ഡിസംബര്‍ അവസാനിക്കാറായി. എന്നിട്ടും മഴയുടെ ലക്ഷണമൊന്നുമില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ മഴ ശരിക്കും കൊണ്ടറിഞ്ഞ അനുഭവമുള്ളതു കൊണ്ട് ചെറിയൊരു ഉത്ക്കണ്ഠ തോന്നാതിരുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അന്ന് വീടെത്തിയത് അതിസാഹസികമായിട്ടായിരുന്നു. അരയ്ക്കൊപ്പം വെള്ളത്തില്‍ ഏതാണ്ട് രണ്ട് കിലോമീറ്ററോളം ഒരു കൈയില്‍ ഷൂവും മറുകൈയില്‍ മൊബൈല്‍ ഫോണോടൊപ്പം സ്വന്തം ജീവനും പിടിച്ചുള്ള നടത്തം. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളം കിടുങ്ങിപ്പോകുന്നു. തുറന്നു കിടന്നിരുന്ന ഏതെങ്കിലും മാന്‍ ഹോളുകളില്‍ വീണുപോയിരുന്നെങ്കില്‍...!
എന്തായാലും ഇത്തവണ അല്‍പ്പം മുന്‍കരുതല്‍ എടുക്കുവാന്‍ തന്നെ തീരുമാനിച്ചു. പ്രധാനപ്പെട്ട എല്ലാ വെതര്‍ ഫൊര്‍ക്കാസ്റ്റ് സൈറ്റുകളിലും പരതി. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ജിദ്ദയില്‍ മഴ ഉണ്ടെന്നാണ് പ്രവചനം. അടുത്ത ഒരാഴ്ചത്തേക്കുള്ള കാലാവസ്ഥ കാണിക്കുന്ന ഒരു ഗാഡ്‌ജറ്റ് സ്റ്റോം വാണിങ്ങില്‍ ഘടിപ്പിച്ചു. ഏത് ദിവസമാണ് ജിദ്ദയില്‍ മഴ എന്ന് ഇനി നോക്കിയിട്ട് സമാധാനമായി കമ്പനിയിലേക്ക് പോകാമല്ലോ.
പതിവു പോലെ സ്റ്റോം വാണിങ്ങിലെ സുഹൃത്തുക്കളുടെ കമന്റുകള്‍ നോക്കുന്ന കൂട്ടത്തിലാണ് അത് ശ്രദ്ധയില്‍ പെട്ടത്. വ്യാഴാഴ്ച മഴയുടെ ദിവസമാണെന്നുള്ള പ്രവചനം.
വ്യാഴാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ നല്ല കുളിര്‍കാറ്റ്. നാട്ടിലെ മകര മാസത്തെ അനുസ്മരിപ്പിക്കുന്ന തണുപ്പ്. കാലാവസ്ഥാ പ്രവചനം ഓര്‍മ്മിച്ച് ആകാശത്തേക്ക് മിഴികള്‍ പായിച്ചു. മഴയുടെ യാതൊരു ലക്ഷണവുമില്ല. അഥവാ ഇനി മഴ വന്നാല്‍ തന്നെ ഇന്ന് ഹാഫ് ഡേ ആണ്. രണ്ട് മണിക്ക് കമ്പനിയില്‍ നിന്ന് ഇറങ്ങാം.
വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയും ഫാക്ടറി പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ട് ദിവസത്തേക്കുള്ള ഓര്‍ഡറുകള്‍ തയ്യാറാക്കി കൊടുത്തിട്ട് വേണം ഓഫീസില്‍ നിന്ന് ഇറങ്ങാന്‍. അതിന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നതിനിടയില്‍ പുറത്തേക്ക് നോക്കിയപ്പോള്‍ സായാഹ്നത്തിന്റെ പ്രതീതി. സമയം രാവിലെ പത്ത് മണി ആയിട്ടേയുള്ളല്ലോ...! പുറത്തിറങ്ങിയപ്പോഴാണ് കാലാവസ്ഥാ പ്രവചനം അക്ഷരം പ്രതി ശരിയാകുന്ന ലക്ഷണമാണെന്ന് മനസ്സിലായത്. മാനം കറുത്തിരുണ്ടിരിക്കുന്നു. ആഞ്ഞുവീശിത്തുടങ്ങിയിരിക്കുന്ന കാറ്റിനൊപ്പം മരുഭൂമിയിലെ പൊടിപടലങ്ങള്‍. ചുവന്ന പൊടിക്കാറ്റും മേഘാവൃതമായ മാനവും കൂടി ഒരു സൂര്യാസ്തമനത്തിന്റെ പ്രതീതി അന്തരീക്ഷത്തിന് നല്‍കി. ഒട്ടും താമസിച്ചില്ല, പുറത്തിറങ്ങി വാഹനം അല്‍പ്പം ഉയര്‍ന്ന നടപ്പാതയില്‍ കയറ്റിയിട്ടു. മുട്ടിനു മുകളില്‍ വെള്ളം ഉയരുന്ന റോഡാണ്.
ഇരുണ്ട് തുടങ്ങുന്ന ആകാശം - മകന്‍ വീട്ടിലിരുന്ന് എടുത്ത ചിത്രം |
പൊടിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ - മകന്‍ വീട്ടിലിരുന്ന് എടുത്ത ചിത്രം |
പിന്നെ ഒട്ടും വൈകിയില്ല. ആസ്ബസ്റ്റോസ് മേല്‍ക്കൂരയില്‍ ചരല്‍ വാരിയെറിയുന്ന ശബ്ദം... മഴ തകര്‍ത്തു തുടങ്ങി. കാല്‍ മണിക്കൂര്‍ ആര്‍ത്തലച്ച് തോരാതെ പെയ്ത മഴയില്‍ റോഡ് തോടായി. കഴിഞ്ഞ വര്‍ഷത്തെ അത്ര എത്തിയില്ലെങ്കിലും മരുഭൂമിയുടെ ദാഹത്തിന് തരക്കേടില്ലാത്ത ശമനം.
മാനം തെളിഞ്ഞു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ വെയില്‍ ചിരിച്ചു. രണ്ടു മണി ആയപ്പോഴേക്കും ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ റോഡുകളില്‍ വെള്ളമിറങ്ങി യാത്രായോഗ്യമായിരുന്നു. നന്നായി. ഇനി വീട് പിടിക്കാന്‍ നോക്കാം.
കമ്പനിയുടെ കവാടത്തില്‍ നിന്നുള്ള ദൃശ്യം |
വാഹനവുമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് ഇവിടെ പെയ്ത മഴ ഒന്നുമല്ലായിരുന്നുവെന്ന് മനസ്സിലായത്. ഗുലൈല്‍ ഫ്ലൈ ഓവറിന് താഴെ എത്തിയതോടെ ഇനി മുന്നോട്ട് നീങ്ങാന്‍ കഴിയില്ല എന്ന് മനസ്സിലായി. കഴിഞ്ഞ വര്‍ഷം കണ്ട അതേ മലവെള്ളപ്പാച്ചില്‍. റോഡുകളുടെ മീഡിയന് മുകളിലും പിന്നെ ഇരുവശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെയുള്ളിലും വെള്ളം കയറി ഒരു കായലിന്റെ പ്രതീതി. അവിടെ നിന്ന് വെറും രണ്ട് കിലോമിറ്റര്‍ മാത്രം അകലെയുള്ള വീട്ടിലെത്താന്‍ ഇനി വേറെ വഴി ഏതെങ്കിലും നോക്കണം.
ഗുലൈല്‍ ഫ്ലൈ ഓവറിനടിയിലെ ദൃശ്യം |
ഇസ്കാന്‍ റോഡ് കായലായി മാറിയപ്പോള്‍ |
ഇസ്കാന്‍ റോഡിന്റെ മറ്റൊരു ദൃശ്യം |
കാര്‍ റിവേഴ്‌സ് എടുത്ത് ഫ്ലൈ ഓവറിന് മുകളിലേക്കുള്ള പാതയില്‍ നിര്‍ത്തിയിട്ട് ജിദ്ദയുടെ ഭൂമിശാസ്ത്രം മനസ്സിലെ 70 mm സ്ക്രീനില്‍ ഡിസ്‌പ്ലേ ചെയ്യിച്ചു. വഴിയുണ്ട്... ഫ്ലൈ ഓവറില്‍ കയറി സ്റ്റേഡിയത്തിന് സമീപം ഇറങ്ങി യൂ ടേണ്‍ എടുത്ത് വീണ്ടും ഫ്ലൈ ഓവറില്‍ കയറുക. ഏതാണ്ട് പത്ത് കിലോമീറ്ററോളം ഫ്ലൈ ഓവറിലൂടെ സഞ്ചരിച്ച് ഷറഫിയയില്‍ ഇറങ്ങുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 'വിമാന സിഗ്നല്‍', ഹോളിഡേ ഇന്‍ വഴി കിലോ-4ല്‍ എത്തുക. ഹോ... എന്റെയൊരു കാര്യമേ...
ആദ്യത്തെ പത്ത് കിലോമീറ്റര്‍ യാത്ര വിചാരിച്ചത് പോലെ തന്നെ നടന്നു. ഫ്ലൈ ഓവറിനു മുകളില്‍ പലയിടത്തും ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി താഴെയുള്ള പ്രളയത്തിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നുണ്ടായിരുന്നു. ചില ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയിലാക്കാന്‍ ഞാനും മറന്നില്ല.
പക്ഷേ, വീട് വരെ ഫ്ലൈ ഓവര്‍ ഇല്ലല്ലോ... ഷറഫിയ എക്സിറ്റ് വഴി താഴോട്ട് ഇറങ്ങിയപ്പോഴാണ് പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പടയാണ് എന്നെ കാത്തിരുന്നത് എന്ന് മനസ്സിലായത്. റിവേഴ്‌സ് പോകാന്‍ യാതൊരു വകുപ്പുമില്ലാത്ത നിസ്സഹായാവസ്ഥ. ഏതാണ്ട് മുട്ടൊപ്പം വെള്ളത്തിലൂടെ തന്നെ "വിമാന സിഗ്നല്‍' വരെ എത്തി. വലത്തോട്ട് തിരിഞ്ഞ് മുന്നിലെ റോഡിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. കുത്തിയൊലിച്ച് പാഞ്ഞ് വരുന്ന വെള്ളത്തില്‍ കുടുങ്ങി ഓഫായിപ്പോയ നിരവധി വാഹനങ്ങള്‍... പോര്‍ട്ടിലേക്കോ മറ്റോ ഉള്ള കണ്ടെയിനര്‍ ട്രെയിലറുകളും ചെറു ട്രക്കുകളും മാത്രമാണ് ആ വെള്ളക്കെട്ടിലൂടെ അപ്പുറം താണ്ടുന്നത്.
വേറെയും ചില വഴിയോരക്കാഴ്ചകള്‍ |
വേറെയും ചില വഴിയോരക്കാഴ്ചകള്‍ |
വേറെയും ചില വഴിയോരക്കാഴ്ചകള്‍ |
കാറുമായി വീട്ടില്‍ എത്താമെന്നുള്ള പ്രതീക്ഷയറ്റിരിക്കുന്നു. സമയം അഞ്ചുമണിയോടടുത്തിരിക്കുന്നു. വീടണയാന്‍ വേറെന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തിയേ തീരൂ. കായലായി മാറിയ പാതയ്ക്കരികില്‍ അല്‍പ്പം സുരക്ഷിതമായ സ്ഥാനം കണ്ടെത്തി വാഹനം കയറ്റിയിട്ടു. അത്യാവശ്യം വെള്ളത്തില്‍ മുങ്ങി ഓടിയതിന്റെ അസ്കിതകള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ ഇവന്‍ കാണിച്ചുതുടങ്ങുമല്ലോ എന്ന വിഷമം മനസ്സിന്റെ ഒരു കോണില്‍ വിങ്ങി. എങ്കിലും ഇപ്പോഴത്തെ ലക്ഷ്യം എന്ത് വില കൊടുത്തും വീടണയുക എന്നതാണ്. വെള്ളപ്പാച്ചിലിന്റെ ശക്തി ഏറുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല.
നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒരു മിനിലോറിക്കാരന്‍ കനിഞ്ഞു. വീടിനടുത്ത് വരെ ആ യമന്‍ സ്വദേശിയോടൊപ്പമുള്ള യാത്രയില്‍ സൗദിയിലെ മഴയും കഴിഞ്ഞ വര്‍ഷത്തെ ദുരന്തവും എല്ലാം സംസാരവിഷയങ്ങളായി.
"ഇന്ത ഹിന്ദി... സഹ്...?" (നിങ്ങള്‍ ഇന്ത്യക്കാരനല്ലേ?)
"ഏയ്..." (അതേ)
"കേരള...?"
"ഏയ്..." (അതേ)
"അന ആരിഫ്... കേരള നഫര്‍ കൊയ്‌സ്..." (എനിക്കറിയാം... കേരളീയര്‍ നല്ലവരാണ്)
അതെ... കേരളീയര്‍ നല്ലവരാണ്... മറുനാട്ടില്‍ വച്ച് ഇങ്ങനെ ഒരു അഭിനന്ദനം ലഭിക്കാത്ത മലയാളികള്‍ കുറവായിരിക്കും...
ആറ് മണിയോടെ വീട്ടിലെത്തിയ എന്നില്‍ നിന്നും ഈ കഥകളെല്ലാം കേട്ട പ്രിയപത്നി നീലത്താമര ആയിരുന്നു പ്രഥമ കമന്റ് പാസ്സാക്കിയത്...
"ഭാഗ്യം... അന്നത്തെ പോലെ വെള്ളത്തിലൂടെ നടന്ന് വരാന്‍ തോന്നിയില്ലല്ലോ... എന്തായിരുന്നു ആ വരവ്...! ഷൂവും കൈയില്‍ പിടിച്ച് ഭീമന്‍ രഘുവിനെ പോലെ..."
ഇനി പോയി നോക്കട്ടെ സ്റ്റോം വാണിങ്ങില്‍... നാളത്തെ കാലാവസ്ഥ എങ്ങനെയാണെന്ന്... എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും നവവത്സരാശംസകള്‍...