Thursday, June 3, 2021

കിളി പോയ കുമാരേട്ടൻ


"കുമാരാ... നോക്ക്യേ... അവര് ഇവടെയ്ക്കാന്നാ തോന്ന്ണേ..." കാൽ ഇളകുന്ന ബെഞ്ചിൽ ഇരുന്ന് ചായയും  പഴയുണ്ടയും ചെലുത്തിക്കൊണ്ട് ബാലേട്ടൻ പറഞ്ഞു. 


ശരിയാണ്... പുറനാട്ടുകര ആശ്രമം ഗ്രൗണ്ടിലെ ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന ചെക്കന്മാരാണ്... പത്ത് പതിനഞ്ച് ചായയും കടിയും ചെലവാകാൻ പോകുന്ന സന്തോഷം കുമാരേട്ടന്റെ മുഖത്ത് തെളിഞ്ഞു. സമോവറിന്റെ അടപ്പ് പൊക്കി നോക്കി ആവശ്യത്തിനുള്ള വെള്ളം ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ട് കുമാരേട്ടൻ അടിയിലെ കനലുകൾ ഇളക്കി ഒന്ന് ജ്വലിപ്പിച്ചു.  വിളക്കുംകാൽ ജംഗ്ഷനിലെ ഏക ചായക്കടയാണ് കുമാരേട്ടന്റേത്.


ഊഹം തെറ്റിയില്ല. ഫുട്ബോൾ താരങ്ങളുടെ സംഘം ചായക്കടയിലേക്ക് കയറി ഒഴിഞ്ഞു കിടന്ന ബെഞ്ചുകളിൽ ഇരിപ്പുറപ്പിച്ചു.


"കുമാരേട്ടാ...  മൂന്ന് സ്ട്രോങ്ങ്, രണ്ട് ലൈറ്റ്, ഒരു കട്ടൻ വിത്ത്, ഒരു കട്ടൻ വിത്തൗട്ട്, രണ്ട് സ്ട്രോങ്ങ് വിത്തൗട്ട്, പഞ്ചാര കൂട്ടി ഒരു സ്ട്രോങ്ങ്,  ഒരു മീഡിയം ഷുഗറ്, പിന്നെ മൂന്ന് പാലുംവെള്ളം, ഒരെണ്ണം പഞ്ചാരില്ല്യാണ്ടെ... പെട്ടെന്നായ്ക്കോട്ടെട്ടാ..."


"ന്തൂട്ട്...!!!?"  


"മൂന്ന് സ്ട്രോങ്ങ്, രണ്ട് ലൈറ്റ്, ഒരു കട്ടൻ വിത്ത്, ഒരു കട്ടൻ വിത്തൗട്ട്, രണ്ട് സ്ട്രോങ്ങ് വിത്തൗട്ട്, പഞ്ചാര കൂട്ടി ഒരു സ്ട്രോങ്ങ്,  ഒരു മീഡിയം ഷുഗറ്, പിന്നെ മൂന്ന് പാലുംവെള്ളം, ഒരെണ്ണം പഞ്ചാരില്ല്യാണ്ടെ..."


കിളി പോയ കുമാരേട്ടന്റെ മുഖം കാർമേഘം കയറിയതു പോലെ ഇരുണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീളൻ കപ്പിൽ സമോവറിലെ ചൂടുവെള്ളം എടുത്ത് കനലിലേക്ക് ഒഴിച്ചു. 


"അതേയ്...  ചായേല്ല്യ ഒരു ഡാഷൂല്ല്യാ... ഞാൻ കട പൂട്ടീ..." 


"എന്താപ്പംണ്ടായേ..." എന്ന് അമ്പരന്ന് നിൽക്കുന്ന ചെക്കന്മാരുടെ ജാള്യത കണ്ട് ഊറി വന്ന ചിരിയോടെ ബാലേട്ടൻ ഇറങ്ങി നടന്നു.