Tuesday, November 20, 2018

മദിരാശീയം - 8

ചീട്ടുകളി സംഘം തിരിച്ച് പോയതിന് ശേഷം കുറേ നാളത്തേക്ക് എല്ലാവർക്കും ഓർത്തോർത്ത് ചിരിക്കുവാൻ വേറൊന്നും വേണ്ടി വന്നില്ല.

അങ്ങനെയിരിക്കെ ഒരു നാൾ വൈകുന്നേരം പട്ടത്തിയുടെ മകൻ സുരേഷ് ഒരു വെഡ്ഡിങ്ങ് ഇൻവിറ്റേഷൻ കാർഡുമായി മുകളിലെത്തി.

"അടുത്ത വാരം അക്കാവോട തിരുമണം... മാമ്പലത്ത് ആഡിറ്റോറിയത്തിൽ ആക്കും... നീങ്ക എല്ലോരും വന്തേ ആകണം..." അവൻ ഔപചാരികമായി ഞങ്ങളെ ക്ഷണിച്ചു.

വിവാഹത്തിന്റെ തലേന്ന് മുതൽ തന്നെ സദ്യയുടെ ഏർപ്പാടിനും മറ്റുമായി സഹോദരന്മാർ എന്ന നിലയിൽ സകല പിന്തുണയുമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ട് ഞങ്ങൾ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. അക്കാവെ മാപ്പിളൈയുടെ കൈയിൽ പിടിച്ചേൽപ്പിക്കുന്നത് വരെയുള്ള ഉത്തരവാദിത്വങ്ങൾ എല്ലാം തന്നെ തമ്പിമാർ എന്ന നിലയിൽ ഞങ്ങൾ ഭംഗിയായി നിർവ്വഹിച്ചു.

പട്ടത്തിയുടെ വീട്ടിൽ താമസം തുടങ്ങിയിട്ട് നാലോ അഞ്ചോ മാസങ്ങൾ കടന്ന് പോയിരിക്കുന്നു. കാര്യമായ വ്യവസ്ഥാ ലംഘനങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് പറയാം. നോൺ വെജിറ്റേറിയൻ ഭക്ഷണം പാചകം ചെയ്യണമെന്ന ആഗ്രഹം കലശലായി തോന്നാറുണ്ടെങ്കിലും ഉള്ള കഞ്ഞിയിൽ പാറ്റ ഇടണ്ടല്ലോ എന്ന ചിന്തയിൽ ഞങ്ങൾ ആ ആഗ്രഹങ്ങളെ നിഷ്കരുണം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

അങ്ങനെയൊരു നാൾ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ പ്രേമാനന്ദ് പറഞ്ഞു. "മച്ചാ... അടുത്ത വാരം എന്നോട അപ്പാവും അമ്മാവും തമ്പിയും വരപ്പോറാങ്ക... രണ്ട് നാൾ തങ്കപ്പോറാങ്ക... അന്ത രണ്ട് നാൾ അമ്മാവോട സമയൽ... രുസിയാ സാപ്പിടലാം..."

പറഞ്ഞത് പോലെ തന്നെ അടുത്തയാഴ്ച അവന്റെ മാതാപിതാക്കളും അനുജനും വെല്ലൂരിൽ നിന്നും എത്തി. തമിഴ് ശൈലിയിൽ ആണെങ്കിലും വിഭവ സമൃദ്ധമായിരുന്നു ആ രണ്ട് നാളുകൾ. സ്വന്തം മക്കൾക്കെന്ന പോലെ ഞങ്ങൾക്കെല്ലാവർക്കും ആ അമ്മ ഭക്ഷണം വിളമ്പി. നോൺ വെജ് പാചകം ചെയ്യുന്നതിനുള്ള നിരോധനത്തെക്കുറിച്ച് അവർ സങ്കടപ്പെടുകയും ചെയ്തു.

മാതാപിതാക്കൾ പോയി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പ്രേമാനന്ദ് ആ പ്രഖ്യാപനം നടത്തിയത്. അവനും ജയരാജും താമസം മാറാൻ പോകുന്നു...! വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചുകൊണ്ട് തങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ ബുദ്ധിമുട്ടാണ് എന്നതായിരുന്നു മുഖ്യ കാരണം.

അങ്ങനെ ഞങ്ങളുടെ ആറംഗ സംഘത്തിൽ നിന്നും വിട പറഞ്ഞു പോയ പ്രേമാനന്ദിനെയും ജയരാജിനെയും പിന്നെ കാണുന്നത് കോളെജിൽ വച്ച് വല്ലപ്പോഴും മാത്രമായി. പിന്നെ പതിയെ പതിയെ അതും ഇല്ലാതെയായി.

(കാലങ്ങൾക്കിപ്പുറം, അന്നത്തെ ആറംഗ സംഘത്തിലെ ഓരോരുത്തരെയായി തേടിപ്പിടിച്ച് കണ്ടെത്തുന്ന ശ്രമത്തിനിടയിലായിരുന്നു ആ നടുക്കുന്ന വാർത്ത ഞങ്ങൾ അറിഞ്ഞത്... രണ്ട് വർഷം മുമ്പ് ഒരു ഹൃദയാഘാതത്തെ തുടർന്ന് പ്രേമാനന്ദ്  ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞിരുന്നു എന്ന്...! അതൊരു വിങ്ങലായി ഇന്നും അവശേഷിക്കുന്നു.)

അംഗസംഖ്യ കുറഞ്ഞതോടെ വാടകവിഹിതം ഏറിയത് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് പുതിയ രണ്ട് അംഗങ്ങൾക്കായുള്ള അന്വേഷണം ഞങ്ങൾ തുടങ്ങിയത്.

പുതിയ ഒരു അംഗത്തിന്റെ വിവരവുമായി ആദ്യം എത്തിയത് അനിൽ ആയിരുന്നു. കോളെജിൽ ഓട്ടോമൊബൈൽ ഡിപ്ലോമയുടെ ജൂനിയർ  ബാച്ചിൽ വന്ന് ചേർന്ന മറ്റൊരു കോഴിക്കോട്കാരൻ... അവന്റെ പേരും അനിൽ എന്ന് തന്നെ...! അങ്ങനെ കൺഫ്യൂഷൻ ഒഴിവാക്കാൻ പഴയ അനിലിനെ വലിയ അനി എന്നും പുതിയ അനിലിനെ ചെറിയ അനി എന്നും ഞങ്ങൾ പുനഃർനാമകരണം ചെയ്തു.

ഏതാനും ദിനങ്ങൾക്ക് ശേഷം ആറാമനായി ഒരാൾ കൂടി എത്തി. കോട്ടയം കറുകച്ചാൽ സ്വദേശി ജോജി... എന്നെയും ഷിബുവിനെയും പോലെ AMIE എന്ന മഹാമേരു കീഴടക്കാൻ എത്തിയവനായിരുന്നു ജോജിയും.

പട്ടത്തിയുടെ കണ്ടീഷനുകൾ എല്ലാം വ്യക്തമായി പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവരുടെയും റിക്രൂട്ട്മെന്റ്.

ഒരു ഭാഗത്ത് അനിയും അനിയും കൂടി  കോഴിക്കോടൻ നർമ്മങ്ങളുടെ കെട്ടുകൾ അഴിച്ച് ഞങ്ങൾക്ക് മുന്നിൽ നിരത്തിയിടുമ്പോൾ മറുഭാഗത്ത് ഷിബുവും ജോജിയും കൂടി മദ്ധ്യ തിരുവിതാംകൂർ ജാടകൾ വിളമ്പി. ഇതെല്ലാം ഏറ്റുവാങ്ങാനായി എന്റെയും മനോജിന്റെയും ജീവിതം പിന്നെയും ബാക്കി...

ഒരേ തരംഗദൈർഘ്യത്തിൽ ആറ് പേരും അങ്ങനെ പൊയ്ക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി ഒരു നാൾ ആ സംഭവം നടക്കുന്നത്. ഞങ്ങളിൽ ഒരുവന്റെ ജീവന് തന്നെ ഭീഷണി ആയി മാറിയ ആ സംഭവം...

(തുടരും)