Tuesday, September 28, 2010

എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...


എയര്‍ബസ്‌-380 എന്ന യാത്രാവിമാനത്തിന്റെ രാജകീയ പ്രൗഢിയും സൗകര്യങ്ങളും ചിത്രസഹിതം വാര്‍ത്തകളിലും ഇ-മെയിലുകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സിലുദിച്ച ആഗ്രഹമായിരുന്നു നമുക്കും ഇതിലൊന്ന് യാത്ര ചെയ്യണമല്ലോ എന്ന്. പക്ഷേ, ജിദ്ദയില്‍ നിന്ന് ഏറിയാല്‍ കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ ഉള്ള യാത്രയില്‍ ഇതിനൊക്കെയുള്ള ഭാഗ്യം എവിടെ കിട്ടാന്‍ ... അതിനാല്‍ തല്‍ക്കാലം , കിട്ടിയ ഇ-മെയിലുകള്‍ ഫോര്‍വേഡ്‌ ചെയ്തും അതിലെ യാത്ര സ്വപ്നം കണ്ടുകൊണ്ടും ജോലി തുടരവേയാണ്‌ അടുത്ത വെക്കേഷനുള്ള ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യാനുള്ള സമയം ആഗതമായത്‌.

ജിദ്ദയില്‍ നിന്ന് നേരിട്ട്‌ കേരളത്തിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നത്‌ രണ്ട്‌ വിമാനക്കമ്പനികളാണ്‌. സൗദി അറേബ്യന്‍ എയര്‍ലൈന്‍സും പിന്നെ നമ്മുടെയെല്ലാം പ്രിയങ്കരമായ എയര്‍ ഇന്ത്യയും . കൃത്യനിഷ്ഠയോടെ പറക്കുന്ന സൗദി എയര്‍ലൈന്‍സില്‍ സീറ്റ്‌ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത്‌ ആറ്‌ മാസം മുന്‍പേ തന്നെ ബുക്ക്‌ ചെയ്യണം. അവധി എന്നാണെന്ന് ആറ്‌ മാസം മുമ്പേ തന്നെ അറിയാമെങ്കില്‍ പിന്നെ പ്രശ്നമില്ല.

പിന്നെ എയര്‍ ഇന്ത്യ. അതൊരു സംഭവം തന്നെ ആയതുകൊണ്ട്‌ ജീവിതത്തില്‍ ആകെ രണ്ടേ രണ്ട്‌ പ്രാവശ്യമേ അതില്‍ യാത്ര ചെയ്തിട്ടുള്ളൂ. ടേക്ക്‌ ഓഫിന്‌ മുമ്പ്‌ വാതിലടച്ച്‌ പ്ലാസ്റ്റിക്ക്‌ ചരട്‌ കൊണ്ട്‌ വരിഞ്ഞ്‌ മുറുക്കി കെട്ടി സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന എയര്‍ ഹോസ്റ്റസ്സിന്റെ കഷ്ടപ്പാട്‌ കണ്ട അന്ന് നിര്‍ത്തിയതാണ്‌ മഹാരാജാവിനൊപ്പമുള്ള യാത്ര. പിന്നീടങ്ങോട്ട്‌ സ്ഥിരമായി ഗള്‍ഫ്‌ എയറില്‍ ആയി യാത്ര. ആകെപ്പാടെയുള്ള ബുദ്ധിമുട്ട്‌ കണക്ഷന്‍ ഫ്ലൈറ്റിനായി ഗള്‍ഫിലെ തന്നെ മറ്റേതെങ്കിലും താവളത്തിലെ അത്ര ചെറുതല്ലാത്ത കാത്തിരിപ്പാണ്‌.

ഏറ്റവും കുറഞ്ഞ ട്രാന്‍സിറ്റ്‌ സമയമുള്ള സര്‍വ്വീസ്‌ തേടി എല്ലാ വിമാനക്കമ്പനികളുടെയും വെബ്‌ സൈറ്റില്‍ പരതിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ യാത്ര എമിറേറ്റ്‌സില്‍ ആക്കിയത്‌. എങ്കിലും ഇപ്രാവശ്യവും ഒന്നു കൂടി ഗവേഷണം നടത്താന്‍ തന്നെ തീരുമാനിച്ചു.

ഗള്‍ഫ്‌ എയര്‍ , ഖത്തര്‍ എയര്‍വേയ്‌സ്‌, എമിറേറ്റ്‌സ്‌, കുവൈറ്റ്‌ എയര്‍വേയ്‌സ്‌, ശ്രീലങ്കന്‍ , ഒമാന്‍ എയര്‍ അങ്ങനെ എല്ലാ ചുള്ളന്മാരുടെയും സൈറ്റുകള്‍ കയറിയിറങ്ങിയപ്പോള്‍ മനസ്സിലായി, എമിറേറ്റ്‌സ്‌ തന്നെ മേട്ട. രാത്രി പത്ത്‌ മണിക്ക്‌ ജിദ്ദയില്‍ നിന്ന് പുറപ്പെട്ട്‌ പന്ത്രണ്ട്‌ മണിക്ക്‌ ദുബായില്‍ എത്തുന്നു. അവിടെ നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക്‌ തിരുവനന്തപുരത്തേക്ക്‌ എമിറേറ്റ്‌സിന്റെ തന്നെ കണക്ഷന്‍ ഫ്ലൈറ്റ്‌. രാവിലെ ഒമ്പത്‌ മണിക്ക്‌ തിരുവനന്തപുരത്ത്‌ ലാന്റിംഗ്‌. പത്ത്‌ മണിക്ക്‌ വാമഭാഗത്തിന്റെ വസതിയില്‍ ബ്രേക്ക്‌ ഫാസ്റ്റ്‌.

ശരി, ഇത്തവണയും എമിറേറ്റ്‌സ്‌ തന്നെ ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഒന്നു കൂടി കണ്ണുതുറന്ന് നോക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ സത്യം കണ്ടത്‌. ജിദ്ദ റ്റു ദുബായ്‌ - ടൈപ്പ്‌ ഓഫ്‌ എയര്‍ക്രാഫ്റ്റ്‌ - A380. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. സത്യമാണ്‌...! എയര്‍ബസ്‌ 380 തന്നെ. നടക്കാനിടയില്ലാത്ത കാര്യങ്ങളുടെ കൂട്ടത്തില്‍ എഴുതിത്തള്ളിയിരുന്ന A380 സ്വപ്നത്തിന്‌ അങ്ങനെ വീണ്ടും ചിറക്‌ മുളച്ചു. പിന്നെ താമസിച്ചില്ല. വിജയ്‌ മസാലയുടെ കലണ്ടറില്‍ നോക്കി. വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ സാധാരണ പ്രഖ്യാപിക്കാറില്ല എന്നാണ്‌ ഇത്‌ വരെയുള്ള അറിവ്‌. സൈറ്റില്‍ പരതിയപ്പോള്‍ സെപ്റ്റംബര്‍ രണ്ട്‌ വ്യാഴാഴ്ച രാത്രി പത്ത്‌ മണിക്കുള്ള ഫ്ലൈറ്റില്‍ ഇടമുണ്ട്‌. അങ്ങനെ A380 യില്‍ മൂന്ന് സീറ്റുകള്‍ ബുക്ക്‌ ചെയ്ത്‌ 2010ലെ വെക്കേഷന്റെ പ്രാരംഭനടപടികള്‍ക്ക്‌ തുടക്കമായി.





എയര്‍ബസ്സ്‌-380



ഒരു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്റ്റോം വാണിങ്ങിന്‌ ഇനി ചെറിയ ഇടവേള. വിരലില്‍ എണ്ണാവുന്ന വായനക്കാരേ ഉള്ളുവെങ്കിലും ഒരു ലക്കം പോലും മുടങ്ങാതെ വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തുന്ന അവരോടെല്ലാം യാത്ര പറഞ്ഞിട്ടാവാം നാട്ടിലേക്കുള്ള യാത്ര. ഉദ്വേഗജനകമായ ഒരു ലക്കം എഴുതി പോസ്റ്റ്‌ ചെയ്തിട്ട്‌ അടുത്ത ലക്കത്തിനായി ഇനി മൂന്ന് ആഴ്ച കാത്തിരിക്കുക എന്നൊരു കമന്റും ഇട്ടു. എയര്‍ ഇന്ത്യയില്‍ അല്ല പോകുന്നത്‌, അതു കൊണ്ട്‌ തോര്‍ത്തും സോപ്പും കൊണ്ടുപോകുന്നില്ല എന്ന് അല്‍പ്പം അഹങ്കാരത്തോടെ കൂട്ടിച്ചേര്‍ത്തപ്പോഴാണ്‌ പൂര്‍ണ്ണതൃപ്തിയായത്‌.

പതിവ്‌ പോലെ തന്നെ മൂന്ന് മണിക്കൂര്‍ മുമ്പ്‌ എയര്‍പ്പോര്‍ട്ടില്‍ എത്തി. ചെക്ക്‌ ഇന്‍ കൗണ്ടറിന്‌ മുന്നില്‍ നീണ്ട ക്യൂ. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ക്യൂവിന്‌ കാര്യമായ സ്ഥാനചലനം കാണുന്നില്ല. ലഗേജ്‌ കണ്‍വേയറിന്റെ ബെല്‍റ്റ്‌ പണിമുടക്കിയതാണ്‌ കാരണം. അല്‍പ്പം നീണ്ട കാത്തുനില്‍പ്പിന്‌ ശേഷം ബോര്‍ഡിംഗ്‌ പാസ്സുമായി കുടുംബസമേതം എമിഗ്രേഷന്‍ കഴിഞ്ഞ്‌ ലോഞ്ചിലേക്ക്‌ നീങ്ങുമ്പോള്‍ സമയം ഒമ്പത്‌ മണി കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ കുട്ടപ്പചരിതം ബ്ലോഗര്‍ ജിമ്മിയുടെ കോള്‍ വന്നത്‌.

"അണ്ണാ... എവിടെയെത്തി...?"

"എമിഗ്രേഷന്‍ കഴിഞ്ഞു... ഗെയ്റ്റ്‌ തുറക്കുന്നതും കാത്ത്‌ ലോഞ്ചിലിരിക്കുകയാ..."

"എന്നാല്‍ ശരി... വിഷ്‌ യൂ എ ഹാപ്പി ആന്റ്‌ സേഫ്‌ ജേര്‍ണി... പോയി അടിച്ചു പൊളിച്ചിട്ട്‌ വാ..."

"ശരി... അങ്ങനെയാവട്ടെ..."

ഗെയ്റ്റിന്‌ മുമ്പിലെ ഡിസ്‌പ്ലേ സ്ക്രീന്‍ തെളിഞ്ഞു. ബോര്‍ഡിംഗ്‌ ടൈം 22:45 ... അത്‌ ശരി... അപ്പോള്‍ ഡിലേ ഉണ്ട്‌. സാരമില്ല, കണ്‍വേയര്‍ കേടായതുകൊണ്ടല്ലേ... ഒരു കണക്കിന്‌ നന്നായി. ദുബായില്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

പത്തേ മുക്കാലിന്‌ തന്നെ ഗെയ്റ്റ്‌ തുറന്നു. ജിദ്ദയില്‍ മാത്രം ഇനിയും എയറോ ബ്രിഡ്‌ജ്‌ സൗകര്യം എത്തിയിട്ടില്ല. ടെര്‍മിനലില്‍ നിന്ന് ഫ്ലൈറ്റിനടുത്തെത്താന്‍ ബസ്സ്‌ തന്നെ ശരണം. A380 യുടെ അരികിലെത്തിയപ്പോഴാണ്‌ ഇവന്‍ ശരിക്കും ഭീമാകാരന്‍ തന്നെ എന്ന് മനസ്സിലായത്‌. ബോയിങ്ങ്‌-747 നെ വെല്ലുന്ന ഡബിള്‍ ഡെക്കര്‍ വിമാനം. ഉള്ളിലെ സൗകര്യങ്ങളും എടുത്ത പറയത്തക്കത്‌ തന്നെ. എല്ലാവരും എത്തി ടേക്ക്‌ ഓഫിന്‌ തയ്യാറാകുമ്പോള്‍ സമയം പതിനൊന്നേകാല്‍. ഇത്രയും വലിയ സാധനം അഞ്ഞൂറില്‍പ്പരം ആളുകളെയും വഹിച്ചുകൊണ്ട്‌ ആകാശത്തേക്ക്‌ എങ്ങനെ ഉയരും എന്നൊരു ഭയം ഉള്ളില്‍ തോന്നിയെങ്കിലും പോയാലും എല്ലാവരും ഒന്നിച്ചല്ലേ എന്ന ആശ്വാസത്തില്‍ ഭയം ലവലേശം പുറമേ കാണിക്കാതെ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഇരുന്നു. എന്തായാലും A380 യുടെ ടേക്ക്‌ ഓഫ്‌ അറിയാന്‍ കഴിയാത്ത അത്ര സുഗമായിരുന്നു എന്നതായിരുന്നു സത്യം.


എയര്‍ബസ്സ്‌-380 യുടെ ഉള്ളില്‍ ...



'വി ആര്‍ റെഡി റ്റു ലാന്റ്‌ അറ്റ്‌ ദുബായ്‌ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്‌' എന്ന് അനൗണ്‍സ്‌ ചെയ്യുമ്പോള്‍ ദുബായ്‌ സമയം പുലര്‍ച്ചെ രണ്ടേമുക്കാല്‍ ...! തിരുവനന്തപുരത്തേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ്‌ പുറപ്പെടുന്നത്‌ മൂന്നരയ്ക്ക്‌...! പണിയാകുമോ...? ഹേയ്‌... മുമ്പൊരിക്കല്‍ ഗള്‍ഫ്‌ എയറില്‍ ഇത്തരത്തില്‍ ഡിലേ വന്നപ്പോള്‍ അവര്‍ കണക്ഷന്‍ ഫ്ലൈറ്റ്‌ പിടിച്ചിട്ടിരുന്നു. വെറുതെ എന്തിന്‌ അതോര്‍ത്ത്‌ ടെന്‍ഷനടിക്കണം...? നമ്മളെ കയറ്റാതെ അവരെവിടെ പോകാന്‍ ...

ടേക്ക്‌ ഓഫ്‌ പോലെ തന്നെ സുഗമമായ ലാന്‍ഡിങ്ങിന്‌ ശേഷം ടെര്‍മിനലില്‍ കാല്‍ കുത്തുമ്പോള്‍ സമയം മൂന്ന് മണി. ഇനി അര മണിക്കൂറേ ബാക്കിയുള്ളൂ. ഏതാണ്ട്‌ ഒന്നര കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന ദുബായ്‌ എയര്‍പ്പോര്‍ട്ടിന്റെ ഇങ്ങേയറ്റത്ത്‌ നിന്ന് ഗെയ്റ്റ്‌ നമ്പര്‍ 124 ല്‍ എത്താന്‍ തന്നെ അര മണിക്കൂര്‍ വേണം എന്ന ഭീകര സത്യം അപ്പോഴാണ്‌ ഞങ്ങളുടെ നേരെ കൊഞ്ഞനം കുത്തിയത്‌.

"കാലിക്കറ്റ്‌ ആന്‍ഡ്‌ ഹൈദരാബാദ്‌ പാസ്സഞ്ചേഴ്‌സ്‌ റിപ്പോര്‍ട്ട്‌ റ്റു ട്രാന്‍സ്‌ഫര്‍ ഡെസ്ക്‌ ഇമ്മീഡിയറ്റ്‌ലി എന്ന് പറഞ്ഞ്‌ കൊണ്ട്‌ നില്‍ക്കുന്ന എമിറേറ്റ്‌സ്‌ ഉദ്യോഗസ്ഥരെ കണ്ടതും "വാട്ട്‌ എബൗട്ട്‌ ട്രിവാണ്‍ഡ്രം..." എന്ന് ചോദിച്ചപ്പോള്‍ "ഇവന്‍ എവിടുത്ത്‌കാരാണ്ടാ..." എന്ന മട്ടില്‍ ഒരു നോട്ടം . പിന്നെ അടുത്ത കൗണ്ടറിലേക്ക്‌ ചൂണ്ടിക്കാണിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു. "ട്രിവാന്‍ഡ്രം , കൊച്ചിന്‍ ആന്റ്‌ ബാംഗളൂര്‍ ഗോ ദേര്‍ ..."

നായ കടിക്കാന്‍ ഓടിച്ചിട്ടെന്ന പോലെ ഓടിപ്പാഞ്ഞ്‌ വരുന്ന ഞങ്ങളുടെ വരവ്‌ കണ്ട്‌ ട്രാന്‍സ്‌ഫര്‍ ഡെസ്കിലുണ്ടായിരുന്ന ഫിലിപ്പീനി പെണ്ണുങ്ങള്‍ പാതിയുറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു. ഞൊടിയിടയില്‍ നാല്‌ കൗണ്ടറുകളും ക്യൂവും അവിടെ രൂപം കൊണ്ടു. ഞങ്ങളുടെ ബോര്‍ഡിംഗ്‌ പാസ്സുകള്‍ വാങ്ങി നോക്കിയിട്ട്‌ അവര്‍ പറഞ്ഞു... "യൂ ക്യാനോട്ട്‌ ക്യാച്ച്‌ ദി ഫ്ലൈറ്റ്‌... ഗെയ്റ്റ്‌ ഈസ്‌ ഓള്‍റെഡി ക്ലോസ്‌ഡ്‌..."

"മാഡം ... വി സ്റ്റില്‍ ഹാവ്‌ 30 മിനിറ്റ്‌സ്‌..."

"യൂ കാണ്ട്‌ ഈവണ്‍ റീച്ച്‌ ദി ഗെയ്റ്റ്‌ ഇന്‍ 30 മിനിറ്റ്‌സ്‌..."

"സോ... വാട്ട്‌ വില്‍ വീ ഡൂ നൗ...?"

"വി വില്‍ അറേഞ്ച്‌ സീറ്റ്‌സ്‌ ഇന്‍ നെക്‍സ്റ്റ്‌ എവൈലബിള്‍ ഫ്ലൈറ്റ്‌..."

"വെന്‍ ഈസ്‌ ദാറ്റ്‌...?"

"ലെറ്റ്‌ മീ ചെക്ക്‌ ദി സിസ്റ്റം ..."

അവര്‍ കമ്പ്യൂട്ടറിന്റെ അന്തരാളങ്ങളിലേക്ക്‌ ഊളിയിട്ടു. എല്ലാ കൗണ്ടറുകളിലും ഇത്‌ തന്നെ ആയിരുന്നു അവസ്ഥ. തിരുവനന്തപുരം , കൊച്ചി, ബാംഗളൂര്‍ യാത്രക്കാര്‍ക്കാണ്‌ പണി കിട്ടിയത്‌. എന്താ എയര്‍ബസ്‌ 380 യാത്രയുടെ ഐശ്വര്യം ...

"സര്‍ ... നെക്സ്റ്റ്‌ എവൈലബിള്‍ ഫ്ലൈറ്റ്‌ ഈസ്‌ അറ്റ്‌ 9:45 PM..."

എന്ന് വച്ചാല്‍ പത്ത്‌ പതിനെട്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ... എയര്‍ ഇന്ത്യയെ കുറ്റം പറഞ്ഞ്‌ ബ്ലോഗില്‍ കമന്റ്‌ ഇട്ടതിന്‌ കിട്ടിയ ശിക്ഷ...

"യൂ മീന്‍ ആഫ്റ്റര്‍ 18 അവേഴ്‌സ്‌...? വേര്‍ വില്‍ വി സ്റ്റേ റ്റില്‍ ദാറ്റ്‌...?"

"ഡോണ്ട്‌ വറി സര്‍ ... വി വില്‍ അറേഞ്ച്‌ അക്കമൊഡേഷന്‍ ആന്റ്‌ ഫൂഡ്‌ ഫോര്‍ ഓള്‍ ഓഫ്‌ യൂ..."

ചുരുക്കി പറഞ്ഞാല്‍ അവിടെ നില്‍ക്കുന്ന എല്ലാവരുടെയും ഒഴിവുദിനങ്ങളില്‍ നിന്ന് ഒരു ദിനം കൊഴിഞ്ഞു വീണിരിക്കുന്നു. എന്നാലും മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്‌. ഇതേ അവസ്ഥ എയര്‍ ഇന്ത്യയില്‍ ആയിരുന്നെങ്കിലോ... അടുത്ത ഫ്ലൈറ്റ്‌ എപ്പോള്‍ എന്ന് പോലും തീര്‍ച്ചയില്ലാതെ എയര്‍പ്പോര്‍ട്ടിനകത്ത്‌ നരകിച്ച്‌ കഴിയുക. ഇത്‌ ഒന്നുമില്ലെങ്കില്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസസൗകര്യവും ഭക്ഷണവും തരുമല്ലോ.

അങ്ങനെ എമിറേറ്റ്‌സിന്റെ വക ട്രാന്‍സിറ്റ്‌ വിസയുമായി 'ഐ സ്കാന്‍' കഴിഞ്ഞ്‌ പുറത്തിറങ്ങി മില്ലേനിയം ഹോട്ടലില്‍ എത്തിയപ്പോള്‍ നാലുമണി ആയിരുന്നു. നാലു നേരത്തെ ഭക്ഷണത്തിനുള്ള കൂപ്പണ്‍ കിട്ടിയപ്പോള്‍ തന്നെ പകുതി ജീവന്‍ തിരികെ കിട്ടി.

"അമ്മയെ വിളിച്ച്‌ പറയണ്ടേ..."

വാമഭാഗത്തിന്റെ ചോദ്യം കേട്ടപ്പോഴാണ്‌ അങ്ങനെയൊരു സംഭവം ഓര്‍മ്മ വന്നത്‌. ശരിയാണ്‌... രാവിലെ ഒമ്പത്‌ മണിക്ക്‌ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ വന്ന് കാത്ത്‌ നിന്നിട്ട്‌ മകളെയും മരുമകനെയും പേരക്കുട്ടിയേയും കാണാതെ ഇല്ലാത്ത പൊല്ലാപ്പുകള്‍ ഉണ്ടാക്കണ്ട.

എമിറേറ്റ്‌സിന്റെ വക മൂന്ന് മിനിറ്റ്‌ സൗജന്യ ഇന്റര്‍നാഷണല്‍ കോള്‍ ഉണ്ട്‌. ബുദ്ധിമുട്ടി കഷ്ടപ്പെട്ട്‌ അനുമതി വാങ്ങി ഡയല്‍ ചെയ്തപ്പോള്‍ അങ്ങേ തലക്കല്‍ നോ റെസ്‌പോന്‍സ്‌... ങ്‌ഹേ... ഇനി ഇപ്പോഴേ എയര്‍പ്പോര്‍ട്ടിലേക്ക്‌ പുറപ്പെട്ടിരിക്കുമോ? ഇനി ഒരു വഴിയുണ്ട്‌... എയര്‍പ്പോര്‍ട്ടിലേക്ക്‌ വരാന്‍ ചട്ടം കെട്ടിയിരിക്കുന്ന കാര്‍ ഡ്രൈവറെ തന്നെ വിളിച്ചു നോക്കാം.

"ഹലോ... " സ്ത്രീ ശബ്ദം.

"ഹലോ... വിജയന്‍ ഇല്ലേ...?"

"ചേട്ടന്‍ പശുവിനെ കറക്കയാണ്‌... ആര്‌ വിളിക്കണത്‌...?"

"ശരി... ഞാന്‍ പിന്നെ വിളിക്കാം ..."

കഥ മുഴുവന്‍ പറയാനുള്ള സമയം മില്ലേനിയം ഹോട്ടല്‍ നമുക്ക്‌ തരില്ലല്ലോ.

റൂമിലെത്തി മൊബൈല്‍ ഓണ്‍ ചെയ്തു. റോമിംഗ്‌ എങ്കില്‍ റോമിംഗ്‌. ഒന്നു കൂടി ട്രൈ ചെയ്ത്‌ നോക്കാം. ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല. അമ്മയെത്തന്നെ കിട്ടി. ഫ്ലൈറ്റ്‌ മിസ്സായതും നാളെ പുലര്‍ച്ചക്കേ എത്തൂ എന്ന കാര്യവും അറിയിച്ചതോടെ സമാധാനമായി. ഇനി ഒന്നുറങ്ങണം. പതുപതുത്ത മെത്തയിലേക്ക്‌ മറിഞ്ഞു.


മകനോടൊപ്പം ഹോട്ടല്‍ മില്ലേനിയത്തില്‍ ...



"വല്ലതും കഴിക്കണ്ടേ..." ഭാര്യാജിയുടെ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. സമയം ഒമ്പത്‌ മണിയായിരിക്കുന്നു.

"ശരി.. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞിട്ട്‌ നമുക്ക്‌ റെസ്റ്റോറന്റിലേക്ക്‌ പോകാം... "

"അതിന്‌ ബ്രഷും പേസ്റ്റും ലഗേജിലല്ലേ..."

"ങ്‌ഹേ..." അതൊരു ചതിയായല്ലോ... തോര്‍ത്തും സോപ്പും ഒന്നും കൊണ്ടു പോകുന്നില്ല എന്ന് ബ്ലോഗില്‍ എല്ലാവരോടും വീരവാദം മുഴക്കി യാത്ര പറഞ്ഞ്‌ പോന്നതാണ്‌.

"ഞങ്ങള്‍ കുളിച്ച്‌ വായ്‌ ഒക്കെ കഴുകി റെഡിയാ... പെട്ടെന്ന് വാ..."

എന്തായാലും ബാത്ത്‌റൂമില്‍ തോര്‍ത്തും സോപ്പുമുണ്ട്‌. ഇവര്‍ക്ക്‌ ഒരു ടൂത്ത്‌ പേസ്റ്റ്‌ കൂടി ഇവിടെ വച്ചു കൂടായിരുന്നോ... പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിഞ്ഞ്‌ കുളി കഴിഞ്ഞിട്ടും ഒരു തൃപ്തിയാകുന്നില്ല. പല്ല് തേക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും..?

പെട്ടെന്നാണ്‌ സര്‍ജിയുടെ ഐഡിയ തലയില്‍ ഉദിച്ചത്‌. പല്ല് തേക്കാന്‍ ടൂത്ത്‌ പേസ്റ്റ്‌ തന്നെ വേണമെന്നില്ലെന്നാണ്‌ സര്‍ജി പറയുന്നത്‌... ചൂണ്ടുവിരല്‍ നീട്ടി സോപ്പില്‍ ഒന്ന് തോണ്ടി. പിന്നെ പണ്ട്‌ ഉമിക്കരി കൊണ്ട്‌ പല്ലുതേച്ചിരുന്ന ഓര്‍മ്മയില്‍ ഒരലക്ക്‌... സംഗതി ക്ലീന്‍ . വാട്ട്‌ ആന്‍ ഐഡിയ സര്‍ജി...

സോപ്പ്‌ കൊണ്ട്‌ പല്ല് തേച്ച കാര്യം പറഞ്ഞപ്പോള്‍ ഭാര്യയ്ക്കും മകനും ചിരി അടക്കാന്‍ കഴിഞ്ഞില്ല.

"വലിയ ബുദ്ധിമാനാ... അവിടെ എത്തുന്നത്‌ വരെ വയറിളക്കം പിടിക്കാതിരുന്നാല്‍ മതിയായിരുന്നു..."

"അതിന്‌ സോപ്പ്‌ ഉള്ളില്‍ പോയിട്ടില്ലല്ലോ... പിന്നെന്താ പ്രശ്നം ...?"

"ങ്‌ഹും... എന്തിനും ഉത്തരമുണ്ടല്ലോ... നമുക്ക്‌ കാണാം ..."

റെസ്റ്റോറന്റില്‍ എത്തിയപ്പോഴാണ്‌ ഫ്ലൈറ്റ്‌ മിസ്സായതിന്റെ ഗുണം മനസ്സിലായത്‌. ബുഫേയാണ്‌. കൊച്ചിക്കാരും ബാംഗളൂരുകാരും തിര്‌വോന്തരംകാരും ഒക്കെ അവിടവിടെയായി സ്ഥാനം പിടിച്ച്‌ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. അടിപൊളി ബ്രേക്‌ക്‍ഫാസ്റ്റ്‌.

തിരികെ റൂമില്‍ എത്തി പുറത്തേക്ക്‌ നോക്കിയപ്പോള്‍ അല്‍പ്പമകലെയായി പോകുന്ന മെട്രോ റെയില്‍ . തൊട്ടുതാഴെ ഏതോ ഒരു സ്കൂളിന്റെ കോമ്പൗണ്ട്‌. വെള്ളിയാഴ്ച ആയതുകൊണ്ട്‌ അവധിയാണ്‌. ദുബായ്‌ നഗരം ഉറങ്ങുകയാണ്‌.

ലഞ്ച്‌, ടീ, ഡിന്നര്‍ എന്നിവ കടുകിട സമയം തെറ്റാതെ അതാതിന്റെ സമയത്ത്‌ പോയി കഴിക്കുവാന്‍ ഞങ്ങള്‍ പ്രത്യേകം ശുഷ്ക്കാന്തി കാണിച്ചു എന്ന് പറയേണ്ടതില്ലല്ലോ. നെക്സ്റ്റ്‌ എവൈലബിള്‍ ഫ്ലൈറ്റ്‌ തന്നെ വേണമെന്നില്ലായിരുന്നു, രണ്ട്‌ ദിവസം കഴിഞ്ഞുള്ള ഫ്ലൈറ്റ്‌ ആയാലും മതിയായിരുന്നു എന്ന് മനസ്സില്‍ തോന്നാതിരുന്നില്ല.

ഡിന്നറിന്‌ ശേഷം ഹോട്ടല്‍ മില്ലേനിയത്തോട്‌ വിടവാങ്ങി അവരുടെ വാഹനത്തില്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. എമിഗ്രേഷന്‍ നടപടികള്‍ക്ക്‌ ശേഷം രണ്ട്‌ മണിക്കൂര്‍ സമയം കിട്ടിയതുകൊണ്ട്‌ എയര്‍പ്പോര്‍ട്ടിനകത്ത്‌ രണ്ട്‌ റൗണ്ട്‌ അടിക്കാനും കുറച്ച്‌ ചിത്രങ്ങള്‍ എടുക്കാനും തീരുമാനിച്ചു. ഒരു വിമാനത്താവളം എത്രമാത്രം മനോഹരമാക്കാം എന്നുള്ളതിന്‌ ഉത്തമ ഉദാഹരണമാണ്‌ ദുബായ്‌ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്‌.


ദുബായ്‌ വിമാനത്താവളത്തില്‍ ...

ഫോട്ടോ സെഷന്‍ കഴിഞ്ഞപ്പോഴേക്കും ബോര്‍ഡിങ്ങിനുള്ള സമയം ആയിരുന്നു. ഇനി ഹര്‍ത്താലിന്റെ സ്വന്തം നാട്ടിലേക്ക്‌. പുലര്‍ച്ചെ മൂന്നേമുക്കാലിന്‌ ലാന്റ്‌ ചെയ്യും എന്നാണ്‌ ക്യാപ്റ്റന്റെ അറിയിപ്പ്‌. മില്ലേനിയത്തിലെ ഡിന്നര്‍ കുറച്ച്‌ ഹെവി ആയിപ്പോയതുകൊണ്ട്‌ ഫ്ലൈറ്റിലെ ഭക്ഷണം ഉപേക്ഷിച്ച്‌ അടുത്ത നാലുമണിക്കൂര്‍ സ്വസ്ഥമായി ഉറങ്ങുവാന്‍ തീരുമാനിച്ചു.

ചെറിയ ഒരു ബഹളം കേട്ടാണ്‌ ഉറക്കത്തില്‍ നിന്നുണര്‍ന്നത്‌. വിമാനം ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയിലാണ്‌ മദ്ധ്യഭാഗത്ത്‌ നിന്ന് ഒരാള്‍ എഴുന്നേറ്റ്‌ ആടിയാടി ഇടനാഴിയിലൂടെ പിന്നിലേക്ക്‌ വന്നത്‌. ലാന്റിങ്ങിന്‌ നിമിഷങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ നല്ല പൂസായി എഴുന്നേറ്റ്‌ നടക്കുന്ന ഒരു തടിയനെ കണ്ട എയര്‍ഹോസ്റ്റസ്‌ വെറുതെ ഇരുന്നില്ല.

"സര്‍ ... വീ ആര്‍ ലാന്‍ഡിംഗ്‌... പ്ലീസ്‌ ഗോ റ്റു യുവര്‍ സീറ്റ്‌..."

ആ നിര്‍ദ്ദേശം അത്ര കാര്യമാക്കാതെ കക്ഷി ഞാണിന്മേല്‍ കളി തുടര്‍ന്നു.

"സര്‍ ... ഗോ റ്റു യുവര്‍ സീറ്റ്‌... ദിസ്‌ ഈസ്‌ ഫോര്‍ യുവര്‍ സേഫ്റ്റി..."

അതേറ്റു. കക്ഷി അവിടെ നിന്നു. പിന്നെ എയര്‍ ഹോസ്റ്റസ്സിന്‌ നേര്‍ക്ക്‌ ദഹിപ്പിക്കുന്ന ഒരു നോട്ടം. പിന്നെ വയറ്റില്‍ കിടക്കുന്ന മദ്യം ഡയലോഗായി പുറത്തു വന്നു.

"യൂ സിറ്റ്‌ ദേര്‍ ... ഡോണ്ട്‌ ടീച്ച്‌ മീ... ഓക്കേ...? ഡോണ്ട്‌ ലുക്ക്‌ അറ്റ്‌ മീ... ഓക്കേ...? യൂ ബ്ലഡി ബിച്ച്‌..."

ഏതാണ്ടിതേ സമയത്താണ്‌ വിമാനത്തിന്റെ മുന്‍ഭാഗത്ത്‌ വേറൊരു ജന്മം സീറ്റില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത്‌. കോട്ടും സൂട്ടും അണിഞ്ഞ്‌ തലയില്‍ മാന്‍ഡ്രേക്ക്‌ സ്റ്റൈലില്‍ തൊപ്പിയും വച്ച ഒരു രൂപം. പിന്നീടങ്ങോട്ട്‌ തടിയന്റെയും മാന്‍ഡ്രേക്കിന്റെയും കലാപരിപാടികള്‍ ആയിരുന്നു. അവരവരുടെ സീറ്റുകളില്‍ പോയി ഇരിക്കുവാനുള്ള ക്യാപ്റ്റന്റെ അപേക്ഷ പോലും വനരോദനമായി മാറി. ഇതിനിടയില്‍ റണ്‍വേ സ്പര്‍ശിച്ച വിമാനത്തിന്റെ ബ്രേക്കിങ്ങില്‍ രണ്ട്‌ പേരും അക്ഷരാര്‍ത്ഥത്തില്‍ ഫ്ലാറ്റായി കഴിഞ്ഞിരുന്നു.

"മലയാളികളുടെ പേര്‌ കളയാനായി ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും..." എവിടെ നിന്നോ ഒരു കമന്റ്‌.

"ഇനിയിപ്പോള്‍ വിമാനത്തില്‍ മദ്യം കൊടുക്കുന്നതും ഇല്ലാതാക്കും ഇത്തരക്കാര്‍..." വേറൊരാള്‍ .

വിമാനം നിന്നതോടെ ഓരോരുത്തരായി ചാടിയെഴുന്നേറ്റു. അപ്പോഴാണ്‌ ക്യാപ്റ്റന്റെ അറിയിപ്പ്‌ വന്നത്‌.

"വീ റിക്വസ്റ്റ്‌ ഓള്‍ പാസഞ്ചേഴ്‌സ്‌ റ്റു ബീ സീറ്റഡ്‌.. വീ ആര്‍ വെയ്റ്റിംഗ്‌ ഫോര്‍ ദി എയര്‍പ്പോര്‍ട്ട്‌ സെക്യൂരിറ്റി റ്റു എന്റര്‍ ദി ഫ്ലൈറ്റ്‌ ആന്റ്‌ ടേക്ക്‌ എവേ ദി റ്റൂ പേഴ്‌സണ്‍സ്‌ ക്രിയേറ്റഡ്‌ കാവോസ്‌ ഓണ്‍ ബോര്‍ഡ്‌..."

സംഗതി സീരിയസ്‌ ആയി. എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിലേക്ക്‌ മടങ്ങി. അഞ്ച്‌ മിനിറ്റിനകം സായുധരായ പോലീസ്‌ സംഘം വിമാനത്തില്‍ പ്രവേശിച്ചു.

"രണ്ടെണ്ണം അങ്ങോട്ട്‌ ഇട്ടു കൊടുക്ക്‌ സാറേ... മനുഷ്യന്റെ സമയം മെനക്കെടുത്താനായി ഇറങ്ങിക്കോളും ഓരോന്ന്..." പിന്നില്‍ നിന്ന് ഏതോ രസികന്റെ കമന്റ്‌.

ലോതറേയും മാന്‍ഡ്രേക്കിനെയും തൂക്കിയെടുത്ത്‌ കൊണ്ടുപോയതിന്‌ പിന്നാലെ ഓരോരുത്തരായി ഇറങ്ങി.

ഇമിഗ്രേഷന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ ഒരിക്കല്‍ക്കൂടി... പിന്നെ തിരുത്തി... അല്ല, മദ്യത്തിന്റെയും ഹര്‍ത്താലിന്റെയും സ്വന്തം നാട്ടിലേക്ക്‌...

ഏറ്റവും ആദ്യം ഇറങ്ങിയ മാന്‍ഡ്രേക്കും ലോതറും അരികിലുള്ള കണ്‍ട്രോള്‍ റൂമില്‍ പോലീസ്‌ അകമ്പടിയോടെ മര്യാദക്കാരായി, കെട്ടിറങ്ങാന്‍ കാത്ത്‌ നില്‍ക്കുന്നത്‌ അപ്പോള്‍ കാണാമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വാല്‍ക്കഷണം - മടക്കയാത്രക്കായി തിരുവനന്തപുരം വിമാനത്താവളത്തിലെ ചെക്ക്‌ ഇന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ പ്രത്യാശയോടെ ഡെസ്ക്‌ സ്റ്റാഫിനോട്‌ ചോദിച്ചു... "ഫ്ലൈറ്റ്‌ ഡിലേ ആകാനുള്ള സാദ്ധ്യത എന്തെങ്കിലുമുണ്ടോ...? കണക്ഷന്‍ ഫ്ലൈറ്റ്‌ മിസ്സാകുമോ?"

"നോ സര്‍ ... എക്സാക്റ്റ്‌ലി ഓണ്‍ ടൈം ആസ്‌ ഷെഡ്യൂള്‍ഡ്‌... ഡോണ്ട്‌ വറി..."

"ങ്‌ഹും... താങ്‌ക്‍സ്‌..." എന്ന് പറഞ്ഞ്‌ ബോര്‍ഡിംഗ്‌ പാസ്സുമായി നിരാശയോടെ കുടുംബസമേതം എമിഗ്രേഷനിലേക്ക്‌ നീങ്ങി.

65 comments:

  1. ഈ വര്‍ഷത്തെ കേരളപര്യടന വിശേഷങ്ങള്‍ ... ഇനി നിങ്ങളുടെ ഊഴം ...

    ReplyDelete
  2. anno..rasakaramayittundu..Annan yathra ipravishyavum nirashapeduthiylla. Thirichu varumbol lavanmar chathichu allay :)

    ReplyDelete
  3. രസമായിട്ടുണ്ട് വിവരണം .

    ReplyDelete
  4. അണ്ണാ, A380-യില് യാത്ര ചെയ്ത സുഖം! വിവരണം അസ്സലായി ട്ടോ… എന്നാലും സോപ്പുപയോഗിച്ച് പല്ലുതേക്കുക എന്നൊക്കെ പറഞ്ഞാല്…

    ഫോട്ടോസും കിടിലം… ‘അച്ഛനാരാ മോന്’ എന്ന് ആരെങ്കിലും ചോദിച്ചാല് കുറ്റം പറയാന് പറ്റില്ല… ഹിഹിഹി..

    (ഇക്കണക്കിനു പോയാല് ഞാന് എന്റെ ബ്ലോഗ് അടച്ചുപൂട്ടേണ്ടി വരും… വന്നുവന്ന് അണ്ണനും യാത്രാവിവരണം തുടങ്ങിയില്ലേ… :D)

    ReplyDelete
  5. വിനുവേട്ടാ,
    രസകരവും മനോഹരവുമായി തന്നെ വിവരിച്ചിരിക്കുന്നു!
    പടംസും ഉഷാര്‍!

    ReplyDelete
  6. ശരിക്കും എയര്‍ബസ്സില്‍ യാത്ര ചെയ്ത പോലെ,
    യാത്രക്കിടയിലെ ചിന്തകള്‍ പോലും രസമായിട്ടുണ്ട്
    ഒരു കാര്യം മനസ്സിലായില്ലേ? രണ്ട് ഫ്ലൈറ്റിടിയ്ക്കുള്ള ടൈം ഇതിരി കൂടുന്നതാ നല്ലത് എയര്‍ പോര്‍ട്ടില്‍ കിടന്ന് ഓടണ്ടല്ലൊ... എന്തായാലും ചുളുവില്‍ ഒരു യു എ ഇ സന്ദര്‍ശനവും ഒത്തല്ലോ.

    ReplyDelete
  7. അകലെനിന്നും നോക്കിക്കാണുന്ന ആകാശവിമാനത്തിലെ കാഴ്ചകൾ കാണിച്ചതിന് അഭിനന്ദനങ്ങൾ.

    ReplyDelete
  8. രസകരവും മനോഹരവുമായി തന്നെ വിവരിച്ചിരിക്കുന്നു...ശരിക്കും എയര്‍ബസ്സില്‍ യാത്ര ചെയ്ത പോലെ..

    ReplyDelete
  9. രസകരമായി വിവരണം............

    ReplyDelete
  10. വിനുവേട്ടാ...
    യാത്രാ വിവരണം കൊള്ളാം...
    അത് ‘എയർ ഇൻഡ്യ’ എങ്ങാനും ആയിരുന്നെങ്കിൽ ഈ പോസ്റ്റ് ഇങ്ങനെ ആകുമായിരുന്നില്ല...?!!

    ആശംസകൾ...

    ReplyDelete
  11. വിവരണം ഗംഭീരം. ഇഷ്ടമായി. ഇനി നാട്ടിലെ വിശേഷങ്ങൾ പറയു.
    പല്ലുതേച്ചതു്‌ ഇഷ്ടപ്പെട്ടു! പണ്ട് ചില അയ്യപ്പന്മാർ ഈ സംഭവം ചെയ്യുന്നത് കണ്ടിട്ടുണ്ട് - പല്ലുതേക്കൽ (യൂസിങ്ങ് സോപ്പ്)

    ReplyDelete
  12. സോപ്പ്‌ കൊണ്ട്‌ പല്ല് തേച്ചത്‌ നാട്ടുകാരെ മുഴുവന്‍ അറിയിച്ചപ്പോള്‍ സമാധാനമായല്ലോ... ഹി ഹി ഹി ...

    ReplyDelete
  13. ഇതിനാണല്ലേ പറയുന്നതു് ഉർവ്വശീശാപം ഉപകാരമെന്ന്‌! പിന്നെ എപ്പഴും മുയലു ചാവില്ലാട്ടോ.

    ReplyDelete
  14. യാത്രാ വിവരണം കലക്കി.ഇനി ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍
    ഹര്‍ത്താലിന്റേയും മദ്യത്തിന്റേയും നാട്ടിലെ വിശേഷങ്ങള്‍ കൂടി പറയൂ..

    ReplyDelete
  15. Priyappetta Vinuvettan,
    Good Evening!
    First time here.Enjoyed reading your wonderful journey .I am happy to know you belong to Thirur.I love Nava Mukunda Temple and Bharata Puzha.
    Hope the post will be about your holidays in Thirur.
    Wishing you happy blogging......
    Sasneham,
    Anu

    ReplyDelete
  16. അതിസുന്ദരമായി ഒരു യാത്രയെ അവലോകനം ചെയ്തതിൽ എയർബസ്സും,മില്ലേനിയവും,എയർ ഇന്ത്യയും,...മൊക്കെ കഥാപാത്രങ്ങളായി വന്ന് വായനക്കരെല്ലാവരേയും നന്നായി രസിപ്പിച്ചിരിക്കുന്നൂ‍....
    ഒപ്പം തിരുകികയറ്റിയ നർമ്മങ്ങളും കലക്കി കേട്ടൊ വിനുവേട്ടാ.

    ReplyDelete
  17. രസകരമായ യാത്രാവിവരണം. അപ്പോള്‍ പേസ്റ്റില്ലെങ്കിലും സോപ്പ് വെച്ച് ഒരു നേരം അഡ്‌ജസ്റ്റ് ചെയ്യാം അല്ലേ? ഐഡിയ കൊള്ളാം.

    ReplyDelete
  18. നൈസ് !!!

    ആ ലാസ്റ്റ്‌ പറഞ്ഞത്‌ വായിച്ചു പൊട്ടി ചിരിച്ചു പോയി.

    ReplyDelete
  19. അവര്‍ കമ്പ്യൂട്ടറിന്റെ അന്തരാളങ്ങളിലേക്ക്‌ ഊളിയിട്ടു..

    vinvettaaa...ee vari vaayich njaan aatmaarthmaayum chirich poyi...

    Ethaayalum sthiramaayi Oman Air il yaatra cheyyunna njaan kazhinja thavan nivarthiyillaathe Indian air lines il pokendi vannathum ...24 hrs(!!!) late aayathum ithu poloru mandrakeine landing samayath amamchi pedippichiruthunnathum okke veendum orkkukayum cheythu..

    As usal BRAVO!!!

    ReplyDelete
  20. നല്ല രസമായി വായിച്ചു.
    സോപ്പോണ്ട് പല്ലേക്കണത് പുതിയ വിദ്യയല്ല, വളരെ പഴയതാ.
    ആ വലിയ വിമാനം കണ്ട് അന്തം വിട്ടിരുന്നു പോയി.
    നന്നായിട്ടുണ്ട്.

    ReplyDelete
  21. A380 എന്നൊക്കെ ഇപ്പോഴാണു കേള്‍ക്കുന്നത്.ഫോട്ടോയില്‍ തന്നെ ഒരാനച്ചന്തം തോന്നുന്ന സ്ഥിതിക്ക് നേരിട്ടെന്താവും..!
    സോപ്പ് കൊണ്ടുള്ള പല്ലു തേയ്ക്കല്‍ വഴി വല്ലഭനു പുല്ലു മാത്രല്ല സോപ്പും ആയുധം എന്നു തെളിയിച്ചു അല്ലേ.:)

    ReplyDelete
  22. വെക്കേഷന്‌ പോകുകയാണെന്ന് സ്റ്റോം വാണിങ്ങില്‍ കണ്ടിരുന്നു. രസകരമായ ഒരു പോസ്റ്റുമായിട്ടാണല്ലോ മടങ്ങി വരവ്‌. വാല്‍ക്കഷണം വായിച്ച്‌ ശരിക്കും ചിരിച്ചു പോയി.

    ഇപ്രാവശ്യം കൃഷ്ണേട്ടന്‍ കഥകളൊന്നുമില്ലേ?

    ReplyDelete
  23. ഉമേഷ്‌... ഒന്നാമനായി അല്ലേ? ചിരിക്ക്‌ നന്ദി...

    പപ്പന്‍ജി... അതേ.. തിരിച്ചു വന്നപ്പോള്‍ അവര്‍ നിരാശപ്പെടുത്തിക്കളഞ്ഞു...

    അബ്‌കാരി... നന്ദിട്ടോ... മനുഷ്യനെ ചിരിപ്പിക്കാനായി മിഥുനത്തിലെ ഇന്നസെന്റിന്റെ ഫോട്ടോയുമായി ഇറങ്ങിയിരിക്കുകയാണല്ലേ?

    ജിമ്മി... അച്ഛനാരാ മോന്‍ ... നാട്ടില്‍ ചെന്നപ്പോള്‍ ചിലര്‍ ചോദിച്ചു ചേട്ടനും അനിയനും കൂടി എങ്ങോട്ടാ എന്ന്...

    ReplyDelete
  24. നൗഷാദ്‌... സന്ദര്‍ശനത്തിന്‌ നന്ദി... നൗഷാദിന്റെ, കമന്റിന്‌ കാത്തിരിക്കുന്ന ബ്ലോഗറെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഇപ്പോഴും ചിരിയുണര്‍ത്തുന്നു കേട്ടോ...

    മാണിക്യം ... രണ്ടാമതൊരു സന്ദര്‍ശനം കൂടി ഒപ്പിക്കാന്‍ നോക്കിയിട്ട്‌ നടന്നില്ല...

    മിനി ടീച്ചറേ... നന്ദി കേട്ടോ... കണ്ണൂരില്‍ വിമാനത്താവളം വരികയല്ലേ... ഇനി വിമാനനങ്ങള്‍ അടുത്ത്‌ കാണാമല്ലോ...

    ലക്ഷ്മി... നന്ദി...

    പ്രയാണ്‍ ... തൃശൂര്‍ വിശേഷങ്ങളിലേക്ക്‌ സ്വാഗതം ...

    ReplyDelete
  25. വി.കെ... ശരിയാണ്‌... എങ്കില്‍ കോമഡിക്ക്‌ പകരം ട്രാജഡി ആയേനെ... ഞാന്‍ ഈ പോസ്റ്റില്‍ ലിങ്ക്‌ കൊടുത്തിരിക്കുന്ന ജിമ്മി എന്ന ബ്ലോഗറുടെ കുട്ടപ്പചരിതത്തില്‍ 'ഒരു എയര്‍ ഇന്ത്യന്‍ ക്രൂരഗാഥ' എന്നൊരു പോസ്റ്റുണ്ട്‌... വായിച്ച്‌ നോക്കൂ..

    യൂസുഫ്‌പ ... നന്ദി...

    ചിതല്‍ ... അത്‌ ശരി... അപ്പോള്‍ ഇതൊരു പുതിയ ഐഡിയ അല്ല അല്ലേ...?

    എഴുത്തുകാരി ... എന്നാലും ഒരിക്കല്‍ക്കൂടി ഞങ്ങള്‍ പ്ലാവിന്റെ കീഴില്‍ ഒന്ന് നിന്ന് നോക്കിയതല്ലേ...? ഹി ഹി ഹി ...

    റിയാസ്‌... നന്ദി... ഇതിന്റെ ചൂട്‌ ഒന്നാറിയിട്ട്‌ എഴുതാംട്ടോ...

    ReplyDelete
  26. അനുപമ... തൃശൂര്‍ വിശേഷങ്ങളിലേക്ക്‌ സ്വാഗതം ... പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ... ഞാന്‍ തിരൂര്‍ക്കാരനല്ല ... തൃശൂര്‍ക്കാരനാണ്‌ കേട്ടോ... ബാല്യകാലത്ത്‌ തിരൂര്‍, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലൊക്കെ ആയിരുന്നു ജീവിതം എന്ന് മാത്രം... നാവാമുകുന്ദ ക്ഷേത്രത്തിന്റെ തെക്കേ മതിലിന്‌ തൊട്ട്‌ ചേര്‍ന്നായിരുന്നു അന്ന് വീട്‌... ഭാരതപ്പുഴയോട്‌ തൊട്ടുരുമ്മി...

    മുരളിഭായ്‌... എല്ലാവരും യാത്രാവിവരണത്തില്‍ പെടയ്ക്കുമ്പോള്‍ നമ്മളായിട്ടെന്തിനാ വിട്ടുകൊടുക്കുന്നത്‌... നന്ദീട്ടോ...

    വായാടി തത്തമ്മേ, തത്തമ്മയ്ക്കൊന്നും പല്ല് തേയ്ക്കണ്ട ആവശ്യം പോലുമില്ലല്ലോ... ഹി ഹി ഹി...

    ക്യാപ്റ്റന്‍ ... രസിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ...

    ReplyDelete
  27. എയര്‍ ഇന്ത്യ പ്ലാസ്റ്റിക്‌ ചരട് കെട്ടിയത് വായിച്ചു ചിരിച്ചു. ശ്രീനിവാസന്റെ കഥാപാത്രം ചന്ദ്രലേഖ എന്ന സിനിമയില്‍ പാന്റ്സ് ചരട് കൊണ്ട് കെട്ടിയത് ഓര്‍മ വന്നു. വളരെ ഇഷ്ടമായി ഈ രസകരമായ വിവരണം. നീലത്താമരയെ കൂടി ഉള്‍പ്പെടുത്താമായിരുന്നു ഫോട്ടോയില്‍.

    ReplyDelete
  28. കാട്ടുകുറിഞ്ഞി... യാത്രാവിവരണം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം .

    എച്ച്‌മു കുട്ടി... സോപ്പ്‌ അപ്പോള്‍ പഴയ സിലബസ്‌ ആണല്ലേ...

    റെയര്‍ റോസ്‌ ... A380 ... അതൊരു സംഭവം തന്നെയാണ്‌ കേട്ടോ...

    പാവം ഞാന്‍ ... പിന്നെയും ചക്കയിട്ടാല്‍ ...

    ലേഖ ... കൃഷ്ണേട്ടനെ കണ്ടിരുന്നു... പുതിയ കഥ പറയാന്‍ അദ്ദേഹം വായ തുറന്നതേയില്ല...

    ReplyDelete
  29. സുകന്യ... അതെങ്ങനെയാ...? നീലത്താമരയുടെ കൈയിലല്ലേ ക്യാമറ...?

    ReplyDelete
  30. nice informative post so we can select emarites flight next time

    thanks

    ReplyDelete
  31. നന്നായിരിക്കുന്നു

    www.tkjithinraj.co.cc

    ReplyDelete
  32. എല്ലാവരും എത്തി ടേക്ക്‌ ഓഫിന്‌ തയ്യാറാകുമ്പോള്‍ സമയം പതിനൊന്നേകാല്‍. ഇത്രയും വലിയ സാധനം അഞ്ഞൂറില്‍പ്പരം ആളുകളെയും വഹിച്ചുകൊണ്ട്‌ ആകാശത്തേക്ക്‌ എങ്ങനെ ഉയരും എന്നൊരു ഭയം ഉള്ളില്‍ തോന്നിയെങ്കിലും പോയാലും എല്ലാവരും ഒന്നിച്ചല്ലേ എന്ന ആശ്വാസത്തില്‍ ഭയം ലവലേശം പുറമേ കാണിക്കാതെ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഇരുന്നു..

    സംഗതി കലക്കീട്ടിണ്ട്..
    നാട്ടിലെ ബാക്കി വിശേഷങ്ങള്‍ പോരട്ടെ..

    ReplyDelete
  33. കൊള്ളാം ഈ വായുപുരാണം

    ReplyDelete
  34. രസകരവും മനോഹരവുമായി വിവരിച്ചിരിക്കുന്നു.മില്ലെനിയം ഫോട്ടോ ഇപ്പോഴാണു തെളിഞ്ഞു വന്നത്.

    ReplyDelete
  35. വിനുവേട്ടോ....എയര്‍ ഇന്ത്യയെ കുറ്റം പറഞ്ഞതിന് അങ്ങനെ കിട്ടണം. എന്നാലും ഓസിനു സ്റ്റാര്‍ ഹോട്ടെല്‍ താമസം കിട്ടിയല്ലോ.ആകെ കൂടി കൊള്ളാം. ഇനി നാട്ടിലെ വിശേഷങ്ങള്‍ കൂടി പോരട്ടെ....സസ്നേഹം

    ReplyDelete
  36. വിനുവേട്ടാ പല സ്ഥലത്തും നന്നായി ചിരിപ്പിച്ചു. ആ മാൻഡ്രേക്കും ലോതറും പ്രയോഗം കിടിക്കിക്കളഞു:) മൊത്തത്തിൽ രസികൻ!!
    അപ്പോൾ ...വീണ്ടും പാർക്കലാം.

    ReplyDelete
  37. വിനുവേട്ടാ ,വളരെ നല്ല പോസ്റ്റ്‌ .എനിക്കും അതില്‍ യാത്ര ചെയ്യാന്‍ ഒരിക്കല്‍ സാധിച്ചു .ഏത് നരകത്തിലേക്ക് എന്നെ വിളിച്ചാലും ഞാന്‍ പോകാമെന്ന് പറയും .പക്ഷേ വിമാന യാത്ര മാത്രം എന്നോട് പറയണ്ടാ .ഒട്ടും ഇഷ്ട്ടമില്ല .എയര്‍ബസ്സ്‌-380 ആ യാത്ര വളരെ ഇഷ്ട്ടമായി . ഒരു നല്ല അനുഭവം ആയിരുന്നു ...




    ''ചുരുക്കി പറഞ്ഞാല്‍ അവിടെ നില്‍ക്കുന്ന എല്ലാവരുടെയും ഒഴിവുദിനങ്ങളില്‍ നിന്ന് ഒരു ദിനം കൊഴിഞ്ഞു വീണിരിക്കുന്നു. എന്നാലും മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്‌.'' ഇതൊക്കെ ജീവിതത്തില്‍ നമ്മള്‍ വേണമെന്ന് ആശിച്ചു കിട്ടുന്ന നല്ല അവസരകള്‍ ആണ് . ഓര്‍ത്ത്‌ മനസ്സില്‍ സൂക്ഷിച്ച് വയ്ക്കാനും ,കൂടെ ഉണ്ടാവും .

    ReplyDelete
  38. ജുനൈദ്‌ ... നന്ദി വരവിന്‌... നാട്ടിലെ വിശേഷങ്ങള്‍ പിന്നാലെ വരുന്നുണ്ട്‌...

    ആയിരത്തിയൊന്നാംരാവ്‌ ... സന്തോഷംട്ടോ...

    കൃഷ്ണകുമാര്‍ ... ശുക്രന്‍ ...

    യാത്രികന്‍ ... സ്റ്റാര്‍ ഹോട്ടലിലെ താമസം ... അതൊരു താമസം തന്നെയായിരുന്നു മാഷേ...

    ഭായി... മാന്‍ഡ്രേക്കിന്റെയും ലോതറിന്റെയും പ്രകടനങ്ങള്‍ ഒന്നു കാണേണ്ടതു തന്നെയായിരുന്നു കേട്ടോ... അപ്പോള്‍ വീണ്ടും പാര്‍ക്കലാം... മാന്‍ സുലൈമാനില്‍ ..

    സിയ... ശരിയാണ്‌... വിചാരിച്ചിരിക്കാതെ ഒത്തുകിട്ടിയ അസുലഭ മുഹൂര്‍ത്തങ്ങള്‍ ...

    ReplyDelete
  39. "എയര്‍ ഇന്ത്യയില്‍ അല്ല പോകുന്നത്‌, അതു കൊണ്ട്‌ തോര്‍ത്തും സോപ്പും കൊണ്ടുപോകുന്നില്ല എന്ന് അല്‍പ്പം അഹങ്കാരത്തോടെ കൂട്ടിച്ചേര്‍ത്തപ്പോഴാണ്‌ പൂര്‍ണ്ണതൃപ്തിയായത്‌."
    "ചൂണ്ടുവിരല്‍ നീട്ടി സോപ്പില്‍ ഒന്ന് തോണ്ടി. പിന്നെ പണ്ട്‌ ഉമിക്കരി കൊണ്ട്‌ പല്ലുതേച്ചിരുന്ന ഓര്‍മ്മയില്‍ ഒരലക്ക്‌... സംഗതി ക്ലീന്‍ . വാട്ട്‌ ആന്‍ ഐഡിയ സര്‍ജി..."

    കൊള്ളാം വിനുവേട്ടാ. ഇഷ്ട്ടപ്പെട്ടു. ഒരുപാട് കമന്റ് പെട്ടികളില്‍ ഈ മുഖം കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് ഇങ്ങോട്ട് ഒന്ന് വരാന്‍ പറ്റിയത്. ഇനി ഉണ്ടാവും. ഞാനും കൂടുന്നു ഒപ്പം.
    പിന്നെ A 380 യിലെ ഒരു യാത്ര സ്ഥിരം സ്വപ്നം കാണുന്ന ഒരാള്‍ ആണ്‌ ഞാനും. എന്നേലും നടക്കുമായിരിക്കും.!

    ReplyDelete
  40. അടിപൊളി വിവരണം വിനുവേട്ടാ....അത്ര ഒഴുക്കോടെ വായിച്ചു...
    ഇനി നാട്ടിലെ വിശേഷങ്ങള്‍ എഴുതൂ...

    ReplyDelete
  41. വിനുവേട്ടാ, ആദ്യമായാണിവിടെ. നല്ല ഒഴുക്കോടെ കുറച്ച് നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് രസായി എഴുതീട്ടുണ്ട്ട്ടാ. അനുഭവം ഇഷ്ടപ്പെട്ടു. ഇനിയും കാണാം.

    ReplyDelete
  42. ആളവന്‍താന്‍ ... സന്തോഷം വരവിന്‌... ജോര്‍ദാനിലല്ലേ... അമ്മാന്‍ - ജിദ്ദ - ദുബായ്‌ വഴി എമിറേറ്റ്‌സില്‍ ബുക്ക്‌ ചെയ്താല്‍ മതി... കാര്യം നടക്കും ...

    ചാണ്ടിക്കുഞ്ഞ്‌ ... സന്തോഷായിട്ടോ... നാട്ടിലെ വിശേഷങ്ങള്‍ പിന്നാലെ ...

    ഹാപ്പി ബാച്ചിലേഴ്‌സ്‌ ... നന്ദിട്ടോ... ഇനിയും കാണണം ...

    ReplyDelete
  43. A380 പോലെ തന്നെ വലിയ പോസ്ടാനല്ലോ ചേട്ടാ ....മുഴുവന്‍ വായിച്ചു ഒറ്റയിരുപ്പില്‍ ...എന്നാലും നമ്മുടെ പാവം എയര്‍ ഇന്ത്യയെ ചേട്ടന്‍ കുറ്റം പറഞ്ഞല്ലോ ...."ഇത്രേം സുന്ദരമായ "എയര്‍ സര്‍വീസ് വേറെ ഉണ്ടോ ചേട്ടാ ...ഹ ഹ

    ReplyDelete
  44. വിനുവേട്ടാ നാട്ടില്‍ എത്തിയല്ലോ സന്തോഷം :)

    ReplyDelete
  45. യാത്രാവിവരണം രസകരംമായി എഴുതി വിനുവേട്ടാ.

    ആദ്യമായിട്ടാണിവിടെ,നമ്മള്‍ ജിദ്ദക്കാരായിട്ടും ഇതുവരെ കാണാതിരുന്നത് മോശമായി അല്ലെ.
    ഇനി ഇതിനുച്ചുറ്റും ഞാനും ഉണ്ടാകും.
    ആശംസകള്‍.

    ReplyDelete
  46. Enjoyed my firt visit....
    I am also an alumi of st. Thomas (78-85)

    ReplyDelete
  47. വിനുവേട്ടൻ പുലിയായിരുന്നല്ലേ...ഒറ്റ സ്ട്രെച്ചിന് വായിച്ചു തീർത്തു..ഒരു യാത്ര ഇത്രയും എഴുതാനുള്ള കഴിവ് അസാധ്യമാണ്..

    ReplyDelete
  48. A380 യാത്ര കലക്കീട്ടാ..!!

    ആശംസകള്‍..!

    ReplyDelete
  49. @ ഒഴാക്കന്‍ ... അതാണല്ലോ എയര്‍ ഇന്ത്യയും മറ്റു കമ്പനികളും തമ്മിലുള്ള വ്യത്യാസം ...

    @ തെച്ചിക്കോടന്‍ ... അപ്പോള്‍ നമ്മള്‍ ഇവിടെ നാട്ടുകാരാണല്ലേ... അപ്പോള്‍ ഷറഫിയയില്‍ വച്ച്‌ കണ്ടുമുട്ടാന്‍ എല്ലാ സാദ്ധ്യതയുമുണ്ടല്ലോ...

    @ തൊമ്മി ... ഏതായിരുന്നു മെയിന്‍ ?

    @ പോണിക്കുട്ടാ ... നമ്മളൊക്കെ എന്ത്‌ പുലി...? പുലികളുടെ ഇടയില്‍ ഒരു മുയലിനെപ്പോലെ ഇങ്ങനെ കഴിഞ്ഞുപോകുന്നു...

    @ ലക്ഷ്മി... നന്ദീട്ടോ വരവിനും അഭിപ്രായത്തിനും ...

    ReplyDelete
  50. ബോയിംഗ് യാത്ര അസ്സലായി.. രസകരമായി വിവരിച്ചു... എയര്‍ ഇന്‍ഡ്യ തന്നെ മെച്ചം അല്ലെ?
    നന്നായിരിക്കുന്നു ..ആശംസകള്‍

    ReplyDelete
  51. പിന്നെ എയര്‍ ഇന്ത്യ. അതൊരു സംഭവം തന്നെ ആയതുകൊണ്ട്‌ ജീവിതത്തില്‍ ആകെ രണ്ടേ രണ്ട്‌ പ്രാവശ്യമേ അതില്‍ യാത്ര ചെയ്തിട്ടുള്ളൂ. ടേക്ക്‌ ഓഫിന്‌ മുമ്പ്‌ വാതിലടച്ച്‌ പ്ലാസ്റ്റിക്ക്‌ ചരട്‌ കൊണ്ട്‌ വരിഞ്ഞ്‌ മുറുക്കി കെട്ടി സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന എയര്‍ ഹോസ്റ്റസ്സിന്റെ കഷ്ടപ്പാട്‌ കണ്ട അന്ന് നിര്‍ത്തിയതാണ്‌ മഹാരാജാവിനൊപ്പമുള്ള യാത്ര.

    സത്യമാ.. എനിക്ക് അനുഭവം ഉണ്ടായി ഇത് കോഴിക്കോട് നിന്നും വിമാനം പൊങ്ങണ്ട സമയം കഴിഞ്ഞിട്ടും പൊങ്ങുന്നില്ല ജീവനക്കാര്‍ വിമാനത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നു കാര്യം അന്വേഷിച്ചപ്പോള്‍ വാതില്‍ അടയുന്നില്ല എന്ന് ഹ ഹ.. സത്യം ....
    എന്നിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞാ പൊങ്ങിയത് അപ്പോള്‍ ചിലപ്പോള്‍ അവര്‍ കയറിട്ട് മുറുക്കിയതാവും ..

    ReplyDelete
  52. വിമാനയാത്ര ചെയ്യാത്തതിനാല്‍ ഇപ്പോള്‍ നഷ്ടം തോന്നുന്നു.യാത്ര നന്നായി ആസ്വദിച്ചു.

    ReplyDelete
  53. ഇവിടെ ആദ്യമാണ് ..വെറുതെ ചുറ്റിക്കറങ്ങി വന്നപ്പോള്‍ നല്ലൊരു യാത്ര വിവരണം ..വായിച്ചു ..നന്നായി എഴുതി ...ഇനിയും വരാം ട്ടോ ..:)

    ReplyDelete
  54. നസീഫ്‌, ഹംസ, അരീക്കോടന്‍, രമേഷ്‌... എല്ലാവര്‍ക്കും നന്ദി... വീണ്ടും വരണംട്ടോ...

    ReplyDelete
  55. വളരേ വൈകിയാണ് വായിയ്ക്കുന്നത്. സാവകാശം വായിയ്ക്കാമെന്ന് വച്ച് മാറ്റി വച്ചിരുന്നതായിരുന്നു.

    എന്തായാലും സംഭവബഹുലമായിരുന്നു യാത്ര എന്ന് ചുരുക്കം... അല്ലേ?

    എന്നാലും നമ്മുടെ എയര്‍ ഇന്ത്യയുടെ പരിതാപകരമായ അവസ്ഥകള്‍ കേട്ടിട്ട് കഷ്ടം തോന്നുന്നു.

    ReplyDelete
  56. അനുഭവിക്കുമ്പോള്‍ അത്ര സുഖമുള്ള കാര്യമല്ലെങ്കിലും വായിച്ചപ്പോള്‍ നല്ല രസം. ഇതേ അനുഭവം എന്റെ രണ്ട് സ്നേഹിതര്‍ക്ക്‌ മുമ്പുട്ടായിട്ടുണ്ട് ദുബായ് എയര്‍പോര്‍ട്ടില്‍. വില്ലന്‍ സെയിം എയര്‍ലൈൻസ്. ‍ ട്രാന്‍സിറ്റ്ടൈം ലാഭിക്കാന്‍ പോകുന്നതാണ് പ്രശ്നം. ഏതായാലും അടുത്ത മാസം ഞാനും പോകുന്നു വിനുവേട്ടന്‍ പോയ അതെ മാര്‍ഗത്തില്‍........ദമാമില്‍ നിന്നാണെന്ന് മാത്രം....

    ReplyDelete
  57. ശ്രീ... ശ്രീയെ കണ്ടില്ലല്ലോ എന്നോര്‍ത്ത്‌ കണ്ണും നട്ട്‌ കാത്തിരുന്നിട്ട്‌ നാളേറെയായി കേട്ടൊ... അവസാനം വന്നല്ലോ... സന്തോഷം...

    ഹാഷിക്ക്‌... യാത്രവിവരണം ഇഷ്ടമായി എന്നറിഞ്ഞന്തില്‍ സന്തോഷം... ധൈര്യമായിട്ട്‌ പോയിട്ട്‌ വാ... ദമ്മാമില്‍ പുതിയ എയര്‍പ്പോര്‍ട്ടല്ലേ... കണ്‍വേയര്‍ ബെല്‍റ്റൊന്നും കേടാകില്ല... എമിറേറ്റ്‌സിന്റെ കുഴപ്പം കൊണ്ടായിരുന്നില്ല അന്ന് ഞങ്ങള്‍ക്ക്‌ കണക്ഷന്‍ ഫ്ലൈറ്റ്‌ മിസ്സായത്‌...

    ReplyDelete
  58. നല്ല മുഖ പരിചയം ഉണ്ടെങ്കിലും ഇപ്പോഴാ
    ശരിക്കും പരിചയപ്പെടുന്നത് .പക്ഷെ നേരില്‍ കാണാന്‍ അവസരവും പോയി.ഹോട്ടലില്‍ നിന്നു മെട്രോയുടെ അടുത്ത് കണ്ട സ്കൂള്‍ മോന്റെ ആയിരുന്നു.മില്ലെനിയതിന്റെ 10 മിനിറ്റ്
    അടുത്ത് വീടും.ശോ ഞാന്‍ ഒരു ഫാമിലിക്കുള്ള പേസ്റ്റ് കൊണ്ടു വന്നേനെ.ഇനി രണ്ടു പ്ലാവില ബാഗില്‍ കരുതിക്കോ കേട്ടോ.
    സോപിനെ കാള്‍ ഭേദം ആണ്.ഭാഗ്യവാന്‍. മുതലാളിക്ക് വേണ്ടി A -380 ബുക്ക്‌ ചെയ്യരുന്ടെങ്കിലും അതില്‍ കേറാന്‍ ഒതിട്ടില്ല..
    ചുളുവില്‍ ആ രണ്ടാം നിലയില്‍ ഒന്ന് കയറി നോക്കിയോ?
    എനിക്കിഷ്ടപ്പെട്ടു എഴുത്ത് എന്നാലും വാല്‍കഷ്ണം..അത്യാഗ്രഹം
    ഹ..ഹ..(.ദിലീപിന്റെ സിനിമ ഡയലോഗ് ഓര്‍മ വന്നു സ്വ.ലെ.)
    അപകടത്തി പ്പെട്ടവര്‍ ഇന്ന് മരിച്ചത് കൂടാതെ നാളെ ആരെങ്കിലും മരിക്കാന്‍ സാധ്യത??

    ReplyDelete
  59. എന്റെ മകന്റെ ഭാര്യ ഈ കാണുന്ന ബീമാനത്തിന്റെ പള്ളക്കുള്ളിൽ ആണ് ജോലി ചെയ്യുന്നത്. എസ് .എഫ്.എസ് ആയിട്ട്. അത് കാരണം ഈ വണ്ടിയിൽ ഞാനും പോയിട്ടുണ്ട് ദുഫായിൽ ..
    എഴുത്ത് ഇഷ്ടായി.ചിരി വഴികൾ .....

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...