Sunday, May 10, 2020

പെണ്ണുകാണൽ - ഒരു KSRTC അപാരത


Reaching there on 7 June”  ഏറ്റവും ചുരുങ്ങിയ വാക്യത്തിൽ ടെലിഗ്രാം ചെയ്ത് പോസ്റ്റ് ഓഫീസിൽ നിന്നും പുറത്തിറങ്ങി. രണ്ട് വർഷത്തിന് ശേഷം  ലഭിച്ച നാൽപ്പത്തിയഞ്ച്  ദിവസത്തെ അവധിക്കാലത്തിന്റെ രണ്ടാം ദിനം. 1993 ജൂൺ നാല്.

സൗദി അറേബ്യയിൽ ജോലി ലഭിച്ചിട്ട് നാല് വർഷമാകുന്നു. ആദ്യത്തെ വെക്കേഷനിൽ വന്നപ്പോൾ പിടിച്ച് പെണ്ണ് കെട്ടിക്കാൻ നോക്കിയതാണ് വീട്ടുകാർ. ചില പെൺകുട്ടികൾക്ക് ചെക്കനെ പിടിക്കാത്തതു കൊണ്ടും ചില പെൺകുട്ടികളെ ചെക്കന് പിടിക്കാത്തതു കൊണ്ടും രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെടുക എന്ന അത്ഭുതം സംഭവിക്കാത്തതു കൊണ്ടും അന്ന് ഒന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം.

അപ്പോൾ ഈ ടെലിഗ്രാം ചെയ്തത് ആർക്കാണെന്ന് വിചാരിക്കുന്നുണ്ടാവും നിങ്ങളിപ്പോൾ. പെണ്ണുകാണൽ എന്ന ചടങ്ങിന് മുന്നൂറ് കിലോമീറ്റർ അകലെ തിരുവനന്തപുരത്തുള്ള വധൂഗൃഹത്തിലേക്ക് ചെല്ലുന്ന കാര്യം അറിയിച്ചതാണ്. വധൂഗൃഹം എന്ന് ഇപ്പോഴേ ഉറപ്പിച്ച് പറയാമോ എന്ന് ചോദിച്ചാൽ ഏതാണ്ടൊക്കെ പറയാം എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. രണ്ടാമത്തെ വെക്കേഷൻ ആകുന്നതിനും അഞ്ചാറ് മാസങ്ങൾക്ക് മുമ്പേ തന്നെ ഇരുവരുടെയും വീട്ടുകാർ പരസ്പരം പോയി കണ്ട് കാര്യങ്ങളൊക്കെ ഏതാണ്ട് ഉറപ്പിച്ചത് പോലെയാണ് അവസ്ഥ. മൂന്ന് പെണ്മക്കളിലെ ഇളയവൾ. ഹൃദയാഘാതം വന്ന് അച്ഛനെ നഷ്ടപ്പെട്ടത് ആറാമത്തെ വയസ്സിൽ. അച്ഛന്റെ മരണത്തെ തുടർന്ന് ലഭിച്ച ഗവണ്മന്റ് ഉദ്യോഗം കൊണ്ട് അമ്മ മൂന്ന് മക്കളെയും പഠിപ്പിച്ച് MA ക്കാരാക്കി. ചേച്ചിമാർ രണ്ടുപേരെയും നല്ല നിലയിൽ വിവാഹം കഴിച്ചയച്ചിരിക്കുന്നു. ഇനിയിപ്പോൾ പെണ്ണും ചെക്കനും പരസ്പരം കണ്ടിട്ട്ഫോട്ടോയിൽ കണ്ടതു പോലെ അല്ലല്ലോ ഏയ്, ഇതെനിക്ക് ശരിയാവില്ലഎന്നെങ്ങാനും പറഞ്ഞാൽ രണ്ട് വീട്ടുകാരും ബോധം കെട്ട് വീഴും എന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. പരസ്പരം ഹൃദയങ്ങൾ കൈമാറാൻ മൊബൈലും വാട്സാപ്പും ഫേസ്ബുക്കും ഒന്നും  ഇല്ലാത്ത കാലമാണെന്നോർക്കണം.

ദമ്മാമിൽ നിന്നും എയറിന്ത്യയിൽ തിരുവനന്തപുരം എയർപോർട്ടിലായിരുന്നു വന്നിറങ്ങിയത്. അന്ന് നെടുമ്പാശേരിയിൽ എയർപോർട്ട്  ഇല്ല. ഇത്രയൊക്കെ ആയ നിലയ്ക്ക് എയർപോർട്ടിൽ നിന്നും നേരെ പോയി പെണ്ണിനെ കണ്ടിട്ട് തൃശൂർക്ക് വന്നാൽ പോരായിരുന്നോ എന്ന് നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നത് പോലെ എനിക്കും തോന്നിയിരുന്നു കേട്ടോ. പക്ഷേ, അത്ര ആക്രാന്തം പാടില്ല മോനേ എന്ന് പറഞ്ഞ് മനസ്സ് പിന്തിരിപ്പിച്ചു കളഞ്ഞു. അല്ലെങ്കിലും എന്ത് വിചാരിക്കും അവരൊക്കെ

തൃശൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തുക എന്നതാണ് ഇനിയത്തെ യജ്ഞം. അനുജനാണ് കൂടെ വരാമെന്ന് ഏറ്റിരിക്കുന്നത്. അച്ഛനും അമ്മയും അനുജത്തിയും അമ്മാവനും ഒക്കെക്കൂടി പല തവണയായി നേരത്തെ തന്നെ കണ്ടു കഴിഞ്ഞതാണ്. തൃശൂരിൽ നിന്നും രാവിലെ തിരിച്ചാൽ അവിടെയെത്തുമ്പോൾ വൈകുന്നേരമാകും. പെണ്ണ് കാണൽ എന്ന് പറയുമ്പോൾ നേരം കെട്ട നേരത്ത് ഒക്കെ ആകുന്നത് ശരിയല്ല ഏറിയാൽ ഉച്ചനേരം അത് കടന്ന് പോകുന്നത് ഭംഗിയല്ല. അങ്ങനെയാണ് രാത്രി കൂത്താട്ടുകുളത്തുള്ള അമ്മാവന്റെ വീട്ടിൽ തങ്ങിയിട്ട് രാവിലെ തിരുവനന്തപുരത്തേക്കുള്ള ബസ്സ് പിടിക്കാമെന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ആ സുദിനം  വന്നെത്തി. 1993 ജൂൺ 7. പതിവ് തെറ്റിക്കാതെ കാലവർഷം തന്റെ പണി തുടങ്ങിയിട്ടുണ്ട്. ഒരു കാലൻകുടയ്ക്ക് കീഴിൽ ഞാനും അനുജനും പ്രഭാത് ബേക്കറിയുടെ മുന്നിൽ തിരുവനന്തപുരത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ വരുന്നതും കാത്ത് നിൽക്കുമ്പോൾ സമയം കാലത്ത് എട്ടര മണി.

ഞങ്ങളുടെ.. സോറി.. എന്റെ ക്ഷമയെ അധികം പരീക്ഷിക്കാതെ തന്നെ തിരുവനന്തപുരം എന്ന് ബോർഡ് വച്ച LSFP ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു. ഭാഗ്യം അധികം കാത്തു നിൽക്കേണ്ടി വന്നില്ല രണ്ടു മണിയോടെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും. റബ്ബർത്തോട്ടങ്ങൾക്ക് ഇടയിലൂടെ ഹെയർപിൻ വളവുകൾ തിരിഞ്ഞ് കയറ്റവും ഇറക്കവും ഒക്കെയായി ഏറ്റുമാനൂർ വരെയുള്ള യാത്ര അതിമനോഹരമായിരുന്നു. പിന്നെ കോട്ടയം, ചങ്ങനാശേരി, തിരുവല്ല... അതിനിടയിൽ ഇടയ്ക്കൊക്കെ മഴയും.

തിരുവല്ല കഴിഞ്ഞതോടെയാണ് ഈ ബസ്സ് എങ്ങോട്ടാണ് പോകുന്നതെന്ന സംശയം മനസ്സിൽ ഉദിച്ചത്. എം.സി.റോഡിൽ നിന്നും വഴി മാറി ഏതൊക്കെയോ ചെറുവഴികളിലൂടെയാണ് ഇപ്പോൾ ഓട്ടം. സംശയം തോന്നി കണ്ടക്ടറോട് ചോദിച്ചപ്പോഴല്ലേ പണി കിട്ടിയ വിവരം അറിയുന്നത്. അമ്പലപ്പുഴയിൽ ചെന്ന് നാഷണൽ ഹൈവേയിൽ കയറി ഹരിപ്പാട്, കായംകുളം, കൊല്ലം വഴിയാണത്രെ ഈ ബസ്സിന്റെ റൂട്ട് ബെസ്റ്റ്! ഇതിലും ഭേദം തൃശൂരിൽ നിന്ന് നേരെ തിരുവനന്തപുരത്തേക്ക് പോകുന്നതായിരുന്നു.

എന്തായാലും അതുകൊണ്ട് ഒരു ഗുണം കിട്ടി. മലയാളത്തിന്റെ മഹാസാഹിത്യകാരൻ തകഴിയുടെ നാട് കാണുവാൻ സാധിച്ചു. കുട്ടനാടൻ വയലേലകൾക്ക് നടുവിലൂടെ, തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ കാലവർഷത്തിന്റെ ഈറൻ കണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു യാത്ര. ചെമ്മീൻ എന്ന കൃതിയിലൂടെ കേട്ടു പരിചയം മാത്രമുള്ള പുറക്കാട് കടപ്പുറവും തൃക്കുന്നപ്പുഴയും ഒക്കെ നേരിൽ കണ്ടു കൊണ്ട് യാത്ര തുടരവെ സമയം നീളുന്നത് അറിഞ്ഞില്ല.

കരുവാറ്റ, ഹരിപ്പാട്, ചേപ്പാട് ഒക്കെ താണ്ടി കായംകുളം ബസ് സ്റ്റാൻഡിൽ കയറി ഡീസൽ പമ്പിന് മുന്നിൽ പാർക്ക് ചെയ്യുമ്പോൾ സമയം ഒരു മണിയോട് അടുക്കുന്നു! രണ്ട് മണിക്ക് തിരുവനന്തപുരത്ത് എത്താമെന്ന് വീമ്പടിച്ച എന്നെ നോക്കി അനുജൻ ഒന്ന് ആക്കി ചിരിച്ചു.

പുറത്ത് ചെറിയൊരു കശപിശ കേട്ടിട്ടാണ് ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്. ഞങ്ങളുടെ ഡ്രൈവറും പമ്പ് ഓപ്പറേറ്ററുമായിട്ടാണ്. കറന്റ് പോയിരിക്കുകയാണ്, അതിനാൽ ഡീസൽ അടിച്ചു തരാൻ മാർഗ്ഗമില്ല എന്നാണ് പുള്ളിയുടെ നിലപാട്. കറന്റില്ലെങ്കിൽ കൈ കൊണ്ട് കറക്കി മാനുവലായി അടിക്കണമെന്ന് ഡ്രൈവർ. അടുത്ത സ്റ്റേഷൻ വരെ എത്താനുള്ള ഡീസൽ പോലും ടാങ്കിൽ ഇല്ലത്രെ. അത് തന്റെ പ്രശ്നമല്ല എന്നും മാനുവൽ ആയി ഇന്ധനം നിറയ്ക്കുന്ന വിഷയത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നും പമ്പ് ഓപ്പറേറ്റർ. അടുത്ത നിമിഷം അവിടെ എത്തിയ ഒരു മാരുതി കാറിൽ കയറി ആശാൻ സ്ഥലം വിടുകയും ചെയ്തു.

ഡീസൽ അടിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണെന്ന് എല്ലാവരോടുമായി ഡ്രൈവർ പ്രഖ്യാപിച്ചു. ബെസ്റ്റ്…! കഷ്ടകാല നേരത്ത് തല മൊട്ടയച്ചപ്പോൾ കല്ലുമഴ…! അതെങ്ങനെ ശരിയാവും എന്ന് പ്രതികരണ ശേഷിയുള്ള യാത്രികരിൽ ചിലർ ഇതങ്ങനെ വിട്ടാൽ പറ്റില്ല, നമുക്ക് ഡിപ്പോ മാനേജരെ പോയി കാണാം എന്നും പറഞ്ഞ് ഇറങ്ങിയവരുടെ കൂട്ടത്തിലേക്ക്ഒരു കമ്പനി കൊടുക്കാൻ ചെല്ല്എന്നും പറഞ്ഞ് അനുജൻ എന്നെയും തള്ളി വിട്ടു.

ഒരു ജാഥയായി പത്തിരുപത്തിയഞ്ച് പേർ തന്റെ ഓഫീസിലേക്ക് ഇരച്ചു കയറി വരുന്നതു കണ്ട് അമ്പരന്ന ഡിപ്പോ മാനേജർ പുറത്തു കടക്കാൻ നോക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

എന്താ എന്താണ്?”അൽപ്പം ഭീതിയോടെ അയാൾ ഞങ്ങളുടെ നേരെ നോക്കി.

സാറേ, ഞങ്ങൾ വന്ന ബസ്സ് ഡീസലടിക്കാൻ വേണ്ടി പമ്പിന് മുന്നിൽ നിർത്തിജാഥയുടെ നേതാവ് തുടങ്ങി വച്ചു.

അപ്പോൾ ഒരു മാരുതി കാറിൽ ഒരാൾ വന്നുഅടുത്തയാൾ ഏറ്റെടുത്തു.

നിങ്ങളെന്തുവാ ഈ പറയുന്നത്...? എന്നിട്ട്?” ഡിപ്പോ മാനേജർ ഉത്കണ്ഠാകുലനായി.

പമ്പുകാരൻ അതിൽ കയറിപ്പോയിമറ്റൊരാൾ പൂർത്തീകരിച്ചു.

ഹൊ! മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോടോ ഇയാള്മാരുതി കാറെന്നും ആരോ വന്നെന്നും എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ആരാണ്ടെയോ പിടിച്ചോണ്ടു പോയെന്ന്മാനേജർക്ക് ശ്വാസം നേരെ വീണത് ഇപ്പോഴാണ്.

സാറേ, കറന്റില്ലാത്തതു കൊണ്ട് ഡീസലടിച്ച് തരുവാൻ പറ്റില്ലാന്ന് പറഞ്ഞ് അയാൾ പോയി ഡ്രൈവറാണേൽ ട്രിപ്പ് അവസാനിപ്പിക്കുവാന്നും പറഞ്ഞു തിരുവനന്തപുരം വരെ പോകാനുള്ള ബസ്സാണ് സാറേകൂട്ടത്തിൽ ഇത്തിരി കോമൺസെൻസ് ഉള്ളവൻ കാര്യം പറഞ്ഞു.

ശരി നിങ്ങളങ്ങോട്ട് ചെല്ല് ഞാൻ വരാംമാനേജർ സമാധാനിപ്പിച്ചു.

ബസ്സിനരികിലെത്തിയ ഞങ്ങൾക്കരികിലേക്ക് ഒരു മെക്കാനിക്കിനെയും കൂട്ടി മാനേജർ എത്തി.

മാനുവൽ ആയി ഒരു ടാങ്ക് അടിക്കുക എന്നൊക്കെ പറഞ്ഞാൽ അത്ര എളുപ്പമൊന്നുമല്ല ദേ, ഇയാൾ കാണിച്ചു തരും എങ്ങനെയാന്ന് നിങ്ങളെല്ലാവരും കൂടി മാറി മാറി ഒന്ന് സഹായിച്ചാൽ കുറെയെങ്കിലും അടിക്കാംമാനേജർ ഞങ്ങളോട് പറഞ്ഞു.

പിന്നെ അങ്ങോട്ട് ഞങ്ങളുടെ ഓരോരുത്തരുടെയും ഊഴമായിരുന്നു. മെക്കാനിക്ക് കൊണ്ടുവന്ന ലിവർ പമ്പിലേക്ക് ഘടിപ്പിച്ച് കറക്കിക്കൊണ്ടിരിക്കുക... കൈ കഴയ്ക്കുമ്പോൾ ഊഴം അടുത്തയാൾക്ക്. അങ്ങനെ എല്ലാവരും കൂടി ഒത്തു പിടിച്ച് ഏതാണ്ട് അര ടാങ്കോളം ആയപ്പോൾ ഡ്രൈവർ പറഞ്ഞു. “ശരി മതിയാവുംബാക്കി ഇനി കൊല്ലത്ത് നിന്ന് അടിക്കാം


അങ്ങനെ നീങ്ങിത്തുടങ്ങിയ വണ്ടി കൊല്ലത്ത് നിന്നും ടാങ്ക് ഫുള്ളാക്കി തിരുവനന്തപുരത്ത് തമ്പാനൂർ സ്റ്റാൻഡിൽ എത്തുമ്പോൾ സമയം നാലര! അവിടെ നിന്ന് ഒരു ഓട്ടോയിൽ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന സ്ഥലം തേടിപ്പിടിച്ച് വധൂഗൃഹത്തിൽ എത്തുമ്പോൾ അഞ്ചു മണി.

കോളിങ്ങ് ബെൽ അടിച്ച് ഇത്തിരി നേരം കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്നത്. അതിനു മുമ്പ് കതകിലെ മാഗ്നിഫൈയിങ്ങ് ലെൻസിലൂടെ ആരൊക്കെയോ ഒന്നു രണ്ടു വട്ടം നോക്കുന്നത് എന്റെ ഡിറ്റക്ടിവ് ദൃഷ്ടിയിൽ പെട്ടിരുന്നു.

ദമ്മാമിലെ സ്റ്റുഡിയോക്കാരൻ പറ്റാവുന്നതിന്റെ മാക്സിമം ഗ്ലാമറിൽ എടുത്തു തന്ന എന്റെ ഫോട്ടോ മാസങ്ങൾക്ക് മുമ്പേ അവിടെ എത്തിയിരുന്നതു കൊണ്ട് ഭാവി അമ്മായിയമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.

ഇത്ര നേരമായിട്ടും കാണാഞ്ഞപ്പോൾ ഇന്നിനി വരില്ല എന്ന് കരുതി വാ, കയറിയിരിക്കൂഅമ്മയുടെ സ്വാഗത വചനം. “മൂത്ത മക്കളും അവരുടെ കുടുംബവും ഒക്കെ കുറച്ചു മുമ്പ് തിരിച്ചു പോയതേയുള്ളൂ...”

വഴിയിലുണ്ടായ പ്രശ്നങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും എന്റെ കണ്ണുകൾ തേടുകയായിരുന്നു. ഫോട്ടോയിൽ മാത്രം കണ്ടുപരിചയമുള്ള, ആറു മാസക്കാലമായി മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ച് പ്രണയിച്ചു കൊണ്ടിരിക്കുന്ന ആ പെൺകൊടിയെ

എന്നാൽ ശരി മോളെ കണ്ട് സംസാരിക്കണ്ടേ?” കൺവെൻഷണൽ പെണ്ണുകാണൽ രീതിയിൽ ചെറിയൊരു മാറ്റം. തുടിക്കുന്ന ഹൃദയത്തോടെ ഞാൻ അപ്പുറത്തെ മുറിയിലേക്ക് കാലെടുത്തു വച്ചു.

പരസ്പരം പുഞ്ചിരിച്ചു കൊണ്ട് അന്യോന്യം വരവേറ്റ ഞങ്ങളുടെ മനസ്സിൽ ആദ്യമായി കാണുകയാണെന്ന തോന്നൽ ഉണ്ടായില്ല എന്നതാണ് വാസ്തവം. എങ്കിലും ഞാൻ ചോദിച്ചു.

 എന്നെ വിവാഹം കഴിക്കുന്നതിൽ ഇഷ്ടക്കുറവൊന്നുമില്ലല്ലോ അല്ലേ?”

മനസ്സ് നിറഞ്ഞ ആ പുഞ്ചിരിയിൽ എല്ലാം വ്യക്തമായിരുന്നു. ഇഷ്ടമാണ് എന്ന് പറയാനുള്ള നാണം...

വിഷയദാരിദ്യത്തിന്റെ പാരമ്യത്തിൽ എന്തൊക്കെയോ സംസാരിച്ചുവെന്ന് വരുത്തിത്തീർത്ത് മുറിയ്ക്ക് പുറത്തിറങ്ങിയപ്പോൾ ഡൈനിങ്ങ് ടേബിളിൽ അമ്മയുടെ വക പായസം. ഞാനും അനുജനും കൂടി അത് നുണഞ്ഞു കൊണ്ടിരിക്കവെ മകളുടെ മനസ്സറിയാൻ പുള്ളിക്കാരി അകത്തേക്ക് പോയി.

മകളുടെ അപ്രൂവൽ ലഭിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങളുടെ പാത്രത്തിലേക്ക് വീണ്ടും പായസം ഒഴുകി. വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കുടിപ്പിച്ചു ഞങ്ങളെ. അനുജന്റെ സ്വതസ്സിദ്ധമായ തൃശൂർ തമാശകളും നാട്ടുവർത്തമാനവും ഒക്കെ കേട്ട്  അമ്മയ്ക്ക് ചിരിയടക്കാനാവുന്നുണ്ടായിരുന്നില്ല. നമ്മള് തൃശൂർക്കാര് ജന്മനാ തമാശക്കാരാണെന്നും എന്തിലും ഏതിലും നർമ്മം കണ്ടെത്തുന്നവരാണെന്നും തിരോന്തരംകാർക്ക് അറിയില്ലല്ലോ

ഇത്രയും ഒക്കെ ആയ നിലയ്ക്ക് അടുത്ത ആഴ്ച്ച തന്നെ വിവാഹം ആയാൽ എന്താ പ്രശ്നം എന്ന അത്യാഗ്രഹം ഞാൻ പ്രകടിപ്പിച്ചുവെങ്കിലും ജൂൺ 21 ആണ് ബന്ധുക്കളോടെല്ലാം പറഞ്ഞിരിക്കുന്ന തീയ്യതി എന്നും അതിൽ മാറ്റം വരുത്തുക ബുദ്ധിമുട്ടാണെന്നും അമ്മ നിർബ്ബന്ധം പിടിച്ചു. എങ്കിൽ പിന്നെ ജൂൺ 21 തന്നെ എന്ന് സ്വയം ആശ്വസിച്ച് അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങവെ ഒന്നു കൂടി തിരിഞ്ഞു നോക്കി.  വാതിൽക്കൽ തല കാണിച്ച ഭാവി പത്നിയോട്എന്നാൽ ശരി, വരട്ടെ?” എന്ന് കണ്ണുകളിൽ ഞാൻ ഒളിപ്പിച്ച ചോദ്യത്തിന് കണ്ണുകളിലൂടെത്തന്നെ മൗനാനുവാദം ലഭിച്ചു.

അങ്ങനെയാണ് സുഹൃത്തുക്കളേ 1993 ജൂൺ 21 തിങ്കളാഴ്ച്ച മനോഹരമായ ഒരു കുടുംബ ജീവിതത്തിലേക്ക് ഞങ്ങൾ കാലെടുത്തു വച്ചത്. ഒരേ തരംഗദൈർഘ്യത്തോടെവിജയകരമായ ഇരുപത്തിയേഴാം വാർഷികത്തിലേക്ക് പ്രവേശിക്കുകയാണ് ഞങ്ങൾ

വാൽക്കഷണം : തിരികെ തമ്പാനൂർ സ്റ്റാൻഡിൽ നിന്നും വൈകിട്ട് എട്ട് മണിക്ക് ഞങ്ങൾ കയറിയ KSRTC യുടെ എക്സ്പ്രസ് ബസ്സ് കോട്ടയത്തേക്കുള്ള ആ പച്ച വണ്ടി പാതിരാത്രിയോടടുത്ത് പന്തളം കഴിഞ്ഞതും ബ്രേക്ക് ഡൗൺ അര മണിക്കൂറിന് ശേഷം  ആ വഴി വന്ന കോയമ്പത്തൂർ ലിമിറ്റഡ് സ്റ്റോപ്പിൽ കണ്ടക്ടർ ഞങ്ങൾ യാത്രക്കാരെയെല്ലാം തള്ളിക്കയറ്റി വിട്ടതുകൊണ്ട് പുലർച്ചെ രണ്ടേ മുക്കാലോടെ കൂത്താട്ടുകുളത്തുള്ള അമ്മാവന്റെ വീട്ടിലെത്തി. അതു കൊണ്ട് തന്നെ പറയട്ടെ, എന്റെ പെണ്ണുകാണലിൽ KSRTC യും ഒരു പ്രധാന കഥാപാത്രമാണ്.

48 comments:

  1. വിനുവേട്ടാ എന്നാലും ചേച്ചീടെ അടുത്ത് കണ്ടപാടെ എന്നെ കല്യാണം കഴിക്കാൻ വിരോധമൊന്നുമില്ലല്ലോ ന്ന് ചോദിച്ചത് മോശമായിപ്പോയി..മ്മള് ത്രിശൂകാരടെ വെല പോയില്ലേ,ചേച്ചീ എന്ത് വിചാരിച്ചുകാണും ന്നാ ഞാനിപ്പോ ആലോചിക്കുന്നത്.നല്ല ഇഷ്ടായി ട്ടാ ചെറിയ സസ്പെന്സും,സംഘർഷ സാധ്യതയും ഒക്കെ മിക്സ് ആയ പെണ്ണുകാണൽ വിശേഷങ്ങൾ. പിന്നേയ് ചേച്ചീ ഇപ്പോഴും തിരുവനന്തപുരം സ്‌ലാങ് ഇൽ ആണോ സംസാരിക്കാ??എന്റെ സ്നേഹാന്വേഷണങ്ങൾ ട്ടാ.

    ReplyDelete
    Replies
    1. സന്തോഷമായി വഴിമരമേ...

      അത് പിന്നെ അന്നേരത്തെ വെപ്രാളത്തിന് എല്ലാം മറന്നു പോയി... മനസ്സിൽ നിന്ന് പുറത്തു വന്ന ചോദ്യം അങ്ങ് ചോദിച്ചു...

      പുള്ളിക്കാരിക്ക് തിരോന്തരം സ്ലാങ്ങ് ഇല്ലാട്ടോ... :)

      Delete
  2. പോയ വണ്ടി ഡീസൽ കിട്ടാതെ കുറെ വൈകിപ്പോയാലും തിരിച്ചുവന്ന വണ്ടി പാതിവഴിയിൽ ബ്രൈക്ക് ഡൗണ് ആയാലും സാരമില്ല കഥയുടെ (കഥയല്ലെങ്കിലും) ആദ്യാവസാനം വരെയും ഒരു ജാതകപ്പൊരുത്തം ഫീൽ ചെയ്തു. അതിനു കാരണം കാല(വർഷ)വും അതിനൊരു കാരണമായതുപോലെ.. കാര്യകാരണങ്ങളുടെ ആപാദചൂഢവും എന്തൊരു മുഖപ്രസന്നത. അത് ജീവിതാവസാനം വരെ നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ..

    ReplyDelete
    Replies
    1. വളരെ സന്തോഷം മുഹമ്മദ്‌ക്കാ... ആശംസകൾക്ക് നന്ദി...

      Delete
  3. ടെൻഷനടിപ്പിക്കുന്ന അനുഭവങ്ങളും രസകരമായ അവതരണവും...

    ഈ പെണ്ണുകാണലിനു ശേഷം ആണോ വിനുവേട്ടൻ ആകാംഷാഭരിതവും സംഭവബഹുലവും ഉദ്വേഗജനകവുമായ കഥകളിൽ ആകൃഷ്ടനാവുന്നത്?!

    ReplyDelete
    Replies
    1. അതൊരു ചോദ്യമാണല്ലോ ഗോവിന്ദാ... :)

      Delete
  4. തൃശ്ശൂർ ക്കാർ തമാശക്കാർ ആയിട്ടെന്ത് കാര്യമേ.....
    നല്ലൊരു പെണ്ണിനെ കിട്ടാൻ തിരുവന്തപുരം വരെ തന്നെ പോകേണ്ടി വന്നില്ലേ

    ReplyDelete
    Replies
    1. വെൽ... അതൊരു വെൽ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു... ആദ്യത്തെ വെക്കേഷനിലെപ്പോലെ ഉഴപ്പാതിരിക്കാൻ... :)

      Delete
  5. സൂപ്പർ.....
    ഒന്നും കളയാനില്ല..... സൂപ്പർ...
    സംഭവം മുന്നിൽ നടക്കുന്ന ഫീലിംഗ് അതാണ് എഴുത്തിന്റെ വിജയം.....

    സംഭവം പൊളിച്ചു....
    എന്നാലും അടുത്താഴ്ച കല്യാണം നടത്താന്ന് പറഞ്ഞത് കടന്ന കൈയ്യായി പറയാതിരിക്കാൻ വയ്യ.എന്നാലും സംഭവം ജോറായി....


    ഈ വണ്ടി ഒരു പ്രശ്നവുമില്ലാതെ വളരെ കാലം ഓടട്ടെ എന്നാശംസിക്കുന്നു.... സ്നേഹം

    ReplyDelete
    Replies
    1. അത് പിന്നെ കുട്ടത്തേ... ആകെക്കൂടിയുള്ള പരോൾ നാൽപ്പത്തിയഞ്ച് ദിവസം... ഓരോ ദിവസവും വിലപ്പെട്ടതല്ലേ... :)

      Delete
  6. അടിപൊളി... മറക്കാനാവാത്ത യാത്ര തന്നെ. അങ്ങനെ 27 വർഷം ആകുന്നു ല്ലേ...

    രണ്ടാൾക്കും ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം ശ്രീക്കുട്ടാ...

      Delete
  7. നല്ല എഴുത്ത്. വഴിയിൽ വേറെ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ അല്ലേ :) അല്ലെങ്കിലും ഇതൊക്കെയൊരു adventure ട്രിപ്പിന്റെ തുടക്കം ആയിരുന്നുവല്ലോ. ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം ജിത്തൂ... അങ്ങനെ ഇരുപത്തിയേഴ് വർഷങ്ങൾ...

      Delete
  8. അങ്ങോട്ടും ഇങ്ങോട്ടും പോയ KSRTC ബസുകൾ വഴിയിൽ കിടന്നെങ്കിലെന്താ, നിങ്ങൾ ഒരുമിച്ചുള്ള ജീവിതയാത്ര നൂറേ നൂറിൽ പറക്കുകയല്ലേ ഇപ്പോളും!! ഒന്നും നോക്കണ്ട, കത്തിച്ച് വിട്ടോ, ഇനിയുമേറെ ദൂരം പോവാനുള്ളതാ..

    “എന്നെ വിവാഹം കഴിക്കുന്നതിൽ ഇഷ്ടക്കുറവൊന്നുമില്ലല്ലോ അല്ലേ…?”

    ഈ ചോദ്യവും അതിനുശേഷമുള്ള ഒരു ചിരിയും ഞാൻ മനക്കണ്ണിൽ കാണുന്നു.. :D :D

    ReplyDelete
    Replies
    1. കള്ളാ... അല്ലേലും എനിക്കറിയാമായിരുന്നു ജിമ്മൻ അത് മനഃക്കണ്ണിൽ കാണുമെന്ന്... :)

      Delete
  9. ഈ കൊറോണ സമയത്തു പുതു ഭർത്താക്കന്മാർ മിക്കവാറും *മദേഴ്‌സ് ഡേ * സാധ്യമാക്കാനുള്ള തിരക്കിലായിരിക്കുമ്പോൾ താങ്കൾ * തൃശൂർ വിശേഷങ്ങൾക്ക് * പുതു ജീവൻ കൊടുത്തു .. വളരെ സന്തോഷം . ഒരു സംശയം .. പെണ്ണുകാണാൻ പോകുമ്പോഴും ഇപ്പോഴുള്ള *വശീകരണ താടി* ഉണ്ടായിരുന്നോ. ഇല്ലാതെ വരില്ല.

    ReplyDelete
    Replies
    1. തീർച്ചയായും അശോകാ... ആ താടിയിലല്ലേ പുള്ളിക്കാരി വീണുപോയത്... :)

      Delete
  10. തിരുവനന്തപുരത്തു സ്ഥിരതാമസമായ പെങ്ങളുടെ മകന് കല്യാണം ആലോചിച്ചപ്പോൾ, ഞാൻ തൃശൂരുനിന്ന് പെണ്ണ് ആലോചിക്കാൻ നിർബന്ധിച്ചു . കാരണം തൃശൂർ എനിക്ക് വളരെ ഇഷ്ട്ടമുള്ള സ്ഥലമാണ് , പിന്നെ ഗുരുവായൂരപ്പന്റെ ഭക്തനും. പത്ര പരസ്യത്തിൽ നിന്ന് ആദ്യം വന്നത് തൃശൂര് വെങ്കിടങ്ങിൽ നിന്നുള്ള ആലോചന. അത് നടക്കുകയും ചെയ്തു. പക്ഷെ പിന്നീട് ഞാൻ സ്ഥിരമായി *തുമ്മുന്നതിന്റെ* കാരണം അന്വേഷിച്ചപ്പോൾ അനിന്തരവന്റെ വക കമ്മന്റ് .* മാമ..അത് ഞാൻ തിരുവനന്തപുരത്തു നിന്ന് വെങ്കിടങ്ങിനു ബസ്സിന്‌ പോകുമ്പോൾ മാമ്മനെ ഓർക്കാറുണ്ടെന്നു. (അവനായതുകൊണ്ടു എനിക്കുറപ്പാണ് , ഞാൻ മാത്രമല്ല , കുഴിയിൽ കിടക്കുന്ന എന്റെ അച്ഛനും അമ്മയും ഒക്കെ തുമ്മുന്നുണ്ടാവും)

    ReplyDelete
    Replies
    1. അത് കലക്കി അശോകാ‌... ഇപ്പോഴും തുമ്മലിന് ഒരു കുറവുൻ ഉണ്ടാവില്ലല്ലോ അല്ലേ...? :)

      Delete
  11. നീലത്താമരയെ കാണാൻ പോയ കഥ ഒരു സിനിമ കണ്ടപോലെ. KSRTC യാത്രയും പെണ്ണുകാണലിൽ ചോദിച്ച ചോദ്യവും ചിരിയുത്തരവും...

    ഇത്‌ വായിച്ചപ്പോൾ
    കുറെ ഓർമ്മകൾ 1993 ജൂണിൽ ആണ്‌ ഞങ്ങളുടെയും വിവാഹം. തകഴിയുടെ നാട്ടിലൂടെ ഞങ്ങളും ഒരു യാത്ര ഒട്ടും വിചാരിക്കാതെ പോയിട്ടുണ്ട്‌.

    ReplyDelete
    Replies
    1. അതാണ് ഒരേതൂവൽ പക്ഷികൾ... :)

      Delete
  12. വളരെ ഭംഗിയായി അവതരിപ്പിച്ചു.

    ReplyDelete
  13. ഇന്ന് ആണുട്ടോ വായിച്ചത്. സംഭവ ബഹുലമായ പെണ്ണ് കാണൽ ആണല്ലോ. ഓരോന്ന് വായിക്കുമ്പോഴും ഇതാണ് ഏറ്റവും നല്ലത് എന്ന് തോന്നും.

    ReplyDelete
    Replies
    1. അങ്ങനെ ആയിരുന്നു സുചിത്രാജീ ഞങ്ങളുടെ ചരിത്രം... :)

      Delete
  14. യാത്ര കടുപ്പമായിരുന്നുവെങ്കിലും പെണ്ണുക്കാണലും വിവാഹച്ചടങ്ങും മംഗളമായി നടന്നല്ലോ! യാത്രാവിശേഷം വളരെ ഭംഗിയായി അവതരിപ്പിച്ചു.
    അപ്പോൾ 2020 ജൂൺ 21ഞായറാഴ്ച 27-മത് വിവാഹവാർഷികം.ഞാൻ ഓർമ്മവയ്ക്കുന്നുണ്ട്.......
    ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പൻ ചേട്ടാ...

      Delete
  15. കൂട്ടത്തിനറിയോ പെണ്ണുകെട്ടാൻ വരുന്ന പ്രവാസിയുടെ വേദന... ആകെ കിട്ടുന്ന ലീവിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയിൽ കുറേയങ്ങു പോകും. ബാക്കി കല്യാണം കഴിഞ്ഞു കിട്ടുന്ന സമയമെന്നു് പറയുന്നത് എണ്ണിച്ചുട്ട അപ്പം പോലെയാണ്
    വിരലിലെണ്ണാവുന്നതേ ഉണ്ടാവൂ... ആ വേദന കുറക്കാനാണ് പ്രവാസി' ഇപ്പത്തന്നെ കെട്ടിക്കോട്ടേന്ന് 'പെണ്ണുകാണാൻ വരുമ്പോൾ ചോദിക്കുന്നത്. ഈ കുട്ടേട്ടൻ്റെയൊരു കാര്യം...!
    പെണ്ണുകാണൽ എന്ന പരിപാടിയുടെ ആവശ്യമേയില്ലായിരുന്നു. നേരത്തേ മുഹൂർത്തം നിശ്ചയിച്ചിട്ട്, അതിൻ്റെ തലേ ദിവസം തിരോന്തരത്ത് ലാൻ്റ് ചെയ്താൽ പോരായിരുന്നോ...?

    ReplyDelete
    Replies
    1. അങ്ങനെ പറഞ്ഞ് കൊടുക്ക് അശോകേട്ടാ...

      അശോകേട്ടൻ പറഞ്ഞത് നല്ലൊരു ഐഡിയ ആയിരുന്നു അല്ലേ...? :)

      Delete
  16. ഒരു സിനിമ കാണുന്നതുപോലുള്ള പെണ്ണ് കാണൽ.അപ്പോൾ ഞങ്ങളുടെ നാട്ടിൽ നിന്നാ പെണ്ണ് അല്ലേ. മനോഹരമായ എഴുത്ത് ചേട്ടാ.
    വിവാഹ വാർഷികാശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം പ്രവാഹിനീ... അതെയതെ... നിങ്ങളുടെ നാട്ടിൽ നിന്ന് തന്നെ... :)

      Delete
  17. അവസാനം ആന വണ്ടി രഥമാക്കി 
    ഒരു പ്രണയയുദ്ധത്തിനൊടുവിൽ സ്വന്തം
    രാജയകുമാരിയെ സ്വന്തമാക്കിയ രാജകുമാരന്റെ കഥ ...!

    എന്നാലും സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്ന കാലത്ത്
    ഈ പെണ്ണുകാണൽ അപാരതയിലെ ചെക്കനും പെണ്ണും ഇത്ര ദൂര
    ദേശങ്ങളിൽ ഇരുന്നും ആദ്യമായി പ്രണയം കൈമാറിയത് എന്നുള്ളത്
    കൂടി പറഞ്ഞുവെങ്കിൽ  ഒരു കിണ്ണങ്കാച്ചി ക്‌ളൈമാക്‌സായനെ ..!

    ReplyDelete
    Replies
    1. പ്രണയം കൈമാറാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല മുരളിഭായ്... അതൊക്കെ ഒരു തീരാനഷ്ടം...

      Delete
  18. ആദ്യ ദിനത്തിലെ ബ്രേക്ക് ഡൗൺ പോലെ പിന്നെ വല്ലപ്പോഴും KSRTC ബ്രേക്ക് ഡൗൺ ആയിരുന്നോ വിനുവേട്ടാ?( ഞാൻ ഇവിടെയെങ്ങും ഇല്ല )

    ReplyDelete
    Replies
    1. ബ്രേക്ക്ഡൗൺ ആയാലും റിപ്പയറിങ്ങ് അറിയാമെങ്കിൽ പിന്നെ എന്ത് പ്രശ്നം അരീക്കോടൻ മാഷേ... :)

      Delete
  19. അങ്ങനെ ത്രിശൂർക്കാരൻ ചെക്കൻ
    തിരുവന്തോരംകാരി കൊച്ചിനെ കെട്ടി . ഇത്തിരി ദൂരം കൂടിപ്പോയാലും സാരോല്ല പെണ്ണുകാണൽ അസ്സലായി .

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ഗീതാജീ...

      Delete
  20. ഈ ഡിറ്റക്ടിവ് ബുദ്ധി പണ്ടേ ഉള്ളതാണല്ലേ 😁😁
    എന്തായാലും കണ്ട ഉടനെ 'പോരുന്നോ എന്റെ കൂടെ' എന്ന് ചോദിച്ച് നമ്മൾ തൃശൂരുകാരുടെ പേര് കളഞ്ഞില്ല. ലോക്ക്ഡൗൺ ഒക്കെ കഴിഞ്ഞ് ലോകം നേരെയായിട്ടു ഒരു ദിവസം വരുന്നുണ്ട് നായകനെയും നായികയെയും നേരിട്ടുകാണാൻ.. അതിനി ഈ നൂറ്റാണ്ടിൽ ഉണ്ടാകുമോ എന്ന് അറിയില്ലെന്നു മാത്രം 🙄🙄🙄

    ReplyDelete
    Replies
    1. അങ്ങനെ ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിടിച്ചു നിന്നു മഹേഷേ... :)

      Delete
  21. അടിപൊളി. എത്ര കഷ്ടപ്പെട്ടിട്ടാ ഞാനന്ന് വന്നു കണ്ടേ ന്ന് പിന്നെ ചേച്ചിയോട് പറഞ്ഞ് ആളാവാറുണ്ടോ???

    ReplyDelete
    Replies
    1. ഏയ്, അങ്ങനെയൊന്നുമില്ല ഉമാജീ... നമ്മള് വെറും പാവമാ... :)

      Delete
  22. ഒരു ഒന്നൊന്നര പെണ്ണുകാണൽ ആയി.. ജീവിതവണ്ടി സന്തോഷമായി ഇനിയും മുന്നോട്ട് കുതിക്കട്ടെ

    ReplyDelete
    Replies
    1. വളരെ സന്തോഷം കുഞ്ഞുറുമ്പേ... നന്ദി...

      Delete
  23. KSRTC പഠിച്ച പണി 18 ഉം നോക്കിയിട്ടും ഈ മനുഷ്യൻ ഞങ്ങടെ നാട്ടിൽ എത്തിയല്ലോ.

    സംഭവം റഡി ആയല്ലോ. അത് മതി.

    ReplyDelete
    Replies
    1. ഹഹഹ... അത് കലക്കി... തൃശൂർക്കാരോടാ KSRTC യുടെ കളി... :)

      Delete
  24. KSRTC സൂപ്പറല്ലേ.....!
    ആശംസകൾ....

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...