Tuesday, November 17, 2009

ഇരുനൂറ്‌ മില്ലിയുടെ ആഫ്റ്റര്‍ ഇഫക്റ്റ്‌

വീണ്ടും ഒരു ഒഴിവുകാലം... എത്ര പെട്ടെന്നാണ്‌ ഒരു വര്‍ഷം പറന്ന് പോയത്‌!... ഇത്തവണ പതിവിന്‌ വിപരീതമായി ഗള്‍ഫ്‌ എയറിന്‌ പകരം എമിറേറ്റ്‌സില്‍ ആണ്‌ യാത്ര. ജിദ്ദയില്‍ നിന്ന്‌ രാത്രി 9:45 ന്‌ കയറിയാല്‍ ഏറ്റവും കുറഞ്ഞ ട്രാന്‍സിറ്റ്‌ സമയത്തില്‍ രാവിലെ ഒമ്പത്‌ മണിക്ക്‌ നാട്ടില്‍ എത്താം. എല്ലാവരും പറഞ്ഞ്‌ പറഞ്ഞ്‌ മനുഷ്യനെ കൊതിപ്പിക്കുന്ന ദുബായ്‌ എയര്‍പ്പോര്‍ട്ടിന്റെ മായിക സൗന്ദര്യം ഒന്ന് കാണുകയും ചെയ്യാം.

ഇപ്രാവശ്യത്തെ യാത്രയിലും പുതിയ കഥാപാത്രങ്ങളെ കണ്ടുമുട്ടാനിടവരട്ടെ എന്ന് ആശംസിച്ച്‌ കൊണ്ടാണ്‌ സ്നേഹിതര്‍ യാത്രയാക്കിയത്‌. ദുബായില്‍ ലാന്റ്‌ ചെയ്ത്‌ അടുത്ത ഫ്ലൈറ്റിനുള്ള ഡിപ്പാര്‍ച്ചര്‍ ഗെയ്റ്റ്‌ വരെയുള്ള ഒരു കിലോമീറ്റര്‍ നടത്തത്തിനിടയില്‍ നിന്നും ഒരു കാര്യം മനസ്സിലായി. ഗള്‍ഫെന്നും പറഞ്ഞ്‌ സൗദിയില്‍ ജീവിതം ഹോമിച്ചു കളയുന്ന എന്നെയൊക്കെ ചവിട്ടണം. കുറുമാന്റെയും വിശാലമനസ്കന്റെയുമൊക്കെ ഒരു യോഗം... അവരുടെ തലയില്‍ വരച്ച ആ പെന്‍സില്‍ അതിന്‌ ശേഷം നമ്മുടെ പറമ്പിലേക്കെങ്കിലും ഒന്ന് വലിച്ചെറിഞ്ഞിരുന്നെങ്കില്‍...

ഗള്‍ഫ്‌ എയറും എമിറേറ്റ്‌സും തമ്മിലുള്ള അന്തരം ശരിയ്ക്കും അറിയാന്‍ കഴിഞ്ഞു. വളരെ നല്ല സര്‍വീസ്‌. ഈ ബുദ്ധി എന്തേ കഴിഞ്ഞ പത്തിരുപത്‌ വര്‍ഷമായി തോന്നാഞ്ഞത്‌... എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ... അതിലും അത്ഭുതം സഹയാത്രികരെ കണ്ടിട്ടായിരുന്നു. നന്നായിട്ട്‌ മിനുങ്ങിക്കൊണ്ടിരിക്കുന്നവരൊക്കെയും എത്ര മര്യാദക്കാരായി ആര്‍ക്കുമൊരു ശല്യവുമില്ലാതെ തങ്ങളുടെ പ്രവൃത്തിയില്‍ വ്യാപൃതരായിരിക്കുന്നു!. ഇങ്ങനെ പോയാല്‍ എനിക്കൊരു കഥാപാത്രത്തെ എവിടെ കിട്ടും?...

പന്നിപ്പനി പരിശോധനയും കഴിഞ്ഞ്‌ പതിവ്‌ പോലെ തന്നെ ഗ്രീന്‍ ചാനലിലൂടെ പുറത്ത്‌ കടന്ന് വീടണഞ്ഞപ്പോഴും വൈവിധ്യമാര്‍ന്ന ഒരു കഥാപാത്രവും ത്രെഡ്ഡും കിട്ടാത്തതിന്റെ ഖേദം അവശേഷിച്ചു.

* * * * * * * * * * * * * * * * *

മരതക സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ മനസ്സില്‍ ഒരേയൊരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണേട്ടനെ ഒന്ന് സന്ദര്‍ശിക്കണം. കഴിഞ്ഞ അവധിക്കാലത്ത്‌ നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെ ആഗമന കവാടത്തില്‍ നിന്ന് ജനശതാബ്‌ധി എക്സ്‌പ്രസ്‌ പോലെ ട്രോളിയില്‍ ചീറിപ്പാഞ്ഞ്‌ പോയ കൃഷ്ണേട്ടനെ കണ്ട്‌ സുഖവിവരങ്ങള്‍ തിരക്കണം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബസ്സില്‍ ഇതുവഴി കടന്നുപോകുമ്പോഴെല്ലാം ശ്രദ്ധിച്ചിരുന്നു, അടഞ്ഞ്‌ കിടക്കുന്ന കൃഷ്ണേട്ടന്റെ ബാര്‍ബര്‍ഷോപ്പ്‌.

തന്റെ ധീര സാഹസിക കഥ ഇന്റര്‍നെറ്റില്‍ വന്ന കാര്യം കൃഷ്ണേട്ടന്റെ ചെവിയില്‍ എത്തിച്ചതായി നാട്ടില്‍ പോകുന്നതിന്‌ മുമ്പ്‌ മസ്ക്കറ്റിലുള്ള എന്റെ അനുജന്‍ ഫോണ്‍ ചെയ്തറിയിച്ചിരുന്നു. അതൊന്ന് വായിക്കണമല്ലോ എന്ന് ആശാന്‍ അവനോട്‌ ആഗ്രഹം പ്രകടിപ്പിച്ച നിലയ്ക്ക്‌ കക്ഷി അത്‌ വായിക്കാനിട വരുന്നതിന്‌ മുമ്പ്‌ തന്നെ ചെന്ന് കാണുന്നതായിരിക്കും ആരോഗ്യത്തിന്‌ നല്ലത്‌.

ഭാഗ്യം... ഇന്ന് കട തുറന്നിട്ടുണ്ട്‌. എന്നെ അത്ര പരിചയമില്ലാത്തതിനാല്‍ സ്വയം പരിചയപ്പെടുത്തുക എന്നൊരു കടമ്പ ബാക്കി നില്‍ക്കുന്നു.

വാതില്‍ തുറന്ന് ഉള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ കണ്ടത്‌ കത്രികയും ചീപ്പുമായി ഒരു ഒറീസ്സക്കാരന്റെ ജട പിടിച്ച തലയില്‍ മല്ലിട്ടുകൊണ്ടിരിക്കുന്ന അപരിചിതനെയാണ്‌. പോയ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കുറേയധികം ഉത്തരേന്ത്യക്കാരെ കാണാന്‍ കഴിഞ്ഞു ഇപ്രാവശ്യം അടാട്ട്‌ ഗ്രാമത്തില്‍. പുഴക്കല്‍ പാടത്ത്‌ ഉയര്‍ന്ന് വരുന്ന ശോഭാ സിറ്റി പ്രോജക്ടിനായി എത്തിയ പാവപ്പെട്ട ഒറീസ്സക്കാരും പശ്ചിമബംഗാള്‍കാരും.

"ദാ, ഇങ്ങടിരുന്നോട്ടാ...അതിപ്പോ കഴിയും... താടി ഡ്രെസ്സ്‌ ചെയ്യാനല്ലേ?.. "

കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടില്‍ കേട്ട അതേ ശബ്ദം. അതേ... കൃഷ്ണേട്ടന്‍ തന്നെ. കസ്റ്റമേഴ്‌സിന്‌ വേണ്ടി ഒരുക്കിയിട്ടുള്ള ബെഞ്ചില്‍ പത്രവും വായിച്ചിരിക്കുന്നു നമ്മുടെ കൃഷ്ണേട്ടന്‍...

"കൃഷ്ണേട്ടന്‌ എന്നെ മനസ്സിലായോ?..."

കൃഷ്ണേട്ടന്‍ തന്റെ റാന്‍ഡം ആക്സസ്‌ മെമ്മറി മൊത്തം ഒന്ന് സേര്‍ച്ച്‌ ചെയ്ത്‌ 'ഫയല്‍ നോട്ട്‌ ഫൗണ്ട്‌' എന്ന മെസ്സേജുമായി എന്നെ സംശയത്തോടെ നോക്കി.

"ഇല്ല, കണ്ട്‌ കാണാന്‍ വഴിയില്ല കൃഷ്ണേട്ടാ... പക്ഷേ കൃഷ്ണേട്ടന്‌ എന്നെ അറിയാം... ഞാന്‍, തേജന്റെ ചേട്ടന്‍..."

കൃഷ്ണേട്ടന്റെ മുഖം തെളിഞ്ഞു.

"ങ്‌ഹാ... മനസ്സിലായി മനസ്സിലായി... എന്നെ ഇന്റര്‍നെറ്റീ കൊണ്ട്‌ പോയി കുരിശുമ്മേ തറച്ച ആളല്ലേ... എന്നാ വന്നേ...?"

"വന്നിട്ട്‌ ഒരാഴ്ചയായി കൃഷ്ണേട്ടാ... പക്ഷേ, കഴിഞ്ഞയാഴ്ച മൊത്തം അടച്ചിട്ടിരിക്ക്യാര്‌ന്നല്ലോ ഇവിടെ...?"

"അത്‌ ശരി... അപ്പോ ചേട്ടന്‍ സംഭവം അറിഞ്ഞില്ല്യേ...?" ഒറീസ്സക്കാരന്റെ തലയില്‍ മല്ലിട്ടുകൊണ്ടിരുന്നയാള്‍ ഒരു കൊമേര്‍ഷ്യല്‍ ബ്രേക്ക്‌ എടുത്ത്‌ ചിരിയടക്കാന്‍ പാട്‌ പെട്ട്‌ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഡാ... നെനക്കൊക്കെ ചിരിക്കാം... എന്റെ കഷ്ടപ്പാട്‌ എനിക്കല്ലേ അറിയൂ..." കൃഷ്ണേട്ടന്‌ പരിഭവിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അതേ ചേട്ടാ, കഴിഞ്ഞാഴ്ച വൈന്നേരം ഒരു ഏഴേഴരയായിണ്ടാവും... മ്മ്‌ടെ കൃഷ്ണേട്ടന്‍ കടേം പൂട്ടി പതിവ്‌ വീശും വീശി ആ പാട്ട ടിവ്യെസ്സ്‌ ഫിഫ്റ്റീമ്മേ പോയതാ വീട്ടിലിക്ക്‌..."

സ്കൂട്ടറുകളുടെ രാജാവായിരുന്ന ബജാജ്‌ ചേതക്ക്‌ പോലും ഇപ്പോള്‍ നാട്ടിലെ നിരത്തുകളില്‍ കാണാനില്ല. അത്രയ്ക്ക്‌ മാറിപ്പോയിരിക്കുന്നു ഇന്നത്തെ തലമുറയുടെ ഇരുചക്ര സംസ്കാരം. എന്നിട്ടും ഒരു ഗള്‍ഫ്‌ റിട്ടേണിയായ കൃഷ്ണേട്ടന്‍ ഇപ്പോഴും ടി.വി.എസ്‌ 50 യുമായി അഡ്ജസ്റ്റ്‌ ചെയ്ത്‌ പോകുന്നു. അല്ലെങ്കിലും ഇന്നത്തെ കാലത്ത്‌ ഗള്‍ഫില്‍ നിന്ന് തിരിച്ച്‌ വന്നവനാണല്ലോ പണത്തിന്റെ വില നന്നായിട്ടറിയുന്നത്‌.

"എന്നിട്ട്‌...?"

"എന്തുട്ടാവാനാ... ഇരുട്ട്‌ വീണ നേരല്ലേ... ഇരുനൂറ്‌ വീശിയതിന്റെ സുഖത്തിലങ്ങനെ ആ പാട്ടേം മൂളിച്ച്‌ ബ്ലോക്കിന്റവിടെ എത്താറായപ്പളാ കൃഷ്ണേട്ടന്‌ ഓര്‍മ്മ വന്നത്‌ കുട്ട്യോള്‌ക്ക്‌ പഴം വാങ്ങീല്യാന്ന്... പൊയ്ക്കൊണ്ടിര്‌ന്ന അതേ സ്പീഡില്‌ ഒറ്റൊടിക്കല്‌ വലത്തോട്ട്‌..."

ഓടിക്കൊണ്ടിരിക്കുന്ന സ്പീഡില്‍ യൂ-ടേണ്‍ എടുക്കാനുണ്ടായ ധൈര്യം തീര്‍ച്ചയായും ഇരുനൂറ്‌ മില്ലി വീശിയതിന്റെ തന്നെ. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അപ്പോ, കെട്ടിമറിഞ്ഞ്‌ വീണൂന്ന് പറ..."

"അല്ല ചേട്ടാ, വീഴ്‌ണേന്റെ മുമ്പല്ലേ രസം... പിന്നിക്കൂടി വന്ന ചെക്കന്റെ ഹീറോ ഹോണ്ട ഒറ്റലക്ക്‌ ടീവ്യെസ്സിന്റെ പള്ളയ്ക്ക്‌... എന്താണ്ടേയ്‌ന്ന് ചെക്കനും മനസ്സിലായില്ല്യ, കൃഷ്ണേട്ടനും മനസ്സിലായില്ല്യ..."

എങ്ങനെ ചിരിക്കാതിരിക്കും...? മറ്റുള്ളവരുടെ അധഃപതനത്തില്‍ നിന്നാണ്‌ ഹാസ്യത്തിന്റെ ഉത്‌പ്പത്തി എന്ന് പണ്ട്‌ മലയാളം പാഠപുസ്തകത്തില്‍ പഠിച്ചത്‌ എത്ര വാസ്തവം...

"അത്‌ ശരി... അപ്പോള്‍ അതായിരുന്നുവല്ലേ ഒരാഴ്ച കട അടച്ചിട്ടത്‌...?"

"ഒരാഴ്ചോണ്ട്‌ ഈ ലെവലിലിക്ക്‌ എത്തിയതന്നെ ഭാഗ്യം... മൂലത്തറയിലെ ഒരേക്രയാ ഒരഞ്ഞ്‌ പോയത്‌..."

"ഡാ ഡാ... മതീടാ.. മതീടാ..." നീ അവന്റെ തലേലെ പണി മുഴുവനാക്കടാ..." കൃഷ്ണേട്ടനും ചിരിയില്‍ പങ്ക്‌ ചേര്‍ന്നു.

"എന്നിട്ട്‌ കൃഷ്ണേട്ടന്റെ ടി.വി.എസ്സ്‌ എവിടെ? എന്തെങ്കിലും പറ്റിയോ...?"

"അതെന്ത്‌ ചോദ്യാ ചേട്ടാ... വണ്ടിക്കാണെങ്കില്‍ കടലാസൊന്നുല്ല്യ... കൃഷ്ണേട്ടന്‌ ലൈസന്‍സൂല്ല്യാ... പിറ്റേ ദിവസം ഒരു ആക്രിക്കാരന്‍ വന്ന് എല്ലാം കൂടി ഒരു ചാക്കില്‌ കെട്ടിക്കോണ്ടോയി..."

"അപ്പോള്‍ ആ ഇടിച്ച ചെക്കന്‌ ഒന്നും കൊടുക്കേണ്ടിവന്നില്ലേ...?"

"അതല്ലേ മാഷേ രസം..." ഇത്രയും നേരം വിവരണം കേട്ട്‌ രസിച്ചിരുന്ന കൃഷ്ണേട്ടന്‍ കഥ ഏറ്റെടുത്തു.

"വീഴ്ച കഴിഞ്ഞ്‌ ബോധം വന്നപ്പോ കുറ്റം എന്റെയാന്ന് മനസ്സിലായി. ചെക്കന്‍ സംഭവം പോലീസ്‌ കേസാക്കിയാല്‍ ന്റെ കൈയില്‌ ലൈസന്‍സൂല്ല്യ, വണ്ടിക്ക്‌ പേപ്പറൂല്ല്യ... എന്തെങ്കിലും കൊടുത്ത്‌ ഒഴിവാക്കാന്ന് വച്ചാല്‍ കൈയില്‌ പൈസേംല്ല്യാ..."

"പിന്നെ എങ്ങനെ തടിയൂരി കൃഷ്ണേട്ടാ...?"

"ഉത്തരത്ത്‌മ്മേന്ന് പിടുത്തം വിട്ട പല്ലി പോലെ എണീക്കാന്‍ പറ്റാണ്ടെ റോട്ടിലിരിക്കുമ്പോ ആ ചെക്കന്‍ വന്ന് പിടിച്ചെണീപ്പീച്ചിട്ട്‌ പറയാ... 'ചേട്ടാ, എന്ത്‌ വേണങ്കി ചെയ്യാം... കേസാക്കല്ലേ... അച്ഛന്റെ വണ്ടിയാ... എനിക്ക്‌ ലൈസന്‍സില്ല... ഞാന്‍ കാല്‌ പിടിക്കാം... ആസ്പത്രീലെ സകല ചെലവും ഞാന്‍ ചെയ്യാം' എന്ന്... അങ്ങനെ ഒരാഴ്ച ആസ്പത്രീല്‌ സുഖവാസായിര്‌ന്നു ഞാന്‍..."

ഇതാണ്‌ ഞങ്ങളുടെ കൃഷ്ണേട്ടന്‍... ഇപ്രവശ്യത്തെ അവധിക്കാലത്ത്‌ വിമാനയാത്രയില്‍ കഥാപാത്രങ്ങളെയൊന്നും കിട്ടിയില്ലെങ്കിലെന്താ... കൃഷ്ണേട്ടന്‍ തന്നെ വീണ്ടും ഒരു കഥയ്ക്ക്‌ അവസരമൊരുക്കി തന്നിരിക്കുന്നു.

"എന്നിട്ട്‌ ഇപ്പോഴെങ്ങനെയുണ്ട്‌ കൃഷ്ണേട്ടാ... എല്ലാം നോര്‍മലായോ... ?"

"നോര്‍മലായോന്നാ... എങ്കില്‍ ഞാനീ ബെഞ്ചിലിവിടെ ഇരിക്ക്വോ...? മുടി വെട്ടാന്‍ ഈ കുരിപ്പിനെ എല്‍പ്പിക്ക്വോ...?" ഒറീസക്കാരന്റെ തലയില്‍ അവസാനത്തെ മിനുക്ക്‌ പണി നടത്തുന്ന കക്ഷിയുടെ നേരെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു.

"അതെന്താ കൃഷ്ണേട്ടാ...?" എനിക്ക്‌ വീണ്ടും അത്ഭുതം...

"ഞാന്‍ പറയാം ചേട്ടാ... ആസ്പത്രീന്ന് വന്ന് രാവിലെ തന്നെ ഐശ്വര്യമായിട്ട്‌ കടയൊക്കെ തുറന്നു കൃഷ്ണേട്ടന്‍. ഒരാഴ്ചയ്ക്ക്‌ ശേഷം കിട്ടുന്ന കന്നി കസ്റ്റമറെ ടവ്വലൊക്കെ പുതപ്പിച്ച്‌ തലയില്‍ വെള്ളം സ്പ്രേ ചെയ്ത്‌ ദൈവത്തെ ധ്യാനിച്ച്‌ ചീപ്പും കത്രികയും കൈയിലെടുത്തപ്പോഴല്ലേ മ്മ്‌ടെ കൃഷ്ണേട്ടന്‍ ഞെട്ടിപ്പോയത്‌... കത്രികക്കണ്ണീല്‌ വിരല്‌ കയറിണില്ല്യാ !..."

അത്‌ ശരി... അപ്പോള്‍ അതാണ്‌ കാരണം. ഇപ്പോഴും നീര്‌ വച്ച്‌ വീങ്ങിയിരിക്കുന്ന വിരലുകളുമായി ഈ അവസ്ഥയില്‍ തന്റെ കടയില്‍ വന്ന് പത്രം വായിച്ചുകൊണ്ടിരിക്കുക തന്നെയേ മാര്‍ഗമുള്ളൂ കൃഷ്ണേട്ടന്‌... ഇരുനൂറ്‌ മില്ലിയുടെ ആഫ്റ്റര്‍ ഇഫക്ട്‌...

കത്രികക്കണ്ണിയില്‍ എത്രയും പെട്ടെന്ന് വിരല്‍ കയറുമാറാകട്ടെ എന്ന് ആശംസിച്ച്‌ യാത്രപറഞ്ഞ്‌ പോരുമ്പോള്‍ കൃഷ്ണേട്ടന്‍ ഇപ്രകാരം പറഞ്ഞു.

"ഇനി അവിടെ ചെന്ന് ഉള്ളതും ഇല്ലാത്തതും ഒക്കെ ചേര്‍ത്ത്‌ ഈ കഥേം കൂടി ഇന്റര്‍നെറ്റിലിട്ടോളോട്ടാ... എന്തായാലും എം.എസ്‌.കെ കോലഴീനെ നിങ്ങളൊക്കെക്കൂടി ഫെയ്‌മസാക്കീലോ..."

54 comments:

  1. ചെറിയൊരു ഇടവേളയ്ക്ക്‌ ശേഷം... ഇക്കഴിഞ്ഞ അവധിക്കാലത്തെ ചില നുറുങ്ങുകള്‍... ഇനി നിങ്ങളുടെ ഊഴം...

    ReplyDelete
  2. ഹ ഹ...കൃഷ്ണേട്ടന്‍ കലക്കി, പാവം ആ കൊച്ചന്‍ പേടിച്ചു പോയിക്കാണും. മരതകം സ്റ്റോപ്പില്‍ ഇ എം എസ് ന്റെ സ്മാരകത്തിന്റെ തൊട്ടുള്ള ബാര്‍ബര്‍ ഷോപ്പ് ആണോ കൃഷ്ണേട്ടന്റെ? എങ്കില്‍ ഞാന്‍ ആളെ കണ്ടിട്ടുണ്ട്.

    ReplyDelete
  3. കൃഷ്ണേട്ടന്‍ കൊള്ളാം. ആ പാവം പയ്യന്‍ അപ്പൊ അങ്ങനെ വന്ന് പറഞ്ഞത് ഏതായാലും നന്നായി.

    :)

    ReplyDelete
  4. നല്ല പോസ്റ്റ്….എല്ലാ നാട്ടിലും ഉണ്ട് ഇതേ പോലെ കൃഷ്ണേട്ടൻ മാര്…

    ReplyDelete
  5. ഇരുനൂറ് മില്ലിക്ക് ഇത്ര കിട്ടിയെങ്കില്‍,
    അടുത്ത ലീവിന് പോകുന്നതിന് ഒരാഴ്ച മുന്‍പ് ഒര് അറുനൂറിനുള്ള ചക്രം കൃഷ് ചേട്ടന് അയച്ച് കൊട്..
    മൂന്ന് പോസ്റ്റിനുള്ളത് പുള്ളി ഒപ്പിച്ച് തരും :-)

    ReplyDelete
  6. ഉത്തരത്ത്‌മ്മേന്ന് പിടുത്തം വിട്ട പല്ലി പോലെ എണീക്കാന്‍ പറ്റാണ്ടെ റോട്ടിലിരിക്കുമ്പോ ആ ചെക്കന്‍ വന്ന് പിടിച്ചെണീപ്പീച്ചിട്ട്‌ പറയാ... 'ചേട്ടാ, എന്ത്‌ വേണങ്കി ചെയ്യാം... കേസാക്കല്ലേ... അച്ഛന്റെ വണ്ടിയാ... എനിക്ക്‌ ലൈസന്‍സില്ല... ഞാന്‍ കാല്‌ പിടിക്കാം... ആസ്പത്രീലെ സകല ചെലവും ഞാന്‍ ചെയ്യാം' എന്ന്... അങ്ങനെ ഒരാഴ്ച ആസ്പത്രീല്‌ സുഖവാസായിര്‌ന്നു ഞാന്‍..."

    വിനുവേട്ടാ അത് ഒരു കിടിലന്‍ അലക്ക് തന്നെ ട്ടാ, എന്തായാലും കത്രിക കണ്ണിയില്‍ ഇപ്പോള്‍ വിരല് കേറാന്‍ തുടങ്ങി എന്ന് ആശ്വസിക്കുന്നു. നിഷ്കളങ്കതയുടെ എത്രയോ മുഖങ്ങള്‍ അല്ലെ അങ്ങനെ? നല്ല പോസ്റ്റ്‌ മനോഹരം.

    ReplyDelete
  7. hi hi krishnettan veendum kalakki anno..Nattileppol poyalum aalay meet chayyan marakkenda..oru postinulla vakappu enthayalum undakki vechittundavum.

    ReplyDelete
  8. ചെക്കന്‍ സംഭവം പോലീസ്‌ കേസാക്കിയാല്‍ ന്റെ കൈയില്‌ ലൈസന്‍സൂല്ല്യ, വണ്ടിക്ക്‌ പേപ്പറൂല്ല്യ... എന്തെങ്കിലും കൊടുത്ത്‌ ഒഴിവാക്കാന്ന് വച്ചാല്‍ കൈയില്‌ പൈസേംല്ല്യാ..."

    ഹഹഹ... ഇതുവായിച്ചപ്പോള്‍ പാവം കൃഷ്ണേട്ടന്റെ മുഖം വെറുതെ ഊഹിച്ചു... ആളൊരു സംഭവം തന്നെ... കൃഷ്ണേട്ടന്‍ നീണാല്‍ വീഴട്ടെ!!

    ലളിതമായ ആഖ്യാന ശൈലിയില്‍ മറ്റൊരു നല്ല പോസ്റ്റ്‌ കൂടി...

    ReplyDelete
  9. "ങ്‌ഹാ... മനസ്സിലായി മനസ്സിലായി... എന്നെ ഇന്റര്‍നെറ്റീ കൊണ്ട്‌ പോയി കുരിശുമ്മേ തറച്ച ആളല്ലേ... എന്നാ വന്നേ...?"

    വീണ്ടും കുരിശില്‍ തരച്ചുവല്ലേ.
    :)

    ReplyDelete
  10. വീണ്ടും കൃഷ്ണേട്ടന്‍, അല്ലേ?

    ReplyDelete
  11. 180 മില്ലി ആയാല്‍ കോട്ടറായി!!
    200ല്‍ യൂടേണ്‍!!
    അള്ളാ...കൃഷ്ണേട്ടന്‍ കുടിയനാ അല്ലേ?
    :)
    സംഭവം കലക്കി

    ReplyDelete
  12. കൃഷ്ണേട്ടന്‍ കൊള്ളാം. എല്ലാ നാട്ടിലും ഉണ്ട് കൃഷ്ണേട്ടന്‍ :)

    ReplyDelete
  13. "വീഴ്ച കഴിഞ്ഞ്‌ ബോധം വന്നപ്പോ കുറ്റം എന്റെയാന്ന് മനസ്സിലായി. ചെക്കന്‍ സംഭവം പോലീസ്‌ കേസാക്കിയാല്‍ ന്റെ കൈയില്‌ ലൈസന്‍സൂല്ല്യ, വണ്ടിക്ക്‌ പേപ്പറൂല്ല്യ... എന്തെങ്കിലും കൊടുത്ത്‌ ഒഴിവാക്കാന്ന് വച്ചാല്‍ കൈയില്‌ പൈസേംല്ല്യാ..."

    കൃഷ്നെട്ടന് എന്നിട്ട് 100 മില്ലി എങ്കിലും വാങ്ങി കൊടുത്തോ ....ആള് പുലിയാണല്ലോ ഈ കൃഷ്ണേട്ടന്‍

    ReplyDelete
  14. "ഈ കഥേം കൂടി ഇന്റര്‍നെറ്റിലിട്ടോളോട്ടാ.."
    എന്തായാലും കൃഷ്ണേട്ടന്‍ പറഞ്ഞതല്ലേ,ഇനി കേട്ടില്ലാന്നു വേണ്ട..

    ReplyDelete
  15. ee krishnettan evideyaa vinu vetta..onnu parijapedalo..

    ReplyDelete
  16. ഇന്റര്‍നെറ്റീ കൊണ്ട്‌ പോയി കുരിശുമ്മേ തറപ്പിച്ചില്ലേ
    പാവം കൃഷ്ണേട്ടന്‍ !

    ReplyDelete
  17. ഹഹഹ. നന്നായിട്ടുണ്ട്.

    ReplyDelete
  18. ക്രൂശിതനായ കൃഷ്ണേട്ടന് എന്റെ നമസ്കാരം.പാവം പയ്യന്‍....

    ReplyDelete
  19. തൃശൂര്‍ക്കാരന്‍ ... അതേ, അതു തന്നെ കൃഷ്ണേട്ടന്റെ ബാര്‍ബര്‍ഷോപ്പ്‌...

    ശ്രീ... അതല്ലേ ഈ കഥ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച ത്രെഡ്‌... ഹി ഹി ഹി ...

    എറക്കാടന്‍ ... ശരിയാണ്‌... നാട്ടിന്‍പുറങ്ങളുടെ പ്രത്യേകതയും അതാണ്‌...

    ഭായി... അതൊരു ഐഡിയ ആണല്ലോ... പോയിന്റ്‌ നോട്ട്‌ ചെയ്തിരിക്കുന്നു...

    കുറുപ്പേ... നാട്ടിന്‍പുറത്തുകാരുടെ നിഷ്കളങ്കത ഇന്നും അല്‍പ്പം ബാക്കി നില്‍ക്കുന്നു...

    ReplyDelete
  20. പപ്പന്‍ജി... അതിനിനി വീണ്ടും ഒരു വര്‍ഷം കൂടി കാത്തിരിക്കണ്ടേ...?

    ജിമ്മി... കൃഷ്ണേട്ടന്‍ നീണാള്‍ "വീഴട്ടെ" എന്ന് തന്നെയാണോ ഉദ്ദേശിച്ചത്‌?

    കൃഷ്‌... എപ്പോ തറച്ചൂന്ന്‌ ചോദിച്ചാല്‍ മതി...

    എഴുത്തുകാരി... കൃഷ്ണേട്ടനുള്ളപ്പോള്‍ പിന്നെ കഥ തേടി വേറെയെങ്ങും പോകണ്ട...

    അരുണ്‍... അത്‌ ശരി... അപ്പോള്‍ ഈ ക്വാര്‍ട്ടര്‍ ക്വാര്‍ട്ടര്‍ എന്ന് പറയുന്നത്‌ 180 മില്ലിയാണല്ലേ? എനിക്കിതിലൊന്നും അത്ര പിടിപാടില്ലാട്ടോ...

    വാഴക്കോടാ... ഓരോ വെക്കേഷനിലും ചെല്ലുമ്പോളിങ്ങനെ നാട്ടിന്‍പുറത്തുള്ളവരുടെ കഥകള്‍ കേള്‍ക്കുന്നത്‌ ഒരു ഹരം തന്നെയാണ്‌..

    ഭൂതത്താന്‍ ... എന്നിട്ട്‌ വേണം അടുത്ത വന്‍വീഴ്ചയ്ക്കുള്ള വകുപ്പ്‌ ഒപ്പിക്കാനല്ലേ...?

    ReplyDelete
  21. ജെന്‍ഷിയ.. രമണിക... പറഞ്ഞ നിലയ്ക്ക്‌ അന്ന് തന്നെ തീരുമാനിച്ചിരുന്നു ഒരുവട്ടം കൂടി ഈ കൃഷ്ണേട്ടനെ വച്ച്‌ നാല്‌ കമന്റ്‌സ്‌ വാരിക്കൂട്ടണമെന്ന്...

    ലക്ഷ്മി.. മരതക സ്റ്റോപ്പ്‌.. അത്രയേ പറഞ്ഞ്‌ തരാന്‍ പറ്റൂ... നേരിട്ട്‌ കണ്ട്‌ ഇനിയുള്ള കഥകളൊക്കെ അടിച്ചെടുത്ത്‌ എന്റെ കഞ്ഞിയില്‍ പാറ്റയിടാനാണല്ലേ..?

    കുമാരന്‍, പാവത്താന്‍... നന്ദിട്ടോ...

    ReplyDelete
  22. ആഹാ.. കൊള്ളാലോ..

    പിന്നെ പാവം കൃഷ്ണേട്ടന്‍ ഈ കഥകളുടെ റോയല്‍ട്ടി ചോദിക്കാത്തത് ത്രിസ്സൂര്‍ക്കാരന്റെ ഭാഗ്യം ല്ലേ:)

    ReplyDelete
  23. മനോഹരമായ്‌ അവതരിപ്പിച്ചിരിക്കുന്ന ചില്ല നിഷ്കളങ്ക ജീവിത മുഹുർ ത്തങ്ങൾ...നന്നായിട്ടുണ്ട്‌ ഈ രീതി...ആശംസകൾ

    ReplyDelete
  24. ഇതു കൊള്ളാല്ലോ വിനുവേട്ടാ....

    ക്രിഷ്ണേട്ടന്‍ പിടിച്ച പുലിവാലുകള്‍ എന്ന് ഒരു സീരിസ് കഥകള്‍ ഇറക്കിക്കോ...

    ReplyDelete
  25. ക്രിഷ്ണേട്ടന്റെ റ്റൈമിങ്ങ്‌ കൊള്ളാം അൽപം തെറ്റിയിരുന്നെങ്കിൽ ചെറുക്കൻ പറഞ്ഞ ഡയലോഗ്‌ ക്രിഷ്ണേട്ടൻ പറഞ്ഞു കുടുങ്ങിയേനെ....നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  26. Rejiyetta,
    kalakkitto, veendum krishnettan's day, i already fw your link to all our adatians who working in Dubai. tkx and we need this kind of real stuff to remind our lost days keep it up
    Tkx & Rgds
    Raghu

    ReplyDelete
  27. pavam krishnatten, eni 200 nirthumo avo

    ReplyDelete
  28. "ഉത്തരത്ത്‌മ്മേന്ന് പിടുത്തം വിട്ട പല്ലി പോലെ എണീക്കാന്‍ പറ്റാണ്ടെ റോട്ടിലിരിക്കുമ്പോ"

    ഹ..ഹ..

    നന്നായിട്ടുണ്ട്.

    ReplyDelete
  29. ഉന്തുട്ടായാലും കലക്കീണ്ട് ഗെഡീ..
    ഈ ക്രിഷ്നേട്ട്ൻ ഇമ്മള്ര്രിയിണാളാട്ടാ...

    ReplyDelete
  30. കൃഷ്ണേട്ടന്മാരുടെ കുലവും കുലത്തൊഴിലും ഇനിയെത്ര നാള്‍?
    -നന്നായിരിക്കുന്നു, വിനൂ.

    ReplyDelete
  31. പാവം ക്രിഷ്ണേട്ടന്‍..
    കുരിശില്‍ തറച്ചതും പോരാ.. കുന്തം കൊണ്ട് കുത്തി നോവിക്കുകയും ഛെയ്തില്ലെ?? :)

    ReplyDelete
  32. നന്നായി അവതരിപ്പിച്ചിരിക്കുന്നു..

    ReplyDelete
  33. നല്ല പോസ്റ്റ്‌ മനോഹരം. ആശംസകൾ....

    ReplyDelete
  34. kalakki Vinuvetta!!! ishtamayi!
    Njanum oru avadhiyila.. thirichethi story post cheyyam :)

    (sorry, not able to type malayalam in this computer)

    ReplyDelete
  35. krishnettan kalakkeetto...!!
    nalla avatharanam..

    aashamsakal.

    ReplyDelete
  36. പയ്യന്‍സ്‌... വെറുതെ ഇക്കാര്യം പറാഞ്ഞ്‌ ആ കൃഷ്ണേട്ടനെ ഇളക്കി വിടല്ലേ...

    വരവൂരാന്‍... നന്ദി... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

    പാണ്ഡവാസ്‌... ശരിയാണ്‌... ആലോചിക്കാം...

    മണ്‍സൂര്‍... ഹ ഹ ഹ... അതോര്‍ത്തിട്ട്‌ കൃഷ്ണേട്ടന്‌ വീണ്ടും വീണ്ടും ചിരി വരുന്നുണ്ടായിരുന്നു..

    രഘു... നന്ദി... നമ്മള്‍ അടാട്ട്‌കാര്‌ ഒരു സംഭവം തന്നെയാണെന്ന് നാലാള്‌ അറിയട്ടെ... ഹി ഹി ഹി ...

    ReplyDelete
  37. വിനോദ്‌, 200 മില്ലിയിലൊന്നും നില്‍ക്കുന്ന ആളല്ല കൃഷ്ണേട്ടന്‍ ... പഴയ പോസ്റ്റൊന്ന് വായിച്ചു നോക്ക്‌...

    വശംവദന്‍... നന്ദിട്ടോ...

    ബിലാത്തിപ്പട്ടണം... അപ്പോള്‍ പിന്നെ പറയണ്ട കാര്യമില്ലല്ലോ അധികം..

    വിജയലക്ഷ്മി, പ്രവീണ്‍, കൈതമുള്ള്‌ ... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി... വീണ്ടും വരണം...

    കിഷോര്‍... ഇത്രയൊക്കെയല്ലേ നമ്മളെക്കൊണ്ട്‌ ചെയ്യാന്‍ പറ്റൂ...

    സുചന്ദ്‌, ശ്രീജിത്ത്‌, ചിതല്‍, വി.കെ.... വളരെ നന്ദി, വായനയ്ക്കും കമന്റ്‌സിനും...

    ReplyDelete
  38. കൊള്ളാം.
    കൃഷ്ണേട്ടന്‍.........

    ReplyDelete
  39. കൃഷ്ണേട്ടന്റെ കഥ നന്നായി.. നല്ലവണ്ണം കുടുംബസമേതം ആസ്വദിച്ചു വായിച്ചു... അപ്പഴാ ഒരു സംശയം തോന്നിയത്. വാഴക്കോടനും വിനുവേട്ടനും ഒരേ നാട്ടുകാരാണോ..? രണ്ടാളുടേയും കഥാ നായകര്‍ക്ക് മൂലമറ്റത്താണല്ലോ പരിക്ക്..!

    ReplyDelete
  40. Adutha pokkil MSK kandittu thanne karyam.

    vinuetta- pazhaya kadhapathrangalum, kadhakalum iniyum undaakumallo.

    ReplyDelete
  41. സ്റ്റോം വാണിങ്ങിന്റെ തിരക്കിനിടയില്‍ ഇങ്ങനെയും ഒരു പോസ്റ്റ്‌ ചെയ്തുവല്ലേ? ഇപ്പോഴാ കാണുന്നത്‌. ഈ കൃഷ്ണേട്ടന്‍ ഒരു സംഭവം തന്നെ. ഇനിയുമുണ്ടോ പുള്ളിയുടെ കഥകള്‍?

    ReplyDelete
  42. വരാന്‍ താമസിച്ചതില്‍ ക്ഷമിക്കുക . തിരക്കായിരുന്നു .
    കൃഷ്ണേട്ടന്‍ കൊള്ളാം കേട്ടോ . ഇത് പോലെ ഒരു പാര്‍ട്ടി ഞങ്ങളുടെ നാട്ടിലും ഉണ്ട് . പേര് കുഞ്ഞേട്ടന്‍ .
    ഞാനും എഴുതുന്നുണ്ട് അദ്ദേഹത്തിന്റെ കഥകള്‍ . വീണ്ടും വരാം

    ReplyDelete
  43. Oru littarinte power...!

    Manoharama, Ashamsakal...!!!

    ReplyDelete
  44. കൊട്ടോട്ടിക്കാരാ... ഒരേ നാട്ടുകാരല്ല... എന്നാല്‍ അത്ര ദൂരെയല്ല താനും... പിന്നെ വാഴക്കോടാന്റെ സൈമണ്‍ ചേട്ടന്‌ മൂലമറ്റത്തും എന്റെ കൃഷ്ണേട്ടന്‌ മൂലത്തറയിലുമാണ്‌ പരിക്ക്‌...

    രാമന്‍, ലേഖ... കൃഷ്ണേട്ടന്റെ കഥകള്‍ ഒരു സീരീസ്‌ ആയി തുടങ്ങിയാലോ എന്നാലോചിക്കുകയാണ്‌.

    പ്രദീപ്‌... കുഞ്ഞേട്ടന്റെ കഥകള്‍ വായിക്കാന്‍ ഞാന്‍ വരുന്നുണ്ട്‌...

    സുരേഷ്‌ ... നന്ദിട്ടോ...

    ReplyDelete
  45. വിനുവേട്ടാ..
    കൃഷ്ണേട്ടന്റെ 'ഇന്റ്രൊഡൂസിങ്ങും..'ലാന്റിങ്ങിംഗ്‌'ഉം എല്ലാം രണ്ടു എപ്പിസോഡുകളിലുമായി ഗംഭീരമായിരിക്കുന്നു....
    ഇനി..പറന്നോട്ടെ....
    എല്ലാ ഭാവുകങ്ങളും!!!

    ReplyDelete
  46. മ്മള് ഗള്‍ഫിലൊന്നും പോയിട്ടില്ല. ന്നാലും, പത്തിലെ മലയാളം നോട്ടില് പറയണ മാതിരി, ‘അനുഭവവേദ്യമായി‘ തോന്നി!

    ReplyDelete
  47. വിനുവേട്ടാ‍ാ.

    അമ്പതാമത്തെ കമന്റ് എന്റേതാവട്ടെ!!]

    രസിപ്പിച്ചു, രസിച്ചു വായിച്ചു. എല്ലാനാട്ടിലേയും കൃഷ്ണേട്ടന്മാരെ ഓര്‍ത്തു. ഇതു വായിച്ചപ്പോള്‍ പണ്ട് കുട്ടിക്കാലത്ത് പൈങ്ങോട്ടിലെ ബാര്‍ബര്‍ ഷാപ്പില് മുടിവെട്ടാന്‍ പോയിരുന്നത് ഓര്‍മ്മ വരുന്നു. മുടിവെട്ടുകടേലെ ചൊമരുമ്മപ്പടി തുണില്ല്യാത്ത പെണ്ണൂങ്ങളടെ പടം. :)

    ReplyDelete
  48. ആദ്യാണെന്നു തോന്നുന്നു ഇവിടെ..കൃഷ്ണേട്ടന്‍ കഥകള്‍ നന്നായി രസിച്ചു.

    എന്തായാലും ആ പയ്യന്‍ അങ്ങനെ പറഞ്ഞതു കൊണ്ടു കൃഷ്ണേട്ടനു ഒന്നൂടെ ഫെയ്മസ് ആവാന്‍ പറ്റിയില്ലേ..:)

    ReplyDelete
  49. മനോഹരമായ അവതരണം. നല്ല ‘രസ്യന്‍’ നര്‍മ്മം. കിടിലന്‍ ഉപമകള്‍. ശരിയ്ക്കും ആസ്വാദിച്ചു ഈ പോസ്റ്റ്. :)

    പോങ്ങുമ്മൂടന്‍

    ReplyDelete
  50. ആദ്യമായാണ് ഈ ബ്ലൊഗിലെത്തുന്നത്.

    വളരെ ഹ്ര്‌ദ്യമായ നർമ്മം. മനോഹരമായ അവതരണം.
    നന്ദി.

    ReplyDelete
  51. കൃഷ്ണേട്ടന്‍ സുന്ദരമായി അവതരിപ്പിച്ചു.

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...