Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, February 3, 2026

കലാലയ മുറ്റത്ത് ഒരിക്കൽക്കൂടി...

ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന നേരം. അല്ലെങ്കിലും കുറേ നാളായി വിശ്രമം കഴിഞ്ഞിട്ട് ഒന്നിനും നേരമില്ല എന്ന് പറയുന്നതായിരിക്കും ശരി. വാട്സാപ്പ് മെസേജുകൾ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ പേര് കണ്ടത്. ശ്രീ. പോൾ പഴയാറ്റിൽ സർ.


മനസ്സിൽ തോന്നിയ സന്തോഷത്തിന് അതിരില്ല. ആരാണ് ഈ പറയുന്ന പോൾ പഴയാറ്റിൽ സർ എന്നല്ലേ? അമേരിക്കയിലാണ് അദ്ദേഹം. സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് ലെക്ച്ചറർ ആയിരുന്നു. ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങ് എന്ന നോവൽ ഞങ്ങളെ പഠിപ്പിച്ച അദ്ധ്യാപകൻ.

 

1979-1984 കാലഘട്ടത്തിൽ സെന്റ്‌ തോമസ്സില്‍ പഠിച്ചിരുന്ന കാലത്ത്‌ ശ്രീ. പോള്‍ പഴയാറ്റില്‍ മാഷ്‌ടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ക്കായി കാത്തിരുന്നത്‌ പെട്ടെന്ന് ഓര്‍മ്മയിലെത്തി. ഒരു മലയാളം മീഡിയം വിദ്യാലയത്തില്‍ നിന്നും കോളേജില്‍ എത്തിയ എനിക്ക്‌, അന്ന് ഇംഗ്ലീഷ്‌ അനായാസം വഴങ്ങുന്ന ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ, ഞങ്ങളേക്കാള്‍ ഏഴോ എട്ടോ വയസ്സ് മാത്രം കൂടുതലുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ എനിക്ക്‌ വളരെ ആകര്‍ഷകമായി തോന്നി. വരികള്‍ക്കിടയില്‍ കഥാകൃത്ത്‌ പറയാതെ പറഞ്ഞു പോയ പല സന്ദേശങ്ങളും അദ്ദേഹം വിവരിക്കുമായിരുന്നു. ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മകള്‍ സ്റ്റോം വാണിങ്ങ് എന്ന നോവലിന്റെ വിവര്‍ത്തനത്തില്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്‌ എന്ന് പറയാതിരിക്കാനാവില്ല.

പോള്‍ ഗെറിക്കിന്റെ വീരഗാഥകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവേശം കാണേണ്ടത്‌ തന്നെയായിരുന്നു. അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞു... 'ഗെറിക്കിന്‌ എങ്ങനെ സ്മാര്‍ട്ട്‌ ആകാതിരിക്കാന്‍ കഴിയും... because... he is also Paul... just like me...'

പ്രത്യക്ഷ പ്രണയജോഡികളായ റിക്ടറും ലോട്ടെയും... പിന്നെ ജാഗോയും ജാനറ്റും... ഇവരെക്കൂടാതെ അദൃശ്യമായി തഴുകിപ്പോകുന്ന മറ്റ്‌ മൂന്ന് പ്രണയങ്ങള്‍... ഗെറിക്കും ജാനറ്റും... അഡ്‌മിറല്‍ റീവും ജീന്‍ സിന്‍ക്ലെയറും... സിസ്റ്റര്‍ ആഞ്ചലയുടെ മുന്നില്‍ നിസ്സഹായനാകുന്ന ബെര്‍ഗറുടെ മാനസികാവസ്ഥ, മദ്ധ്യവയസ്സ്‌ പിന്നിട്ട പ്രണയത്തിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ വായിച്ച ഭാഗങ്ങളിലേക്ക്‌ പലവട്ടം തിരിച്ചു പോകാതിരിക്കാന്‍ കഴിഞ്ഞില്ല. വരികള്‍ക്കിടയില്‍ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഒളിപ്പിച്ചുവച്ച പല മൗനങ്ങളും അങ്ങനെയാണ്‌ ഞാന്‍ കണ്ടെത്തിയത്‌.

 

ആകാംക്ഷയോടെ വാട്സാപ്പ് മെസേജ് തുറന്നു.

 

“Hello Rejiram, how are you? We are in Kerala for a short visit. If you are free, we would love to catch up with you sometime...!”

 

“Sure  Tentatively when sir?” ഉടൻ തന്നെ ഞാൻ മറുപടി കൊടുത്തു. ഏറ്റവുമൊടുവിൽ മാഷെ കണ്ടത് ഏതാണ്ട് അഞ്ച് വർഷം മുമ്പാണ്.

 

“The English Department at St. Thomas College has asked me to give a talk to the PG students. Most probably it will be in the last week of January Could we meet in Trichur?”

 

“Sure, sir I would be more than happy

 

പിന്നാലെ അദ്ദേഹത്തിന്റെ കോൾ എത്തി. “ഹലോ രജിറാം അപ്പോൾ നമ്മൾ സെന്റ് തോമസ് കോളേജിൽ വച്ച് മീറ്റ് ചെയ്യുന്നു

 

“നോ പ്രോബ്ലം സർ, പക്ഷേ, അവിടെ എന്റെ റോൾ എന്താണ്?”

 

“യൂ ജസ്റ്റ് കം Literary Minds in Historic Worlds എന്നതാണ് സബ്ജക്റ്റ്  യൂ വേർ എ സയൻസ് സ്റ്റൂഡന്റ്, ഈസ്ന്റ്? ബട്ട് യൂ സെഡ്, യൂ വേർ വെരി മച്ച് ഇന്ററസ്റ്റഡ് ഇൻ ലിറ്ററേച്ചർ ആൻഡ് യൂ ഗോട്ട് എ സ്പാർക്ക് ഫ്രം മീ, ട്രാൻസ്ലേറ്റഡ് മെനി നോവൽസ് റ്റു മലയാളം വീ വിൽ ഹാവ് എ കാഷ്വൽ ടോക്ക് വിത്ത് ദെം ഐ വിൽ ലെറ്റ് യൂ നോ ദി എക്സാക്റ്റ് ഡേറ്റ് ലേറ്റർ

 

“ഓകെ സർ

 

അങ്ങനെയാണ് കഴിഞ്ഞ ബുധനാഴ്ച്ച, ജനുവരി ഇരുപത്തിയെട്ടാം തീയ്യതി രാവിലെ ഒമ്പതേകാലോടെ വീണ്ടും ഞാൻ സെന്റ് തോമസ് കോളേജിൽ എത്തുന്നത്. ആർട്സ് ബ്ലോക്കിൽ കാർ പാർക്ക് ചെയ്തിട്ട് എങ്ങോട്ട് പോകണം എന്നറിയാതെ സെക്യൂരിറ്റി ചേട്ടനോട് കാര്യങ്ങൾ പറഞ്ഞ് നിൽക്കുമ്പോഴാണ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ അദ്ധ്യാപകൻ ഡോ. വിജു എം.ജെ വന്ന് എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പോൾ പഴയാറ്റിൽ സാറും സഹധർമ്മിണിയും നേരത്തേ തന്നെ എത്തിയിരുന്നു. കൂടെയുള്ള മറ്റു രണ്ടു പേരെ അദ്ദേഹം പരിചയപ്പെടുത്തി. “ഇത് എന്റെ ബ്രദറും വൈഫും” പഴയാറ്റിൽ സർ എല്ലാവരുടെയും മുന്നിൽ എന്നെയും പരിചയപ്പെടുത്തി.



ഒമ്പതര കഴിഞ്ഞതോടെ വിജു സാറിന്റെ നേതൃത്വത്തിൽ എല്ലാവരും കൂടി സയൻസ് ബ്ലോക്കിലുള്ള ‘കവിപ്രതിഭ’ ഹാളിലേക്ക്. സയൻസ് ബ്ലോക്ക് ആകെപ്പാടെ മാറിയിരിക്കുന്നു. പണ്ട് ഉണ്ടായിരുന്ന ആ ‘ഐലന്റ് ബിൽഡിങ്ങ്’ ഇപ്പോൾ ഇല്ല. പകരം ആധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ഒരു ബഹുനില കെട്ടിടം. ലിഫ്റ്റിൽ കയറി മുകളിൽ ചെന്നിറങ്ങിയത് കവിപ്രതിഭ ഹാളിന് മുന്നിൽ. ഡോ. അനു പോൾ (HOD), ഡോ. കെ.പി നന്ദകുമാർ,  ഡോ.അനിൽ ജോർജ്ജ് കെ., ഡോ. ബിജു എം.എ, ഡോ. വിജു എം.ജെ തുടങ്ങിയവർ ചേർന്ന് ഞങ്ങളെ ഹാളിലേക്ക് ആനയിച്ചു. സദസ്യരായി ഏതാണ്ട് നൂറിനടുത്ത് വിദ്യാർത്ഥികൾ.


 

ഡോ. അനു പോളിന്റെ സ്വാഗത പ്രസംഗവും വൈസ് പ്രിൻസിപ്പാൾ അച്ചന്റെ അദ്ധ്യക്ഷ പ്രസംഗവും ഡോ. കെ.പി നന്ദകുമാറിന്റെ ആശംസാ പ്രസംഗവും കഴിഞ്ഞ് പോൾ പഴയാറ്റിൽ സർ തന്റെ പ്രഭാഷണത്തിനായി എഴുന്നേറ്റു. തന്നോടൊപ്പം വന്നിരിക്കുന്നവരെ സദസ്സിന് പരിചയപ്പെടുത്തിയ കൂട്ടത്തിൽ എനിക്കും സ്ഥാനം ലഭിച്ചത് സന്തോഷം പകർന്നെങ്കിലും പിന്നീടാണ് എന്റെ കിളി പോയത്. “ഹീ ഈസ് എ ഫോർമർ സ്റ്റുഡന്റ് ഓഫ് മൈൻ ട്രാൻസ്ലേറ്റഡ് മെനി ഇംഗ്ലീഷ് നോവൽസ് റ്റു മലയാളം ആൻഡ് ഹീ ഈസ് ഹിയർ ഫോർ സംതിങ്ങ്, ഹീ വിൽ റ്റെൽ യൂ മോർ ലേറ്റർ

 

ജസ്റ്റ് ഫോർ എ കാഷ്വൽ ടോക്ക് എന്നൊക്കെ പറഞ്ഞിട്ട് ഇതിപ്പോൾ പണിയായല്ലോ ഇത്രയും വലിയ ഒരു സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുക എന്നൊക്കെ പറഞ്ഞാൽ അതും ജീവിതത്തിൽ ആദ്യമായി!

 

അമേരിക്കൻ യൂണിവേഴ്സിറ്റി അനുഭവങ്ങൾ സരസമായി വിവരിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം ബ്രിട്ടീഷ് ഇംഗ്ലീഷ് പിന്തുടരുന്ന നമ്മുടെ രീതിയെ പ്രത്യേകം ശ്ലാഘിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ നേരിടുന്ന വിവേചനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കാതിരുന്നില്ല. ചരിത്രവും സാഹിത്യവും എങ്ങനെ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.   താൻ എഴുതിയ നാല് പുസ്തകങ്ങളെ പരിചയപ്പെടുത്തിയ അദ്ദേഹം ഒരാൾ എങ്ങനെ സാഹിത്യ രംഗത്തേക്ക് എത്തിപ്പെടുന്നു എന്നതിനെക്കുറിച്ചും വാചാലമായി. “ആൻ ആക്സിഡെന്റൽ സ്പാർക്ക് ഹൗ ഇറ്റ് ടേൺസ് എ പേഴ്സൺ ഇൻ റ്റു എ റൈറ്റർ ലെറ്റ് മീ ഗീവ് ദി മൈക്ക് റ്റു രജിറാം ഹീ വിൽ എക്സ്പ്ലെയ്ൻ

 

സത്യം പറഞ്ഞാൽ പ്രാഞ്ചിയേട്ടന്റെ അവസ്ഥയിലായിരുന്നു ഞാൻ. എങ്കിലും ധൈര്യം സംഭരിച്ച് എഴുന്നേറ്റു. Literary Minds in Historical Worlds ആണല്ലോ വിഷയം. ജാക്ക് ഹിഗ്ഗിൻസും സെക്കൻഡ് വേൾഡ് വാറും ഉണ്ടല്ലോ കൈയിൽ.

 

“ഗുഡ് മോണിങ്ങ് റ്റു ഓൾ അയാം നോട്ട് ആൻ എലക്യൂഷനിസ്റ്റ് ഓർ ആൻ എക്സ്പെർട്ട് ഇൻ പബ്ലിക്ക് സ്പീച്ച് ഡൂ യൂ മൈൻഡ് ഇഫ് ഐ ടോക്ക് റ്റു യൂ ഇൻ മലയാളം?”

 

കുട്ടികളും അദ്ധ്യാപകരും എന്തായാലും എന്റെ പ്രതീക്ഷ തെറ്റിച്ചില്ല. പൂർണ്ണസമ്മതം

 

സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഞാൻ ആരംഭിച്ചു. 1979 മുതൽ 1984 വരെ ഇതേ കോളേജിൽ പഠിച്ചിരുന്ന കാര്യവും മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് എത്തിയ ഞാൻ നേരിട്ട ബുദ്ധിമുട്ടുകളും എല്ലാം വിവരിച്ചിട്ട് നേരെ നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങിലേക്ക് കടന്നു.

 

രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയുടെയും ബ്രിട്ടന്റെയും നാവികസേനകൾ വിഹരിക്കുന്ന അറ്റ്‌ലാന്റിക്ക് മഹാസമുദ്രത്തിലൂടെ ഒരു പായ്ക്കപ്പലിൽ സ്വന്തം നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്ന ഒരു സംഘം ജർമ്മൻ കന്യാസ്ത്രീകളുടെ കഥ ഏതാണ്ട് അയ്യായിരത്തോളം മൈൽ ദൂരമുള്ള ആ യാത്രയിൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഒടുവിൽ കൊടുങ്കാറ്റിൽ പെട്ട് സ്കോട്‌ലണ്ടിന് പടിഞ്ഞാറ് ഔട്ടർ ഹെബ്രിഡ്സിൽ മുങ്ങുന്ന ഡോയ്ഷ്‌ലാന്റ് എന്ന ആ പായ്ക്കപ്പലിന്റെ അന്ത്യയാത്ര അത് സകല വികാര തീവ്രതയോടും കൂടി ഞങ്ങളുടെ മനസ്സിലേക്ക് പകർന്നു തന്ന പോൾ പഴയാറ്റിൽ സാറിന്റെ അദ്ധ്യാപന ചാരുത ആ ഒരു സ്പാർക്ക് അതൊന്നു മാത്രമാണ് സ്റ്റോം വാണിങ്ങ് മലയാളത്തിലേക്ക് മൊഴി മാറ്റുവാൻ എനിക്ക് ഊർജ്ജം തന്നത് ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴേക്കും സ്റ്റോം വാണിങ്ങ് പൂർണ്ണമായും ഞാൻ വിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു.

 

പിന്നീട് ഉദ്യോഗാർത്ഥം ബോംബെയിലും, തുടർന്ന് 1989 ൽ സൗദി അറേബ്യയിലും എത്തിയതും കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയി ജോലി ആരംഭിച്ചതും നാല് വർഷങ്ങൾക്കുള്ളിൽ ആ മൾട്ടിനാഷണൽ കമ്പനിയുടെ പ്രൊഡക്ഷൻ പ്ലാനർ ആയി സ്ഥാനക്കയറ്റം ലഭിച്ചതും എല്ലാം വിവരിച്ചു. 2007 ൽ ബ്ലോഗുകൾ പ്രചാരത്തിലായതോടെയാണ് പഴയ സ്റ്റോം വാണിങ്ങ് പരിഭാഷ പൊടി തട്ടിയെടുത്ത് ഞാൻ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്. അതിന് മികച്ച സ്വീകാര്യത ലഭിച്ചതും തുടർന്ന് വായനക്കാരുടെ നിർബ്ബന്ധത്തിന് വഴങ്ങി, ഒന്നിന് പിറകെ ഒന്നായി ജാക്ക് ഹിഗ്ഗിൻസിന്റെ വേറെ എട്ട് നോവലുകൾ കൂടി പരിഭാഷ ചെയ്ത് ബ്ലോഗിൽ പ്രസിദ്ധീകരിച്ചതും വിവരിച്ചപ്പോൾ സദസ്സ് കരഘോഷം മുഴക്കി. മൈക്ക് വീണ്ടും പഴയാറ്റിൽ സാറിന് കൈമാറി കസേരയിൽ ഇരുന്നതോടെ ഇത് സംഭവം വിചാരിച്ചത് പോലെ ഭയപ്പെടാനൊന്നുമില്ലല്ലോ എന്നൊരു ആത്മവിശ്വാസം കൈവന്നിരുന്നു.


പരിപാടി കഴിഞ്ഞ് സെന്റ് തോമസ് കോളേജിലെ നവീകരിച്ച ലൈബ്രറിയും റിസർച്ച് ഹാളും ഒക്കെ സന്ദർശിച്ച് ഞങ്ങൾ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ എത്തി. എന്റെ ആ പഴയ മേശയും കസേരയും എവിടെ എന്ന് അന്വേഷിച്ചു നടന്ന പോൾ സാർ ഇപ്പോഴത്തെ HOD അനു മാഡത്തിനെയും മറ്റ് അദ്ധ്യാപകരെയും ചിരിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ. അപ്പോഴേക്കും ക്യാന്റീനിൽ നിന്നും ചായയും ചൂടു പഴംപൊരിയും എത്തി. പഴയകാല ഓർമ്മകൾ അയവിറക്കാൻ പോൾ സാറിനോടും കെ.പി. നന്ദകുമാർ സാറിനോടും ഒപ്പം ഞാനും ചേർന്നു. കൂട്ടത്തിൽ ഒന്നോ രണ്ടോ PG വിദ്യാർത്ഥികളാണെന്ന് തോന്നുന്നു, എന്റെ വിവർത്തന നോവലുകളുടെ ബ്ലോഗ് ലിങ്ക്സ് ആവശ്യപ്പെട്ട് വരികയും സന്തോഷപൂർവ്വം അവ നൽകുകയും ചെയ്തു.



 

എന്തുകൊണ്ടും സന്തോഷവും അഭിമാനവും പകർന്ന ഒരു ഒത്തു ചേരലായിരുന്നു അത്. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ച പ്രീയപ്പെട്ട പോൾ പഴയാറ്റിൽ സാറിന് നന്ദി ഒപ്പം ഹൃദയപൂർവ്വം ഞങ്ങൾക്ക് ആതിഥ്യമരുളിയ സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിനും HOD ഡോ. അനു പോൾ മാഡം, ഡോ. കെ.പി. നന്ദകുമാർ സർ, ഡോ. അനിൽ ജോർജ് സർ, ഡോ. വിജു എം.ജെ സർ, ഡോ. ബിജു എം.എ സർ എന്നിവർക്കും, ഇനി ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അവർക്കും നന്ദി, സ്നേഹം


Saturday, February 19, 2022

ഒരു അഡാർ അരങ്ങേറ്റം അഥവാ കാളിദാസ വിഷാദയോഗം


"ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു
വേതാളഭട്ട ഘടകര്‍പ്പര കാളിദാസാഃ
ധ്യേയോ വരാഹമിഹിരോ നൃപതേസ്സഭായാം 
രത്നാനി വൈ വരരുചിര്‍ നവവിക്രമസ്യ"


ഗൂഗിളിൽ വേറൊരു കാര്യത്തിന് തിരഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടതാണ് വിക്രമാദിത്യ സഭയിലെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന പണ്ഡിതരെക്കുറിച്ചുള്ള ഈ ശ്ലോകം.


ഓർമ്മകൾ കുറെയേറെ പിറകോട്ട് സഞ്ചരിച്ചു. 1976-77 കാലഘട്ടം. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ് ഞാനന്ന്. ഞങ്ങളുടെ പ്രീയപ്പെട്ട മലയാളാദ്ധ്യാപകൻ ഗോപകുമാരൻ മാഷ്ടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ രൂപീകൃതമായ പ്രഥമ സ്കൗട്ട് ട്രൂപ്പിലെ ഒരംഗമാണ് ഞാനും.


ഉപജില്ലാ തലത്തിലുള്ള സ്കൗട്ട് പരിശീലന-മത്സര ക്യാമ്പിന് സമാപനമാകുന്നത് തൃശ്ശൂർ റീജണൽ തീയേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന സ്കൗട്ട് ട്രൂപ്പുകൾ തമ്മിലുള്ള കലാ മത്സരങ്ങളോടെയാണ്. ടൗണിലെ മോഡൽ ബോയ്സ്, സി.എം.എസ്‌, അരണാട്ടുകര തരകൻസ്, കണിമംഗലം എസ്‌.എൻ തുടങ്ങിയ വമ്പൻ ടീമുകളുമായി മുട്ടാൻ നമുക്കെന്താടോ ഒരു കുറവ് എന്ന മാഷ്ടെ ചോദ്യം ഞങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.


പ്രൊഫഷണൽ കോസ്റ്റ്യൂമുകളോടെ നിലവാരമുള്ള വ്യത്യസ്തമായ ഒരു സ്കിറ്റ് അവതരിപ്പിക്കുകയാണെങ്കിൽ എന്തുകൊണ്ട് ഒന്നാം സമ്മാനം ഇവിടെയെത്തില്ല...? അങ്ങനെയാണ്‌ വിക്രമാദിത്യ സഭയിലെ നവരത്നങ്ങളെ അവതരിപ്പിക്കാൻ തീരുമാനമാകുന്നത്.


ഹെഡ് മാസ്റ്റർ ശ്രീ. മാധവമേനോൻ മാഷ്ടെയും ആശ്രമാധികാരി ശ്രീ. ശക്രാനന്ദ സ്വാമികളുടെയും അനുമതിയും അനുഗ്രഹവും ലഭിച്ചതോടെ കാര്യങ്ങൾക്ക് ശീഘ്രഗതിയായി. സ്കിറ്റ് തയ്യാറാക്കുന്നതിനായി രാജൻ മാഷും (മലയാളം) അശോകൻ മാഷും (സംസ്കൃതം) സഹായ ഹസ്തങ്ങളുമായി ഒപ്പം കൂടി.


അങ്ങനെ ക്യാമ്പ് കഴിഞ്ഞ് കൊട്ടിക്കലാശത്തിനായി ഞങ്ങൾ റീജണൽ തീയേറ്ററിൽ എത്തിച്ചേർന്നു. കാളിദാസന്റെ റോളാണ് ഈയുള്ളവന്‌ ലഭിച്ചിരിക്കുന്നത്. പുരാതന രാജഭരണ കാലത്തെ വേഷഭൂഷാദികളണിഞ്ഞ് മുഖത്ത് എണ്ണയും റോസ് പൗഡറും തേച്ച് ഉമിക്കരി കൊണ്ട് താടിയും മീശയും സെറ്റ് ചെയ്യാൻ ഗ്രീൻ‌റൂമിൽ മേക്കപ്പ്മാന്റെ മുന്നിൽ ഇരിക്കുമ്പോൾ മറ്റ് സ്കൂളുകൾ അവരുടെ പരിപാടികളുമായി തകർക്കുന്നുണ്ടായിരുന്നു.


"മാഷേ, നമ്മുടെ പരിപാടി വെറൈറ്റി ആയിരിക്കണം... കാളിദാസനെ നമുക്ക് കാണികളുടെ ഇടയിലൂടെ വിട്ട് രംഗപ്രവേശം ചെയ്യിച്ചാലോ...?" അശോകൻ മാഷ് ചോദിച്ചു.


"അത് നല്ല ആശയം... ജഡ്ജസിനെയൊക്കെ ഒന്ന് ഇമ്പ്രസ് ചെയ്യാനും പറ്റും..." ഗോപൻ മാഷും രാജൻ മാഷും പിന്താങ്ങി. 23rd ട്രിച്ചൂർ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന്റെ രക്ഷാധികാരിയും സെൻട്രൽ ഹോട്ടൽ ഉടമയുമായ വില്യംസ് സായിപ്പും ജഡ്ജസിനോടൊപ്പം മുൻനിരയിൽ ഇരിക്കുന്നുണ്ട്.


'വിവേകാനന്ദാ സ്കൗട്ട് ട്രൂപ്പ്, പുറനാട്ടുകര ഗെറ്റ് റെഡി' എന്ന അനൌൺസ്മെന്റ് മുഴങ്ങിയപ്പോൾ അശോകൻ മാഷ് എന്നെയും കൊണ്ട് ഓഡിറ്റോറിയത്തിന്റെ മുൻഭാഗത്തെ പ്രവേശന കവാടത്തിനരികിലേക്ക് നടന്നു. ബാക്കി എട്ട് രത്നങ്ങളെയും കൊണ്ട് ഗോപൻ മാഷ് സ്റ്റേജിലേക്കുള്ള പ്രവേശന കവാടത്തിനരികിൽ നിന്നു.


"എടോ, തനിക്കറിയുമോ, ഈ കാളിദാസനുണ്ടല്ലോ, നല്ലൊരു സൗന്ദര്യാരാധകനായിരുന്നു... വേദിയിലേക്കുള്ള മന്ദഗമനത്തിനിടെ ഇടയ്ക്കൊന്ന് നിന്ന് ചുറ്റിനും ഒരു വീക്ഷണം നടത്തി സുന്ദരികളായ തരുണീമണികൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെ നോക്കി ആ സൗന്ദര്യം ഒക്കെ ആസ്വദിച്ച് വേണം മുന്നോട്ട് നീങ്ങാൻ..." മാഷ് പറഞ്ഞു.


ബെസ്റ്റ്...! ആദ്യമായി സ്റ്റേജിൽ കയറുന്നതിന്റെ ടെൻഷനിലായിരുന്നു ഞാൻ. അത് ഒന്നു കൂടി കൂടിയെന്ന് പറഞ്ഞാൽ മതിയല്ലോ.


''അടുത്തതായി വേദിയിലെത്തുന്നത് വിവേകാനന്ദാ സ്കൗട്ട് ട്രൂപ്പ്, ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹൈസ്കൂൾ, പുറനാട്ടുകര..." മൈക്കിലൂടെ അനൗൺസ്മെന്റ് മുഴങ്ങി.


"പാശ്ചാത്യ ജനത വനാന്തരങ്ങളിൽ വാനരന്മാരെപ്പോലെ അലഞ്ഞു നടന്നിരുന്ന കാലത്തും നാഗരികമായ ഒരു സംസ്കാരത്തിന് ഉടമകളായിരുന്നു ഭാരത ജനത.............." രാജൻ മാഷുടെ പ്രൗഢ ഗംഭീരമായ സ്വരം മൈക്കിലൂടെ ഒഴുകിയെത്തി.     സാവധാനം ഉയരുന്ന തിരശീലയ്ക്കൊപ്പം വിക്രമാദിത്യ ചക്രവർത്തിയെക്കുറിച്ചുള്ള സംഗ്രഹം. പിന്നെ ഒരു ലഘു വിവരണത്തിന്റെ അകമ്പടിയോടെ ആദ്യ കഥാപാത്രമായ ധന്വന്തരി വേദിയിലേക്ക് പ്രവേശിച്ചു.


ധന്വന്തരി, ക്ഷപണകൻ, അമരസിംഹൻ എന്നിവർ വേദിയിൽ നിലയുറപ്പിച്ചു കഴിഞ്ഞതോടെ അശോകൻ മാഷ് പറഞ്ഞു. "എന്നാലിനി താൻ ഇറങ്ങിക്കോ... പറഞ്ഞത് മറക്കണ്ട... പക്ഷേ, ഒരു കാര്യം... ആസ്വാദനം കൂടി ടൈമിങ്ങ് തെറ്റരുത്... ഘടകർപ്പരൻ സ്റ്റേജിൽ എത്തി കുറച്ചു കഴിയുമ്പോഴേക്കും താൻ വേദിയ്ക്ക് താഴെ ഉണ്ടാകണം..."


അങ്ങനെ ഞാൻ നടന്നു തുടങ്ങുകയാണ് സുഹൃത്തുക്കളേ നടന്നു തുടങ്ങുകയാണ്... സദസ്സിനിടയിൽ അപ്രതീക്ഷിതമായി കാളിദാസനെ കണ്ടതും "ദേ, ദിങ്ങ്ട് നോക്ക്യേ" എന്നുള്ള സീൽക്കാരങ്ങൾ ചെറിയൊരു ആരവമായി മാറി. കാണികളുടെ ശ്രദ്ധ സ്റ്റേജിൽ നിന്നും എന്നിലേക്കായി. ഇതു തന്നെ അവസരം... അശോകൻ മാഷ് പറഞ്ഞത് പോലെ ഞാൻ അവിടെ നിന്ന് മൊത്തം സദസ്സിനെ ഒന്നു വീക്ഷിച്ചു. പിന്നെ തിരിഞ്ഞ്, വലതു വശത്ത് ഇരിക്കുന്ന രണ്ട് സുന്ദരികളെ മിഴികളാൽ ഒരു മാത്ര ഉഴിഞ്ഞിട്ട് മുന്നോട്ട് നടന്നു.


എന്റെ ശ്രദ്ധ വീണ്ടും സ്റ്റേജിലേക്കും നാരേഷനിലേക്കും തിരികെ എത്തിയതോടെയാണ് ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. കാളിദാസനെക്കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ മൈക്കിലൂടെ ഒഴുകുന്നത്...! ശങ്കുവും വേതാളഭട്ടനും ഘടകർപ്പരനും വേദിയിൽ നിരന്നു കഴിഞ്ഞിരിക്കുന്നു. അവരുടെ ദയനീയമായ നോട്ടം എന്നിലേക്കാണ്. വേദിയിൽ എത്തണമെങ്കിൽ പാതി ദൂരം ഇനിയും ബാക്കി!


പിന്നൊന്നും ആലോചിച്ചില്ല. നടത്തത്തിനും ഓട്ടത്തിനും മദ്ധ്യേയുള്ള പുതിയൊരു കായിക ഇനവുമായി ഞാൻ മുന്നോട്ട് കുതിച്ചു. സ്റ്റേജിലേക്ക് കയറാനുള്ള പടിക്കെട്ടിൽ കാലെടുത്തു വച്ചതും വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് തിരശീല താഴേക്ക് പതിച്ചു.


"ദെന്താപ്പംണ്ടായേ" എന്ന അമ്പരപ്പോടെ നിൽക്കുന്ന എന്നെ നോക്കി സ്റ്റേജിന്റെ ഇടതു‌ഭാഗത്തെ കവാടത്തിനരികിൽ നിന്നിരുന്ന ഗോപൻ മാഷ് പറഞ്ഞു "ദാ, ഇതിലെ ഇങ്ങ്ട് കേറിപ്പോന്നോളൂ..."


ഗ്രീൻറൂമിനും സ്റ്റേജിനും ഇടയിലെ കോറിഡോറിൽ മ്ലാനവദനരായി അവർ നാലു പേരും നിൽക്കുന്നുണ്ടായിരുന്നു. ഗോപൻ മാഷ്, രാജൻ മാഷ്, വരാഹമിഹിരൻ, പിന്നെ വരരുചി. സ്റ്റേജിൽ നിന്ന് തിരിച്ചെത്തിയ ബാക്കി നവരത്നങ്ങളും ഒപ്പം ചേർന്നു. കാളിദാസനെ കാണികൾക്കിടയിലേക്ക് ഇറക്കിവിട്ട് ഓഡിറ്റോറിയത്തിന്റെ മുഖ്യകവാടത്തിൽ നിന്നിരുന്ന അശോകൻ മാഷും അപ്പോഴേക്കും ഓടിയെത്തി. "എന്താണ്ടായേ മാഷേ...?!"


"നമ്മൾ തയ്യാറാക്കിയത് ഇരുപത് മിനിട്ടിനുള്ള സ്കിറ്റല്ലേ മാഷേ... പരിപാടി തുടങ്ങിയപ്പോഴാണറിയുന്നത് ഓരോ ടീമിനും പത്ത് മിനിറ്റേ അനുവദിച്ചിട്ടുള്ളൂ എന്ന്..." വിഷണ്ണനായി ഗോപൻ മാഷ് പറഞ്ഞു.


"അതറിഞ്ഞയുടൻ വിവരണങ്ങൾ കഴിയാവുന്നിടത്തോളം ഞാൻ വെട്ടിച്ചുരുക്കുകയും ചെയ്തു..." രാജൻ മാഷ് കൂട്ടിച്ചേർത്തു.


അത് ശരി... അങ്ങനെ വരട്ടേ... അപ്പോൾ എന്റെ ടൈമിങ്ങ് തെറ്റിയതല്ലായിരുന്നു...!


"സാരമില്ലെടോ... പോട്ടെ... ഇനിയും അവസരം വരുമല്ലോ..." എന്റെ മുഖത്തെ മ്ലാനത മനസ്സിലാക്കിയിട്ടായിരിക്കണം ഗോപൻ മാഷ് പറഞ്ഞു.


അതു കേട്ട അശോകൻ മാഷ് എന്റെ നേർക്ക് തിരിഞ്ഞു. "കാളിദാസന് കാണികൾക്കിടയിലൂടെ ചെത്തി വരാനെങ്കിലും പറ്റീലോ... വേഷം കെട്ടി നിൽക്കുന്ന ഈ പാവം വരാഹമിഹിരന്റെയും വരരുചിയുടെയും അവസ്ഥ താനൊന്ന് ആലോചിച്ച് നോക്ക്യേ..."


വാൽക്കഷണം :  

നവരത്നങ്ങളിൽ മൂന്നു പേർക്ക് സ്റ്റേജിൽ കയറാൻ അവസരം ലഭിച്ചില്ലെങ്കിലും സമ്മാനം ഒരെണ്ണം കരസ്ഥമാക്കിയിട്ടാണ് വിവേകാനന്ദാ സ്കൗട്ട് ട്രൂപ്പ് പുറനാട്ടുകരയ്ക്ക് മടങ്ങിയത്. മികച്ച കോസ്റ്റ്യൂമിനും സ്ക്രിപ്റ്റിനും കഥാപാത്രാവിഷ്കാരത്തിനുമുള്ള വില്യംസ് സായിപ്പിന്റെ വക സ്പെഷ്യൽ ജൂറി പുരസ്കാരവുമായി... 😊




Sunday, May 10, 2020

പെണ്ണുകാണൽ - ഒരു KSRTC അപാരത


Reaching there on 7 June”  ഏറ്റവും ചുരുങ്ങിയ വാക്യത്തിൽ ടെലിഗ്രാം ചെയ്ത് പോസ്റ്റ് ഓഫീസിൽ നിന്നും പുറത്തിറങ്ങി. രണ്ട് വർഷത്തിന് ശേഷം  ലഭിച്ച നാൽപ്പത്തിയഞ്ച്  ദിവസത്തെ അവധിക്കാലത്തിന്റെ രണ്ടാം ദിനം. 1993 ജൂൺ നാല്.

സൗദി അറേബ്യയിൽ ജോലി ലഭിച്ചിട്ട് നാല് വർഷമാകുന്നു. ആദ്യത്തെ വെക്കേഷനിൽ വന്നപ്പോൾ പിടിച്ച് പെണ്ണ് കെട്ടിക്കാൻ നോക്കിയതാണ് വീട്ടുകാർ. ചില പെൺകുട്ടികൾക്ക് ചെക്കനെ പിടിക്കാത്തതു കൊണ്ടും ചില പെൺകുട്ടികളെ ചെക്കന് പിടിക്കാത്തതു കൊണ്ടും രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെടുക എന്ന അത്ഭുതം സംഭവിക്കാത്തതു കൊണ്ടും അന്ന് ഒന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം.

അപ്പോൾ ഈ ടെലിഗ്രാം ചെയ്തത് ആർക്കാണെന്ന് വിചാരിക്കുന്നുണ്ടാവും നിങ്ങളിപ്പോൾ. പെണ്ണുകാണൽ എന്ന ചടങ്ങിന് മുന്നൂറ് കിലോമീറ്റർ അകലെ തിരുവനന്തപുരത്തുള്ള വധൂഗൃഹത്തിലേക്ക് ചെല്ലുന്ന കാര്യം അറിയിച്ചതാണ്. വധൂഗൃഹം എന്ന് ഇപ്പോഴേ ഉറപ്പിച്ച് പറയാമോ എന്ന് ചോദിച്ചാൽ ഏതാണ്ടൊക്കെ പറയാം എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. രണ്ടാമത്തെ വെക്കേഷൻ ആകുന്നതിനും അഞ്ചാറ് മാസങ്ങൾക്ക് മുമ്പേ തന്നെ ഇരുവരുടെയും വീട്ടുകാർ പരസ്പരം പോയി കണ്ട് കാര്യങ്ങളൊക്കെ ഏതാണ്ട് ഉറപ്പിച്ചത് പോലെയാണ് അവസ്ഥ. മൂന്ന് പെണ്മക്കളിലെ ഇളയവൾ. ഹൃദയാഘാതം വന്ന് അച്ഛനെ നഷ്ടപ്പെട്ടത് ആറാമത്തെ വയസ്സിൽ. അച്ഛന്റെ മരണത്തെ തുടർന്ന് ലഭിച്ച ഗവണ്മന്റ് ഉദ്യോഗം കൊണ്ട് അമ്മ മൂന്ന് മക്കളെയും പഠിപ്പിച്ച് MA ക്കാരാക്കി. ചേച്ചിമാർ രണ്ടുപേരെയും നല്ല നിലയിൽ വിവാഹം കഴിച്ചയച്ചിരിക്കുന്നു. ഇനിയിപ്പോൾ പെണ്ണും ചെക്കനും പരസ്പരം കണ്ടിട്ട്ഫോട്ടോയിൽ കണ്ടതു പോലെ അല്ലല്ലോ ഏയ്, ഇതെനിക്ക് ശരിയാവില്ലഎന്നെങ്ങാനും പറഞ്ഞാൽ രണ്ട് വീട്ടുകാരും ബോധം കെട്ട് വീഴും എന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. പരസ്പരം ഹൃദയങ്ങൾ കൈമാറാൻ മൊബൈലും വാട്സാപ്പും ഫേസ്ബുക്കും ഒന്നും  ഇല്ലാത്ത കാലമാണെന്നോർക്കണം.

ദമ്മാമിൽ നിന്നും എയറിന്ത്യയിൽ തിരുവനന്തപുരം എയർപോർട്ടിലായിരുന്നു വന്നിറങ്ങിയത്. അന്ന് നെടുമ്പാശേരിയിൽ എയർപോർട്ട്  ഇല്ല. ഇത്രയൊക്കെ ആയ നിലയ്ക്ക് എയർപോർട്ടിൽ നിന്നും നേരെ പോയി പെണ്ണിനെ കണ്ടിട്ട് തൃശൂർക്ക് വന്നാൽ പോരായിരുന്നോ എന്ന് നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നത് പോലെ എനിക്കും തോന്നിയിരുന്നു കേട്ടോ. പക്ഷേ, അത്ര ആക്രാന്തം പാടില്ല മോനേ എന്ന് പറഞ്ഞ് മനസ്സ് പിന്തിരിപ്പിച്ചു കളഞ്ഞു. അല്ലെങ്കിലും എന്ത് വിചാരിക്കും അവരൊക്കെ

തൃശൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തുക എന്നതാണ് ഇനിയത്തെ യജ്ഞം. അനുജനാണ് കൂടെ വരാമെന്ന് ഏറ്റിരിക്കുന്നത്. അച്ഛനും അമ്മയും അനുജത്തിയും അമ്മാവനും ഒക്കെക്കൂടി പല തവണയായി നേരത്തെ തന്നെ കണ്ടു കഴിഞ്ഞതാണ്. തൃശൂരിൽ നിന്നും രാവിലെ തിരിച്ചാൽ അവിടെയെത്തുമ്പോൾ വൈകുന്നേരമാകും. പെണ്ണ് കാണൽ എന്ന് പറയുമ്പോൾ നേരം കെട്ട നേരത്ത് ഒക്കെ ആകുന്നത് ശരിയല്ല ഏറിയാൽ ഉച്ചനേരം അത് കടന്ന് പോകുന്നത് ഭംഗിയല്ല. അങ്ങനെയാണ് രാത്രി കൂത്താട്ടുകുളത്തുള്ള അമ്മാവന്റെ വീട്ടിൽ തങ്ങിയിട്ട് രാവിലെ തിരുവനന്തപുരത്തേക്കുള്ള ബസ്സ് പിടിക്കാമെന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ആ സുദിനം  വന്നെത്തി. 1993 ജൂൺ 7. പതിവ് തെറ്റിക്കാതെ കാലവർഷം തന്റെ പണി തുടങ്ങിയിട്ടുണ്ട്. ഒരു കാലൻകുടയ്ക്ക് കീഴിൽ ഞാനും അനുജനും പ്രഭാത് ബേക്കറിയുടെ മുന്നിൽ തിരുവനന്തപുരത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ വരുന്നതും കാത്ത് നിൽക്കുമ്പോൾ സമയം കാലത്ത് എട്ടര മണി.

ഞങ്ങളുടെ.. സോറി.. എന്റെ ക്ഷമയെ അധികം പരീക്ഷിക്കാതെ തന്നെ തിരുവനന്തപുരം എന്ന് ബോർഡ് വച്ച LSFP ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു. ഭാഗ്യം അധികം കാത്തു നിൽക്കേണ്ടി വന്നില്ല രണ്ടു മണിയോടെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും. റബ്ബർത്തോട്ടങ്ങൾക്ക് ഇടയിലൂടെ ഹെയർപിൻ വളവുകൾ തിരിഞ്ഞ് കയറ്റവും ഇറക്കവും ഒക്കെയായി ഏറ്റുമാനൂർ വരെയുള്ള യാത്ര അതിമനോഹരമായിരുന്നു. പിന്നെ കോട്ടയം, ചങ്ങനാശേരി, തിരുവല്ല... അതിനിടയിൽ ഇടയ്ക്കൊക്കെ മഴയും.

തിരുവല്ല കഴിഞ്ഞതോടെയാണ് ഈ ബസ്സ് എങ്ങോട്ടാണ് പോകുന്നതെന്ന സംശയം മനസ്സിൽ ഉദിച്ചത്. എം.സി.റോഡിൽ നിന്നും വഴി മാറി ഏതൊക്കെയോ ചെറുവഴികളിലൂടെയാണ് ഇപ്പോൾ ഓട്ടം. സംശയം തോന്നി കണ്ടക്ടറോട് ചോദിച്ചപ്പോഴല്ലേ പണി കിട്ടിയ വിവരം അറിയുന്നത്. അമ്പലപ്പുഴയിൽ ചെന്ന് നാഷണൽ ഹൈവേയിൽ കയറി ഹരിപ്പാട്, കായംകുളം, കൊല്ലം വഴിയാണത്രെ ഈ ബസ്സിന്റെ റൂട്ട് ബെസ്റ്റ്! ഇതിലും ഭേദം തൃശൂരിൽ നിന്ന് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നതായിരുന്നു.

എന്തായാലും അതുകൊണ്ട് ഒരു ഗുണം കിട്ടി. മലയാളത്തിന്റെ മഹാസാഹിത്യകാരൻ തകഴിയുടെ നാട് കാണുവാൻ സാധിച്ചു. കുട്ടനാടൻ വയലേലകൾക്ക് നടുവിലൂടെ, തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ കാലവർഷത്തിന്റെ ഈറൻ കണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു യാത്ര. ചെമ്മീൻ എന്ന കൃതിയിലൂടെ കേട്ടു പരിചയം മാത്രമുള്ള പുറക്കാട് കടപ്പുറവും തൃക്കുന്നപ്പുഴയും ഒക്കെ നേരിൽ കണ്ടു കൊണ്ട് യാത്ര തുടരവെ സമയം നീളുന്നത് അറിഞ്ഞില്ല.

കരുവാറ്റ, ഹരിപ്പാട്, ചേപ്പാട് ഒക്കെ താണ്ടി കായംകുളം ബസ് സ്റ്റാൻഡിൽ കയറി ഡീസൽ പമ്പിന് മുന്നിൽ പാർക്ക് ചെയ്യുമ്പോൾ സമയം ഒരു മണിയോട് അടുക്കുന്നു! രണ്ട് മണിക്ക് തിരുവനന്തപുരത്ത് എത്താമെന്ന് വീമ്പടിച്ച എന്നെ നോക്കി അനുജൻ ഒന്ന് ആക്കി ചിരിച്ചു.

പുറത്ത് ചെറിയൊരു കശപിശ കേട്ടിട്ടാണ് ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്. ഞങ്ങളുടെ ഡ്രൈവറും പമ്പ് ഓപ്പറേറ്ററുമായിട്ടാണ്. കറന്റ് പോയിരിക്കുകയാണ്, അതിനാൽ ഡീസൽ അടിച്ചു തരാൻ മാർഗ്ഗമില്ല എന്നാണ് പുള്ളിയുടെ നിലപാട്. കറന്റില്ലെങ്കിൽ കൈ കൊണ്ട് കറക്കി മാനുവലായി അടിക്കണമെന്ന് ഡ്രൈവർ. അടുത്ത സ്റ്റേഷൻ വരെ എത്താനുള്ള ഡീസൽ പോലും ടാങ്കിൽ ഇല്ലത്രെ. അത് തന്റെ പ്രശ്നമല്ല എന്നും മാനുവൽ ആയി ഇന്ധനം നിറയ്ക്കുന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നും പമ്പ് ഓപ്പറേറ്റർ. അടുത്ത നിമിഷം അവിടെ എത്തിയ ഒരു മാരുതി കാറിൽ കയറി ആശാൻ സ്ഥലം വിടുകയും ചെയ്തു.

ഡീസൽ അടിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണെന്ന് എല്ലാവരോടുമായി ഡ്രൈവർ പ്രഖ്യാപിച്ചു. ബെസ്റ്റ്…! കഷ്ടകാല നേരത്ത് തല മൊട്ടയച്ചപ്പോൾ കല്ലുമഴ…! അതെങ്ങനെ ശരിയാവും എന്ന് പ്രതികരണ ശേഷിയുള്ള യാത്രികരിൽ ചിലർ ഇതങ്ങനെ വിട്ടാൽ പറ്റില്ല, നമുക്ക് ഡിപ്പോ മാനേജരെ പോയി കാണാം എന്നും പറഞ്ഞ് ഇറങ്ങിയവരുടെ കൂട്ടത്തിലേക്ക്ഒരു കമ്പനി കൊടുക്കാൻ ചെല്ല്എന്നും പറഞ്ഞ് അനുജൻ എന്നെയും തള്ളി വിട്ടു.

ഒരു ജാഥയായി പത്തിരുപത്തിയഞ്ച് പേർ തന്റെ ഓഫീസിലേക്ക് ഇരച്ചു കയറി വരുന്നതു കണ്ട് അമ്പരന്ന ഡിപ്പോ മാനേജർ പുറത്തു കടക്കാൻ നോക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

എന്താ എന്താണ്?”അൽപ്പം ഭീതിയോടെ അയാൾ ഞങ്ങളുടെ നേരെ നോക്കി.

സാറേ, ഞങ്ങൾ വന്ന ബസ്സ് ഡീസലടിക്കാൻ വേണ്ടി പമ്പിന് മുന്നിൽ നിർത്തിജാഥയുടെ നേതാവ് തുടങ്ങി വച്ചു.

അപ്പോൾ ഒരു മാരുതി കാറിൽ ഒരാൾ വന്നുഅടുത്തയാൾ ഏറ്റെടുത്തു.

നിങ്ങളെന്തുവാ ഈ പറയുന്നത്...? എന്നിട്ട്?” ഡിപ്പോ മാനേജർ ഉത്കണ്ഠാകുലനായി.

പമ്പുകാരൻ അതിൽ കയറിപ്പോയിമറ്റൊരാൾ പൂർത്തീകരിച്ചു.

ഹൊ! മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോടോ ഇയാള്മാരുതി കാറെന്നും ആരോ വന്നെന്നും എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ആരാണ്ടെയോ പിടിച്ചോണ്ടു പോയെന്ന്മാനേജർക്ക് ശ്വാസം നേരെ വീണത് ഇപ്പോഴാണ്.

സാറേ, കറന്റില്ലാത്തതു കൊണ്ട് ഡീസലടിച്ച് തരുവാൻ പറ്റില്ലാന്ന് പറഞ്ഞ് അയാൾ പോയി ഡ്രൈവറാണേൽ ട്രിപ്പ് അവസാനിപ്പിക്കുവാന്നും പറഞ്ഞു തിരുവനന്തപുരം വരെ പോകാനുള്ള ബസ്സാണ് സാറേകൂട്ടത്തിൽ ഇത്തിരി കോമൺസെൻസ് ഉള്ളവൻ കാര്യം പറഞ്ഞു.

ശരി നിങ്ങളങ്ങോട്ട് ചെല്ല് ഞാൻ വരാംമാനേജർ സമാധാനിപ്പിച്ചു.

ബസ്സിനരികിലെത്തിയ ഞങ്ങൾക്കരികിലേക്ക് ഒരു മെക്കാനിക്കിനെയും കൂട്ടി മാനേജർ എത്തി.

മാനുവൽ ആയി ഒരു ടാങ്ക് അടിക്കുക എന്നൊക്കെ പറഞ്ഞാൽ അത്ര എളുപ്പമൊന്നുമല്ല ദേ, ഇയാൾ കാണിച്ചു തരും എങ്ങനെയാന്ന് നിങ്ങളെല്ലാവരും കൂടി മാറി മാറി ഒന്ന് സഹായിച്ചാൽ കുറെയെങ്കിലും അടിക്കാംമാനേജർ ഞങ്ങളോട് പറഞ്ഞു.

പിന്നെ അങ്ങോട്ട് ഞങ്ങളുടെ ഓരോരുത്തരുടെയും ഊഴമായിരുന്നു. മെക്കാനിക്ക് കൊണ്ടുവന്ന ലിവർ പമ്പിലേക്ക് ഘടിപ്പിച്ച് കറക്കിക്കൊണ്ടിരിക്കുക... കൈ കഴയ്ക്കുമ്പോൾ ഊഴം അടുത്തയാൾക്ക്. അങ്ങനെ എല്ലാവരും കൂടി ഒത്തു പിടിച്ച് ഏതാണ്ട് അര ടാങ്കോളം ആയപ്പോൾ ഡ്രൈവർ പറഞ്ഞു. “ശരി മതിയാവുംബാക്കി ഇനി കൊല്ലത്ത് നിന്ന് അടിക്കാം


അങ്ങനെ നീങ്ങിത്തുടങ്ങിയ വണ്ടി കൊല്ലത്ത് നിന്നും ടാങ്ക് ഫുള്ളാക്കി തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിൽ എത്തുമ്പോൾ സമയം നാലര! അവിടെ നിന്ന് ഒരു ഓട്ടോയിൽ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന സ്ഥലം തേടിപ്പിടിച്ച് വധൂഗൃഹത്തിൽ എത്തുമ്പോൾ അഞ്ചു മണി.

കോളിങ്ങ് ബെൽ അടിച്ച് ഇത്തിരി നേരം കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്നത്. അതിനു മുമ്പ് കതകിലെ മാഗ്നിഫൈയിങ്ങ് ലെൻസിലൂടെ ആരൊക്കെയോ ഒന്നു രണ്ടു വട്ടം നോക്കുന്നത് എന്റെ ഡിറ്റക്ടിവ് ദൃഷ്ടിയിൽ പെട്ടിരുന്നു.

ദമ്മാമിലെ സ്റ്റുഡിയോക്കാരൻ പറ്റാവുന്നതിന്റെ മാക്സിമം ഗ്ലാമറിൽ എടുത്തു തന്ന എന്റെ ഫോട്ടോ മാസങ്ങൾക്ക് മുമ്പേ അവിടെ എത്തിയിരുന്നതു കൊണ്ട് ഭാവി അമ്മായിയമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.

ഇത്ര നേരമായിട്ടും കാണാഞ്ഞപ്പോൾ ഇന്നിനി വരില്ല എന്ന് കരുതി വാ, കയറിയിരിക്കൂഅമ്മയുടെ സ്വാഗത വചനം. “മൂത്ത മക്കളും അവരുടെ കുടുംബവും ഒക്കെ കുറച്ചു മുമ്പ് തിരിച്ചു പോയതേയുള്ളൂ...”

വഴിയിലുണ്ടായ പ്രശ്നങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും എന്റെ കണ്ണുകൾ തേടുകയായിരുന്നു. ഫോട്ടോയിൽ മാത്രം കണ്ടുപരിചയമുള്ള, ആറു മാസക്കാലമായി മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ച് പ്രണയിച്ചു കൊണ്ടിരിക്കുന്ന ആ പെൺകൊടിയെ

എന്നാൽ ശരി മോളെ കണ്ട് സംസാരിക്കണ്ടേ?” കൺവെൻഷണൽ പെണ്ണുകാണൽ രീതിയിൽ ചെറിയൊരു മാറ്റം. തുടിക്കുന്ന ഹൃദയത്തോടെ ഞാൻ അപ്പുറത്തെ മുറിയിലേക്ക് കാലെടുത്തു വച്ചു.

പരസ്പരം പുഞ്ചിരിച്ചു കൊണ്ട് അന്യോന്യം വരവേറ്റ ഞങ്ങളുടെ മനസ്സിൽ ആദ്യമായി കാണുകയാണെന്ന തോന്നൽ ഉണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഞാൻ ചോദിച്ചു.

 എന്നെ വിവാഹം കഴിക്കുന്നതിൽ ഇഷ്ടക്കുറവൊന്നുമില്ലല്ലോ അല്ലേ?”

മനസ്സ് നിറഞ്ഞ ആ പുഞ്ചിരിയിൽ എല്ലാം വ്യക്തമായിരുന്നു. ഇഷ്ടമാണ് എന്ന് പറയാനുള്ള നാണം...

വിഷയദാരിദ്യത്തിന്റെ പാരമ്യത്തിൽ എന്തൊക്കെയോ സംസാരിച്ചുവെന്ന് വരുത്തിത്തീർത്ത് മുറിയ്ക്ക് പുറത്തിറങ്ങിയപ്പോൾ ഡൈനിങ്ങ് ടേബിളിൽ അമ്മയുടെ വക പായസം. ഞാനും അനുജനും കൂടി അത് നുണഞ്ഞു കൊണ്ടിരിക്കവെ മകളുടെ മനസ്സറിയാൻ പുള്ളിക്കാരി അകത്തേക്ക് പോയി.

മകളുടെ അപ്രൂവൽ ലഭിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങളുടെ പാത്രത്തിലേക്ക് വീണ്ടും പായസം ഒഴുകി. വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കുടിപ്പിച്ചു ഞങ്ങളെ. അനുജന്റെ സ്വതസ്സിദ്ധമായ തൃശൂർ തമാശകളും നാട്ടുവർത്തമാനവും ഒക്കെ കേട്ട്  അമ്മയ്ക്ക് ചിരിയടക്കാനാവുന്നുണ്ടായിരുന്നില്ല. നമ്മള് തൃശൂർക്കാര് ജന്മനാ തമാശക്കാരാണെന്നും എന്തിലും ഏതിലും നർമ്മം കണ്ടെത്തുന്നവരാണെന്നും തിരോന്തരംകാർക്ക് അറിയില്ലല്ലോ

ഇത്രയും ഒക്കെ ആയ നിലയ്ക്ക് അടുത്ത ആഴ്ച്ച തന്നെ വിവാഹം ആയാൽ എന്താ പ്രശ്നം എന്ന അത്യാഗ്രഹം ഞാൻ പ്രകടിപ്പിച്ചുവെങ്കിലും ജൂൺ 21 ആണ് ബന്ധുക്കളോടെല്ലാം പറഞ്ഞിരിക്കുന്ന തീയ്യതി എന്നും അതിൽ മാറ്റം വരുത്തുക ബുദ്ധിമുട്ടാണെന്നും അമ്മ നിർബ്ബന്ധം പിടിച്ചു. എങ്കിൽ പിന്നെ ജൂൺ 21 തന്നെ എന്ന് സ്വയം ആശ്വസിച്ച് അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങവെ ഒന്നു കൂടി തിരിഞ്ഞു നോക്കി.  വാതിൽക്കൽ തല കാണിച്ച ഭാവി പത്നിയോട്എന്നാൽ ശരി, വരട്ടെ?” എന്ന് കണ്ണുകളിൽ ഞാൻ ഒളിപ്പിച്ച ചോദ്യത്തിന് കണ്ണുകളിലൂടെത്തന്നെ മൗനാനുവാദം ലഭിച്ചു.

അങ്ങനെയാണ് സുഹൃത്തുക്കളേ 1993 ജൂൺ 21 തിങ്കളാഴ്ച്ച മനോഹരമായ ഒരു കുടുംബ ജീവിതത്തിലേക്ക് ഞങ്ങൾ കാലെടുത്തു വച്ചത്. ഒരേ തരംഗദൈർഘ്യത്തോടെവിജയകരമായ ഇരുപത്തിയേഴാം വാർഷികത്തിലേക്ക് പ്രവേശിക്കുകയാണ് ഞങ്ങൾ

വാൽക്കഷണം : തിരികെ തമ്പാനൂർ സ്റ്റാൻഡിൽ നിന്നും വൈകിട്ട് എട്ട് മണിക്ക് ഞങ്ങൾ കയറിയ KSRTC യുടെ എക്സ്പ്രസ് ബസ്സ് കോട്ടയത്തേക്കുള്ള ആ പച്ച വണ്ടി പാതിരാത്രിയോടടുത്ത് പന്തളം കഴിഞ്ഞതും ബ്രേക്ക് ഡൗൺ അര മണിക്കൂറിന് ശേഷം  ആ വഴി വന്ന കോയമ്പത്തൂർ ലിമിറ്റഡ് സ്റ്റോപ്പിൽ കണ്ടക്ടർ ഞങ്ങൾ യാത്രക്കാരെയെല്ലാം തള്ളിക്കയറ്റി വിട്ടതുകൊണ്ട് പുലർച്ചെ രണ്ടേ മുക്കാലോടെ കൂത്താട്ടുകുളത്തുള്ള അമ്മാവന്റെ വീട്ടിലെത്തി. അതു കൊണ്ട് തന്നെ പറയട്ടെ, എന്റെ പെണ്ണുകാണലിൽ KSRTC യും ഒരു പ്രധാന കഥാപാത്രമാണ്.

Friday, March 27, 2020

ഓർമ്മകൾ ഓടിയെത്തുമ്പോൾ

വെറുതെ… വെറുതേ ഓർത്തുപോയി ബാല്യം… ചങ്ങമ്പിള്ളി കുന്നിന് മുകളിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിന്റെ അങ്കണത്തിന് പിന്നിൽ നിന്ന് തെക്കോട്ട് നോക്കുമ്പോൾ മണൽത്തിട്ടകൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകുന്ന നിള… കാലവർഷത്തിൽ ഇരുകരകളും നിറഞ്ഞ് സംഹാരരുദ്രയായി കലിതുള്ളി പായുന്ന നിള… അൽപ്പം കൂടി കിഴക്കോട്ട് കണ്ണോടിച്ചാൽ ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾക്കപ്പുറം പുഴയെ മുറിച്ച് കടന്ന് പോകുന്ന കുറ്റിപ്പുറം പാലം…


വെറുതെ… വെറുതേ… എന്തിനോ അതെല്ലാം മനസ്സിലേക്കോടിയെത്തി…



തിരുനാവായ സത്രക്കടവിൽ നിന്നും താഴേത്തറ വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരം… റോബർട്ട് ചേട്ടന്റെ ടെയ്‌ലറിങ്ങ് കടയും കടന്ന് മുന്നോട്ട് പോകുമ്പോൾ ഇടത് വശത്ത് പഞ്ചായത്ത് ആപ്പീസ്… പിന്നെ ഇരുവശവും കാറ്റിൽ തലയാട്ടി നിൽക്കുന്ന വയലേലകൾ… വലത് ഭാഗത്തായി നവാമുകുന്ദാ ക്ഷേത്രത്തിലേക്കുള്ള ചെമ്മൺ പാത… ആയിരങ്ങൾ പിതൃതർപ്പണത്തിന് കർക്കിടകവാവിന് ഒത്തുചേരുന്നത് നിളാതീരത്തെ ക്ഷേത്രത്തിനരികിലുള്ള കടവിലാണ്… അൽപ്പം കൂടി നടന്നാൽ ഇടത്തോട്ട് ഒരു റോഡിന്റെ ആരംഭം… എടക്കുളത്ത് സ്ഥിതി ചെയ്യുന്ന തിരുനാവായ റെയിൽ‌വേ സ്റ്റേഷനിലേക്കുള്ള പാതയാണത്… ആതവനാട് വഴി വളാഞ്ചേരിയിലേക്കെത്തുന്നു ആ റോഡ്…



പാടത്തിന് നടുവിലെ റോഡിലൂടെ കാഴ്ച്ചകൾ കണ്ട് നടപ്പ് തുടർന്നു… തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സി.സി ട്രാൻസ്പോർട്ട് കമ്പനിയുടെ ഫാർഗോ ബസ്സുകളും വല്ലപ്പോഴും കടന്നുപോകുന്ന ടി.വി.എസ്സിന്റെ പാഴ്സൽ ലോറികളും… അവയുടെ ഇടയിൽ രാജാവായി വാഴുന്നത് പരപ്പിൽ ട്രാൻസ്പോർട്സിന്റെ പുതിയ ടാറ്റ ബസ്സാണ്… രാജാവിന്റെ ഗമയാണ് അതിലെ ഡ്രൈവർ ഹൈദ്രോസിന് … ടി.വി.എസ്സിന്റെ പാഴ്സൽ ലോറി വരുന്നത് കാണുമ്പോൾ ഞങ്ങൾ കുട്ടികൾ നിവർന്ന് നിന്ന് അതിന്റെ ഡ്രൈവർക്ക് സല്യൂട്ട് കൊടുക്കും… തിരികെ പ്രത്യഭിവാദ്യം നൽകുക എന്നത് ടി.വി.എസ്സിലെ ഡ്രൈവർമാരുടെ പ്രോട്ടോക്കോളിൽ പറഞ്ഞിട്ടുള്ളതാണ്… അത് ലഭിച്ചുകഴിഞ്ഞാൽ സ്വർഗ്ഗം കിട്ടിയ പ്രതീതിയാണ് പിന്നെ ഞങ്ങൾക്ക്…



താഴേത്തറയിൽ എത്തിയാൽ ഇടത്തോട്ട് കുന്നിൻ‌മുകളിലേക്കുള്ള ചെമ്മൺ പാതയിലൂടെയാണ് സ്കൂളിലേക്ക് തിരിയുന്നത്… കയറ്റം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കയറ്റം… ഈ കയറ്റത്തെക്കുറിച്ചോർക്കുമ്പോൾ രസകരമായ ഒരു സംഭവമാണ് ഓർമ്മ വരുന്നത്…



മാസങ്ങൾക്ക് ശേഷം ഈ കുന്നിൻ മുകളിലുള്ള ഒരു വാടക വീട്ടിലേക്ക് ഞങ്ങൾ താമസം മാറ്റിയ സമയം… അന്നാണ് ആദ്യമായി അച്ഛൻ ഒരു മോട്ടോർ സൈക്കിൾ വാങ്ങിയത്… ഒരു പഴയ റോയൽ എൻ‌ഫീൽഡ്… KLD-5725 ആയിരുന്നു എന്നാണെന്റെ ഓർമ്മ… സൈക്കിൾ ബാലൻസ് ഉള്ളത് കൊണ്ട് ലോറി ഡ്രൈവർ യൂസുഫ്‌ക്കയുടെ സഹായത്താൽ ഒരാഴ്ച്ച കൊണ്ട് അത്യാവശ്യം ഓടിക്കാൻ പഠിച്ചു അച്ഛൻ…  അങ്ങനെ ആദ്യമായി മോട്ടോർ സൈക്കിളിൽ ഏതാണ്ട് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോയി വൈകിട്ട് തിരിച്ച് വരുന്ന സമയം…



താഴേത്തറ ജംഗ്‌ഷനിൽ വന്നിട്ട് വീട്ടിലേക്കാവശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി സൈഡ് ബോക്സിൽ ഇട്ടിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇട്ട് കുന്നിൻ‌മുകളിലേക്കുള്ള കുത്തനെയുള്ള ചെമ്മൺ പാതയിലൂടെ മുന്നോട്ട് എടുത്തു. കൃത്യമായ ഇടവേളകളിൽ ഫസ്റ്റ്, സെക്കന്റ്, തേഡ് എന്നീ ഗിയറുകളിലേക്ക് മാറ്റണമെന്നാണ് ഡ്രൈവിങ്ങ് ആശാൻ പഠിപ്പിച്ചിരിക്കുന്നത്… മൂവ് ചെയ്ത ഉടനെ സെക്കന്റ് ഗിയറിലേക്ക് മാറി… ഒരു വിറയൽ… ഹേയ്… തോന്നിയതായിരിക്കും… തേഡിലേക്ക് മാറ്റാം… ഡിം… ഒന്നു കൂടി വിറച്ച് വണ്ടി ഓഫായി നിന്നു…


ഈ കലാപരിപാടി ഒരു നാലഞ്ച് തവണ കൂടി ആവർത്തിച്ചതോടെ അച്ഛന് മതിയായി… ഈ വണ്ടി കയറ്റം വലിക്കുന്നില്ല… എന്തോ കാര്യമായ കുഴപ്പമുണ്ട്…


മോട്ടോർ സൈക്കിളിന്റെ ശബ്ദം ദൂരെ നിന്നും കേട്ടതും അമ്മ പറഞ്ഞു… “അച്ഛൻ വരുന്നുണ്ട്…”


വീടിന് മുന്നിലെ ചെമ്മൺ പാതയിൽ വണ്ടി ഓഫ് ചെയ്ത് മുറ്റത്തേക്ക് ഉരുട്ടിക്കൊണ്ട് വരുന്ന അച്ഛന്റെ മുഖത്ത് ആദ്യ യാത്രയുടെ ആഹ്‌‌ളാദമൊന്നും അത്ര കാണാനില്ല. വിയർത്ത് കുളിച്ചിരിക്കുന്നു.


“ഇതെന്താ, ഇങ്ങനെ വിയർത്തിരിക്കുന്നത്…?” അമ്മ ചോദിച്ചു.


“ഒന്നും പറയണ്ട… വണ്ടിക്കെന്തോ കുഴപ്പമുണ്ട്… കയറ്റം കയറുന്നില്ല… അവസാനം വഴിയിൽ കണ്ട ഒരു പയ്യന്റെ സഹായത്തോടെ താഴേത്തറ മുതൽ കുന്നിന്റെ മുകളിലെത്തുന്നത് വരെ തള്ളി… വെറുതെയല്ല ആ സുദർശനൻ മാഷ് ഈ വണ്ടി വിറ്റത്…!  ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഒരു വാക്കെങ്കിലും പറയാമായിരുന്നു…”


അതേ കോളനിയിൽ തന്നെയായിരുന്നു സുദർശനൻ മാഷുടെ വീടും. വൈകുന്നേരങ്ങളിൽ അന്നത്തെ വിശേഷങ്ങൾ പങ്കു വയ്ക്കുവാനായി ഒത്തു കൂടുന്ന പതിവുണ്ട് അയൽ‌വാസികളായ രംഗൻ മാഷ്‌ക്കും സുദർശനൻ മാഷ്‌ക്കും. അവരുടെ വീടുകളിലേക്ക് ആവശ്യമായ കുടിവെള്ളം കുടത്തിൽ ചുമന്ന് കൊണ്ടു പോകുന്നത് ഞങ്ങളുടെ മുറ്റത്തെ കിണറ്റിൽ നിന്നുമാണ്. വൈദ്യുതിയൊന്നും ആ ഗ്രാമത്തിൽ എത്തിയിട്ടില്ലാത്ത കാലമായിരുന്നു അതെന്നോർക്കണം. ചിമ്മിണി വിളക്കിന്റെ ചില്ല് അച്ഛൻ കഴുകി തുടച്ച് കൊണ്ടിരിക്കവെ സുദർശനൻ മാഷ് തന്റെ എക്സ്‌-മോട്ടോർ സൈക്കിളിന്റെ വിശേഷങ്ങൾ അറിയാനെത്തി.


“സുദർശനൻ മാഷേ… എന്നാലും ഒരു വാക്ക് പറയാമായിരുന്നൂട്ടോ…” എണ്ണം പറഞ്ഞ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി തള്ളി കയറ്റി ക്ഷീണിച്ചതിന്റെ വിഷമം അച്ഛൻ മറച്ചു വച്ചില്ല.


“എന്ത്…?”


“ഈ മോട്ടോർ സൈക്കിൾ കയറ്റം കയറില്ല എന്നത്…”


“മാഷെന്താ ഈ പറയുന്നത്…!!! ?”


“താഴേത്തറയിൽ നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് ഒരടി മുന്നോട്ട് കയറുന്നില്ല…ഓഫായിപ്പോകുന്നു… അവസാനം സഹായത്തിന് ഒരാളെ വിളിച്ച് തള്ളിക്കൊണ്ടു വരേണ്ടി വന്നു… ഈ പ്രശ്നമുള്ളത് കൊണ്ടല്ലേ മാഷ് വണ്ടി വിറ്റത്...?”


“എന്റെ മാഷേ… അനാവശ്യം പറയരുത്… എന്റെ കാലിന് സുഖമില്ലാത്തത് കൊണ്ട് ഗിയർ മാറാനുള്ള ബുദ്ധിമുട്ടോർത്തിട്ടാണ് ഞാനിത് വിറ്റ് സ്കൂട്ടർ വാങ്ങിയത്…”


“എങ്കിൽ പിന്നെ വണ്ടിക്കെന്താ പറ്റിയത്… അത് പറ…”


“മാഷ്‌ക്ക് എന്നെ അത്ര വിശ്വാസം ഇല്ലെങ്കിൽ വാ… നമുക്ക് താഴെത്തറയിൽ പോയിട്ട് തിരിച്ച് തിരിച്ച് വരാം… എന്താ പ്രശ്നമെന്ന് നോക്കാമല്ലോ…” സുദർശനൻ മാഷ് വിട്ടു കൊടുക്കാൻ കൂട്ടാക്കിയില്ല..


“എന്റെ മാഷേ… എനിക്ക് വയ്യ ഇനിയും ഒന്നു കൂടി വണ്ടി തള്ളാൻ… ഈ കുന്നിന്റെ മുകളിലേക്ക് എങ്ങയാ ഇതെത്തിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ…” അച്ഛൻ പറഞ്ഞു.


“മാഷ് പേടിക്കാണ്ട്  വാന്ന്… കഴിഞ്ഞ ആഴ്ച്ച വരെ ഞാനീ വണ്ടിയിലല്ലേ ഈ കയറ്റം കയറി വന്നു കൊണ്ടിരുന്നത്?... മാഷ് വാ…”


സുദർശനൻ മാഷ് വണ്ടി സ്റ്റാർട്ട് ചെയ്ത് റോഡിലേക്കെടുത്തു. മനസ്സില്ലാ മനസ്സോടെ അച്ഛൻ പിറകിലെ സീറ്റിൽ കയറി ഇരുന്നു. ഇരുവരെയും വഹിച്ചുകൊണ്ട് റോയൽ എൻ‌ഫീൽഡ് അയ്യപ്പന്റെ കുടിലിനടുത്തെ വളവ് തിരിഞ്ഞ് അപ്രത്യക്ഷമായി…


ഇളം കാറ്റിലൂടെ ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം… അയ്യപ്പന്റെ കുടിലിൽ നിന്നുമാണ് അതിന്റെ ഉത്ഭവം. സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാൽ പിന്നെ കുറേ നേരത്തേക്ക് ആ മുളം‌തണ്ടിൽ നിന്നും ഉതിരുന്ന ഗാനനിർഝരി ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾ പരിസരവാസികൾക്ക്  മാത്രമേയുണ്ടായിരുന്നുള്ളൂ. അതിമനോഹരമായ ആ ഈണങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുക ഒരു മായിക ലോകത്തേക്കായിരിക്കും. ഈറ്റയുടെ തണ്ടിൽ നിന്നുമെടുക്കുന്ന ചീന്തുകൾ കൊണ്ട് മുറം, കുട്ട തുടങ്ങിയ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന തൊഴിലാണ് അയ്യപ്പന്റേത്.


ദൂരെ നിന്നും പ്രതിധ്വനിച്ച് തുടങ്ങിയ റോയൽ എൻ‌ഫീൽഡിന്റെ ഘനഗാംഭീര്യമാർന്ന മുഴക്കം ഓടക്കുഴൽ നാദത്തിന്റെ വീചികളെ നിർദ്ദയം ആക്രമിച്ച് കീഴ്‌പ്പെടുത്തി. നിമിഷങ്ങൾക്കകം  മുറ്റത്തിനപ്പുറത്തെ ചെമ്മൺ പാതയിൽ വെളിച്ചം വിതറിക്കൊണ്ട്  ഓടിയെത്തിയ മോട്ടോർ സൈക്കിൾ ബ്രേക്ക് ചെയ്തു.


“ഇപ്പോൾ എങ്ങനെയുണ്ട് മാഷേ…? ഞാൻ പറഞ്ഞില്ലേ വണ്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന്…?” സുദർശനൻ മാഷുടെ സ്വരത്തിൽ തെല്ല് ഗർവ്വ് കലർന്നിരുന്നു.


“പിന്നെ എന്തായിരുന്നു പ്രശ്നം സുദർശനൻ മാഷേ…?” രംഗൻ മാഷ്‌ക്ക്  ജിജ്ഞാസ അടക്കാനായില്ല. അച്ഛന്റെ മുഖത്താണെങ്കിൽ അത്യാവശ്യം മോശമില്ലാത്ത ചമ്മലും.


“അതിപ്പോ എന്താ പറയുക… ഈ മാഷ്  ഡ്രൈവിങ്ങ് പഠിച്ചത് സ്കൂൾ കുട്ടികൾ കാണാപ്പാഠം പഠിക്കുന്നത് പോലെയല്ലേ…  സ്റ്റാർട്ട്... ഫസ്റ്റ്… സെക്കന്റ്… തേഡ്…”


“മനസ്സിലായില്ല…?”


“എന്റെ മാഷേ… നിരപ്പായ റോഡിലൂടെ ഓടിച്ച് പോകുന്നത് പോലെ തേഡ് ഗിയറിൽ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി ഓടിച്ച് കയറ്റാൻ പറ്റുമോ…? വലിയ കയറ്റങ്ങളിൽ വണ്ടി വലിക്കാതാകുമ്പോൾ ഗിയർ ഡൌൺ ചെയ്യണമെന്ന്  മാഷ്‌ടെ ഡ്രൈവിങ്ങ് ആശാൻ പറഞ്ഞ് കൊടുത്തിരുന്നില്ലത്രേ…”



                                * * *


വാൽക്കഷണം – ആ സംഭവത്തിന് ശേഷമാണ് ശ്രീമാൻ കെ.സി ഇട്ടൂപ്പിന്റെ ‘മോട്ടോർ കാർ ഡ്രൈവിങ്ങ് മാസ്റ്റർ’ എന്ന പുസ്തകം അച്ഛൻ വാങ്ങിക്കൊണ്ടു വന്നത്. അതിന്റെ അവസാന അദ്ധ്യായത്തിൽ മോട്ടോർ സൈക്കിളിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദമായി വിവരിച്ചിരിക്കുന്നു. ആ പുസ്തകം മുഴുവനും വായിക്കുവാനുള്ള ക്ഷമയൊന്നും അച്ഛനുണ്ടായില്ലെങ്കിലും ആ പുസ്തകം വായിച്ച് ഗിയർ സിസ്റ്റത്തിന്റെ സാങ്കേതിക വശങ്ങൾ ആ ചെറുപ്രായത്തിലേ എനിക്ക് മനസ്സിലാക്കുവാനായി എന്നത് ഒരു നേട്ടം തന്നെയായിരുന്നു.

Sunday, February 9, 2020

എങ്കിലും എന്റെ ഗുരുജീ...


വേലായുധേട്ടന്റെ വീട്ടിലെ ശുനകന്‍ 'ചൊക്ലി'യെ കാണുമ്പോഴെല്ലാം മനസ്സില്‍ അടക്കാനാവാത്ത ആഗ്രഹമായിരുന്നു സ്വന്തമായി ഒരു 'നായകന്‍' എനിയ്ക്കും വേണമെന്ന്‌.

'എനിയ്ക്കൊരു ശുനകന്‍ വേണമച്ഛാ' എന്നു നേരിട്ട്‌ പറയാന്‍ ധൈര്യം അല്‍പ്പം കുറവായിരുന്നതിനാല്‍ അമ്മ വഴിയാണ്‌ കാര്യം അച്ഛന്റെ മുന്നില്‍ എത്തിയത്‌. അനുജത്തിയുടെയും അനുജന്റെയും ശബ്ദ വോട്ടും കൂടിയായപ്പോള്‍ വിചാരിച്ചതിനേക്കാള്‍ പെട്ടെന്ന് പ്രമേയം പാസ്സായി. ഇനി തൃശൂരില്‍ അരിയങ്ങാടിയില്‍ പോയി ഒരു സുന്ദര നായക്കുട്ടപ്പനെ വാങ്ങിക്കൊണ്ടുവരിക എന്നത്‌ അച്ഛന്റെ പ്രോജക്റ്റ്‌.

തൃശൂരില്‍ പോയി വരുക എന്നത്‌ അര ദിവസം പാഴാവുന്ന കലാപരിപാടിയാണക്കാലത്ത്‌. പട്ടണത്തിലേയ്ക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌ രണ്ടേ രണ്ട്‌ ബസ്സുകള്‍ മാത്രം. ചരല്‍ നിറഞ്ഞ ഇടവഴിയിലൂടെ ആഞ്ഞുപിടിച്ചെത്തുമ്പേഴേയ്ക്കും 'ജീസ്സസ്‌'അതിന്റെ വഴിയേ പൊയ്‌പ്പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കാത്തു നില്‍ക്കണം 'ചാലയ്ക്കല്‍'വരുന്നത്‌ വരെ.

ബസ്സിനേക്കാള്‍ അധികം റോഡിന്റെ ഉപയോഗം വൈക്കോല്‍ ഉണക്കുന്ന പെണ്ണുങ്ങള്‍ക്കും നിരത്തിയ വൈക്കോലിനടിയിലെ ഗട്ടറുകളില്‍ വീഴാതെ സര്‍ക്കസ്‌കാരെപ്പോലെ പോകുന്ന സൈക്കിളുകാര്‍ക്കും പിന്നെ ഉശിരന്‍ വെള്ളക്കാളകളെ കെട്ടിയ ചന്തുമ്മാന്റെ കാളവണ്ടിയ്ക്കുമായിരുന്നു.

രണ്ടരയുടെ ബസ്സ്‌ അകലെ സ്റ്റോപ്പില്‍ വന്നു നിന്ന ശബ്ദം കേട്ടപ്പോള്‍ അനുജത്തി തുള്ളിച്ചാടി.

'ആ ബസ്സില്‍ എന്തായാലും അച്ഛന്‍ ഉണ്ടാവും'

തെങ്ങിന്‍ തോപ്പില്‍ക്കൂടി വരുന്ന അച്ഛന്റെ കൈയില്‍ അത്ര ചെറുതല്ലാത്ത ഒരു കാര്‍ട്ടണ്‍ കണ്ടപ്പോഴേ കാര്യം ഉറപ്പായി. എല്ലാവരുടെയും ആകാംക്ഷയ്ക്ക്‌ അറുതി വരുത്തിക്കൊണ്ട്‌ കാര്‍ട്ടണ്‍ തുറന്ന് കക്ഷിയെ പുറത്തെടുത്തപ്പോഴാണ്‌ ഞെട്ടിയ്ക്കുന്ന ആ സത്യം ഞങ്ങള്‍ മനസ്സിലാക്കിയത്‌. സുന്ദരന്‍ നായക്കുട്ടിയെ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ഒരു സുന്ദരി അള്‍സേഷന്‍ പട്ടിക്കുട്ടിയെ ആയിരുന്നു!

'ഈ അച്ഛനെ അവര്‌ പറ്റിച്ചൂന്നാ തോന്ന്‌ണേ...' അമ്മയുടെ കമന്റ്‌.

'പറ്റിച്ചതൊന്ന്വല്ലാ... പട്ടിയ്ക്കാ ശൗര്യം കൂട്വാ... ഈ തൊടീല്‌ കാലെടുത്ത്‌ കുത്ത്‌ണോനെയൊന്നും വെറുതെ വിടാന്‍ പാടില്ല...' അച്ഛനും വിട്ടുകൊടുത്തില്ല. (എറണാകുളത്തിന്‌ തെക്കോട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്‌... തൃശൂരില്‍ നായ എന്നാല്‍ പുല്ലിംഗവും പട്ടി എന്നാല്‍ സ്ത്രീലിംഗവും ആകുന്നു.)

അങ്ങനെ 'റാണി' ഞങ്ങളുടെ വീട്ടിലെ അംഗമായി വേലായുധേട്ടന്‍ പണിത മരക്കൂട്ടില്‍ വലതു കൈ വച്ചു കയറിക്കൊണ്ട്‌ ചാര്‍ജേറ്റെടുത്തു. ഞായറഴ്ചകളില്‍ അടാട്ട്‌ ചന്തയില്‍ നിന്ന്‌ രണ്ട്‌ രൂപയ്ക്ക്‌ വാങ്ങുന്ന വെട്ടിക്കൂട്ട്‌ കൊണ്ടുണ്ടാക്കുന്ന സൂപ്പ്‌ കഴിച്ച്‌ അവള്‍ കൊഴുത്തുരുണ്ടു. അവിടെയാണ്‌ പ്രശ്നങ്ങളുടെ ആരംഭം.

കാല്‍ നാഴിക ചുറ്റളവിലുള്ള കുരുത്തംകെട്ട നായക്കുട്ടന്മാരെല്ലാം സെന്റ്‌ മേരീസിലെ പിള്ളേരെ ലൈനടിയ്ക്കാന്‍ വരുന്ന സെന്റ്‌ തോമാസ്‌ ചുള്ളന്മാരെപ്പോലെ ഞങ്ങളുടെ തൊടിയിലെ വാഴച്ചുവട്ടിലും കവുങ്ങിന്‍ ചുവട്ടിലുമെല്ലാം സ്ഥിരവാസം തുടങ്ങി. ഓമനിച്ചു വളര്‍ത്തിയ കോഴികളില്‍ ചിലതെല്ലാം അവന്മാരുടെ ഉച്ചഭക്ഷണമായിത്തീര്‍ന്നതോടെ അമ്മയുടെ നേതൃത്വത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തിരമായി സമ്മേളിച്ചു.

ഉടന്‍ തന്നെ നല്ല ഒരു നായ്‌ക്കുട്ടനെ വാങ്ങിക്കൊണ്ടു വന്ന്‌ റാണിയ്ക്ക്‌ ബോയ്‌ ഫ്രെണ്ട്‌ ആയി സമ്മാനിക്കുക. അതായിരുന്നു സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ലോംഗ്‌ ടേം റെസലൂഷന്‍. അങ്ങനെയാണ്‌ റാണിയേക്കാള്‍ രണ്ട്‌ മാസം പ്രായക്കുറവുള്ള 'ജോക്കര്‍' പ്രതിശ്രുത വരന്റെ രൂപത്തില്‍ ആഗതനാകുന്നത്‌. അവിടെ പ്രശ്നം ഗുരുതരമാകുന്നു.

തന്നേക്കാള്‍ പ്രായം കുറഞ്ഞവനെ മൈന്റ്‌ ചെയ്യാന്‍ പോലും റാണി കൂട്ടാക്കുന്നില്ല. നല്ല അള്‍സേഷന്‍ ഇനത്തില്‍പ്പെട്ട തനിയ്ക്ക്‌ നാടന്‍ ലുക്ക്‌ ഉള്ള ജോക്കര്‍ ഒരിയ്ക്കലും ചേരില്ല എന്ന നിലപാടില്‍ത്തന്നെ മാസം രണ്ട്‌ കഴിഞ്ഞിട്ടും റാണി ഉറച്ചു നിന്നു. ഞങ്ങള്‍ക്കാണെങ്കില്‍ കഷ്ടകാല നേരത്ത്‌ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന അവസ്ഥയും.

അപ്പോഴാണ്‌ എന്റെ ബുദ്ധിയില്‍ (ഒടുക്കത്തെ ബുദ്ധി എന്നു പറയുന്നതാകും ശരി.) ഇതിനുള്ള പരിഹാരം ഉദിച്ചത്‌. ജോക്കറെ ഗുരുജിയുടെ വീട്ടിലേയ്ക്ക്‌ എക്സ്‌പ്പോര്‍ട്ട്‌ ചെയ്യുക.

അമ്മയുടെ ചെറിയമ്മയുടെ മകനാണ്‌ ഗുരുജി. സ്ഥാനം കൊണ്ട്‌ അമ്മാവനാണെങ്കിലും പ്രായം എന്നേക്കാള്‍ മൂന്നു വയസ്സു മാത്രം അധികം. പ്രീഡിഗ്രിയ്ക്ക്‌ സെന്തോമാസ്സില്‍ ഞാന്‍ കാലുകുത്തുമ്പോള്‍ കക്ഷി അവിടെത്തന്നെ ഡിഗ്രി രണ്ടാം വര്‍ഷം. അത്യാവശ്യം തല്ലുകൊള്ളിത്തരങ്ങള്‍ കൈയിലുള്ള മാന്യന്‍ ആയതുകൊണ്ട്‌ ഞാന്‍ കല്‍പ്പിച്ചു നല്‍കിയ പേരാണ്‌ ഗുരുജി എന്നത്‌. ഗിരിജാ തീയേറ്ററില്‍ നൂണ്‍ ഷോ എന്നൊരു പരിപാടി ഉണ്ടെന്നും 'ഉല്‍പ്പത്തി' പോലുള്ള പടങ്ങള്‍ അവിടെ കളിയ്ക്കാറുണ്ടെന്നുമുള്ള വിസ്മയകരമായ അറിവുകള്‍ എനിയ്ക്ക്‌ ആദ്യമായി പകര്‍ന്ന് തന്നത്‌ ഈ ഗുരുജിയാണ്‌.

കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക്‌ മല്‍സരിച്ച്‌ പുള്ളിയുടെയും എന്റെയും മാത്രം വോട്ടു കിട്ടി ഏട്ട്‌ നിലയില്‍ പൊട്ടി ചിന്താവിഷ്ഠനായിരിക്കുന്ന നേരത്താണ്‌ സയന്‍സ്‌ ബ്ലോക്കില്‍ വച്ച്‌ ജോക്കറിന്റെ കാര്യം ഞാന്‍ അവതരിപ്പിച്ചത്‌. ഇലക്‍ഷന്‌ പൊട്ടിയാലെന്ത്‌ ഒരു പട്ടിയേയല്ലേ ഫ്രീയായി കിട്ടുന്നത്‌ എന്നു മനസ്സിലായപ്പോള്‍ ആശാന്റെ മുഖം തെളിഞ്ഞു. അങ്ങനെ ഇരുപത്‌ പൈസ കണ്‍സഷന്‍ ടിക്കറ്റില്‍ ഞങ്ങള്‍ രണ്ടും വൈകുന്നേരം മൂന്നരയോടെ അടാട്ട്‌ ലാന്റ്‌ ചെയ്യുന്നു.

ഇനിയാണ്‌ യജ്ഞം. അടാട്ട്‌ നിന്ന് ഏതാണ്ട്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെയുള്ള വടക്കാഞ്ചേരിയിലാണ്‌ ഗുരുജിയുടെ വീട്‌. ടാക്സി വിളിച്ച്‌ പോകാനുള്ള സാമ്പത്തികശേഷി രണ്ട്‌ വീട്ടുകാര്‍ക്കും ഇല്ലാത്ത കാലം. എന്റെ ഒടുക്കത്തെ ബുദ്ധി വീണ്ടും ഉണര്‍ന്നു.

'അതിനെന്താ, മ്മ്ക്ക്‌ ബസ്സില്‌ പോവാല്ലോ....'

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോസ്റ്റ്‌ കുറയുന്ന ലക്ഷണം കണ്ടപ്പോള്‍ ഗുരുജിയുടെ വട്ടമുഖം വീണ്ടും വിടര്‍ന്നു.

അങ്ങനെ ആളൂര്‍ വെയര്‍ഹൗസില്‍ നിന്നു വാങ്ങിയ പുത്തന്‍ ബെല്‍റ്റും ചങ്ങലയുമണിഞ്ഞ ജോക്കര്‍ തന്നെ വേണ്ടാത്ത റാണിയെ ദയനീയമായി ഒന്നു നോക്കിയിട്ട്‌ ഞങ്ങളുടെ കൂടെ പടിയിറങ്ങി. എന്റെ ഒടുക്കത്തെ ബുദ്ധിയുടെ അനന്തര ഫലം അവിടെ ആരംഭിയ്ക്കുന്നു.

ബെല്‍ബോട്ടം പാന്റില്‍ ഗുരുജിയും ചുവന്ന കരയുള്ള കൈത്തറി മുണ്ടില്‍ ഞാനും വിവസ്ത്രനായ ജോക്കറേയും കൂട്ടി ബസ്സ്‌ സ്റ്റോപ്പിലെത്തിയപ്പോഴേയ്ക്കും നേരം വൈകുന്നേരം അഞ്ച്‌ മണി. നായക്കുട്ടിയെയും കൊണ്ടുള്ള ഞങ്ങളുടെ പത്രാസിലുള്ള നില്‍പ്പ്‌ കണ്ടിട്ട്‌ കോള്‍പ്പാടത്തെ പണി കഴിഞ്ഞു പോകുന്ന പെണ്ണുങ്ങള്‍ അടക്കം പറഞ്ഞ്‌ ചിരിച്ചു.

'എങ്ങ്‌ടാ ഈ നേരത്ത്‌ മാഷ്‌ടെ കുട്ടി നായനേം കൊണ്ട്‌?...' പണി കഴിഞ്ഞ്‌ വേലായുധേട്ടന്‍ ആണിക്കാലുമായി പതിവു ക്വോട്ട പൂശാന്‍ പോകുന്ന വഴിയാണ്‌.

'വടക്കാഞ്ചേരിയ്ക്കാ....'

'ഹൈയ്‌ ... അപ്പോ അവിടെത്തുമ്പോ നേരംത്തിര്യാവൂലോ...''

കരിനാവ്‌ വളച്ച്‌ ഒന്നും പറയല്ലേ ന്റെ വേലായുധേട്ടാ' എന്ന് മനസ്സില്‍ പറഞ്ഞു.

അരിവാളും ചോറ്റുപാത്രവും കൊമ്പ്‌മുറവുമായി പോകുന്ന പണിക്കാരി പെണ്ണുങ്ങളുടെ നടപ്പിന്റെ ചന്തം നോക്കി സെന്‍സസ്‌ എടുക്കുന്നതില്‍ വ്യാപൃതനായി നില്‍ക്കുകയാണ്‌ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഗുരുജി.

ബസ്സിന്റെ ശബ്ദം അടുത്ത്‌ വന്നതോടെ എന്റെ ഹാര്‍ട്ട്‌ ബീറ്റ്‌സ്‌ തൊണ്ണൂറിലെത്തിയോ എന്നൊരു സംശയം. വൈകുന്നേരം ആയതുകൊണ്ട്‌ ടൗണിലേയ്ക്കുള്ള ബസ്സില്‍ ഏഴോ എട്ടോ പേരേയുള്ളൂ.

പിന്‍വാതിലില്‍ കിളി ഇല്ല. ഭാഗ്യം. പെട്ടെന്നു തന്നെ ഞങ്ങള്‍ ബസ്സില്‍ ചാടിക്കയറി ബാക്‌ക്‍സീറ്റില്‍ വലതു വശത്ത്‌ ഇടം പിടിച്ചു. ബസ്സ്‌ യാത്രയില്‍ മുന്‍പരിചയമില്ലാത്തതിന്റെ പരിഭ്രമത്തോടെ ജോക്കര്‍ സ്റ്റെപ്പിനിടയറിന്റെ സൈഡില്‍ വീഴാതിരിയ്ക്കാന്‍ പാടുപെട്ട്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ നിന്നു.

'ഏയ്‌... ഇതു പറ്റില്യാ... നായനേം കൊണ്ട്‌ ബസ്സിലേ...' കണ്ടക്ടര്‍ ഇടയുന്ന ലക്ഷണമാണ്‌.

'ചേട്ടാ.. ഇപ്പോ തിക്കും തിരക്കുമില്ലാത്ത സമയല്ലേ... തൃശ്ശൂര്‍ വരയ്ക്കൊള്ളൂ... ' ഉടക്കിയിട്ടു കാര്യമില്ല എന്നറിയാമെന്നതു കൊണ്ട്‌ ഞാന്‍ അനുനയത്തിന്റെ സ്വരത്തില്‍ പറഞ്ഞു. തൃശൂരും കഴിഞ്ഞ്‌ മണ്ണുത്തി വരെ പോകുന്ന ബസ്സാണ്‌.

'ഡാ നിയ്യൊക്കെ കോളജീ പഠിക്കണോനല്ലേ? നെണക്കറിഞ്ഞൂടേ പബ്ലിക്‌ വാഹനത്തില്‌ മൃഗങ്ങളെ കൊണ്ട്‌ പോകാന്‍ പാടില്ലാന്ന്‌...'

'നായയ്ക്ക്‌ ടിക്കറ്റ്‌ എടുക്കാം ചേട്ടാ... പ്ലീസ്‌... പ്രശ്നണ്ടാക്കല്ലേ...'

'ഊം .. ശരി ശരി... ഈ നേരായതുകൊണ്ട്‌ എറക്കി വിട്‌ണില്യാ...'

ഗുരുജി നിസ്സംഗനായി ഞാനീ നാട്ടുകാരനല്ലേ എന്ന മട്ടില്‍ ഇരിയ്ക്കുന്നു. വടക്കാഞ്ചേരിയ്ക്കുള്ള ബസ്സില്‍ കയറട്ടെ, ഇതിനു പകരം വച്ചിട്ടുണ്ട്‌ എന്നു ഞാന്‍ സ്വയം ആശ്വസിച്ചു.

അങ്ങനെ ബാറ്റയുടെ മുന്‍പില്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചേമുക്കാല്‍. വടക്കേ സ്റ്റാന്റ്‌ വരുന്നതിനു മുന്‍പ്‌ ഷൊര്‍ണൂര്‍ ഭാഗത്തേയ്ക്കുള്ള ബസ്സുകള്‍ അവിടെ നിന്നാണ്‌ പുറപ്പെട്ടിരുന്നത്‌.

'ദേ ഗുരുജീ .. മായ ... അതില്‌ പോയാലോ...'

'ശരി വേഗം വാടാ...'

തൃശൂര്‍ റൗണ്ടിലെ ജനക്കൂട്ടം കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായി ജോക്കര്‍. തിരക്കിനിടയില്‍ക്കൂടി 'മായ'യുടെ അടുത്തേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചപ്പോള്‍ വടംവലി മല്‍സരത്തിലെന്നപോലെ അവന്‍ രണ്ട്‌ കാലുംകൊണ്ട്‌ ബ്രേക്ക്‌ ചവിട്ടി എന്നെ പുറകോട്ട്‌ വലിയ്ക്കുന്നു!

'അല്ല, ഇതെങ്ങടാ നായപിടുത്തക്കാര്‌ കേറണേ... ?' ഭീമന്‍ രഘുവിനെപ്പോലെയുള്ള കിളി ഫുട്ബോര്‍ഡ്‌ ബ്ലോക്ക്‌ ചെയ്തു.

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണേ' എന്ന മട്ടില്‍ അറിവില്ലാ പൈതലിനെപ്പോലെ ഞാനും നിന്നു.

'വി ആര്‍ നോട്ട്‌ നായപിടുത്തക്കാര്‍ ... വളര്‍ത്താനുള്ളതാ... ടിക്കറ്റ്‌ എടുക്കാഷ്ടാ...' സ്വന്തം തട്ടകത്തിലെ ബസ്സ്‌ കണ്ടതോടെ ഗുരുജി തന്റെ സ്വതസിദ്ധമായ മംഗ്‌ളീഷില്‍ കാര്യം ഏറ്റെടുത്തു.

'വളര്‍ത്താന്‌ള്ളതാണെങ്കില്‍ ടാക്സി പിടിച്ച്‌ കൊണ്ടു പോണം. വൈകുന്നേരത്തോരോന്നെറങ്ങിക്കോളും ... ഇതില്‌ കേറാന്‍ പറ്റില്യാ.... അവന്റെയൊരിംഗ്‌ളീഷ്‌'

ബസ്സിലുള്ളവരുടെയും ബസ്സ്‌ കാത്ത്‌ നില്‍ക്കുന്നവരുടെയും ശ്രദ്ധ ഞങ്ങളിലേയ്ക്കായി. രാഗത്തിലെ മാറ്റിനി കഴിഞ്ഞ്‌ വരുന്നവരുടെ തിരക്കും കൂടിയായപ്പോള്‍ കുറച്ചുദിവസ്സം മുന്‍പ്‌ പൊതുജനമദ്ധ്യത്തില്‍ തുണിയുടുക്കാതെ നില്‍ക്കുന്നതായി സ്വപ്നം കണ്ടത്‌ ഇതിന്റെ സൂചനയായിരുന്നു എന്നു മനസ്സിലായി.

'മായ' പോയി 'ഭാരത്‌' വന്നു. 'ഭാരത്‌' പോയി 'കരിപ്പാല്‍' വന്നു. സാധാരണ നിലയില്‍ ഞങ്ങള്‍ തിരിഞ്ഞുനോക്കാത്ത 'പാട്ട'ബസ്സുകളില്‍ പോലും പ്രവേശനം നിഷേധിച്ചതോടെ അലോഷ്യസ്സ്‌ പോയിട്ട്‌ ഗവണ്‍മന്റ്‌ കോളേജില്‍ പോലും അഡ്‌മിഷന്‍ കിട്ടാതെ പാരലല്‍ കോളേജിന്റെ വരാന്തയില്‍ നില്‍ക്കുന്ന അവസ്ഥയിലായി ഞങ്ങള്‍. ഈ നിമിഷം ഭൂമി പിളര്‍ന്ന് ഈ ശുനകന്‍ താഴ്‌ന്നു പോയിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചു.

ആരംഭത്തിലുണ്ടായിരുന്ന ധൈര്യം ഇരുട്ട്‌ വീണതോടെ ആവിയായി പോകുന്നത്‌ ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു. എട്ടുമണി കഴിഞ്ഞാല്‍ പിന്നെ അടാട്ടേയ്ക്കും വടക്കാഞ്ചേരിയിലേയ്ക്കും ബസ്സില്ല എന്ന ഭീകര സത്യം കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലെ കാര്‍പേത്യന്‍ മലനിരകളില്‍ എത്തിപ്പെട്ട അവസ്ഥയിലേയ്ക്ക്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

'ഡാ, നിന്റെ കൈയില്‍ എത്ര രൂപയുണ്ട്‌? ... ' ഗുരുജിയുടെ ബുദ്ധിയില്‍ റെസ്‌ക്യൂ പ്ലാന്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്തു.

അന്നത്തെ ഫാഷനായ ഫ്ലാപ്‌ വച്ച പോക്കറ്റില്‍ ഇന്‍വെന്ററി എടുത്തപ്പോള്‍ കിട്ടിയത്‌ ഒന്‍പത്‌ രൂപ. ഗുരുജിയുടെ പോക്കറ്റിലെ പതിമൂന്ന്‌ രൂപയും കൂടിയായപ്പോള്‍ പ്ലാന്‍ ഇംപ്ലിമന്റ്‌ ചെയ്യാനുള്ള ആത്മവിശ്വാസം കൈവന്നു.

'പതിനാറു രൂപയില്‍ ഒരു പൈസ കുറയില്യാ... കിലോമീറ്റര്‍ ഇരുപതാ നെങ്ങളീപ്പറയണ സ്ഥലത്തിയ്ക്ക്‌...' പാട്ട ലാംബ്രട്ട ഓട്ടോ റിക്ഷക്കാരന്റെ ഡിമാന്റ്‌.

'പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടെടാ' എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാനും ഗുരുജിയും തല കുനിച്ച്‌ ഓട്ടോയുടെ ഉള്ളില്‍ കയറി. ഇതിനൊക്കെ കാരണക്കാരനായ ജോക്കര്‍ തല നിവര്‍ത്തിയും.

മുക്കാല്‍ മണിക്കൂര്‍ യാത്ര കഴിഞ്ഞ്‌ റെയില്‍വേ ലൈനിനിപ്പുറം ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ നീണ്ട ഹോഴ്‌സ്‌ റെയ്‌സ്‌ കഴിഞ്ഞ്‌ താഴെയിറങ്ങിയ കുതിരക്കാരന്റെ പോലെ തണ്ടെല്ലിനു നല്ല വേദന.

ഗുരുജിയുടെ ഓണം കേറാമൂലയിലെ സകല നായ്ക്കളുടെയും ശബ്ദായമാനമായ അകമ്പടിയോടെ കൂരാക്കൂരിരുട്ടത്ത്‌ ഒരു കിലോമീറ്റര്‍ കുന്ന് കയറി വീടെത്തിയപ്പോള്‍ സമയം ഒമ്പതര!

അതിലേതോ ഒരു ശുനകന്റെ പല്ലുടക്കി കീറിയ കൈത്തറി ഡബിള്‍ (എന്റെ ആകെപ്പാടെയുള്ള പ്രെസ്റ്റീജിയസ്‌ ഡ്രെസ്സ്‌) നോക്കി നെടുവീര്‍പ്പിട്ടിരിയ്ക്കുമ്പോള്‍ ഗുരുജി ഇങ്ങനെ മൊഴിഞ്ഞു.

'പണം ഇന്നു വരും, നാളെ പോകും... മാനമാണ്‌ വലുത്‌. വി ഹാവ്‌ റ്റു കീപ്‌ അവര്‍ ഡിഗ്‌നിറ്റി...'

ധനനഷ്ടവും സമയനഷ്ടവും മാനഹാനിയും ഒരുമിച്ചനുഭവിച്ച ഞാന്‍ ഡിഗ്‌നിറ്റി കീപ്‌ ചെയ്യാന്‍ അടിയും മുകളും ഇന്റര്‍ചെയ്ഞ്ച്‌ ചെയ്തുടുത്ത മുണ്ടിന്റെ മടക്കിക്കുത്ത്‌ നാളെ തിരിച്ച്‌ വീടെത്തുന്നത്‌ വരെ അബദ്ധത്തില്‍ പോലും താഴ്ത്തിയിടാനിടയാകല്ലേ എന്നു പ്രാര്‍ത്ഥിച്ച്‌ എന്റെ ഒടുക്കത്തെ ബുദ്ധിയെ പഴി ചാരി ഉറങ്ങാന്‍ കിടന്നു.

Tuesday, November 20, 2018

മദിരാശീയം - 8

ചീട്ടുകളി സംഘം തിരിച്ച് പോയതിന് ശേഷം കുറേ നാളത്തേക്ക് എല്ലാവർക്കും ഓർത്തോർത്ത് ചിരിക്കുവാൻ വേറൊന്നും വേണ്ടി വന്നില്ല.

അങ്ങനെയിരിക്കെ ഒരു നാൾ വൈകുന്നേരം പട്ടത്തിയുടെ മകൻ സുരേഷ് ഒരു വെഡ്ഡിങ്ങ് ഇൻവിറ്റേഷൻ കാർഡുമായി മുകളിലെത്തി.

"അടുത്ത വാരം അക്കാവോട തിരുമണം... മാമ്പലത്ത് ആഡിറ്റോറിയത്തിൽ ആക്കും... നീങ്ക എല്ലോരും വന്തേ ആകണം..." അവൻ ഔപചാരികമായി ഞങ്ങളെ ക്ഷണിച്ചു.

വിവാഹത്തിന്റെ തലേന്ന് മുതൽ തന്നെ സദ്യയുടെ ഏർപ്പാടിനും മറ്റുമായി സഹോദരന്മാർ എന്ന നിലയിൽ സകല പിന്തുണയുമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ട് ഞങ്ങൾ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. അക്കാവെ മാപ്പിളൈയുടെ കൈയിൽ പിടിച്ചേൽപ്പിക്കുന്നത് വരെയുള്ള ഉത്തരവാദിത്വങ്ങൾ എല്ലാം തന്നെ തമ്പിമാർ എന്ന നിലയിൽ ഞങ്ങൾ ഭംഗിയായി നിർവ്വഹിച്ചു.

പട്ടത്തിയുടെ വീട്ടിൽ താമസം തുടങ്ങിയിട്ട് നാലോ അഞ്ചോ മാസങ്ങൾ കടന്ന് പോയിരിക്കുന്നു. കാര്യമായ വ്യവസ്ഥാ ലംഘനങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് പറയാം. നോൺ വെജിറ്റേറിയൻ ഭക്ഷണം പാചകം ചെയ്യണമെന്ന ആഗ്രഹം കലശലായി തോന്നാറുണ്ടെങ്കിലും ഉള്ള കഞ്ഞിയിൽ പാറ്റ ഇടണ്ടല്ലോ എന്ന ചിന്തയിൽ ഞങ്ങൾ ആ ആഗ്രഹങ്ങളെ നിഷ്കരുണം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

അങ്ങനെയൊരു നാൾ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ പ്രേമാനന്ദ് പറഞ്ഞു. "മച്ചാ... അടുത്ത വാരം എന്നോട അപ്പാവും അമ്മാവും തമ്പിയും വരപ്പോറാങ്ക... രണ്ട് നാൾ തങ്കപ്പോറാങ്ക... അന്ത രണ്ട് നാൾ അമ്മാവോട സമയൽ... രുസിയാ സാപ്പിടലാം..."

പറഞ്ഞത് പോലെ തന്നെ അടുത്തയാഴ്ച അവന്റെ മാതാപിതാക്കളും അനുജനും വെല്ലൂരിൽ നിന്നും എത്തി. തമിഴ് ശൈലിയിൽ ആണെങ്കിലും വിഭവ സമൃദ്ധമായിരുന്നു ആ രണ്ട് നാളുകൾ. സ്വന്തം മക്കൾക്കെന്ന പോലെ ഞങ്ങൾക്കെല്ലാവർക്കും ആ അമ്മ ഭക്ഷണം വിളമ്പി. നോൺ വെജ് പാചകം ചെയ്യുന്നതിനുള്ള നിരോധനത്തെക്കുറിച്ച് അവർ സങ്കടപ്പെടുകയും ചെയ്തു.

മാതാപിതാക്കൾ പോയി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പ്രേമാനന്ദ് ആ പ്രഖ്യാപനം നടത്തിയത്. അവനും ജയരാജും താമസം മാറാൻ പോകുന്നു...! വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചുകൊണ്ട് തങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ ബുദ്ധിമുട്ടാണ് എന്നതായിരുന്നു മുഖ്യ കാരണം.

അങ്ങനെ ഞങ്ങളുടെ ആറംഗ സംഘത്തിൽ നിന്നും വിട പറഞ്ഞു പോയ പ്രേമാനന്ദിനെയും ജയരാജിനെയും പിന്നെ കാണുന്നത് കോളെജിൽ വച്ച് വല്ലപ്പോഴും മാത്രമായി. പിന്നെ പതിയെ പതിയെ അതും ഇല്ലാതെയായി.

(കാലങ്ങൾക്കിപ്പുറം, അന്നത്തെ ആറംഗ സംഘത്തിലെ ഓരോരുത്തരെയായി തേടിപ്പിടിച്ച് കണ്ടെത്തുന്ന ശ്രമത്തിനിടയിലായിരുന്നു ആ നടുക്കുന്ന വാർത്ത ഞങ്ങൾ അറിഞ്ഞത്... രണ്ട് വർഷം മുമ്പ് ഒരു ഹൃദയാഘാതത്തെ തുടർന്ന് പ്രേമാനന്ദ്  ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞിരുന്നു എന്ന്...! അതൊരു വിങ്ങലായി ഇന്നും അവശേഷിക്കുന്നു.)

അംഗസംഖ്യ കുറഞ്ഞതോടെ വാടകവിഹിതം ഏറിയത് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് പുതിയ രണ്ട് അംഗങ്ങൾക്കായുള്ള അന്വേഷണം ഞങ്ങൾ തുടങ്ങിയത്.

പുതിയ ഒരു അംഗത്തിന്റെ വിവരവുമായി ആദ്യം എത്തിയത് അനിൽ ആയിരുന്നു. കോളെജിൽ ഓട്ടോമൊബൈൽ ഡിപ്ലോമയുടെ ജൂനിയർ  ബാച്ചിൽ വന്ന് ചേർന്ന മറ്റൊരു കോഴിക്കോട്കാരൻ... അവന്റെ പേരും അനിൽ എന്ന് തന്നെ...! അങ്ങനെ കൺഫ്യൂഷൻ ഒഴിവാക്കാൻ പഴയ അനിലിനെ വലിയ അനി എന്നും പുതിയ അനിലിനെ ചെറിയ അനി എന്നും ഞങ്ങൾ പുനഃർനാമകരണം ചെയ്തു.

ഏതാനും ദിനങ്ങൾക്ക് ശേഷം ആറാമനായി ഒരാൾ കൂടി എത്തി. കോട്ടയം കറുകച്ചാൽ സ്വദേശി ജോജി... എന്നെയും ഷിബുവിനെയും പോലെ AMIE എന്ന മഹാമേരു കീഴടക്കാൻ എത്തിയവനായിരുന്നു ജോജിയും.

പട്ടത്തിയുടെ കണ്ടീഷനുകൾ എല്ലാം വ്യക്തമായി പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവരുടെയും റിക്രൂട്ട്മെന്റ്.

ഒരു ഭാഗത്ത് അനിയും അനിയും കൂടി  കോഴിക്കോടൻ നർമ്മങ്ങളുടെ കെട്ടുകൾ അഴിച്ച് ഞങ്ങൾക്ക് മുന്നിൽ നിരത്തിയിടുമ്പോൾ മറുഭാഗത്ത് ഷിബുവും ജോജിയും കൂടി മദ്ധ്യ തിരുവിതാംകൂർ ജാടകൾ വിളമ്പി. ഇതെല്ലാം ഏറ്റുവാങ്ങാനായി എന്റെയും മനോജിന്റെയും ജീവിതം പിന്നെയും ബാക്കി...

ഒരേ തരംഗദൈർഘ്യത്തിൽ ആറ് പേരും അങ്ങനെ പൊയ്ക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി ഒരു നാൾ ആ സംഭവം നടക്കുന്നത്. ഞങ്ങളിൽ ഒരുവന്റെ ജീവന് തന്നെ ഭീഷണി ആയി മാറിയ ആ സംഭവം...

(തുടരും)

Sunday, September 17, 2017

മദിരാശീയം - 7



ഗോൾഡൻ ബീച്ച് സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് എല്ലാവരുടെയും സാഹസിക മനോഭാവത്തിന് അല്പം ശമനം വന്നു എന്നതായിരുന്നു സത്യം. പിന്നീടുള്ള ഔട്ടിങ്ങ് ഏറിപ്പോയാൽ ആദമ്പാക്കം ജയലക്ഷ്മി, ആലന്തൂർ മതി, സെന്റ് തോമസ് മൌണ്ട് ജ്യോതി എന്നീ തീയേറ്ററുകളിലെ ഫസ്റ്റ് ഷോയിലേക്ക് ചുരുങ്ങി. പഠനവും അതോടൊപ്പം തന്നെ കൊണ്ടുപോകുക എന്ന ദൌത്യം മറക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടായിരുന്നു എന്ന കാ‍ര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

വേനൽ വിട പറഞ്ഞ് നവംബർ അടുത്തതോടെ ചൂടിൽ നിന്നും ഒരു ശമനമാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ. കേരളത്തിലെ തുലാവർഷ സമയത്താണ് മദിരാശിയിൽ ആകെക്കൂടി മഴ ലഭിക്കുക. മദിരാശിയിലെ മഴയെ ആവോളം ആസ്വദിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നു ഞങ്ങൾ. എന്നാൽ എല്ലാ‍വരെയും ഭീതിയിൽ ആഴ്ത്തിക്കൊണ്ട് ഒരു ദുഷ്ടൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന വിവരം ഓൾ ഇന്ത്യാ റേഡിയോ ചെന്നൈ ഞങ്ങളെ അറിയിച്ചത് 1984 നവംബർ പന്ത്രണ്ടിനായിരുന്നുവെന്ന് തോന്നുന്നു. മണിക്കൂറിൽ നൂറ് മുതൽ നൂറ്റിയിരുപത് കിലോമീറ്റർ വരെ വേഗതയിൽ ഒരു സൈക്ലോൺ ചെങ്കൽപ്പെട്ട്, മദിരാശി, ആന്ധ്രയിലെ നെല്ലൂർ, പ്രകാശം എന്നീ തീരങ്ങളിൽ വീശിയടിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗരൂകരായിരിക്കണമെന്നുമായിരുന്നു അറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം  കനത്ത മഴയും പ്രളയവും ഉണ്ടാകുമെന്നും ഒരാഴ്ച്ചത്തേക്ക് ആവശ്യമുള്ള സാധനങ്ങൾ ജനങ്ങൾ കരുതി വച്ചിരിക്കണമെന്നും ഒക്കെയുള്ള അറിയിപ്പുകൾ ഓരോ മണിക്കൂറും ഇടവിട്ട് ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു.

ഒരു കാറ്റ് വരുന്നതിന് ഇത്രമാത്രം പേടിക്കാനെന്തിരിക്കുന്നു എന്നതായിരുന്നു ആദ്യമൊക്കെ ഞങ്ങൾ മലയാളത്താന്മാരുടെ നിലപാട്. എന്നാൽ വെല്ലൂര്കാരനായ പ്രേമാനന്ദിന് അതത്ര ലാഘവത്തോടെ എടുക്കുവാനാകുമായിരുന്നില്ല. 

“മച്ചാ... നീങ്ക നിനൈക്കിറ മാതിരിയില്ലൈ... സൈക്ലോൺ‌ന്നാ ഉങ്കളുക്ക് തെരിയാത്... രൊമ്പ കെയർഫുള്ളാ ഇരുക്കണം...”

“ആമാ മച്ചാ...” ജയരാജും അവനെ പിന്താങ്ങി.

ആ സമയത്താണ് പട്ടത്തിയുടെ മകൻ സുരേഷും എത്തിയത്. ഒരാഴ്ച്ചത്തേക്കുള്ള സാധനങ്ങൾ എല്ലാം സ്റ്റോക്ക് ചെയ്യണം, പുയൽ അടിച്ചു തുടങ്ങിയാൽ പിന്നെ ആരും പുറത്തിറങ്ങരുത്, ജനാലകളും വാതിലുകളും എല്ലാം അടച്ച് ടേപ്പ് ഒട്ടിച്ച് കാറ്റ് കയറാത്ത നിലയിലാക്കണം എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ഒന്നു കൂടി ഭീതിയിലാഴ്ത്തി.

നവംബർ 14 ന് രാവിലെ തന്നെ മഴ കോരിച്ചൊരിഞ്ഞു തുടങ്ങിയത് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ശരി വച്ചു കൊണ്ടായിരുന്നു. ഒരാഴ്ച്ചത്തേക്ക് ആവശ്യമുള്ള സാധനങ്ങൾ ശേഖരിച്ചു വയ്ക്കണമെന്ന നിർദ്ദേശം പാലിക്കുവാൻ ഞങ്ങൾ തീരുമാനിച്ചത് ഭയം കൊണ്ടൊന്നുമായിരുന്നില്ല. പട്ടിണിയായാലോ എന്ന അചിന്തനീയമായ അവസ്ഥയെക്കുറിച്ചോർത്ത് മാത്രമായിരുന്നു. എന്റർടെയ്ൻ‌മെന്റിനായി വാങ്ങിയ രണ്ട് പാക്കറ്റ് ചീട്ടു കൊണ്ട് തുടങ്ങിയ ഇരുപത്തിയെട്ട് കളിക്ക് ഒരു ഇടവേള കൊടുക്കുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.

നിർത്താതെ പെയ്യുന്ന മഴനൂലുകൾ ചരിഞ്ഞു തുടങ്ങിയിരിക്കുന്നു. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് തെന്നി നീങ്ങുന്ന മഴ... കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. അതേ അറിയിപ്പ് റേഡിയോയിലൂടെയും കേൾക്കാനുണ്ട് ഇപ്പോൾ. ചുഴലിക്കാറ്റ് മദിരാശി തീരത്തേക്ക് പ്രവേശിച്ചിരിക്കുന്നുവത്രെ. ജനാലകളും വാതിലുകളും അടച്ച് സുരക്ഷിതരായി ഇരിക്കുവാനുള്ള അഭ്യർത്ഥനയാണ് റേഡിയോയിൽ ഇപ്പോൾ.  അപ്പുറത്തെ തൊടിയിലെ നീളൻ തെങ്ങിന്റെ തലപ്പ് വളഞ്ഞ് നിലം തൊടുമോ എന്ന് തോന്നും ചൂളം വിളിച്ച് വീശുന്ന കാറ്റിന്റെ ശക്തി കണ്ടാൽ. വീടിന് മുൻഭാഗത്തുള്ള പ്ലോട്ടുകളിലൊക്കെ വെള്ളം നിറഞ്ഞിരിക്കുന്നു. വൈദ്യുതി ബന്ധം നിലച്ചതോടെ മെഴുക് തിരി വെട്ടത്തിൽ തുടർന്ന ഇരുപത്തിയെട്ട് കളി രാത്രിയിലെപ്പോഴോ ഉറക്കത്തിന് വഴി മാറുന്നത് വരെ തുടർന്നു.

നേരം പുലർന്നപ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നു. മഴ ചാറുന്നുണ്ട്. പോലീസ് സ്റ്റേഷന് സമീപം ആദമ്പാക്കം തടാകത്തിന്റെ ഒരു ഭാഗത്ത് വെള്ളം കരകവിഞ്ഞ് റോഡിലേക്ക് ഒഴുകുന്നു എന്ന വാർത്തയുമായാണ് പട്ടരുടെ മകൻ സുരേഷ് എത്തിയത്. റോഡിന് മറുഭാഗത്തുള്ള കോളനിയിലെ വീടുകളിലൊക്കെ വെള്ളം കയറിയിരിക്കുകയാണത്രെ. മാത്രമല്ല ആണ്ടാൾ നഗർ മുഴുവനും വെള്ളത്തിനടിയിലായിരിക്കുകയും ചെയ്തിരിക്കുന്നു.

മനോജിന്റെയും അനിലിന്റെയും സാഹസികതയ്ക്ക് ചിറക് മുളച്ചത് അപ്പോഴായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ട് നമുക്കതൊക്കെ ഒന്ന് പോയി കാണണ്ടേ...? പ്രേമാനന്ദും ജയരാജും കൂടി ശബ്ദവോട്ടോടെ പ്രമേയം പാസാക്കിയപ്പോൾ പിന്നെ ബാക്കിയുണ്ടായിരുന്ന ഷിബുവും ഞാനും കരിങ്കാലികളാകാൻ നിന്നില്ല. മഴ ഞങ്ങൾക്ക് ഒരു പ്രശ്നമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് എല്ലാവരും അവരവരുടെ സൈക്കിളുകളിൽ റോഡിലേക്കിറങ്ങി. ഞങ്ങളുടെ കോളനിയിൽ നിന്നും റോഡിലേക്ക് തിരിഞ്ഞതോടെ പേമാരിയും ചുഴലിക്കാറ്റും വരുത്തി വച്ച നാശനഷ്ടങ്ങൾ കാണാനാകുന്നുണ്ടായിരുന്നു. തടാകത്തിന്റെ ബണ്ടിൽ താമസിച്ചിരുന്ന പലരുടെയും കുടിലുകളുടെ മേൽക്കൂര പറന്നു പോയിരിക്കുന്നു. അല്പം കൂടി മുന്നോട്ട് നീങ്ങിയതോടെ റോഡിൽ വെള്ളം കുത്തിയൊലിച്ചു കൊണ്ടിരിക്കുകയാണ്. തടാകം കവിഞ്ഞൊഴുകുന്നു. സൈക്കിളിന്റെ വീലുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിനടിയിലാണ്. ചവിട്ടാൻ ആയാസമുണ്ടെങ്കിലും സാഹസിക യാത്രയുടെ ത്രില്ലിലാണ് എല്ലാവരും.

പോലീസ് സ്റ്റേഷന് സമീപമാണ് വെള്ളം കര കവിഞ്ഞ് റോഡിലേക്ക് കുത്തിയൊഴുകുന്നത്. പെട്ടെന്നാണത് സംഭവിച്ചത്...! സൈക്കിൾ ജാഥ നയിച്ച് മുന്നോട്ട് നീങ്ങിയ മനോജിനെ കാണാനില്ല...! തൊട്ടു പിന്നാലെയുണ്ടായിരുന്ന ഷിബുവും അതാ അടുത്ത നിമിഷം അപ്രത്യക്ഷമാകുന്നു...! അതു കണ്ട പ്രേമാനന്ദ് ഉച്ചത്തിൽ വിളിച്ചു കൂവി.  “മച്ചാ... പള്ളം... പള്ളം...”

രണ്ട് നിമിഷം കഴിഞ്ഞതും, അപ്രത്യക്ഷരായ ഇരുവരും പതുക്കെ പൊന്തി വന്നു. വെള്ളം കുത്തിയൊലിച്ചുണ്ടായ ഒരു ഗർത്തത്തിലായിരുന്നു ഇരുവരും സൈക്കിളുകളോടെ മുങ്ങിപ്പോയത്. പിന്നെ ഒന്നു കൂടി മുങ്ങി തങ്ങളുടെ സൈക്കിളുകളും വലിച്ചെടുത്ത് ചമ്മലോടെ അവർ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു. അങ്ങനെ കുറേക്കാലത്തേക്ക് എല്ലാവർക്കും പറഞ്ഞ് ചിരിക്കുവാനുള്ള വക സമ്മാനിച്ച ആ സംഭവം ഇപ്പോൾ ഇർമ്മ ചുഴലിക്കാറ്റ് വന്നപ്പോൾ ഓർമ്മയിലെത്തി എന്ന് മാത്രം...

                                                         ***
മേൽ‌വിലാസത്തിലെ കൈയക്ഷരം കണ്ടപ്പോഴേ മനസ്സിലായി. കത്ത് രാജന്റേതാണ്. ലാന്റ് ഫോണുകൾ പോലും ഒരു ആഡംബരമായി കണക്കാക്കപ്പെട്ടു വന്ന അന്നൊക്കെ കത്തുകളുടെ വസന്തകാലമായിരുന്നു എന്ന് പറയാം. അടുത്തയാഴ്ച്ച അവനും മൂന്ന് സുഹൃത്തുക്കളും കൂടി മദിരാശിപ്പട്ടണം കാണുവാനായി വരുന്നുവത്രെ.

ഒരേ തരംഗദൈർഘ്യമുള്ളവർക്ക് ചങ്ങാത്തത്തിലാവാൻ ഒട്ടും സമയം വേണ്ട എന്നതിന്റെ തെളിവായിരുന്നു ഞങ്ങളുടെ സൌഹൃദം. പ്രീഡിഗ്രി കഴിഞ്ഞ് സെന്റ് തോമസിൽത്തന്നെ ഡിഗ്രിയ്ക്ക് ചേർന്നപ്പോൾ പഴയ സുഹൃത്തുക്കളിൽ പലരും എൻ‌ജിനീയറിങ്ങിനും മറ്റുമായി പല വഴികളിൽ മാറിപ്പോയിരുന്നു. നഗരവാസികളുടെ ജാഡകളിൽ നിന്നും വിഭിന്നമായി ഗ്രാമീണരുടെ ലാളിത്യമായിരുന്നിരിക്കാം ഒരു പക്ഷേ ഞങ്ങളുടെ സൌഹൃദത്തിന് തുടക്കമിട്ടത്. ബിരുദപഠനം കഴിയാറാകുമ്പോഴേക്കും അത് ഒരു കുടുംബ സൌഹൃദം തന്നെയായി മാറിക്കഴിഞ്ഞിരുന്നു. അത്യാവശ്യം തമിഴ് കൈകാര്യം ചെയ്യാനറിയുന്നത് കൊണ്ട് ഉപരിപഠനത്തിനായി മദിരാശിയിലേക്കുള്ള ആദ്യയാത്രയിൽ എനിക്കും അച്ഛനുമൊപ്പം മാർഗ്ഗദർശിയായി രാജനായിരുന്നു ഒപ്പം വന്നത്.

നാലഞ്ച് ദിവസത്തേക്ക് അതിഥികളെക്കൂടി തങ്ങാൻ അനുവദിക്കണമെന്ന നിവേദനവുമായി ചെന്ന എന്നെ പട്ടത്തി നിരാശപ്പെടുത്തിയില്ല. വീട് എടുക്കുമ്പോൾ മുന്നോട്ട് വച്ച നിബന്ധനകൾ തന്നെ അവർ ആ‍വർത്തിച്ചു. പെൺകുട്ടികളുള്ള വീടാണ്... ശല്യമുണ്ടാക്കാതെ നോക്കണം... പത്ത് മണിക്ക് മുമ്പ് തിരികെയെത്തണം...

അങ്ങനെ ആ സുദിനം വന്നെത്തി. ഒരു ശനിയാഴ്ച്ച. നമ്പർ 20 മദ്രാസ് മെയിൽ വന്നിറങ്ങിയ അവർ മേൽ‌വിലാസം തേടിപ്പിടിച്ച് രാവിലെ ഒമ്പത് മണിയോടെ വീടിന് മുന്നിലെത്തി. പട്ടത്തിയെയും കുടുംബത്തെയും പരിചയപ്പെടുത്തിക്കൊടുത്തതിന് ശേഷം മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. എല്ലാവരും പരസ്പരം പരിചയപ്പെട്ടതിന് ശേഷം മനോജ് ചോദിച്ചു.

“ആട്ടെ, എന്തൊക്കെയാണ് ടൂർ പ്രോഗ്രാം...?”

ഒട്ടും ആലോചിക്കേണ്ടി വന്നില്ല രാജന്. “അത്... മറീനാ ബീച്ച്, ബർമ്മാ ബസാർ, നുങ്കമ്പാക്കം വള്ളുവർക്കൊട്ടം, ടി-നഗർ, സെന്റ് തോമസ് മൌണ്ട്, വി.ജി.പി ഗോൾഡൻ ബീച്ച്, വണ്ടലൂർ മൃഗശാല... പിന്നെ എവിടെയൊക്കെ പോകാമോ അവിടെയൊക്കെ...”

“എന്തായാലും എല്ലാവരും കുളിച്ച് ഫ്രെഷായിട്ട് വാ... നമുക്ക് ഭക്ഷണം കഴിച്ചിട്ട് തുടങ്ങാം... എന്തേയ്...?” അനിൽ പറഞ്ഞു.

എല്ലാവരുടെയും കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് പതിനൊന്ന് മണിയോടടുത്തിരുന്നു.

“ഇനിയിപ്പോൾ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിട്ട് ഒരു മൂന്ന് മണിയോടെ ഇറങ്ങാം...” ഷിബു പറഞ്ഞു. “വല്ലാത്ത ചൂടായിരിക്കും ഇപ്പോൾ...”

“അത് ഉണ്മൈ മച്ചാ... സായംകാലംന്നാ മറീനാ ബീച്ച് പോയിടലാം...” പ്രേമാനന്ദിന്റെ അഭിപ്രായം തികച്ചും ന്യായമായിരുന്നു.

“അല്ല, എത്ര ദിവസത്തെ പ്രോഗ്രാമാണ്...?” ഞാൻ ചോദിച്ചു.

“മൂന്ന് ദിവസം... ഇവർക്കൊക്കെ അവിടെ ചെന്നിട്ട് ഓരോരോ പണികളുള്ളതാ...” രാജൻ പറഞ്ഞു.

മൂന്ന് ദിവസം... മറീനാ ബീച്ച്, ഗോൾഡൻ ബീച്ച്, വള്ളുവർക്കൊട്ടം, ടി-നഗർ, സെന്റ് തോമസ് മൌണ്ട്, വണ്ടലൂർ... നടന്നത് തന്നെ...

ഊണ് കഴിഞ്ഞിട്ട് പുറത്തെ ടെറസിലേക്ക് അവർ ഇറങ്ങി. ചുട്ടുപൊള്ളുന്ന വെയിൽ. “ദെന്തൂട്ട് ചൂടസ്റ്റാ...?” രാജന്റെ കൂട്ടുകാർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു മദിരാശിയിലെ ചൂട്.

“ഓ... എന്നാ പറയാനാ... ഈ ചൂടൊന്ന് കുറയണമെങ്കിൽ നാല് നാലരയൊക്കെയാവുമെന്നേയ്...” ഷിബു തന്റെ ആധികാരികശൈലി പുറത്തെടുത്തു.

“ബീച്ചിലേക്കല്ലേ... നമുക്കൊരു നാലരയാകുമ്പോൾ ഇറങ്ങിയാൽ മതി...ഗിണ്ടിയിൽ ചെന്നിട്ട് ബസ്സ് പിടിക്കാം...” മനോജ് പറഞ്ഞു.

“അത് കറക്ട്...” പ്രേം പറഞ്ഞു. “അപ്പടീന്നാ അത് വരെയ്ക്കും എല്ലോരും ശേർന്ത് കാർഡ്സ് വിളൈയാടലാമാ...?”

“അത് ഐഡിയ...” രാജന്റെ കൂടെ വന്നവരിൽ ഒരാൾ സപ്പോർട്ട് ചെയ്തു.

അങ്ങനെ ആറ് പേർ ചേർന്ന് തുടങ്ങിയ അമ്പത്തിയാറ് കളി ആവേശം മൂത്തതോടെ നാലരയായതും അഞ്ചരയായതും ആറരയായതും ആരും അറിഞ്ഞില്ല... കുണുക്കുകളും കാപ്പുകളും ഒക്കെ ഭൂഷണങ്ങളായി ചെവിയിലും തലയിലും മറ്റും കയറിയതോടെ വാശി ഏറിക്കൊണ്ടിരുന്നു. എട്ടു മണിയോടെ ഭക്ഷണം കഴിക്കുവാനായി കളി നിർത്തിയപ്പോൾ എല്ലാവരുടെയും ആവശ്യം ഒന്നായിരുന്നു. ഇപ്പോൾ ഉള്ള നിലയിൽ നിന്ന് തന്നെ നാളെ രാവിലെ കളി തുടരുന്നതായിരിക്കും...

രാത്രിയിൽ ടെറസിന് മുകളിൽ ഉറങ്ങാൻ കിടക്കുമ്പോൾ രാജൻ പറഞ്ഞു. “ഇന്നത്തെ ദിവസം ചീട്ട് കളിച്ച് പോയി... നാളെ രാവിലെ തന്നെ നമുക്ക് ഇറങ്ങിയാലോ...?”

“ഏയ്... അത് ശരിയാവില്യാ... ഇന്ന് ഞാൻ വച്ച കുണുക്ക് ഇറക്കിട്ടേ ഇനി ബാക്കി കാര്യുള്ളൂട്ടാ... അല്ലാണ്ടെ ഞാനെവിടെയ്ക്കൂല്ല്യാ...” കുണുക്കും കുണുക്കിന്റെ പുറത്ത് കുണുക്കും കയറിയ കുന്നംകുളം‌ ഗഡികളിൽ ഒരുവൻ ബലം പിടിച്ചു.

അങ്ങനെ രണ്ടാം ദിനവും ബ്രേക്ക്ഫാസ്റ്റിന് ശേഷം തലേന്ന് നിർത്തിയിടത്ത് നിന്ന് ചീട്ട് കളി തുടരുകയാണ് സുഹൃത്തുക്കളേ തുടരുകയാണ്... ഊണും ഉറക്കവും ഇല്ലാത്ത കളി എന്ന് പറഞ്ഞാൽ ഇതാണ്... കുണുക്ക് കയറിയവന്റെ കുണുക്കുകൾ അധികരിക്കുന്നതല്ലാതെ ഇറങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അത് ഇറങ്ങാതെ താൻ എങ്ങോട്ടുമില്ല എന്ന വാശിയിൽ കുന്നംകുളം ഗഡിയും... അടുത്തുള്ള സെന്റ് തോമസ് മൌണ്ട് എങ്കിലും പോയി കാണാമെന്ന രാജന്റെ അഭ്യർത്ഥന പോലും അവൻ നിർദ്ദയം തള്ളിക്കളഞ്ഞു...!

തോൽ‌വിയും വിജയവുമായി രണ്ടാം ദിനവും പര്യവസാനിച്ചപ്പോൾ സഞ്ചാരികളുടെ ഓട്ടക്കീശയിൽ പിന്നെ അവശേഷിച്ചത് വെറും ഒരു ദിവസം മാത്രമായിരുന്നു. പിറ്റേദിവസത്തെ റിട്ടേൺ ടിക്കറ്റ് എടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് രാജൻ പ്രഖ്യാപിച്ചു.

“നാളെ വൈകുന്നേരം ആറരയ്ക്കാണ് തൃശൂർക്കുള്ള ട്രെയിൻ... ഞാൻ മദിരാശിയൊക്കെ മുമ്പ് കണ്ടിട്ടുള്ളതാ... നിങ്ങൾക്ക് ആർക്കെങ്കിലും കാണണമെന്നുണ്ടെങ്കിൽ നാളെ രാവിലെ മുതൽ ഉച്ച വരെ സമയമുണ്ട്... കളി ഇന്നത്തോടെ അവസാനിപ്പിച്ചോണം...”

അങ്ങനെയാണ് കുന്നംകുളത്ത് നിന്നും മദിരാശിയിലെ വിവിധ സ്ഥലങ്ങൾ കാണാൻ പുറപ്പെട്ട സംഘം വണ്ടലൂർ അനിമൽ പാർക്ക് എങ്കിലും കാണുന്നതും അന്ന് വൈകുന്നേരത്തെ തിരുവനന്തപുരം മെയിലിൽ മടക്കയാത്ര നടത്തുന്നതും... തൃശൂരിൽ നിന്നും ടിക്കറ്റെടുത്ത് മദിരാശിയിൽ വന്ന് രണ്ട് ദിവസം മുഴുവനും ചീട്ട് കളിച്ചിട്ട് പോയ സംഘമെന്ന വേൾഡ് റെക്കോർഡ് ഇപ്പോഴും ആ കുന്നംകുളം സംഘം നിലനിർത്തുന്നു.

വാൽക്കഷണം  :  ജീവിതയാത്രയിൽ  ഇരുവഴിയിലായിപ്പോയ ഞാനും രാജനും നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കണ്ടുമുട്ടിയത്... ആ ഓർമ്മയിൽ ഈ പോസ്റ്റ് സമർപ്പിക്കുന്നു...

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...