ബൂലോഗത്ത് വന്നിട്ട് വര്‍ഷം നാല് കഴിഞ്ഞെങ്കിലും ഇതു വരെ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ. ചെറായി മീറ്റ്, തൊടുപുഴ മീറ്റ്, കൊച്ചി മീറ്റ്, തിരൂര്‍ മീറ്റ്, ഇനിയിപ്പോള്‍ കണ്ണൂര്‍ മീറ്റ്... നാട്ടിലുള്ള ബ്ലോഗേഴ്സിനൊക്കെ എന്തുമാവാല്ലോ... അലക്ക് കഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ല എന്ന് പറഞ്ഞത് പോലെ ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് സ്വയം സമാധാനിച്ചു.
നാട്ടിലെ മീറ്റുകളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അങ്ങ് ബിലാത്തിയിലും നടന്നു കുറേനാള്‍ മുമ്പ് ബ്ലോഗ് മീറ്റ്. എവിടെ ചെണ്ടപ്പുറത്ത് കോല് വീണാലും ഓടിയെത്തുന്ന മുരളിഭായ് തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് ഇന്ദ്രജാലവും കണ്‍കെട്ടുമൊക്കെയായി അവിടെ വിലസി എന്നാണ് അതിനോടനുബന്ധിച്ച് കണ്ട ചില പോസ്റ്റുകളില്‍ നിന്നും അന്നറിയാന്‍ കഴിഞ്ഞത്. ഇതൊക്കെ കേട്ടും വായിച്ചും കോള്മയിര് കൊണ്ടിരിക്കുമ്പോഴായിരുന്നു ജിദ്ദ ബ്ലോഗ് മീറ്റുമായി ഇവിടുത്തെ പുലികള്‍ ഇറങ്ങിയത്. കഷ്ടകാല നേരത്ത് അന്ന് സ്ഥലത്തുണ്ടാകാന്‍ സാധിക്കാഞ്ഞതിനാല്‍ അതും നഷ്ടമായി.
എന്നെങ്കിലും ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം കിട്ടാതിരിക്കില്ല എന്ന നേരിയ പ്രതീക്ഷയോടെ അങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോഴാണ് ഉറ്റ സുഹൃത്തായ ബ്ലോഗര്‍ ജിമ്മി ജോണ്‍ വിളിക്കുന്നത്.
"വിനുവേട്ടാ, അടുത്ത വെള്ളിയാഴ്ച നമുക്ക് ഒരു ബ്ലോഗ് മീറ്റ് നടത്തിയാലോ...?"
"ങ്ഹേ... ബ്ലോഗ് മീറ്റോ...? അതൊക്കെ ഇത്ര പെട്ടെന്ന് സംഘടിപ്പിക്കാന്‍ പറ്റുമോ...? ഇവിടെയുള്ള പ്രശസ്തരായ ബ്ലോഗേഴ്സ് സംഘടിപ്പിച്ച ബ്ലോഗ് മീറ്റ് കഴിഞ്ഞപ്പോഴേക്കും എന്തായിരുന്നു കോലാഹലങ്ങള്‍... ചേരി തിരിഞ്ഞുള്ള ചെളി വാരിയേറ് കണ്ടതല്ലേ...? ഇനി നമ്മളായിട്ട് എന്തിനാ ആവശ്യമില്ലാത്ത പണിക്ക് പോകുന്നത്...?"
"ഇതങ്ങനെയല്ല വിനുവേട്ടാ... നമ്മള് സംഘടിപ്പിക്കുന്ന മീറ്റ് കുറച്ച് ദൂരെയാണ്... പുലികളുടെയും സിംഹങ്ങളുടെയും ഒന്നും ആക്രമണം ഉണ്ടാകില്ല..."
"ഒന്ന് തെളിച്ച് പറയ് ജിം ... എന്നാലും ഇത്ര പെട്ടെന്ന് എങ്ങനെയാ ഇതൊക്കെ അറേഞ്ച് ചെയ്യുന്നത്...?"
"വെള്ളിയാഴ്ച രാവിലെ നമ്മള് മീറ്റിന് പുറപ്പെടുന്നു... വൈകുന്നേരത്തോടെ മീറ്റ് കഴിഞ്ഞ് മടക്ക യാത്രയും ... വെരി സിമ്പിള്‍..."
"തമാശ കളയ് ജിം ... എവിടെയാണ് മീറ്റ്...? ഇമ്പാല ഓഡിറ്റോറിയം? ലക്കി ദര്‍ബാര്‍ ...? ഈ അവസാന നിമിഷം ഹാള്‍ കിട്ടുമോ?..."
ജിം ചിരിച്ചു. "എന്റെ വിനുവേട്ടാ, നമ്മുടെ മീറ്റ് പ്രകൃതിയുടെ മടിത്തട്ടിലാണ്... ഒരു പക്ഷേ, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ തന്നെ ഈ സംഭവം കയറിക്കൂടും..."
എന്തായാലും വേണ്ടില്ല, വെള്ളിയാഴ്ചയാണെങ്കില്‍ അവധിയാണ്. ഈ ബ്ലോഗ് മീറ്റ് എന്ന് പറയുന്ന സംഭവം എന്താണെന്ന് അറിയാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. അതിന്റെ വകയില്‍ ഒരു പോസ്റ്റും തല്ലിക്കൂട്ടാം. കുറേ നാളുകളായി തൃശൂര്‍ വിശേഷങ്ങളില്‍ ഒരു പോസ്റ്റിട്ടിട്ട്.
"ശരി, സമ്മതിച്ചിരിക്കുന്നു... ഞങ്ങള്‍ രണ്ട് ബ്ലോഗര്‍മാരും ഇപ്പോഴേ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു... മകനെയും ഒപ്പം കൂട്ടുന്നതില്‍ വിരോധമില്ലല്ലോ...?"
"ഒരു വിരോധവുമില്ല... എന്ന് മാത്രമല്ല, മകനെ കൊണ്ടു വരണമെന്നുള്ളത് നിര്‍ബന്ധവുമാണ്..."
"ഓ.കെ... ഇനി പറയൂ, എവിടെയാണ് മീറ്റ്...?"
"അതല്ലേ വിനുവേട്ടാ നമ്മള് സംഘടിപ്പിക്കുന്ന ഈ മീറ്റിന്റെ സവിശേഷത... ഇവിടെ നിന്ന് ഏകദേശം 200 കിലോ മീറ്റര്‍ അകലെയുള്ള തായിഫ് എന്ന പ്രകൃതി രമണീയമായ സ്ഥലത്ത്... സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഷിഫ പര്‍വതത്തിന്റെ നെറുകയില്‍ ..."
"ങ്ഹേ...!!!"
ശരിയാണ്... ഒരു പക്ഷേ, സമുദ്ര നിരപ്പില്‍ നിന്നും ഇത്രയും ഉയരത്തില്‍ വച്ച് സംഘടിപ്പിക്കുന്ന ആദ്യത്തെ ബ്ലോഗ് മീറ്റായിരിക്കും ഇത്.
തായിഫ് എന്ന് കേട്ടിട്ടുണ്ട്. സൗദി അറേബ്യയിലെ ഉരുകുന്ന ചൂടിലും കുളിര് കാറ്റ് വീശുന്ന പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചുപട്ടണം. അവസരം ഒത്ത് കിട്ടിയ നിലയ്ക്ക് പോകുക തന്നെ.
"അല്ല, ജിം, ട്രാന്സ്പോര്ട്ടേഷന് എങ്ങനെയാ...? എല്ലാവരും കൂടി ബസ്സിലാണോ പോകുന്നത്...?"
"ബസ്സ് ... ഹേയ്... അതൊക്കെ ബുദ്ധിമുട്ടാവും... എല്ലാവര്ക്കും വണ്ടിയുള്ള നിലയ്ക്ക് അപ്നീ അപ്നീ ഗാഡിയോം മേ ജായേംഗേ..."
ഒരു കണക്കിന് അതാണ് നല്ലത്... കുടുംബ സമേതം കാഴ്ചകളും ആസ്വദിച്ച് സ്വന്തം വാഹനത്തിലുള്ള യാത്ര.
"ഞങ്ങള്‍ക്ക് സമ്മതം... ആരൊക്കെയാണ് ഈ മീറ്റിലെ പ്രമുഖര്‍ ...? ജിദ്ദയിലെ പുലികളെ മുഴുവനും സംഘടിപ്പിച്ചോ...?"
"എന്റെ വിനുവേട്ടാ, അതല്ലേ നേരത്തെ പറഞ്ഞത്, പുലികളും സിംഹങ്ങളും ഒന്നുമുണ്ടാകില്ല എന്ന്... ഈ മീറ്റിലെ പ്രമുഖര്‍ ഇതാ ഇവരൊക്കെയാണ്... വിനുവേട്ടന്, നീലത്താമര, ജിമ്മി ജോണ്‍ ... പിന്നെ എന്റെ സുഹൃദ്വലയത്തിലുള്ള ഒരു കുടുംബവും രണ്ട് സ്നേഹിതരും..."
അങ്ങനെ ജൂലൈ 22ന് ജിദ്ദയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ തായിഫിലെ അല്‍ ഷിഫ പര്‍വ്വത ശിഖരത്തില്‍ മൂന്ന് ബ്ലോഗേഴ്സും സുഹൃത്തുക്കളും പങ്കെടുത്ത ബ്ലോഗ് മീറ്റിലെ ചില ചിത്രങ്ങള്‍ ...
ആദ്യമായിട്ട് ഒരു ബ്ലോഗ് മീറ്റിന് പോകുകയാ... ദാ, ആ കാറിന്റെ പിന്നാലെ പോയാൽ മതി... |
![]() |
ഒട്ടകങ്ങൾ റോഡ് മുറിച്ച് കടക്കുന്നു. സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ കഥ കഴിഞ്ഞത് തന്നെ... |
അൽ ഹദ ചുരത്തിന് മുകളിൽ നിന്നൊരു ദൃശ്യം... ദാ, ആ വഴിയിലൂടെയാണ് നമ്മൾ ഇവിടെയെത്തിയത്... |
അൽ ഷിഫ പർവ്വതത്തിന് മുകളിൽ... ആ കാണുന്നതെല്ലാം കുന്തിരിക്കത്തിന്റെ മരങ്ങളാണ്... |
രണ്ട് ബ്ലോഗർമാർ ... വിനുവേട്ടൻ എന്ന ഞാനും ജിമ്മി ജോണും... |
വിനുവേട്ടാ, നമുക്കിവനെയും ഒരു ബ്ലോഗറാക്കണ്ടേ... ഹേയ്, ഞാൻ അത്തരക്കാരനൊന്നുമല്ല എന്ന് മകൻ... |
മൂന്നാമത്തെ ബ്ലോഗറും പ്രിയപത്നിയുമായ നീലത്താമര... ആറായിരം അടി ഉയരത്തിലാണ് നിൽക്കുന്നതെന്ന അഹങ്കാരമൊന്നുമില്ല... |
![]() |
ബ്ലോഗ് ‘ഈറ്റിന്’ കണ്ട് പിടിച്ച പ്രകൃതി രമണീയമായ സ്ഥലം... കുന്തിരിക്ക മരങ്ങളുടെ തണലിൽ അൽപ്പ നേരം... |
തണൽ അൽപ്പം കൂടിപ്പോയത് കൊണ്ട് കുറച്ച് കൂടി നല്ല “തീറ്റ സ്ഥലം” തേടിയുള്ള പ്രയാണം... |
ഇതിലും ഉയരം കൂടിയ മല വല്ലതും ഉണ്ടായിരുന്നെങ്കിൽ അടുത്ത മീറ്റ് അവിടെ നടത്താമായിരുന്നു... |
ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഒരൊറ്റ ബലത്തിലാണ് ഞങ്ങൾ ബൂലോഗ സംഘം തായിഫിലേക്ക് യാത്ര പുറപ്പെട്ടത്... |
ഈ ബ്ലോഗ് മീറ്റ് യാത്രയുടെ വിശദമായ വിവരണങ്ങൾ ജിമ്മി ഒരേ തൂവൽ പക്ഷികളിൽ ഇട്ടിട്ടുണ്ട്... എല്ലാ ബൂലോഗ സുഹൃത്തുക്കളെയും അങ്ങോട്ടും ക്ഷണിക്കുന്നു.
അങ്ങനെയും ഒരു ബ്ലോഗ് മീറ്റ്...
ReplyDeleteഅവിടേം വായിച്ചാരുന്നു....
ReplyDeleteകുന്തിരിക്കം പുകയുന്ന കുന്നിഞ്ചരിവിലെ കുയില്‍ കിളീ...
പല മീറ്റുകളേയും പറ്റി വായിച്ച് കൊതിപിടിച്ചിരുന്ന ഈ ഞാനും ഒടുവില്‍ ഒരു മീറ്റില്‍ പങ്കെടുത്തു കഴിഞ്ഞ ജൂലൈ 31 തൊടുപുഴമീറ്റ്... ഉള്ളത് പറയാല്ലോ, സംഗതി ഉഷാറായിരുന്നു,
ReplyDeleteഏതായാലും തായിഫ് ബ്ലോഗ് മീറ്റ് ഉഗ്രോത്തരമായീന്ന് ഫോട്ടോയും വിവരണവും കൊണ്ട് മനസ്സിലായി, അതിമനോഹരമായ തായീഫ്!
ഇനി ഒരേ തൂവൽ പക്ഷികളിൽ ഒന്നു നോക്കി വരട്ടെ!
ഹത് കലക്കി. മീറ്റായാല് ഇങ്ങനെ വേണം :)
ReplyDeleteആറായിരം അടി ഉയരത്തിലെ ലോകത്തിലെ ആദ്യബൂലോഗ മീറ്റ്...! ഗംഭീരം...
ReplyDeleteഒരു ഉന്നത തല മീറ്റ് തന്നെ നടത്തിയല്ലൊ, ഉഗ്രൻ!
ReplyDeleteകണ്ണൂർ മീറ്റിലേക്ക് ക്ഷണിക്കുന്നു, ഓണത്തിന്റെ പേരിൽ നാട്ടിലൊന്ന് വന്നുകൂടെ?
ഈ മീറ്റ് കലക്കി.
ReplyDeleteവേറിട്ടൊരു മീറ്റ്.
ReplyDeleteആസ്വദിച്ചു.
ഗംഭീരം...
ReplyDeleteഉഷാറായിട്ട്ണ്ട്..ട്ടാ..
ReplyDeleteഒരേ തൂവൽ പക്ഷികളിൽ വായിച്ചുട്ടോ . അവിടെയും ഇവിടെയും ഇട്ടിരിക്കുന്ന ഫോട്ടോസു കണ്ടാല്‍ നിങ്ങള്‍ ടൂര്‍ പോയതാണെന്നെ തോന്നൂ , മനോഹരമായ സ്ഥലം ... :)
ReplyDeleteഅസൂയന്നെ.എന്നെപ്പോലത്തെ പാവങ്ങക്ക് മറ്റെന്താണ്ടാവാ.അപ്പൊ കണ്ണൂരിൽ വരില്ലേ?
ReplyDeleteആറായിരം അടി ഉയരത്തില്‍ ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച സാഹസികരായ ബ്ലോഗര്‍മാര്‍ക്ക്
ReplyDeleteചിത്രകാരന്റെ അഭിനന്ദനങ്ങളും, ആശംസകളും !!
അണ്ണാ...
ReplyDeleteപർവത മുകളിലെ ബ്ലോഗർമീറ്റ് കലക്കി.
ജിമ്മിച്ചൻ പറഞ്ഞപ്പോൾ ചാടിപ്പിടിച്ചു പോയതിന് ഗുണമുണ്ടായി... അടുത്ത മീറ്റ് നാട്ടിൽ വെച്ചായാലൊ?/??
ഹമ്പട വിനുവേട്ടാ.. അപ്പോ ഇതിനായിരുന്നല്ലേ ഓടിപ്പിടച്ച് വന്നത്!!
ReplyDeleteഎന്തായാലും നമ്മുടെ ‘ഹൈ ലെവൽ മീറ്റിംഗ് & ഈറ്റിംഗ്’ ഇത്രവലിയ ഒരു സംഭവമാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.. ഹിഹി..
ബൂലോകത്തെ ഒരു ബൂലോകസംഗമത്തിന് മേളമിടുവാൻ ആരാന്റെ ചെണ്ട...!
ReplyDeleteഅടിയെടാ അടി... !!
എന്നാലും നല്ല കൊട്ടും താളവുമായതുകൊണ്ടിഷ്ട്ടപ്പെട്ടു കേട്ടൊ വിനുവേട്ടാ...
പിന്നെ ആ നീലത്താമര കൂടി വിരിഞ്ഞിരുന്നുവെങ്കിൽ ഈ തായ്ഫ് താമരയുടെ മനോഹാരിത മൂന്ന് വേർഷൻസ്സായിട്ട് വായിക്കാമായിരുന്നു...
( എന്ത്..?
മുട്ടിട്ടുണ്ടെന്നോ...
ഹാ വിരിയുമ്പോ കാണാം..)
അജിത്ഭായ്... ശരിക്കും കുന്തിരിക്കത്തിന്റെ മണമായിരുന്നു അവിടെങ്ങും...
ReplyDeleteമാണിക്യം... മൂന്ന് ബ്ലോഗേഴ്സ് കൂടിയാലും ബ്ലോഗ് മീറ്റ് ആക്കാമെന്ന് മനസ്സിലയില്ലേ ഇപ്പോൾ... നന്ദി...
റശീദ്... പിന്നല്ലാതെ...
വി.കെ ... അതല്ലേ... ഉന്നതങ്ങളിലെ ബൂലോഗ മീറ്റ്...
മിനി ടീച്ചർ ... ഓണത്തിന് ഞങ്ങൾക്ക് അവധി കിട്ടില്ല ടീച്ചറേ... എന്നെങ്കിലും വരാം ഞങ്ങൾ നാട്ടിലെ മീറ്റിന്...
ReplyDeleteകുമാരൻ ... അതേ, ഒരു നല്ല അനുഭവമായിരുന്നു ആ യാത്ര...
അനിൽ, ലീല ടീച്ചർ , യുസുഫ്പ ... നന്ദി.
ലിപി ... ഇത് ശരിക്കും ടൂർ തന്നെ ആയിരുന്നു കേട്ടോ... അതിനെ ബ്ലോഗ് മീറ്റ് ആക്കിയതല്ലേ ഞങ്ങൾ ...
ReplyDeleteശാന്ത ടീച്ചർ ... അസൂയയോ ? നാട്ടിലെ മീറ്റുകളൊക്കെ കണ്ടിട്ട് ഞങ്ങളാണിവിടെ അസൂയ കൊണ്ട് മരുന്നില്ലാതെ ഇരിക്കുന്നത്...
ചിത്രകാരൻ ... ഒരായിരം നന്ദി...
പാച്ചു ... ഇതുപോലെയുള്ള മീറ്റൊക്കെയാണെങ്കിൽ നാട്ടിലും മീറ്റ് ചെയ്യാംട്ടോ...
ReplyDeleteജിമ്മി... അതല്ലേ ഈ പോസ്റ്റിനെക്കുറിച്ച് അവസാന നിമിഷം വരെയും ഞാൻ മൌനം പാലിച്ചത്... സസ്പെൻസ്...
മുരളിഭായ്... മുരളിഭായ് ഞങ്ങളുടെ സ്വന്തം ആളല്ലേ...? ആ ധൈര്യത്തിലല്ലേ കൊട്ടിയത്... പിന്നെ നീലത്താമര തൽക്കാലം എഴുതുന്ന ലക്ഷണമൊന്നും കാണുന്നില്ല...
ഈ തായിഫ് യാത്ര കൊണ്ട് രണ്ടു ബ്ലോഗ്ഗെര്‍മാര്‍ക്കും ഓരോ പോസ്റ്റും കിട്ടി. നീലത്താമരക്ക് അതിമോഹമൊന്നും ഇല്ലാന്ന് മനസ്സിലായി. :) ഫോട്ടോ അടിക്കുറിപ്പ് കലക്കി.
ReplyDeleteFrom your picture, lot of blue stones are there in thaif. Let us start a Stone Quarry there. you make licence and I will do the rest.
ReplyDeleteസുകന്യാജി... അതേ, അപ്രതീക്ഷിതമായി ഒരു പോസ്റ്റിനുള്ള വകുപ്പ് വീണുകിട്ടി.
ReplyDeleteഅശോകൻ... ലണ്ടനിലെ ലഹള കാരണമായിരിക്കും അല്ലേ ഇങ്ങനെയൊരു ചിന്ത...? നമ്മുടെ മുരളിഭായിയെയും ഒപ്പം കൂട്ടിക്കോ...
ഇതാണ് വിനുവേട്ടാ, ശരിക്കും ബ്ലോഗ് മീറ്റിംഗ്. ഇതിനാണ് ത്രില്‍. :-)
ReplyDeleteബ്ലോഗ് മീറ്റ് എന്നാല്‍ രണ്ടോ മൂന്നോ ബ്ലോഗ്ഗെര്മാര് കുന്നിന്റെ മുകളിലോ ,
ReplyDeleteവെള്ളത്തിന്റെ അടിയിലോ ചുമ്മാ ഇരുന്നു ഈറ്റ് നടത്തുന്നതാണോ ...
ബ്ലോഗ് മീറ്റ് കളെ തമാശയായി കാണുവാന്‍ എന്തോ എനിക്ക് കഴിയുന്നില്ല ...
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു ..
ഇന്ന് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല പ്രകൃതി ഭംഗി ..
ഒപ്പം തമാശ കലര്‍ത്തിയ ഈ യാത്രാ വിവരണവും ...നന്മകള് ...:)
മിടുക്കനാ വിനുവേട്ടൻ. അപ്പോ ബ്ലോഗ് മീറ്റുമായി ഈറ്റുമായി, യാത്രയുമായി പിന്നെ ഒരു പോസ്റ്റുമായി.....ആഹാ!
ReplyDeleteപടങ്ങൾ ഒക്കെ ശേലായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
മീറ്റിനു ആശംസകള്‍.
ReplyDeleteഒരു കാര്യം ചോയ്ച്ചോട്ടെ.. ഈ തായ്ഫ് കുന്നിലല്ലേ സൌദിയിലെ ഭ്രാന്തന്മാരെ മുഴുവന്‍ പാര്‍പ്പിച്ചിരിക്കുന്നത് ? :)
ഷാബു... സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...
ReplyDeleteനൌഷാദ്... അപ്പോഴേക്കും സീരിയസ് ആയോ? ബ്ലോഗ് മീറ്റുകളെ കളിയാക്കാൻ വേണ്ടിയല്ല ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്... ഒരു വിനോദയാത്രയെ ഞാൻ ബ്ലോഗ് മീറ്റ് ആക്കി എന്ന് മാത്രം... സന്ദർശനത്തിനും കമന്റ്റിനും നന്ദി...
എച്ചുമുക്കുട്ടി... പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം...
കുട്ടൻമേനോൻ... എവിടെയാ മാഷേ... കാണാനില്ലല്ലോ... ചോദ്യം എനിക്കിഷ്ടപ്പെട്ടു... അല്ല, ശരിക്കും അങ്ങനെ ഒരു സംഭവമുണ്ടോ...?
വിനുവേട്ടന്റെ ബ്ലോഗ് മീറ്റും കണ്ടു ....
ReplyDeleteഒരു വിത്യസ്ത ബ്ലോഗ് മീറ്റ് ആയല്ലോ..
ഈ ച്ചുഉട് കാലത്തും തായിഫില്‍ തനുപ്പനെന്ന്ന് കേട്ടിട്ടുണ്ട്.. തണുപ്പും കാഴ്ചകളും ഒക്കെ കണ്ടു ഒരു കൊച്ചു ബ്ലോഗേര്‍സ് മീറ്റ്
എല്ലാ ആശംസകളും ...
നന്ദി നസീഫ് അരീക്കോട്... ഈ അരീക്കോടിന്റെ സ്പെല്ലിംഗ് നോർത്ത് ഇന്ത്യൻസിനെ പോലെ തന്നെ എന്നെയും അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്... എന്തോ സർവേയ്ക്ക് വേണ്ടി വന്ന അവർ ബോർഡ് കണ്ട് ബോസിനെ വിളിച്ചു പറഞ്ഞു... “ഹം ഏരിയാക്കോഡ് പഹുഞ്ചേ ... അബ് കഹാം ജാനാ ഹേ...?”
ReplyDeleteമീറ്റിനു ആശംസകള്‍.
ReplyDeleteപടങ്ങൾ ഒക്കെ നന്നായിട്ടുണ്ട്
ബ്ലോഗ് മീറ്റ് കഴിഞ്ഞപ്പോഴേക്കും എന്തായിരുന്നു കോലാഹലങ്ങള്‍... ചേരി തിരിഞ്ഞുള്ള ചെളി വാരിയേറ് കണ്ടതല്ലേ...? ....അതു ഇവിടെയും ഉണ്ടോ വിനുവേട്ടാ..സാധാരണ രാഷ്ട്രീയത്തിലാണ് കേട്ടിട്ടുള്ളത് .......പിന്നേ ഒരേ തൂവൽ പക്ഷികളിൽ കപ്പയുടെയും ,മത്തി കറിയുടെയും കാര്യം എഴുതീട്ടുണ്ട് ...നല്ല ഫോട്ടോസ് ... കുന്തിരിക്കം മണക്കുന്ന കാട്ടില്‍ പോകണമെന്ന് മോഹം ...ആറായിരം അടി ഉയരത്തിലെ ആദ്യബൂലോഗ മീറ്റ്...! കലക്കി. ...
ReplyDeleteവിനുവേട്ടാ ..തായ്ഫില്‍ ഞാനും പോയിരുന്നു ഈ ചെരിയപെരുന്നള് അവധിയില്‍ ,,പക്ഷെ കൂടെയുള്ളവര്‍ ബ്ലോഗേര്‍സ് അല്ലാത്തത് കൊണ്ട് മീറ്റി യില്ല ,,പക്ഷെ നന്നായി ഈറ്റി !!!
ReplyDeleteഇത്രേം ഉയരത്തിൽ ആദ്യത്തെ ബ്ലോഗ് മീറ്റ്.
ReplyDeleteവിനുവേട്ടാ.ഭയങ്കരനായിരുന്നു അല്ലേ??😜
ReplyDelete1982ൽ അൽ ഷിഫയിൽ അൽ ഹത്താം എന്ന പ്രകൃതിസുന്ദരമായ ഗ്രാമത്തിൽ കുറച്ചുക്കാലം ഞാനുണ്ടായിരുന്നു!
ReplyDeleteആശംസകൾ വിനുവേട്ടാ.