Saturday, February 19, 2022

ഒരു അഡാർ അരങ്ങേറ്റം അഥവാ കാളിദാസ വിഷാദയോഗം


"ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു
വേതാളഭട്ട ഘടകര്‍പ്പര കാളിദാസാഃ
ധ്യേയോ വരാഹമിഹിരോ നൃപതേസ്സഭായാം 
രത്നാനി വൈ വരരുചിര്‍ നവവിക്രമസ്യ"


ഗൂഗിളിൽ വേറൊരു കാര്യത്തിന് തിരഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടതാണ് വിക്രമാദിത്യ സഭയിലെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന പണ്ഡിതരെക്കുറിച്ചുള്ള ഈ ശ്ലോകം.


ഓർമ്മകൾ കുറെയേറെ പിറകോട്ട് സഞ്ചരിച്ചു. 1976-77 കാലഘട്ടം. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ് ഞാനന്ന്. ഞങ്ങളുടെ പ്രീയപ്പെട്ട മലയാളാദ്ധ്യാപകൻ ഗോപകുമാരൻ മാഷ്ടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ രൂപീകൃതമായ പ്രഥമ സ്കൗട്ട് ട്രൂപ്പിലെ ഒരംഗമാണ് ഞാനും.


ഉപജില്ലാ തലത്തിലുള്ള സ്കൗട്ട് പരിശീലന-മത്സര ക്യാമ്പിന് സമാപനമാകുന്നത് തൃശ്ശൂർ റീജണൽ തീയേറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന സ്കൗട്ട് ട്രൂപ്പുകൾ തമ്മിലുള്ള കലാ മത്സരങ്ങളോടെയാണ്. ടൗണിലെ മോഡൽ ബോയ്സ്, സി.എം.എസ്‌, അരണാട്ടുകര തരകൻസ്, കണിമംഗലം എസ്‌.എൻ തുടങ്ങിയ വമ്പൻ ടീമുകളുമായി മുട്ടാൻ നമുക്കെന്താടോ ഒരു കുറവ് എന്ന മാഷ്ടെ ചോദ്യം ഞങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.


പ്രൊഫഷണൽ കോസ്റ്റ്യൂമുകളോടെ നിലവാരമുള്ള വ്യത്യസ്തമായ ഒരു സ്കിറ്റ് അവതരിപ്പിക്കുകയാണെങ്കിൽ എന്തുകൊണ്ട് ഒന്നാം സമ്മാനം ഇവിടെയെത്തില്ല...? അങ്ങനെയാണ്‌ വിക്രമാദിത്യ സഭയിലെ നവരത്നങ്ങളെ അവതരിപ്പിക്കാൻ തീരുമാനമാകുന്നത്.


ഹെഡ് മാസ്റ്റർ ശ്രീ. മാധവമേനോൻ മാഷ്ടെയും ആശ്രമാധികാരി ശ്രീ. ശക്രാനന്ദ സ്വാമികളുടെയും അനുമതിയും അനുഗ്രഹവും ലഭിച്ചതോടെ കാര്യങ്ങൾക്ക് ശീഘ്രഗതിയായി. സ്കിറ്റ് തയ്യാറാക്കുന്നതിനായി രാജൻ മാഷും (മലയാളം) അശോകൻ മാഷും (സംസ്കൃതം) സഹായ ഹസ്തങ്ങളുമായി ഒപ്പം കൂടി.


അങ്ങനെ ക്യാമ്പ് കഴിഞ്ഞ് കൊട്ടിക്കലാശത്തിനായി ഞങ്ങൾ റീജണൽ തീയേറ്ററിൽ എത്തിച്ചേർന്നു. കാളിദാസന്റെ റോളാണ് ഈയുള്ളവന്‌ ലഭിച്ചിരിക്കുന്നത്. പുരാതന രാജഭരണ കാലത്തെ വേഷഭൂഷാദികളണിഞ്ഞ് മുഖത്ത് എണ്ണയും റോസ് പൗഡറും തേച്ച് ഉമിക്കരി കൊണ്ട് താടിയും മീശയും സെറ്റ് ചെയ്യാൻ ഗ്രീൻ‌റൂമിൽ മേക്കപ്പ്മാന്റെ മുന്നിൽ ഇരിക്കുമ്പോൾ മറ്റ് സ്കൂളുകൾ അവരുടെ പരിപാടികളുമായി തകർക്കുന്നുണ്ടായിരുന്നു.


"മാഷേ, നമ്മുടെ പരിപാടി വെറൈറ്റി ആയിരിക്കണം... കാളിദാസനെ നമുക്ക് കാണികളുടെ ഇടയിലൂടെ വിട്ട് രംഗപ്രവേശം ചെയ്യിച്ചാലോ...?" അശോകൻ മാഷ് ചോദിച്ചു.


"അത് നല്ല ആശയം... ജഡ്ജസിനെയൊക്കെ ഒന്ന് ഇമ്പ്രസ് ചെയ്യാനും പറ്റും..." ഗോപൻ മാഷും രാജൻ മാഷും പിന്താങ്ങി. 23rd ട്രിച്ചൂർ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന്റെ രക്ഷാധികാരിയും സെൻട്രൽ ഹോട്ടൽ ഉടമയുമായ വില്യംസ് സായിപ്പും ജഡ്ജസിനോടൊപ്പം മുൻനിരയിൽ ഇരിക്കുന്നുണ്ട്.


'വിവേകാനന്ദാ സ്കൗട്ട് ട്രൂപ്പ്, പുറനാട്ടുകര ഗെറ്റ് റെഡി' എന്ന അനൌൺസ്മെന്റ് മുഴങ്ങിയപ്പോൾ അശോകൻ മാഷ് എന്നെയും കൊണ്ട് ഓഡിറ്റോറിയത്തിന്റെ മുൻഭാഗത്തെ പ്രവേശന കവാടത്തിനരികിലേക്ക് നടന്നു. ബാക്കി എട്ട് രത്നങ്ങളെയും കൊണ്ട് ഗോപൻ മാഷ് സ്റ്റേജിലേക്കുള്ള പ്രവേശന കവാടത്തിനരികിൽ നിന്നു.


"എടോ, തനിക്കറിയുമോ, ഈ കാളിദാസനുണ്ടല്ലോ, നല്ലൊരു സൗന്ദര്യാരാധകനായിരുന്നു... വേദിയിലേക്കുള്ള മന്ദഗമനത്തിനിടെ ഇടയ്ക്കൊന്ന് നിന്ന് ചുറ്റിനും ഒരു വീക്ഷണം നടത്തി സുന്ദരികളായ തരുണീമണികൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെ നോക്കി ആ സൗന്ദര്യം ഒക്കെ ആസ്വദിച്ച് വേണം മുന്നോട്ട് നീങ്ങാൻ..." മാഷ് പറഞ്ഞു.


ബെസ്റ്റ്...! ആദ്യമായി സ്റ്റേജിൽ കയറുന്നതിന്റെ ടെൻഷനിലായിരുന്നു ഞാൻ. അത് ഒന്നു കൂടി കൂടിയെന്ന് പറഞ്ഞാൽ മതിയല്ലോ.


''അടുത്തതായി വേദിയിലെത്തുന്നത് വിവേകാനന്ദാ സ്കൗട്ട് ട്രൂപ്പ്, ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹൈസ്കൂൾ, പുറനാട്ടുകര..." മൈക്കിലൂടെ അനൗൺസ്മെന്റ് മുഴങ്ങി.


"പാശ്ചാത്യ ജനത വനാന്തരങ്ങളിൽ വാനരന്മാരെപ്പോലെ അലഞ്ഞു നടന്നിരുന്ന കാലത്തും നാഗരികമായ ഒരു സംസ്കാരത്തിന് ഉടമകളായിരുന്നു ഭാരത ജനത.............." രാജൻ മാഷുടെ പ്രൗഢ ഗംഭീരമായ സ്വരം മൈക്കിലൂടെ ഒഴുകിയെത്തി.     സാവധാനം ഉയരുന്ന തിരശീലയ്ക്കൊപ്പം വിക്രമാദിത്യ ചക്രവർത്തിയെക്കുറിച്ചുള്ള സംഗ്രഹം. പിന്നെ ഒരു ലഘു വിവരണത്തിന്റെ അകമ്പടിയോടെ ആദ്യ കഥാപാത്രമായ ധന്വന്തരി വേദിയിലേക്ക് പ്രവേശിച്ചു.


ധന്വന്തരി, ക്ഷപണകൻ, അമരസിംഹൻ എന്നിവർ വേദിയിൽ നിലയുറപ്പിച്ചു കഴിഞ്ഞതോടെ അശോകൻ മാഷ് പറഞ്ഞു. "എന്നാലിനി താൻ ഇറങ്ങിക്കോ... പറഞ്ഞത് മറക്കണ്ട... പക്ഷേ, ഒരു കാര്യം... ആസ്വാദനം കൂടി ടൈമിങ്ങ് തെറ്റരുത്... ഘടകർപ്പരൻ സ്റ്റേജിൽ എത്തി കുറച്ചു കഴിയുമ്പോഴേക്കും താൻ വേദിയ്ക്ക് താഴെ ഉണ്ടാകണം..."


അങ്ങനെ ഞാൻ നടന്നു തുടങ്ങുകയാണ് സുഹൃത്തുക്കളേ നടന്നു തുടങ്ങുകയാണ്... സദസ്സിനിടയിൽ അപ്രതീക്ഷിതമായി കാളിദാസനെ കണ്ടതും "ദേ, ദിങ്ങ്ട് നോക്ക്യേ" എന്നുള്ള സീൽക്കാരങ്ങൾ ചെറിയൊരു ആരവമായി മാറി. കാണികളുടെ ശ്രദ്ധ സ്റ്റേജിൽ നിന്നും എന്നിലേക്കായി. ഇതു തന്നെ അവസരം... അശോകൻ മാഷ് പറഞ്ഞത് പോലെ ഞാൻ അവിടെ നിന്ന് മൊത്തം സദസ്സിനെ ഒന്നു വീക്ഷിച്ചു. പിന്നെ തിരിഞ്ഞ്, വലതു വശത്ത് ഇരിക്കുന്ന രണ്ട് സുന്ദരികളെ മിഴികളാൽ ഒരു മാത്ര ഉഴിഞ്ഞിട്ട് മുന്നോട്ട് നടന്നു.


എന്റെ ശ്രദ്ധ വീണ്ടും സ്റ്റേജിലേക്കും നാരേഷനിലേക്കും തിരികെ എത്തിയതോടെയാണ് ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. കാളിദാസനെക്കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ മൈക്കിലൂടെ ഒഴുകുന്നത്...! ശങ്കുവും വേതാളഭട്ടനും ഘടകർപ്പരനും വേദിയിൽ നിരന്നു കഴിഞ്ഞിരിക്കുന്നു. അവരുടെ ദയനീയമായ നോട്ടം എന്നിലേക്കാണ്. വേദിയിൽ എത്തണമെങ്കിൽ പാതി ദൂരം ഇനിയും ബാക്കി!


പിന്നൊന്നും ആലോചിച്ചില്ല. നടത്തത്തിനും ഓട്ടത്തിനും മദ്ധ്യേയുള്ള പുതിയൊരു കായിക ഇനവുമായി ഞാൻ മുന്നോട്ട് കുതിച്ചു. സ്റ്റേജിലേക്ക് കയറാനുള്ള പടിക്കെട്ടിൽ കാലെടുത്തു വച്ചതും വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് തിരശീല താഴേക്ക് പതിച്ചു.


"ദെന്താപ്പംണ്ടായേ" എന്ന അമ്പരപ്പോടെ നിൽക്കുന്ന എന്നെ നോക്കി സ്റ്റേജിന്റെ ഇടതു‌ഭാഗത്തെ കവാടത്തിനരികിൽ നിന്നിരുന്ന ഗോപൻ മാഷ് പറഞ്ഞു "ദാ, ഇതിലെ ഇങ്ങ്ട് കേറിപ്പോന്നോളൂ..."


ഗ്രീൻറൂമിനും സ്റ്റേജിനും ഇടയിലെ കോറിഡോറിൽ മ്ലാനവദനരായി അവർ നാലു പേരും നിൽക്കുന്നുണ്ടായിരുന്നു. ഗോപൻ മാഷ്, രാജൻ മാഷ്, വരാഹമിഹിരൻ, പിന്നെ വരരുചി. സ്റ്റേജിൽ നിന്ന് തിരിച്ചെത്തിയ ബാക്കി നവരത്നങ്ങളും ഒപ്പം ചേർന്നു. കാളിദാസനെ കാണികൾക്കിടയിലേക്ക് ഇറക്കിവിട്ട് ഓഡിറ്റോറിയത്തിന്റെ മുഖ്യകവാടത്തിൽ നിന്നിരുന്ന അശോകൻ മാഷും അപ്പോഴേക്കും ഓടിയെത്തി. "എന്താണ്ടായേ മാഷേ...?!"


"നമ്മൾ തയ്യാറാക്കിയത് ഇരുപത് മിനിട്ടിനുള്ള സ്കിറ്റല്ലേ മാഷേ... പരിപാടി തുടങ്ങിയപ്പോഴാണറിയുന്നത് ഓരോ ടീമിനും പത്ത് മിനിറ്റേ അനുവദിച്ചിട്ടുള്ളൂ എന്ന്..." വിഷണ്ണനായി ഗോപൻ മാഷ് പറഞ്ഞു.


"അതറിഞ്ഞയുടൻ വിവരണങ്ങൾ കഴിയാവുന്നിടത്തോളം ഞാൻ വെട്ടിച്ചുരുക്കുകയും ചെയ്തു..." രാജൻ മാഷ് കൂട്ടിച്ചേർത്തു.


അത് ശരി... അങ്ങനെ വരട്ടേ... അപ്പോൾ എന്റെ ടൈമിങ്ങ് തെറ്റിയതല്ലായിരുന്നു...!


"സാരമില്ലെടോ... പോട്ടെ... ഇനിയും അവസരം വരുമല്ലോ..." എന്റെ മുഖത്തെ മ്ലാനത മനസ്സിലാക്കിയിട്ടായിരിക്കണം ഗോപൻ മാഷ് പറഞ്ഞു.


അതു കേട്ട അശോകൻ മാഷ് എന്റെ നേർക്ക് തിരിഞ്ഞു. "കാളിദാസന് കാണികൾക്കിടയിലൂടെ ചെത്തി വരാനെങ്കിലും പറ്റീലോ... വേഷം കെട്ടി നിൽക്കുന്ന ഈ പാവം വരാഹമിഹിരന്റെയും വരരുചിയുടെയും അവസ്ഥ താനൊന്ന് ആലോചിച്ച് നോക്ക്യേ..."


വാൽക്കഷണം :  

നവരത്നങ്ങളിൽ മൂന്നു പേർക്ക് സ്റ്റേജിൽ കയറാൻ അവസരം ലഭിച്ചില്ലെങ്കിലും സമ്മാനം ഒരെണ്ണം കരസ്ഥമാക്കിയിട്ടാണ് വിവേകാനന്ദാ സ്കൗട്ട് ട്രൂപ്പ് പുറനാട്ടുകരയ്ക്ക് മടങ്ങിയത്. മികച്ച കോസ്റ്റ്യൂമിനും സ്ക്രിപ്റ്റിനും കഥാപാത്രാവിഷ്കാരത്തിനുമുള്ള വില്യംസ് സായിപ്പിന്റെ വക സ്പെഷ്യൽ ജൂറി പുരസ്കാരവുമായി... 😊