Tuesday, November 20, 2018

മദിരാശീയം - 8

ചീട്ടുകളി സംഘം തിരിച്ച് പോയതിന് ശേഷം കുറേ നാളത്തേക്ക് എല്ലാവർക്കും ഓർത്തോർത്ത് ചിരിക്കുവാൻ വേറൊന്നും വേണ്ടി വന്നില്ല.

അങ്ങനെയിരിക്കെ ഒരു നാൾ വൈകുന്നേരം പട്ടത്തിയുടെ മകൻ സുരേഷ് ഒരു വെഡ്ഡിങ്ങ് ഇൻവിറ്റേഷൻ കാർഡുമായി മുകളിലെത്തി.

"അടുത്ത വാരം അക്കാവോട തിരുമണം... മാമ്പലത്ത് ആഡിറ്റോറിയത്തിൽ ആക്കും... നീങ്ക എല്ലോരും വന്തേ ആകണം..." അവൻ ഔപചാരികമായി ഞങ്ങളെ ക്ഷണിച്ചു.

വിവാഹത്തിന്റെ തലേന്ന് മുതൽ തന്നെ സദ്യയുടെ ഏർപ്പാടിനും മറ്റുമായി സഹോദരന്മാർ എന്ന നിലയിൽ സകല പിന്തുണയുമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ട് ഞങ്ങൾ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. അക്കാവെ മാപ്പിളൈയുടെ കൈയിൽ പിടിച്ചേൽപ്പിക്കുന്നത് വരെയുള്ള ഉത്തരവാദിത്വങ്ങൾ എല്ലാം തന്നെ തമ്പിമാർ എന്ന നിലയിൽ ഞങ്ങൾ ഭംഗിയായി നിർവ്വഹിച്ചു.

പട്ടത്തിയുടെ വീട്ടിൽ താമസം തുടങ്ങിയിട്ട് നാലോ അഞ്ചോ മാസങ്ങൾ കടന്ന് പോയിരിക്കുന്നു. കാര്യമായ വ്യവസ്ഥാ ലംഘനങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് പറയാം. നോൺ വെജിറ്റേറിയൻ ഭക്ഷണം പാചകം ചെയ്യണമെന്ന ആഗ്രഹം കലശലായി തോന്നാറുണ്ടെങ്കിലും ഉള്ള കഞ്ഞിയിൽ പാറ്റ ഇടണ്ടല്ലോ എന്ന ചിന്തയിൽ ഞങ്ങൾ ആ ആഗ്രഹങ്ങളെ നിഷ്കരുണം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

അങ്ങനെയൊരു നാൾ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ പ്രേമാനന്ദ് പറഞ്ഞു. "മച്ചാ... അടുത്ത വാരം എന്നോട അപ്പാവും അമ്മാവും തമ്പിയും വരപ്പോറാങ്ക... രണ്ട് നാൾ തങ്കപ്പോറാങ്ക... അന്ത രണ്ട് നാൾ അമ്മാവോട സമയൽ... രുസിയാ സാപ്പിടലാം..."

പറഞ്ഞത് പോലെ തന്നെ അടുത്തയാഴ്ച അവന്റെ മാതാപിതാക്കളും അനുജനും വെല്ലൂരിൽ നിന്നും എത്തി. തമിഴ് ശൈലിയിൽ ആണെങ്കിലും വിഭവ സമൃദ്ധമായിരുന്നു ആ രണ്ട് നാളുകൾ. സ്വന്തം മക്കൾക്കെന്ന പോലെ ഞങ്ങൾക്കെല്ലാവർക്കും ആ അമ്മ ഭക്ഷണം വിളമ്പി. നോൺ വെജ് പാചകം ചെയ്യുന്നതിനുള്ള നിരോധനത്തെക്കുറിച്ച് അവർ സങ്കടപ്പെടുകയും ചെയ്തു.

മാതാപിതാക്കൾ പോയി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പ്രേമാനന്ദ് ആ പ്രഖ്യാപനം നടത്തിയത്. അവനും ജയരാജും താമസം മാറാൻ പോകുന്നു...! വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചുകൊണ്ട് തങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ ബുദ്ധിമുട്ടാണ് എന്നതായിരുന്നു മുഖ്യ കാരണം.

അങ്ങനെ ഞങ്ങളുടെ ആറംഗ സംഘത്തിൽ നിന്നും വിട പറഞ്ഞു പോയ പ്രേമാനന്ദിനെയും ജയരാജിനെയും പിന്നെ കാണുന്നത് കോളെജിൽ വച്ച് വല്ലപ്പോഴും മാത്രമായി. പിന്നെ പതിയെ പതിയെ അതും ഇല്ലാതെയായി.

(കാലങ്ങൾക്കിപ്പുറം, അന്നത്തെ ആറംഗ സംഘത്തിലെ ഓരോരുത്തരെയായി തേടിപ്പിടിച്ച് കണ്ടെത്തുന്ന ശ്രമത്തിനിടയിലായിരുന്നു ആ നടുക്കുന്ന വാർത്ത ഞങ്ങൾ അറിഞ്ഞത്... രണ്ട് വർഷം മുമ്പ് ഒരു ഹൃദയാഘാതത്തെ തുടർന്ന് പ്രേമാനന്ദ്  ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞിരുന്നു എന്ന്...! അതൊരു വിങ്ങലായി ഇന്നും അവശേഷിക്കുന്നു.)

അംഗസംഖ്യ കുറഞ്ഞതോടെ വാടകവിഹിതം ഏറിയത് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് പുതിയ രണ്ട് അംഗങ്ങൾക്കായുള്ള അന്വേഷണം ഞങ്ങൾ തുടങ്ങിയത്.

പുതിയ ഒരു അംഗത്തിന്റെ വിവരവുമായി ആദ്യം എത്തിയത് അനിൽ ആയിരുന്നു. കോളെജിൽ ഓട്ടോമൊബൈൽ ഡിപ്ലോമയുടെ ജൂനിയർ  ബാച്ചിൽ വന്ന് ചേർന്ന മറ്റൊരു കോഴിക്കോട്കാരൻ... അവന്റെ പേരും അനിൽ എന്ന് തന്നെ...! അങ്ങനെ കൺഫ്യൂഷൻ ഒഴിവാക്കാൻ പഴയ അനിലിനെ വലിയ അനി എന്നും പുതിയ അനിലിനെ ചെറിയ അനി എന്നും ഞങ്ങൾ പുനഃർനാമകരണം ചെയ്തു.

ഏതാനും ദിനങ്ങൾക്ക് ശേഷം ആറാമനായി ഒരാൾ കൂടി എത്തി. കോട്ടയം കറുകച്ചാൽ സ്വദേശി ജോജി... എന്നെയും ഷിബുവിനെയും പോലെ AMIE എന്ന മഹാമേരു കീഴടക്കാൻ എത്തിയവനായിരുന്നു ജോജിയും.

പട്ടത്തിയുടെ കണ്ടീഷനുകൾ എല്ലാം വ്യക്തമായി പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവരുടെയും റിക്രൂട്ട്മെന്റ്.

ഒരു ഭാഗത്ത് അനിയും അനിയും കൂടി  കോഴിക്കോടൻ നർമ്മങ്ങളുടെ കെട്ടുകൾ അഴിച്ച് ഞങ്ങൾക്ക് മുന്നിൽ നിരത്തിയിടുമ്പോൾ മറുഭാഗത്ത് ഷിബുവും ജോജിയും കൂടി മദ്ധ്യ തിരുവിതാംകൂർ ജാടകൾ വിളമ്പി. ഇതെല്ലാം ഏറ്റുവാങ്ങാനായി എന്റെയും മനോജിന്റെയും ജീവിതം പിന്നെയും ബാക്കി...

ഒരേ തരംഗദൈർഘ്യത്തിൽ ആറ് പേരും അങ്ങനെ പൊയ്ക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി ഒരു നാൾ ആ സംഭവം നടക്കുന്നത്. ഞങ്ങളിൽ ഒരുവന്റെ ജീവന് തന്നെ ഭീഷണി ആയി മാറിയ ആ സംഭവം...

(തുടരും)

42 comments:

  1. കൊല്ലരുത് പ്ലീസ്... ഒരു വർഷത്തെ ഇടവേളക്ക് ശേഷം മദിരാശീയം വീണ്ടും തുടരുകയാണ്...

    അഭിപ്രായങ്ങൾ പോന്നോട്ടെ...

    ReplyDelete
  2. രണ്ടിലൊന്നറിഞ്ഞിട്ട് തീരുമാനിയ്ക്കാം

    ReplyDelete
    Replies
    1. എന്ത് തീരുമാനിക്കാമെന്നാണ് സതീഷേ...?

      Delete
  3. Ho suspense.ഇനി എന്താ ഉണ്ടാവാൻ പോകുന്നത്? 😀

    ReplyDelete
    Replies
    1. അത് അടുത്ത ലക്കത്തിൽ... വൈകില്ലാട്ടോ...

      Delete
  4. Recently started reading. So haven't read the series. Ee aazhcha vaayikkanundutto ithinte munbhagangal

    ReplyDelete
  5. (ഒരു ഭാഗത്ത് അനിയും അനിയും കൂടി കോഴിക്കോടൻ നർമ്മങ്ങളുടെ കെട്ടുകൾ അഴിച്ച് ഞങ്ങൾക്ക് മുന്നിൽ നിരത്തിയിടുമ്പോൾ മറുഭാഗത്ത് ഷിബുവും ജോജിയും കൂടി മദ്ധ്യ തിരുവിതാംകൂർ ജാടകൾ വിളമ്പി.)

    അപ്പോൾ മധ്യ തിരുവതാംകൂറുകാര് ജാട പറയുന്നവരാണെന്നാണ് പറഞ്ഞു വെച്ചത് അല്ലെ .
    ഞങ്ങളുടെ തമാശ കേട്ടാൽ " ഈ കോട്ടയം ഗെഡിയെക്കൊണ്ട് തോറ്റു എന്ന് പറയും . എപ്പിസോഡ് നിർത്തിയത് ഒരു കോട്ടയം പുഷ്പനാഥ് സ്റ്റൈലിലാണല്ലോ . ( ട്രൻസിൽവാനിയയുടെ താഴ്വാരങ്ങളിലേക്കു നിഴലുകൾ അള്ളിപ്പിടിച്ചു കയറുകയായിരുന്നു .. അപ്പോഴാണ് " ട്ടേ....." . തുടരും ")

    ReplyDelete
    Replies
    1. അശോകാ, അശോകന് ജാടയില്ലാന്ന് കരുതി എല്ലാ കോട്ടയംകാരും അങ്ങനെയല്ലല്ലോ... :)

      പിന്നെ, ജാക്ക് ഹിഗ്ഗിൻസിന്റെയൊപ്പം കൂടിയതിന് ശേഷം സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് ഒരു ദൗർബല്യമായിപ്പോയി... :)

      Delete
  6. ഇനി തുടർന്ന് വായിച്ചോളാം

    ReplyDelete
  7. ഒരു കൊല്ലത്തിനു ശേഷവും ഇന്നലെ വായിച്ചപോലെ തോന്നുന്നു. ഓർമ്മകളിൽ ജീവിച്ചുകൊണ്ടിരുന്ന ഒരാൾ ജീവിച്ചിരിക്കുന്നില്ലെന്ന് അറിയുന്നത് ഒരു ഞെട്ടൽ തന്നെയാണ്.."ഭീഷണി" കാത്തിരിക്കുന്നു. എഴുത്ത് തുടരുക...

    ReplyDelete
    Replies
    1. അതെ മുഹമ്മദ്ക്കാ... ഏതാണ്ട് രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷമാണ് ആ സുഹൃത്തുക്കളെ കണ്ടെത്താൻ എനിക്കായത്... പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു... വല്ലാത്തൊരു നൊമ്പരമായി ഇപ്പോഴും അത് ഹൃദയത്തിന്റെ കോണുകളിലെവിടെയോ കുത്തുന്നു... :(

      Delete
    2. സോറി... രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം എന്ന് തിരുത്തി വായിക്കണം...

      Delete
  8. നല്ല എഴുത്താണ് വിനുവേട്ടാ. ലളിതമായ എഴുത്തുകൾ വായിക്കാൻ തന്നെ ഒരു രസമാണ്..
    ഇനി മുതൽ കൃത്യമായി മെയിൽ കിട്ടും എന്ന് കരുതുന്നു..

    ReplyDelete
    Replies
    1. വളരെ സന്തോഷം... തീർച്ചയായും അറിയിക്കാം, അബൂതി...

      Delete
  9. (“തിരക്കിനിടയിലും” ബ്ലോഗെഴുതാൻ സമയം കണ്ടെത്തുന്ന വിനുവേട്ടന് അഭിവാദ്യങ്ങൾ!!)

    അപ്പോ ഇനി അക്കാവുക്ക് കൊളന്ത പിറന്ന വാർത്തയുമായി അടുത്ത കൊല്ലം കാണാം.. ല്ലേ?

    ReplyDelete
  10. വായിiച്ചപ്പോൾ ഒരു പ്രത്യേക സുഖം, കാണാതായ സുഹൃത്തിന്നെ കണ്ടെത്തിയതുപോലെ,, ഞ്‍ാനും തുടർച്ചയായീ ബ്ലോഗെഴുതാൻ തീരുമാനിച്ചു. ആശംസകൾ

    ReplyDelete
    Replies
    1. അതെ ടീച്ചർ... ബ്ലോഗുകളെ നമുക്ക് തിരികെ കൊണ്ടുവരണം...

      Delete
  11. Pandu painkily varika vayuchu thudarkkadhayude bhakkibagam ariyaan vygrathappedunna
    Ayalkkariyude sthithiipole aayallo?!!
    Aasamsakal

    ReplyDelete
    Replies
    1. ആയി അല്ലേ...? സന്തോഷായി തങ്കപ്പേട്ടാ... :)

      Delete
  12. തൃശ്ശൂർ വിശേഷങ്ങൾ തീർന്നിരുന്നില്ലാല്ലെ. ഞാൻ വിചാരിച്ചത് അതിന്റെ സ്റ്റോക്ക് അന്നേ തീർന്നിരുന്നെന്ന്...!
    ആശംസകൾ.....

    ReplyDelete
    Replies
    1. അയ്യോ, ഇല്ല അശോകേട്ടാ... മടി പിടിച്ചിരുന്ന് എഴുതാതെ ആയതാ... ഇനി നിർത്തില്ല... തീർച്ച...

      Delete
  13. തൃശൂർ വിശേഷങ്ങളിലെ മദിരാശി വിശേഷങ്ങൾ തുടരട്ടെ...

    ReplyDelete
  14. പട്ടത്തിയുടെ കണ്ടീഷനുകൾ എല്ലാം വ്യക്തമായി പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവരുടെയും റിക്രൂട്ട്മെന്റ്..
    അവിടെയും ഇവിടയെയുമായി കുറെയൊക്കെ വായിച്ചു .. ഇനി വീണ്ടും ഒന്നും കൂടി വായിച്ചാലേ വിശദമായ കമന്റ് എഴുതാൻ പറ്റൂ .. കണ്ണിന് കാഴ്ചക്ക് ചില തകരാറുകൾ ഉള്ള കാരണം ഇപ്പോൾ വായന കുറവാണെന്നു . വീണ്ടും വരാം ഈ വഴിക്ക് .
    പിന്നെ എന്റെ വീട്ടിൽ വരാമെന്ന് പറഞ്ഞിട്ട് ഇതേ വരെ വന്നില്ല ...?!!

    ReplyDelete
    Replies
    1. പറഞ്ഞത് പോലെ അത് നടന്നില്ലല്ലോ പ്രകാശേട്ടാ... വരാം... തീർച്ചയായും വരാം...

      Delete
  15. പഴയ കൂട്ടുകാരെ വീണ്ടും കണ്ടെത്തുന്നത്‌ സന്തോഷം. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ വിയോഗം ദു:ഖം. വിശേഷങ്ങൾ രസകരം. രണ്ടുപേരും എന്തിനാ എല്ലാം ഏറ്റുവാങ്ങിയത്‌. കാച്ചാമായിരുന്നില്ലെ കുറെ തൃശ്ശൂർ വിശേഷങ്ങൾ

    ReplyDelete
    Replies
    1. പക്ഷേ, ആ ഏറ്റുവാങ്ങലുകൾ രസകരങ്ങളായിരുന്നു കേട്ടോ... ഈ പോസ്റ്റ് വായിച്ച് മനോജ്, ദാ ഇപ്പോൾ വിളിച്ച് ഫോൺ വച്ചതേയുള്ളൂ മദിരാശിയിൽ നിന്നും... പട്ടത്തിയുടെ മോളുടെ കല്യാണത്തിന് മൂക്ക് മുട്ടെ ശാപ്പാട് അടിച്ച് കയറ്റി നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ എത്തിയ കാര്യമെല്ലാം എന്താ എഴുതാഞ്ഞത് എന്ന് ചോദിച്ചു... :)

      Delete
  16. ലാന്റ് ലോർഡ് പട്ടത്തിയുടെ കണ്ടീഷനുകൾക്കൊപ്പം,
    അനിമാർ ഒരു ഭാഗത്ത് കോഴിക്കോടൻ നർമ്മങ്ങളുടെ
    കെട്ടുകൾ അഴിച്ച് ഞങ്ങൾക്ക് മുന്നിൽ നിരത്തിയിടുമ്പോൾ
    മറുഭാഗത്ത് ഷിബുവും ജോജിയും കൂടി മദ്ധ്യ തിരുവിതാംകൂർ
    ജാടകൾ വിളമ്പി. ഇതെല്ലാം ഏറ്റുവാങ്ങാനായി പാവം അന്നത്തെ
    വിനുവേട്ടന്റെയും മനോജിന്റെയും ജീവിതം പിന്നെയും ബാക്കിയായത്
    കൊണ്ട് ഇപ്പോൾ ഞങ്ങൾക്കിതൊക്കെ അറിയുവാൻ സാധിച്ചു ...

    ReplyDelete
  17. Replies
    1. ഉടൻ തന്നെയുണ്ടാകും ബിപിൻജീ...

      Delete
  18. തൃശ്ശൂര്‍ വിശേഷങ്ങള്‍ ഇനി ദീര്‍ഘമായ ഇടവേളകള്‍ ഇല്ലാതെ ആയിക്കോട്ടെ.

    ReplyDelete
  19. വിനുവേട്ടാ, ഫേസ്ബുക്കിൽ ഒരിക്കൽ വിശാലമനസ്കനൊപ്പമിരിക്കുന്ന ഒരു ഫോട്ടോ കണ്ടപ്പോൾ ഇതാരപ്പാ ഈ പുലി എന്ന് വണ്ടർ അടിച്ചിട്ടുണ്ട് (ആ ആൾ തന്നെയാണ് ഈ ആൾ എന്ന് വിശ്വസിക്കുന്നു. തെറ്റിപ്പോയെങ്കിൽ കൊല്ലരുത് പ്ലീസ്)

    ഈ ബ്ലോഗ് ഒരിക്കലെപ്പോളോ കണ്ടെങ്കിലും പൂട്ടിപ്പോയ കടയാണെന്നാ കരുതിയത്. എന്തായാലും കട വീണ്ടും തുറന്നതിന് ആശംസകൾ.. എട്ടാം ഭാഗം എന്ന് കണ്ടതുകൊണ്ട് ആദ്യം ഈ പോസ്റ്റ് വായിക്കുന്നില്ല, ഐശ്വര്യമായി ഒന്നാം ഭാഗത്തിൽനിന്ന് തുടങ്ങിയേക്കാം... വായിച്ച് ഈ ഭാഗം എത്തിയിട്ട് വേറെ കമന്റ് ഇടാം.

    പൊതുവെ 'നവോത്‌ഥാനം' ആണല്ലോ ഇപ്പോളത്തെ ട്രെൻഡ്... അതുകൊണ്ട് എല്ലാ ബ്ലോഗുകളുടെയും നവോത്‌ഥാനം നടക്കട്ടെ!

    PS: ഇതുകൂടാതെ ഈഗിളിനെയും, അതിന്റെ ഫ്ളൈറ്റിനെയും, ലാൻഡ് ചെയ്തതിനെയും ഒക്കെ നോക്കി വെച്ചിട്ടുണ്ട്.. ശേഷം വെള്ളിത്തിരയിൽ ;-)

    ReplyDelete
    Replies
    1. അതെ മഹേഷ്... ആ ആൾ തന്നെ ഈ ആൾ...

      തൃശൂർ വിശേഷങ്ങൾ എന്ന ഈ കട വീണ്ടും തുറന്ന് പ്രവർത്തിച്ച് തുടങ്ങിയിരിക്കുകയാണ്... തേടിപ്പിടിച്ച് ഇവിടെയെത്തിയതിലുള്ള സന്തോഷം അറിയിക്കട്ടെ...

      ഹാർദ്ദമായ സ്വാഗതം... വീണ്ടും വരുമല്ലോ...

      Delete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...