ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന
നേരം. അല്ലെങ്കിലും കുറേ നാളായി വിശ്രമം കഴിഞ്ഞിട്ട് ഒന്നിനും നേരമില്ല എന്ന് പറയുന്നതായിരിക്കും
ശരി. വാട്സാപ്പ് മെസേജുകൾ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ പേര് കണ്ടത്. ശ്രീ. പോൾ
പഴയാറ്റിൽ സർ.
മനസ്സിൽ തോന്നിയ സന്തോഷത്തിന് അതിരില്ല. ആരാണ് ഈ പറയുന്ന പോൾ പഴയാറ്റിൽ സർ എന്നല്ലേ…? അമേരിക്കയിലാണ് അദ്ദേഹം. സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ഇംഗ്ലീഷ് ലെക്ച്ചറർ ആയിരുന്നു. ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങ് എന്ന നോവൽ ഞങ്ങളെ പഠിപ്പിച്ച അദ്ധ്യാപകൻ.
1979-1984
കാലഘട്ടത്തിൽ സെന്റ് തോമസ്സില്‍ പഠിച്ചിരുന്ന കാലത്ത് ശ്രീ. പോള്‍ പഴയാറ്റില്‍ മാഷ്‌ടെ
ഇംഗ്ലീഷ് ക്ലാസ്സുകള്‍ക്കായി കാത്തിരുന്നത് പെട്ടെന്ന് ഓര്‍മ്മയിലെത്തി. ഒരു മലയാളം
മീഡിയം വിദ്യാലയത്തില്‍ നിന്നും കോളേജില്‍ എത്തിയ എനിക്ക്, അന്ന് ഇംഗ്ലീഷ് അനായാസം
വഴങ്ങുന്ന ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ, ഞങ്ങളേക്കാള്‍ ഏഴോ എട്ടോ വയസ്സ്
മാത്രം കൂടുതലുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ എനിക്ക് വളരെ ആകര്‍ഷകമായി തോന്നി.
വരികള്‍ക്കിടയില്‍ കഥാകൃത്ത് പറയാതെ പറഞ്ഞു പോയ പല സന്ദേശങ്ങളും അദ്ദേഹം വിവരിക്കുമായിരുന്നു.
ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മകള്‍ സ്റ്റോം വാണിങ്ങ് എന്ന നോവലിന്റെ വിവര്‍ത്തനത്തില്‍
എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാനാവില്ല.
പോള്‍ ഗെറിക്കിന്റെ വീരഗാഥകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവേശം കാണേണ്ടത് തന്നെയായിരുന്നു.
അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞു... 'ഗെറിക്കിന് എങ്ങനെ സ്മാര്‍ട്ട് ആകാതിരിക്കാന്‍
കഴിയും... because... he is also Paul... just like me...'
പ്രത്യക്ഷ പ്രണയജോഡികളായ റിക്ടറും ലോട്ടെയും... പിന്നെ ജാഗോയും ജാനറ്റും... ഇവരെക്കൂടാതെ
അദൃശ്യമായി തഴുകിപ്പോകുന്ന മറ്റ് മൂന്ന് പ്രണയങ്ങള്‍... ഗെറിക്കും ജാനറ്റും... അഡ്‌മിറല്‍
റീവും ജീന്‍ സിന്‍ക്ലെയറും... സിസ്റ്റര്‍ ആഞ്ചലയുടെ മുന്നില്‍ നിസ്സഹായനാകുന്ന ബെര്‍ഗറുടെ
മാനസികാവസ്ഥ, മദ്ധ്യവയസ്സ് പിന്നിട്ട പ്രണയത്തിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍
വായിച്ച ഭാഗങ്ങളിലേക്ക് പലവട്ടം തിരിച്ചു പോകാതിരിക്കാന്‍ കഴിഞ്ഞില്ല. വരികള്‍ക്കിടയില്‍
ജാക്ക് ഹിഗ്ഗിന്‍സ് ഒളിപ്പിച്ചുവച്ച പല മൗനങ്ങളും അങ്ങനെയാണ് ഞാന്‍ കണ്ടെത്തിയത്.
ആകാംക്ഷയോടെ വാട്സാപ്പ്
മെസേജ് തുറന്നു.
“Hello Rejiram, how
are you? We are in Kerala for a short visit. If you are free, we would love to
catch up with you sometime...!”
“Sure… Tentatively when sir…?” ഉടൻ തന്നെ ഞാൻ മറുപടി കൊടുത്തു. ഏറ്റവുമൊടുവിൽ മാഷെ കണ്ടത് ഏതാണ്ട്
അഞ്ച് വർഷം മുമ്പാണ്.
“The English
Department at St. Thomas College has asked me to give a talk to the PG
students. Most probably it will be in the last week of January… Could we meet in Trichur…?”
“Sure, sir… I would be more than happy…”
പിന്നാലെ അദ്ദേഹത്തിന്റെ
കോൾ എത്തി. “ഹലോ രജിറാം… അപ്പോൾ നമ്മൾ സെന്റ് തോമസ് കോളേജിൽ വച്ച് മീറ്റ്
ചെയ്യുന്നു…”
“നോ പ്രോബ്ലം സർ, പക്ഷേ,
അവിടെ എന്റെ റോൾ എന്താണ്…?”
“യൂ ജസ്റ്റ് കം… Literary Minds in Historic Worlds എന്നതാണ് സബ്ജക്റ്റ്… യൂ വേർ എ സയൻസ് സ്റ്റൂഡന്റ്,
ഈസ്ന്റ്…? ബട്ട് യൂ സെഡ്, യൂ വേർ വെരി മച്ച് ഇന്ററസ്റ്റഡ്
ഇൻ ലിറ്ററേച്ചർ ആൻഡ് യൂ ഗോട്ട് എ സ്പാർക്ക് ഫ്രം മീ, ട്രാൻസ്ലേറ്റഡ് മെനി നോവൽസ് റ്റു
മലയാളം… വീ വിൽ ഹാവ് എ കാഷ്വൽ ടോക്ക് വിത്ത് ദെം… ഐ വിൽ ലെറ്റ് യൂ നോ ദി എക്സാക്റ്റ് ഡേറ്റ് ലേറ്റർ…”
“ഓകെ സർ…”
അങ്ങനെയാണ് കഴിഞ്ഞ ബുധനാഴ്ച്ച,
ജനുവരി ഇരുപത്തിയെട്ടാം തീയ്യതി രാവിലെ ഒമ്പതേകാലോടെ വീണ്ടും ഞാൻ സെന്റ് തോമസ് കോളേജിൽ
എത്തുന്നത്. ആർട്സ് ബ്ലോക്കിൽ കാർ പാർക്ക് ചെയ്തിട്ട് എങ്ങോട്ട് പോകണം എന്നറിയാതെ സെക്യൂരിറ്റി
ചേട്ടനോട് കാര്യങ്ങൾ പറഞ്ഞ് നിൽക്കുമ്പോഴാണ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ അദ്ധ്യാപകൻ
ഡോ. വിജു എം.ജെ വന്ന് എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പോൾ പഴയാറ്റിൽ സാറും
സഹധർമ്മിണിയും നേരത്തേ തന്നെ എത്തിയിരുന്നു. കൂടെയുള്ള മറ്റു രണ്ടു പേരെ അദ്ദേഹം പരിചയപ്പെടുത്തി.
“ഇത് എന്റെ ബ്രദറും വൈഫും…” പഴയാറ്റിൽ സർ എല്ലാവരുടെയും മുന്നിൽ എന്നെയും
പരിചയപ്പെടുത്തി.
ഒമ്പതര കഴിഞ്ഞതോടെ വിജു സാറിന്റെ നേതൃത്വത്തിൽ എല്ലാവരും കൂടി സയൻസ് ബ്ലോക്കിലുള്ള ‘കവിപ്രതിഭ’ ഹാളിലേക്ക്. സയൻസ് ബ്ലോക്ക് ആകെപ്പാടെ മാറിയിരിക്കുന്നു. പണ്ട് ഉണ്ടായിരുന്ന ആ ‘ഐലന്റ് ബിൽഡിങ്ങ്’ ഇപ്പോൾ ഇല്ല. പകരം ആധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ഒരു ബഹുനില കെട്ടിടം. ലിഫ്റ്റിൽ കയറി മുകളിൽ ചെന്നിറങ്ങിയത് കവിപ്രതിഭ ഹാളിന് മുന്നിൽ. ഡോ. അനു പോൾ (HOD), ഡോ. കെ.പി നന്ദകുമാർ, ഡോ.അനിൽ ജോർജ്ജ് കെ., ഡോ. ബിജു എം.എ, ഡോ. വിജു എം.ജെ തുടങ്ങിയവർ ചേർന്ന് ഞങ്ങളെ ഹാളിലേക്ക് ആനയിച്ചു. സദസ്യരായി ഏതാണ്ട് നൂറിനടുത്ത് വിദ്യാർത്ഥികൾ.
ഡോ. അനു പോളിന്റെ സ്വാഗത
പ്രസംഗവും വൈസ് പ്രിൻസിപ്പാൾ അച്ചന്റെ അദ്ധ്യക്ഷ പ്രസംഗവും ഡോ. കെ.പി നന്ദകുമാറിന്റെ
ആശംസാ പ്രസംഗവും കഴിഞ്ഞ് പോൾ പഴയാറ്റിൽ സർ തന്റെ പ്രഭാഷണത്തിനായി എഴുന്നേറ്റു. തന്നോടൊപ്പം
വന്നിരിക്കുന്നവരെ സദസ്സിന് പരിചയപ്പെടുത്തിയ കൂട്ടത്തിൽ എനിക്കും സ്ഥാനം ലഭിച്ചത്
സന്തോഷം പകർന്നെങ്കിലും പിന്നീടാണ് എന്റെ കിളി പോയത്. “ഹീ ഈസ് എ ഫോർമർ സ്റ്റുഡന്റ്
ഓഫ് മൈൻ… ട്രാൻസ്ലേറ്റഡ് മെനി ഇംഗ്ലീഷ് നോവൽസ് റ്റു മലയാളം
ആൻഡ് ഹീ ഈസ് ഹിയർ ഫോർ സംതിങ്ങ്, ഹീ വിൽ റ്റെൽ യൂ മോർ ലേറ്റർ…”
ജസ്റ്റ് ഫോർ എ കാഷ്വൽ
ടോക്ക് എന്നൊക്കെ പറഞ്ഞിട്ട് ഇതിപ്പോൾ പണിയായല്ലോ… ഇത്രയും
വലിയ ഒരു സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുക എന്നൊക്കെ പറഞ്ഞാൽ… അതും ജീവിതത്തിൽ ആദ്യമായി…!
അമേരിക്കൻ യൂണിവേഴ്സിറ്റി
അനുഭവങ്ങൾ സരസമായി വിവരിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം ബ്രിട്ടീഷ് ഇംഗ്ലീഷ് പിന്തുടരുന്ന
നമ്മുടെ രീതിയെ പ്രത്യേകം ശ്ലാഘിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ നേരിടുന്ന വിവേചനത്തെക്കുറിച്ചും
അദ്ദേഹം സൂചിപ്പിക്കാതിരുന്നില്ല. ചരിത്രവും സാഹിത്യവും എങ്ങനെ പരസ്പര പൂരകങ്ങളായി
നിലകൊള്ളുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. താൻ എഴുതിയ
നാല് പുസ്തകങ്ങളെ പരിചയപ്പെടുത്തിയ അദ്ദേഹം ഒരാൾ എങ്ങനെ സാഹിത്യ രംഗത്തേക്ക് എത്തിപ്പെടുന്നു
എന്നതിനെക്കുറിച്ചും വാചാലമായി. “ആൻ ആക്സിഡെന്റൽ സ്പാർക്ക്… ഹൗ ഇറ്റ് ടേൺസ് എ പേഴ്സൺ ഇൻ റ്റു എ റൈറ്റർ… ലെറ്റ് മീ ഗീവ് ദി മൈക്ക് റ്റു രജിറാം… ഹീ വിൽ എക്സ്പ്ലെയ്ൻ…”
സത്യം പറഞ്ഞാൽ പ്രാഞ്ചിയേട്ടന്റെ
അവസ്ഥയിലായിരുന്നു ഞാൻ. എങ്കിലും ധൈര്യം സംഭരിച്ച് എഴുന്നേറ്റു. Literary Minds in
Historical Worlds ആണല്ലോ വിഷയം. ജാക്ക് ഹിഗ്ഗിൻസും സെക്കൻഡ് വേൾഡ് വാറും ഉണ്ടല്ലോ
കൈയിൽ.
“ഗുഡ് മോണിങ്ങ് റ്റു ഓൾ… അയാം നോട്ട് ആൻ എലക്യൂഷനിസ്റ്റ് ഓർ ആൻ എക്സ്പെർട്ട് ഇൻ പബ്ലിക്ക് സ്പീച്ച്… ഡൂ യൂ മൈൻഡ് ഇഫ് ഐ ടോക്ക് റ്റു യൂ ഇൻ മലയാളം…?”
കുട്ടികളും അദ്ധ്യാപകരും
എന്തായാലും എന്റെ പ്രതീക്ഷ തെറ്റിച്ചില്ല. പൂർണ്ണസമ്മതം…
സ്വയം പരിചയപ്പെടുത്തിക്കൊണ്ട്
ഞാൻ ആരംഭിച്ചു. 1979 മുതൽ 1984 വരെ ഇതേ കോളേജിൽ പഠിച്ചിരുന്ന കാര്യവും മലയാളം മീഡിയത്തിൽ
നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് എത്തിയ ഞാൻ നേരിട്ട ബുദ്ധിമുട്ടുകളും എല്ലാം വിവരിച്ചിട്ട്
നേരെ നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങിലേക്ക് കടന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്ത്
അമേരിക്കയുടെയും ബ്രിട്ടന്റെയും നാവികസേനകൾ വിഹരിക്കുന്ന അറ്റ്‌ലാന്റിക്ക് മഹാസമുദ്രത്തിലൂടെ
ഒരു പായ്ക്കപ്പലിൽ സ്വന്തം നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്ന ഒരു സംഘം ജർമ്മൻ കന്യാസ്ത്രീകളുടെ
കഥ… ഏതാണ്ട് അയ്യായിരത്തോളം മൈൽ ദൂരമുള്ള ആ യാത്രയിൽ
അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ… ഒടുവിൽ കൊടുങ്കാറ്റിൽ പെട്ട് സ്കോട്‌ലണ്ടിന് പടിഞ്ഞാറ്
ഔട്ടർ ഹെബ്രിഡ്സിൽ മുങ്ങുന്ന ഡോയ്ഷ്‌ലാന്റ് എന്ന ആ പായ്ക്കപ്പലിന്റെ അന്ത്യയാത്ര… അത് സകല വികാര തീവ്രതയോടും കൂടി ഞങ്ങളുടെ മനസ്സിലേക്ക് പകർന്നു തന്ന
പോൾ പഴയാറ്റിൽ സാറിന്റെ അദ്ധ്യാപന ചാരുത… ആ ഒരു സ്പാർക്ക്… അതൊന്നു മാത്രമാണ് സ്റ്റോം വാണിങ്ങ് മലയാളത്തിലേക്ക് മൊഴി മാറ്റുവാൻ
എനിക്ക് ഊർജ്ജം തന്നത്… ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴേക്കും സ്റ്റോം വാണിങ്ങ്
പൂർണ്ണമായും ഞാൻ വിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു.
പിന്നീട് ഉദ്യോഗാർത്ഥം
ബോംബെയിലും, തുടർന്ന് 1989 ൽ സൗദി അറേബ്യയിലും എത്തിയതും കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയി
ജോലി ആരംഭിച്ചതും നാല് വർഷങ്ങൾക്കുള്ളിൽ ആ മൾട്ടിനാഷണൽ കമ്പനിയുടെ പ്രൊഡക്ഷൻ പ്ലാനർ
ആയി സ്ഥാനക്കയറ്റം ലഭിച്ചതും എല്ലാം വിവരിച്ചു. 2007 ൽ ബ്ലോഗുകൾ പ്രചാരത്തിലായതോടെയാണ്
പഴയ സ്റ്റോം വാണിങ്ങ് പരിഭാഷ പൊടി തട്ടിയെടുത്ത് ഞാൻ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്. അതിന്
മികച്ച സ്വീകാര്യത ലഭിച്ചതും തുടർന്ന് വായനക്കാരുടെ നിർബ്ബന്ധത്തിന് വഴങ്ങി, ഒന്നിന്
പിറകെ ഒന്നായി ജാക്ക് ഹിഗ്ഗിൻസിന്റെ വേറെ എട്ട് നോവലുകൾ കൂടി പരിഭാഷ ചെയ്ത് ബ്ലോഗിൽ
പ്രസിദ്ധീകരിച്ചതും വിവരിച്ചപ്പോൾ സദസ്സ് കരഘോഷം മുഴക്കി. മൈക്ക് വീണ്ടും പഴയാറ്റിൽ
സാറിന് കൈമാറി കസേരയിൽ ഇരുന്നതോടെ ഇത് സംഭവം വിചാരിച്ചത് പോലെ ഭയപ്പെടാനൊന്നുമില്ലല്ലോ
എന്നൊരു ആത്മവിശ്വാസം കൈവന്നിരുന്നു.
പരിപാടി കഴിഞ്ഞ് സെന്റ്
തോമസ് കോളേജിലെ നവീകരിച്ച ലൈബ്രറിയും റിസർച്ച് ഹാളും ഒക്കെ സന്ദർശിച്ച് ഞങ്ങൾ ഇംഗ്ലീഷ്
ഡിപ്പാർട്മെന്റിൽ എത്തി. എന്റെ ആ പഴയ മേശയും കസേരയും എവിടെ എന്ന് അന്വേഷിച്ചു നടന്ന
പോൾ സാർ ഇപ്പോഴത്തെ HOD അനു മാഡത്തിനെയും മറ്റ് അദ്ധ്യാപകരെയും ചിരിപ്പിച്ചു കളഞ്ഞു
എന്ന് പറഞ്ഞാൽ മതിയല്ലോ. അപ്പോഴേക്കും ക്യാന്റീനിൽ നിന്നും ചായയും ചൂടു പഴംപൊരിയും
എത്തി. പഴയകാല ഓർമ്മകൾ അയവിറക്കാൻ പോൾ സാറിനോടും കെ.പി. നന്ദകുമാർ സാറിനോടും ഒപ്പം
ഞാനും ചേർന്നു. കൂട്ടത്തിൽ ഒന്നോ രണ്ടോ PG വിദ്യാർത്ഥികളാണെന്ന് തോന്നുന്നു, എന്റെ
വിവർത്തന നോവലുകളുടെ ബ്ലോഗ് ലിങ്ക്സ് ആവശ്യപ്പെട്ട് വരികയും സന്തോഷപൂർവ്വം അവ നൽകുകയും
ചെയ്തു.
എന്തുകൊണ്ടും സന്തോഷവും
അഭിമാനവും പകർന്ന ഒരു ഒത്തു ചേരലായിരുന്നു അത്. ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ച പ്രീയപ്പെട്ട
പോൾ പഴയാറ്റിൽ സാറിന് നന്ദി… ഒപ്പം ഹൃദയപൂർവ്വം ഞങ്ങൾക്ക് ആതിഥ്യമരുളിയ സെന്റ്
തോമസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിനും
HOD ഡോ. അനു പോൾ മാഡം, ഡോ. കെ.പി.
നന്ദകുമാർ സർ, ഡോ. അനിൽ ജോർജ് സർ, ഡോ. വിജു എം.ജെ സർ, ഡോ. ബിജു എം.എ സർ എന്നിവർക്കും,
ഇനി ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അവർക്കും നന്ദി, സ്നേഹം…


