Tuesday, December 8, 2009

ശങ്കരേട്ടനും രാസായുധവും

ദിവസവും രാവിലെ വിലേ പാര്‍ലേയില്‍ നിന്ന് ചര്‍ച്ച്‌ ഗേറ്റ്‌ വരെയും വൈകുന്നേരം തിരിച്ചുമുള്ള ഞാണിന്മേല്‍ കളി പോലുള്ള യാത്രയ്ക്ക്‌ ഒരു അറുതിയായ സന്തോഷമാണ്‌ ഗള്‍ഫ്‌ ജോലിക്കുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ്‌ കൈയില്‍ കിട്ടിയപ്പോഴുണ്ടായത്‌. എങ്കിലും ഇത്രയും നാള്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഓഫീസില്‍ നിന്ന്‌ യാത്ര പറഞ്ഞു പോന്നതിന്റെ വിഷമം ഇല്ലാതിരുന്നില്ല.

ടിക്കറ്റുമായി തിരികെ വിലേ പാര്‍ലെയിലേക്കുള്ള യാത്രയില്‍ രവി പറഞ്ഞു... "ഇപ്പോള്‍ ഈ തിരക്കു പിടിച്ച ട്രെയിനില്‍ യാത്ര ചെയ്യുന്ന നീ ഉച്ച കഴിഞ്ഞ്‌ സഞ്ചരിക്കുവാന്‍ പോകുന്നത്‌ ഫ്ലൈറ്റില്‍... എന്തൊരു വിരോധാഭാസം...!"

എത്ര പെട്ടെന്നാണ്‌ ഒന്നര വര്‍ഷം കടന്ന് പോയത്‌. സബര്‍ബന്‍ ട്രെയിനിലെ തൂങ്ങിപ്പിടിച്ചുള്ള യാത്രയ്ക്ക്‌ പകരം പോലീസിന്റെ പഴയ ഇടിവണ്ടി പോലത്തെ മഞ്ഞ ബസ്സില്‍ ഞെങ്ങി ഞെരുങ്ങി ഒടുക്കത്തെ ഹ്യുമിഡിറ്റിയിലുള്ള യാത്ര. ആകെയുള്ള ആശ്വാസം ഡ്രൈവര്‍ മുത്തയ്യയുടെ എണ്ണം പറഞ്ഞ വിറ്റുകള്‍...

സാരമില്ല ... ഇപ്പോഴിതൊക്കെ ശീലമായിരിക്കുന്നു. മാനേജര്‍മാര്‍ക്കൊക്കെ എന്താ അനുകമ്പയും സ്നേഹവും ജോലിക്കാരോട്‌... അവരുടെ സ്നേഹവായ്പ്പും പരിലാളനകളും അനുഭവിച്ചറിഞ്ഞതോടെ ഞങ്ങള്‍ ജോലിക്കാര്‍ ഭൂരിപക്ഷവും ആയുഷ്‌ക്കാലം മുഴുവന്‍ ഇവിടെ തന്നെ ജോലിയെടുക്കാമെന്ന് മനസ്സാ ഉറപ്പിച്ചിരിക്കുകയാണ്‌.

"ഡാ, നീ പോയി രണ്ട്‌ പച്ചമാങ്ങ കൊണ്ടുവന്നേ... എന്നാലേ ഈ അവിയലിന്‌ അവിയലിന്റെ ടേസ്റ്റ്‌ വരൂ..." ശങ്കരേട്ടന്‍.

എട്ട്‌ പേരുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പാചകത്തിന്‌ നാല്‌ ടീമായി തിരിച്ചിരിക്കുകയാണ്‌. ഓരോ ദിവസവും ഓരോ ടീം... എന്റെ ടീം ലീഡര്‍ ശങ്കരേട്ടനാണ്‌. ഭക്ഷണമാണ്‌ ശങ്കരേട്ടന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. അതു കൊണ്ട്‌ തന്നെ ഗുണവുമുണ്ട്‌. ആശാന്‌ ആവശ്യമുള്ള വ്യഞ്ജനങ്ങള്‍ വിളിപ്പുറത്ത്‌ എത്തിച്ച്‌ കൊടുത്ത്‌ കൊണ്ട്‌ കൂടെ നിന്നാല്‍ മതി. എല്ലാം ശങ്കരേട്ടന്‍ തന്നെ ചെയ്തോളും. കുറ്റം പറയരുതല്ലോ... ശങ്കരേട്ടന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്‌. കമ്പനിയിലെ സൂപ്പര്‍വൈസര്‍ ജോലിയേക്കാള്‍ പ്രാധാന്യം പാചകത്തിനും ഭോജനത്തിനും ആയപ്പോള്‍ ശങ്കരേട്ടന്റെ സ്വതവേയുള്ള കുടവയര്‍ അത്യാവശ്യം ഒരു കത്തൊക്കെ എഴുതുവാന്‍ ഉപകരിക്കുന്ന ഒരു മേശ എന്ന നിലയിലേക്ക്‌ വളര്‍ന്നിരുന്നു.

"ഞാനീ സൗദി അറേബ്യയില്‍ എവിടെ പോയി പച്ചമാങ്ങ കൊണ്ടുവരും... ആ കോല്‍പ്പുളി കൊണ്ട്‌ അഡ്‌ജസ്റ്റ്‌ ചെയ്തൂടേ ശങ്കരേട്ടാ?..."

പച്ചമാങ്ങ കിട്ടും എന്ന പ്രതീക്ഷയിലല്ല പറഞ്ഞതെന്ന് ശങ്കരേട്ടനും അറിയാം. പാചകത്തിനോടുള്ള ആത്മാര്‍ത്ഥത കൂടിപ്പോയപ്പോള്‍ പറഞ്ഞ്‌ പോയതാണ്‌. ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇന്ത്യയില്‍ നിന്നുള്ള പല പച്ചക്കറികളും ഇവിടെ സ്വപ്നം കാണാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.

"ശരി.. കോല്‍പ്പുളിയെങ്കില്‍ കോല്‍പ്പുളി... ടേസ്റ്റ്‌ ഇല്ലാന്ന് ആരെങ്കിലും പറഞ്ഞാല്‍... ഇന്നത്തോടെ ഞാന്‍ കുക്കിംഗ്‌ അവസാനിപ്പിക്കും..."

എവിടെ... ശങ്കരേട്ടന്‍ കുക്കിംഗ്‌ അവസാനിപ്പിക്കുകയോ... വെക്കേഷന്‌ വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം പോലും ആശാന്‌ തൃപ്തിയാവില്ല. ശങ്കരേട്ടന്റെ വെക്കേഷന്‍ ശരിയ്ക്കും ആസ്വദിച്ചിരുന്നത്‌ ശങ്കരേടത്തിയാണെന്ന് പറയാം... ഒരു മാസത്തേക്ക്‌ അടുക്കളയില്‍ കയറണ്ടല്ലോ...

ഞങ്ങള്‍ ഇങ്ങനെയൊക്കെ സന്തോഷത്തോടെ വായയ്ക്ക്‌ രുചിയായിട്ട്‌ വല്ലതുമൊക്കെ കഴിച്ച്‌ ജീവിച്ച്‌ പോകുന്നത്‌ കണ്ട്‌ അസൂയ മൂത്ത ഒരാളുണ്ടായിരുന്നു... സാക്ഷാല്‍ സദ്ദാം ഹുസൈന്‍ !... ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ആ വാര്‍ത്ത കേട്ട്‌ ഞങ്ങള്‍ ഞെട്ടിത്തെറിച്ചു. സദ്ദാം ഹുസൈന്റെ പട്ടാളം കുവൈറ്റില്‍ ഇരച്ച്‌ കയറി ആ രാജ്യം കീഴടക്കിയിരിക്കുന്നു ! അടുത്ത ലക്ഷ്യം സൗദിയുടെ വടക്കേ അതിര്‍ത്തിയാണത്രേ... അതിര്‍ത്തിയില്‍ നിന്ന് കേവലം മുന്നൂറ്‌ കിലോമീറ്റര്‍ മാത്രമുള്ള ഞങ്ങളുടെ കാര്യം കട്ടപ്പൊക ...! ഏത്‌ നേരത്താണാവോ ബോംബെയില്‍ ഉണ്ടായിരുന്ന ജോലിയും കളഞ്ഞ്‌ അഹങ്കാരം മൂത്ത്‌ ഇങ്ങോട്ട്‌ വിമാനം കയറാന്‍ തോന്നിയത്‌... പിന്നെ ആകെയുള്ള ഒരു ആശ്വാസം ഒറ്റത്തടിയാണെന്നതാണ്‌. നാല്‌ കാശുണ്ടാക്കിയിട്ട്‌ മതി വിവാഹം എന്ന് തീരുമാനിച്ചത്‌ എന്തായാലും നന്നായി.

ചൂടുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളും നടക്കുന്നതിനിടയില്‍ മനഃസമാധാനം കളയാനായിട്ട്‌ ഒരുത്തന്‍ കൂടി ഇറങ്ങിത്തിരിച്ചു. ജോര്‍ജ്‌ ബുഷ്‌...! ഇപ്പോഴത്തെ ബുഷല്ല... അങ്ങേരുടെ അപ്പന്‍ ബുഷ്‌... ഞങ്ങളൊക്കെ ഇവിടെ ഇങ്ങനെ ശാപ്പാടടിച്ച്‌ ചീട്ടും കളിച്ച്‌ ആഴ്ചയില്‍ ആഴ്ചയില്‍ കാസറ്റ്‌ പടവും കണ്ട്‌ കഴിഞ്ഞ്‌ പോകുന്നതിന്‌ ഇവര്‍ക്കൊക്കെ എന്തിനാ ഇത്ര ദണ്ഡം... അങ്ങേര്‍ക്ക്‌ സദ്ദാം ഹുസൈന്റെ പട്ടാളത്തെ തിരിച്ചോടിയ്ക്കണമത്രേ. പക്ഷേ അതിന്‌ ഞങ്ങളുടെയടുത്തുള്ള ദഹ്‌റാന്‍ തന്നെ വേണം ഓപ്പറേഷന്‍ ആസ്ഥാനം ആയിട്ട്‌ എന്ന് വച്ചാല്‍...

ഉപഗ്രഹ ചാനലുകള്‍ ഇല്ലാതിരുന്ന അക്കാലത്ത്‌ ബാഹ്യലോകത്ത്‌ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ കുറച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടിയിരുന്നത്‌ ബഹ്‌റൈന്റെ ചാനല്‍ 55 ല്‍ നിന്നായിരുന്നു. അമേരിക്കന്‍ മിലിട്ടറി ദഹ്‌റാനിലേക്കും ബഹ്‌റൈനിലേക്കും എത്തിത്തുടങ്ങിയത്‌ അറിഞ്ഞത്‌ ചാനല്‍ 55 ല്‍ നിന്നായിരുന്നു. CNN ചാനലിന്റെ ഗള്‍ഫിലേക്കുള്ള വരവും അതോടൊപ്പമായിരുന്നു ചാനല്‍ 55മായി കൂട്ടുപിടിച്ച്‌.

"എടാ, അടി പൊട്ടുമെന്നാ തോന്നുന്നേ... അരിയും മറ്റ്‌ ഭക്ഷണ സാധങ്ങളുമൊക്കെ സ്റ്റോക്ക്‌ ചെയ്തില്ലെങ്കില്‍ പ്രശ്നമാകാന്‍ വഴിയുണ്ട്‌... എയര്‍പ്പോര്‍ട്ടും സീ പോര്‍ട്ടും അടച്ചാല്‍ പിന്നെ പട്ടിണിയാവും... ഹോ അതോര്‍ക്കാന്‍ വയ്യാ എനിയ്ക്ക്‌..."

"എന്റെ ശങ്കരേട്ടാ, ആ സദ്ദാമിന്റെ കൈയില്‍ രാസായുധങ്ങളുണ്ടെന്നാ ബുഷ്‌ പറയുന്നത്‌. അതെങ്ങാനും ആ മിസ്സൈലിന്റെ അറ്റത്ത്‌ കൊളുത്തി ഇങ്ങോട്ട്‌ വിട്ടാല്‍ എന്ത്‌ സ്റ്റോക്കുണ്ടായിട്ടെന്താ? തേങ്ങാമുറീലെ എറുമ്പും കൂട്ടത്തെ വെയിലത്ത്‌ കൊട്ടിയ മാതിര്യാവില്ലേ നമ്മുടെ അവസ്ഥ?"

"അത്‌ നീ പേടിക്കണ്ടടാ... നമുക്കെല്ലാം മാസ്ക്‌ തരാന്‍ പുവ്വാത്രേ... ഗ്യാസ്‌ മാസ്ക്‌. ഏത്‌ കെമിക്കല്‍ പൊട്ടിച്ചാലും ഇത്ണ്ടെങ്കീ ഒന്നും പറ്റില്യാന്നാ പറേണേ..."

അടി പൊട്ടുമെന്നുള്ള കാര്യം ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞിരുന്നു. നഗരത്തില്‍ മിക്കയിടങ്ങളിലും അപകട സൂചന നല്‍കുന്നതിനായുള്ള വലിയ സൈറണുകള്‍ ഘടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. CNN റിപ്പോര്‍ട്ടര്‍ ചാള്‍സ്‌ ജാക്കോ ലൈവ്‌ റിപ്പോര്‍ട്ടിങ്ങിനായി ദഹ്‌റാനില്‍ എത്തിക്കഴിഞ്ഞു. അമേരിക്കന്‍ നാവികസേനയും വ്യോമസേനയും ബഹ്‌റൈനിലും ദഹ്‌റാനിലുമായി വിന്യസിച്ചിരിക്കുന്നു. 'സാഡം ഹുസൈനെ' മര്യാദ പഠിപ്പിച്ചേ അടങ്ങൂ എന്ന് ബുഷ്‌ കാര്‍ന്നോര്‌ നാഴികയ്ക്ക്‌ നാല്‍പ്പത്‌ വട്ടം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.

ശങ്കരേട്ടന്‍ പറഞ്ഞത്‌ ശരിയായിരുന്നു. അടുത്ത ദിവസം തന്നെ കമ്പനിയില്‍ എല്ലാവര്‍ക്കും ഗ്യാസ്‌ മാസ്ക്ക്‌ വിതരണം ചെയ്തു. സേഫ്റ്റി ആന്റ്‌ സെക്യൂരിറ്റിക്കാരുടെ വക ഡെമോണ്‍സ്ട്രേഷന്‍ കണ്ടപ്പോള്‍ ഭയത്തിനിടയിലും ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. മുഖത്ത്‌ കൂടി വലിച്ച്‌ കയറ്റി തലയുടെ പിറകില്‍ സ്ട്രാപ്പ്‌ മുറുക്കി കെട്ടുന്നതോടെ എല്ലാവര്‍ക്കും ഛായ ഒന്ന്... വരാഹത്തിന്റെ ... പോരാഞ്ഞ്‌ മൂക്കിന്റെ ഭാഗത്ത്‌ ചിമ്മിണി വിളക്കിന്റെയടിയിലെ മണ്ണെണ്ണ ടാങ്ക്‌ പോലെ ഒരു സംഭവം. അതിന്റെയടിയില്‍ കുപ്പിയുടെ അടപ്പ്‌ പോലെ പിരിയുള്ള ഒരു അടപ്പും. ആ അടപ്പ്‌ തുറക്കുമ്പോഴാണ്‌ അന്തരീക്ഷത്തിലെ വിഷവായു അതിനുള്ളിലെ ഫില്‍ട്ടറിലൂടെ കടന്ന് ശുദ്ധീകരിക്കപ്പെട്ട്‌ നമുക്ക്‌ ശ്വസന യോഗ്യമാകുന്നത്‌. ഗ്യാസ്‌ മാസ്ക്കിന്റെ ഈ കിറ്റ്‌ ഇനി മുതല്‍ ഏത്‌ പാതാളത്തില്‍ പോയാലും കൂടെയുണ്ടായിരിക്കണമെന്നാണ്‌ കല്‍പ്പന.

യു.എന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഒരാഴ്ചക്കാലം ശങ്കരേട്ടനും ഞങ്ങളും സ്കൂള്‍ ബാഗ്‌ പോലത്തെ മാസ്ക്‌ കിറ്റും തോളിലിട്ട്‌ രാവിലെയും വൈകുന്നേരവും ആഘോഷമായി കമ്പനിയിലേക്ക്‌ പോകുകയും വരികയും ചെയ്തു.

മാസ്ക്ക്‌ തലയ്ക്കല്‍ തന്നെയുണ്ടെന്ന് ഉറപ്പ്‌ വരുത്തിയിട്ടായിരുന്നു അന്നും ഉറങ്ങാന്‍ കിടന്നത്‌. കതകില്‍ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. അടുത്ത അപ്പാര്‍ട്ട്‌മെന്റിലെ ചന്ദ്രു അണ്ണാച്ചിയാണ്‌. "യുദ്ധം തുടങ്ങി... എല്ലാവരും മാസ്ക്ക്‌ പോട്‌..." എന്ന് പറഞ്ഞ്‌ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും ഓടി നടക്കുകയാണ്‌ അണ്ണാച്ചി.

സംഭവം ശരിയാണ്‌... അപകട സൂചന നല്‍കുന്ന സൈറനുകള്‍ എമ്പാടും അലറിക്കൊണ്ടിരിക്കുന്നു. എങ്ങും പരിഭ്രാന്തിയോടെ ഓടിനടക്കുന്നവര്‍... എല്ലാവരുടെയും മുഖത്തിന്‌ ഇപ്പോള്‍ ഒരു ഛായ മാത്രം, കാട്ടുപന്നിയുടെ... വിഷവാതകത്തിന്റെ ഓര്‍മ്മ വന്നതും ഗ്യാസ്‌ മാസ്ക്ക്‌ എടുത്തണിഞ്ഞ്‌ ഓടിയത്‌ ശങ്കരേട്ടന്റെ മുറിയിലേക്കാണ്‌.

തണുപ്പ്‌ കാലത്തെ തന്റെ സ്ഥിരം വസ്ത്രമായ മങ്കി സ്യൂട്ടിനും സ്വെറ്ററിനും പുറമേ ഇപ്പോള്‍ ഗ്യാസ്‌ മാസ്കും കൂടി ഫിറ്റ്‌ ചെയ്തിരിക്കുന്ന ശങ്കരേട്ടനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കട്ടിലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ശങ്കരേട്ടന്റെ മൂക്കിന്റെ ഒരു വശത്ത്‌ ഒരു കൊമ്പ്‌ കൂടി ഫിറ്റ്‌ ചെയ്ത്‌ കൊടുത്താല്‍ സാക്ഷാല്‍ ഗണപതി തന്നെ. ഗ്യാസ്‌ മാസ്ക്‌ ധരിച്ചിരിക്കുമ്പോള്‍ ചിരി വന്നാലും ചിരിയ്ക്കാന്‍ കഴിയില്ല എന്ന വിലയേറിയ അറിവ്‌ ആദ്യമായിട്ടായിരുന്നു.

അടുത്ത നിമിഷം അധികമകലെയല്ലാതെ അതിഭയങ്കരമായ ഒരു സ്ഫോടനം. ഞങ്ങളുടെ കെട്ടിടം ഒരു നിമിഷം കുലുങ്ങി. ഉറക്കെ ഒന്ന് അലറുവാന്‍ പോലും കഴിയില്ല ഈ മാസ്ക്‌ ഉള്ളപ്പോള്‍ എന്ന പുതിയ അറിവ്‌ വീണ്ടും. സദ്ദാം ഹുസൈന്റെ സ്കഡ്‌ മിസ്സൈലിനെ താഴെ വീഴുന്നതിന്‌ മുമ്പ്‌ തകര്‍ക്കാന്‍ പാട്രിയറ്റ്‌ കൊണ്ടുവന്ന് വച്ചിട്ടുണ്ടെന്ന് ബുഷ്‌ കാര്‍ന്നോര്‌ പറഞ്ഞിട്ട്‌ ഇപ്പോള്‍... വിഷവാതകം ശ്വസിച്ച്‌ വടിയാവാന്‍ തന്നെ യോഗമെന്ന് തോന്നുന്നു.

വീണ്ടും ഒരു സ്ഫോടനം കൂടി... കുറേക്കൂടി അടുത്ത്‌. കെട്ടിടം വീണ്ടും കുലുങ്ങി. അതേ.. ഇതു തന്നെ അവസാനം... വല്ല ആവശ്യവുമുണ്ടായിരുന്നോ ബോംബെയില്‍ നിന്ന് കുറ്റിയും പറിച്ച്‌ ഇങ്ങോട്ടെഴുന്നെള്ളാന്‍... ഇനിയിപ്പോള്‍ ശവശരീരം പോലും കാണാന്‍ പറ്റുമോ വീട്ടുകാര്‍ക്ക്‌... പറഞ്ഞിട്ടെന്ത്‌ കാര്യം... പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ...

അപ്പോഴാണ്‌ നടുക്കുന്ന ആ കാഴ്ച കണ്ടത്‌... ഗ്യാസ്‌ മാസ്കിന്റെ സുതാര്യമായ ചില്ലുകള്‍ക്കുള്ളില്‍ ശങ്കരേട്ടന്റെ കണ്ണുകള്‍ തുറിയ്ക്കുന്നു. അതേ... വിഷവാതകം ശങ്കരേട്ടനെ ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു! ശ്വാസം എടുക്കുവാന്‍ കഴിയാതെ ആസ്ത്‌മാരോഗിയെ പോലെ നീട്ടിവലിക്കുകയാണ്‌ ശങ്കരേട്ടന്‍. ചമ്രം പടിഞ്ഞിരുന്ന ശങ്കരേട്ടന്‍ കിടക്കയില്‍ കാലുകള്‍ നീട്ടി തുരുതുരാ ചവിട്ടിക്കൊണ്ടിരിക്കുന്നു. സംശയമില്ല, ഇത്‌ രാസായുധം തന്നെ... ഏവരും ഭയന്നിരുന്ന ആ ദുരന്തം അവസാനം ഇതാ എത്തിയിരിക്കുന്നു! ... അല്‍പ്പ നിമിഷങ്ങള്‍ക്കകം ഞങ്ങളെല്ലാവരും നിശ്ചലരായി ഇവിടെ മറിഞ്ഞു വീഴും...

രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞ്‌ വീണ്ടും ചുറ്റിലും നോക്കി. ആരും മറിഞ്ഞ്‌ വീണിട്ടില്ല ഇതുവരെ. പക്ഷേ ശങ്കരേട്ടന്‍ മാത്രം അപ്പോഴും വെപ്രാളം കാണിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതെന്താ ഇങ്ങനെ?... സം തിംഗ്‌ റോംഗ്‌... ഇനി ഭക്ഷണപ്രിയരെ മാത്രം ബാധിക്കുന്ന വല്ല വാതകവുമായിരിക്കുമോ ഇത്‌..? തങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പായതോടെ എല്ലാവരുടെയും ശ്രദ്ധ കൈകാലിട്ടടിക്കുന്ന ശങ്കരേട്ടനിലായി.

ശങ്കരേട്ടന്റെ സഹമുറിയനായ സുരേട്ടനാണ്‌ സംഭവം ആദ്യം ക്ലിക്ക്‌ ചെയ്തത്‌. സുരേട്ടന്‍ തന്റെ കട്ടിലില്‍ നിന്ന് ചാടിയെഴുനേറ്റ്‌ ശങ്കരേട്ടന്റെ മാസ്കിന്റെ ചുവടെയുള്ള ഫില്‍ട്ടറിന്റെ അടപ്പ്‌ ഇടത്തോട്ട്‌ തിരിച്ച്‌ തിരിച്ച്‌ തുറന്നു കൊടുത്തു.

ഭാഗ്യം... മാസ്കിന്റെ അടഞ്ഞിരിക്കുന്ന അടപ്പ്‌ സുരേട്ടന്‍ സമയത്ത്‌ തന്നെ കണ്ടത്‌ കൊണ്ട്‌ ശങ്കരേട്ടന്റെ അടപ്പ്‌ തെറിച്ചില്ല...

പുനര്‍ജന്മം ലഭിച്ച ആശ്വാസത്തില്‍ ശങ്കരേട്ടന്‍ ദീര്‍ഘമായി ശ്വസിച്ചു കൊണ്ടിരിക്കുമ്പോള്‍, പുറത്ത്‌ അപകടം ഒഴിവായി എന്നറിയിക്കുന്ന "ഓള്‍ ക്ലിയര്‍" സൈറന്‍ മുഴങ്ങുന്നുണ്ടായിരുന്നു.

49 comments:

 1. അധികം വൈകാതെ തന്നെ അടുത്ത പോസ്റ്റ്‌... ഇത്‌ ഇന്നത്തെ ഗള്‍ഫ്‌ മാധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌... ഇനി നിങ്ങളുടെ ഊഴം...

  ReplyDelete
 2. “കട്ടിലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ശങ്കരേട്ടന്റെ മൂക്കിന്റെ ഒരു വശത്ത്‌ ഒരു കൊമ്പ്‌ കൂടി ഫിറ്റ്‌ ചെയ്ത്‌ കൊടുത്താല്‍ സാക്ഷാല്‍ ഗണപതി തന്നെ“
  ഹ..ഹ..

  എന്നാലും, അപ്പോഴത്തെ എല്ലാവരുടെയും മാനസികാവസ്ഥയും വരികളിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്.

  ReplyDelete
 3. ha ha shankarettanum kalakki.
  Ee shankarettan nammuday krishnettantay arengilumayi varumo vakayil?

  ReplyDelete
 4. "ശങ്കരേട്ടന്റെ സ്വതവേയുള്ള കുടവയര്‍ അത്യാവശ്യം ഒരു കത്തൊക്കെ എഴുതുവാന്‍ ഉപകരിക്കുന്ന ഒരു മേശ എന്ന നിലയിലേക്ക്‌ വളര്‍ന്നിരുന്നു."

  തകര്‍പ്പന്‍! ഇത്‌ ഒരു നല്ല കലക്കായി വിനുവേട്ടാ! ഇനിയും പോരട്ടെ!

  ReplyDelete
 5. ഉം.. വിശാലേട്ടന്റെ ശങ്കരേട്ടനാണോ ഈ കഥാപാത്രവും?

  ReplyDelete
 6. ശങ്കരേട്ടന്‍ അരങ്ങു തകര്‍ക്കുന്നു... ഇന്നലെ തന്നെ ഗള്‍ഫ് മാധ്യമത്തിലൂടെ ഇത് വായിച്ച് സായൂജ്യമടഞ്ഞു...

  ഈ മഹാന്റെ കൂടുതല്‍ വിശേഷങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കാമല്ലോ അല്ലേ?

  ReplyDelete
 7. മരണത്തെ മുന്നില്‍ കാണുക അനുഭവിച്ചു അത് ഈ പോസ്റ്റിലൂടെ

  ReplyDelete
 8. ശങ്കരേട്ടന്‍ സൂപ്പര്‍. നല്ല എഴുത്ത്.

  ReplyDelete
 9. ഗൾഫുയുദ്ധത്തിനിടയിലെ സരസൻ അനുഭവങ്ങൾ..
  കലക്കീണ്ട് ഭായി...
  കിണ്ണങ്കാച്ചിയവതരണം ....

  ReplyDelete
 10. ഇന്നു ശങ്കരേട്ടന്റെ കാര്യം വായിക്കുമ്പോള്‍ ചിരി വരുന്നു. അന്നു് എന്തായിരുന്നു നിങ്ങളുടെ അവസ്ഥ ഇല്ലേ? വളരെ നന്നായിട്ടുണ്ട് ട്ടോ.

  ReplyDelete
 11. Welcome back!! Long back I have read your writings and now at least a year later I am reading again. You are writing very well. thank you!!

  ReplyDelete
 12. Vinuetta, Oru idvelakku shesham veendum....
  Ippol shankarettan avide thanneyundo?

  ReplyDelete
 13. നല്ല എഴുത്ത്!!

  Liked it

  ReplyDelete
 14. kollaam vinu vettaa...shagarettan kalkunudalo...
  pine oru kaaryam parajotte...aviyalil manga yum,valan puliyum alla upayogikkande...nalla pulicha thairu..athaa cherkkande..allenkil moru..appozhe ruji koodoo...shakarattanodu parajekkoo tou..

  ReplyDelete
 15. ഗള്‍ഫ് യുദ്ധത്തിന്റെ ഭീഷിണിക്കുള്ളിലും ഓര്‍ത്തുചിരിക്കാന്‍ കഴിയുന്ന ഇത്തരം നുറുങ്ങുകളുണ്ടല്ലെ.

  അക്കാലത്തെ ബാച്ചിലര്‍ ജീവിതകഥകളാണു കൂടുതല്‍ രസിപ്പിക്കുന്നത്.

  ReplyDelete
 16. “ഗ്യാസ്‌ മാസ്ക്‌ ധരിച്ചിരിക്കുമ്പോള്‍ ചിരി വന്നാലും ചിരിയ്ക്കാന്‍ കഴിയില്ല എന്ന വിലയേറിയ അറിവ്‌ ആദ്യമായിട്ടായിരുന്നു.“
  ശങ്കരി ഏടത്തിയുടെ ശ്ങ്കരേട്ടന്‍ രക്ഷപ്പെട്ടല്ലോ.!
  യുദ്ധ വാര്‍ത്തകളിലെ അറിയപ്പെടാത്ത വിഹ്വലതകള്‍ ഒരു ഗ്യാസ്സ് മാസ്ക്കിനുള്ളിലൂടെ അനുഭവിച്ചു.

  ReplyDelete
 17. വിനുവേട്ടാ ഈ ശങ്കരേട്ടനെ എനിയ്ക്കു പരിചയമുണ്ടല്ലോ....
  എന്തായാലും ഗംഭീരമായിരിക്കുന്നു രാസായുധം !!!!
  ഹ...ഹ...ഹ..

  ReplyDelete
 18. ശങ്കരേട്ടന്‍ സൂപ്പര്‍. ഗള്‍ഫ് മാധ്യമത്തില്‍ വായിച്ചിരുന്നു.

  ReplyDelete
 19. നല്ല വിവരണം
  ഭാഗ്യം... മാസ്കിന്റെ അടഞ്ഞിരിക്കുന്ന അടപ്പ്‌ സുരേട്ടന്‍ സമയത്ത്‌ തന്നെ കണ്ടത്‌ കൊണ്ട്‌ ശങ്കരേട്ടന്റെ അടപ്പ്‌ തെറിച്ചില്ല...

  ReplyDelete
 20. എന്തു നർമ്മമഷിയിലെഴുതിയാലും ഇതു വായിച്ചിട്ട് ചിരിയൊന്നും വന്നില്ല, എനിക്ക് പേടിയാവുകയായിരുന്നു. എവിടെയെങ്കിലും കഴിയുന്ന ഏതെങ്കിലും രണ്ടാൾക്കാർക്ക് തീരുമാനിച്ച് അവസാനിപ്പിക്കാം നമ്മളെയൊക്കെ അല്ലേ? ഗണപതി രൂപത്തിലോ വരാഹ രൂപത്തിലോ ശ്വാസം മുട്ടിച്ചോ എങ്ങനെ വേണമെങ്കിലും.
  ഞാൻ ആദ്യമായിട്ടാണീ വഴി വരുന്നത്.
  എല്ലാവരും ബാക്കിയുണ്ട് എന്നു വായിക്കുമ്പോൾ സന്തോഷം. അതു കൊണ്ട് ചിരിക്കുകയും നർമ്മം ആസ്വദിക്കുകയുമാവാം.

  ReplyDelete
 21. വായിച്ചു ചിരിച്ചെങ്കിലും ഗള്‍ഫ്‌ വാര്‍ വീണ്ടും മനസ്സിലേക്ക് കയറിവന്നു....അന്ന് ഒരു സദ്ദാം ആയിരുന്നെങ്കില്‍ ഇന്ന് ഭയക്കുന്നത് ഇറാനെ ആണ്..
  എവിടേ യുദ്ധം വന്നാലും കഷ്ടപ്പെടേണ്ടി വരിക സാധാരണക്കാര്‍ ആണല്ലോ...
  ഭാഗ്യം..ബുഷ്‌ ഇല്ലാത്തത്..
  ഒബാമ കീ ജയ്..
  :) :)

  ReplyDelete
 22. വശംവദന്‍ ... നന്ദി, വലത്‌ കാല്‍ വച്ചുള്ള ആദ്യ സന്ദര്‍ശകന്‌...

  പപ്പന്‍ജി... ഇല്ല, ശങ്കരേട്ടന്‌ കൃഷ്ണേട്ടനുമായി ഒരു ബന്ധവുമില്ല... ശങ്കരേട്ടന്‍ തൃപ്രയാറ്‌കാരനാ...

  ചിതല്‍ ... ആ കുടവയറിന്റെ പുറത്ത്‌ വച്ചിട്ടാണ്‌ ശങ്കരേട്ടന്‍ അത്യാവശ്യം പേപ്പറുകളൊക്കെ സൈന്‍ ചെയ്ത്‌ കൊടുക്കുന്നത്‌. പിന്നെ, വിശാല്‍ജിയുടെ ശങ്കരേട്ടന്‍ ഈ ശങ്കരേട്ടനല്ല. അതിനെക്കുറിച്ച്‌ അന്ന് വിശാല്‍ജിയുടെ പോസ്റ്റില്‍ കമന്റിട്ടിരുന്നു.

  ജിമ്മി... അത്‌ വേണോ... ഇപ്പോള്‍ തന്നെ എനിയ്ക്ക്‌ ചെറിയൊരു ഭയമുണ്ട്‌... വീണ്ടും എപ്പോഴെങ്കിലും ദമ്മാമില്‍ പോകേണ്ടി വന്നാല്‍...

  ReplyDelete
 23. രമണിക, എഴുത്തുകാരി ... അതേ .. ഇപ്പോള്‍ ചിരിയ്ക്കാന്‍ കഴിയുന്നു... അന്നെ തീ തിന്നുകയായിരുന്നു..
  കുമാരന്‍, ബിലാത്തിപ്പട്ടണം... നന്ദിട്ടോ..

  മൂലന്‍ ... അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി... വീണ്ടും വരണം...

  രാമന്‍... ശങ്കരേട്ടന്‍ ഇപ്പോഴും ദമ്മാമിലുണ്ട്‌... നാളെ ഒന്ന് വിളിച്ച്‌ നോക്കണം പ്രതികരണമറിയാന്‍...

  ക്യാപ്റ്റന്‍ ... വീണ്ടും വരിക...

  ലക്ഷ്മി... പച്ചമാങ്ങ ചേര്‍ത്ത അവിയല്‍ ഒന്ന് കഴിച്ചുനോക്ക്‌... അപ്പോള്‍ അറിയാം അതിന്റെ വ്യത്യാസം..

  ആര്‍ദ്ര... അന്ന് എന്തെല്ലാം രസകരമായ അനുഭവങ്ങള്‍... എഴുതുന്നുണ്ട്‌...

  വേണുമാഷേ... അതൊരു അനുഭവം തന്നെ ആയിരുന്നു...

  ജോയ്‌ ... ശങ്കരേട്ടന്‍ ഈ കഥ വായിച്ചുവോ? എന്തു പറഞ്ഞു?

  ReplyDelete
 24. അരുണ്‍, അബി... നന്ദി...

  എച്ച്‌മു കുട്ടി... അതാണ്‌ ഇന്നത്തെ ലോകം... രണ്ടോ മൂന്നോ പേരും കുറേ ആയുധക്കച്ചവടക്കാരും കൂടി ലോകം ഭരിക്കുന്നു...

  ഇന്ത്യന്‍... ഒക്കെ കണക്ക്‌ തന്നെ... ഒബാമ വന്നപ്പോള്‍ ഒരു ആശ്വാസം തോന്നിയിരുന്നു. ഇന്നിതാ അദ്ദേഹം യുദ്ധം നയിച്ചുകൊണ്ട്‌ നൊബേല്‍ സമ്മാനം വാങ്ങിയിരിക്കുന്നു...

  പ്യാരി സിംഗ്‌... കമന്റിന്‌ നന്ദി.. വീണ്ടും വരിക.

  ReplyDelete
 25. "തേങ്ങാമുറീലെ എറുമ്പും കൂട്ടത്തെ വെയിലത്ത്‌ കൊട്ടിയ മാതിര്യാവില്ലേ നമ്മുടെ അവസ്ഥ?"

  നന്നായിട്ടുണ്ട് ഓര്‍മ്മകള്‍

  ReplyDelete
 26. വിനൂ,90കളിലെ’സൈറണ്‍‘വീണ്ടും മുഴങ്ങിക്കേട്ടു!
  ആടുകള്‍ക്കു മോന്തക്കൊട്ട ഫിറ്റ്ചെയ്തപോലെ
  മാസ്ക്ക് കെട്ടി,തലങ്ങും വിലങ്ങും നെട്ടോട്ടമോടുന്ന
  നാനാവിധദേശക്കാരായ”ബലദിയ”വേലക്കാര്‍ അന്ന്
  സകഡ്മിസൈലിനെക്കാള്‍ സ്പീഡില്‍ ഓടുന്നതു സാകൂതം
  നോക്കുകമത്രമല്ല ചിരിക്കാന്‍ നിര്‍ബന്ധിതനായി
  പരിസരബോധമില്ലാതെ കെട്ടിയ മാസ്ക് അഴിച്ചുപോയത്
  ഇപ്പോഴും ഓര്‍ത്തോര്‍ത്ത് ചിരിക്കാറുള്ളവനാണീ നുറുങ്ങ്.ആ ചിരിയടങ്ങുന്നത്,“ഓള്‍ ക്ലിയര്‍“സൈറണ്‍
  മുഴങ്ങുമ്പോള്‍ മാത്രവും!! ഹൌ...ആ സ്കഡ്
  മിസൈലില്‍ ഒരെണ്ണം സര്‍വ്വശ്രീബുഷ്മാന്‍റെ പാട്രിയട്ടിനെ
  കബളിപ്പിച്ചു ഞങ്ങളുടെ ഫ്ളാറ്റിനു തൊട്ട്
  കണ്മുന്നില്‍ പതിച്ചതിന്‍റെ ഘോരശബ്ദം...ആ യുദ്ധ
  മുഹൂര്‍ത്തങ്ങള്‍..മിസൈല്‍ വീണിടം നൊടിയിടയില്‍
  ഫെന്‍സ് കെട്ടി മറമാടുന്ന ചോറ്റുപട്ടാളം...എല്ലാം
  ഇന്നലെകള്‍...ഇന്നിപ്പോള്‍ ആയുദ്ധവിഡ്ഡിത്തമോര്‍ത്തും,ഈ നുറുങ്ങിനു
  ചിരിക്കാനാവുന്നില്ല സുഹൃത്തേ...

  പോസ്റ്റ് ഉഗ്രന്‍.CONGRATZ!!

  ReplyDelete
 27. നിലവാരമുള്ള ഒരു പോസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാം ….നന്നായിട്ടുണ്ട്….എന്നു മാത്രം പറഞാൽ മോശമാകും വളരെ നന്നായിട്ടുണ്ട്….

  ReplyDelete
 28. അതെ എല്ലാം ഇന്നലത്തെ പോലെ ഓര്‍ക്കുന്നു!
  ഇങ് ദുബായിലും ഏതാണ്ടൊക്കെ ഇതേ ഭയാശങ്കകളായിരുന്നു! മാസ്കൊന്നും ഞങള്‍ക്ക് തന്നില്ല

  മറ്റ് മൂന്നറിയിപ്പുകളൊക്കെ ഉണ്ട്റ്റായിരുന്നു.

  നന്നായി അവതരിപ്പിച്ചു! ഇഷ്ടപ്പെട്ടു.

  ReplyDelete
 29. അഭിനന്ദിക്കാതെ വയ്യ ഈ അവതരണത്തെ ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു.. മനോഹരം

  ReplyDelete
 30. ഇതിന്റെ ചെറിയൊരംശം അബുദാബിയിലിരുന്നു ഞങ്ങളും അനുഭവിച്ചിട്ടുണ്ട്.... മിസൈലെങ്ങാന്‍ വഴിതെറ്റി വന്നാലോ എന്നുപേടിച്ച്....:) നന്നായിട്ടുണ്ട് എഴുത്ത്. ഭാഷയും അവതരണവും ഇഷ്ടമായി.

  ReplyDelete
 31. എത്രയും മനോഹരമായി എഴുതിയിരിക്കുന്നു...അന്നത്തെ വിഹ്വലമായ നിമിഷങ്ങള്‍... ശരിക്കും തീ തിന്നുക എന്ന് പറഞ്ഞാല്‍ ഇതാണ് ല്ലേ?
  നര്‍മത്തില്‍ പൊതിഞ്ഞു വളരെ നന്നായി എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍..!

  ReplyDelete
 32. വല്ലാത്തൊരു അവസ്ഥയായിരുന്നിരിക്കും അന്ന് അല്ലേ? വായിച്ചിട്ട്‌ പേടിയാവുന്നു. ഇത്ര സീരിയസായ വിഷയം നര്‍മ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്‌ നന്നായിരിക്കുന്നു.

  ReplyDelete
 33. "തേങ്ങാമുറീലെ എറുമ്പും കൂട്ടത്തെ വെയിലത്ത്‌ കൊട്ടിയ മാതിര്യാവില്ലേ നമ്മുടെ അവസ്ഥ?"

  :)

  ഭയപ്പാടോടെ മാത്രമേ ആ 90കള്‍ ഓര്‍ക്കാന്‍ പറ്റൂ പക്ഷേ അതിലും നര്‍മ്മം. :)


  (ഒരൂസം വന്ന് പകുതി വായിച്ചു വെച്ചു പോയതാണ്. പിന്നെ ഇപ്പഴാ നേരം കിട്ടീത് മുഴുവനാക്കന്‍)

  ReplyDelete
 34. പഴയ യുദ്ധകാലം...!!
  വളരെ പേടിച്ച് ജീവിച്ച കുറേ ദിവസങ്ങൾ...!! ഓർക്കാൻ ഈ എഴുത്ത് കാരണമായി..

  എഴുത്ത് വളരെ രസകരം...

  ആശംസകൾ

  ReplyDelete
 35. കുരാക്കാരന്‍ ... അതേ... രാസായുധം വല്ലതും പ്രയോഗിച്ചിരുന്നെങ്കില്‍ അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല... പക്ഷേ ഈ രാസായുധം എന്നത്‌ അമേരിക്കയുടെ കെട്ടുകഥ മാത്രമായിരുന്നുവെന്നത്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണല്ലോ...

  ഒരു നുറുങ്ങ്‌... എല്ലാം അമേരിക്കയുടെ കളികള്‍...

  ഉമേഷ്‌, എറക്കാടന്‍, വിനോദ്‌... നന്ദി... വീണ്ടും വരണം...

  ഭായി... അതൊക്കെ ഒരു കാലം അല്ലേ...

  ReplyDelete
 36. അയല്‍വാസി... ആളെ മനസ്സിലായി കേട്ടോ...

  പ്രയാണ്‍... പക്ഷേ അബുദാബിയില്‍ മിസ്സൈലൊന്നും വീണില്ല അല്ലേ...

  രാധ, ലേഖ... അതേ, കാര്യം ചിരിച്ചു കളിച്ച്‌ നടന്നിരുന്നെങ്കിലും ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു.

  നന്ദന്‍... നന്ദിട്ടോ മറക്കാതെ വന്നതില്‍...

  വി.കെ... വീണ്ടും വരണം...

  ReplyDelete
 37. അനുഭവത്തിന്റെ തീവ്രത എഴുത്തിൽ പ്രതിഫലിക്കുന്നു..നല്ലൊരു അനുസ്മരണം.ആശംസകൾ

  ReplyDelete
 38. വേറെ വഴിക്കു പോയപ്പോള്‍ അവിടെ കണ്ട ചൂണ്ടു പലക നോക്കി ഇവിടെയെത്തി.ശങ്കരേട്ടനെ അവിറ്റെ കണ്ടതാണ്.പിന്നെ തറവാട്ടില്‍ ഒന്നു കയറി നോക്കിയതാ.കൊള്ളാമല്ലോ ഈ അഭിപ്രായം:“1 ‍‍പേര്‍ ഇപ്പോള്‍ ഈ പാവപ്പെട്ടവന്റെ പുറത്ത്‌ ഇലഞ്ഞിത്തറമേളം നടത്തുകയാണ്‌...” എന്നെ കണ്ടപ്പോഴേക്കും ഈ കുണ്ടാമണ്ടി യന്ത്രം പറഞ്ഞതാണ്.പിന്നെ വേറൊരു മീറ്ററില്‍ എന്നെ ഒരു കൊച്ചിക്കാരനായാണ് കാണിച്ചത്.മലപ്പുറത്തുകാരെയോ കോട്ടയ്ക്കല്‍ കാരെയോ കാണിക്കുന്ന മീറ്റര്‍ കിട്ടുമോന്നു നോക്കണം!.താങ്കള്‍ക്കു കൃസ്തുമസ് പുതു വത്സരാശംസകള്‍ നേരുന്നു.

  ReplyDelete
 39. ശങ്കരേട്ടനെ അവിറ്റെ കണ്ടതാണ്.....
  തിരുത്ത്:മുകളിലെ അഭിപ്രായത്തില്‍ ഒരക്ഷരം തിരുത്തണം.”അവിടെ“എന്നാക്കുക.( പണ്ടൊക്കെ ആധാരങ്ങളില്‍ ഇങ്ങനെ കണ്ടിരുന്നു!)

  ReplyDelete
 40. വിനുവേട്ടാ...അടിപൊളി...നല്ല സസ്പെന്‍സ്...അവസാനം ശങ്കരേട്ടനൊന്നും പറ്റിയില്ല എന്നുള്ള ആശ്വാസവും...

  സമയമുണ്ടെങ്കില്‍ എന്റെ ബ്ലോഗ്‌ ഒന്ന് വായിച്ചു നോക്കൂ...വിലയേറിയ അഭിപ്രായം കാത്തിരിക്കുന്നു...

  http://www.sijoyraphael.blogspot.com/

  ReplyDelete
 41. വിനുവേട്ടാ... ശരിക്കും ശങ്കരേട്ടന്‍റെ മാസ്കിന്‍റെ അടപ്പു തുറന്നപ്പോഴാണ് ഞാനും ശ്വാസം വിട്ടത്.!!!
  ഒരു വശത്ത് യുദ്ധം, മറുവശത്ത് പ്രാണവെപ്രാളം.... ഹൊ!!
  ഒരാള്‍ക്കെങ്കിലും അത് നോക്കാന്‍ തോന്നിയത് നന്നായി...!!!

  ReplyDelete
  Replies
  1. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും നടുക്കം... സന്ദർശനത്തിൽ വളരെ സന്തോഷം കല്ലോലിനി...

   Delete
 42. പൊളിച്ചു.....
  ഇമ്മാതിരി നര്‍മ്മം പൂശുന്നയാളാണോ
  ഇപ്പോള്‍ വിവര്‍ത്തനം കൊണ്ട് നടക്കുന്നേ ഗംഭീരനെഴുത്ത്.....

  ReplyDelete
  Replies
  1. വിവർത്തനമാകുമ്പോൾ എല്ലാ ആഴ്ച്ചയും പോസ്റ്റിടാമല്ലോ കുട്ടത്തേ... :)

   Delete
 43. ഇന്നോര്‍ത്തു ചിരിക്കാമെങ്കിലും അന്ന് നിങ്ങള്‍ എന്തുമാത്രം ടെന്‍ഷന്‍ അനുഭവിച്ചിട്ടുണ്ടാകും.

  ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...