ജനക്കൂട്ടം കണ്ട് പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായി ജോക്കര്‍. തിരക്കിനിടയില്‍ക്കൂടി 'മായ'യുടെ അടുത്തേയ്ക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ വടംവലി മല്‍സരത്തിലെന്നപോലെ അവന്‍ രണ്ട് കാലുംകൊണ്ട് ബ്രേക്ക് ചവിട്ടി എന്നെ പുറകോട്ട് വലിയ്ക്കുന്നു!
'അല്ല, ഇതെങ്ങടാ നായപിടുത്തക്കാര് കേറണേ... ?' ഭീമന്‍ രഘുവിനെപ്പോലെയുള്ള കിളി ഫുട്ബോര്‍ഡ് ബ്ലോക്ക് ചെയ്തു.
'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണേ' എന്ന മട്ടില്‍ അറിവില്ലാ പൈതലിനെപ്പോലെ ഞാനും നിന്നു.
'വി ആര്‍ നോട്ട് നായപിടുത്തക്കാര്‍ ... വളര്‍ത്താനുള്ളതാ... ടിക്കറ്റ് എടുക്കാഷ്ടാ...' സ്വന്തം തട്ടകത്തിലെ ബസ്സ് കണ്ടതോടെ ഗുരുജി തന്റെ സ്വതസിദ്ധമായ മംഗ്‌ളീഷില്‍ കാര്യം ഏറ്റെടുത്തു.
'വളര്‍ത്താന്‌ള്ളതാണെങ്കില്‍ ടാക്സി പിടിച്ച് കൊണ്ടു പോണം. വൈകുന്നേരത്തോരോന്നെറങ്ങിക്കോളും ... ഇതില് കേറാന്‍ പറ്റില്യാ.... അവന്റെയൊരിംഗ്‌ളീഷ്'
ബസ്സിലുള്ളവരുടെയും ബസ്സ് കാത്ത് നില്‍ക്കുന്നവരുടെയും ശ്രദ്ധ ഞങ്ങളിലേയ്ക്കായി. രാഗത്തിലെ മാറ്റിനി കഴിഞ്ഞ് വരുന്നവരുടെ തിരക്കും കൂടിയായപ്പോള്‍ കുറച്ചുദിവസ്സം മുന്‍പ് പൊതുജനമദ്ധ്യത്തില്‍ തുണിയുടുക്കാതെ നില്‍ക്കുന്നതായി സ്വപ്നം കണ്ടത് ഇതിന്റെ സൂചനയായിരുന്നു എന്നു മനസ്സിലായി.
'മായ' പോയി 'ഭാരത്' വന്നു. 'ഭാരത്' പോയി 'കരിപ്പാല്‍' വന്നു. സാധാരണ നിലയില്‍ ഞങ്ങള്‍ തിരിഞ്ഞുനോക്കാത്ത 'പാട്ട'ബസ്സുകളില്‍ പോലും പ്രവേശനം നിഷേധിച്ചതോടെ അലോഷ്യസ്സ് പോയിട്ട് ഗവണ്‍മന്റ് കോളേജില്‍ പോലും അഡ്‌മിഷന്‍ കിട്ടാതെ പാരലല്‍ കോളേജിന്റെ വരാന്തയില്‍ നില്‍ക്കുന്ന അവസ്ഥയിലായി ഞങ്ങള്‍. ഈ നിമിഷം ഭൂമി പിളര്‍ന്ന് ഈ ശുനകന്‍ താഴ്‌ന്നു പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു.
ആരംഭത്തിലുണ്ടായിരുന്ന ധൈര്യം ഇരുട്ട് വീണതോടെ ആവിയായി പോകുന്നത് ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു. എട്ടുമണി കഴിഞ്ഞാല്‍ പിന്നെ അടാട്ടേയ്ക്കും വടക്കാഞ്ചേരിയിലേയ്ക്കും ബസ്സില്ല എന്ന ഭീകര സത്യം കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലെ കാര്‍പേത്യന്‍ മലനിരകളില്‍ എത്തിപ്പെട്ട അവസ്ഥയിലേയ്ക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.
'ഡാ, നിന്റെ കൈയില്‍ എത്ര രൂപയുണ്ട്? ... ' ഗുരുജിയുടെ ബുദ്ധിയില്‍ റെസ്‌ക്യൂ പ്ലാന്‍ വര്‍ക്ക് ഔട്ട് ചെയ്തു.
അന്നത്തെ ഫാഷനായ ഫ്ലാപ് വച്ച പോക്കറ്റില്‍ ഇന്‍വെന്ററി എടുത്തപ്പോള്‍ കിട്ടിയത് ഒന്‍പത് രൂപ. ഗുരുജിയുടെ പോക്കറ്റിലെ പതിമൂന്ന് രൂപയും കൂടിയായപ്പോള്‍ പ്ലാന്‍ ഇംപ്ലിമന്റ് ചെയ്യാനുള്ള ആത്മവിശ്വാസം കൈവന്നു.
'പതിനാറു രൂപയില്‍ ഒരു പൈസ കുറയില്യാ... കിലോമീറ്റര്‍ ഇരുപതാ നെങ്ങളീപ്പറയണ സ്ഥലത്തിയ്ക്ക്...' പാട്ട ലാംബ്രട്ട ഓട്ടോ റിക്ഷക്കാരന്റെ ഡിമാന്റ്.
'പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടെടാ' എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാനും ഗുരുജിയും തല കുനിച്ച് ഓട്ടോയുടെ ഉള്ളില്‍ കയറി. ഇതിനൊക്കെ കാരണക്കാരനായ ജോക്കര്‍ തല നിവര്‍ത്തിയും.
മുക്കാല്‍ മണിക്കൂര്‍ യാത്ര കഴിഞ്ഞ് റെയില്‍വേ ലൈനിനിപ്പുറം ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ നീണ്ട ഹോഴ്‌സ് റെയ്‌സ് കഴിഞ്ഞ് താഴെയിറങ്ങിയ കുതിരക്കാരന്റെ പോലെ തണ്ടെല്ലിനു നല്ല വേദന.
ഗുരുജിയുടെ ഓണം കേറാമൂലയിലെ സകല നായ്ക്കളുടെയും ശബ്ദായമാനമായ അകമ്പടിയോടെ കൂരാക്കൂരിരുട്ടത്ത് ഒരു കിലോമീറ്റര്‍ കുന്ന് കയറി വീടെത്തിയപ്പോള്‍ സമയം ഒമ്പതര!
അതിലേതോ ഒരു ശുനകന്റെ പല്ലുടക്കി കീറിയ കൈത്തറി ഡബിള്‍ (എന്റെ ആകെപ്പാടെയുള്ള പ്രെസ്റ്റീജിയസ് ഡ്രെസ്സ്) നോക്കി നെടുവീര്‍പ്പിട്ടിരിയ്ക്കുമ്പോള്‍ ഗുരുജി ഇങ്ങനെ മൊഴിഞ്ഞു.
'പണം ഇന്നു വരും, നാളെ പോകും... മാനമാണ് വലുത്. വി ഹാവ് റ്റു കീപ് അവര്‍ ഡിഗ്‌നിറ്റി...'
ധനനഷ്ടവും സമയനഷ്ടവും മാനഹാനിയും ഒരുമിച്ചനുഭവിച്ച ഞാന്‍ ഡിഗ്‌നിറ്റി കീപ് ചെയ്യാന്‍ അടിയും മുകളും ഇന്റര്‍ചെയ്ഞ്ച് ചെയ്തുടുത്ത മുണ്ടിന്റെ മടക്കിക്കുത്ത് നാളെ തിരിച്ച് വീടെത്തുന്നത് വരെ അബദ്ധത്തില്‍ പോലും താഴ്ത്തിയിടാനിടയാകല്ലേ എന്നു പ്രാര്‍ത്ഥിച്ച് എന്റെ ഒടുക്കത്തെ ബുദ്ധിയെ പഴി ചാരി ഉറങ്ങാന്‍ കിടന്നു.
പ്ടോ..
ReplyDeleteതേങ്ങാ ഉടച്ചിരിക്കുന്നു!
നന്നായി... ആ തേങ്ങ ദാ ഇപ്പോൾ ചിരവി തോരന് ചേർത്തതേയുള്ളൂ... :)
Deleteഹാ ഹാ. തൃശ്ശൂരൊക്കെ തോരനുമുണ്ടോ???
Deleteഅഥവാ ഉപ്പേരി എന്ന് പറയും... :)
Deleteജീവിത്തിൽ നിന്നും കണ്ടെടുത്ത നർമ്മം അസ്സലായിട്ടുണ്ട് ☺️👌
ReplyDeleteവളരെ സന്തോഷം അൽമിത്ര...
Deleteകാലത്തന്നെ തൃശ്ശൂർ വിശേഷം വായിച്ചു രസിച്ചു. വായനയ്ക്കൊപ്പം മനസിൽത്തെളിഞ്ഞ കഥാപാത്രങ്ങളും, സ്ഥലങ്ങളും...
ReplyDeleteആശംസകൾ
പരിചിതമായ സ്ഥലങ്ങൾ അല്ലേ തങ്കപ്പേട്ടാ...?
Deleteമണ്ണിട്ട റോഡും, വൈക്കോൽ ഉണക്കാനിടുന്ന പെണ്ണുങ്ങളും... ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ ഭംഗികൾ 💓
ReplyDeleteഅതൊക്കെ ഒരു കാലം... മണിക്കൂറിൽ ഓരോ ബസ്സ് മാത്രമുണ്ടായിരുന്ന ഞങ്ങളുടെ അടാട്ട് ഇന്ന് പത്ത് മിനിറ്റ് ഇടവിട്ട് ബസ്സുണ്ട്... വൈക്കോൽ പാടത്ത് നിന്നു തന്നെ കെട്ടുകളായി ലോറിയിൽ മറുനാടുകളിലേക്ക് കയറിപ്പോകുന്നു...
DeleteThis comment has been removed by the author.
ReplyDeleteവിനുവേട്ടാ....
ReplyDeleteഒരു പട്ടിയേയും കൊണ്ട് വടക്കാഞ്ചേരി പോയി വന്ന ഫീൽ ആയിരുന്നു ഈ പോസ്റ്റ് വായിച്ചപ്പോൾ. നല്ല ഇഷ്ടായി...
ആശംസകൾ
വളരെ സന്തോഷം ആദീ...
Deleteആദി ഡബിളാ . ഡബിൾ..
Deleteആദി കുമ്പിടിയാ... കുമ്പിടി...
Deleteജോക്കറിനെയും െകെണ്ടാണ് പോയെതെങ്കിലും യഥാർത്ഥത്തിൽ ജാക്കറായതു ഗുരുജിയാണ്. കഥ ഇഷ്ടായി.
ReplyDeleteസത്യം... ആ ഗുരുജി ഇപ്പോൾ അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുന്നു... :)
Deleteബാറ്റെടവടെ തിക്കിലും തെരക്കിലും മൊട വർത്താനായിട്ട് നിന്ന ആ സീന്ണ്ടല്ലാ.. അയ്ന്ണ് കാശ്. !!
ReplyDeleteസത്യമായിട്ടും അന്ന് കരച്ചിൽ വന്നു പോയിരുന്നു സമാന്തരൻ മാഷേ...
Deleteഒടുക്കം വരെ ആസ്വദിച്ചു വായിച്ചു ട്ടാ വിനുവേട്ടാ.പക്ഷെ ജോക്കർ എന്ന പേര് അവനിട്ടത് പൊറുക്കില്ല.അലസേഷ്യനായ പട്ടിക്ക് പേര് റാണി.നമ്മടെ തൃശൂര് കാരൻ നായക്ക് പേര് ജോകർ..ചതിയാ ട്ടാ വിനുവേട്ടാ
ReplyDeleteശരിയാണ്... റാണിയുടെയും ജോക്കറിന്റെയും ആത്മാക്കൾ പൊറുക്കട്ടെ... :)
Deleteമാനമാണ് വലുത്
ReplyDeleteഅതും പോയി
എന്തു ചെയ്യാം ബിപിൻജീ...
Deleteനായെടേം പട്ടീടെയും കഥ പറഞ്ഞു മയക്കി.. വിനുവേട്ടൻ കലക്കി
ReplyDeleteസന്തോഷം വക്കീലേ...
Deleteഎന്റെയോർമയിൽ തൃശ്ശൂരിൽ നിന്ന് വടക്കാഞ്ചേരി വഴി പട്ടാമ്പിക്കും തിരിച്ചും പോയിരുന്ന ഒരു മായ ബസ് ഉണ്ട്. ഇപ്പോഴും ബസ് ഉണ്ട് പേര് മാത്രം മാറി . പിന്നെ കരിപ്പാൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കാണുമായിരുന്ന ബസ് ആണ് ... ആ പേരൊക്കെ കണ്ടപ്പോൾ സന്തോഷം...
ReplyDeleteഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്ന അവസ്ഥ ജോറായി എഴുതി വിനുവേട്ടാ...
തൃശൂര് നിന്ന് വടക്കാഞ്ചേരി ചേലക്കര പഴയന്നൂർ തിരിവില്വാമല ഒക്കെ ആയിരുന്നു "മായ" യുടെ കുത്തക റൂട്ടുകൾ... പറഞ്ഞ പോലെ ആ ബസ്സുകളൊന്നും ഇപ്പോൾ കാണാനേയില്ല...
Deleteഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ദിവ്യാ...
വിനുവേട്ടാ... നല്ല ഇഷ്ടമായി. എന്നാലും ഒരു പട്ടിയേം കൊണ്ട് ബസിൽ കേറി പോകാനുള്ള ആ ധൈര്യം ഉണ്ടല്ലോ. സമ്മതിച്ചിരിക്കുന്നു..
ReplyDeleteആവശ്യത്തിന് വാരിവിതറിയിരിക്കുന്ന നർമ്മം ഭയങ്കരമായി ഇഷ്ടമായി.
പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലമല്ലേ...ചോര തിളയ്ക്കുന്ന കാലം... അതൊക്കെ ഒരു കാലം...
Deleteസന്തോഷമായീട്ടോ സുധീ...
ഇതുപോലെ വിശാലമനസ്കൻ സൈക്കിളിൽ എന്തോ കൊണ്ടുവരാൻ പോയ ഒരു കഥ ഉണ്ടായിരുന്നു..
ReplyDeleteഅതേതാ...? ഓർമ്മ വരുന്നില്ലല്ലോ...
Deleteഗുരുജീയെ പോലെ എനിക്കും ഉണ്ടായിരുന്നു, എല്ലാ ഉഡായിപ്പും പഠിപ്പിച്ചു തന്ന ഒരു ഒരു കസിൻ ജി ! :) എങ്കിലും എന്റെ വിനുവേട്ടൻ-ജീ… ഈ തൃശൂർ യാത്ര വിശേഷം അടിച്ചു പൊളിച്ചു തകർത്തു …..
ReplyDeleteഅമ്പടാ... എന്നാൽ പിന്നെ ആ കഥകളും പോന്നോട്ടെ... ഒരു താരതമ്യ പഠനവും ആകാം... :)
Deleteവളരെ സന്തോഷം ഷഹീം അഭിപ്രായം രേഖപ്പെടുത്തിയതിന്...
അറിയാവുന്ന സ്ഥലങ്ങൾ കൂടിആയതുകൊണ്ട് ആ രംഗങ്ങൾ ഭാവനയിൽ കണ്ട് ഒരുപാട് ചിരിച്ചു.
ReplyDeleteഇങ്ങനെ ബുദ്ധിപരമായ നീക്കങ്ങൾ ഇപ്പോഴും നടത്താറുണ്ടോ വിനുവേട്ടാ?
രസിച്ചു എന്നറിഞ്ഞതിൽ സന്തോഷം മഹേഷ്...
Deleteബുദ്ധിപരമായ നീക്കങ്ങൾ... ഹഹഹ...
പട്ടിയുടെ സോറി നായയുടെ കയറ്റുമതി കഥ ഇഷ്ടായി.
ReplyDeleteസന്തോഷം മാഷേ...
Deleteവേലായുധേട്ടന്റെ നാവ് പൊന്നായി എന്ന് മാത്രമേ പറയാനുള്ളൂ. ഗുരുജിക്ക് ആ പേര് ചാർത്തിക്കൊടുത്തതിനിരിക്കട്ടെ ഒരു കുതിരപ്പവൻ!
ReplyDeleteപാവം വേലായുധേട്ടൻ... ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് വർഷങ്ങളാകുന്നു...
Deleteചുറ്റളവിലുള്ള കുരുത്തംകെട്ട
ReplyDeleteനായക്കുട്ടന്മാരെല്ലാം സെന്റ് മേരീസിലെ
പിള്ളേരെ ലൈനടിയ്ക്കാന്‍ വരുന്ന സെന്റ്
തോമാസ് ചുള്ളന്മാരെപ്പോലെ എന്നുള്ളത് എനിക്കൊക്കെ
തന്ന ഒരു മുട്ടൻ പണിയാണെന്നറിയാം...
എന്നാലും ഈ ശുനക പുരാണത്തിലൂടെ
അന്നത്തെ തൃശൂർ ടൗണിലെയും മറ്റും റോഡ്
ട്രാസ്പോർട്ട് കാഴ്ച്ചവട്ടങ്ങൾ അതിസുന്ദരമായി
വാക്കുകൾ കൊണ്ട് വരച്ചിട്ട് ഗുരുജിയും ശിഷ്യനും
കൂടി വല്ലാതെ ചിരിപ്പിച്ചു കൊണ്ട് തന്നെ പല ഗൃഹാതുരതകളും
ഓർമ്മിപ്പിച്ചു കേട്ടോ വിനുവേട്ടാ
മുരളിഭായിക്ക് മുട്ടൻ പണി തരാൻ ഞാനൊക്കെ എന്ത്...? :)
Deleteക്യാമ്പസ് കാലഘട്ടം ആസ്വദിക്കാനായി എന്നറിഞ്ഞതിൽ സന്തോഷം മുരളിഭായ്...
പട്ടി പണി പറ്റിച്ചു അല്ലേ.. രസിച്ചു വായിച്ചു.. ഇഷ്ടം വിനുവേട്ടാ...
ReplyDeleteസന്തോഷം പുനലൂരാനേ...
Deleteകലക്കി . നല്ല രസമുണ്ട് ശുനക കഥ വായിച്ചിരിക്കാൻ.. ഇനിയും ഇതുവഴി വരാം .. നല്ല കഥകൾ തേടി.. ഗുരുജിയുടെ കഥകൾ ഉണ്ടെങ്കി പറയണേ..
ReplyDeleteസന്തോഷായിട്ടാ...
Deleteപിന്നേയ്, ഗുരുജി കുറേക്കാലം കഴിഞ്ഞ് അമേരിക്കയിലെത്തി... ഇനിയിപ്പോ എങ്ങനെ കിട്ടാൻ മൂപ്പരുടെ കഥകൾ...