Friday, July 10, 2009

ഡ്യൂട്ടി ഫ്രീ കള്ളും കൃഷ്ണേട്ടനും

ഒഴിവുകാലം ... ഓര്‍ക്കുമ്പോള്‍ തന്നെ ഒരു രസമാണ്‌. ജ്വലിക്കുന്ന വേനലില്‍ നിന്ന് കാലവര്‍ഷത്തിന്റെ കുളിര്‍മ്മയിലേക്ക്‌... ആര്‍ത്തലച്ച്‌ പെയ്യുന്ന മഴയില്‍ ദാഹം ശമിച്ച്‌ നില്‍ക്കുന്ന വൃക്ഷങ്ങളുടെ സ്വന്തം നാട്ടിലേക്ക്‌ ...

ഇത്തവണയും 'ഗള്‍ഫ്‌ എയറില്‍' തന്നെയാണ്‌ യാത്ര. നേരിട്ടുള്ള ഫ്ലൈറ്റില്‍ ബുക്കിംഗ്‌ കിട്ടിയിരുന്നെങ്കില്‍ വെറും ആറ്‌ മണിക്കൂര്‍ കൊണ്ടെത്തേണ്ട ദൂരം. ഇതിപ്പോള്‍ പന്ത്രണ്ട്‌ മണിക്കൂര്‍ കെട്ടിത്തിരിയേണ്ട പണിയായി. അഞ്ച്‌ മണിക്കൂര്‍ ബഹറൈനില്‍ ട്രാന്‍സിറ്റ്‌ ലോഞ്ചില്‍ റണ്‍വേയിലേക്ക്‌ നോക്കിയിരിക്കണം. സാരമില്ല, ബഹറൈനല്ലേ സ്ഥലം ... ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിറങ്ങി പലയിടങ്ങളിലേക്കും യാത്ര തുടരുന്നവര്‍... വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ നല്ല നേരമ്പോക്കായിരിക്കും.

ഉച്ചയ്ക്ക്‌ ഒന്നര മണിക്കാണ്‌ ജിദ്ദയില്‍ നിന്ന് ആകാശസഞ്ചാരം ആരംഭിക്കുന്നത്‌. പത്ത്‌ മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാലേ ഗള്‍ഫ്‌ എയറിലെ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ കൊടുക്കുന്നതിന്‌ രണ്ടര മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പ്പോര്‍ട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ പിന്നെ പണ്ടൊരിക്കല്‍ ടേക്ക്‌ ഓഫിന്‌ അര മണിക്കൂര്‍ മാത്രം മുമ്പ്‌ എയര്‍പ്പോര്‍ട്ടിലെത്തിയ ഒരു തിരുവോന്തരംകാരന്‍ സുഹൃത്ത്‌ അറബിപോലീസിന്റെ സാഹിത്യം കേട്ടത്‌ പോലെ കേള്‍ക്കേണ്ടി വരും. "എന്തരെടേ ഇത്‌ തമ്പാനൂര്‍ ബസ്‌ സ്റ്റാന്റാണെന്ന് വിചാരിച്ചോ?..." എന്നായിരുന്നു ആ ഗര്‍ജ്ജനത്തിന്റെ മലയാള അര്‍ത്ഥം എന്ന് സുഹൃത്ത്‌ പിന്നീട്‌ പറഞ്ഞറിഞ്ഞു.

കൃത്യം പതിനൊന്ന് മണിക്ക്‌ തന്നെ എയര്‍പ്പോര്‍ട്ടില്‍ എത്തി. ഗള്‍ഫ്‌ എയറിന്റെ കൗണ്ടറില്‍ ഒരു ബീഹാറി ഭയ്യ വെളുക്കെ ചിരിച്ചു കൊണ്ട്‌ ഞങ്ങളെ വരവേറ്റു. "ഇന്‍ ഫാക്റ്റ്‌, യൂ ആര്‍ ഏര്‍ലി സര്‍ ... ഫ്ലൈറ്റ്‌ ഈസ്‌ ലേറ്റ്‌ ആന്‍ അവര്‍... ബട്ട്‌ നോ പ്രോബ്ലം, യൂ കാന്‍ ചെക്ക്‌ ഇന്‍..."

ഒരു മണിക്കൂറല്ലേ, ബഹറൈനില്‍ കുറച്ച്‌ വെയ്‌റ്റ്‌ ചെയ്താല്‍ മതിയല്ലോ. എയറിന്ത്യയുടെ പോലെ ഒരു ദിവസമൊന്നും അല്ലല്ലോ ലേറ്റ്‌... മിശ്‌ മുശ്‌ക്കില...

സെക്യൂരിറ്റി ചെക്കിംഗ്‌ കഴിഞ്ഞ്‌ ബെല്‍റ്റും ഷൂവും വാച്ചും പേഴ്‌സും കുന്തവും കുടച്ചക്രവും എല്ലാം താങ്ങിപ്പിടിച്ച്‌ ലോഞ്ചിലെത്തി ഇരിപ്പുറപ്പിച്ചു. പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തത്‌ കൊണ്ട്‌ ടേക്ക്‌ ഓഫും ലാന്റിങ്ങും നടത്തുന്ന വിമാനങ്ങളുടെ ഇന്‍വെന്ററി എടുക്കുന്ന പണി സ്വയം ഏറ്റെടുത്തു.

"അച്ഛാ അച്ഛാ ... ദേ നമ്മുടെ പേര്‌ വിളിക്കുന്നു...."

ങ്‌ഹേ ... ശരിയാണല്ലോ... "തയ്യില്‍ ഫാമിലി ട്രാവെലിംഗ്‌ റ്റു ബഹറൈന്‍ ഓണ്‍ ഗള്‍ഫ്‌ എയര്‍ .... ഈസ്‌ റിക്വസ്റ്റഡ്‌ റ്റു റിപ്പോര്‍ട്ട്‌ അറ്റ്‌ ഗേറ്റ്‌ നമ്പര്‍.... ഇമ്മീഡിയറ്റ്‌ലി... "

ഛേ ... ഇന്‍വെന്ററി എടുക്കുന്നതിന്റെ ആത്മാര്‍ത്ഥത അല്‍പ്പം കൂടി പോയതിന്റെ ഫലം...

"യൂ ആര്‍ ഫ്രീ റ്റു സിറ്റ്‌ എനി വേര്‍..." മൂക്ക്‌ ചപ്പിയ ഫിലിപ്പീനി ഹോസ്റ്റസിന്റെ സ്വാഗത വചനം ... പിന്നെയെന്തിന്‌ ഇത്ര കഷ്ടപ്പെട്ട്‌ ബോര്‍ഡിംഗ്‌ പാസ്സില്‍ സീറ്റ്‌ നമ്പര്‍ കൊടുത്തിരിക്കുന്നു... ആഹ്‌, എന്തെങ്കിലുമാകട്ടെ...

ബെല്‍റ്റ്‌ കെട്ടുന്നതിന്റെയും ബെല്‍റ്റ്‌ കെട്ടിക്കുന്നതിന്റെയും "ടിക്‌ ... ടിക്‌ ..." എന്ന ശബ്ദങ്ങള്‍ക്കിടയില്‍ ഡ്രൈവര്‍ വണ്ടി ഉരുട്ടിത്തുടങ്ങി.

പതിവിന്‌ വിപരീതമായി ലഞ്ച്‌ എത്തിയത്‌ നല്ല ഭംഗിയുള്ള കാര്‍ഡ്‌ബോര്‍ഡ്‌ പാക്കറ്റില്‍... "യൂ കാന്‍ ഹാവ്‌ ഇറ്റ്‌ ഇന്‍ ദ്‌ ഈവനിംഗ്‌ വെന്‍ ഫാസ്റ്റിംഗ്‌ ഈസ്‌ ഓവര്‍ ..." ഇന്ന് പുണ്യമാസത്തിന്റെ തുടക്കമാണെന്ന കാര്യം വീണ്ടും ഓര്‍മ്മ വന്നതിപ്പോഴാണ്‌.

ഓ, അല്ലെങ്കില്‍ പിന്നെ ഇതാര്‍ക്ക്‌ വേണം ... അരക്കഷണം ഉണക്ക കുബൂസും ഉപ്പില്ലാത്ത ഓംലെറ്റും ... (ആംപ്ലേയ്‌റ്റ്‌ എന്ന് പറയുമ്പോഴത്തെ സുഖം ഒന്ന് വേറെ). എന്തായാലും വേണ്ടെന്ന് പറഞ്ഞില്ല. ഒരു വഴിക്ക്‌ പോകുന്നതല്ലേ...

ജപ്പാന്‍ കുടിവെള്ളക്കുഴികളോ ഗട്ടറുകളോ ഒന്നും ഇല്ലാതിരുന്നതിനാല്‍ ക്യാപ്റ്റന്‍ സുഖമായി തന്നെ രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ വിമാനം കൊച്ചുദ്വീപിലിറക്കി. ഇനിയും കിടക്കുന്നു നാല്‌ മണിക്കൂര്‍ അടുത്ത പേടകത്തില്‍ കയറാന്‍...

വിശാലമായ ട്രാന്‍സിറ്റ്‌ ലോഞ്ചിലെ കാഴ്ചകളും കണ്ട്‌ ഇരിക്കാനൊരിടം തേടി നടക്കുമ്പോഴാണ്‌ ഡ്യൂട്ടി ഫ്രീ കള്ള്ഷാപ്പിന്റെ മുമ്പിലെ തിരക്ക്‌ ശ്രദ്ധിച്ചത്‌. നാട്ടിലെ ബിവറേജസ്‌ ഷോപ്പുകളുടെ മുന്നിലെ ക്യൂവില്‍ ഇവര്‍ എത്ര നല്ല കുട്ടികളായിട്ടാണ്‌ ക്ഷമയോടെ നില്‍ക്കുന്നത്‌ എന്നാലോചിക്കാതിരുന്നില്ല.

സന്ധ്യ മയങ്ങുന്ന നേരത്ത്‌ ഉപ്പില്ലാത്ത ഓംലെറ്റിനും ഉണക്ക കുബൂസിനും നല്ല രുചി... "വീട്ടില്‍ ഞാന്‍ ഓരോന്ന് കഷ്ടപ്പെട്ട്‌ വായ്‌ക്ക്‌ രുചിയായി ഉണ്ടാക്കിത്തരുമ്പോള്‍ വിലയില്ല... അനുഭവിച്ചോ..." എന്ന് പരിഹാസ ഭാവത്തില്‍ വാമഭാഗം...

ഇനിയും കിടക്കുന്നു രണ്ട്‌ മണിക്കൂര്‍... ലോഞ്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരെ എത്ര നേരം നോക്കിയിരിക്കും... വിമാനങ്ങളുടെ ഇന്‍വെന്ററി എടുക്കാനാണെങ്കില്‍ ഗ്ലാസ്‌ ചുമരിലൂടെ ലൈറ്റുകളുടെ പ്രതിഫലനം കാരണം ഒക്കുന്നുമില്ല. ഇനിയെന്ത്‌ ചെയ്യും എന്നാലോചിച്ച്‌ തലപുകയുമ്പോഴാണ്‌ ഡ്യൂട്ടി ഫ്രീയില്‍ നിന്നിറങ്ങി വരുന്ന ആ പരിചിത മുഖം കണ്ടത്‌.... കൃഷ്ണേട്ടന്‍!

കൃഷ്ണേട്ടന്‍ ... എം.എസ്‌.കെ. കോലഴി എന്ന്‌ സ്വയം വിളിക്കുന്ന കൃഷ്ണേട്ടന്‍... നാട്ടില്‍ തന്റെ ബാര്‍ബര്‍ ഷോപ്പില്‍ ഏത്‌ പ്രാകൃതനെയും സുന്ദരക്കുട്ടപ്പാനാക്കിയിരുന്ന കൃഷ്ണേട്ടന്‍. ആകെക്കൂടി ഒരു ദൗര്‍ബല്യമേയുള്ളൂ ആശാന്‌ ... വെള്ളം... വെള്ളമടിച്ച്‌ തോര്‍ത്തും തലയില്‍ കെട്ടി ഊട്ടിയിലെ വാട്ടര്‍ തീം പാര്‍ക്കിലെ ഇരുണ്ട ഗുഹയിലൂടെ കൂട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്‌ സീറ്റ്‌ പാഡില്ലാതെ ഊര്‍ന്നിറങ്ങി മഴത്തുള്ളിക്കിലുക്കത്തിലെ സലിംകുമാറിന്റെ അവസ്ഥയില്‍ പുറത്ത്‌ വന്ന കൃഷ്ണേട്ടന്‍. നിരക്കത്തിന്റെ വേഗതയില്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിഞ്ഞ്‌ മുഖത്ത്‌ ചുറ്റി 'എന്റെ കാഴ്ച പോയേ' എന്ന് അലറി വിളിച്ച്‌ കൊണ്ട്‌ വെള്ളത്തിലേക്ക്‌ വന്ന് പതിച്ച കൃഷ്ണേട്ടന്‍...

പ്രതീക്ഷ തെറ്റിയില്ല... അത്യാവശ്യം മിനുങ്ങി തന്നെയാണ്‌ കൃഷ്ണേട്ടന്റെ വരവ്‌. കൈയിലെ ഡ്യൂട്ടി ഫ്രീ ബാഗില്‍ കുപ്പികള്‍ ഒന്നിലധികം... എന്നെ അത്രകണ്ട്‌ പരിചയമില്ലാത്ത കൃഷ്ണേട്ടനെ ഈ നിലയില്‍ പോയി പരിചയപ്പെടാതിരിക്കുന്നത്‌ തന്നെ ബുദ്ധി...

നീര്‍ക്കോലി പോലത്തെ ചെറിയ എയര്‍ബസ്സില്‍ നല്ല തിരക്ക്‌. എലൈറ്റ്‌ ജ്വല്ലറിയുടെ മുന്നില്‍ നിന്ന് അയ്യന്തോള്‍ക്കുള്ള ടൗണ്‍ ബസ്സില്‍ കയറിയ പ്രതീതി. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക്‌ അച്ചടക്കവും അനുസരണയും കുറവാണെന്ന ദുഃഖസത്യം അറിവുള്ള ഹോസ്റ്റസുമാര്‍ നിസ്സഹായരായി പരസ്പരം നോക്കുന്നു...

ആടിയാടി വന്ന കൃഷ്ണേട്ടന്‍ ഞങ്ങളെ താണ്ടി രണ്ട്‌ നിര പിറകില്‍ പോയി ഇരിപ്പുറപ്പിച്ചു. സൈഡ്‌ സീറ്റ്‌ കിട്ടിയതിന്റെ സന്തോഷം അടുത്തിരിക്കുന്നയാളുമായി പങ്ക്‌ വച്ചത്‌ അല്‍പ്പം ഉറക്കെയായി... "ജനാലേന്റെയടുത്താവുമ്പോ കാറ്റ്‌ കിട്ടൂല്ലോ..."

"ക്യാബിന്‍ ക്രൂ, റെഡി ഫോര്‍ ടേക്ക്‌ ഓഫ്‌..." പുതിയ ക്യാപ്റ്റന്റെ അറിയിപ്പ്‌ ...

"നോക്കിം കണ്ടും പൊക്കോളോട്ടാ മോനേ.... രാത്രിയാ... ലൈറ്റൊക്കെണ്ടല്ലാ അല്ലേ... " കൃഷ്ണേട്ടന്റെ ഉപദേശം...

'സ്റ്റാന്റില്‍' നിന്ന് പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ കൃഷ്ണേട്ടന്‍ ജാലകത്തിലൂടെ നോക്കി സൈഡ്‌ പറഞ്ഞ്‌ കൊടുത്തു.... "ങാ.. പോട്ടേ പോട്ടേ ... റൈറ്റ്‌ ... എടത്ത്‌ ചേര്‍ന്ന് ... പോട്ടെ... പോട്ടെ..."

കൃഷ്ണേട്ടന്റെ ഡയറക്ഷനില്‍ റണ്‍വേയിലെത്തിയ വിമാനം അല്‍പ്പം മുന്നോട്ട്‌ പോയി നിന്നു.

"ഇനി ഒരു പൊടിക്ക്‌ സ്ഥലംല്യാട്ടാ ... ആളെ എട്‌ക്കണ്ടാ ഇനി... നേരെ പോട്ടെ..." മറ്റ്‌ യാത്രക്കാരുടെ ശ്രദ്ധ തന്നിലായിത്തുടങ്ങി എന്ന് മനസിലായ കൃഷ്ണേട്ടന്‍ ഷൈന്‍ ചെയ്യാനുള്ള പുറപ്പാടിലാണ്‌.

ജിദ്ദയിലെ ട്രാഫിക്ക്‌ ബ്ലോക്കിലെന്ന പോലെ വിമാനം പതുക്കെ പതുക്കെ ഇഴയുകയും അതിലേറെ സമയം നില്‍ക്കുകയുമാണ്‌. ബെല്‍റ്റ്‌ കെട്ടി ഇരിപ്പ്‌ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ മുക്കാല്‍ മണിക്കൂറോളമാകുന്നു. കൃഷ്ണേട്ടന്റെ ക്ഷമയുടെ നെല്ലിപ്പലക തെളിഞ്ഞത്‌ പെട്ടെന്നായിരുന്നു...

"നിങ്ങളങ്ങട്‌ മാറ്യേ... ഞാനാ ഡ്രൈവറ്‌ടെ അട്‌ത്തൊന്ന് പോയ്യോക്കട്ടെ.... എന്തൂട്ടാ പ്രശ്നംന്ന്‌ ചോയിച്ചിട്ട്‌ വരാം... " ബെല്‍റ്റിന്റെ കൊളുത്തഴിച്ച്‌ ചാടിയെഴുനേറ്റ്‌ കൃഷ്ണേട്ടന്‍ കോക്ക്‌ പിറ്റിന്‌ നേരെ വച്ചു പിടിച്ചു. പിന്തുണ പ്രഖ്യാപിച്ച്‌ കൊണ്ട്‌ വേറെയും രണ്ട്‌ മൂന്ന് പേര്‍ കൃഷ്ണേട്ടനൊപ്പം ആഞ്ഞ്‌ പിടിച്ചു.

"വാട്‌സ്‌ ദ്‌ പ്രോബ്ലം ദേര്‍...? " ടേക്ക്‌ ഓഫിന്‌ റെഡിയായി തന്റെ സീറ്റിലിരിക്കുന്ന എയര്‍ ഹോസ്റ്റസ്‌ പിന്നാലെ ഓടിയെത്തി.

"വൈ നോ ഗോയിംഗ്‌ ?..." വിട്ട്‌ കൊടുക്കാന്‍ കൂട്ടാക്കാതെ കൃഷ്ണേട്ടന്‍ തന്നാലാവുന്ന ആംഗലേയത്തില്‍ ഒറ്റയലക്ക്‌...

"പ്ലീസ്‌ ... ഗോ റ്റു യുവര്‍ സീറ്റ്‌സ്‌ ... പ്ലീസ്‌... വീ ആര്‍ റെഡി ഫോര്‍ ടേക്ക്‌ ഓഫ്‌...." എയര്‍ ഹോസ്റ്റസ്‌ എല്ലാവരെയും ആട്ടിത്തെളിച്ച്‌ വീണ്ടും സീറ്റുകളിലേക്ക്‌ പറഞ്ഞയച്ചു.

നീണ്ട കാത്തിരിപ്പിന്‌ ശേഷം വിമാനം ആകാശത്തിലേക്ക്‌ കുതിച്ചപ്പോള്‍ കൃഷ്ണേട്ടന്റെ മുഖത്ത്‌ നിര്‍വൃതി. "കണ്ടാ... ഞാന്‍ പോയി ചോയ്‌ച്ചില്ലേര്‌ന്നെങ്കീ ഇപ്പഴും അവ്‌ടെത്തന്നെ കെടക്ക്വേര്‌ന്നു..."

ഡിന്നര്‍ കഴിഞ്ഞ്‌ എപ്പോഴാണ്‌ ഉറക്കത്തിലേക്ക്‌ വഴുതിപ്പോയതെന്ന് ഓര്‍മ്മയില്ല. 'സര്‍, എനി ഹോട്ട്‌ ഡ്രിങ്‌ക്‍സ്‌' എന്ന ചോദ്യം കേട്ടാണ്‌ ഇടയ്ക്കെപ്പോഴോ ഞെട്ടിയുണര്‍ന്നത്‌. 'നോ താങ്‌ക്‍സ്‌' പറഞ്ഞിട്ട്‌ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കണ്ടത്‌ വിസ്‌ക്കിയില്‍ സോഡ ചേര്‍ത്ത്‌ ചെലുത്തിക്കൊണ്ടിരിക്കുന്ന കൃഷ്ണേട്ടനെയാണ്‌. ഒരു വിധം പാമ്പായിക്കഴിഞ്ഞിരിക്കുന്നവെന്ന് വ്യക്തം.

ടയറുകള്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതും എമ്പാടും ബെല്‍റ്റുകള്‍ അഴിയുന്ന ക്ലിക്‌ ക്ലിക്ക്‌ ശബ്ദങ്ങള്‍. "പ്ലീസ്‌ ബി സീറ്റഡ്‌ അണ്‍ റ്റില്‍ ദ്‌ എയര്‍ ക്രാഫ്റ്റ്‌ ഹാസ്‌ കം റ്റു കംപ്ലീറ്റ്‌ സ്റ്റോപ്പ്‌" എന്ന അറിയിപ്പ്‌ പതിവ്‌ പോലെ വനരോദനമായി അവശേഷിച്ചു.

ഇമിഗ്രേഷന്‍ ക്യൂവില്‍ നില്‍ക്കുന്ന കൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ നവംബറിലെ പാലക്കാടന്‍ കാറ്റില്‍ ആടുന്ന കവുങ്ങും കൂട്ടത്തെയാണ്‌. കൈയിലെ ഡ്യൂട്ടി ഫ്രീ സഞ്ചിയിലെ കുപ്പികള്‍ ആട്ടത്തിനൊപ്പം ജലതരംഗം മീട്ടുന്നു. എന്തായാലും വാള്‌ വയ്ക്കാതെ ഇപ്പോഴും പിടിച്ച്‌ നില്‍ക്കുന്ന ആശാനെ സമ്മതിക്കണം.

എന്നത്തെപ്പോലെ ഇപ്രാവശ്യവും ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക്‌. പത്ത്‌ കിലോയുടെ ടൈഡ്‌ വാഷിംഗ്‌ പൗഡര്‍ പാക്കറ്റും, നിഡോ പാല്‍പ്പൊടിയും ടാംഗ്‌ ടിന്നും കെട്ടിച്ചുമന്ന് കൊണ്ടുവന്ന് വെറുതേ എന്തിന്‌ കസ്റ്റംസ്‌ സാറന്മാര്‍ക്ക്‌ മനസമാധാനക്കേടുണ്ടാക്കണം...

"ഇതീന്ന് ഒരൊറ്റ കുപ്പി പോലും തരാന്‍ പറ്റില്യാ..." നമ്മുടെ പഴയ വേലായുധേട്ടന്‍ സ്റ്റൈലില്‍ ഒച്ച പൊങ്ങിയപ്പോഴാണ്‌ എല്ലവരുടെയും ശ്രദ്ധ അങ്ങോട്ടായത്‌. കൃഷ്ണേട്ടനും കസ്റ്റംസ്‌കാരും കൂടി കശപിശ.

"ഞാന്‍ ചെമ്പെറക്കീതേ... എനിക്ക്‌ വീശാനാ... അല്ലാണ്ടെ നെങ്ങള്‌ക്ക്‌ ഓസിന്‌ തരാനല്ല..."

"നിങ്ങള്‍ക്ക്‌ പറഞ്ഞാല്‍ മനസിലാവില്ലേ മിസ്റ്റര്‍? അനുവദിച്ചതിലും ഒരു കുപ്പി കൂടുതലുണ്ട്‌ നിങ്ങളുടെ കൈയില്‍. ഒന്നുകില്‍ അത്‌ ദാ, ആ കാണുന്ന പോലീസ്‌കാരന്റെ കൈയില്‍ കൊടുത്തിട്ട്‌ പ്രശ്നമുണ്ടാക്കാതെ പോകുക ... അല്ലെങ്കില്‍ ഡ്യൂട്ടി അടക്കേണ്ടിവരും..."

"എന്തൂട്ടാ നെങ്ങള്‌ പേടിപ്പിക്ക്യാ? ... എം.എസ്‌.കെ കോലഴിയോടാ കളി... ഇതേ ... ഡ്യൂട്ടി ഫ്രീയാ... ഇതേപ്പോ നന്നായിയേ..." പാമ്പാണെങ്കിലും കൃഷ്ണേട്ടന്‍ നിയമവശം മറന്നിട്ടില്ല.

"മിസ്റ്റര്‍, നിങ്ങള്‍ നിയമമൊന്നും ഞങ്ങളെ പഠിപ്പിക്കണ്ട. മൂന്ന് കുപ്പിയേ കൊണ്ടുപോകാന്‍ പറ്റൂ. ഇവിടുന്ന് പുറത്ത്‌ പോണമെങ്കില്‍ ഒരെണ്ണം ഇവിടെ വച്ചേ പറ്റു..." കസ്റ്റംസ്‌കാരന്‌ കൊതിയടക്കാന്‍ പറ്റുന്നില്ല എന്ന് വ്യക്തം.

"എന്തൂട്ടാ പറഞ്ഞേ?... ഇവിടെ വച്ചിട്ട്‌ പുവ്വാനാ?..."

"പുറത്ത്‌ പോണമെങ്കില്‍ മതി..." കസ്റ്റംസ്‌കാരന്‍ അടുത്ത ഇരയെ പിടിക്കാനുള്ള തത്രപ്പാടിലാണ്‌.

"മൂന്ന് കുപ്പി എനിക്ക്‌ കൊണ്ടോവാല്ലോ?... അതിന്‌ വിരോധൊന്നുല്യാല്ലോ..."

"ഇതങ്ങ്‌ നേരത്തെ ചെയ്തിരുന്നെങ്കില്‍ ഈ നേരം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ചാലക്കുടി എത്താമായിരുന്നില്ലേ?... വച്ചിട്ട്‌ വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്‌..."

"ഒരു മിനിറ്റ്‌ട്ടാ... ദാ ഇബ്‌ടെ ഇരിക്കണതോണ്ട്‌ വിരോധോല്യാല്ലോ?... "

കൃഷ്ണേട്ടന്‍ മാര്‍ബിള്‍ തറയില്‍ ചമ്രം പടിഞ്ഞ്‌ ഒറ്റയിരുപ്പ്‌. പിന്നെ ഡ്യൂട്ടി ഫ്രീ സഞ്ചിയില്‍ നിന്ന്‌ ഒരു കുപ്പിയെടുത്ത്‌ സീല്‍ പൊട്ടിച്ചു. പകരാന്‍ ഗ്ലാസോ തൊട്ടുകൂട്ടാന്‍ ടച്ചിങ്ങ്‌സോ ഇല്ലാതെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കുന്ന പോലെ ഒരു വീശ്‌...

"ഒരു കുപ്പി ഇബ്‌ടെ വയ്ക്കണംല്ലേ ... ദാ വച്ചു. ഇനി എനിയ്ക്ക്‌ പുവ്വാല്ലോ..."

കാലിക്കുപ്പി മുന്നോട്ട്‌ നീക്കി വച്ചിട്ട്‌ കൃഷ്ണേട്ടന്‍ എഴുനേല്‍ക്കാന്‍ ഒരു ശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ടു. ഒരു കുപ്പി ഒറ്റയടിക്ക്‌ അകത്താക്കിയ എം.എസ്‌.കെ കോലഴിയുടെ കപ്പാസിറ്റി കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്ന കസ്റ്റംസ്‌കാരും കാണികളും...

ഇനിയും ഇയാളെ ഇവിടെ നിറുത്തിയാല്‍ മാനം പോകുമെന്ന് തോന്നിയ കസ്റ്റംസ്‌കാരന്‍ പോര്‍ട്ടറെ വിളിച്ചു. "ദേ, ഇയാളെ ഇവിടുന്ന് ഒന്നൊഴിവാക്കിത്തന്നേ... ആദ്യമായിട്ടാ ഇങ്ങനെയൊരു ജന്മം കാണുന്നേ..."

ടാറ്റാ സുമോയുമായി രാവിലെ തന്നെ വന്ന് കാത്ത്‌ നിന്നിരുന്ന സുഹൃത്തുക്കളെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. ആഗമനകവാടത്തില്‍ നിന്നും പുറത്തേക്ക്‌ പാഞ്ഞു വരുന്ന ലഗേജ്‌ ട്രോളി... പോര്‍ട്ടര്‍ സകല ശക്തിയുമെടുത്ത്‌ തള്ളിവിട്ട ട്രോളിയില്‍ തന്റെ പെട്ടിയില്‍ ചാരി മലര്‍ന്നടിച്ച്‌ അര്‍ദ്ധബോധാവസ്ഥയില്‍ കൃഷ്ണേട്ടന്‍ ... ഒപ്പം ഡ്യൂട്ടിഫ്രീ സഞ്ചിയില്‍ സുരക്ഷിതമായി മൂന്ന് കുപ്പികളും...

77 comments:

  1. വളരെ നാളുകള്‍ക്ക്‌ ശേഷം തൃശൂര്‍ വിശേഷങ്ങളില്‍ വീണ്ടും ഒരു പോസ്റ്റ്‌ ... ഒരു വിമാനയാത്രയിലെ രസകരമായ അനുഭവങ്ങള്‍... ഇനി പോന്നോട്ടെ നിങ്ങളുടെ അഭിപ്രായങ്ങള്‍...

    ReplyDelete
  2. കൊള്ളാം.... ശരിക്കും ഇഷ്ടായി... :-)

    ReplyDelete
  3. enthuttishtta ithu sarikkum mangu kalakki!

    ReplyDelete
  4. സുഹൃത്തുക്കളെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. ആഗമനകവാടത്തില്‍ നിന്നും പുറത്തേക്ക്‌ പാഞ്ഞു വരുന്ന ലഗേജ്‌ ട്രോളി... പോര്‍ട്ടര്‍ സകല ശക്തിയുമെടുത്ത്‌ തള്ളിവിട്ട ട്രോളിയില്‍ തന്റെ പെട്ടിയില്‍ ചാരി മലര്‍ന്നടിച്ച്‌ അര്‍ദ്ധബോധാവസ്ഥയില്‍ കൃഷ്ണേട്ടന്‍ ... ഒപ്പം ഡ്യൂട്ടിഫ്രീ സഞ്ചിയില്‍ സുരക്ഷിതമായി മൂന്ന് കുപ്പികളും...

    :))))))))))))))

    ReplyDelete
  5. Vinuetta Krishnettan aale pidikittiyillyaa. Enthaayalum aalude motham picture pidi kitty ee postiloode.
    Pinne Eliteinu munpil ayyanthol busil ulla yathrayumaayulla upama rasaai.

    ReplyDelete
  6. കൃഷേണട്ടന്‍ ഒരു കുപ്പി ഒറ്റയടിക്ക് വിഴുങ്ങിയല്ലോന്ന് ഓര്‍ക്കുമ്പോഴാ..
    ഈശ്വരാ..
    ഹ..ഹ..ഹ

    രസചരട് പൊട്ടാതെ അവസാനം വരെ എത്തിച്ചു ചേട്ടാ

    ReplyDelete
  7. കൃഷ്ണേട്ടന്‍ അടിപൊളി. ഓര്‍മ്മകള്‍ കൂലംകുത്തിയൊഴുകുന്നു..

    ReplyDelete
  8. രസായീണ്ട്... കൃഷ്ണേട്ടന്‍ മനസ്സില്‍ നിന്നും ഒരിയ്ക്കലും മായില്ല..നമ്മുടെ സിനിമയിലെ കൃഷ്ണങ്കുട്ടിനായരുടെ രൂപം ഒന്ന് മനസ്സിലോറ്ത്ത് പോയി.

    ReplyDelete
  9. . "ജനാലേന്റെയടുത്താവുമ്പോ കാറ്റ്‌ കിട്ടൂല്ലോ..."
    ithu top....
    hi hi vinuvettto kalakkeetto... yaatraa

    ReplyDelete
  10. Hi Hi Kalakki anno kalakki. Ithu polay krishnettanmaar ella flightilum undavarundengilum ithoru ballatha pahayan thannay

    ReplyDelete
  11. കൃഷ്ണേട്ടന്‍ ആള് പുലിയാണല്ലോ

    ReplyDelete
  12. എം എസ് കെ കിടുക്കി വിനുവണ്ണാ.. എന്നാലും പഹയന്‍ ഒരു ഫുള്‍ ഒറ്റയിരുപ്പില്‍ വെള്ളം പോലും കൂട്ടാതെ അടിച്ചുകളഞ്ഞല്ലോ... സമ്മതിക്കണം!

    "ജനാലേന്റെയടുത്താവുമ്പോ കാറ്റ്‌ കിട്ടൂല്ലോ..."

    ഇനി ഓരോ ഫ്ലൈറ്റ് യാത്രയിലും കൃഷ്ണേട്ടനെ ഓര്‍മ്മ വരും... തീര്‍ച്ച..

    ReplyDelete
  13. ഹ ഹ ഹ ഹ ... വിനുവേട്ടാ കലക്കി. കൃഷ്ണേട്ടന്റെ ട്രോളിയിലുള്ള ആ വരവ്‌ ഓര്‍ത്തിട്ട്‌ ഇപ്പോഴും ചിരി അടക്കാന്‍ പറ്റുന്നില്ല. ഓഫീസിലിരുന്ന് ചിരിക്കുന്നത്‌ കണ്ടിട്ട്‌ ആള്‍ക്കാര്‍ എനിക്ക്‌ വട്ടാണെന്ന് വിചാരിച്ചിട്ടുണ്ടാകും.

    ഒരു കാര്യം, ഇത്ര ഇടവേള വേണോ പോസ്റ്റുകള്‍ക്കിടയില്‍?


    രാജീവ്‌

    ReplyDelete
  14. എലൈറ്റ്‌ ജ്വല്ലറിയുടെ മുന്നില്‍ നിന്ന് അയ്യന്തോള്‍ക്കുള്ള ടൗണ്‍ ബസ്സില്‍ കയറിയ പ്രതീതി. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക്‌ അച്ചടക്കവും അനുസരണയും കുറവാണെന്ന ദുഃഖസത്യം അറിവുള്ള ഹോസ്റ്റസുമാര്‍ നിസ്സഹായരായി പരസ്പരം നോക്കുന്നു...
    -

    വിനുവേട്ടാ,
    കുറച്ച് നാള്‍ കഴിഞ്ഞ് വന്നതിന്റെ ക്ഷീണം തീര്‍ത്തു,ട്ടാ!

    ReplyDelete
  15. കൈതമുള്ള്‌ പറഞ്ഞത്‌ പോലെ ഒരു ഇടവേള കഴിഞ്ഞതിന്റെ ക്ഷീണം തീര്‍ത്തുട്ടോ. നല്ല സരസമായ ആഖ്യാനം. ലളിതമായി ഫലിതത്തിന്റെ മേമ്പൊടിയോടെ സംഭവം അവതരിപ്പിച്ചിരിക്കുന്നു. വീണ്ടും എഴുതണംട്ടോ.

    സന്ധ്യ

    ReplyDelete
  16. രസായിരിക്കുന്നു.

    ReplyDelete
  17. നാസ്‌, രമണിക, ലക്ഷ്മി ... സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി...

    രാമന്‍ ... ആളെ മിക്കവാറും ഇയാള്‍ അറിയും ... നമ്മുടെ മരതക സ്റ്റോപ്പിലുള്ള ബാര്‍ബര്‍ഷോപ്പില്‍ കയറിച്ചെന്ന് എം.എസ്‌.കെ കോലഴി ആരാ എന്ന് ചോദിച്ചാല്‍ മതി... വിവരം അപ്പോള്‍ തന്നെ അറിയും...

    അരുണ്‍ ... അതാണ്‌ എം.എസ്‌.കെ കോലഴി...

    മേന്‌ന്നേ ... ഓര്‍മ്മകള്‍ എങ്ങനെ ഒഴുകാതിരിക്കും? ... കൊളൊംബോ വഴിയുള്ള യാത്ര മറന്നിട്ടില്ലല്ലോ അല്ലേ?

    പൊറാടത്ത്‌ ... ആ കൃഷ്ണന്‍കുട്ടി നായരെ ഓര്‍മ്മിപ്പിക്കല്ലേ ... മഴവില്‍ക്കാവടിയിലെ ആ എണ്ണ തേച്ചങ്ങനെ നില്‍ക്കുന്ന രംഗം ... ഹ ഹ ഹ...

    കണ്ണനുണ്ണി ... ആ വാചകം കേട്ട്‌ അന്ന് ഞാനും കുടുംബവും ചിരിച്ചതിന്‌ കണക്കില്ല...

    പപ്പന്‍ജീ ... ഇതൊക്കെയാണെങ്കിലും കൃഷ്ണേട്ടന്‍ ആള്‌ ഡീസന്റ്‌ ആണ്‌ കേട്ടോ...

    ശ്രീ ... പുലിയല്ല, പുപ്പുലിയാണ്‌ കൃഷ്ണേട്ടന്‍...

    ജിമ്മീ ... ഇങ്ങനെയുള്ളവരെ ആദ്യം തന്നെ ബെല്‍റ്റ്‌ കെട്ടിച്ച്‌ ഒരു മൂലയ്ക്കങ്ങ്‌ ഇരുത്തിയേക്കണം....

    രാജീവ്‌ ... ഇടവേള കൂടിപ്പോയി എന്നറിയാം ... ഇനി ശ്രദ്ധിക്കാം...

    കൈതമുള്ളേ ... എഴുതിക്കഴിഞ്ഞതോടെ ഞാനങ്ങ്‌ ക്ഷീണിച്ചും പോയി... ഹി ഹി ഹി ...

    സന്ധ്യ, കുമാരന്‍ ... അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

    ReplyDelete
  18. കൃഷ്ണേട്ടനവിടെ നിക്കട്ടെ, യാത്രാവിവരണമാണ് എനിക്കിഷ്ടപ്പെട്ടതു്.

    ReplyDelete
  19. കൃഷ്ണേട്ടന്‍ ആളു പുലിതന്നെ...
    ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദിയ്ക്കുന്നു...
    മറ്റു പോസ്റ്റുകള്‍ കൂടി വായിയ്ക്കട്ടെ..

    ReplyDelete
  20. സീറ്റ്‌ പാഡില്ലാതെ ഊര്‍ന്നിറങ്ങി മഴത്തുള്ളിക്കിലുക്കത്തിലെ സലിംകുമാറിന്റെ അവസ്ഥയില്‍ പുറത്ത്‌ വന്ന കൃഷ്ണേട്ടന്‍.

    അത്‌ കലക്കി. " എന്‍ ...... പോയാച്ച്‌" എന്ന് പറഞ്ഞ്‌ കരയുന്ന സലിംകുമാര്‍. പോരാഞ്ഞ്‌ കണ്ണിന്റെ കാഴ്ചയും. ഹ ഹ ഹ രസിച്ചു വായിച്ചു വിനുവേട്ടാ.

    രഞ്ജിത്ത്‌.

    ReplyDelete
  21. മച്ചു പോസ്റ്റ് കലക്കീണ്ട്ട്ടാ..

    ReplyDelete
  22. മച്ചു പോസ്റ്റ് കലക്കീണ്ട്ട്ടാ..

    ReplyDelete
  23. രസകരമായിട്ടുണ്ടു

    ReplyDelete
  24. സ്‌കൈ ബ്ലൂസ്‌ & വയനാടന്‍ .... നന്ദി, വീണ്ടും വരണംട്ടോ...

    എഴുത്തുകാരി... യാത്രാവിവരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം അപ്പോഴിനി അല്ലേ? നര്‍മ്മം ഏറ്റില്ല അല്ലേ? ...

    കൊട്ടോട്ടിക്കാരന്‍ ... വളരെ നന്ദി ഈ വഴിക്ക്‌ വന്നതില്‍ ... വീണ്ടും കാണാം ... കാണണം...

    രഞ്ജിത്ത്‌ ... ഞാന്‍ പറയാതെ പറഞ്ഞത്‌ പറഞ്ഞുവല്ലേ?... ഹി ഹി ഹി ...


    നിഷാദ്‌ ... നന്ദി നന്ദി ... (രണ്ട്‌ പ്രാവശ്യം വരവ്‌ വച്ചിരിക്കുന്നു...)

    ReplyDelete
  25. വിന്വേട്ടാ,

    ദെപ്പോ ലാന്റിഷ്ടാ. പടിപൊരയില്‍ പൈങ്ങടക്ക വീഴണമാതിരി, ഗുമ്‌ ഗുമാന്ന്, ഈ ഐറ്റം ഒരു നാലഞ്ചെണ്ണം ഇങ്ങട്‌ പോരാട്ടെ ട്ടാ.

    ജീദ്ധയില്‌ അറബിക്ക്‌ അപ്പോ ഒരു പണിയായില്ലെ.

    കൃഷ്ണേട്ടന്റെ യാത്ര കൊള്ളാട്ടാ ഗഡ്യേ.

    ഇനി അടുത്തത്‌, ആരുടെ പോറത്താണാവോ വെച്ച്‌ കീറ്‌ണത്‌?.

    ReplyDelete
  26. regi... valare nannayittundu...

    ReplyDelete
  27. ഇതു കലക്കി..കൃഷ്ണേട്ടന്‍ ഗംഭീരമായി ചിരിപ്പിച്ചു..

    ReplyDelete
  28. തൃശ്ശൂര്‍ വിശേഷങ്ങള്‍ കലക്കി..
    കൃഷ്ണേട്ടന്‍ ആള് കൊള്ളാലോ..
    എങ്ങനെ? മോശാവില്ലല്ലോ..നമ്മടെ ത്രിശൂക്കാരനല്ലേ?

    ReplyDelete
  29. വിനുവേട്ടന്‍ രണ്ട്‌ വര്‍ഷം മുമ്പേ എഴുതിത്തുടങ്ങീതാണല്ലേ... ഞാനിപ്പോഴാ ഇവിടെയെത്തുന്നത്‌. എല്ലാ പോസ്റ്റും വായിച്ചു... ഒരു ജാതി അലക്കന്ന്യാണല്ലോ ഇത്‌...

    ഒരു തൃശ്ശൂര്‍ക്കാരന്‍

    ReplyDelete
  30. വായന രസം പകര്‍ന്നു...പക്ഷെ ഒരു നോവ്‌ ശേഷിപ്പിച്ചു...ആ അവസ്ഥയില്‍ പുറത്തേക്കു വരുമ്പോള്‍ ചുറ്റിലും നില്‍ക്കുന്നവരുടെ പരിഹാസ്സം നിറഞ്ഞ ചിരിക്കിടെ വര്‍ഷങ്ങള്‍ കൂടി കാണാന്‍ കൊതിയോടെ നില്‍ക്കുന്ന ഭാര്യക്കും, കുട്ടികള്‍ക്കും, അവരുടെ മനസ്സിലെ വികാരത്തിന് ഒപ്പമായി മനസ്സ്‌.

    ReplyDelete
  31. നോക്കിം കണ്ടും പൊക്കോളോട്ടാ മോനേ.... രാത്രിയാ... ലൈറ്റൊക്കെണ്ടല്ലാ അല്ലേ... " കൃഷ്ണേട്ടന്റെ ഉപദേശം...

    വിനുവേട്ടാ തകര്‍ത്തു കേട്ടോ, എന്തായാലും പുള്ളിടെ ഒരു കപ്പാസിറ്റി സമ്മതിക്കണം, ഒരു ഫുള്‍ ഒറ്റ വിഴുങ്ങിനു അകത്താക്കിയ മഹാന്‍, വായില്‍ വെള്ളം വന്നു പോയി അതോര്‍ത്തപ്പോള്‍.
    മനോഹരം എഴുത്ത്, ഭംഗിയായി പറന്നു പൊങ്ങി, അതി ഭംഗിയായി ലാന്‍ഡ്‌ ചെയ്തു

    ReplyDelete
  32. വിനുവേട്ടാ..

    കൃഷ്ണങ്കുട്ടി ചരിതം തകര്‍ത്തു..എന്നാലും ആ വാശി..അദാണ് വാശി.. പക്ഷെ അദ്ദേഹത്തിന്റെ പുറത്ത് വരവും കാത്ത് നില്‍ക്കുന്ന കുടുംബം ആ കഴ്ച കാണുമ്പോള്‍...

    എന്തായാലും വിനുവേട്ടന്റെ ഇന്‍‌വെന്ററിയിലുള്ള ജാഗ്രത അത് എടുത്തുപറയേണ്ടതു തന്നെ.

    ReplyDelete
  33. ലവ്‌ഷോര്‍ ... പ്രോത്സാഹനത്തിന്‌ നന്ദി...

    പാവത്താന്‍ ... സന്തോഷം ... ഇനിയും ഇങ്ങനെ എത്ര കഥാപാത്രങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ...

    സ്മിത ... അതെയതെ ... എങ്ങനെ മോശമാകും ... തൃശൂര്‍ന്ന്‌ പറഞ്ഞാല്‍ പിന്നെ അതിനപ്പുറമില്ല...

    പേരില്ലാത്ത തൃശൂര്‍ക്കാരാ ... പേര്‌ വച്ച്‌ വരൂ ... വരണം...

    പാച്ചിക്കുട്ടീ ... കുടി കുടിയെ കെടുക്കും എന്ന് തമിഴില്‍ ഒരു ചൊല്ലുണ്ട്‌... സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ എന്ത്‌ ചെയ്യാന്‍ പറ്റും?

    കുറുപ്പേ ... ഇത്ര മാത്രം ടേസ്റ്റ്‌ ആണോ ഈ സംഭവത്തിന്‌?

    കുഞ്ഞന്‍ ... ആ വാശിയാണല്ലോ ഇത്‌ എഴുതാനുള്ള ഹേതു... ഇതിലെ ക്ലൈമാക്‍സും... എന്തായാലും കൃഷ്ണേട്ടനെ സ്വീകരിക്കാന്‍ ഭാര്യയും മക്കളും എയര്‍പ്പോര്‍ട്ടില്‍ വന്നിരുന്നില്ല...

    ReplyDelete
  34. ഹെല്‍പ്പര്‍/സഹായി ... അടുത്ത യാത്ര രണ്ട്‌ മാസം കഴിഞ്ഞ്‌... ആരെയെങ്കിലുമൊക്കെ കിട്ടും ... അടുത്ത പോസ്റ്റിനുള്ള വക ഒപ്പിക്കണമല്ലോ...

    ReplyDelete
  35. മ്മടെ കൃഷ്ണേട്ടനെ പുലിക്കളിക്ക് അങ്ങട് നിര്‍ത്ത്യാ പോരെ പ്രത്യേകിച്ച് മേക്കപ്പ് വേണോ? ആളു ജന്മനാ പുലിയല്ലേ :) കൊള്ളാം വിനുവേട്ടാ.....

    ReplyDelete
  36. Krishnettanu Salam parayathe vayya...!!!

    Manoharamayirikkunnu, Ashamsakal...!!!

    ReplyDelete
  37. പോര്‍ട്ടര്‍ സകല ശക്തിയുമെടുത്ത്‌ തള്ളിവിട്ട ട്രോളിയില്‍ തന്റെ പെട്ടിയില്‍ ചാരി മലര്‍ന്നടിച്ച്‌ അര്‍ദ്ധബോധാവസ്ഥയില്‍ കൃഷ്ണേട്ടന്‍ ... ഒപ്പം ഡ്യൂട്ടിഫ്രീ സഞ്ചിയില്‍ സുരക്ഷിതമായി മൂന്ന് കുപ്പികളും...

    വീട്ടിൽ എത്തുന്നതുവരെ കുപ്പി പൊട്ടാതിരുന്നാൽ മതിയായിരുന്നു.. ഈശ്വരാ... നല്ല ലാന്റിംഗ്‌.. മനോഹരമായിരിക്കുന്നു

    ReplyDelete
  38. ചാത്തനേറ്:കൃഷ്ണേട്ടന്‍ ഒരു പ്രസ്ഥാനം തന്നെ ആണല്ലോ.:)

    ReplyDelete
  39. വാഴക്കോടാ നന്ദി ... അക്കാര്യം നമുക്ക്‌ പരിഗണിക്കാവുന്നതേയുള്ളൂ... കൃഷ്ണേട്ടന്‍ പിന്നെയൊരിക്കലും തിരികെ ഗള്‍ഫിലേക്ക്‌ പോയിട്ടില്ല. പുറനാട്ടുകര മരതക സ്റ്റോപ്പിലുള്ള തന്റെ ബാര്‍ബര്‍ ഷോപ്പില്‍ ചെന്നാല്‍ ആളെ ബുക്ക്‌ ചെയ്യാം... ഹി ഹി ഹി ...

    സുരേഷ്‌ കുമാര്‍ പുഞ്ചയില്‍ ... സലാം ചൂടോടെ തന്നെ കൃഷ്ണേട്ടന്‌ കൈമാറുന്നു.

    വരവൂരാന്‍ ... മൂന്ന് കുപ്പികളില്‍ ഒരു കുപ്പി വീണ്ടും പൊട്ടി, നെടുമ്പാശേരിയില്‍ നിന്ന് തൃശൂര്‍ക്കുള്ള യാത്രയില്‍ .. പക്ഷേ പാവം കൃഷ്ണേട്ടന്‍ അതറിഞ്ഞില്ല എന്ന് മാത്രം...

    കുട്ടിച്ചാത്തന്‍ ... കൃഷ്ണേട്ടന്‍ ഒരു പ്രസ്ഥാനം തന്നെ... ഇപ്രാവശ്യത്തെ വെക്കേഷന്‌ ചെല്ലുമ്പോള്‍ വഴി മാറി നടക്കേണ്ടി വരുമോ എന്നൊരു ഭയം... തന്നെക്കുറിച്ചുള്ള കഥ ഇന്റര്‍നെറ്റില്‍ വന്ന കാര്യം കൃഷ്ണേട്ടന്‍ അറിഞ്ഞു എന്നാണ്‌ ലേറ്റസ്റ്റ്‌ ന്യൂസ്‌ ...

    ReplyDelete
  40. നല്ല രസകരമായ പോസ്റ്റ്‌ ..ഒത്തിരി ഇഷ്ടായി ... കൃഷ്ണേട്ടന്‍ മനസ്സില്‍ തന്നെ കുടിയിരിക്കുന്നു ആശംസകള്‍ !

    ReplyDelete
  41. വിവരണവും അവതണവും ഒക്കെ വളരെ നല്ലതു. വായനാ സുഖവും കിട്ടി, പക്ഷെ മനസ്സില്‍ നേരിയ ഒരു വേദനയും തോന്നി.വീട്ടില്‍ കാത്തിരിക്കുന്ന ചിലജന്മങ്ങളേ ഓര്‍ത്ത്.

    വീണ്ടൂം എഴുത്ത് ഭംഗിയായി തുടരു...

    ReplyDelete
  42. പക്ഷേ ഒരു സത്യം പറയാതിരിക്കാന്‍ വയ്യ. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള കുടിയന്മാര്‍ ഒരു വല്ലാത്ത ശല്യം തന്നെയാണ്‌ ഞങ്ങള്‍ക്ക്‌. കുടിച്ച്‌ ബോധമില്ലതെ അല്ലെങ്കില്‍ ബോധത്തോടെ തന്നെ ഇവന്മാര്‍ സ്ത്രീകളോട്‌ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ അസഹനീയമാണ്‌. ദ്വയാര്‍ഥങ്ങള്‍ നിറഞ്ഞ കമന്റുകളും നോട്ടങ്ങളും കൊണ്ട്‌ പലപ്പോഴും പൊറുതി മുട്ടിയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്‌. ഇത്തരക്കാര്‍ക്കിടയില്‍ ജോലി ചെയ്യുന്ന എയര്‍ ഹോസ്റ്റസുമാരെ സമ്മതിക്കുക തന്നെ വേണം.

    Stella Fernandez

    ReplyDelete
  43. സ്റ്റെല്ല പറഞ്ഞതിനോട് ഞാനും യോജിക്കുന്നു... ഇതൊക്കെ സഹിച്ച് ഈ ഹോസ്റ്റസുമാര്‍ എങ്ങനെ ജോലി ചെയ്യുന്നു ആവോ?

    (അതോ ഒരു ധൈര്യത്തിന് അവരും ഈരണ്ട് ‘വീശി‘യിട്ടാ‍വുമോ വരുന്നത്?)

    ReplyDelete
  44. അതിമനോഹരമായ ഓരോ രം‌ഗങ്ങളും വായിച്ചു രസിച്ചു. കൂടെ ഞാനും യാത്രചെയ്തു.

    ReplyDelete
  45. ഇങ്ങനത്തെ കഥയൊക്കെ തന്ന് ഞങ്ങളുടെ ജോലി കളയിക്കല്ലേ വിനുവേട്ടാ. ഓഫീസിലിരുന്ന് കൂട്ടുകാരികളുടെയൊപ്പം വായിച്ച്‌ പൊട്ടിച്ചിരിച്ചതിന്‌ ബോസിന്റെ താക്കീത്‌ കിട്ടി.

    വളരെ നന്നായിരിക്കുന്നു. അടുത്ത കഥ എന്താ?

    ശാലിനി

    ReplyDelete
  46. വിജയലക്ഷ്മിയമ്മ & കിലുക്കാംപെട്ടി ... പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... വീണ്ടും വരുമല്ലോ...

    സ്റ്റെല്ല... പറഞ്ഞതില്‍ കാര്യമുണ്ട്‌. പല യാത്രകളിലും ഞാനും അത്‌ ശ്രദ്ധിച്ചിട്ടുള്ളതാണ്‌...

    ജിമ്മി ... അവസാനത്തെ വാക്യം - അതൊരു വിവാദത്തിന്‌ തിരി കൊളുത്തുമോ ഇവിടെ?... ഹേയ്‌ ... എയര്‍ ഹോസ്റ്റസുമാരൊന്നും ഇത്‌ വായിക്കാന്‍ ഇവിടെ വരില്ലെന്ന് ആശ്വസിക്കാം....

    മിനി ... കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

    ശാലിനി ... ബോസിനൊരു പ്രിന്റെടുത്ത്‌ കൊടുക്കാമായിരുന്നില്ലേ?...

    ReplyDelete
  47. കഥ കലക്കിയിട്ടുണ്ട്‌.

    കുടിയന്മാരെ ഒന്നടങ്കം ആക്ഷേപിച്ച സ്റ്റെല്ലയുടെ നടപടിയില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വച്ച്‌ ജനറലൈസ്‌ ചെയ്യരുത്‌.

    ഒരു മാന്യനായ കുടിയന്‍

    ReplyDelete
  48. ഒരു കുപ്പി ഇബ്‌ടെ വയ്ക്കണംല്ലേ ... ദാ വച്ചു. ഇനി എനിയ്ക്ക്‌ പുവ്വാല്ലോ..."
    :)

    ReplyDelete
  49. നന്നായിരിക്കുന്നു വിനുവേട്ടാ കഥ.

    നര്‍മ്മം എന്നാല്‍ ഇത്‌ പോലിരിക്കണം. ആദ്യാവസാനം ത്രില്ലടിച്ച്‌ വായിച്ചു. നാട്ടിന്‍ പുറത്തുകാരന്‍ കൃഷ്ണേട്ടന്‍ കുറെയൊന്നുമല്ല ചിരിപ്പിച്ചത്‌. എന്നാലും ഇങ്ങനെ പാമ്പായിട്ട്‌ എങ്ങനെയാ വീട്ടിലേക്ക്‌ കയറിച്ചെല്ലുന്നത്‌? അതിത്തിരി കഷ്ടായിപ്പോയി.

    മാന്യനായ കുടിയന്‍, എന്തൊക്കെ പറഞ്ഞാലും കുടിക്കുന്നവരോടൊപ്പമുള്ള ജീവിതം ബുദ്ധിമുട്ട്‌ തന്നെ.

    ReplyDelete
  50. മാന്യനായ കുടിയന്‍ ... ഞാനൊന്നും പറയുന്നില്ല... ലേഖ പറഞ്ഞത്‌ കണ്ടില്ലേ?

    അന്നമ്മ ... സന്ദര്‍ശനത്തിന്‌ നന്ദി...

    ലേഖ... കുടിയനുമായി അടി തുടങ്ങാനുള്ള പരിപാടിയാണോ?

    ReplyDelete
  51. ഇല്ല ഇല്ല, ഞാന്‍ ആരുമായും അടി തുടങ്ങുന്നില്ല. ഒരു സത്യം പറഞ്ഞുവെന്നേയുള്ളൂ. ഇനി ഇതിന്റെ പേരില്‍ ഈ നല്ല ബ്ലോഗില്‍ ഒരു കലഹം വേണ്ട.

    ReplyDelete
  52. ഇല്ല ഇല്ല, ഞാന്‍ ആരുമായും അടി തുടങ്ങുന്നില്ല. ഒരു സത്യം പറഞ്ഞുവെന്നേയുള്ളൂ. ഇനി ഇതിന്റെ പേരില്‍ ഈ നല്ല ബ്ലോഗില്‍ ഒരു കലഹം വേണ്ട.

    ReplyDelete
  53. കുറച്ച്‌ വൈകിയാണിവിടെ എത്തിയത്‌. വായിച്ചില്ലായിരുന്നെങ്കിൽ അതൊരു നഷ്‌ടമാകുമായിരുന്നു.

    കൃഷ്‌ണേട്ടൻ തകർത്തു.

    എഴുത്ത്‌ അതി മനോഹരം. തുടർന്നും പ്രതീക്ഷിക്കുന്നു.

    ആശംസകൾ

    ReplyDelete
  54. കൃഷ്ണേട്ടന്‍ മാര്‍ബിള്‍ തറയില്‍ ചമ്രം പടിഞ്ഞ്‌ ഒറ്റയിരുപ്പ്‌. പിന്നെ ഡ്യൂട്ടി ഫ്രീ സഞ്ചിയില്‍ നിന്ന്‌ ഒരു കുപ്പിയെടുത്ത്‌ സീല്‍ പൊട്ടിച്ചു. പകരാന്‍ ഗ്ലാസോ തൊട്ടുകൂട്ടാന്‍ ടച്ചിങ്ങ്‌സോ ഇല്ലാതെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കുന്ന പോലെ ഒരു വീശ്‌...

    "ഒരു കുപ്പി ഇബ്‌ടെ വയ്ക്കണംല്ലേ ... ദാ വച്ചു. ഇനി എനിയ്ക്ക്‌ പുവ്വാല്ലോ..."

    ഇന്നാ വായിച്ചത്. വിനുവേട്ടന്‍ എഴുതിയ പോസ്റ്റുകളില്‍ വച്ച് എന്നെ ഏറ്റവും ചിരിപ്പ പോസ്റ്റ് ഇത് തന്നെ. കമ്പ്ലീറ്റായി വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നു.

    കുപ്പി നാട്ടിലേക്ക് 2 എണ്ണമല്ലെ കൊണ്ട് പോവാന്‍ പറ്റൂ ഒരാള്‍ക്ക്? അതിലപ്പുറമായാല്‍ ഡ്യൂട്ടി വേണ്ടേ? ഞാന്‍ തേമ്പ് ഏതാണ്ട് നിറുത്തിയിരിക്കുകയാ.

    ReplyDelete
  55. `ഡ്യൂട്ടി ഫ്രീ കള്ളും കൃഷ്‌ണേട്ടനും' രചന
    നന്നായിരിക്കുന്നു. ചിരിച്ചുരസിച്ച്‌ വായിച്ചുപോകാം. കൃത്രിമമില്ലാത്ത ഒഴുക്കുള്ള, ജീവിതഗന്ധിയായ സ്വാഭാവിക ഭാഷ. ``ബെല്‍റ്റ്‌ കെട്ടുന്നതിന്റെയും കെട്ടിക്കുന്നതിന്റെയും ടിക്‌, ടിക്‌ ശബ്‌ദങ്ങള്‍ക്കിടയില്‍ ഡ്രൈവര്‍ വണ്ടി ഉരുട്ടിത്തുടങ്ങി''എന്ന ഭാഗം വായിച്ചപ്പോള്‍ മുമ്പൊരു എം.പി അധികാരി പൈലറ്റ്‌ ഏമാനെ `മ്മ്‌ണി ബല്യ ഡ്രൈവര്‍' എന്നു വിളിച്ചപ്പോഴുണ്ടായ പൊല്ലാപ്പുകള്‍ ഓര്‍ത്തു.
    ഒടുക്കം, കൃഷ്‌ണേട്ടനും മൂന്നു കുപ്പികളും തൃശൂര്‍ സ്ലാംഗില്‍ ട്രോളിയില്‍ പുറത്തേക്കു തെറിക്കുമ്പോള്‍ വായനക്കാര്‍ക്ക്‌ ആ കാഴ്‌ച നേരില്‍ കണ്ടു ബോധിക്കുന്ന അനുഭവം...
    നന്ദി,
    സ്‌നേഹാശംസകള്‍
    മുഹമ്മദുകുട്ടി എളമ്പിലാക്കോട്‌

    ReplyDelete
  56. വംശവദന്‍ ... ഈ വഴിക്ക്‌ വന്നതില്‍ വളരെ സന്തോഷം... തുടര്‍ന്നും സന്ദര്‍ശിക്കുമല്ലോ.

    കുറുമാനേ... കുപ്പി എത്ര കൊണ്ടുപോകാമെന്നൊന്നും എനിക്കറിയില്ല... പക്ഷേ കുറു പറഞ്ഞത്‌ ശരിയാണെന്ന് മറ്റ്‌ പലരും പറയുന്നു...

    മുഹമ്മദ്‌ കുട്ടി... അഭിപ്രായങ്ങള്‍ക്ക്‌ വളരെ നന്ദി... വീണ്ടും വരിക...

    ReplyDelete
  57. വംശവദന്‍ ... ഈ വഴിക്ക്‌ വന്നതില്‍ വളരെ സന്തോഷം... തുടര്‍ന്നും സന്ദര്‍ശിക്കുമല്ലോ.

    കുറുമാനേ... കുപ്പി എത്ര കൊണ്ടുപോകാമെന്നൊന്നും എനിക്കറിയില്ല... പക്ഷേ കുറു പറഞ്ഞത്‌ ശരിയാണെന്ന് മറ്റ്‌ പലരും പറയുന്നു...

    മുഹമ്മദ്‌ കുട്ടി... അഭിപ്രായങ്ങള്‍ക്ക്‌ വളരെ നന്ദി... വീണ്ടും വരിക...

    ReplyDelete
  58. വിനുവേട്ടാ , പോസ്റ്റു വളരെ ഇഷ്ടപ്പെട്ടു, കൃഷ്നെട്ടനെയും. അങ്ങേരുടെ കപ്പാസിറ്റി സമ്മതിക്കണം, കഥ ഗംഭീരം.

    "എലൈറ്റ്‌ ജ്വല്ലറിയുടെ മുന്നില്‍ നിന്ന് അയ്യന്തോള്‍ക്കുള്ള ടൗണ്‍ ബസ്സില്‍ കയറിയ പ്രതീതി" എന്നാ വാചകം എന്നെ വീണ്ടും തൃശൂര്‍ കൊണ്ടെത്തിച്ചു...

    ReplyDelete
  59. ഇതിപ്പഴാ കണ്ടത്‌! സംഗതി പൊളപ്പന്‍!

    ഇനീം വരാം കേട്ടോ!

    ReplyDelete
  60. വിനുവേട്ടാ,
    ഞാനും ഒരു വിനു നാട് ത്രിശ്ശുരെന്നെ ജോലി ഗള്‍ഫില്‍ ജസ്റ്റ്‌ ലാന്റഡ്‌ .അപ്പൊ നമക്ക് മൂന്ന് കുപ്പി കൊണ്ടു പോകാം അല്ലെ വിലപ്പെട്ട അറിവിന്‌ നന്ദി. കൃഷ്ണേട്ടന്‍ എന്ന മഹാനെ എന്റെ ഗുരുവായി കിട്ടിയാൽ എന്റെ ജന്മം ധന്യമാവും ഹൊ എന്നാലും ഇരുന്ന ഇരുപ്പില്‍ അതും ഡ്യൂട്ടി പേയ്ഡ്‌ സാധനം !!..

    ReplyDelete
  61. തൃശൂര്‍ക്കാരാ... കഴിഞ്ഞയാഴ്ച ഞാന്‍ നാട്ടിലുണ്ടായിരുന്നു. അടാട്ട്‌ ബസ്സില്‍ കയറി യാത്ര കുറച്ച്‌ നടത്തി. മരതക സ്റ്റോപ്പിലുള്ള കൃഷ്ണേട്ടന്റെ കടയിലേക്കൊന്ന് എത്തിനോക്കി... പുള്ളി തന്റെ ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു.

    ജയന്‍, നന്ദിട്ടോ... വീണ്ടും വരണം...

    വിനു... ഗള്‍ഫിലേക്ക്‌ സ്വാഗതം... കുപ്പ്പ്പി മൂന്ന് കൊണ്ടുപോകാന്‍ വകുപ്പില്ലെന്നാണ്‌ ഇതേക്കുറിച്ച്‌ ജ്ഞാനമുള്ളവര്‍ പറയുന്നത്‌... വെറുതെ പുലിവാല്‍ പിടിക്കണ്ട...

    ReplyDelete
  62. നന്നായിരിക്കുന്നു വിനു വേട്ടാ .. വായിച്ച് ചിരിക്കാതിരിക്കാനാവില്ല അവസാനം .. ഒരു തൃശ്ശൂര്‍ക്കാരനെ കണ്ടപ്പോള്‍ ഉള്ള സന്തോഷവും മറച്ചു വക്കുന്നില്ല.... ആശംസകള്‍

    ReplyDelete
  63. നന്നായിരിക്കുന്നു വിനു sir,
    ഇഷ്ടായി...വീണ്ടും എഴുതണംട്

    ReplyDelete
  64. ചേട്ടന്‍ പുലിയായിരുന്നു അല്ലേ..... !

    അഭിനന്ദനങ്ങള്‍....

    ReplyDelete
  65. ഹാവൂ കുപ്പിക്കൊന്നും പറ്റിയില്ലല്ലോ...എന്നാ ഒന്നെടുത്ത്‌ നമ്മുക്ക്‌ ചീയെർസ്‌ ആകാം

    ReplyDelete
  66. സ്ട്രേഞ്ചര്‍... നന്ദിട്ടോ...

    ശ്രീജിത്‌... സന്തോഷം... അപ്പോള്‍ തൃശൂര്‍ക്കാരനാണല്ലേ...

    തസ്ലീം... തീര്‍ച്ചയായും....

    ടിജോ ... പുലിയോ? ആര്‌ ? എന്തായാലും ഞാനല്ല... കൃഷ്ണേട്ടന്‍ ആള്‌ പുലി തന്നെ...

    എറക്കാടന്‍... ചിയേഴ്‌സോ... ഞാനീ സാധനം തൊടില്ലാട്ടോ...

    ReplyDelete
  67. കൊള്ളാം.
    ഇന്നാദ്യമായി ഈ ബ്ലോഗില്‍ എത്തി
    ഇനിയും വരും!

    ReplyDelete
  68. ആദ്യമായി ഈ ബ്ലോഗിലെത്തിയ ജയശ്രീയ്ക്ക്‌ നന്ദി... വീണ്ടും വരിക... എന്റെ തന്നെ മറ്റൊരു ബ്ലോഗ്‌ ആയ സ്റ്റോം വാണിങ്ങും സന്ദര്‍ശിക്കുക....

    http://stormwarn.blogspot.com/

    ReplyDelete
  69. കോലഴിക്കാരുടെ മാനം കളഞ്ഞല്ലൊ..ഗെഡീ..
    ഒറ്റകുപ്പിവീശേപ്പ്ല്ക്കും പാമ്പായല്ലോ..
    വിവരണം ഉഗ്രനായി മാഷെ
    ഞാനും ഒരു തയ്യിൽക്കാരനാ ..കേട്ടൊ

    ReplyDelete
  70. പുലി എഴുത്ത്...പുലി ഹീറോ കൃഷ്ണേട്ടന്‍ !!!

    ReplyDelete
  71. ഈ കൃഷ്ണേട്ടനെ ഒന്നു കാണാന്‍ പറ്റ്വോ?
    അല്ലാ... വെര്‍തെ ഒന്നു കാണാനാ :)

    ചിരിപ്പിച്ചു കളഞ്ഞു!! :)

    ReplyDelete
  72. ഇങ്ങനൊരു സാധനം വായിക്കാന്‍ ഇത്രേം വൈകിപ്പോയലോ എന്റെ പടച്ചോനേ!! നന്നായി ചിരിച്ചു, ആസ്വദിച്ചു.

    ReplyDelete
  73. വായിച്ച രണ്ടു പോസ്റ്റുകളിലും കൃഷ്ണേട്ടന്റെ വീര കഥ കേട്ടാപ്പോള്‍ ശെരിക്കും കൃഷ്ണേട്ടനെ അടുത്തറിയാന്‍ തോന്നി. വായിച്ചത് വെറുതെയായില്ല. നല്ല രസകരമായി പറഞ്ഞു. ഇഷ്ടായി.

    ReplyDelete
  74. വിനുവേട്ടാ.. കൃഷ്‌ണേട്ടനെ പരിചയപ്പെടാന്‍ വന്നതാ.. ആള് പുല്യന്നെ... സംഭവം ഉഷാറായിട്ട്ണ്ട്ട്ടാ.

    ReplyDelete

  75. ഒരു നല്ല കുടിയനാകാന്‍ ഏറ്റവും വേണ്ട ഗുണമാണ് വിനയം. ആരെക്കണ്ടാലും ഒന്ന് നമസ്കരിചേക്കണം. അതിനായി കൈ കൂപ്പുമ്പോള്‍ ചെറിയൊരു ഏമ്പക്കവും വലിയൊരു ആട്ടവും വേണം. ഒരിത്തിരികൂടെ മൂടായിട്ടുണ്ടെങ്കില്‍ മടിക്കുത്തഴിച് ഒരു നമസ്കാരമാകാം. ഒരിത്തിരികൂടെയായാലോ........,മുണ്ടുതന്നെ അഴിചിട്ടാകാം പരിപാടി. പലപ്പോഴും അങ്ങനെ ചെയ്യേണ്ടി വരാറില്ലെന്നതാണ് സത്യം

    ( മദ്യ വിമോചന സമരം ) http://a4aneesh.blogspot.in/2011/01/blog-post_25.html?m=1

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...