Friday, December 31, 2010

ഡിസംബര്‍ മഴ

"ഈ വര്‍ഷത്തെ മഴ തകര്‍ക്കുമെന്നായിരുന്നല്ലോ വാര്‍ത്ത..." രണ്ടാഴ്ച മുമ്പ്‌ പതിവ്‌ ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ ജിമ്മി പറഞ്ഞു.

ഡിസംബര്‍ അവസാനിക്കാറായി. എന്നിട്ടും മഴയുടെ ലക്ഷണമൊന്നുമില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ മഴ ശരിക്കും കൊണ്ടറിഞ്ഞ അനുഭവമുള്ളതു കൊണ്ട്‌ ചെറിയൊരു ഉത്ക്കണ്ഠ തോന്നാതിരുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അന്ന് വീടെത്തിയത്‌ അതിസാഹസികമായിട്ടായിരുന്നു. അരയ്ക്കൊപ്പം വെള്ളത്തില്‍ ഏതാണ്ട്‌ രണ്ട്‌ കിലോമീറ്ററോളം ഒരു കൈയില്‍ ഷൂവും മറുകൈയില്‍ മൊബൈല്‍ ഫോണോടൊപ്പം സ്വന്തം ജീവനും പിടിച്ചുള്ള നടത്തം. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളം കിടുങ്ങിപ്പോകുന്നു. തുറന്നു കിടന്നിരുന്ന ഏതെങ്കിലും മാന്‍ ഹോളുകളില്‍ വീണുപോയിരുന്നെങ്കില്‍...!

എന്തായാലും ഇത്തവണ അല്‍പ്പം മുന്‍കരുതല്‍ എടുക്കുവാന്‍ തന്നെ തീരുമാനിച്ചു. പ്രധാനപ്പെട്ട എല്ലാ വെതര്‍ ഫൊര്‍ക്കാസ്റ്റ്‌ സൈറ്റുകളിലും പരതി. ഈ വര്‍ഷം അവസാനിക്കുന്നതിന്‌ മുമ്പ്‌ ജിദ്ദയില്‍ മഴ ഉണ്ടെന്നാണ്‌ പ്രവചനം. അടുത്ത ഒരാഴ്ചത്തേക്കുള്ള കാലാവസ്ഥ കാണിക്കുന്ന ഒരു ഗാഡ്‌ജറ്റ്‌ സ്റ്റോം വാണിങ്ങില്‍ ഘടിപ്പിച്ചു. ഏത്‌ ദിവസമാണ്‌ ജിദ്ദയില്‍ മഴ എന്ന് ഇനി നോക്കിയിട്ട്‌ സമാധാനമായി കമ്പനിയിലേക്ക്‌ പോകാമല്ലോ.

പതിവു പോലെ സ്റ്റോം വാണിങ്ങിലെ സുഹൃത്തുക്കളുടെ കമന്റുകള്‍ നോക്കുന്ന കൂട്ടത്തിലാണ്‌ അത്‌ ശ്രദ്ധയില്‍ പെട്ടത്‌. വ്യാഴാഴ്ച മഴയുടെ ദിവസമാണെന്നുള്ള പ്രവചനം.

വ്യാഴാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ നല്ല കുളിര്‍കാറ്റ്‌. നാട്ടിലെ മകര മാസത്തെ അനുസ്മരിപ്പിക്കുന്ന തണുപ്പ്‌. കാലാവസ്ഥാ പ്രവചനം ഓര്‍മ്മിച്ച്‌ ആകാശത്തേക്ക്‌ മിഴികള്‍ പായിച്ചു. മഴയുടെ യാതൊരു ലക്ഷണവുമില്ല. അഥവാ ഇനി മഴ വന്നാല്‍ തന്നെ ഇന്ന് ഹാഫ്‌ ഡേ ആണ്‌. രണ്ട്‌ മണിക്ക്‌ കമ്പനിയില്‍ നിന്ന് ഇറങ്ങാം.

വാരാന്ത്യ അവധിയായ വെള്ളിയാഴ്ചയും ഫാക്ടറി പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ട്‌ ദിവസത്തേക്കുള്ള ഓര്‍ഡറുകള്‍ തയ്യാറാക്കി കൊടുത്തിട്ട്‌ വേണം ഓഫീസില്‍ നിന്ന് ഇറങ്ങാന്‍. അതിന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നതിനിടയില്‍ പുറത്തേക്ക്‌ നോക്കിയപ്പോള്‍ സായാഹ്നത്തിന്റെ പ്രതീതി. സമയം രാവിലെ പത്ത്‌ മണി ആയിട്ടേയുള്ളല്ലോ...! പുറത്തിറങ്ങിയപ്പോഴാണ്‌ കാലാവസ്ഥാ പ്രവചനം അക്ഷരം പ്രതി ശരിയാകുന്ന ലക്ഷണമാണെന്ന് മനസ്സിലായത്‌. മാനം കറുത്തിരുണ്ടിരിക്കുന്നു. ആഞ്ഞുവീശിത്തുടങ്ങിയിരിക്കുന്ന കാറ്റിനൊപ്പം മരുഭൂമിയിലെ പൊടിപടലങ്ങള്‍. ചുവന്ന പൊടിക്കാറ്റും മേഘാവൃതമായ മാനവും കൂടി ഒരു സൂര്യാസ്തമനത്തിന്റെ പ്രതീതി അന്തരീക്ഷത്തിന്‌ നല്‍കി. ഒട്ടും താമസിച്ചില്ല, പുറത്തിറങ്ങി വാഹനം അല്‍പ്പം ഉയര്‍ന്ന നടപ്പാതയില്‍ കയറ്റിയിട്ടു. മുട്ടിനു മുകളില്‍ വെള്ളം ഉയരുന്ന റോഡാണ്‌.ഇരുണ്ട്‌ തുടങ്ങുന്ന ആകാശം - മകന്‍ വീട്ടിലിരുന്ന് എടുത്ത ചിത്രം

പൊടിക്കാറ്റ്‌ ആഞ്ഞടിച്ചപ്പോള്‍ - മകന്‍ വീട്ടിലിരുന്ന് എടുത്ത ചിത്രം


പിന്നെ ഒട്ടും വൈകിയില്ല. ആസ്ബസ്റ്റോസ്‌ മേല്‍ക്കൂരയില്‍ ചരല്‍ വാരിയെറിയുന്ന ശബ്ദം... മഴ തകര്‍ത്തു തുടങ്ങി. കാല്‍ മണിക്കൂര്‍ ആര്‍ത്തലച്ച്‌ തോരാതെ പെയ്ത മഴയില്‍ റോഡ്‌ തോടായി. കഴിഞ്ഞ വര്‍ഷത്തെ അത്ര എത്തിയില്ലെങ്കിലും മരുഭൂമിയുടെ ദാഹത്തിന്‌ തരക്കേടില്ലാത്ത ശമനം.

മാനം തെളിഞ്ഞു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ വെയില്‍ ചിരിച്ചു. രണ്ടു മണി ആയപ്പോഴേക്കും ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ റോഡുകളില്‍ വെള്ളമിറങ്ങി യാത്രായോഗ്യമായിരുന്നു. നന്നായി. ഇനി വീട്‌ പിടിക്കാന്‍ നോക്കാം.


കമ്പനിയുടെ കവാടത്തില്‍ നിന്നുള്ള ദൃശ്യം

വാഹനവുമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് പുറത്ത്‌ കടന്നപ്പോഴാണ്‌ ഇവിടെ പെയ്ത മഴ ഒന്നുമല്ലായിരുന്നുവെന്ന് മനസ്സിലായത്‌. ഗുലൈല്‍ ഫ്ലൈ ഓവറിന്‌ താഴെ എത്തിയതോടെ ഇനി മുന്നോട്ട്‌ നീങ്ങാന്‍ കഴിയില്ല എന്ന് മനസ്സിലായി. കഴിഞ്ഞ വര്‍ഷം കണ്ട അതേ മലവെള്ളപ്പാച്ചില്‍. റോഡുകളുടെ മീഡിയന്‌ മുകളിലും പിന്നെ ഇരുവശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെയുള്ളിലും വെള്ളം കയറി ഒരു കായലിന്റെ പ്രതീതി. അവിടെ നിന്ന് വെറും രണ്ട്‌ കിലോമിറ്റര്‍ മാത്രം അകലെയുള്ള വീട്ടിലെത്താന്‍ ഇനി വേറെ വഴി ഏതെങ്കിലും നോക്കണം.


ഗുലൈല്‍ ഫ്ലൈ ഓവറിനടിയിലെ ദൃശ്യം


ഇസ്കാന്‍ റോഡ്‌ കായലായി മാറിയപ്പോള്‍


ഇസ്കാന്‍ റോഡിന്റെ മറ്റൊരു ദൃശ്യം
 
കാര്‍ റിവേഴ്‌സ്‌ എടുത്ത്‌ ഫ്ലൈ ഓവറിന്‌ മുകളിലേക്കുള്ള പാതയില്‍ നിര്‍ത്തിയിട്ട്‌ ജിദ്ദയുടെ ഭൂമിശാസ്ത്രം മനസ്സിലെ 70 mm സ്ക്രീനില്‍ ഡിസ്‌പ്ലേ ചെയ്യിച്ചു. വഴിയുണ്ട്‌... ഫ്ലൈ ഓവറില്‍ കയറി സ്റ്റേഡിയത്തിന്‌ സമീപം ഇറങ്ങി യൂ ടേണ്‍ എടുത്ത്‌ വീണ്ടും ഫ്ലൈ ഓവറില്‍ കയറുക. ഏതാണ്ട്‌ പത്ത്‌ കിലോമീറ്ററോളം ഫ്ലൈ ഓവറിലൂടെ സഞ്ചരിച്ച്‌ ഷറഫിയയില്‍ ഇറങ്ങുക. അവിടെ നിന്ന് വലത്തോട്ട്‌ തിരിഞ്ഞ്‌ 'വിമാന സിഗ്നല്‍', ഹോളിഡേ ഇന്‍ വഴി കിലോ-4ല്‍ എത്തുക. ഹോ... എന്റെയൊരു കാര്യമേ...

ആദ്യത്തെ പത്ത്‌ കിലോമീറ്റര്‍ യാത്ര വിചാരിച്ചത്‌ പോലെ തന്നെ നടന്നു. ഫ്ലൈ ഓവറിനു മുകളില്‍ പലയിടത്തും ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി താഴെയുള്ള പ്രളയത്തിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നുണ്ടായിരുന്നു. ചില ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയിലാക്കാന്‍ ഞാനും മറന്നില്ല.

പക്ഷേ, വീട്‌ വരെ ഫ്ലൈ ഓവര്‍ ഇല്ലല്ലോ... ഷറഫിയ എക്സിറ്റ്‌ വഴി താഴോട്ട്‌ ഇറങ്ങിയപ്പോഴാണ്‌ പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ പന്തം കൊളുത്തി പടയാണ്‌ എന്നെ കാത്തിരുന്നത്‌ എന്ന് മനസ്സിലായത്‌. റിവേഴ്‌സ്‌ പോകാന്‍ യാതൊരു വകുപ്പുമില്ലാത്ത നിസ്സഹായാവസ്ഥ. ഏതാണ്ട്‌ മുട്ടൊപ്പം വെള്ളത്തിലൂടെ തന്നെ "വിമാന സിഗ്നല്‍' വരെ എത്തി. വലത്തോട്ട്‌ തിരിഞ്ഞ്‌ മുന്നിലെ റോഡിലേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. കുത്തിയൊലിച്ച്‌ പാഞ്ഞ്‌ വരുന്ന വെള്ളത്തില്‍ കുടുങ്ങി ഓഫായിപ്പോയ നിരവധി വാഹനങ്ങള്‍... പോര്‍ട്ടിലേക്കോ മറ്റോ ഉള്ള കണ്ടെയിനര്‍ ട്രെയിലറുകളും ചെറു ട്രക്കുകളും മാത്രമാണ്‌ ആ വെള്ളക്കെട്ടിലൂടെ അപ്പുറം താണ്ടുന്നത്‌.വേറെയും ചില വഴിയോരക്കാഴ്ചകള്‍


വേറെയും ചില വഴിയോരക്കാഴ്ചകള്‍വേറെയും ചില വഴിയോരക്കാഴ്ചകള്‍

കാറുമായി വീട്ടില്‍ എത്താമെന്നുള്ള പ്രതീക്ഷയറ്റിരിക്കുന്നു. സമയം അഞ്ചുമണിയോടടുത്തിരിക്കുന്നു. വീടണയാന്‍ വേറെന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തിയേ തീരൂ. കായലായി മാറിയ പാതയ്ക്കരികില്‍ അല്‍പ്പം സുരക്ഷിതമായ സ്ഥാനം കണ്ടെത്തി വാഹനം കയറ്റിയിട്ടു. അത്യാവശ്യം വെള്ളത്തില്‍ മുങ്ങി ഓടിയതിന്റെ അസ്കിതകള്‍ രണ്ട്‌ ദിവസം കഴിഞ്ഞാല്‍ ഇവന്‍ കാണിച്ചുതുടങ്ങുമല്ലോ എന്ന വിഷമം മനസ്സിന്റെ ഒരു കോണില്‍ വിങ്ങി. എങ്കിലും ഇപ്പോഴത്തെ ലക്ഷ്യം എന്ത്‌ വില കൊടുത്തും വീടണയുക എന്നതാണ്‌. വെള്ളപ്പാച്ചിലിന്റെ ശക്തി ഏറുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല.

നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒരു മിനിലോറിക്കാരന്‍ കനിഞ്ഞു. വീടിനടുത്ത്‌ വരെ ആ യമന്‍ സ്വദേശിയോടൊപ്പമുള്ള യാത്രയില്‍ സൗദിയിലെ മഴയും കഴിഞ്ഞ വര്‍ഷത്തെ ദുരന്തവും എല്ലാം സംസാരവിഷയങ്ങളായി.

"ഇന്ത ഹിന്ദി... സഹ്‌...?" (നിങ്ങള്‍ ഇന്ത്യക്കാരനല്ലേ?)

"ഏയ്‌..." (അതേ)

"കേരള...?"

"ഏയ്‌..." (അതേ)

"അന ആരിഫ്‌... കേരള നഫര്‍ കൊയ്‌സ്‌..." (എനിക്കറിയാം... കേരളീയര്‍ നല്ലവരാണ്‌)

അതെ... കേരളീയര്‍ നല്ലവരാണ്‌... മറുനാട്ടില്‍ വച്ച്‌ ഇങ്ങനെ ഒരു അഭിനന്ദനം ലഭിക്കാത്ത മലയാളികള്‍ കുറവായിരിക്കും...

ആറ്‌ മണിയോടെ വീട്ടിലെത്തിയ എന്നില്‍ നിന്നും ഈ കഥകളെല്ലാം കേട്ട പ്രിയപത്നി നീലത്താമര ആയിരുന്നു പ്രഥമ കമന്റ്‌ പാസ്സാക്കിയത്‌...

"ഭാഗ്യം... അന്നത്തെ പോലെ വെള്ളത്തിലൂടെ നടന്ന് വരാന്‍ തോന്നിയില്ലല്ലോ... എന്തായിരുന്നു ആ വരവ്‌...! ഷൂവും കൈയില്‍ പിടിച്ച്‌ ഭീമന്‍ രഘുവിനെ പോലെ..."

ഇനി പോയി നോക്കട്ടെ സ്റ്റോം വാണിങ്ങില്‍... നാളത്തെ കാലാവസ്ഥ എങ്ങനെയാണെന്ന്... എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും നവവത്സരാശംസകള്‍...


48 comments:

 1. ജിദ്ദയിലെ മഴയനുഭവങ്ങള്‍ ...

  ReplyDelete
 2. വിനുവേട്ടാ ഈ മഴ നേരില്‍ കണ്ട എന്‍റെതു തന്നെ ആവട്ടെ ആദ്യ കമന്‍റ് ...
  അയ്യോ നീലത്താമര കമന്‍റ് വാമൊഴി പറഞ്ഞു കഴിഞ്ഞതാണല്ലെ സാരമില്ല പോസ്റ്റില്‍ ആദ്യം ഞാന്‍ ...
  പിന്നെ ഇവിടെ ഷാറാഹിറയില്‍ മഴ ബുധനാഴ്ചതെന്നെ പെയ്തു കെട്ടോ അന്നായിരുന്നു കൂടുതല്‍ സമയം ഇവിടെ പെയ്തത് പക്ഷെ വെള്ളം പൊങ്ങിയത് ഇന്നലെ വ്യഴായ്ച പെയ്ത മഴക്കായിരുന്നു .. കടയുടെ പുറത്ത് രസം കണ്ടങ്ങനെ നിന്നു കുറെ നേരം ... പിന്നെ മനസ്സിനകത്ത് ഒരു ചെറിയ ഭയം വന്നു അനിയനു വിളിച്ചു അവന്‍ നില്‍ക്കുന്ന ഭാഗത്തു കുഴപ്പം വല്ലതും ഉണ്ടോ എന്നു ചോദിച്ചു ഇല്ല അവനും മഴ കാണുന്ന സന്തൊഷത്തിലാ.. ഇതിനിടക്കാണ് അയ്യോ പാവത്തിന്‍റെ പോസ്റ്റില്‍ മഴയെ കുറിച്ചെഴുതിയത് പോലെ ജിദ്ദയിലെ മഴക്ക് ഗട്ടറിന്‍റെ മണം എന്ന് ... മഴവെള്ളവും ഗട്ടര്‍വെള്ളവും കൂടി ആയപ്പോള്‍ പിന്നെ രണ്ട് മിനുറ്റ് നടന്ന് എത്താവുന്ന റൂമിലേക്ക് തന്നെ നടക്കാന്‍ ഒരു മടി .. പിന്നെ രണ്ടും കൽപ്പിച്ച് പാന്‍റ് മുകളിലെക്ക് കയറ്റി ഒറ്റ നടത്തം...


  വിനുവേട്ടാ ... ജിദ്ദയിലെ മഴയെ കുറിച്ച് നല്ല വിവരണം....

  ReplyDelete
 3. നവവത്സരാശംസകള്‍..  മഴ ഒരു അനുഭവമാണ്..!
  ഒപ്പം അനേകര്‍ക്ക് നൊസ്റ്റാള്‍ജിയയും..നൊമ്പരവും..!

  ReplyDelete
 4. ദുബായില്‍ ഒരു മഴ കണ്ട കാലം മറന്നു ...

  വിനുവേട്ടാ ..ഹാപ്പി ന്യൂ ഇയര്‍ .....

  ReplyDelete
 5. ഇവിടെ ഖത്തറില്‍ കഴിഞ്ഞ ആഴ്ച മഴപെയ്തു എങ്കിലും കാര്യമായില്ല ...മഴയില്‍ കുതിര്‍ന്ന പുതുവത്സരാശംസകള്‍ ..

  ReplyDelete
 6. ഇവിടെ ഇന്ന് മഴപെയ്തു.
  നല്ല പുന്നാര മഴ..
  ചന ചന ന്ന് തൂവാനമായി പെയ്തിറങ്ങി..
  ആ മഴയില്‍ ഒന്നിറങ്ങണമെന്ന് നന്നയി കൊതിച്ചു
  പക്ഷെ ഈ അഞ്ച് ഡിഗ്രിയില്‍ ഇറങ്ങാന്‍ ഒരു മടി.....
  ജിദ്ദയിലെ മഴ വിവരണം കേട്ടതില്‍ സന്തോഷം...
  പണ്ട് മഴയില്‍ ഒരു യാത്ര പതിവായിരുന്നു...

  എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

  ReplyDelete
 7. പെയ്യട്ടെ മഴ...
  മണ്ണും മനസ്സും മഴത്തുള്ളികളാല്‍ കുളിരട്ടെ..

  എന്റെ മഴക്കാല ഓര്‍മ്മകള്‍ മഴത്തുള്ളികള്‍

  ReplyDelete
 8. മഴയോടെയാ പുതുവത്സരം വന്നത്.

  ഈ വിവരണത്തിന് നന്ദി, അറിയാത്ത കാണാത്ത ദേശത്തെ മഴപ്പെരുമയറിയിച്ചതിന്...

  എല്ലാ നന്മകളും എന്നുമുണ്ടാകട്ടെ.

  ReplyDelete
 9. ഒരു പെരുമഴ കണ്ട പ്രതീതി!
  ദൃശ്യങ്ങളും വളരെ വളരെ നന്നായിട്ടുണ്ട്.എന്തായാലും ,
  വിനുവേട്ടന്റെ നീലത്താമരയുടെ അഭിപ്രായം
  അല്പം കടന്ന കയ്യായിപ്പോയി.പാവം വിനുവേട്ടനെ ഒരു വില്ലന്‍
  കഥാപാത്രത്തോട് ഉപമിക്കണ്ടായിരുന്നു! സാരമില്ല,
  നീലത്താമരയായത് കൊണ്ട് മാത്രം ക്ഷമിച്ചിരിക്കുന്നു.
  വെള്ളത്തില്‍ മുങ്ങിപ്പോയ ശകടത്തിന്റെ ആയുരാരോഗ്യത്തിനു
  വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്.
  വിനുവേട്ടനും കുടുംബത്തിനും ഞങ്ങളുടെ പുതുവത്സരാശംസകള്‍!

  ReplyDelete
 10. റിയാദിലിരുന്ന് ഞാന്‍ അറിയുന്നത് ബഹറിനില്‍ നിന്നുള്ള ഫോണ്‍ വിളിയില്‍ നിന്നാണ്. അപ്പോഴാണ്‌ ജിദ്ദയില്‍ മഴ ആയിരുന്നു എന്നറിഞ്ഞത്. ഉടനെ എന്റെ കാഴ്ചകള്‍ കഴിഞ്ഞ കൊല്ലത്തേക്ക് നീണ്ടു. ഒരു നെടുവീര്‍പ്പ് അറിയാതെ ഉയര്‍ന്നു. ചിത്രങ്ങളും വിവരണങ്ങളും അടക്കം നന്നായിരുന്നു.
  പുതുവല്‍സരാശംസകള്‍.

  ReplyDelete
 11. പുതുവർഷത്തിലെ ഈ പുതുമഴ അസ്സലായി കേട്ടൊ ...
  ജിദ്ദയിലെ മഴയെ വിനുവേട്ടൻ തൊട്ടറിഞ്ഞിട്ട് ഇതിലൂടെ ഞങ്ങളെകൂടി ആ മഴയത്തിറക്കി വിട്ടു അല്ലേ..

  പിന്നെ
  വിനുവേട്ടനും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 12. വിനുവേട്ടാ മഴ കണ്ടപ്പോള്‍ വായും പൊളിച്ചിരുന്നു ഇത് ഇങ്ങനെയൊരു പോസ്റ്റിനു വകയുണ്ടായിരുന്നു എന്നറിഞ്ഞില്ല
  ഞങ്ങളുടെ ഭാഗത്തെല്ലാം ഇതേ പോലെ വെള്ളം ഉണ്ടായിരുന്നു .ചിത്രവും പോസ്റ്റും നന്നായി

  ReplyDelete
 13. എനിക്ക് വിജ്ഞാനപ്രദമായ പോസ്റ്റ്!
  മരുഭൂമിയിലെ മഴകണ്ടിട്ടേയില്ല.

  നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 14. നമ്മുടെ ഷാര്‍ജയില്‍ അത്ര പ്രശ്നമില്ല കേട്ടോ.രസമായി എന്തായാലും മഴാനുഭവം.....സസ്നേഹം

  ReplyDelete
 15. നാട്ടിലും പുതുവല്സര സമയത്ത് മഴയായിരുന്നു എന്നാണു കേട്ടത്..
  പുതുവല്സംര ആശംസകള്‍

  ReplyDelete
 16. മഴ കണ്ടിരുന്നു..ഇന്നും മഴ ലക്ഷണങ്ങൾ കാണുന്നുന്നുണ്ട്..


  പുതുവത്സരാശംസകൾ

  ഒരു ജിദ്ദാ നിവാസി..

  ReplyDelete
 17. ഇവിടെ ഈ മരുഭൂമിയില്‍ ഇത്തവണ ഇതുവരെ മഴ പെയ്തില്ല...

  പെയ്യാന്‍ തുടിച്ചുവന്ന മഴമേഘങ്ങള്‍ പെട്ടെന്നു പാഞ്ഞെത്തിയ പൊടിക്കാറ്റിനെ ഭയന്ന്‌ എങ്ങോ പോയ്‌മറഞ്ഞു...

  നല്ല തണുത്ത കാറ്റു വീശുന്നു... ഓടിപ്പോയ മഴമേഘങ്ങള്‍ എവിടെയൊ തിമര്‍ത്തുപെയ്യുന്നുണ്ട്‌.

  തിരിച്ചുവരും... പെയ്യും ഇവിടെയും... പെയ്യാതിരിക്കില്ല... ഇന്നല്ലങ്കില്‍ നാളെ...

  ആ ശുഭപ്രതീക്ഷയോടെ ഈ ദിനത്തിനോടു വിട പറയട്ടെ...

  പിന്നെ, നല്ല വിവരണം... നല്ല ചിത്രങ്ങള്‍...

  ഓര്‍മ്മയുണ്ട്‌ കഴിഞ്ഞ വര്‍ഷത്തെ മഴയെക്കുറിച്ച്‌ അണ്ണന്‍ പറഞ്ഞിരുന്നത്‌...

  അത്‌ ശരിയ്ക്കും ഇതിലും ഭയാനകമായ ഒരനുഭവം തന്നെയായിരുന്നു അല്ലേ?...

  ReplyDelete
 18. ന്യൂസിലും പത്രത്തിലുമൊക്കെയായി കണ്ടിരുന്നു. ഈ അനുഭവം കൂടി(വിത്ത് ഫോട്ടൊ) ആയപ്പൊ ശരിക്കും മഴ വിശേഷങ്ങൾ അറിഞ്ഞു. പുതുവത്സരാശംസകൾ

  ReplyDelete
 19. അവിടുത്തെ മഴയനുഭവങ്ങള്‍ ഇവിടെ ഞങ്ങള്‍ക്ക് പുതുഅനുഭവങ്ങള്‍ ആയി. അപ്പൊ അവിടെ അങ്ങനെയും ഉണ്ടല്ലേ എന്നൊരു ആശ്ചര്യം. നീലത്താമര പറഞ്ഞത് കേട്ട് ചിരിച്ചു.

  ReplyDelete
 20. ..ഹലോ അമ്മയല്ലേ, അവിടെ മഴയുണ്ടോ??

  അമ്മ : ഏയ്, ഇവിടെ മഴയേ ഇല്ലാ..

  [നോക്കിക്കേ ഈ ‘ഏയ്’ എന്നതിന്റെ ഗുട്ടന്‍സ്, ഈ വഴി വന്നോണ്ട് ഏയ് ഓട്ടൊ, ഏയ് മഴയില്ല, ഏയ്-കേരളക്കാരന്‍ തന്നെ- പഠിച്ചില്ലേ?]

  മഴയെവിടേം മറക്കാത്ത അനുഭവം തന്നെയല്ലേ?
  ഏയ്.. (ആതമഗതം : അതേന്നര്‍ത്ഥം!!)

  ആശംസകള്‍, പുതുവര്‍ഷാശംസകളും.

  ReplyDelete
 21. ഇവിടുത്തെ മഴയുമായി താരാതമ്യപ്പെടുത്തി നോക്കി.എന്ത് വ്യത്യാസം?

  ReplyDelete
 22. വിനുവേട്ട മഴ കണ്ടു..നന്നായി..നീലത്താമര
  മുട്ടോളം വെള്ളത്തില്‍ ഭീമന്‍ രഘുവിനെ
  വിശേഷിപ്പിച്ചത്‌ ഇനി ആവര്‍ത്തിക്കില്ല എന്ന്
  പ്രതീക്ഷിക്കാന്‍ അല്ലെ ആവൂ?

  ഒരു യാത്രികന്‍ കഴിഞ മഴയുടെ സമയത്ത്
  ഷാര്‍ജ ഇല്‍ ഇല്ലായിരുന്നോ? പലരുംമൂന്നു
  ദിവസം കുബ്ബൂസ് പോലും കഴിക്കാതെ അവിടെ
  പട്ടിണി ആയിരുന്നു.വീടിനു പുറത്തു ഇറങ്ങാന്‍
  വയ്യാതെ..(ഞാന്‍ UAE ഷാര്‍ജ ആണ് ഉദേശിച്ചത്‌)

  ReplyDelete
 23. ആദ്യം തന്നെ പുതുവര്‍ഷാശംസകള്‍ ...

  ഇവിടെ അമേരിക്കയില്‍ വന്നിട്ട് ഞാനും ആദ്യത്തെ മഴ കണ്ടുട്ടോ ....

  പക്ഷേ ഈ പോസ്റ്റ്‌ വായിച്ചപോള്‍ വിഷമം ആണ് തോനിയത് ,എല്ലാരും വല്ലാതെ കഷ്ട്ടപ്പെട്ട് കാണും അല്ലേ ?

  ReplyDelete
 24. എന്റെ അമ്മോ കിടുക്കന്‍ മഴയാണല്ലോ..
  കപ്പ വറുത്തതും കൊറിച്ചോണ്ട് വരാന്തയില്‍ കാലും ആട്ടീ മഴ നോക്കി ഇരുന്നോ വിനുവേട്ടാ...കടലാസ്സു വള്ളങ്ങള്‍ ഓടീച്ചു കളിച്ചും, പാടത്ത് വിരുന്നെത്തിയ വരാല്‍,മുഷി ടിംസ്ന്നെ വെട്ടിപ്പിടിച്ചും കൊഴുപ്പിക്കാന്‍ മേലായിരുന്നോ ?(ബാല്യകാല സ്മരണകള്‍ !!)

  ReplyDelete
 25. ivide maldives ilu kazhinja aazhcha mazha peythu... ippol valare choodu aanu ketto......

  ReplyDelete
 26. നല്ല പോസ്റ്റ്‌.
  മഴ കണ്ടു തുടങ്ങുമ്പോള്‍ നാട്ടിലെ വീട്ടില്‍ ഇരിക്കുകയാണെന്ന് തോന്നി. ശക്തി കൂടി വരുമ്പോള്‍ കഴിഞ്ഞ കൊല്ലത്തിലെ മഴക്കെടുതികള്‍ ഓര്‍മയില്‍ വന്നു പേടിപ്പിക്കാന്‍ തുടങ്ങി.
  ഏതായാലും വലിയ അപകടങ്ങളില്ലാതെ കഴിഞ്ഞു. ദൈവത്തിനു സ്തുതി. സ്റ്റോം വാണിങ്ങില്‍ ഇന്നും മഴയുണ്ടായേക്കാം എന്നാണല്ലോ പ്രവചനം.
  പടച്ചവനെ കത്തോളണെ..
  നാസര്‍, ജിദ്ദ

  ReplyDelete
 27. അങ്ങനെ ജിദ്ദയിലെ മഴ കണ്ടു, കുട്ടനാട് ഒന്നുമല്ല അല്ലെ വിനുവണ്ണാ അല്ല വിനുവേട്ടാ

  ReplyDelete
 28. മരുഭൂവിലും ഇത്രേം വിശാലമായി മഴ പെയ്യുമെന്നത് ഒരു പുതിയ അറിവായിരുന്നു.മഴയെപ്പോഴും ഒരനുഭവം തന്നെ അല്ലേ..

  ReplyDelete
 29. ഹംസഭായ്‌... മഴ നേരില്‍ കണ്ട ആളുടെ തന്നെ കമന്റുമായി ഐശ്വര്യത്തോടെയാകട്ടെ തുടക്കം... ഇപ്രാവശ്യം അങ്ങനെ നടക്കുക എന്ന റിസ്ക്‌ എടുക്കണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു...

  ലക്ഷ്മി... അതേ... സത്യം...

  ഫൈസു... അപ്പോള്‍ ഇക്കൊല്ലം അവിടെ മഴയില്ലേ?

  സിദ്ധീക്ക... രക്ഷപെട്ടു എന്ന പറ...

  മാണിക്യം... അഞ്ച്‌ ഡിഗ്രിയിലുള്ള മഴ പണ്ട്‌ ഞാന്‍ ദമ്മാമില്‍ ആയിരുന്നപ്പോള്‍ അനുഭവിച്ചിട്ടുണ്ട്‌... കഠിനം തന്നെ... പ്രത്യേകിച്ചും അതിരാവിലെ കമ്പനിയിലേക്ക്‌ പോകുന്ന വഴിയില് ‍...

  ReplyDelete
 30. എച്‌മു കുട്ടി... ഇതൊന്നും ഒരു മഴയല്ലായിരുന്നു കേട്ടോ കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതി വച്ച്‌ നോക്കിയാല്‍...

  നിലാമഴ... പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... പിന്നെ, അതുവരെ വിഷമിച്ച്‌ നിന്ന നീലത്താമര എന്റെ ആ വരവ്‌ കണ്ടതും പൊട്ടിച്ചിരിച്ചുപോയി അന്ന്... പിന്നെ ശകടം പണി തന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ... വര്‍ക്‍ഷോപ്പിലാണിപ്പോള്‍ ...

  റാംജിഭായ്‌... കഴിഞ്ഞ വര്‍ഷം റിയാദിലും അലക്കി അല്ലേ മഴ...?

  മുരളിഭായ്‌... ങ്‌ഹും... തൊട്ടറിഞ്ഞു... എങ്ങനെ വീടെത്തി എന്ന് എനിക്കല്ലേ അറിയൂ...

  ReplyDelete
 31. സാബി... പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... ജനലില്‍ കൂടി നാലഞ്ച്‌ ചിത്രങ്ങളെടുത്ത്‌ പോസ്റ്റ്‌ ചെയ്യാമായിരുന്നില്ലേ?

  ജയന്‍ ഡോക്ടര്‍ ... ഇപ്പോള്‍ കണ്ടല്ലോ മരുഭൂമിയിലെ മഴ...? പുതുവത്സര സംഗമം നാളെയാണല്ലേ? എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങള്‍ പറയുക...

  ഒരു യാത്രികന്‍ ... ഷാര്‍ജയില്‍ മഴ പ്രശ്നമല്ലേന്നോ? എന്നിട്ട്‌ വിന്‍സെന്റ്‌ പറയുന്നത്‌ പ്രശ്നമായിരുന്നുവെന്നാണല്ലോ...

  റോസാപ്പൂക്കള്‍ ... നവവത്സരാശംസകള്‍ ...

  മണ്‍സൂര്‍ ... ജിദ്ദയിലാണല്ലേ? അപ്പോള്‍ പിന്നെ പറയാതെ തന്നെ അറിയാമല്ലോ... ആശംസകള്‍ ...

  ReplyDelete
 32. കൊല്ലേരി... മനോഹരമായ കമന്റ്‌... ഇതൊരു കുഞ്ഞുപോസ്റ്റ്‌ പോലുണ്ടല്ലോ...

  ഹാപ്പി ബാച്ചിലേഴ്‌സ്‌... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി... വീണ്ടും വരണം...

  സുകന്യാജി... അതേ... ഓരോരോ ദേശങ്ങളില്‍ ഓരോരോ അനുഭവങ്ങള്‍ ... ങ്‌ഹും... ചിരിച്ചോ ചിരിച്ചോ...

  മൈ ഡ്രീംസ്‌... സന്തോഷം...

  നിശാസുരഭി... "ഏയ്‌" എന്നത്‌ ലെബനീസ്‌ സ്ലാങ്ങ്‌ ആണെന്നാണ്‌ എന്റെ ചെറിയേ അറിവ്‌... അറബി വിദഗ്‌ദരുടെ സഹായം തേടുന്നു... ബ്ലീസ്‌ എക്സ്‌ബ്ലെയിന്‍... (ഈജിപ്ഷ്യന്‍ സ്ലാങ്ങ്‌)...

  ReplyDelete
 33. വിനുവേട്ടാ, ദുബായില്‍ കഴിഞ്ഞ വര്ഷം സൂപ്പര്‍ മഴയായിരുന്നു. അന്ന് കണ്ണൂരാന് ബ്ലോഗുണ്ടായിരുന്നില്ല. ഇത്തവണ മഴക്ക് വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുവാ. എന്തിനെന്നോ, പോസ്റ്റ്‌ ഇടാന്‍!
  ഹ..ഹ..ഹാ..!

  ReplyDelete
 34. ശാന്ത ടീച്ചര്‍ ... നാട്ടിലെ പോലെ ഇവിടെ എന്നും മഴ പെയ്തെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക്‌ കാറിന്‌ പകരം ബോട്ട്‌ ആയിരുന്നും യാത്രയ്ക്ക്‌ ഉപയോഗിക്കേണ്ടി വരിക...

  എന്റെ ലോകം... ഇപ്പോള്‍ മാനം കറുക്കുമ്പോഴേ പേടിയാ... എന്തിനെയൊക്കേ പേടിച്ചാലാ... അതല്ലേ പ്രായം...

  സിയ ... എല്ലാവരും മഴ രസിച്ചുവെന്ന് പറഞ്ഞപ്പോള്‍ ഒരാളെങ്കിലും ഉണ്ടായല്ലോ ഞങ്ങളുടെ വേദന കാണാന്‍... നവവത്സരാശംസകള്‍ ...

  ചാര്‍ളി... കപ്പ വറുത്തറ്റും കൊറിച്ചു കൊണ്ട്‌ ഇരുന്നാല്‍ പിറ്റേ ദിവസം കമ്പനിയില്‍ ചെല്ലുമ്പോള്‍ വിവരമറിയും...

  സുരേഷ്‌... സന്തോഷം സന്ദര്‍ശനത്തിന്‌...

  ReplyDelete
 35. നാസര്‍ ... പിന്നെ മഴ ചതിച്ചില്ല അല്ലേ...

  കുറുപ്പ്‌ ... കുട്ടനാടുമായി താരതമ്യം ചെയ്താല്‍ ദില്ലിയിലെ മഴ എങ്ങനെയാ? മുങ്ങുമോ?

  റെയര്‍ റോസ്‌... അതേ, ഒരു അനുഭവം തന്നെയായിരുന്നു...

  കണ്ണൂരാന്‍... അവിടുത്തെ തണുപ്പത്ത്‌ ഇനി മഴയുടെയും കൂടി കുറവേ ഉള്ളൂ അല്ലേ...?

  ReplyDelete
 36. ഈ മഴ കൊള്ളാം..
  ദാഹിച്ചു വരണ്ടു കിടക്കുന്ന ഭൂമി ആണെങ്കിൽ പോലും, ഒരു തുള്ളി വെള്ളം പോലും ഭൂമിയിൽ ആഴ്ന്നു പോകാത്ത നാട്...!

  ആശംസകൾ....

  ReplyDelete
 37. ഖത്തറില്‍ വെറും ചാറ്റല്‍ മഴയാ മാഷേ..ഒരു നല്ല മഴകാണാന്‍
  കൊതിയാകുന്നു.

  ReplyDelete
 38. മഴയൊക്കെ മാറി മാനം തെളിഞ്ഞപ്പോളാ എന്റെ വരവ്… നാട്ടില് നിന്നും അറിഞ്ഞു, ഇവിടെ 2 ദിവസമായി മഴ തകര്ത്തുപെയ്തു എന്ന്… കേട്ടപ്പോള്, ആദ്യം മനസ്സില് ഓടിയെത്തിയത് കഴിഞ്ഞ കൊല്ലത്തെ അനുഭവമാണ്… ഏതായാലും അതുപോലെ ഒന്നും സംഭവിച്ചില്ലല്ലോ, ഭാഗ്യം! കാണാതെ പോയ മഴക്കാഴ്ചകള്ക്ക് വാക്കുകളിലൂടെയുള്ള പുനര്ജ്ജനി അസ്സലായി..

  (നാട്ടില് വച്ച്, എനിക്കും കിട്ടി ചില നല്ല മഴകള്… ചാഞ്ഞു പെയ്യുന്ന ചാറ്റല് മഴയത്ത് കാറിലുള്ള യാത്ര അതീവ ഹൃദ്യമായി…)

  ReplyDelete
 39. കഴിഞ്ഞ വര്‍ഷത്തെ മഴയുടെ തിക്തത വല്ലാതെ അനുഭവിച്ചതിനാല്‍ ഈ വര്‍ഷം മാനത്തെ മഴക്കറ് എന്നെ വല്ലാതെ പേടിപ്പിച്ചു. രണ്ട് ദിവസം വെളിയിലിറങ്ങാതെ വീട്ടില്‍ തന്നെ ഒളിച്ചു. ഈ വര്‍ഷം മഴയെ കുറിച്ചറിയുന്നത് വിനുവേട്ടന്റെ ഈ പോസ്റ്റിലൂടെ. കഴിഞ്ഞ വര്‍ഷത്തെ അത്രയും കഠിനമല്ലെങ്കിലും ജിദ്ദ മഴയുടെ നഗരമായി ക്രമേണ മാറുന്നു എന്ന സൂചന തരുന്നു ഇവിടെ കൊടുത്തിരിക്കുന്ന് ചിത്രങ്ങള്‍. വിശദമായ വിവരണത്തിനും, ചിത്രങ്ങള്‍ക്കും നന്ദി.

  ReplyDelete
 40. മഴയുമായി ഒരാഴ്ച കഴിഞ്ഞാണ് എന്റെ വരവ്.
  കഴിഞ്ഞവര്‍ഷത്തെ മഴകണ്ട ഒരാളെന്ന നിലക്ക് ഞാനും ഒന്ന് കരുതി. കാറ് ഓഫീസില്‍ സുരക്ഷിതമായി വച്ച് മറ്റൊരുത്തന്റെ ജീപ്പില്‍ വീടുപിടിച്ചു. കുറച്ചു ദൂരം ഷൂസ് കയ്യില്‍ പിടിച്ചു ജിദ്ധയിലൂടെ ഒരു നടത്തം! അതും ആയി.

  മഴ തകര്‍ത്തു പെയ്യുമ്പോള്‍ ഓഫീസിലെ സൗദി പെണ്ണുങ്ങള്‍ കരയാന്‍ തുടങ്ങി, ശരിക്കും കരഞ്ഞു! അത് കണ്ടപ്പോള്‍ മഴകാണ്ട് കൊതിതീര്‍ന്ന മലയാളി ബംഗാളി തുടങ്ങിയവര്‍ക്ക് തമാശ!

  ReplyDelete
 41. ബോംബേക്കാളും കഷ്ടമാണല്ലൊ..........ഇവിടെയും മോശമല്ല അവസ്ഥ. നല്ല ഒരുമഴമതി റോഡ് മുങ്ങാന്‍. കഴിഞ്ഞതവണ കാറ് ഫ്ലോട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ശരിക്കും പേടിച്ചു.

  ReplyDelete
 42. മഴ ഒരു നല്ല അനുഭൂതി തന്നെയാണു.
  പക്ഷെ അത് ഇവിടെ ഒരു വല്ലാത്ത അനുഭൂതി തന്നെയാണ് നൽകാറുള്ളത് അല്ലേ വിനുവേട്ടാ..?!!

  ReplyDelete
 43. മഴക്കാഴ്ചകള്‍ അസ്സലായി
  അഭിനന്ദനങ്ങള്‍

  ReplyDelete
 44. മണലാരണ്യത്തില്‍ വെള്ളപ്പൊക്കം ആദ്യമായി കാണുകയാണ്.അവിടെ വര്‍ഷക്കാലം ഉണ്ടോ?

  ReplyDelete
 45. ഈ മഴയുടെ ഒരു ഭാഗം നാട്ടില്‍ ഞങ്ങള്‍ക്കും കിട്ടി..കൊച്ചിയില്‍ പുതുവര്‍ഷത്തിന്റെ തലേന്ന് രാത്രി ആണ് പെയ്തത് ..ഞങ്ങള്‍ അന്ന് കന്യാകുമാരിയില്‍ ആയിരുന്നത് കൊണ്ട് ഒന്നാം തീയതി ഉച്ചക്കാണ് അവിടെ മഴ എത്തിയത്...പക്ഷെ, നാട്ടില്‍ ഇത് പോലെ മഴയെ പേടിക്കണ്ടല്ലോ..എല്ലാ പെയ്ത്തു വെള്ളവും ഒലിച്ചു പോവും, കുളിര്‍മ മാത്രം അവശേഷിപ്പിച്ചു കൊണ്ട്..അത് കൊണ്ട് മഴയുടെ ഭീകരത പഴയ പോസ്റ്റുകളിലെ കേട്ടറിവ് മാത്രം.

  ReplyDelete
 46. വിനുവേട്ടാ, ആദ്യം ഒരു ക്ഷമാപണം.. ഈ പോസ്റ്റ്‌ വായിക്കാനും അഭിപ്രായം പറയാൻ വൈകിയതിനും. ആപ്പീസിൽ നല്ല പണിയായിരുന്നു. കുറേ ദിവസങ്ങളായി ബൂലോകത്ത്‌ സജീവമായിട്ടു്. ഇനി കൃത്യമായി വന്നോളാം.
  പോസ്റ്റ്‌ ഇഷ്ടപ്പെട്ടു. പക്ഷെ മരുഭൂമിയിൽ ഇത്രക്കു മഴപെയ്യും എന്നുള്ളതു് എനിക്കൊരു പുതിയ അറിവാണു്.

  ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...