Saturday, June 12, 2010

കൃഷ്ണേട്ടനും മദ്യക്കോളയും

"കൃഷ്ണേട്ടാ, മ്മ്‌ക്കൊരു ട്രിപ്പ്‌ പോയാലോ...?"

"എവടെയ്ക്കാണ്ടാ...? അന്ന് നിങ്ങളെല്ലാം കൂടി എന്നെ ഊട്ടീല്‌ കൊണ്ട്‌ പോയത്‌ മാതിരി ആവ്‌വോ...?" കൃഷ്ണേട്ടന്‍ കത്രികയുടെ താളം നിറുത്തിയില്ല.

അതേ... ഇത്‌ നമ്മുടെ പഴയ കൃഷ്ണേട്ടന്‍ തന്നെ. നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെ ആഗമന കവാടത്തിലുടെ ട്രോളിയില്‍ പാഞ്ഞ്‌ വന്ന കൃഷ്ണേട്ടന്‍. അഥവാ എം.എസ്‌.കെ. കോലഴി എന്ന വ്യത്യസ്ഥനാമൊരു ബാര്‍ബര്‍.

കൃഷ്ണേട്ടനെ വിനോദയാത്രയ്ക്ക്‌ ക്ഷണിക്കുന്നത്‌ മറ്റാരുമല്ല, ജോണ്‍സണ്‍. അടാട്ട്‌ പഞ്ചായത്തിലെ കേബിള്‍ ടി.വി കണക്ഷന്റെ ഹോള്‍സെയില്‍ ആന്‍ഡ്‌ റീട്ടെയില്‍ ഡിസ്ട്രിബ്യൂട്ടര്‍. ഞങ്ങളുടെ നാട്ടുകാര്‍ ഏഷ്യാനെറ്റും സൂര്യയും കൈരളിയും പിന്നീടങ്ങോട്ട്‌ വന്ന ഒരുവിധം എല്ലാ ചാനലുകളും കാണാന്‍ തുടങ്ങിയതിന്‌ നന്ദി പറയേണ്ടത്‌ ഈ ജോണ്‍സണോടാണ്‌. കൂടാതെ, ചാനലുകളിലെ കാഴ്ച മതിയാകാത്തവര്‍ക്കായി ഒരു വീഡിയോ ലൈബ്രറി കൂടി നടത്തിപ്പോരുന്ന ഒരു ആജാനുബാഹു. കണ്ടാല്‍ നമ്മുടെ സിനിമാനടന്‍ മേഘനാദന്‍ ലുക്ക്‌.

"അതൊക്കെ പറയാം... കൃഷ്ണേട്ടന്‍ വരണ്‌ണ്ടാ ഇല്ല്യേ? അത്‌ പറ..."

"വര്‌ണോണ്ട്‌ കൊഴപ്പൊന്നൂല്ല്യാ... പക്ഷേ, എനിയ്ക്കൊരു തുള്ളി കിട്ടണം... അത്‌ നിര്‍ബന്ധാ... ഒരു തുള്ളി മതി..."

അങ്ങനെയാണ്‌. എവിടെ വരാനും കൃഷ്ണേട്ടന്‍ റെഡിയാണ്‌. ഒറ്റ കണ്ടീഷനേയുള്ളൂ. ഒരു തുള്ളി വേണം... പക്ഷേ, ഈ തുള്ളി എന്ന് പറയുന്നത്‌ എന്താണെന്ന് ഒരിക്കല്‍ കൂടെ പോയവര്‍ക്കേ അറിയൂ. ഗ്ലാസ്‌ ഒന്നിന്‌ വെള്ളം ഒരു തുള്ളി!

"ഹൈ... തുള്ളി ഇല്ല്യാത്ത ട്രിപ്പാ...? എന്തൂട്ടാ കൃഷ്ണേട്ടാ ഈ പറേണേ...? അന്ന്‌ ഊട്ടീല്‌ പോയപ്പോ തുള്ളി അടിയ്ക്കാണ്ടാ നിങ്ങള്‌ അവിട്‌ന്ന് തെറിച്ചത്‌...?"

"ങ്‌ഹും, അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ നീയെന്നെ... എങ്ങ്‌ടാ ഞാന്‍ വരണ്ടേന്ന്‌ പറ നീ..."

"എസ്റ്റേറ്റിലിക്കൊന്ന് പോണം കൃഷ്ണേട്ടാ... കൊറച്ച്‌ റബ്ബറ്‌ ഷീറ്റ്‌ണ്ട്‌ കൊണ്ട്‌രാന്‍..."

കേബിളും കാസറ്റും സി.ഡിയും ഒക്കെ ഒരു സൈഡ്‌ ബിസിനസ്‌ മാത്രമാണ്‌ ജോണ്‍സണ്‌. ജീവിയ്ക്കണമെങ്കില്‍ അത്‌ മാത്രം പോരല്ലോ. അങ്ങനെയാണ്‌ കൊല്ലങ്കോടിനപ്പുറം തമിഴ്‌നാട്‌ അതിര്‍ത്തിയ്ക്കടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍ തോട്ടം ചുളുവിലയ്ക്ക്‌ ഒത്തപ്പോള്‍ വാങ്ങിയത്‌. പണിക്കാരന്‍ പറ്റിച്ചതിന്റെ ബാക്കി ഷീറ്റ്‌ കൊണ്ടുവരാനാണ്‌ മാസത്തില്‍ ഒരിക്കല്‍ ജോണ്‍സണ്‍ ഏലിയാസ്‌ മേഘനാദന്റെ ട്രിപ്പ്‌.

"കൃഷ്ണേട്ടാ, കുഴി റെഡി..." കൈക്കോട്ടുമായി വേലായി ബാര്‍ബര്‍ഷോപ്പിന്റെ മുന്നില്‍ വന്ന് വിളിച്ചു പറഞ്ഞു.

"കുഴിയാ...? ആരെ കുഴിച്ചിടാനാ കൃഷ്ണേട്ടാ...?" ജോണ്‍സണ്‍ പിരി വെട്ടി.

കൃഷ്ണേട്ടന്റെ കത്രികത്താളം ഒരു നിമിഷം നിലച്ചു. പിന്നെ രൂക്ഷമായി ജോണ്‍സനെ ഒന്ന് നോക്കി. എങ്കിലും, ജോണ്‍സണ്‍ ഓഫര്‍ ചെയ്തിരിക്കുന്ന "തുള്ളി"യുടെ ഓര്‍മ്മയില്‍ കൃഷ്ണേട്ടന്റെ പ്രഷര്‍ സാധാരണ നിലയിലേക്ക്‌ തിരിച്ചുവന്നു.

"എന്തൂട്ട്‌ പറയാനാ, ജോണ്‍സാ... മ്മ്‌ടെ പഞ്ചായത്തിനല്ലേ രണ്ടാം വട്ടോം മാതൃകാ പഞ്ചായത്തിന്‌ള്ള അവാര്‍ഡ്‌ കിട്ടീത്‌... പഴേ മാതിര്യൊന്നും പറ്റില്ല്യാന്നാ പ്രസിഡന്റ്‌ പറേണേ... ഞാനീ വെട്ടിയെറക്കണ മുടിയൊക്കെ ആഴത്തില്‍ കുഴിച്ചുമൂടണത്രേ..."

"ദിപ്പൊ വരാട്ടാ..." കസേരയില്‍ മൂടിപ്പുതച്ചിരിക്കുന്നയാളോട്‌ പറഞ്ഞിട്ട്‌ കൃഷ്ണേട്ടന്‍ ബാര്‍ബര്‍ഷോപ്പിന്‌ പിറകിലെ പുരയിടത്തിലേക്ക്‌ നടന്നു. ജോണ്‍സനും വേലായിയും പിറകേയും.

"എന്തൂട്ടാണ്ടാത്‌...? ഈ ഒരടി താഴ്ചള്ള കുഴി കുത്താനാ നെന്നെ ഞാന്‍ ഏല്‍പ്പിച്ചെ? ഇനീം താഴണം... വേഷം കെട്ട്‌ എട്‌ക്ക്‌ര്‌തോ ന്റട്‌ത്ത്‌..."

കൃഷ്ണേട്ടനും ജോണ്‍സണും തിരിച്ച്‌ നടന്നു.

"ഡാ ജോണ്‍സാ, മ്മ്‌ക്ക്‌ ചൊവ്വാഴ്ച്യായാലോ ട്രിപ്പ്‌?.. അന്നാവുമ്പോ കട മൊടക്കാണേനും.."

"ചൊവ്വേങ്കി ചൊവ്വ... രാവിലെ ഏഴ്‌ മണിക്ക്‌ കെണറിന്റവിടെ നിന്നാ മതി... ഞാന്‍ വണ്ട്യായിട്ട്‌ വരാം..."

"ആര്‌രെ വണ്ട്യാ...?"

"മ്മ്‌ടെ തേജന്റെ സുമോ പറഞ്ഞിട്ട്‌ണ്ട്‌... അപ്പോള്‍ ശരി... പറഞ്ഞ പോലെ..." ജോണ്‍സണ്‍ തന്റെ സാറ്റലൈറ്റ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ യാത്രയായി.

കൃഷ്ണേട്ടന്‍, കസേരയില്‍ പുതച്ചിരിക്കുന്ന ആളുടെ തല ഷെയ്‌പ്പാക്കിയെടുത്തു.

"കൃഷ്ണേട്ടാ, കുഴി പറഞ്ഞ താഴ്ച്യായീണ്ട്‌ട്ടാ..." വേലായി വീണ്ടുമെത്തി.

"ഇത്ര പെട്ടെന്നാ...?"

സംഭവം ശരിയാണ്‌... എല്ലാം കൂടി മൂന്ന് അടിയെങ്കിലും താഴ്ചയുണ്ട്‌ കുഴിയ്ക്ക്‌. രണ്ടടി താഴോട്ടും, കുഴിയില്‍ നിന്ന് എടുത്ത മണ്ണ്‌ വശങ്ങളില്‍ പൊത്തിവച്ച്‌ ഒരടി മുകളിലോട്ടും...


* * * * * * * * * * * * * * * * * * * * * * * * *


ചൊവ്വാഴ്ച രാവിലെ തന്നെ തേജന്‍ സുമോയുമായി സാറ്റലൈറ്റ്‌ കണ്‍ട്രോള്‍ റൂമിലെത്തി. ബക്കാര്‍ഡി, ഗോല്‍ക്കുണ്ട, ഓ.സി.ആര്‍, കൊക്കോകോള കുപ്പികള്‍, ഈസ്റ്റേണ്‍ അച്ചാര്‍, കൊക്കുവട, മുറുക്ക്‌, ഗ്ലാസുകള്‍, പിഞ്ഞാണങ്ങള്‍ തുടങ്ങി കൊല്ലങ്കോട്‌ യാത്രയ്ക്കുള്ള സകല സാധനങ്ങളുമായി ജോണ്‍സണ്‍ റെഡി.

"കെണറിന്റെ അവിട്‌ന്ന് കൃഷ്ണേട്ടനേം പൊക്കണംട്രാ തേജാ..."

"ഏത്‌ ... എം.എസ്‌.കെ കോലഴിയാ...?"

കിണറിന്റെയവിടുന്ന് കയറിയ കൃഷ്ണേട്ടന്റെ നോട്ടം ആദ്യമെത്തിയത്‌ സീറ്റിനു പിറകിലേക്കായിരുന്നു. പുഴക്കല്‍ പാടത്ത്‌ കൂടി വണ്ടി കുതിക്കുമ്പോള്‍ ആദ്യത്തെ ചോദ്യം എത്തി.

"അല്ല, ഗഡ്യോളേ... എപ്പഴാ തൊടങ്ങണ്ടേ...?"

"ന്റെ കൃഷ്ണേട്ടാ, ഇത്ര രാവിലന്ന്യാ...? ആലത്തൂരെങ്കിലും എത്തട്ടെ..."

"നിര്‍ത്തിയിട്ട വണ്ടീലിര്‌ന്ന് കഴിക്കാന്‍ പാടില്യാന്നാ നെയമം... വണ്ടി ഓടുമ്പോ പ്രശ്നംല്ല്യാ..." അല്ലെങ്കിലും നിയമ വശങ്ങളൊക്കെ പണ്ടേ നല്ല പിടിപാടാണ്‌ കൃഷ്ണേട്ടന്‌.

മണ്ണുത്തി കഴിഞ്ഞതോടെ കൃഷ്ണേട്ടന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു. "ഡാ, ജോണ്‍സാ... നീയാ കുപ്പി പൊട്ടിച്ചേ..."

അങ്ങനെ ഓടുന്ന വണ്ടിയില്‍ നിയമം ലംഘിക്കാതെ കൃഷ്ണേട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബക്കാര്‍ഡിയും കോളയും കൂടി മിക്സ്‌ ചെയ്ത്‌ ക്രമേണ ആലത്തൂര്‍, നെന്മാറ തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളും കടന്ന് പോകുമ്പോഴെല്ലാം നിയമം ലംഘിക്കാതിരിക്കാന്‍ കൃഷ്ണേട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഏകദേശം പത്ത്‌ പത്തരയോടെ ടാറ്റാ സുമോ കൊല്ലങ്കോട്‌ - പൊള്ളാച്ചി റോഡില്‍ നിന്ന് അല്‍പ്പം ഉള്ളിലേക്ക്‌ മാറിയുള്ള റബ്ബര്‍ എസ്റ്റേറ്റിലേക്ക്‌ പ്രവേശിച്ചു.

"ഇനി എറങ്ങാട്ടാ കൃഷ്ണേട്ടാ..." ഒരു വിധം ഫിറ്റ്‌ ആയി മയങ്ങിത്തുടങ്ങിയിരുന്ന കൃഷ്ണേട്ടനെ ജോണ്‍സണ്‍ തട്ടി വിളിച്ചു.

"ങ്‌ഹാ... എത്ത്യാ... കൊള്ളാല്ലടാ നെന്റെ എസ്റ്റേറ്റ്‌... ഇനി വേണം വിസ്തരിച്ചൊന്ന് മോന്താന്‍..."

അപ്പോള്‍ ഇത്‌ വരെ മോന്തിയതൊന്നും ഒന്നും ആയിട്ടില്ല ആശാന്‌. ബക്കാര്‍ഡിയുടെ കുപ്പി ഒരു വിധം കാലി ആയിരിക്കുന്നു.

ജോണ്‍സന്റെ എസ്റ്റേറ്റ്‌ കാവല്‍ക്കാരന്‍ അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. "ഇന്നേയ്ക്ക്‌ വരുവീങ്കേന്ന് ശൊല്ലവേയില്ലിയേ..." നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വരുന്നതിനു മുമ്പേ എട്ട്‌ പത്ത്‌ ഷീറ്റും കൂടി മുക്കാമായിരുന്നു എന്നായിരിക്കും അവന്‍ മനസ്സില്‍ വിചാരിച്ചത്‌.

"കൃഷ്ണേട്ടാ, ഒരു കാര്യം ചെയ്യ്‌, തേജന്റെ കൂടെ ഇവിടെ ഇരിക്ക്‌... ഞാന്‍ ഇവന്റെ കൂടെ പോയി ഷീറ്റിന്റെ കണക്കൊക്കെ നോക്കീട്ട്‌ വരാം... ഞാനും കൂടി വന്നിട്ട്‌ മതീട്ടാ അടുത്ത കുപ്പി..."

"ഹേയ്‌... ഞാന്‍ തൊട്‌ണില്യാ ഇനി... നീ വന്നിട്ട്‌ ഒരു തുള്ളീം കൂടി മതി..." കൃഷ്ണേട്ടന്‍ റബ്ബര്‍ മരത്തണലിലേക്ക്‌ ചാഞ്ഞു. മണ്ണുത്തി മുതല്‍ തുടങ്ങിയ പൂശല്ലേ, എങ്ങനെ സൈഡാവാതിരിക്കും.

അര മണിക്കൂര്‍ കഴിഞ്ഞ്‌ റബ്ബര്‍ ഷീറ്റുകളുമായി ജോണ്‍സനും കാവല്‍ക്കാരനും എത്തി. എല്ലാം വണ്ടിക്കുള്ളില്‍ കയറ്റിയതിന്‌ ശേഷം ജോണ്‍സണ്‍ റെഡിയായി. "അപ്പോള്‍ തൊടങ്ങാല്ലേ തേജാ...?"

ബാക്കിയുള്ള കുപ്പികളും ടച്ചിങ്ങ്‌സും എല്ലാം കൂടി മരച്ചുവട്ടില്‍ വച്ചിട്ട്‌ ജോണ്‍സണ്‍ കൃഷ്ണേട്ടനെ വിളിച്ചുണര്‍ത്തി.

"ഞാന്‍ റെഡി... ഞാന്‍ റെഡി..." പുതിയ കുപ്പി തുറന്ന് കൃഷ്ണേട്ടന്‍ ഗ്ലാസിലേക്ക്‌ പകര്‍ന്നു. പകുതി നിറഞ്ഞ ഗ്ലാസിലേക്ക്‌ പിന്നെ കോളയുടെ കുപ്പി കമഴ്ത്തി. എന്നിട്ട്‌ ഒറ്റ വലി...!

"എന്തൂട്ട്‌ ഡാഷാണ്ടാ ഇത്‌... പണ്ടാറടങ്ങാന്‍...?" കൃഷ്ണേട്ടന്റെ കണ്ണുകള്‍ തുറിച്ചു. സാധനം പോയ വഴിയൊക്കെ കത്തിപ്പോയ വെപ്രാളത്തില്‍ കൃഷ്ണേട്ടന്‍ നെഞ്ഞത്ത്‌ കൈ വച്ചു.

"അയ്യോ കൃഷ്ണേട്ടാ, ആ കോളക്കുപ്പീലെ സാധനാ എടുത്ത്‌ മിക്സ്‌ ചെയ്തേ? രാവിലെ ഗോല്‍ക്കണ്ടക്കുപ്പീന്റെ വക്ക്‌ പൊട്ടീപ്പോ ഞാനതാ കോളക്കുപ്പീലാ ഒഴിച്ചു വച്ചത്‌. നിങ്ങളതെടുത്ത്‌ മിക്സ്‌ ചെയ്യുംന്ന് ഞാന്‍ വിചാരിച്ചാ...?"

കൃഷ്ണേട്ടന്‍ വായില്‍ നിന്ന് സരസ്വതി പ്രവഹിച്ചു തുടങ്ങി. രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞില്ല, എണ്ണം പറഞ്ഞ ഒരു കൊടുവാള്‍ എടുത്ത്‌ നീട്ടിയൊരലക്ക്‌... അതോടെ അല്‍പ്പം സമാധാനം...

"ഡാ തേജാ, കൊറച്ച്‌ വെള്ളം താടാ, മോറൊന്ന് കഴുകട്രാ..."

തേജന്‍ ഒഴിച്ചു കൊടുത്ത വെള്ളം കൊണ്ട്‌ മുഖം കഴുകി തുടച്ച്‌ കണ്ണ്‌ തുറന്ന് നോക്കിയ കൃഷ്ണേട്ടന്‍ കണ്ടത്‌ എസ്റ്റേറ്റിന്റെ അതിരിലുള്ള പനയുടെ മുകളില്‍ നിന്ന് കള്ള്‌ ചെത്തി ഇറങ്ങി വരുന്ന ചെറുപ്പക്കാരനെയാണ്‌.

പിന്നെ ഒട്ടും താമസിച്ചില്ല... അടുത്ത്‌ കണ്ട കാലി ഗ്ലാസ്‌ എടുത്ത്‌ നീട്ടിയിട്ട്‌ കൃഷ്ണേട്ടന്‍ പറഞ്ഞു...

"മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."

* * * * * * * * * * * * * * * * * * * * * * * * * * * * * *