Friday, January 28, 2011

ഒരു മഴദിനം കൂടി ...

രാവിലെ കമ്പനിയിലേക്ക്‌ തിരിക്കുന്നതിനു മുമ്പ്‌ കാലാവസ്ഥാ പ്രവചനം നോക്കുക എന്നത്‌ ഒരു ശീലമായിരിക്കുന്നു ഇപ്പോള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മഴ ലഭിച്ചിരുന്ന ജിദ്ദയില്‍ ഇപ്പോള്‍ മഴ ഇടയ്ക്കിടെ വിരുന്നിനെത്തി തുടങ്ങിയിരിക്കുന്നു.

മഴ ഒരു ഹരമാണ്‌. നാട്ടില്‍ ... എന്നാല്‍ ജിദ്ദയിലെ മഴ സമ്മാനിക്കുന്നത്‌ ഭീതിയാണ്‌. നിര്‍ത്താതെ അര മണിക്കൂര്‍ പെയ്തിറങ്ങിയാല്‍ എന്തും സംഭവിക്കാവുന്ന നാഴികകളാണ്‌ പിന്നെ. അതാണ്‌ കഴിഞ്ഞ വര്‍ഷം മുതലുള്ള അനുഭവം...

കാലാവസ്ഥാ പ്രവചനം അനുസരിച്ച്‌ ഇന്ന് മഴയുടെ ദിനമാണ്‌. ജാലകത്തിലൂടെ കിഴക്കന്‍ ചക്രവാളത്തിലേക്ക്‌ എത്തിനോക്കി. തെളിഞ്ഞ ആകാശം. പേരറിയാത്ത കിഴക്കന്‍ മലകളുടെ അപ്പുറത്തു നിന്നും ഉയര്‍ന്നുവരുന്ന ബാലസൂര്യന്‍. ഇതാണോ മഴയുടെ ദിനം? ആകാശവാണിയില്‍ പണ്ട്‌ കേട്ടിരുന്ന കാലാവസ്ഥാപ്രവചനം പോലെയായിത്തുടങ്ങിയോ ഇവിടെയും?

റിപ്പബ്ലിക്ക്‌ ദിനം പ്രമാണിച്ച്‌ സ്കൂളില്‍ പരിപാടികള്‍ ഉണ്ടെങ്കിലും 'എനിക്ക്‌ വയ്യ പോകാന്‍' എന്ന് മകന്‍... അതേതായാലും നന്നായി. മഴ വല്ലതും പെയ്യുകയാണെങ്കില്‍ പോകാതിരിക്കുന്നത്‌ തന്നെയാണ്‌ സുരക്ഷിതം.

തെളിഞ്ഞ പ്രഭാതത്തിലെ കുളിര്‍കാറ്റിനൊപ്പം യാത്ര ചെയ്ത്‌ കമ്പനിയിലെത്തിയപ്പോഴാണ്‌ മാനം ഇരുളുന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌. വടക്ക്‌ കിഴക്കന്‍ ചക്രവാളത്തിലേക്ക്‌ അതിവേഗം പായുന്ന ഭീമാകാരങ്ങളായ കാര്‍മേഘക്കൂട്ടങ്ങള്‍... ഇത്‌ തിമര്‍ക്കുന്ന ലക്ഷണമുണ്ട്‌...

കാര്‍ , അല്‍പ്പം ഉയര്‍ന്ന നടപ്പാതയില്‍ കയറ്റിയിട്ടിട്ട്‌ സുരക്ഷിതത്വം ഉറപ്പാക്കി ഓഫീസില്‍ എത്തിയപ്പോഴേക്കും ആദ്യതുള്ളി ഭൂമിയില്‍ പതിച്ചു കഴിഞ്ഞിരുന്നു.




ജോലി തുടങ്ങുന്നതിന്‌ മുമ്പായി വീട്ടിലേക്ക്‌ വിളിച്ചു. അവിടെ മഴ തകര്‍ക്കുകയാണത്രേ. ഇടമുറിയാത്ത മഴ... പണ്ടത്തെപ്പോലെ വെള്ളത്തിലൂടെ നടന്ന് വരാന്‍ നോക്കല്ലേ എന്ന ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും...

പതിനൊന്ന് മണിയോടെ പണിയൊന്നൊതുങ്ങിയപ്പോഴാണ്‌ ജിമ്മിയെ വിളിച്ചത്‌.

"അണ്ണാ... ഇതു പോലത്തെ മഴ ഞാനിവിടെ കണ്ടിട്ടേയില്ല... ഓഫീസില്‍ നിന്ന് നോക്കിയാല്‍ കാണാം ... റോഡുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്‌... വാഹനങ്ങള്‍ പലതും കുടുങ്ങിക്കിടക്കുകയാണ്‌... പുറത്തേക്കിറങ്ങാന്‍ പറ്റില്ല... ഇന്ന് ഉച്ചയ്ക്കത്തെ ശാപ്പാടിന്റെ കാര്യം ഗോവിന്ദ..."

അപ്പോള്‍ വടക്ക്‌ കിഴക്ക്‌ ദിശയിലേക്ക്‌ മാരത്തോണ്‍ പോലെ പോയ മേഘങ്ങള്‍ അവിടെയാണ്‌ തകര്‍ക്കുന്നത്‌. ഇന്ന് വീട്ടില്‍ പോക്ക്‌ നടക്കില്ല എന്ന് സാരം. ഒരു മണിക്കൂറിലധികം മഴ പെയ്താല്‍ കമ്പനിയില്‍ നിന്ന് ആരും പുറത്ത്‌ പോകരുത്‌ എന്നാണ്‌ കല്‍പ്പന. അത്‌ ലംഘിച്ച്‌ പോയി ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്നും.



ഉച്ച കഴിഞ്ഞതോടെ കൂടുതല്‍ വിവരങ്ങള്‍ എത്തിത്തുടങ്ങി. ബലദ്‌, ഹയ്‌ല്‌ സ്ട്രീറ്റ്‌, മദീന റോഡ്‌, അന്തലോസ്‌ റോഡ്‌, പലസ്തീന്‍ റോഡ്‌, എക്സ്പ്രസ്‌ ഹൈവേ തുടങ്ങി മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. കിലോമീറ്ററുകളോളം നീളമുള്ള ഫ്ലൈ ഓവറുകളില്‍ മുന്നോട്ട്‌ പോകാനാവാതെ വാഹനങ്ങളുടെ നീണ്ട നിര. സ്കൂളുകളില്‍ നിന്നും വീട്ടിലേക്ക്‌ പുറപ്പെട്ട വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ ബസ്സുകളില്‍ പാതി വഴിയില്‍ കുടുങ്ങിക്കിടക്കുന്നു. ബലദ്‌ പ്രദേശത്ത്‌ കഴുത്തിനൊപ്പം ഉയര്‍ന്ന വെള്ളത്തിന്റെ ശക്തിയായ ഒഴുക്ക്‌...

ഇന്ന് ഇവിടെത്തന്നെ കഴിച്ചു കൂട്ടണം എന്നത്‌ ഉറപ്പായിരിക്കുന്നു. വീട്ടിലേക്ക്‌ വിളിച്ച്‌ സ്ഥിതിഗതികളുടെ ഗൗരവം വിശദീകരിച്ചു. ഏറ്റവും അധികം ബാധിക്കപ്പെട്ടിട്ടുള്ള പ്രദേശത്തുള്ള ജിമ്മിയുടെ അവസ്ഥ അറിയുവാന്‍ വീണ്ടും വിളിച്ചു.

"ഒരു കട്ടന്‍ ചായ മാത്രമാണ്‌ ഇതു വരെ കഴിക്കാന്‍ കിട്ടിയത്‌... വിശന്നിട്ട്‌ വയ്യ... കളസം ഊരി തലയില്‍ കെട്ടി പതുക്കെ ഇറങ്ങിയാലോ എന്ന ചിന്തയിലാ അണ്ണാ ഞാന്‍ ... അത്രയ്ക്കും വെള്ളമാണ്‌ ഇവിടെ..."




നഗരത്തിന്റെ പ്രാന്തപ്രദേശങ്ങങ്ങളില്‍ വസിക്കുന്ന മാനേജര്‍മാരും മറ്റ്‌ ഉദ്യോഗസ്ഥരും എല്ലാം ഇന്ന് രാത്രി ഇവിടെത്തന്നെ കഴിച്ചുകൂട്ടുവാനുള്ള തയ്യാറെടുപ്പിലാണ്‌. മഴ വരുന്നത്‌ കണ്ട്‌ രാവിലെ പത്ത്‌ മണിക്ക്‌ വീട്ടിലേക്ക്‌ പുറപ്പെട്ട രണ്ടുമൂന്ന് പേര്‍ ഇപ്പോഴും വഴിയില്‍ കുടുങ്ങിക്കിടക്കുന്നു എന്നുള്ള വിവരം കിട്ടിയത്‌ തന്നെ കാരണം. നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളിലും ജലവിതാനം ഉയര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്‌.



രണ്ടും കല്‍പ്പിച്ച്‌ വെള്ളത്തിലേക്ക്‌ നീന്താനിറങ്ങിയ ജിമ്മിയെ വിളിച്ചിട്ട്‌ കിട്ടുന്നില്ല. ചിലയിടങ്ങളില്‍ വെള്ളത്തില്‍ നിന്ന് ആളുകള്‍ക്ക്‌ വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വിദ്യുച്ഛക്തി വിതരണം വിച്ഛേദിച്ചത്‌ കൊണ്ട്‌ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലായിത്തുടങ്ങിയിരിക്കുന്നു.

ഏഴുമണിയോടെ അടുത്തുള്ള ഹോട്ടലില്‍ നിന്നും പ്ലാന്റ്‌ മാനേജര്‍ ഏര്‍പ്പാടാക്കിയ റൈസ്‌ വിത്ത്‌ ഫിഷ്‌ കബാബ്‌, തരക്കേടില്ലാത്ത അത്താഴമായി.

രാത്രി ഒമ്പതരയോടെ ജിദ്ദയിലുള്ള മറ്റൊരു ബ്ലോഗറായ ഹംസയെ വിളിച്ചുനോക്കി. ഭാഗ്യം ... ലൈന്‍ പോകുന്നുണ്ട്‌...

"ആങ്ങ്‌ഹ്‌... വിനുവേട്ടാ... എന്തൊക്കേണ്ട്‌...? മഴയൊക്കെ എങ്ങനെ...?"

"ഇവിടെ ഞങ്ങള്‍ കമ്പനിയില്‍ പെട്ടുപോയി... അവിടെ എങ്ങനെയുണ്ട്‌ വെള്ളം...?"

"ഇത്‌ കുറച്ച്‌ ഉയര്‍ന്ന സ്ഥലാണേയ്‌... അതോണ്ട്‌ ബേജാറാവേണ്ട കാര്യല്ല്ലേയ്‌..." ഏറനാടന്‍ ശൈലിയിലുള്ള വാക്‍ധോരണി... കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ഒരു ജിദ്ദ ബ്ലോഗ്‌ മീറ്റ്‌ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിച്ചാലോ എന്ന് ആരായാനും ഹംസ മറന്നില്ല.




മേശമേല്‍ കൈ തലയിണയാക്കി ഇരുന്നുകൊണ്ടുള്ള ഉറക്കത്തിനിടയില്‍ രാത്രി ഒരു മണിയായത്‌ അറിഞ്ഞില്ല. അടുത്തുള്ള പിസ്സാ ഹട്ടില്‍ നിന്നും ഭക്ഷണം എത്തിയിരിക്കുന്നു എന്നു പറഞ്ഞുള്ള ഫോണ്‍ വന്നതും കണ്ണും തിരുമ്മി ഡൈനിംഗ്‌ ഹാളിലേക്ക്‌ വച്ചു പിടിച്ചു. മാനേജര്‍മാര്‍ എല്ലാവരും ഇവിടെത്തന്നെ പെട്ടു പോയതുകൊണ്ട്‌ അത്താഴത്തിനു പുറമേ 'അത്തത്താഴവും' കഴിക്കുവാനുള്ള യോഗമുണ്ടായി.

നാലായി മുറിച്ച ഒരു പിസ്സാ മുഴുവനും അകത്താക്കി വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ നാല്‌ പീസ്‌ ആയി മുറിച്ചത്‌ ഭാഗ്യം ... എട്ട്‌ പീസ്‌ ആയിട്ടെങ്ങാനും ആയിരുന്നു മുറിച്ചിരുന്നതെങ്കില്‍ കഴിക്കാനുള്ള കപ്പാസിറ്റി ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന യൂറോപ്യന്‍ നര്‍മ്മം ആയിരുന്നു മനസ്സില്‍.



പുലര്‍ച്ചെ അഞ്ചര മണിയോടെ വീടുകളിലേക്ക്‌ പോകാനുള്ള അനുവാദം ലഭിച്ചു. രാത്രിയില്‍ മഴ പെയ്യാതിരുന്നതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിരിക്കും എന്ന പ്രതീക്ഷയില്‍ അവരവരുടെ വാഹനങ്ങളില്‍ യാത്രയാരംഭിച്ചു. പ്രളയം ഒഴുകിയൊഴിഞ്ഞ പാതകളില്‍ വെള്ളത്തില്‍ മുങ്ങി ഉപേക്ഷിച്ചു പോയ എണ്ണമറ്റ വാഹനങ്ങള്‍ അപ്പോഴും തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.


ഒരു മഴദിനത്തിനു കൂടി വിട... എത്രയും പെട്ടെന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയിലാകട്ടെ എന്ന് പ്രത്യാശിക്കാം.


45 comments:

  1. വീണ്ടും ഒരു മഴദിനം... നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്ത്‌ വരുന്നതേയുള്ളൂ... മാനം ഇരുളുമ്പോള്‍ ജിദ്ദ നിവാസികളുടെ ഉള്ളങ്ങളില്‍ ഭീതി നിറയുവാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍ ... ഇവിടെ പങ്ക്‌ വച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്നേഹിതര്‍ അയച്ചു തന്നതാണ്‌... നഗരത്തിലെ ബലദ്‌ പ്രദേശത്ത്‌ നിന്നുള്ള ദൃശ്യങ്ങള്‍ ...

    ReplyDelete
  2. കഴിഞ്ഞ പ്രാവശ്യത്തെ മഴ, ആദ്യ ദിവസം പത്രത്തിൽ വാർത്ത: ജിദ്ദയിൽ കനത്ത മഴ പെയ്ത് വെള്ളം കൂടി.
    ഗുമാമ പച്ചപ്പെട്ടിയുടെ വീലിന്റെ പകുതി വെള്ളം മൂടിയ ഫോട്ടോ കണ്ട് നമ്മുടെ നാട്ടുകാർ നാണിച്ചു കാണും.
    അന്ന് തന്നെ അതിന്റെ കുറേ ഫോട്ടോ ആദ്യമായി നെറ്റിൽ കൂടി നാട്ടുകാരെ അറിയിക്കാൻ ഞാനുണ്ടായിരുന്നു ജിദ്ദയിൽ. ഇപ്രാവശ്യം ആ ഞാൻ നാട്ടിൽ നിന്നും കാണുന്നു.

    ഏതായാലും മഴവെള്ളം കളിയല്ല എന്ന മുൻ അനുഭവം കാ‍രണം കൂടുതൽ നാശ നഷ്ടം വരുത്താൻ ഇടയില്ല.

    ReplyDelete
  3. ന്യൂസില്‍ കണ്ടപ്പോള്‍ നിങ്ങളുടെ മുന്‍പത്തെ പോസ്റ്റിനെപ്പറ്റി ആലോചിച്ചു.

    ReplyDelete
  4. ഇവിടത്തെ ഹിമവീഴ്ച്ച പോലേയാണ് അവിടത്തെ മഴവീഴ്ച്ചയും അല്ലേ...
    നാട്ടിലെ നല്ല മഴയെയെല്ലാം പിടിച്ച് ,ഈ മലായാളീസെല്ലാം ജിദ്ദക്ക് കൊണ്ടുപോയ കുശുമ്പാണ് എനിക്കിപ്പോൾ...കേട്ടൊ വിനുവേട്ട

    ReplyDelete
  5. ഇത്ര ഭീകരമാണോ അവിടത്തെ മഴ....അവിശ്വസനീയം..

    ReplyDelete
  6. മഴ എന്നു എഴുതി വച്ചപ്പോഴേ ഞാന്‍ വെളിയിലിറങ്ങിയില്ല... പക്ഷേ രാവിലെ സ്കൂളില്‍ പോയ എന്റെ കുട്ടികള്‍ അവിടെ പെട്ടുപോയി.... പിറ്റേന്ന് ഉച്ചക്ക് 1 മണിയോടെയാണ് അവരെ തിരികെ എടുക്കാന്‍ കഴിഞ്ഞത്.... പെട്ടെന്ന് പങ്കെടുക്കേണ്ട ഒരു പരിപാടി ഉണ്ടായതിനാലാണ് വ്യാഴാഴ്ച വരേണ്ടിയിരുന്ന ഞാന്‍ ചൊവ്വാഴ്ച തന്നെ റിയാദില്‍ നിന്ന് മടങ്ങിയത്.... കുട്ടികള്‍ സ്കൂളില്‍ പെട്ടു പൊയതിന്റെ ടെന്‍ഷന്‍ പങ്കുവെക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടായത് വാമഭാഗത്തിന് വലിയ ആശ്വാസമായി.... അല്ലെങ്കില്‍ റിയാദില്‍ ഇരുന്ന് ഞാനും, ഇവിടെ ജിദ്ദയില്‍ ഇരുന്ന് ഭാര്യയും ആകെ ടെന്‍ഷനിലാകുമായിരുന്നു.... പോസ്റ്റ് നന്നായി.....

    ReplyDelete
  7. മഴ എന്നെ ഒരു കഥ എഴുതാനാണ് പ്രേരിപ്പിച്ചത്... ലിങ്ക് ഇവിടെ....

    http://neervilakan.blogspot.com/2011/01/blog-post_27.html

    ReplyDelete
  8. ടീവിയിൽ ഇതിനെക്കുറിച്ചുള്ള വാർത്തകൾ കണ്ടിരുന്നു... ഇത്രക്കും ഭീകരമാണെന്ന് ഇപ്പൊഴാണ് മനസ്സിലായത്...

    ReplyDelete
  9. വിനുവേട്ടന്‍ വിളിച്ചു വെച്ചതിനു ശേഷം ജിദ്ധയിലെ മറ്റൊരു ബ്ലോഗര്‍ക്ക് വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ... ഫോട്ടോകള്‍ എടുക്കാന്‍ പോലും മനസ്സിലെ ഭയം സമ്മതിക്കുന്നില്ല എന്നാണു അത്രക്ക് ഭീകരമാണു അവിടത്തെ കാഴ്ചകള്‍ എന്ന്‍. സ്കുഉളില്‍ പോയ മോള്‍ പകല്‍ മുഴുവന്‍ വഴിയില്‍ കുടുങ്ങി പാതിരാത്രിയിലാ വീട്ടിലെത്തിയത് ..ആ ടെന്‍ഷനിലായിരുന്നു അവര്‍ എന്ന് കൂടി പറഞ്ഞു അവര്‍...

    ReplyDelete
  10. വിനുവേട്ടാ ഇവിടെ ദാമ്മാമിലും ജുബൈലിലും ഒക്കെ ഇന്ന് തകര്‍പ്പന്‍ മഴ ആയിരുന്നു ...അതിരാവിലെ....

    ReplyDelete
  11. പണ്ടൊക്കെ മഴ പെയ്യാന്‍ ഒരു കാലവും അതിനൊരു കണക്കുമൊക്കെയുണ്ടായിരുന്നു,ഇപ്പൊ അതൊക്കെ പഴംകഥ.ചിത്രങ്ങളിലൂടെ മഴയുടെ ഭീകരത കാണിച്ചു തന്നതിനു നന്ദി.

    ReplyDelete
  12. ആഗോള താപനം വരുത്തുന്ന മാറ്റങ്ങള്‍ ആണോ
    ആവോ കാലാവസ്ഥ മൊത്തം താരുമാറില്‍ ആണ്
    എല്ലായിടത്തും..

    ഇവിടെ ഷാര്‍ജയും ദുബായും ഒക്കെ ഇത്തവണ മുന്‍
    കരുതല്‍ എടുക്കുന്നു എന്ന് കേട്ടു..കൂടതല്‍ പ്രശങ്ങള്‍
    ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ..

    ഈ ഹംസ ഇതുവരെ പോയില്ലേ?അവിടെ കിടന്നു കറങ്ങാതെ
    മഴയ്ക്ക് മുമ്പേ നാട് പറ്റാന്‍ പറ വിനുവേട്ട...

    ReplyDelete
  13. ഇനി വെള്ളം വറ്റി ആ ചെളിയിലൂടെ ഉള്ള യാത്ര കൂടി ആയാൽ കേമായി.
    കഷടം തന്നെ കാര്യം.

    ReplyDelete
  14. ഇവിടെ ഖത്തറിലും മഴ ഉണ്ടായിരുന്നു.വലിയ കേടുപാടുകളൊന്നും റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ല..

    ReplyDelete
  15. മഴ അനുഗ്രഹമാണ്‍,പക്ഷേ...ഇത്..
    വാഹനങ്ങളൊക്കെ വെള്ളത്തില്‍ പകുതിയിലധികം മുങ്ങിനില്‍ക്കുന്ന കാഴ്ച ഭീതി പരത്തുന്നു.
    ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെള്ളം പൊങ്ങി നൂറുക്കണക്കിന്‍ പാസ്സ്പോര്‍ട്ടുകളും സുപ്രധാന രേഖകലുമൊക്കെ നഷ്ടപ്പെട്ടെന്ന് പത്രത്തില്‍ വായിച്ചു...എന്ത് ചെയ്യാനാ..

    ReplyDelete
  16. എത്രയും പെട്ടെന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയിലാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  17. ശരിക്കും വല്ലാതെ ഭയന്ന് വിറച്ചു മകള്‍ സ്കൂളില്‍ നിന്നും എത്താതെ ഒരുപാട് വിഷമിച്ചു.ഞാന്‍ അനുഭവിച്ചതാണ്‌ ഈ മഴ ഇവിടെയുണ്ട് വായിക്കാം


    വെള്ളം വെള്ളം സര്‍വത്ര

    ReplyDelete
  18. മഴ മഴ മഴ
    കാണാന്‍ പറ്റിയില്ലല്ലൊ എന്ന് ഒരു വിഷമം..

    ReplyDelete
  19. വിനുവേട്ടന്റെ, അവിടത്തെ ആളുകളുടെ ആ‍ധി, സഹനം ഇവയൊക്കെ ഇത്ര ഭീകരമാകുമ്പോൾ നമ്മൂടെ ആ കൊച്ചുകേരളം എത്ര അനുഗ്രഹിക്കപ്പെട്ടതാണെന്ന് നമ്മളെ കാണിച്ചുതരുന്നത്. കുഞ്ഞുങ്ങൾ വഴിയിലും സ്കൂളിലും കുടുങ്ങികിടക്കുമ്പോൾ രക്ഷകർത്താക്കളുടെ തീ തിന്നൽ വിവരണാധീതമാണ്. മഴക്കു ശേഷമുള്ള ജീവിതമാണ് അതിലും ദുരിതം. *ലോകത്തിലെ ഏറ്റവും ഭാഗ്യവന്മാർ പ്രകൃതി ദുരന്തവും, യുദ്ധക്കെടുതിയും അനുഭവിക്കാത്തവരാണ്..!*

    ReplyDelete
  20. അവിടെ മഴ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പക്ഷെ ഞങ്ങള്‍ക്ക് രസകരമായി (ഏറനാടന്‍ ശൈലിയില്‍ ഹംസയുടെ സംഭാഷണം, ജിമ്മിയുടെ സങ്കടം ഒക്കെ) വായിക്കാന്‍ ഒരുക്കി തന്നു.

    @ജിമ്മി അവിടെ ഭക്ഷണം കഴിക്കാന്‍ കാന്റീന്‍ ഒന്നും ഇല്ലേ?

    ReplyDelete
  21. ഇന്നലെ യാഹുവിലാണ് ആദ്യം കണ്ടത് അവിടത്തെ ഫ്ലഡിനെ പറ്റി. ഏതായാലും ഇനി ഒരാഴ്ച ആകെ നാശകോടാലി ആവും..
    വിനുവേട്ടാ സമയം കിട്ടിയാല്‍ ദേ ഈ ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!! ഒന്ന് നോക്കിക്കൊള്ളൂ.

    ReplyDelete
  22. വിനുവേട്ടാ - ആ ഭീകരനിമിഷങ്ങളിലൂടെ വീണ്ടും നടത്തിച്ചു കേട്ടോ.. സനയ ഭാഗത്ത് ഈ പെരുമഴ പെയ്യാതിരുന്നത് ഭാഗ്യം. പെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ഊഹിക്കാമല്ലോ അല്ലേ.. (നേരത്തേ വീട്ടില്‍ പോകാന്‍ ഞാന്‍ പറഞ്ഞത് കേള്‍ക്കാത്തതുകൊണ്ട് പിസ്സയും കഴിച്ച് കമ്പനിയില്‍ ഉറങ്ങാനുള്ള യോഗമുണ്ടായല്ലോ..)

    ഒഎബി - താങ്കളുടെ പ്രത്യാശ അസ്ഥാനത്താണെന്നാണ് എനിക്ക് തോന്നുന്നത്. ആളപായം കുറവായിരിക്കാം, പക്ഷെ മറ്റ് നാശനഷ്ടങ്ങള്‍ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്.. ആയിരക്കണക്കിന് വാഹനങ്ങളാണ് പാതയോരങ്ങളില്‍ ചലനമറ്റ് കിടക്കുന്നത്..

    ബിലാത്തിയേട്ടാ - ഇമ്മാതിരി മഴ എവിടെയും പെയ്യാതിരിക്കട്ടെ..!

    യൂസുഫ്പ - നേരാണ്... വെള്ളം വറ്റിയ സ്ഥലങ്ങളില്‍ ചെളിയടിഞ്ഞുകൂടിയിക്കുന്നു.. പൊടിപറന്നുതുടങ്ങിയിരിക്കുന്നു..

    ഹാറൂണ്‍ക്കാ - ഒരു ചാറ്റല്‍മഴ പെയ്താല്‍ നമ്മുടെ കോണ്‍സുലേറ്റില്‍ വെള്ളം കയറും, അപ്പോപ്പിന്നെ ഈ മഴയത്തെ കാര്യം പറയണോ? ഇപ്പോളും ആ പ്രദേശം വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു..

    സുകന്യേച്ചി - 10 മണിമുതല്‍ 5 മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്തില്ലേ... ചുറ്റും പ്രളയം.. എങ്ങനെ പുറത്തിറങ്ങാനാണ്? ഈ കെട്ടിടത്തില്‍ ആകെയുള്ള ‘കാന്റീന്‍’ തലയ്ക്കുമുകളില്‍ കറങ്ങുന്ന ഒരു റെസ്റ്റോറന്റാണ്.. മഴ കനത്തതോടെ അതും അടച്ചുപൂട്ടി.. വൈകിട്ട് 6 മണിയായപ്പോള്‍ ചില സൌദി സഹപ്രവര്‍ത്തകര്‍ എവിടെനിന്നോ കുറെ ഭക്ഷണവുമായെത്തി.. റൂം അടുത്തായത് ഭാഗ്യമായി, അല്ലെങ്കില്‍ ഞാനും അണ്ണനെപ്പോലെ, എന്റെ ബോസ്സിനെപ്പോലെ ഓഫീസില്‍ പായ വിരിക്കേണ്ടി വന്നേനെ..

    ReplyDelete
  23. അണ്ണാ..
    പലപ്പോഴും മഴയുടെ കാൽ‌പ്പനിക ഭാവങ്ങളാണ് പരാമർശിച്ചു കണ്ടിട്ടുള്ളത്. മഴയുടെ രൌദ്രഭാവം ആ വരികൾ പകർന്നു തരുന്നു. ചിത്രങ്ങളും..
    ഇതു വായിച്ചപ്പോൾ ഓർത്തത് വിക്ടർ ജോർജ്ജിനെയാണ്.മഴചിത്രങ്ങൾ പകർത്തി ഒരു മഴദുരന്തത്തിൽ പൊലിഞ്ഞ് പോയ വിക്റ്റർ ജോർജ്ജ്!

    ReplyDelete
  24. കല്പാന്തം അടുത്തു വരുന്നുണ്ട്!!

    ReplyDelete
  25. Entha Vinuetta.. kalakki kaduku varathuttoo..

    ReplyDelete
  26. അവിടുത്തെ ദുരിതങ്ങള്‍ അറിഞ്ഞിട്ടും,..ഇങ്ങിനെ പറയുന്നതു ക്രൂരമാണെന്നറിയാം.... എന്നാലും അറിയാതെ പറഞ്ഞുപോകുന്നു മഴമേഘങ്ങള്‍ കനിഞ്ഞനുഗൃഹിയ്ക്കട്ടെ ...അനര്‍ത്ഥങ്ങളും ആള്‍നാശവും കൂടാതെ ജെദ്ദയില്‍ ഇനിയും മഴപെയ്യട്ടെ...അത്രയ്ക്കും മനോഹരമായിരുന്നു നിസ്സഹായതയില്‍ നര്‍മം കലര്‍ത്തിയുള്ള ആ വിവരണം....

    പിന്നെ,.. "റൈസ്‌ വിത്ത്‌ ഫിഷ്‌ കബാബ്‌" പിന്നെ പിസ്സാ....!..ദോശയും, കഞ്ഞിയും ചമന്തിയുമായി വര്‍ഷങ്ങളായി ഒരു "ചേഞ്ചും" ഇല്ലാതെ തുടരുന്ന നീലത്താമരയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും അപ്രതീക്ഷതമായി ലഭിച്ച മോചനം...അതിന്റെ സന്തോഷം മുഴുവന്‍ വിനുവേട്ടന്റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നു..

    ഒരുക്കിയും, ഊട്ടിയും ഉറക്കിയും നിത്യവും ആടുന്ന കുടുംബിനി വേഷമൊക്കെ അഴിച്ചുവെച്ച്‌ പഴയബാല്യകൗമാരയൗവന മഴക്കാലസ്വപ്നങ്ങളിലേയ്ക്ക്‌ മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്താന്‍ ചേച്ചിയ്ക്കും കിട്ടി ഒരാസുലഭാവസരം..

    ബാല്‍ക്കണിയില്‍ നിന്ന്‌,..കോരിച്ചൊരിയുന്നമഴയില്‍ കുളിച്ചുനില്‍ക്കുന്ന മരുഭൂമിയിലെ ഇരുട്ടിലേയ്ക്കു കണ്ണുംനട്ട്‌, ഈ തണുപ്പില്‍ ഓഫീസില്‍ വെറും ന്യൂസ്‌പേപ്പറുംവിരിച്ച്‌ തന്നെയോര്‍ത്ത്‌ ഉറങ്ങാതെയുറങ്ങുന്ന ഏട്ടനേക്കുറിച്ച്‌ നിനച്ച്‌,..കണ്ണീര്‍ വാര്‍ത്ത്‌ ഉറങ്ങാതെ തള്ളിനീക്കിയ ഒരു രാവിന്റെ അനുഭവങ്ങളും....

    ഒരു പുതിയ പോസ്റ്റിനുള്ള വകുപ്പ്‌`...!!

    "ബിലാത്തി" ലാത്തിയടിച്ചതുപോലെ , നിങ്ങള്‍ ഈ ഭാര്യയും ഭര്‍ത്താവും മല്‍സരിച്ച്‌ പോസ്റ്റിടാന്‍ തുടങ്ങിയാല്‍,... അതിനൊക്കെ ഓഫീസ്സിലിരുന്നു ഞാന്‍ ഇതുപൊലെ നീണ്ട കമന്റ്‌സ്‌ ഇടാന്‍ തുടങ്ങിയാല്‍ മിക്കവാറും അധികം വൈകാതെ എന്റെ പണിപോവും..

    പിന്നെ,.. എനിയ്ക്കൊരു വിസ സംഘടിപ്പിച്ച്‌ പണി വാങ്ങിച്ചു തരേണ്ടത്‌ വിനുവേട്ടന്റെ ധാര്‍മ്മിക ഉത്തരവദിത്വമാകും.

    വിനുവേട്ടന്‍ വര്‍ക്കു ചെയ്യുന്നത്‌ ഒരു വലിയകമ്പനിയിലാണെന്നറിയാം...എത്ര വലിയ കമ്പനിയായാലും എന്റെ നിലയ്ക്കും വിലയ്ക്കും യോഗ്യതയ്ക്കും ഡിമാന്‍ഡിനുമൊക്കെ ചേരുന്ന് വേക്കന്‍സികള്‍ എപ്പൊഴുമുണ്ടാവില്ലല്ലൊ അവിടെ.....

    അടുത്ത മഴയ്ക്കു കാത്തുനില്‍ക്കാതെ മറ്റെന്തെങ്കിലും പുതുമയുള്ള വിശേഷങ്ങളുമായി വീണ്ടും വരിക.....ആശംസകള്‍..

    ReplyDelete
  27. ചുരുക്കത്തിൽ, ഈ കാലാവസ്ഥ മാറ്റം എന്നൊക്കെ പറയുന്നതു് ജിദ്ദയെ സംബന്ധിച്ചിടത്തോളം നന്നായി അല്ലേ? മഴയിൽ പെട്ടുപോകുന്നതല്ല, മരുഭൂമിയിൽ മഴ നിരന്തരം കിട്ടുന്നുണ്ടല്ലോ എന്നുദ്ദേശിച്ചുപറഞ്ഞതാണു്. ഏതായാലും ചൂടിൽ നിന്നും ആശ്വാസം കിട്ടി എന്നൂഹിക്കുന്നു. ഒപ്പം വീട്ടുകാർക്കു് പേടിയായില്ല എന്നും അവർക്കു് ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടായില്ല എന്നും വിശ്വസിക്കുന്നു.

    ReplyDelete
  28. ഇവിടെ മഴയില്ല, ഇത്തിരി ഞങ്ങള്‍ക്കും തായോ....

    ReplyDelete
  29. ഇപ്പ്രാവശ്യം ഞാന്‍ മുഴുവനും മഴയത്തായിരുന്നു!

    മഴയില്‍ കുടുങ്ങി നടുറോഡില്‍ വണ്ടി ഓഫായി പിന്നെ വെള്ളം കേറിയ വണ്ടി തള്ളി നീക്കി ഒരു കരയിലെത്തിച്ചു. ശേഷം മുഴുവന്‍ മഴയും നനഞ്ഞു റൂമിലേക്ക്‌ കിലോമീറ്ററുകള്‍ നടന്നു വന്നു! എന്റെ മഴ അനുഭവങ്ങളാണ്.

    ഇനിയും ഉണ്ടാകുമത്രേ മഴ!

    ReplyDelete
  30. തിരുവനന്തപുരത്തെ തമ്പാനൂരും കിഴക്കേകോട്ടയും പോലാണോ ജിദ്ദയും? മഴയുടെ ഭീകരമുഖം കാട്ടിത്തരുന്ന ചിത്രങ്ങൾ നന്നായിട്ടുണ്ട്.

    ReplyDelete
  31. OAB ... നാശനഷ്ടങ്ങള്‍ക്ക്‌ ഇപ്രാവശ്യവും ഒരു കുറവും ഇല്ല...

    പ്രയാണ്‍ ... സന്‍ഡര്‍ശനത്തില്‍ സന്തോഷം.

    മുരളിഭായ്‌... മുരളിഭായിക്ക്‌ ചിരി... ഇവിടെ മനുഷ്യര്‍ തീ തിന്നുകയാ...

    ജയേഷ്‌ ... അതേ... ശരിക്കും ഭീകരം...

    നീര്‍വിളാകന്‍ ... ജിദ്ദയില്‍ പെട്ടെന്ന് എത്തിപ്പെട്ടത്‌ ഭാഗ്യം അല്ലേ...?

    ReplyDelete
  32. വി.കെ ... കണ്ടാല്‍ തന്നെയേ ആ ഭീകരാവസ്ഥ ശരിക്കും മനസ്സിലാകൂ...

    ഹംസഭായ്‌... അതേ, അതിഭീകരം തന്നെയായിരുന്നു എന്നുള്ളതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്‌ കാണുന്നുണ്ടായിരിക്കുമല്ലോ..

    ഹാഷിക്ക്‌ .. മഴയുടെ കൂടെ സീക്കോ ബില്‍ഡിങ്ങിനടുത്ത്‌ അഗ്നിബാധയും ഉണ്ടായി അല്ലേ?

    മുല്ല... കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലമല്ലേ ഇപ്പോള്‍...

    ReplyDelete
  33. എന്റെ ലോകം ... ഹംസ ഇപ്പോഴും ഇവിടെയൊക്കെ കറങ്ങിത്തിരിഞ്ഞ്‌ നടക്കുകയാ... പോയി വന്നിട്ട്‌ വേണം ഒരു ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കാന്‍ എന്നാണ്‌ പറഞ്ഞത്‌...

    യൂസുഫ്‌പ... ഇപ്പോള്‍ ആ അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുകയാ ഞങ്ങള്‍...

    റിയാസ്‌... അത്രയും നന്ന്...

    ഹാറൂണ്‍ക്കാ... കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഇനിയും പുനരാരംഭിച്ചിട്ടില്ല... കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമാണത്രേ ഉണ്ടായിട്ടുള്ളത്‌.

    വാഴക്കോടന്‍ ... നന്ദി, വരവിന്‌...

    ReplyDelete
  34. സാബിബാവ... കുട്ടികള്‍ സ്കൂളില്‍ നിന്ന് തിരിച്ചെത്താത്ത രണ്ടു മൂന്ന് പേര്‍ ഇവിടെയും ഉണ്ടയിരുന്നു... അവരുടെ മനോനില പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ലിങ്ക്‌ വഴി പോയി നോക്കി കേട്ടോ... കമന്റ്‌ വേണ്ടാത്ത ബ്ലോഗ്‌ ആണല്ലേ...?

    മാണിക്യം... ജിദ്ദയില്‍ നിന്ന് യാത്ര പറഞ്ഞത്‌ കൊണ്ട്‌ ഇപ്പോള്‍ ഇങ്ങനെ പറയുന്നു...

    ഉമേഷ്‌... നന്ദി...

    ReplyDelete
  35. കുഞ്ഞന്‍ ... അതാണ്‌ സത്യം...

    സുകന്യാജി... റോമാ നഗരം കത്തുമ്പോഴാണ്‌ നീറോ ചക്രവര്‍ത്തിയുടെ വീണവായന അല്ലേ... ഹിഹിഹി...

    അളവന്താന്‍.. സന്ദര്‍ശനത്തിന്‌ നന്ദി കേട്ടോ... ദാ, ഇപ്പോ വരാം ആ വഴി...

    ജിമ്മി... ജിമ്മി പറഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ നീന്തേണ്ടി വരുമായിരുന്നു...

    പാച്ചു... അല്ല, ആരാ ഇത്‌...? ഈ വരവില്‍ വളരെ സന്തോഷം... വിക്ടര്‍ ജോര്‍ജ്ജ്‌ എന്നും നീറുന്ന ഒരു ഓര്‍മ്മയായി അവശേഷിക്കും...

    ReplyDelete
  36. ജയന്‍ ഡോക്ടറേ... ചുമ്മാ ഓരോന്ന് പറഞ്ഞ്‌ മനുഷ്യനെ പേടിപ്പിക്കല്ലേ...

    ഹരി... ആദ്യ സന്ദര്‍ശനത്തിന്‌ നന്ദി... നീയവിടെ സിംഗപ്പൂരിലിരുന്ന് ചിരിച്ചോ...

    കൊല്ലേരി... താങ്ങാന്‍ കിട്ടുന്ന ഒരവസരവും വിടരുത്‌ കേട്ടോ...

    ReplyDelete
  37. ജിഷാദ്‌ ... ഇത്തിരിയല്ല... മുഴുവനും തരാം...

    തെച്ചിക്കോടന്‍... അപ്പോള്‍ ശരിക്കും അനുഭവിച്ചു... ജിദ്ദയില്‍ എവിടെയാണ്‌ താമസം?

    ഗീത... തമ്പാനൂരും കിഴക്കേകോട്ടയും ഒന്നും അല്ല ഇവിടവുമായി താരതമ്യം ചെയ്താല്‍... കണ്ടാലേ അത്‌ മനസ്സിലാകൂ... ആദ്യ സന്ദര്‍ശനത്തിന്‌ നന്ദി.

    ReplyDelete
  38. മഴയുടെ ഭീകരമുഖം!!
    ആശംസകള്‍!

    ReplyDelete
  39. എന്റമ്മോ ..എന്നാ ഒരു മഴയാ അവിടെ..
    ഫോട്ടൊകള്‍ തകര്‍പ്പന്‍ !!
    ഇവിടെ ഈ ചെന്നൈയിലും വെള്ളപ്പൊക്കം അത്ര കുറവല്ല കേട്ടാ..ഹാ ഹാ..

    ReplyDelete
  40. മഴ വിശേഷങ്ങള്‍ വായിച്ചു.. ഇവിടെ റിയാദില്‍ മഴകൊണ്ട്‌ ഇപ്രാവശ്യം പ്രശ്നമോന്നുമുണ്ടയിട്ടില്ല ....\

    ഇപ്പൊ ഒക്കെ ശരിയായിയല്ലേ ?

    ReplyDelete
  41. പൊതുവേ മഴ മലയാളിയ്ക്ക്‌ ഒരു സൗമ്യമായ ലഹരിയാണ്‌.
    പക്ഷേ, ഈ ദുരന്ത മുഖങ്ങള്‍ പേടിപ്പിയ്ക്കുന്നു.

    ReplyDelete
  42. ശരിക്കും വിഷമിച്ചു അല്ലെ ? പടങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി .

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...