Friday, July 10, 2009

ഡ്യൂട്ടി ഫ്രീ കള്ളും കൃഷ്ണേട്ടനും

ഒഴിവുകാലം ... ഓര്‍ക്കുമ്പോള്‍ തന്നെ ഒരു രസമാണ്‌. ജ്വലിക്കുന്ന വേനലില്‍ നിന്ന് കാലവര്‍ഷത്തിന്റെ കുളിര്‍മ്മയിലേക്ക്‌... ആര്‍ത്തലച്ച്‌ പെയ്യുന്ന മഴയില്‍ ദാഹം ശമിച്ച്‌ നില്‍ക്കുന്ന വൃക്ഷങ്ങളുടെ സ്വന്തം നാട്ടിലേക്ക്‌ ...

ഇത്തവണയും 'ഗള്‍ഫ്‌ എയറില്‍' തന്നെയാണ്‌ യാത്ര. നേരിട്ടുള്ള ഫ്ലൈറ്റില്‍ ബുക്കിംഗ്‌ കിട്ടിയിരുന്നെങ്കില്‍ വെറും ആറ്‌ മണിക്കൂര്‍ കൊണ്ടെത്തേണ്ട ദൂരം. ഇതിപ്പോള്‍ പന്ത്രണ്ട്‌ മണിക്കൂര്‍ കെട്ടിത്തിരിയേണ്ട പണിയായി. അഞ്ച്‌ മണിക്കൂര്‍ ബഹറൈനില്‍ ട്രാന്‍സിറ്റ്‌ ലോഞ്ചില്‍ റണ്‍വേയിലേക്ക്‌ നോക്കിയിരിക്കണം. സാരമില്ല, ബഹറൈനല്ലേ സ്ഥലം ... ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിറങ്ങി പലയിടങ്ങളിലേക്കും യാത്ര തുടരുന്നവര്‍... വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ നല്ല നേരമ്പോക്കായിരിക്കും.

ഉച്ചയ്ക്ക്‌ ഒന്നര മണിക്കാണ്‌ ജിദ്ദയില്‍ നിന്ന് ആകാശസഞ്ചാരം ആരംഭിക്കുന്നത്‌. പത്ത്‌ മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാലേ ഗള്‍ഫ്‌ എയറിലെ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ കൊടുക്കുന്നതിന്‌ രണ്ടര മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പ്പോര്‍ട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ പിന്നെ പണ്ടൊരിക്കല്‍ ടേക്ക്‌ ഓഫിന്‌ അര മണിക്കൂര്‍ മാത്രം മുമ്പ്‌ എയര്‍പ്പോര്‍ട്ടിലെത്തിയ ഒരു തിരുവോന്തരംകാരന്‍ സുഹൃത്ത്‌ അറബിപോലീസിന്റെ സാഹിത്യം കേട്ടത്‌ പോലെ കേള്‍ക്കേണ്ടി വരും. "എന്തരെടേ ഇത്‌ തമ്പാനൂര്‍ ബസ്‌ സ്റ്റാന്റാണെന്ന് വിചാരിച്ചോ?..." എന്നായിരുന്നു ആ ഗര്‍ജ്ജനത്തിന്റെ മലയാള അര്‍ത്ഥം എന്ന് സുഹൃത്ത്‌ പിന്നീട്‌ പറഞ്ഞറിഞ്ഞു.

കൃത്യം പതിനൊന്ന് മണിക്ക്‌ തന്നെ എയര്‍പ്പോര്‍ട്ടില്‍ എത്തി. ഗള്‍ഫ്‌ എയറിന്റെ കൗണ്ടറില്‍ ഒരു ബീഹാറി ഭയ്യ വെളുക്കെ ചിരിച്ചു കൊണ്ട്‌ ഞങ്ങളെ വരവേറ്റു. "ഇന്‍ ഫാക്റ്റ്‌, യൂ ആര്‍ ഏര്‍ലി സര്‍ ... ഫ്ലൈറ്റ്‌ ഈസ്‌ ലേറ്റ്‌ ആന്‍ അവര്‍... ബട്ട്‌ നോ പ്രോബ്ലം, യൂ കാന്‍ ചെക്ക്‌ ഇന്‍..."

ഒരു മണിക്കൂറല്ലേ, ബഹറൈനില്‍ കുറച്ച്‌ വെയ്‌റ്റ്‌ ചെയ്താല്‍ മതിയല്ലോ. എയറിന്ത്യയുടെ പോലെ ഒരു ദിവസമൊന്നും അല്ലല്ലോ ലേറ്റ്‌... മിശ്‌ മുശ്‌ക്കില...

സെക്യൂരിറ്റി ചെക്കിംഗ്‌ കഴിഞ്ഞ്‌ ബെല്‍റ്റും ഷൂവും വാച്ചും പേഴ്‌സും കുന്തവും കുടച്ചക്രവും എല്ലാം താങ്ങിപ്പിടിച്ച്‌ ലോഞ്ചിലെത്തി ഇരിപ്പുറപ്പിച്ചു. പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തത്‌ കൊണ്ട്‌ ടേക്ക്‌ ഓഫും ലാന്റിങ്ങും നടത്തുന്ന വിമാനങ്ങളുടെ ഇന്‍വെന്ററി എടുക്കുന്ന പണി സ്വയം ഏറ്റെടുത്തു.

"അച്ഛാ അച്ഛാ ... ദേ നമ്മുടെ പേര്‌ വിളിക്കുന്നു...."

ങ്‌ഹേ ... ശരിയാണല്ലോ... "തയ്യില്‍ ഫാമിലി ട്രാവെലിംഗ്‌ റ്റു ബഹറൈന്‍ ഓണ്‍ ഗള്‍ഫ്‌ എയര്‍ .... ഈസ്‌ റിക്വസ്റ്റഡ്‌ റ്റു റിപ്പോര്‍ട്ട്‌ അറ്റ്‌ ഗേറ്റ്‌ നമ്പര്‍.... ഇമ്മീഡിയറ്റ്‌ലി... "

ഛേ ... ഇന്‍വെന്ററി എടുക്കുന്നതിന്റെ ആത്മാര്‍ത്ഥത അല്‍പ്പം കൂടി പോയതിന്റെ ഫലം...

"യൂ ആര്‍ ഫ്രീ റ്റു സിറ്റ്‌ എനി വേര്‍..." മൂക്ക്‌ ചപ്പിയ ഫിലിപ്പീനി ഹോസ്റ്റസിന്റെ സ്വാഗത വചനം ... പിന്നെയെന്തിന്‌ ഇത്ര കഷ്ടപ്പെട്ട്‌ ബോര്‍ഡിംഗ്‌ പാസ്സില്‍ സീറ്റ്‌ നമ്പര്‍ കൊടുത്തിരിക്കുന്നു... ആഹ്‌, എന്തെങ്കിലുമാകട്ടെ...

ബെല്‍റ്റ്‌ കെട്ടുന്നതിന്റെയും ബെല്‍റ്റ്‌ കെട്ടിക്കുന്നതിന്റെയും "ടിക്‌ ... ടിക്‌ ..." എന്ന ശബ്ദങ്ങള്‍ക്കിടയില്‍ ഡ്രൈവര്‍ വണ്ടി ഉരുട്ടിത്തുടങ്ങി.

പതിവിന്‌ വിപരീതമായി ലഞ്ച്‌ എത്തിയത്‌ നല്ല ഭംഗിയുള്ള കാര്‍ഡ്‌ബോര്‍ഡ്‌ പാക്കറ്റില്‍... "യൂ കാന്‍ ഹാവ്‌ ഇറ്റ്‌ ഇന്‍ ദ്‌ ഈവനിംഗ്‌ വെന്‍ ഫാസ്റ്റിംഗ്‌ ഈസ്‌ ഓവര്‍ ..." ഇന്ന് പുണ്യമാസത്തിന്റെ തുടക്കമാണെന്ന കാര്യം വീണ്ടും ഓര്‍മ്മ വന്നതിപ്പോഴാണ്‌.

ഓ, അല്ലെങ്കില്‍ പിന്നെ ഇതാര്‍ക്ക്‌ വേണം ... അരക്കഷണം ഉണക്ക കുബൂസും ഉപ്പില്ലാത്ത ഓംലെറ്റും ... (ആംപ്ലേയ്‌റ്റ്‌ എന്ന് പറയുമ്പോഴത്തെ സുഖം ഒന്ന് വേറെ). എന്തായാലും വേണ്ടെന്ന് പറഞ്ഞില്ല. ഒരു വഴിക്ക്‌ പോകുന്നതല്ലേ...

ജപ്പാന്‍ കുടിവെള്ളക്കുഴികളോ ഗട്ടറുകളോ ഒന്നും ഇല്ലാതിരുന്നതിനാല്‍ ക്യാപ്റ്റന്‍ സുഖമായി തന്നെ രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ വിമാനം കൊച്ചുദ്വീപിലിറക്കി. ഇനിയും കിടക്കുന്നു നാല്‌ മണിക്കൂര്‍ അടുത്ത പേടകത്തില്‍ കയറാന്‍...

വിശാലമായ ട്രാന്‍സിറ്റ്‌ ലോഞ്ചിലെ കാഴ്ചകളും കണ്ട്‌ ഇരിക്കാനൊരിടം തേടി നടക്കുമ്പോഴാണ്‌ ഡ്യൂട്ടി ഫ്രീ കള്ള്ഷാപ്പിന്റെ മുമ്പിലെ തിരക്ക്‌ ശ്രദ്ധിച്ചത്‌. നാട്ടിലെ ബിവറേജസ്‌ ഷോപ്പുകളുടെ മുന്നിലെ ക്യൂവില്‍ ഇവര്‍ എത്ര നല്ല കുട്ടികളായിട്ടാണ്‌ ക്ഷമയോടെ നില്‍ക്കുന്നത്‌ എന്നാലോചിക്കാതിരുന്നില്ല.

സന്ധ്യ മയങ്ങുന്ന നേരത്ത്‌ ഉപ്പില്ലാത്ത ഓംലെറ്റിനും ഉണക്ക കുബൂസിനും നല്ല രുചി... "വീട്ടില്‍ ഞാന്‍ ഓരോന്ന് കഷ്ടപ്പെട്ട്‌ വായ്‌ക്ക്‌ രുചിയായി ഉണ്ടാക്കിത്തരുമ്പോള്‍ വിലയില്ല... അനുഭവിച്ചോ..." എന്ന് പരിഹാസ ഭാവത്തില്‍ വാമഭാഗം...

ഇനിയും കിടക്കുന്നു രണ്ട്‌ മണിക്കൂര്‍... ലോഞ്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരെ എത്ര നേരം നോക്കിയിരിക്കും... വിമാനങ്ങളുടെ ഇന്‍വെന്ററി എടുക്കാനാണെങ്കില്‍ ഗ്ലാസ്‌ ചുമരിലൂടെ ലൈറ്റുകളുടെ പ്രതിഫലനം കാരണം ഒക്കുന്നുമില്ല. ഇനിയെന്ത്‌ ചെയ്യും എന്നാലോചിച്ച്‌ തലപുകയുമ്പോഴാണ്‌ ഡ്യൂട്ടി ഫ്രീയില്‍ നിന്നിറങ്ങി വരുന്ന ആ പരിചിത മുഖം കണ്ടത്‌.... കൃഷ്ണേട്ടന്‍!

കൃഷ്ണേട്ടന്‍ ... എം.എസ്‌.കെ. കോലഴി എന്ന്‌ സ്വയം വിളിക്കുന്ന കൃഷ്ണേട്ടന്‍... നാട്ടില്‍ തന്റെ ബാര്‍ബര്‍ ഷോപ്പില്‍ ഏത്‌ പ്രാകൃതനെയും സുന്ദരക്കുട്ടപ്പാനാക്കിയിരുന്ന കൃഷ്ണേട്ടന്‍. ആകെക്കൂടി ഒരു ദൗര്‍ബല്യമേയുള്ളൂ ആശാന്‌ ... വെള്ളം... വെള്ളമടിച്ച്‌ തോര്‍ത്തും തലയില്‍ കെട്ടി ഊട്ടിയിലെ വാട്ടര്‍ തീം പാര്‍ക്കിലെ ഇരുണ്ട ഗുഹയിലൂടെ കൂട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്‌ സീറ്റ്‌ പാഡില്ലാതെ ഊര്‍ന്നിറങ്ങി മഴത്തുള്ളിക്കിലുക്കത്തിലെ സലിംകുമാറിന്റെ അവസ്ഥയില്‍ പുറത്ത്‌ വന്ന കൃഷ്ണേട്ടന്‍. നിരക്കത്തിന്റെ വേഗതയില്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിഞ്ഞ്‌ മുഖത്ത്‌ ചുറ്റി 'എന്റെ കാഴ്ച പോയേ' എന്ന് അലറി വിളിച്ച്‌ കൊണ്ട്‌ വെള്ളത്തിലേക്ക്‌ വന്ന് പതിച്ച കൃഷ്ണേട്ടന്‍...

പ്രതീക്ഷ തെറ്റിയില്ല... അത്യാവശ്യം മിനുങ്ങി തന്നെയാണ്‌ കൃഷ്ണേട്ടന്റെ വരവ്‌. കൈയിലെ ഡ്യൂട്ടി ഫ്രീ ബാഗില്‍ കുപ്പികള്‍ ഒന്നിലധികം... എന്നെ അത്രകണ്ട്‌ പരിചയമില്ലാത്ത കൃഷ്ണേട്ടനെ ഈ നിലയില്‍ പോയി പരിചയപ്പെടാതിരിക്കുന്നത്‌ തന്നെ ബുദ്ധി...

നീര്‍ക്കോലി പോലത്തെ ചെറിയ എയര്‍ബസ്സില്‍ നല്ല തിരക്ക്‌. എലൈറ്റ്‌ ജ്വല്ലറിയുടെ മുന്നില്‍ നിന്ന് അയ്യന്തോള്‍ക്കുള്ള ടൗണ്‍ ബസ്സില്‍ കയറിയ പ്രതീതി. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക്‌ അച്ചടക്കവും അനുസരണയും കുറവാണെന്ന ദുഃഖസത്യം അറിവുള്ള ഹോസ്റ്റസുമാര്‍ നിസ്സഹായരായി പരസ്പരം നോക്കുന്നു...

ആടിയാടി വന്ന കൃഷ്ണേട്ടന്‍ ഞങ്ങളെ താണ്ടി രണ്ട്‌ നിര പിറകില്‍ പോയി ഇരിപ്പുറപ്പിച്ചു. സൈഡ്‌ സീറ്റ്‌ കിട്ടിയതിന്റെ സന്തോഷം അടുത്തിരിക്കുന്നയാളുമായി പങ്ക്‌ വച്ചത്‌ അല്‍പ്പം ഉറക്കെയായി... "ജനാലേന്റെയടുത്താവുമ്പോ കാറ്റ്‌ കിട്ടൂല്ലോ..."

"ക്യാബിന്‍ ക്രൂ, റെഡി ഫോര്‍ ടേക്ക്‌ ഓഫ്‌..." പുതിയ ക്യാപ്റ്റന്റെ അറിയിപ്പ്‌ ...

"നോക്കിം കണ്ടും പൊക്കോളോട്ടാ മോനേ.... രാത്രിയാ... ലൈറ്റൊക്കെണ്ടല്ലാ അല്ലേ... " കൃഷ്ണേട്ടന്റെ ഉപദേശം...

'സ്റ്റാന്റില്‍' നിന്ന് പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ കൃഷ്ണേട്ടന്‍ ജാലകത്തിലൂടെ നോക്കി സൈഡ്‌ പറഞ്ഞ്‌ കൊടുത്തു.... "ങാ.. പോട്ടേ പോട്ടേ ... റൈറ്റ്‌ ... എടത്ത്‌ ചേര്‍ന്ന് ... പോട്ടെ... പോട്ടെ..."

കൃഷ്ണേട്ടന്റെ ഡയറക്ഷനില്‍ റണ്‍വേയിലെത്തിയ വിമാനം അല്‍പ്പം മുന്നോട്ട്‌ പോയി നിന്നു.

"ഇനി ഒരു പൊടിക്ക്‌ സ്ഥലംല്യാട്ടാ ... ആളെ എട്‌ക്കണ്ടാ ഇനി... നേരെ പോട്ടെ..." മറ്റ്‌ യാത്രക്കാരുടെ ശ്രദ്ധ തന്നിലായിത്തുടങ്ങി എന്ന് മനസിലായ കൃഷ്ണേട്ടന്‍ ഷൈന്‍ ചെയ്യാനുള്ള പുറപ്പാടിലാണ്‌.

ജിദ്ദയിലെ ട്രാഫിക്ക്‌ ബ്ലോക്കിലെന്ന പോലെ വിമാനം പതുക്കെ പതുക്കെ ഇഴയുകയും അതിലേറെ സമയം നില്‍ക്കുകയുമാണ്‌. ബെല്‍റ്റ്‌ കെട്ടി ഇരിപ്പ്‌ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ മുക്കാല്‍ മണിക്കൂറോളമാകുന്നു. കൃഷ്ണേട്ടന്റെ ക്ഷമയുടെ നെല്ലിപ്പലക തെളിഞ്ഞത്‌ പെട്ടെന്നായിരുന്നു...

"നിങ്ങളങ്ങട്‌ മാറ്യേ... ഞാനാ ഡ്രൈവറ്‌ടെ അട്‌ത്തൊന്ന് പോയ്യോക്കട്ടെ.... എന്തൂട്ടാ പ്രശ്നംന്ന്‌ ചോയിച്ചിട്ട്‌ വരാം... " ബെല്‍റ്റിന്റെ കൊളുത്തഴിച്ച്‌ ചാടിയെഴുനേറ്റ്‌ കൃഷ്ണേട്ടന്‍ കോക്ക്‌ പിറ്റിന്‌ നേരെ വച്ചു പിടിച്ചു. പിന്തുണ പ്രഖ്യാപിച്ച്‌ കൊണ്ട്‌ വേറെയും രണ്ട്‌ മൂന്ന് പേര്‍ കൃഷ്ണേട്ടനൊപ്പം ആഞ്ഞ്‌ പിടിച്ചു.

"വാട്‌സ്‌ ദ്‌ പ്രോബ്ലം ദേര്‍...? " ടേക്ക്‌ ഓഫിന്‌ റെഡിയായി തന്റെ സീറ്റിലിരിക്കുന്ന എയര്‍ ഹോസ്റ്റസ്‌ പിന്നാലെ ഓടിയെത്തി.

"വൈ നോ ഗോയിംഗ്‌ ?..." വിട്ട്‌ കൊടുക്കാന്‍ കൂട്ടാക്കാതെ കൃഷ്ണേട്ടന്‍ തന്നാലാവുന്ന ആംഗലേയത്തില്‍ ഒറ്റയലക്ക്‌...

"പ്ലീസ്‌ ... ഗോ റ്റു യുവര്‍ സീറ്റ്‌സ്‌ ... പ്ലീസ്‌... വീ ആര്‍ റെഡി ഫോര്‍ ടേക്ക്‌ ഓഫ്‌...." എയര്‍ ഹോസ്റ്റസ്‌ എല്ലാവരെയും ആട്ടിത്തെളിച്ച്‌ വീണ്ടും സീറ്റുകളിലേക്ക്‌ പറഞ്ഞയച്ചു.

നീണ്ട കാത്തിരിപ്പിന്‌ ശേഷം വിമാനം ആകാശത്തിലേക്ക്‌ കുതിച്ചപ്പോള്‍ കൃഷ്ണേട്ടന്റെ മുഖത്ത്‌ നിര്‍വൃതി. "കണ്ടാ... ഞാന്‍ പോയി ചോയ്‌ച്ചില്ലേര്‌ന്നെങ്കീ ഇപ്പഴും അവ്‌ടെത്തന്നെ കെടക്ക്വേര്‌ന്നു..."

ഡിന്നര്‍ കഴിഞ്ഞ്‌ എപ്പോഴാണ്‌ ഉറക്കത്തിലേക്ക്‌ വഴുതിപ്പോയതെന്ന് ഓര്‍മ്മയില്ല. 'സര്‍, എനി ഹോട്ട്‌ ഡ്രിങ്‌ക്‍സ്‌' എന്ന ചോദ്യം കേട്ടാണ്‌ ഇടയ്ക്കെപ്പോഴോ ഞെട്ടിയുണര്‍ന്നത്‌. 'നോ താങ്‌ക്‍സ്‌' പറഞ്ഞിട്ട്‌ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കണ്ടത്‌ വിസ്‌ക്കിയില്‍ സോഡ ചേര്‍ത്ത്‌ ചെലുത്തിക്കൊണ്ടിരിക്കുന്ന കൃഷ്ണേട്ടനെയാണ്‌. ഒരു വിധം പാമ്പായിക്കഴിഞ്ഞിരിക്കുന്നവെന്ന് വ്യക്തം.

ടയറുകള്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതും എമ്പാടും ബെല്‍റ്റുകള്‍ അഴിയുന്ന ക്ലിക്‌ ക്ലിക്ക്‌ ശബ്ദങ്ങള്‍. "പ്ലീസ്‌ ബി സീറ്റഡ്‌ അണ്‍ റ്റില്‍ ദ്‌ എയര്‍ ക്രാഫ്റ്റ്‌ ഹാസ്‌ കം റ്റു കംപ്ലീറ്റ്‌ സ്റ്റോപ്പ്‌" എന്ന അറിയിപ്പ്‌ പതിവ്‌ പോലെ വനരോദനമായി അവശേഷിച്ചു.

ഇമിഗ്രേഷന്‍ ക്യൂവില്‍ നില്‍ക്കുന്ന കൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ നവംബറിലെ പാലക്കാടന്‍ കാറ്റില്‍ ആടുന്ന കവുങ്ങും കൂട്ടത്തെയാണ്‌. കൈയിലെ ഡ്യൂട്ടി ഫ്രീ സഞ്ചിയിലെ കുപ്പികള്‍ ആട്ടത്തിനൊപ്പം ജലതരംഗം മീട്ടുന്നു. എന്തായാലും വാള്‌ വയ്ക്കാതെ ഇപ്പോഴും പിടിച്ച്‌ നില്‍ക്കുന്ന ആശാനെ സമ്മതിക്കണം.

എന്നത്തെപ്പോലെ ഇപ്രാവശ്യവും ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക്‌. പത്ത്‌ കിലോയുടെ ടൈഡ്‌ വാഷിംഗ്‌ പൗഡര്‍ പാക്കറ്റും, നിഡോ പാല്‍പ്പൊടിയും ടാംഗ്‌ ടിന്നും കെട്ടിച്ചുമന്ന് കൊണ്ടുവന്ന് വെറുതേ എന്തിന്‌ കസ്റ്റംസ്‌ സാറന്മാര്‍ക്ക്‌ മനസമാധാനക്കേടുണ്ടാക്കണം...

"ഇതീന്ന് ഒരൊറ്റ കുപ്പി പോലും തരാന്‍ പറ്റില്യാ..." നമ്മുടെ പഴയ വേലായുധേട്ടന്‍ സ്റ്റൈലില്‍ ഒച്ച പൊങ്ങിയപ്പോഴാണ്‌ എല്ലവരുടെയും ശ്രദ്ധ അങ്ങോട്ടായത്‌. കൃഷ്ണേട്ടനും കസ്റ്റംസ്‌കാരും കൂടി കശപിശ.

"ഞാന്‍ ചെമ്പെറക്കീതേ... എനിക്ക്‌ വീശാനാ... അല്ലാണ്ടെ നെങ്ങള്‌ക്ക്‌ ഓസിന്‌ തരാനല്ല..."

"നിങ്ങള്‍ക്ക്‌ പറഞ്ഞാല്‍ മനസിലാവില്ലേ മിസ്റ്റര്‍? അനുവദിച്ചതിലും ഒരു കുപ്പി കൂടുതലുണ്ട്‌ നിങ്ങളുടെ കൈയില്‍. ഒന്നുകില്‍ അത്‌ ദാ, ആ കാണുന്ന പോലീസ്‌കാരന്റെ കൈയില്‍ കൊടുത്തിട്ട്‌ പ്രശ്നമുണ്ടാക്കാതെ പോകുക ... അല്ലെങ്കില്‍ ഡ്യൂട്ടി അടക്കേണ്ടിവരും..."

"എന്തൂട്ടാ നെങ്ങള്‌ പേടിപ്പിക്ക്യാ? ... എം.എസ്‌.കെ കോലഴിയോടാ കളി... ഇതേ ... ഡ്യൂട്ടി ഫ്രീയാ... ഇതേപ്പോ നന്നായിയേ..." പാമ്പാണെങ്കിലും കൃഷ്ണേട്ടന്‍ നിയമവശം മറന്നിട്ടില്ല.

"മിസ്റ്റര്‍, നിങ്ങള്‍ നിയമമൊന്നും ഞങ്ങളെ പഠിപ്പിക്കണ്ട. മൂന്ന് കുപ്പിയേ കൊണ്ടുപോകാന്‍ പറ്റൂ. ഇവിടുന്ന് പുറത്ത്‌ പോണമെങ്കില്‍ ഒരെണ്ണം ഇവിടെ വച്ചേ പറ്റു..." കസ്റ്റംസ്‌കാരന്‌ കൊതിയടക്കാന്‍ പറ്റുന്നില്ല എന്ന് വ്യക്തം.

"എന്തൂട്ടാ പറഞ്ഞേ?... ഇവിടെ വച്ചിട്ട്‌ പുവ്വാനാ?..."

"പുറത്ത്‌ പോണമെങ്കില്‍ മതി..." കസ്റ്റംസ്‌കാരന്‍ അടുത്ത ഇരയെ പിടിക്കാനുള്ള തത്രപ്പാടിലാണ്‌.

"മൂന്ന് കുപ്പി എനിക്ക്‌ കൊണ്ടോവാല്ലോ?... അതിന്‌ വിരോധൊന്നുല്യാല്ലോ..."

"ഇതങ്ങ്‌ നേരത്തെ ചെയ്തിരുന്നെങ്കില്‍ ഈ നേരം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ചാലക്കുടി എത്താമായിരുന്നില്ലേ?... വച്ചിട്ട്‌ വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്‌..."

"ഒരു മിനിറ്റ്‌ട്ടാ... ദാ ഇബ്‌ടെ ഇരിക്കണതോണ്ട്‌ വിരോധോല്യാല്ലോ?... "

കൃഷ്ണേട്ടന്‍ മാര്‍ബിള്‍ തറയില്‍ ചമ്രം പടിഞ്ഞ്‌ ഒറ്റയിരുപ്പ്‌. പിന്നെ ഡ്യൂട്ടി ഫ്രീ സഞ്ചിയില്‍ നിന്ന്‌ ഒരു കുപ്പിയെടുത്ത്‌ സീല്‍ പൊട്ടിച്ചു. പകരാന്‍ ഗ്ലാസോ തൊട്ടുകൂട്ടാന്‍ ടച്ചിങ്ങ്‌സോ ഇല്ലാതെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കുന്ന പോലെ ഒരു വീശ്‌...

"ഒരു കുപ്പി ഇബ്‌ടെ വയ്ക്കണംല്ലേ ... ദാ വച്ചു. ഇനി എനിയ്ക്ക്‌ പുവ്വാല്ലോ..."

കാലിക്കുപ്പി മുന്നോട്ട്‌ നീക്കി വച്ചിട്ട്‌ കൃഷ്ണേട്ടന്‍ എഴുനേല്‍ക്കാന്‍ ഒരു ശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ടു. ഒരു കുപ്പി ഒറ്റയടിക്ക്‌ അകത്താക്കിയ എം.എസ്‌.കെ കോലഴിയുടെ കപ്പാസിറ്റി കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്ന കസ്റ്റംസ്‌കാരും കാണികളും...

ഇനിയും ഇയാളെ ഇവിടെ നിറുത്തിയാല്‍ മാനം പോകുമെന്ന് തോന്നിയ കസ്റ്റംസ്‌കാരന്‍ പോര്‍ട്ടറെ വിളിച്ചു. "ദേ, ഇയാളെ ഇവിടുന്ന് ഒന്നൊഴിവാക്കിത്തന്നേ... ആദ്യമായിട്ടാ ഇങ്ങനെയൊരു ജന്മം കാണുന്നേ..."

ടാറ്റാ സുമോയുമായി രാവിലെ തന്നെ വന്ന് കാത്ത്‌ നിന്നിരുന്ന സുഹൃത്തുക്കളെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. ആഗമനകവാടത്തില്‍ നിന്നും പുറത്തേക്ക്‌ പാഞ്ഞു വരുന്ന ലഗേജ്‌ ട്രോളി... പോര്‍ട്ടര്‍ സകല ശക്തിയുമെടുത്ത്‌ തള്ളിവിട്ട ട്രോളിയില്‍ തന്റെ പെട്ടിയില്‍ ചാരി മലര്‍ന്നടിച്ച്‌ അര്‍ദ്ധബോധാവസ്ഥയില്‍ കൃഷ്ണേട്ടന്‍ ... ഒപ്പം ഡ്യൂട്ടിഫ്രീ സഞ്ചിയില്‍ സുരക്ഷിതമായി മൂന്ന് കുപ്പികളും...