എയര്‍ബസ്-380 എന്ന യാത്രാവിമാനത്തിന്റെ രാജകീയ പ്രൗഢിയും സൗകര്യങ്ങളും ചിത്രസഹിതം വാര്‍ത്തകളിലും ഇ-മെയിലുകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സിലുദിച്ച ആഗ്രഹമായിരുന്നു നമുക്കും ഇതിലൊന്ന് യാത്ര ചെയ്യണമല്ലോ എന്ന്. പക്ഷേ, ജിദ്ദയില്‍ നിന്ന് ഏറിയാല്‍ കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ ഉള്ള യാത്രയില്‍ ഇതിനൊക്കെയുള്ള ഭാഗ്യം എവിടെ കിട്ടാന്‍ ... അതിനാല്‍ തല്ക്കാലം , കിട്ടിയ ഇ-മെയിലുകള്‍ ഫോര്‍വേഡ് ചെയ്തും അതിലെ യാത്ര സ്വപ്നം കണ്ടുകൊണ്ടും ജോലി തുടരവേയാണ് അടുത്ത വെക്കേഷനുള്ള ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സമയം ആഗതമായത്.
ജിദ്ദയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത് രണ്ട് വിമാനക്കമ്പനികളാണ്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സും പിന്നെ നമ്മുടെയെല്ലാം പ്രിയങ്കരമായ എയര്‍ ഇന്ത്യയും . കൃത്യനിഷ്ഠയോടെ പറക്കുന്ന സൗദി എയര്‍ലൈന്‍സില്‍ സീറ്റ് ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ആറ് മാസം മുന്‍പേ തന്നെ ബുക്ക് ചെയ്യണം. അവധി എന്നാണെന്ന് ആറ് മാസം മുമ്പേ തന്നെ അറിയാമെങ്കില്‍ പിന്നെ പ്രശ്നമില്ല.
പിന്നെ എയര്‍ ഇന്ത്യ. അതൊരു സംഭവം തന്നെ ആയതുകൊണ്ട് ജീവിതത്തില്‍ ആകെ രണ്ടേ രണ്ട് പ്രാവശ്യമേ അതില്‍ യാത്ര ചെയ്തിട്ടുള്ളൂ. ടേക്ക് ഓഫിന് മുമ്പ് വാതിലടച്ച് പ്ലാസ്റ്റിക്ക് ചരട് കൊണ്ട് വരിഞ്ഞ് മുറുക്കി കെട്ടി സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന എയര്‍ ഹോസ്റ്റസ്സിന്റെ കഷ്ടപ്പാട് കണ്ട അന്ന് നിര്‍ത്തിയതാണ് മഹാരാജാവിനൊപ്പമുള്ള യാത്ര. പിന്നീടങ്ങോട്ട് സ്ഥിരമായി ഗള്‍ഫ് എയറില്‍ ആയി യാത്ര. ആകെപ്പാടെയുള്ള ബുദ്ധിമുട്ട് കണക്ഷന് ഫ്ലൈറ്റിനായി ഗള്‍ഫിലെ തന്നെ മറ്റേതെങ്കിലും താവളത്തിലെ അത്ര ചെറുതല്ലാത്ത കാത്തിരിപ്പാണ്.
ഏറ്റവും കുറഞ്ഞ ട്രാന്‍സിറ്റ് സമയമുള്ള സര്‍വ്വീസ് തേടി എല്ലാ വിമാനക്കമ്പനികളുടെയും വെബ് സൈറ്റില്‍ പരതിയതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ യാത്ര എമിറേറ്റ്സില്‍ ആക്കിയത്. എങ്കിലും ഇപ്രാവശ്യവും ഒന്നു കൂടി ഗവേഷണം നടത്താന്‍ തന്നെ തീരുമാനിച്ചു.
ഗള്‍ഫ് എയര്‍ , ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, കുവൈറ്റ് എയര്‍വേയ്സ്, ശ്രീലങ്കന്‍ , ഒമാന്‍ എയര്‍ അങ്ങനെ എല്ലാ ചുള്ളന്മാരുടെയും സൈറ്റുകള്‍ കയറിയിറങ്ങിയപ്പോള്‍ മനസ്സിലായി, എമിറേറ്റ്സ് തന്നെ മേട്ട. രാത്രി പത്ത് മണിക്ക് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് പന്ത്രണ്ട് മണിക്ക് ദുബായില്‍ എത്തുന്നു. അവിടെ നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് തിരുവനന്തപുരത്തേക്ക് എമിറേറ്റ്സിന്റെ തന്നെ കണക്ഷന് ഫ്ലൈറ്റ്. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്ത് ലാന്റിംഗ്. പത്ത് മണിക്ക്
വാമഭാഗത്തിന്റെ വസതിയില്‍ ബ്രേക്ക് ഫാസ്റ്റ്.
ശരി, ഇത്തവണയും എമിറേറ്റ്സ് തന്നെ ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഒന്നു കൂടി കണ്ണുതുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം കണ്ടത്. ജിദ്ദ റ്റു ദുബായ് - ടൈപ്പ് ഓഫ് എയര്‍ക്രാഫ്റ്റ് - A380. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. സത്യമാണ്...! എയര്‍ബസ് 380 തന്നെ. നടക്കാനിടയില്ലാത്ത കാര്യങ്ങളുടെ കൂട്ടത്തില്‍ എഴുതിത്തള്ളിയിരുന്ന A380 സ്വപ്നത്തിന് അങ്ങനെ വീണ്ടും ചിറക് മുളച്ചു. പിന്നെ താമസിച്ചില്ല. വിജയ് മസാലയുടെ കലണ്ടറില്‍ നോക്കി. വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ സാധാരണ പ്രഖ്യാപിക്കാറില്ല എന്നാണ് ഇത് വരെയുള്ള അറിവ്. സൈറ്റില്‍ പരതിയപ്പോള്‍ സെപ്റ്റംബര്‍ രണ്ട് വ്യാഴാഴ്ച രാത്രി പത്ത് മണിക്കുള്ള ഫ്ലൈറ്റില്‍ ഇടമുണ്ട്. അങ്ങനെ A380 യില്‍ മൂന്ന് സീറ്റുകള്‍ ബുക്ക് ചെയ്ത് 2010ലെ വെക്കേഷന്റെ പ്രാരംഭനടപടികള്‍ക്ക് തുടക്കമായി.
 |
എയര്‍ബസ്സ്-380 | | | |
|
|
ഒരു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന
സ്റ്റോം വാണിങ്ങിന് ഇനി ചെറിയ ഇടവേള. വിരലില്‍ എണ്ണാവുന്ന വായനക്കാരേ ഉള്ളുവെങ്കിലും ഒരു ലക്കം പോലും മുടങ്ങാതെ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന അവരോടെല്ലാം യാത്ര പറഞ്ഞിട്ടാവാം നാട്ടിലേക്കുള്ള യാത്ര. ഉദ്വേഗജനകമായ ഒരു ലക്കം എഴുതി പോസ്റ്റ് ചെയ്തിട്ട് അടുത്ത ലക്കത്തിനായി ഇനി മൂന്ന് ആഴ്ച കാത്തിരിക്കുക എന്നൊരു കമന്റും ഇട്ടു. എയര്‍ ഇന്ത്യയില്‍ അല്ല പോകുന്നത്, അതു കൊണ്ട് തോര്‍ത്തും സോപ്പും കൊണ്ടുപോകുന്നില്ല എന്ന് അല്‍പ്പം അഹങ്കാരത്തോടെ കൂട്ടിച്ചേര്‍ത്തപ്പോഴാണ് പൂര്‍ണ്ണതൃപ്തിയായത്.
പതിവ് പോലെ തന്നെ മൂന്ന് മണിക്കൂര്‍ മുമ്പ് എയര്‍പ്പോര്‍ട്ടില്‍ എത്തി. ചെക്ക് ഇന്‍ കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ക്യൂവിന് കാര്യമായ സ്ഥാനചലനം കാണുന്നില്ല. ലഗേജ് കണ്‍വേയറിന്റെ ബെല്‍റ്റ് പണിമുടക്കിയതാണ് കാരണം. അല്‍പ്പം നീണ്ട കാത്തുനില്പ്പിന് ശേഷം ബോര്‍ഡിംഗ് പാസ്സുമായി കുടുംബസമേതം എമിഗ്രേഷന്‍ കഴിഞ്ഞ് ലോഞ്ചിലേക്ക് നീങ്ങുമ്പോള്‍ സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. അപ്പോഴാണ്
കുട്ടപ്പചരിതം ബ്ലോഗര്‍ ജിമ്മിയുടെ കോള്‍ വന്നത്.
"അണ്ണാ... എവിടെയെത്തി...?"
"എമിഗ്രേഷന്‍ കഴിഞ്ഞു... ഗെയ്റ്റ് തുറക്കുന്നതും കാത്ത് ലോഞ്ചിലിരിക്കുകയാ..."
"എന്നാല്‍ ശരി... വിഷ് യൂ എ ഹാപ്പി ആന്റ് സേഫ് ജേര്‍ണി... പോയി അടിച്ചു പൊളിച്ചിട്ട് വാ..."
"ശരി... അങ്ങനെയാവട്ടെ..."
ഗെയ്റ്റിന് മുമ്പിലെ ഡിസ്പ്ലേ സ്ക്രീന്‍ തെളിഞ്ഞു. ബോര്‍ഡിംഗ് ടൈം 22:45 ... അത് ശരി... അപ്പോള്‍ ഡിലേ ഉണ്ട്. സാരമില്ല, കണ്‍വേയര്‍ കേടായതുകൊണ്ടല്ലേ... ഒരു കണക്കിന് നന്നായി. ദുബായില്‍ അധികം കാത്തിരിക്കേണ്ടി വരില്ല.
പത്തേ മുക്കാലിന് തന്നെ ഗെയ്റ്റ് തുറന്നു. ജിദ്ദയില്‍ മാത്രം ഇനിയും എയറോ ബ്രിഡ്ജ് സൗകര്യം എത്തിയിട്ടില്ല. ടെര്‍മിനലില്‍ നിന്ന് ഫ്ലൈറ്റിനടുത്തെത്താന്‍ ബസ്സ് തന്നെ ശരണം. A380 യുടെ അരികിലെത്തിയപ്പോഴാണ് ഇവന് ശരിക്കും ഭീമാകാരന്‍ തന്നെ എന്ന് മനസ്സിലായത്. ബോയിങ്ങ്-747 നെ വെല്ലുന്ന ഡബിള്‍ ഡെക്കര്‍ വിമാനം. ഉള്ളിലെ സൗകര്യങ്ങളും എടുത്ത പറയത്തക്കത് തന്നെ. എല്ലാവരും എത്തി ടേക്ക് ഓഫിന് തയ്യാറാകുമ്പോള്‍ സമയം പതിനൊന്നേകാല്‍. ഇത്രയും വലിയ സാധനം അഞ്ഞൂറില്‍പ്പരം ആളുകളെയും വഹിച്ചുകൊണ്ട് ആകാശത്തേക്ക് എങ്ങനെ ഉയരും എന്നൊരു ഭയം ഉള്ളില്‍ തോന്നിയെങ്കിലും പോയാലും എല്ലാവരും ഒന്നിച്ചല്ലേ എന്ന ആശ്വാസത്തില്‍ ഭയം ലവലേശം പുറമേ കാണിക്കാതെ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഇരുന്നു. എന്തായാലും A380 യുടെ ടേക്ക് ഓഫ് അറിയാന്‍ കഴിയാത്ത അത്ര സുഗമായിരുന്നു എന്നതായിരുന്നു സത്യം.
 |
എയര്‍ബസ്സ്-380 യുടെ ഉള്ളില്‍ ... | | | | |
|
|
'വി ആര് റെഡി റ്റു ലാന്റ് അറ്റ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്' എന്ന് അനൗണ്‍സ് ചെയ്യുമ്പോള്‍ ദുബായ് സമയം പുലര്‍ച്ചെ രണ്ടേമുക്കാല്‍ ...! തിരുവനന്തപുരത്തേക്കുള്ള കണക്ഷന് ഫ്ലൈറ്റ് പുറപ്പെടുന്നത് മൂന്നരയ്ക്ക്...! പണിയാകുമോ...? ഹേയ്... മുമ്പൊരിക്കല്‍ ഗള്‍ഫ് എയറില്‍ ഇത്തരത്തില്‍ ഡിലേ വന്നപ്പോള്‍ അവര്‍ കണക്ഷന് ഫ്ലൈറ്റ് പിടിച്ചിട്ടിരുന്നു. വെറുതെ എന്തിന് അതോര്‍ത്ത് ടെന്‍ഷനടിക്കണം...? നമ്മളെ കയറ്റാതെ അവരെവിടെ പോകാന്‍ ...
ടേക്ക് ഓഫ് പോലെ തന്നെ സുഗമമായ ലാന്‍ഡിങ്ങിന് ശേഷം ടെര്‍മിനലില്‍ കാല് കുത്തുമ്പോള്‍ സമയം മൂന്ന് മണി. ഇനി അര മണിക്കൂറേ ബാക്കിയുള്ളൂ. ഏതാണ്ട് ഒന്നര കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന ദുബായ് എയര്‍പ്പോര്‍ട്ടിന്റെ ഇങ്ങേയറ്റത്ത് നിന്ന് ഗെയ്റ്റ് നമ്പര്‍ 124 ല്‍ എത്താന്‍ തന്നെ അര മണിക്കൂര്‍ വേണം എന്ന ഭീകര സത്യം അപ്പോഴാണ് ഞങ്ങളുടെ നേരെ കൊഞ്ഞനം കുത്തിയത്.
"കാലിക്കറ്റ് ആന്‍ഡ് ഹൈദരാബാദ് പാസ്സഞ്ചേഴ്സ് റിപ്പോര്‍ട്ട് റ്റു ട്രാന്‍സ്ഫര്‍ ഡെസ്ക് ഇമ്മീഡിയറ്റ്ലി എന്ന് പറഞ്ഞ് കൊണ്ട് നില്ക്കുന്ന എമിറേറ്റ്സ് ഉദ്യോഗസ്ഥരെ കണ്ടതും "വാട്ട് എബൗട്ട് ട്രിവാണ്‍ഡ്രം..." എന്ന് ചോദിച്ചപ്പോള്‍ "ഇവന് എവിടുത്ത്കാരാണ്ടാ..." എന്ന മട്ടില്‍ ഒരു നോട്ടം . പിന്നെ അടുത്ത കൗണ്ടറിലേക്ക് ചൂണ്ടിക്കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു. "ട്രിവാന്‍ഡ്രം , കൊച്ചിന് ആന്റ് ബാംഗളൂര്‍ ഗോ ദേര്‍ ..."
നായ കടിക്കാന്‍ ഓടിച്ചിട്ടെന്ന പോലെ ഓടിപ്പാഞ്ഞ് വരുന്ന ഞങ്ങളുടെ വരവ് കണ്ട് ട്രാന്‍സ്ഫര്‍ ഡെസ്കിലുണ്ടായിരുന്ന ഫിലിപ്പീനി പെണ്ണുങ്ങള് പാതിയുറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു. ഞൊടിയിടയില്‍ നാല് കൗണ്ടറുകളും ക്യൂവും അവിടെ രൂപം കൊണ്ടു. ഞങ്ങളുടെ ബോര്‍ഡിംഗ് പാസ്സുകള്‍ വാങ്ങി നോക്കിയിട്ട് അവര്‍ പറഞ്ഞു... "യൂ ക്യാനോട്ട് ക്യാച്ച് ദി ഫ്ലൈറ്റ്... ഗെയ്റ്റ് ഈസ് ഓള്‍റെഡി ക്ലോസ്ഡ്..."
"മാഡം ... വി സ്റ്റില്‍ ഹാവ് 30 മിനിറ്റ്സ്..."
"യൂ കാണ്ട് ഈവണ്‍ റീച്ച് ദി ഗെയ്റ്റ് ഇന്‍ 30 മിനിറ്റ്സ്..."
"സോ... വാട്ട് വില്‍ വീ ഡൂ നൗ...?"
"വി വില്‍ അറേഞ്ച് സീറ്റ്സ് ഇന്‍ നെക്സ്റ്റ് എവൈലബിള്‍ ഫ്ലൈറ്റ്..."
"വെന്‍ ഈസ് ദാറ്റ്...?"
"ലെറ്റ് മീ ചെക്ക് ദി സിസ്റ്റം ..."
അവര്‍ കമ്പ്യൂട്ടറിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ടു. എല്ലാ കൗണ്ടറുകളിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. തിരുവനന്തപുരം , കൊച്ചി, ബാംഗളൂര്‍ യാത്രക്കാര്‍ക്കാണ് പണി കിട്ടിയത്. എന്താ എയര്‍ബസ് 380 യാത്രയുടെ ഐശ്വര്യം ...
"സര് ... നെക്സ്റ്റ് എവൈലബിള്‍ ഫ്ലൈറ്റ് ഈസ് അറ്റ് 9:45 PM..."
എന്ന് വച്ചാല്‍ പത്ത് പതിനെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ... എയര്‍ ഇന്ത്യയെ കുറ്റം പറഞ്ഞ് ബ്ലോഗില്‍ കമന്റ് ഇട്ടതിന് കിട്ടിയ ശിക്ഷ...
"യൂ മീന്‍ ആഫ്റ്റര്‍ 18 അവേഴ്സ്...? വേര് വില്‍ വി സ്റ്റേ റ്റില്‍ ദാറ്റ്...?"
"ഡോണ്ട് വറി സര് ... വി വില്‍ അറേഞ്ച് അക്കമൊഡേഷന്‍ ആന്റ് ഫൂഡ് ഫോര്‍ ഓള് ഓഫ് യൂ..."
ചുരുക്കി പറഞ്ഞാല്‍ അവിടെ നില്ക്കുന്ന എല്ലാവരുടെയും ഒഴിവുദിനങ്ങളില്‍ നിന്ന് ഒരു ദിനം കൊഴിഞ്ഞു വീണിരിക്കുന്നു. എന്നാലും മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഇതേ അവസ്ഥ എയര്‍ ഇന്ത്യയില്‍ ആയിരുന്നെങ്കിലോ... അടുത്ത ഫ്ലൈറ്റ് എപ്പോള്‍ എന്ന് പോലും തീര്‍ച്ചയില്ലാതെ എയര്‍പ്പോര്‍ട്ടിനകത്ത് നരകിച്ച് കഴിയുക. ഇത് ഒന്നുമില്ലെങ്കില്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസസൗകര്യവും ഭക്ഷണവും തരുമല്ലോ.
അങ്ങനെ എമിറേറ്റ്സിന്റെ വക ട്രാന്‍സിറ്റ് വിസയുമായി 'ഐ സ്കാന്‍' കഴിഞ്ഞ് പുറത്തിറങ്ങി മില്ലേനിയം ഹോട്ടലില്‍ എത്തിയപ്പോള്‍ നാലുമണി ആയിരുന്നു. നാലു നേരത്തെ ഭക്ഷണത്തിനുള്ള കൂപ്പണ്‍ കിട്ടിയപ്പോള്‍ തന്നെ പകുതി ജീവന് തിരികെ കിട്ടി.
"അമ്മയെ വിളിച്ച് പറയണ്ടേ..."
വാമഭാഗത്തിന്റെ ചോദ്യം കേട്ടപ്പോഴാണ് അങ്ങനെയൊരു സംഭവം ഓര്‍മ്മ വന്നത്. ശരിയാണ്... രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ വന്ന് കാത്ത് നിന്നിട്ട് മകളെയും മരുമകനെയും പേരക്കുട്ടിയേയും കാണാതെ ഇല്ലാത്ത പൊല്ലാപ്പുകള്‍ ഉണ്ടാക്കണ്ട.
എമിറേറ്റ്സിന്റെ വക മൂന്ന് മിനിറ്റ് സൗജന്യ ഇന്റര്‍നാഷണല്‍ കോള്‍ ഉണ്ട്. ബുദ്ധിമുട്ടി കഷ്ടപ്പെട്ട് അനുമതി വാങ്ങി ഡയല് ചെയ്തപ്പോള്‍ അങ്ങേ തലക്കല്‍ നോ റെസ്പോന്‍സ്... ങ്ഹേ... ഇനി ഇപ്പോഴേ എയര്‍പ്പോര്‍ട്ടിലേക്ക് പുറപ്പെട്ടിരിക്കുമോ? ഇനി ഒരു വഴിയുണ്ട്... എയര്‍പ്പോര്‍ട്ടിലേക്ക് വരാന്‍ ചട്ടം കെട്ടിയിരിക്കുന്ന കാര്‍ ഡ്രൈവറെ തന്നെ വിളിച്ചു നോക്കാം.
"ഹലോ... " സ്ത്രീ ശബ്ദം.
"ഹലോ... വിജയന് ഇല്ലേ...?"
"ചേട്ടന് പശുവിനെ കറക്കയാണ്... ആര് വിളിക്കണത്...?"
"ശരി... ഞാന്‍ പിന്നെ വിളിക്കാം ..."
കഥ മുഴുവന്‍ പറയാനുള്ള സമയം മില്ലേനിയം ഹോട്ടല്‍ നമുക്ക് തരില്ലല്ലോ.
റൂമിലെത്തി മൊബൈല്‍ ഓണ്‍ ചെയ്തു. റോമിംഗ് എങ്കില്‍ റോമിംഗ്. ഒന്നു കൂടി ട്രൈ ചെയ്ത് നോക്കാം. ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല. അമ്മയെത്തന്നെ കിട്ടി. ഫ്ലൈറ്റ് മിസ്സായതും നാളെ പുലര്‍ച്ചക്കേ എത്തൂ എന്ന കാര്യവും അറിയിച്ചതോടെ സമാധാനമായി. ഇനി ഒന്നുറങ്ങണം. പതുപതുത്ത മെത്തയിലേക്ക് മറിഞ്ഞു.
 |
മകനോടൊപ്പം ഹോട്ടല്‍ മില്ലേനിയത്തില്‍ ... | | |
|
|
"വല്ലതും കഴിക്കണ്ടേ..." ഭാര്യാജിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. സമയം ഒമ്പത് മണിയായിരിക്കുന്നു.
"ശരി.. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞിട്ട് നമുക്ക് റെസ്റ്റോറന്റിലേക്ക് പോകാം... "
"അതിന് ബ്രഷും പേസ്റ്റും ലഗേജിലല്ലേ..."
"ങ്ഹേ..." അതൊരു ചതിയായല്ലോ... തോര്‍ത്തും സോപ്പും ഒന്നും കൊണ്ടു പോകുന്നില്ല എന്ന് ബ്ലോഗില്‍ എല്ലാവരോടും വീരവാദം മുഴക്കി യാത്ര പറഞ്ഞ് പോന്നതാണ്.
"ഞങ്ങള്‍ കുളിച്ച് വായ് ഒക്കെ കഴുകി റെഡിയാ... പെട്ടെന്ന് വാ..."
എന്തായാലും ബാത്ത്റൂമില്‍ തോര്‍ത്തും സോപ്പുമുണ്ട്. ഇവര്‍ക്ക് ഒരു ടൂത്ത് പേസ്റ്റ് കൂടി ഇവിടെ വച്ചു കൂടായിരുന്നോ... പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് കുളി കഴിഞ്ഞിട്ടും ഒരു തൃപ്തിയാകുന്നില്ല. പല്ല് തേക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും..?
പെട്ടെന്നാണ് സര്‍ജിയുടെ ഐഡിയ തലയില്‍ ഉദിച്ചത്. പല്ല് തേക്കാന്‍ ടൂത്ത് പേസ്റ്റ് തന്നെ വേണമെന്നില്ലെന്നാണ് സര്‍ജി പറയുന്നത്... ചൂണ്ടുവിരല്‍ നീട്ടി സോപ്പില്‍ ഒന്ന് തോണ്ടി. പിന്നെ പണ്ട് ഉമിക്കരി കൊണ്ട് പല്ലുതേച്ചിരുന്ന ഓര്‍മ്മയില്‍ ഒരലക്ക്... സംഗതി ക്ലീന്‍ . വാട്ട് ആന്‍ ഐഡിയ സര്‍ജി...
സോപ്പ് കൊണ്ട് പല്ല് തേച്ച കാര്യം പറഞ്ഞപ്പോള്‍ ഭാര്യയ്ക്കും മകനും ചിരി അടക്കാന്‍ കഴിഞ്ഞില്ല.
"വലിയ ബുദ്ധിമാനാ... അവിടെ എത്തുന്നത് വരെ വയറിളക്കം പിടിക്കാതിരുന്നാല്‍ മതിയായിരുന്നു..."
"അതിന് സോപ്പ് ഉള്ളില്‍ പോയിട്ടില്ലല്ലോ... പിന്നെന്താ പ്രശ്നം ...?"
"ങ്ഹും... എന്തിനും ഉത്തരമുണ്ടല്ലോ... നമുക്ക് കാണാം ..."
റെസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് ഫ്ലൈറ്റ് മിസ്സായതിന്റെ ഗുണം മനസ്സിലായത്. ബുഫേയാണ്. കൊച്ചിക്കാരും ബാംഗളൂരുകാരും തിര്വോന്തരംകാരും ഒക്കെ അവിടവിടെയായി സ്ഥാനം പിടിച്ച് ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടിപൊളി ബ്രേക്ക്ഫാസ്റ്റ്.
തിരികെ റൂമില്‍ എത്തി പുറത്തേക്ക് നോക്കിയപ്പോള്‍ അല്‍പ്പമകലെയായി പോകുന്ന മെട്രോ റെയില്‍ . തൊട്ടുതാഴെ ഏതോ ഒരു സ്കൂളിന്റെ കോമ്പൗണ്ട്. വെള്ളിയാഴ്ച ആയതുകൊണ്ട് അവധിയാണ്. ദുബായ് നഗരം ഉറങ്ങുകയാണ്.
ലഞ്ച്, ടീ, ഡിന്നര്‍ എന്നിവ കടുകിട സമയം തെറ്റാതെ അതാതിന്റെ സമയത്ത് പോയി കഴിക്കുവാന്‍ ഞങ്ങള്‍ പ്രത്യേകം ശുഷ്ക്കാന്തി കാണിച്ചു എന്ന് പറയേണ്ടതില്ലല്ലോ. നെക്സ്റ്റ് എവൈലബിള്‍ ഫ്ലൈറ്റ് തന്നെ വേണമെന്നില്ലായിരുന്നു, രണ്ട് ദിവസം കഴിഞ്ഞുള്ള ഫ്ലൈറ്റ് ആയാലും മതിയായിരുന്നു എന്ന് മനസ്സില്‍ തോന്നാതിരുന്നില്ല.
ഡിന്നറിന് ശേഷം ഹോട്ടല്‍ മില്ലേനിയത്തോട് വിടവാങ്ങി അവരുടെ വാഹനത്തില്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം രണ്ട് മണിക്കൂര്‍ സമയം കിട്ടിയതുകൊണ്ട് എയര്‍പ്പോര്‍ട്ടിനകത്ത് രണ്ട് റൗണ്ട് അടിക്കാനും കുറച്ച് ചിത്രങ്ങള്‍ എടുക്കാനും തീരുമാനിച്ചു. ഒരു വിമാനത്താവളം എത്രമാത്രം മനോഹരമാക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്.
 |
ദുബായ് വിമാനത്താവളത്തില്‍ ... |
|
ഫോട്ടോ സെഷന് കഴിഞ്ഞപ്പോഴേക്കും ബോര്‍ഡിങ്ങിനുള്ള സമയം ആയിരുന്നു. ഇനി ഹര്‍ത്താലിന്റെ സ്വന്തം നാട്ടിലേക്ക്. പുലര്‍ച്ചെ മൂന്നേമുക്കാലിന് ലാന്റ് ചെയ്യും എന്നാണ് ക്യാപ്റ്റന്റെ അറിയിപ്പ്. മില്ലേനിയത്തിലെ ഡിന്നര്‍ കുറച്ച് ഹെവി ആയിപ്പോയതുകൊണ്ട് ഫ്ലൈറ്റിലെ ഭക്ഷണം ഉപേക്ഷിച്ച് അടുത്ത നാലുമണിക്കൂര്‍ സ്വസ്ഥമായി ഉറങ്ങുവാന്‍ തീരുമാനിച്ചു.
ചെറിയ ഒരു ബഹളം കേട്ടാണ് ഉറക്കത്തില്‍ നിന്നുണര്‍ന്നത്. വിമാനം ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് മദ്ധ്യഭാഗത്ത് നിന്ന് ഒരാള്‍ എഴുന്നേറ്റ് ആടിയാടി ഇടനാഴിയിലൂടെ പിന്നിലേക്ക് വന്നത്. ലാന്റിങ്ങിന് നിമിഷങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ നല്ല പൂസായി എഴുന്നേറ്റ് നടക്കുന്ന ഒരു തടിയനെ കണ്ട എയര്‍ഹോസ്റ്റസ് വെറുതെ ഇരുന്നില്ല.
"സര് ... വീ ആര് ലാന്‍ഡിംഗ്... പ്ലീസ് ഗോ റ്റു യുവര്‍ സീറ്റ്..."
ആ നിര്‍ദ്ദേശം അത്ര കാര്യമാക്കാതെ കക്ഷി ഞാണിന്മേല് കളി തുടര്‍ന്നു.
"സര് ... ഗോ റ്റു യുവര്‍ സീറ്റ്... ദിസ് ഈസ് ഫോര്‍ യുവര്‍ സേഫ്റ്റി..."
അതേറ്റു. കക്ഷി അവിടെ നിന്നു. പിന്നെ എയര്‍ ഹോസ്റ്റസ്സിന് നേര്‍ക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം. പിന്നെ വയറ്റില്‍ കിടക്കുന്ന മദ്യം ഡയലോഗായി പുറത്തു വന്നു.
"യൂ സിറ്റ് ദേര്‍ ... ഡോണ്ട് ടീച്ച് മീ... ഓക്കേ...? ഡോണ്ട് ലുക്ക് അറ്റ് മീ... ഓക്കേ...? യൂ ബ്ലഡി ബിച്ച്..."
ഏതാണ്ടിതേ സമയത്താണ് വിമാനത്തിന്റെ മുന്‍ഭാഗത്ത് വേറൊരു ജന്മം സീറ്റില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത്. കോട്ടും സൂട്ടും അണിഞ്ഞ് തലയില്‍ മാന്‍ഡ്രേക്ക് സ്റ്റൈലില്‍ തൊപ്പിയും വച്ച ഒരു രൂപം. പിന്നീടങ്ങോട്ട് തടിയന്റെയും മാന്‍ഡ്രേക്കിന്റെയും കലാപരിപാടികള്‍ ആയിരുന്നു. അവരവരുടെ സീറ്റുകളില്‍ പോയി ഇരിക്കുവാനുള്ള ക്യാപ്റ്റന്റെ അപേക്ഷ പോലും വനരോദനമായി മാറി. ഇതിനിടയില്‍ റണ്‍വേ സ്പര്‍ശിച്ച വിമാനത്തിന്റെ ബ്രേക്കിങ്ങില്‍ രണ്ട് പേരും അക്ഷരാര്‍ത്ഥത്തില്‍ ഫ്ലാറ്റായി കഴിഞ്ഞിരുന്നു.
"മലയാളികളുടെ പേര് കളയാനായി ഓരോരുത്തന്മാര് ഇറങ്ങിക്കോളും..." എവിടെ നിന്നോ ഒരു കമന്റ്.
"ഇനിയിപ്പോള്‍ വിമാനത്തില്‍ മദ്യം കൊടുക്കുന്നതും ഇല്ലാതാക്കും ഇത്തരക്കാര്‍..." വേറൊരാള് .
വിമാനം നിന്നതോടെ ഓരോരുത്തരായി ചാടിയെഴുന്നേറ്റു. അപ്പോഴാണ് ക്യാപ്റ്റന്റെ അറിയിപ്പ് വന്നത്.
"വീ റിക്വസ്റ്റ് ഓള് പാസഞ്ചേഴ്സ് റ്റു ബീ സീറ്റഡ്.. വീ ആര് വെയ്റ്റിംഗ് ഫോര്‍ ദി എയര്‍പ്പോര്‍ട്ട് സെക്യൂരിറ്റി റ്റു എന്റര്‍ ദി ഫ്ലൈറ്റ് ആന്റ് ടേക്ക് എവേ ദി റ്റൂ പേഴ്സണ്‍സ് ക്രിയേറ്റഡ് കാവോസ് ഓണ്‍ ബോര്‍ഡ്..."
സംഗതി സീരിയസ് ആയി. എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. അഞ്ച് മിനിറ്റിനകം സായുധരായ പോലീസ് സംഘം വിമാനത്തില്‍ പ്രവേശിച്ചു.
"രണ്ടെണ്ണം അങ്ങോട്ട് ഇട്ടു കൊടുക്ക് സാറേ... മനുഷ്യന്റെ സമയം മെനക്കെടുത്താനായി ഇറങ്ങിക്കോളും ഓരോന്ന്..." പിന്നില്‍ നിന്ന് ഏതോ രസികന്റെ കമന്റ്.
ലോതറേയും മാന്‍ഡ്രേക്കിനെയും തൂക്കിയെടുത്ത് കൊണ്ടുപോയതിന് പിന്നാലെ ഓരോരുത്തരായി ഇറങ്ങി.
ഇമിഗ്രേഷന്‍ ക്യൂവില്‍ നില്ക്കുമ്പോള് ഓര്‍ക്കുകയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒരിക്കല്‍ക്കൂടി... പിന്നെ തിരുത്തി... അല്ല, മദ്യത്തിന്റെയും ഹര്‍ത്താലിന്റെയും സ്വന്തം നാട്ടിലേക്ക്...
ഏറ്റവും ആദ്യം ഇറങ്ങിയ മാന്‍ഡ്രേക്കും ലോതറും അരികിലുള്ള കണ്ട്രോള് റൂമില്‍ പോലീസ് അകമ്പടിയോടെ മര്യാദക്കാരായി, കെട്ടിറങ്ങാന്‍ കാത്ത് നില്‍ക്കുന്നത് അപ്പോള്‍ കാണാമായിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
വാല്‍ക്കഷണം - മടക്കയാത്രക്കായി തിരുവനന്തപുരം വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ പ്രത്യാശയോടെ ഡെസ്ക് സ്റ്റാഫിനോട് ചോദിച്ചു... "ഫ്ലൈറ്റ് ഡിലേ ആകാനുള്ള സാദ്ധ്യത എന്തെങ്കിലുമുണ്ടോ...? കണക്ഷന് ഫ്ലൈറ്റ് മിസ്സാകുമോ?"
"നോ സര് ... എക്സാക്റ്റ്ലി ഓണ്‍ ടൈം ആസ് ഷെഡ്യൂള്‍ഡ്... ഡോണ്ട് വറി..."
"ങ്ഹും... താങ്ക്സ്..." എന്ന് പറഞ്ഞ് ബോര്‍ഡിംഗ് പാസ്സുമായി നിരാശയോടെ കുടുംബസമേതം എമിഗ്രേഷനിലേക്ക് നീങ്ങി.