Friday, March 27, 2020

ഓർമ്മകൾ ഓടിയെത്തുമ്പോൾ

വെറുതെ… വെറുതേ ഓർത്തുപോയി ബാല്യം… ചങ്ങമ്പിള്ളി കുന്നിന് മുകളിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിന്റെ അങ്കണത്തിന് പിന്നിൽ നിന്ന് തെക്കോട്ട് നോക്കുമ്പോൾ മണൽത്തിട്ടകൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകുന്ന നിള… കാലവർഷത്തിൽ ഇരുകരകളും നിറഞ്ഞ് സംഹാരരുദ്രയായി കലിതുള്ളി പായുന്ന നിള… അൽപ്പം കൂടി കിഴക്കോട്ട് കണ്ണോടിച്ചാൽ ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾക്കപ്പുറം പുഴയെ മുറിച്ച് കടന്ന് പോകുന്ന കുറ്റിപ്പുറം പാലം…


വെറുതെ… വെറുതേ… എന്തിനോ അതെല്ലാം മനസ്സിലേക്കോടിയെത്തി…



തിരുനാവായ സത്രക്കടവിൽ നിന്നും താഴേത്തറ വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരം… റോബർട്ട് ചേട്ടന്റെ ടെയ്‌ലറിങ്ങ് കടയും കടന്ന് മുന്നോട്ട് പോകുമ്പോൾ ഇടത് വശത്ത് പഞ്ചായത്ത് ആപ്പീസ്… പിന്നെ ഇരുവശവും കാറ്റിൽ തലയാട്ടി നിൽക്കുന്ന വയലേലകൾ… വലത് ഭാഗത്തായി നവാമുകുന്ദാ ക്ഷേത്രത്തിലേക്കുള്ള ചെമ്മൺ പാത… ആയിരങ്ങൾ പിതൃതർപ്പണത്തിന് കർക്കിടകവാവിന് ഒത്തുചേരുന്നത് നിളാതീരത്തെ ക്ഷേത്രത്തിനരികിലുള്ള കടവിലാണ്… അൽപ്പം കൂടി നടന്നാൽ ഇടത്തോട്ട് ഒരു റോഡിന്റെ ആരംഭം… എടക്കുളത്ത് സ്ഥിതി ചെയ്യുന്ന തിരുനാവായ റെയിൽ‌വേ സ്റ്റേഷനിലേക്കുള്ള പാതയാണത്… ആതവനാട് വഴി വളാഞ്ചേരിയിലേക്കെത്തുന്നു ആ റോഡ്…



പാടത്തിന് നടുവിലെ റോഡിലൂടെ കാഴ്ച്ചകൾ കണ്ട് നടപ്പ് തുടർന്നു… തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സി.സി ട്രാൻസ്പോർട്ട് കമ്പനിയുടെ ഫാർഗോ ബസ്സുകളും വല്ലപ്പോഴും കടന്നുപോകുന്ന ടി.വി.എസ്സിന്റെ പാഴ്സൽ ലോറികളും… അവയുടെ ഇടയിൽ രാജാവായി വാഴുന്നത് പരപ്പിൽ ട്രാൻസ്പോർട്സിന്റെ പുതിയ ടാറ്റ ബസ്സാണ്… രാജാവിന്റെ ഗമയാണ് അതിലെ ഡ്രൈവർ ഹൈദ്രോസിന് … ടി.വി.എസ്സിന്റെ പാഴ്സൽ ലോറി വരുന്നത് കാണുമ്പോൾ ഞങ്ങൾ കുട്ടികൾ നിവർന്ന് നിന്ന് അതിന്റെ ഡ്രൈവർക്ക് സല്യൂട്ട് കൊടുക്കും… തിരികെ പ്രത്യഭിവാദ്യം നൽകുക എന്നത് ടി.വി.എസ്സിലെ ഡ്രൈവർമാരുടെ പ്രോട്ടോക്കോളിൽ പറഞ്ഞിട്ടുള്ളതാണ്… അത് ലഭിച്ചുകഴിഞ്ഞാൽ സ്വർഗ്ഗം കിട്ടിയ പ്രതീതിയാണ് പിന്നെ ഞങ്ങൾക്ക്…



താഴേത്തറയിൽ എത്തിയാൽ ഇടത്തോട്ട് കുന്നിൻ‌മുകളിലേക്കുള്ള ചെമ്മൺ പാതയിലൂടെയാണ് സ്കൂളിലേക്ക് തിരിയുന്നത്… കയറ്റം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര കയറ്റം… ഈ കയറ്റത്തെക്കുറിച്ചോർക്കുമ്പോൾ രസകരമായ ഒരു സംഭവമാണ് ഓർമ്മ വരുന്നത്…



മാസങ്ങൾക്ക് ശേഷം ഈ കുന്നിൻ മുകളിലുള്ള ഒരു വാടക വീട്ടിലേക്ക് ഞങ്ങൾ താമസം മാറ്റിയ സമയം… അന്നാണ് ആദ്യമായി അച്ഛൻ ഒരു മോട്ടോർ സൈക്കിൾ വാങ്ങിയത്… ഒരു പഴയ റോയൽ എൻ‌ഫീൽഡ്… KLD-5725 ആയിരുന്നു എന്നാണെന്റെ ഓർമ്മ… സൈക്കിൾ ബാലൻസ് ഉള്ളത് കൊണ്ട് ലോറി ഡ്രൈവർ യൂസുഫ്‌ക്കയുടെ സഹായത്താൽ ഒരാഴ്ച്ച കൊണ്ട് അത്യാവശ്യം ഓടിക്കാൻ പഠിച്ചു അച്ഛൻ…  അങ്ങനെ ആദ്യമായി മോട്ടോർ സൈക്കിളിൽ ഏതാണ്ട് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോയി വൈകിട്ട് തിരിച്ച് വരുന്ന സമയം…



താഴേത്തറ ജംഗ്‌ഷനിൽ വന്നിട്ട് വീട്ടിലേക്കാവശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി സൈഡ് ബോക്സിൽ ഇട്ടിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇട്ട് കുന്നിൻ‌മുകളിലേക്കുള്ള കുത്തനെയുള്ള ചെമ്മൺ പാതയിലൂടെ മുന്നോട്ട് എടുത്തു. കൃത്യമായ ഇടവേളകളിൽ ഫസ്റ്റ്, സെക്കന്റ്, തേഡ് എന്നീ ഗിയറുകളിലേക്ക് മാറ്റണമെന്നാണ് ഡ്രൈവിങ്ങ് ആശാൻ പഠിപ്പിച്ചിരിക്കുന്നത്… മൂവ് ചെയ്ത ഉടനെ സെക്കന്റ് ഗിയറിലേക്ക് മാറി… ഒരു വിറയൽ… ഹേയ്… തോന്നിയതായിരിക്കും… തേഡിലേക്ക് മാറ്റാം… ഡിം… ഒന്നു കൂടി വിറച്ച് വണ്ടി ഓഫായി നിന്നു…


ഈ കലാപരിപാടി ഒരു നാലഞ്ച് തവണ കൂടി ആവർത്തിച്ചതോടെ അച്ഛന് മതിയായി… ഈ വണ്ടി കയറ്റം വലിക്കുന്നില്ല… എന്തോ കാര്യമായ കുഴപ്പമുണ്ട്…


മോട്ടോർ സൈക്കിളിന്റെ ശബ്ദം ദൂരെ നിന്നും കേട്ടതും അമ്മ പറഞ്ഞു… “അച്ഛൻ വരുന്നുണ്ട്…”


വീടിന് മുന്നിലെ ചെമ്മൺ പാതയിൽ വണ്ടി ഓഫ് ചെയ്ത് മുറ്റത്തേക്ക് ഉരുട്ടിക്കൊണ്ട് വരുന്ന അച്ഛന്റെ മുഖത്ത് ആദ്യ യാത്രയുടെ ആഹ്‌‌ളാദമൊന്നും അത്ര കാണാനില്ല. വിയർത്ത് കുളിച്ചിരിക്കുന്നു.


“ഇതെന്താ, ഇങ്ങനെ വിയർത്തിരിക്കുന്നത്…?” അമ്മ ചോദിച്ചു.


“ഒന്നും പറയണ്ട… വണ്ടിക്കെന്തോ കുഴപ്പമുണ്ട്… കയറ്റം കയറുന്നില്ല… അവസാനം വഴിയിൽ കണ്ട ഒരു പയ്യന്റെ സഹായത്തോടെ താഴേത്തറ മുതൽ കുന്നിന്റെ മുകളിലെത്തുന്നത് വരെ തള്ളി… വെറുതെയല്ല ആ സുദർശനൻ മാഷ് ഈ വണ്ടി വിറ്റത്…!  ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഒരു വാക്കെങ്കിലും പറയാമായിരുന്നു…”


അതേ കോളനിയിൽ തന്നെയായിരുന്നു സുദർശനൻ മാഷുടെ വീടും. വൈകുന്നേരങ്ങളിൽ അന്നത്തെ വിശേഷങ്ങൾ പങ്കു വയ്ക്കുവാനായി ഒത്തു കൂടുന്ന പതിവുണ്ട് അയൽ‌വാസികളായ രംഗൻ മാഷ്‌ക്കും സുദർശനൻ മാഷ്‌ക്കും. അവരുടെ വീടുകളിലേക്ക് ആവശ്യമായ കുടിവെള്ളം കുടത്തിൽ ചുമന്ന് കൊണ്ടു പോകുന്നത് ഞങ്ങളുടെ മുറ്റത്തെ കിണറ്റിൽ നിന്നുമാണ്. വൈദ്യുതിയൊന്നും ആ ഗ്രാമത്തിൽ എത്തിയിട്ടില്ലാത്ത കാലമായിരുന്നു അതെന്നോർക്കണം. ചിമ്മിണി വിളക്കിന്റെ ചില്ല് അച്ഛൻ കഴുകി തുടച്ച് കൊണ്ടിരിക്കവെ സുദർശനൻ മാഷ് തന്റെ എക്സ്‌-മോട്ടോർ സൈക്കിളിന്റെ വിശേഷങ്ങൾ അറിയാനെത്തി.


“സുദർശനൻ മാഷേ… എന്നാലും ഒരു വാക്ക് പറയാമായിരുന്നൂട്ടോ…” എണ്ണം പറഞ്ഞ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി തള്ളി കയറ്റി ക്ഷീണിച്ചതിന്റെ വിഷമം അച്ഛൻ മറച്ചു വച്ചില്ല.


“എന്ത്…?”


“ഈ മോട്ടോർ സൈക്കിൾ കയറ്റം കയറില്ല എന്നത്…”


“മാഷെന്താ ഈ പറയുന്നത്…!!! ?”


“താഴേത്തറയിൽ നിന്ന് വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് ഒരടി മുന്നോട്ട് കയറുന്നില്ല…ഓഫായിപ്പോകുന്നു… അവസാനം സഹായത്തിന് ഒരാളെ വിളിച്ച് തള്ളിക്കൊണ്ടു വരേണ്ടി വന്നു… ഈ പ്രശ്നമുള്ളത് കൊണ്ടല്ലേ മാഷ് വണ്ടി വിറ്റത്...?”


“എന്റെ മാഷേ… അനാവശ്യം പറയരുത്… എന്റെ കാലിന് സുഖമില്ലാത്തത് കൊണ്ട് ഗിയർ മാറാനുള്ള ബുദ്ധിമുട്ടോർത്തിട്ടാണ് ഞാനിത് വിറ്റ് സ്കൂട്ടർ വാങ്ങിയത്…”


“എങ്കിൽ പിന്നെ വണ്ടിക്കെന്താ പറ്റിയത്… അത് പറ…”


“മാഷ്‌ക്ക് എന്നെ അത്ര വിശ്വാസം ഇല്ലെങ്കിൽ വാ… നമുക്ക് താഴെത്തറയിൽ പോയിട്ട് തിരിച്ച് തിരിച്ച് വരാം… എന്താ പ്രശ്നമെന്ന് നോക്കാമല്ലോ…” സുദർശനൻ മാഷ് വിട്ടു കൊടുക്കാൻ കൂട്ടാക്കിയില്ല..


“എന്റെ മാഷേ… എനിക്ക് വയ്യ ഇനിയും ഒന്നു കൂടി വണ്ടി തള്ളാൻ… ഈ കുന്നിന്റെ മുകളിലേക്ക് എങ്ങയാ ഇതെത്തിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ…” അച്ഛൻ പറഞ്ഞു.


“മാഷ് പേടിക്കാണ്ട്  വാന്ന്… കഴിഞ്ഞ ആഴ്ച്ച വരെ ഞാനീ വണ്ടിയിലല്ലേ ഈ കയറ്റം കയറി വന്നു കൊണ്ടിരുന്നത്?... മാഷ് വാ…”


സുദർശനൻ മാഷ് വണ്ടി സ്റ്റാർട്ട് ചെയ്ത് റോഡിലേക്കെടുത്തു. മനസ്സില്ലാ മനസ്സോടെ അച്ഛൻ പിറകിലെ സീറ്റിൽ കയറി ഇരുന്നു. ഇരുവരെയും വഹിച്ചുകൊണ്ട് റോയൽ എൻ‌ഫീൽഡ് അയ്യപ്പന്റെ കുടിലിനടുത്തെ വളവ് തിരിഞ്ഞ് അപ്രത്യക്ഷമായി…


ഇളം കാറ്റിലൂടെ ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം… അയ്യപ്പന്റെ കുടിലിൽ നിന്നുമാണ് അതിന്റെ ഉത്ഭവം. സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാൽ പിന്നെ കുറേ നേരത്തേക്ക് ആ മുളം‌തണ്ടിൽ നിന്നും ഉതിരുന്ന ഗാനനിർഝരി ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾ പരിസരവാസികൾക്ക്  മാത്രമേയുണ്ടായിരുന്നുള്ളൂ. അതിമനോഹരമായ ആ ഈണങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുക ഒരു മായിക ലോകത്തേക്കായിരിക്കും. ഈറ്റയുടെ തണ്ടിൽ നിന്നുമെടുക്കുന്ന ചീന്തുകൾ കൊണ്ട് മുറം, കുട്ട തുടങ്ങിയ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന തൊഴിലാണ് അയ്യപ്പന്റേത്.


ദൂരെ നിന്നും പ്രതിധ്വനിച്ച് തുടങ്ങിയ റോയൽ എൻ‌ഫീൽഡിന്റെ ഘനഗാംഭീര്യമാർന്ന മുഴക്കം ഓടക്കുഴൽ നാദത്തിന്റെ വീചികളെ നിർദ്ദയം ആക്രമിച്ച് കീഴ്‌പ്പെടുത്തി. നിമിഷങ്ങൾക്കകം  മുറ്റത്തിനപ്പുറത്തെ ചെമ്മൺ പാതയിൽ വെളിച്ചം വിതറിക്കൊണ്ട്  ഓടിയെത്തിയ മോട്ടോർ സൈക്കിൾ ബ്രേക്ക് ചെയ്തു.


“ഇപ്പോൾ എങ്ങനെയുണ്ട് മാഷേ…? ഞാൻ പറഞ്ഞില്ലേ വണ്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന്…?” സുദർശനൻ മാഷുടെ സ്വരത്തിൽ തെല്ല് ഗർവ്വ് കലർന്നിരുന്നു.


“പിന്നെ എന്തായിരുന്നു പ്രശ്നം സുദർശനൻ മാഷേ…?” രംഗൻ മാഷ്‌ക്ക്  ജിജ്ഞാസ അടക്കാനായില്ല. അച്ഛന്റെ മുഖത്താണെങ്കിൽ അത്യാവശ്യം മോശമില്ലാത്ത ചമ്മലും.


“അതിപ്പോ എന്താ പറയുക… ഈ മാഷ്  ഡ്രൈവിങ്ങ് പഠിച്ചത് സ്കൂൾ കുട്ടികൾ കാണാപ്പാഠം പഠിക്കുന്നത് പോലെയല്ലേ…  സ്റ്റാർട്ട്... ഫസ്റ്റ്… സെക്കന്റ്… തേഡ്…”


“മനസ്സിലായില്ല…?”


“എന്റെ മാഷേ… നിരപ്പായ റോഡിലൂടെ ഓടിച്ച് പോകുന്നത് പോലെ തേഡ് ഗിയറിൽ ചങ്ങമ്പിള്ളി കുന്നിന് മുകളിലേക്ക് വണ്ടി ഓടിച്ച് കയറ്റാൻ പറ്റുമോ…? വലിയ കയറ്റങ്ങളിൽ വണ്ടി വലിക്കാതാകുമ്പോൾ ഗിയർ ഡൌൺ ചെയ്യണമെന്ന്  മാഷ്‌ടെ ഡ്രൈവിങ്ങ് ആശാൻ പറഞ്ഞ് കൊടുത്തിരുന്നില്ലത്രേ…”



                                * * *


വാൽക്കഷണം – ആ സംഭവത്തിന് ശേഷമാണ് ശ്രീമാൻ കെ.സി ഇട്ടൂപ്പിന്റെ ‘മോട്ടോർ കാർ ഡ്രൈവിങ്ങ് മാസ്റ്റർ’ എന്ന പുസ്തകം അച്ഛൻ വാങ്ങിക്കൊണ്ടു വന്നത്. അതിന്റെ അവസാന അദ്ധ്യായത്തിൽ മോട്ടോർ സൈക്കിളിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദമായി വിവരിച്ചിരിക്കുന്നു. ആ പുസ്തകം മുഴുവനും വായിക്കുവാനുള്ള ക്ഷമയൊന്നും അച്ഛനുണ്ടായില്ലെങ്കിലും ആ പുസ്തകം വായിച്ച് ഗിയർ സിസ്റ്റത്തിന്റെ സാങ്കേതിക വശങ്ങൾ ആ ചെറുപ്രായത്തിലേ എനിക്ക് മനസ്സിലാക്കുവാനായി എന്നത് ഒരു നേട്ടം തന്നെയായിരുന്നു.

34 comments:

  1. നിളയും നാട്ടുവഴികളും കുന്നും സ്ക്കൂളും പിന്നെ എൻഫീൽഡും. ആ വഴിയെ നടന്നു വന്ന ഫീല്ണ്ട് ട്ടാ..

    പിന്നെ അച്ഛൻ മാഷ്ടെ കാര്യം... ഒരു സിനിമാ സീൻ കണ്ടു. അത്രന്നെ.

    ReplyDelete
  2. ശെടാ...ഡ്രൈവിംഗ് പഠിക്കുമ്പോ ഇത്രയും ബേസിക് ആയ കാര്യം വിട്ട് പോകുമോ ? അതും ബൈക്കിൽ ? കയറ്റത്തിൽ ഗിയർ down ചെയ്യണം എന്ന് കാർ ഓടിക്കാൻ പഠിക്കുമ്പോൾ മറന്ന് പോകുമായിരുന്നു. പക്ഷേ അതിനു ശേഷം ഈ കാര്യം മനസ്സിൽ ഉറച്ചു പോയി. (നിർ)ഭാഗ്യവശാൽ ഒരിക്കലും ഉപയോഗിക്കേണ്ടി വരാത്ത ഒരറിവായി അതവിടെ കിടക്കും.

    ReplyDelete
    Replies
    1. പവർ കൂടിയ ഗിയർ ഫസ്റ്റ് ആണെന്ന കാര്യമൊന്നും അച്ഛന് അറിയില്ലായിരുന്നു... അതല്ലേ പ്രശ്നം...

      Delete
  3. വിനുവേട്ടന്റെ ശൈലി നമ്മളെ കൂടി കൂട്ടിക്കളയും. വിശദീകരണം അമ്മാതിരി അല്ലേ ?

    വണ്ടി ഓടിച്ചത് മനക്കണ്ണിൽ കാണുമ്പോൾ ചിരി.


    ((((ഇളം കാറ്റിലൂടെ ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം… അയ്യപ്പന്റെ കുടിലിൽ നിന്നുമാണ് അതിന്റെ ഉത്ഭവം. സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാൽ പിന്നെ കുറേ നേരത്തേക്ക് ആ മുളം‌തണ്ടിൽ നിന്നും ഉതിരുന്ന ഗാനനിർഝരി ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങൾ പരിസരവാസികൾക്ക് മാത്രമേയുണ്ടായിരുന്നുള്ളൂ. അതിമനോഹരമായ ആ ഈണങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുക ഒരു മായിക ലോകത്തേക്കായിരിക്കും. ഈറ്റയുടെ തണ്ടിൽ നിന്നുമെടുക്കുന്ന ചീന്തുകൾ കൊണ്ട് മുറം, കുട്ട തുടങ്ങിയ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന തൊഴിലാണ് അയ്യപ്പന്റേത്.)))

    വിനുവേട്ടാ. അതിമനോഹരം. കവിതയെഴുതാൻ പോകുവാരുന്നോ??

    ReplyDelete
    Replies
    1. കവിതയൊന്നും നമുക്ക് വഴങ്ങില്ല സുധീ... അതുപോലെ തന്നെ കഥയും... അനുഭവങ്ങൾ എന്റെ മനസ്സിൽ നിന്ന് പകർത്തി വയ്ക്കുന്നു... അത്ര മാത്രം... അത് ഇഷ്ടമാകുന്നു എന്നറിയുന്നതിൽ അതിയായ ആഹ്ലാദം...

      Delete
  4. കൂടി അല്ല ട്ടോ കൂടെ ആണുദ്ദേശിച്ചത്.

    ReplyDelete
  5. ബാല്യക്കാലോർമ്മകൾ ഹൃദ്യമായി.
    ശ്രീ.കെ.സി.ഇട്ടൂപ്പിന്റെ മോട്ടോർ കാർഡ്രൈവിംഗ് മാസ്റ്റർ അച്ഛൻ മുഴുവൻ വായിച്ചില്ലെങ്കിലും മകന് ഉപകാരപ്രദമായല്ലോ!
    ആശംസകൾ വിനുവേട്ടാ

    ReplyDelete
    Replies
    1. തീർച്ചയായും തങ്കപ്പേട്ടാ...

      Delete
  6. ഹഹ ...അത് കലക്കി.. ഞാൻ വേറെന്തോ പ്രതീക്ഷിച്ചു...😂😁

    ReplyDelete
    Replies
    1. സന്തോഷം... സംഭവം വെറും സിമ്പിൾ... :)

      Delete
  7. നല്ല രസമുള്ള ബാല്യകാല ഓർമ്മകൾ.. വിനുവേട്ടന്റെ എഴുത്തിന്റെ ശൈലി എടുത്തു പറയണം.. ഇഷ്ടം ആയി.. ആശംസകൾ

    ReplyDelete
    Replies
    1. മനസ്സ് നിറഞ്ഞു പുനലൂരാനേ... സന്തോഷായി...

      Delete
  8. വിനുവേട്ടാ..... പൊളിച്ചു...
    അച്ഛൻ പുള്ളി ആളെ കൂട്ടി ബൈക്ക് തള്ളി വരുന്നത് കണ്ട് ചിരിച്ച് ചമ്മന്തിയായി....

    സുദർശൻ മാഷിന് ചീത്തപ്പേര് ഒഴിവായത് മുജ്ജന്മ സുകൃതം എന്ന് പറയാം....

    പൊളിച്ച്..... സൂപ്പറായി എഴുതി....

    ReplyDelete
  9. നന്നായിരിക്കുന്നു 😊👍

    ReplyDelete
  10. വിനുവേട്ടാ. എന്ത് രസാന്നറിയോ വായിച്ചുപോവാൻ.ഒരു കാലത്തെയാണ് വിനുവേട്ടൻ എഴുതിതന്നത്.കുന്നിലേക്കുള്ള മണ്പാത,അയ്യപ്പന്റെ കുടിൽ,,,വിനുവേട്ടന്റെ തലക്കുള്ളിൽ ഇതെഴുതുമ്പോൾ ഉണ്ടായിരുന്ന ചിത്രങ്ങൾ ഞാൻ ഇത് വായിച്ചപ്പോൾ കണ്ടവയോളം വരില്ല എന്നാണ് തോന്നുന്നത്.സലാം ട്ടാ.

    ReplyDelete
    Replies
    1. ഒരു സീനറി തന്നെ കൺമുന്നിൽ തെളിഞ്ഞു എന്നറിയുന്നതിൽ സന്തോഷം വിജൂ... ഞാൻ കണ്ട ചിത്രങ്ങളിലും മിഴിവുറ്റതായിരുന്നു അവ എന്നതിൽ ഒരു സന്ദേഹവുമില്ല എനിക്ക്...

      Delete
  11. ഗതകാല സ്മരണകൾ എത്ര മനോഹരമായി എഴുതിയിരിക്കുന്നു..... ഒരുപാട് ഇഷ്ടമായി വിനുവേട്ടാ ...

    ReplyDelete
  12. ഞങ്ങൾ വാടക െെസക്കിൾ അന്വഷിച്ച് നടന്ന കാലത്താണ് നിങ്ങൾ ബുള്ളറ്റ് കഥകൾ പറയുന്നത്. നല്ല എഴുത്ത്.

    ReplyDelete
    Replies
    1. ഞാൻ അന്ന് നാലാം ക്ലാസിൽ പഠിക്കുകയാണ് മാഷേ... സൈക്കിൾ പോലും ഓടിക്കാനറിയില്ലായിരുന്നു... ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷമുണ്ട്...

      Delete
  13. അന്ത കാലത്ത് ബുള്ളറ്റ് ഉണ്ടായിരുന്ന പ്രമാദമാന ഫാമിലി ആണല്ലേ :-)

    പണ്ട് എന്റെ വീട്ടിൽ മുത്തശ്ശന്റെ ഒരു ചേതക് സ്കൂട്ടർ ഉണ്ടായിരുന്നു. ഒരിക്കൽ നിറുത്തേണ്ടിവന്നാൽ ചെരിച്ചും, കുലുക്കിയും കിക്കറിൽ ചവിട്ടി കാലിന്റെ നട്ടും ബോൾട്ടും ഇളകിയാൽ മാത്രം സ്റ്റാർട്ട് ആകുന്ന ഒരു ശകടം. ആദ്യമായി വണ്ടി ഓടിക്കാൻ പഠിച്ചത് ഇതിലായിരുന്നു. അക്കാലത്ത് ഇതുപോലെ ഒരിക്കൽ തള്ളേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് അച്ഛൻ ബുള്ളറ്റ് തള്ളിയ ഭാഗം വായിച്ചപ്പോൾ, ഞാൻ എന്നെത്തന്നെ കാണുകയായിരുന്നു ;-)

    പോസ്റ്റ് പൊരിച്ചു!!

    ReplyDelete
    Replies
    1. പ്രമാദം ഒന്നും പറയാതിരിക്കുകയാവും നല്ലത് മഹേഷ്... രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അച്ഛൻ അന്ന് പാടു പെടുകയായിരുന്നു എന്നൊക്കെ പിന്നീടാണ് അറിയുന്നത്... അധികം താമസിയാതെ ആ മോട്ടോർ സൈക്കിൾ അച്ഛൻ വിൽക്കുകയാണുണ്ടായത്...

      ബജാജ് ചേതക് ചരിച്ച് സ്റ്റാർട്ട് ആക്കുന്നത് അന്നത്തെ ഒരു സ്ഥിരം കാഴ്ച്ചയായിരുന്നുവല്ലോ...

      Delete
  14. ഈ എഴുത്തു പൊളിച്ചു . പുസ്തകം വായിച്ച് ഗിയർ സിസ്റ്റത്തിന്റെ സാങ്കേതിക വശങ്ങൾ ചെറുപ്രായത്തിലേ മനസ്സിലാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട വിനുവേട്ടന് എന്റെ അഭിവാദ്യങ്ങൾ, ആശംസകൾ …. :)

    ReplyDelete
    Replies
    1. ഷഹീമേ നന്ദി... ഫോർത്ത് ഗിയറിൽ വീൽ ഒരു വട്ടം കറങ്ങാന്ന് എൻജിൻ നാലിൽ ഒന്ന് കറങ്ങിയാൽ മതി... :)

      Delete
  15. ബാല്യത്തിലെ ഓർമ്മകൾ എല്ലാവർക്കും സന്തോഷം പകരുന്ന ഓർമ്മകളാവാം. അതെത്ര ദുഃഖകരമായാലും സന്തോഷകരമായാലും ആ ഓർമ്മകൾ ഒരു പ്രത്യേക സുഖം പകരും ഏവർക്കും എന്ന് തോന്നിയിട്ടുണ്ട് . അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള എഴുത്തുകളും ഏവരും ഇഷ്ടപ്പെടുന്നു. അത് നമ്മെയും പഴയ ചില ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവും. അച്ഛന്റെ കാണാപ്പാഠം ഡ്രൈവിംഗ് പഠനം കൊള്ളാം .
    ആശംസകൾ വിനുവേട്ടൻ

    ReplyDelete
    Replies
    1. സത്യമാണ് ഗീതാജീ... വളരെ സന്തോഷം ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും...

      Delete
  16. 'ഇളം കാറ്റിലൂടെ ഒഴുകിയെത്തുന്ന ഓടക്കുഴൽ നാദം…
    അയ്യപ്പന്റെ കുടിലിൽ നിന്നുമാണ് അതിന്റെ ഉത്ഭവം.
    സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാൽ പിന്നെ കുറേ നേരത്തേക്ക്
    ആ മുളം‌തണ്ടിൽ നിന്നും ഉതിരുന്ന ഗാനനിർഝരി ആസ്വദിക്കാനുള്ള
    ഭാഗ്യം ഞങ്ങൾ പരിസരവാസികൾക്ക്  മാത്രമേയുണ്ടായിരുന്നുള്ളൂ. അതിമനോഹരമായ ആ ഈണങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുക ഒരു മായിക ലോകത്തേക്കായിരിക്കും... 


    ദൂരെ നിന്നും പ്രതിധ്വനിച്ച് തുടങ്ങിയ റോയൽ എൻ‌ഫീൽഡിന്റെ ഘനഗാംഭീര്യമാർന്ന മുഴക്കം ഓടക്കുഴൽ നാദത്തിന്റെ വീചികളെ നിർദ്ദയം ആക്രമിച്ച് കീഴ്‌പ്പെടുത്തി. നിമിഷങ്ങൾക്കകം  മുറ്റത്തിനപ്പുറത്തെ ചെമ്മൺ പാത ...' 

    തൃശൂർ നിന്നും തിരുനാവായിലേക്കും 
    അവിടത്തെ ബാല്യകാലത്തിലേക്കും സാഹിത്യത്തിന്റെ 
    മേമ്പൊടി ചേർത്താണ് വിനുവേട്ടൻ നമ്മെ കൂട്ടി കൊണ്ട്
    പോയിട്ടുള്ളത് ...
    അതിമനോഹരം വിനുവേട്ടാ ..

    ReplyDelete
    Replies
    1. വളരെ സന്തോഷം മുരളിഭായ്... ബാല്യം ചെലവഴിച്ച ആ മൺപാതകളിലൂടെ ഒരിക്കൽക്കൂടി നടക്കണം... ഒരു പക്ഷേ, അതെല്ലാം ടാറിട്ട് കറുപ്പിച്ചിട്ടുണ്ടാകാം... എങ്കിലും... അതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം...

      Delete
  17. ഹ ഹ ഹ ! നീന്തൽ പോസ്റ്റൽ മാർഗ്ഗം പഠിച്ച ഇടവാട്പോലെ ആയി അല്ലേ ?
    ആ ഗ്രാമ കാഴ്‌സികൾ എത്ര ഭംഗിയായിട്ടാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് !
    വലിയ വണ്ടികളിലെ ഡ്രൈവർമാരുടെ ആ സലാമ് ഒരു വല്ലാത്ത അനുഭവം തന്നെയാണ് കുട്ടിക്കാലത്ത്.

    എഴുതൂ വീണ്ടും വരാം.

    ReplyDelete
    Replies
    1. അതന്നേ ഭായ്... വീണ്ടും വരൂ...

      Delete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...