ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം പെട്ടെന്നൊരു നാൾ അപ്രതീക്ഷിതമായി പഴയ ഒരു
സുഹൃത്ത് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും മാനസികാവസ്ഥ…? അതും വർഷങ്ങളായി ഞാൻ
തേടിക്കൊണ്ടിരുന്ന വ്യക്തി… അതായിരുന്നു കഴിഞ്ഞയാഴ്ച്ച സംഭവിച്ചത്… ഫെയ്സ്ബുക്കിന്റെ മുറ്റത്ത്
വച്ച് നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം അവനെ ഞാൻ കണ്ടുമുട്ടി. ആ സുഹൃത്ത് ആരായിരുന്നു
എന്നറിയാൻ അത്രയും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചേ പറ്റൂ…
ബിരുദപഠനം കഴിഞ്ഞ് നളന്ദ ഇൻസ്റ്റിട്യൂട്ടിൽ കണക്ക് മാഷായി സൌജന്യ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്
രക്ഷപെടണമെങ്കിൽ നാട്ടിൽ നിന്നിട്ട് രക്ഷയില്ല എന്ന ബോധോദയമുണ്ടായത്. മൂന്ന് വർഷം കൊണ്ട്
എൻജിനീയർ ആവാം എന്ന മോഹനവാഗ്ദാനവുമായുള്ള പത്ര പരസ്യം കണ്ട് മദിരാശിയിലെ HIET
(Hindustan Institute of Engineering Technology) യിൽ AMIE ക്ക് ചേരുന്നത് അങ്ങനെയാണ്.
1984 ജൂലൈയിലെ ഒരു പുലർകാലത്ത് ഒരു കൈയിൽ സ്യൂട്ട്കെയ്സും മറുകൈയിൽ കോസടി കിടക്കയുമായി
മദ്രാസ് സെൻട്രലിൽ നമ്പർ 20 മദ്രാസ് മെയിലിൽ വന്നിറങ്ങുമ്പോൾ ആകെക്കൂടി അറിയുന്ന
തമിഴ് “സെയ്ദാപ്പേട്ടൈ പോകും ബസ്സ് എങ്കെ കിടൈയ്ക്കും“ എന്നത് മാത്രമായിരുന്നു. സെയ്ദാപ്പേട്ടൈയിൽ
നിന്നും ഗിണ്ടി വഴി താംബരത്തേക്ക് പോകുന്ന ബസ്സിൽ കയറി HIET യുടെ മുന്നിൽ ഇറങ്ങാനാണ്
നിർദ്ദേശം.
സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന് വിശാലമായ ടാക്സി സ്റ്റാന്റിൽ നിന്നിരുന്ന
ഒരു പോലീസ്കാരനോട് പലവട്ടം ഉരുവിട്ട് ഹൃദിസ്ഥമാക്കി വച്ചിരുന്ന ആ ചോദ്യം രണ്ടും കൽപ്പിച്ച്
അങ്ങ് കാച്ചി. മദിരാശിയിൽ ഏത് മനുഷ്യജീവിയെയും അഭിസംബോധന ചെയ്യുമ്പോൾ “സാർ“ അല്ലെങ്കിൽ
“അയ്യാ” എന്ന് വേണം തുടങ്ങാനെന്ന് മേൽപ്പറഞ്ഞ തമിഴ് പഠിപ്പിച്ച ഉറ്റ സുഹൃത്ത് പ്രത്യേകം ചട്ടം കെട്ടിയിരുന്നു.
“സാർ… സെയ്ദാപ്പേട്ടൈ പോകും ബസ്സ് എങ്കെ കിടൈയ്ക്കും…?“
തലങ്ങും വിലങ്ങും പല്ലവൻ ട്രാൻസ്പോർട്ട്സിന്റെ ബസ്സുകൾ ഓടിക്കൊണ്ടിരിക്കുന്ന
റോഡിലേക്ക് അയാൾ കൈ ചൂണ്ടി.
“അങ്കെ…”
റോഡിനടിയിലെ ‘ചുരങ്കപാതൈ‘യിലൂടെ മറുവശത്തെത്തി അൽപ്പനേരം സ്ഥിതിഗതികൾ വിലയിരുത്തിയപ്പോഴാണ്
അക്കാര്യം മനസ്സിലായത്. എല്ലാ ബസ്സുകളും ഒരേ സ്റ്റോപ്പിൽ അല്ല നിർത്തുന്നത്. ഓരോ ഇടങ്ങളിലേക്കുമുള്ള
ബസ്സുകൾക്കും പ്രത്യേകം നമ്പറുകളും നിർത്തുവാൻ സ്റ്റോപ്പുകളുമുണ്ട്. എന്തായാലും ഞാൻ
നിന്നിരുന്ന ഷെൽട്ടറിനു മുന്നിൽ തന്നെയാണ് തമിഴിനൊപ്പം SAIDAPET എന്ന് ഇംഗ്ലീഷിലും
എഴുതി നെറ്റിയിലൊട്ടിച്ച പല്ലവന്റെ ബസ്സ് നമ്പർ 18 വന്ന് നിന്നത്. ഭാഗ്യം…
നാട്ടിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇടത് വശത്തെ സീറ്റുകളാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്.
ഇവിടെ ഇതാ ഇടത്‌ഭാഗത്തുള്ള സീറ്റുകൾ അത്രയും വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു!
ബസ്സുകളിലെങ്കിലും സോഷ്യലിസം വന്നുവല്ലോ… ആശ്വാസം…
മൌണ്ട് റോഡിലെ വലിയ കെട്ടിടങ്ങൾക്കും സിനിമാ ഹോർഡിങ്ങുകൾക്കും ഇടയിലൂടെ സെയ്ദാപേട്ടൈ
ലക്ഷ്യമാക്കി നീങ്ങുന്ന ബസ്സിന്റെ വലതുവശത്തെ സൈഡ് സീറ്റിൽ ഇരുന്ന് മദിരാശി നഗരം വീക്ഷിക്കുകയായിരുന്നു
ഞാൻ. നുങ്കമ്പാക്കം ഹൈറോഡിന് മുകളിലൂടെയുള്ള ഫ്ലൈഓവർ കേരളത്തിൽ നിന്നും വരുന്ന ഒരാൾക്ക്
അന്നൊരു വിസ്മയം തന്നെയായിരുന്നു.
കാഴ്ച്ചകളുടെ ബാഹുല്യത്തിൽ അവസാന സ്റ്റോപ്പായ സെയ്ദാപേട്ടയിൽ എത്തിയത് അറിഞ്ഞില്ല.
ഇനി താംബരത്തേക്കുള്ള ബസ്സ് കണ്ടുപിടിക്കണം. കണ്ടക്ടറോട് തന്നെ ചോദിക്കാം.
“സാർ… താംബരം പോകും ബസ് എങ്കെ കിടൈയ്ക്കും…?”
“ഇങ്കൈയേ നിൻട്രാൽ പോതും… 18A നമ്പർ വരുമ്പോത് ഏറിടുങ്കെ… സരി… എങ്ക പോണും ഉങ്കളുക്ക്…?” എന്റെ പെട്ടിയും കിടക്കയും
ഒക്കെ കണ്ട് സഹതാപം തോന്നിയിട്ടായിരിക്കണം അയാൾ ചോദിച്ചു.
സംഭവം തമിഴാണെങ്കിലും അതിന്റെ അർത്ഥം പിടി കിട്ടി എന്നത് എന്റെ ആത്മവിശ്വാസം
വർദ്ധിപ്പിച്ചു.
“സെന്റ് തോമസ് മൌണ്ട് HIET…” അത്രയും പറയാൻ
തമിഴ് അറിയണമെന്നില്ലല്ലോ.
“അപ്പടിയാ… HIET പോണുംന്നാ അതോ അന്ത ബസ്സിൽ ഏറിടുങ്കെ…” തൊട്ടു മുന്നിൽ പോകാൻ
തയ്യാറായി നിന്നിരുന്ന 53H ബസ്സ് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.
ഒന്ന് സംശയിച്ച് ആ ബസ്സിന്റെ പിറകിലെ ബോർഡിൽ താംബരം എന്നാണോ എഴുതിയിരിക്കുന്നത്
എന്ന് നോക്കി. അല്ല… പൂനമല്ലി എന്നോ മറ്റോ എഴുതിയിരിക്കുന്നു… പൂനമല്ലി എങ്കിൽ പൂനമല്ലി… HIET വഴിയാണല്ലോ പോകുന്നത്.
കയറുക തന്നെ.
ടിക്കറ്റ് വാങ്ങുമ്പോൾ കണ്ടക്ടറോട് മണിപ്രവാളത്തിൽ പറഞ്ഞു. “സാർ… ഇടം തെരിയില്ല… ചൊല്ലണം…”
ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ ഓരോ സ്റ്റോപ്പും ഏതാണെന്ന് നോക്കി വായിച്ച് ഉറപ്പുവരുത്തുകയായിരുന്നു
ഞാൻ. ചിന്നമലൈയും ഗിണ്ടിയും കഴിഞ്ഞ് ബസ്സ് മുന്നോട്ട് നീങ്ങുമ്പോൾ കണ്ടക്ടർ പറഞ്ഞു.
“അടുത്ത സ്റ്റോപ്പ് താൻ HIET…”
സമാധാനമായി... അയാൾ എന്റെ കാര്യം മറന്നിട്ടില്ല. പതുക്കെ എഴുന്നേറ്റ് പെട്ടിയും
കിടക്കയും കൈയിലെടുത്ത് നിൽക്കവേ സൈഡ് ഗ്ലാസിലൂടെ അധികം അകലെയല്ലാതെ ആ ബോർഡ് കണ്ടു.
Hindustan Institute of Engineering Technology.
ബസ്സ് നിർത്താറാവുമ്പോഴേക്കും ഇറങ്ങണം. തിരക്കിനിടയിലൂടെ പെട്ടിയും കിടക്കയുമായി
വാതിൽക്കൽ എത്തണമെങ്കിൽ ഇപ്പോഴേ നീങ്ങിയേ പറ്റൂ. തൃശൂരിലെ സ്വകാര്യ ബസ്സുകളിൽ എവിടെയും
പിടിക്കാതെ ബാലൻസ് ചെയ്ത് നിന്ന് യാത്ര ചെയ്യാൻ ശീലമായ എനിക്കാണോ അതിന് ബുദ്ധിമുട്ട്… ആൾത്തിരക്കിനിടയിലൂടെ
പിൻവാതിലിന് നേർക്ക് നീങ്ങുമ്പോൾ ആരുടെയോ കാലിൽ പെട്ടി തട്ടി.
“എന്നയ്യാ ഇത്… പാത്ത് പോകക്കൂടാതാ…?
എങ്കിരുന്ത് വര്‌റാൻ ഇവൻ...!”
മറുനാട്ടിൽ വന്നിട്ട് ആദ്യമായി കേൾക്കുന്ന ശകാരം… കേൾക്കുകയല്ലാതെ വഴിയില്ലല്ലോ… ഒരു നാൾ ഞാനും പഠിക്കും
തമിഴ്…
ബസ്സിൽ നിന്ന് ഇറങ്ങി പെട്ടിയും കിടക്കയും ഒക്കെ നിലത്ത് വച്ചിട്ട് പരിസരമാകെ
ഒന്ന് വീക്ഷിച്ചു. ഇതെന്ത് മറിമായം…! എവിടെ HIET…? ബസ്സിന്റെ ജനലിലൂടെ അൽപ്പം മുമ്പ് കണ്ടതായിരുന്നല്ലോ ആ
വലിയ ബോർഡ്…
ബാങ്ക് ഓഫ് ബറോഡയുടെ സെന്റ് തോമസ് മൌണ്ട് ബ്രാഞ്ചിന് മുന്നിലാണ് ഇറങ്ങിയിരിക്കുന്നത്.
ഓ…
അത് ശരി…
അപ്പോൾ HIET യും കടന്ന് അല്പ ദൂരം മുന്നിലായിരിക്കണം ഈ ബസ്സ് സ്റ്റോപ്പ്. സാരമില്ല… കുറച്ച് പിറകോട്ട് നടന്നാൽ
മതി… റോഡിന്റെ
മറുവശത്തായിരുന്നു നേരത്തെ കോളേജിന്റെ ബോർഡ് കണ്ടത്. ഇനിയൊന്നും ആലോചിക്കാനില്ല. റോഡ്
മുറിച്ചുകടന്ന് പെട്ടിയും കിടക്കയുമായി വന്ന വഴിയേ തിരിച്ചു നടന്നു.
പത്ത് മിനിറ്റ് നടന്നിട്ടും കോളേജോ കോളേജിന്റെ ബോർഡോ ആ പരിസരത്തെങ്ങും കാണാൻ
കഴിയുന്നില്ല. മാത്രമല്ല, റോഡിനിരുവശത്തും ഒരൊറ്റ കെട്ടിടം പോലും ഇല്ല. വഴി തെറ്റിയോ… ഞാനിതെങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്…! ഭാഗ്യം… ഒരു മദ്ധ്യവയസ്കൻ എതിരെ
വരുന്നുണ്ട്… ചോദിക്കാം…
“എക്സ്ക്യൂസ് മി സർ… വേർ ഈസ് HIET…?”
“ഇഫ് യൂ ആർ ഗോയിങ്ങ് റ്റു HIET, വേർ ആർ യൂ ഗോയിങ്ങ് ദിസ് വേ…? ദിസ് റോഡ് ഈസ് റ്റു അശോക്
നഗർ…
ജസ്റ്റ് ടേൺ ബാക്ക് ആന്റ് ലുക്ക്…” എന്റെ പിന്നിലേക്ക് അയാൾ കൈ ചൂണ്ടി.
ഇതെന്ത് അത്ഭുതം…! ബസ്സിൽ വച്ച് ഞാൻ കണ്ട ആ ബോർഡ് അതാ അവിടെ… അവിടെ എത്തണമെങ്കിൽ ഇനി
ഒരു പത്ത് മിനിറ്റ് തിരികെ നടന്നേ മതിയാവൂ… ഇപ്പോൾ എല്ലാം വ്യക്തമാകുന്നു…
ബസ്സിനുള്ളിൽ വച്ച് ഞാൻ ആ ബോർഡ് കണ്ട സ്ഥലത്തു നിന്നും കോളേജ് എത്തുന്നതിന്
തൊട്ടുമുമ്പായി ഒരു റൌണ്ട് എബൌട്ട് ഉണ്ട്… അവിടെ നിന്നും ഒരു റോഡ് കോളേജിന്റെ മുന്നിലൂടെ താംബരത്തേക്കും
മറ്റൊരു റോഡ് കോളേജിന്റെ പിന്നിലൂടെ പൂനമല്ലിയ്ക്കും വഴിപിരിയുന്നു. റൌണ്ട് എബൌട്ടിന്
അഭിമുഖമായിട്ടാണ് എന്നെ കുഴക്കിയ ആ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോളേജിന്റെ പിൻഭാഗത്തെ
ഗെയ്റ്റിന് മുന്നിലായിരുന്നു ഞാൻ ബസ്സിറങ്ങിയത്. പെട്ടിയും കിടക്കയുമായി വെറുതേ രാവിലെ
ഇരുപത് മിനിറ്റ് ഒരു കാര്യവുമില്ലാതെ നടന്നത് മിച്ചം…
(തുടരും)
വാൽക്കഷണം - കത്തിപ്പാറ ജംഗ്ഷൻ എന്ന അന്നത്തെ ആ റൌണ്ട് എബൌട്ടിന്റെ
സ്ഥാനത്ത് പിൽക്കാലത്ത് എപ്പോഴോ ഫ്ലൈ ഓവർ നിർമ്മിച്ച് വാഹനഗതാഗതം സുഗമമാക്കിയിരിക്കുന്നു
എന്ന് ഗൂഗിൾ എർത്ത് പറയുന്നു.
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഇടയിലെപ്പോഴോ എഴുത്തുകുത്തുകൾ നിലച്ച് മുറിഞ്ഞുപോയ ഒരു സൌഹൃദം... വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഫെയ്സ്ബുക്കിന്റെ മുറ്റത്ത് വച്ച് അവനെ കണ്ടുമുട്ടിയപ്പോൾ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോയി... മദിരാശി ജീവിതത്തിലെ രസകരമായ ഓർമ്മകൾ ഇവിടെ തുടങ്ങി വയ്ക്കുന്നു...
ReplyDeleteമദ്രാസിലെ മോന്‍ ചരിത്രമെഴുതുന്നു.
ReplyDeleteഒന്ന് വായിച്ചിട്ട് തന്നെ കാര്യം!
പതിവ് പോലെ ആദ്യം തന്നെ ഓടിയെത്തിയ അജിത്‌ഭായിക്ക് സ്വാഗതം... ചരിത്രം എഴുതുന്നു എന്ന് പറയാൻ ഇത് ആത്മകഥയൊന്നുമല്ല അജിത്‌ഭായ്... മദിരാശി ജീവിതത്തിനിടയിലെ രസകരമായ ചില നുറുങ്ങുകൾ പങ്ക് വയ്ക്കുന്നുവെന്ന് മാത്രം...
Deleteമദ്രാസ് ജീവിതത്തിലേക്ക് ഒന്നെത്തി നോക്കാൻ വന്നതാ വിനുവേട്ടാ ... തുടരും എന്നു പറഞ്ഞു നിരാശപ്പെടുത്തി ട്ടോ ...
ReplyDeleteമദ്രാസിലെ ആദ്യ ദിനങ്ങളിലൊന്നിൽ മോളെ സ്കൂളിൽ നിന്നും കൊണ്ടുവരാൻ പോയതും ഓട്ടോക്കാരൻ നഗരം മുഴുവൻ ചുറ്റിക്കാണിച്ചതും അയൽക്കാരിയുടെ തമിഴ് പേച്ചിൽ ആരാധനയോടെ നോക്കി നിന്നതുമൊക്കെ രസകരമായ ഓർമ്മകൾ ... ആ മയിൽപീലിത്തുണ്ടുകൾ വിനുവേട്ടന്റെ കുറിപ്പിനോടൊപ്പം ആകാശം കാണുന്നു....
മദ്രാസ് ജീവിതത്തിലെ ആ രസകരമായ ഓർമ്മകളിലേക്ക് കുഞ്ഞൂസിനെ ഒരു നിമിഷം കൊണ്ടുപോകാൻ ഈ പോസ്റ്റിന് കഴിഞ്ഞുവെന്നറിയുന്നതിൽ സന്തോഷം...
Deleteകണ്ടതും അത്യാര്‍ത്തിയോടെ വായിക്കാന്‍ തുടങ്ങി. തുടരും എന്ന കുറിപ്പ് നിരശപ്പെടുത്തി.ഞാന്‍ ഒട്ടൊക്കെ പിന്നോട്ടു യാത്ര ചെയ്യുഅകയായിരുന്നു. 1976-ല്‍ തമിഴ് നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ആദ്യത്തെ ദൂര യാത്ര. തഞ്ചാവൂരിലും പിന്നീട് തിരുനെല്ലിക്കാവല്‍ എന്ന കുഗ്രാമത്തിലും ജോലി ചെയ്തപ്പോഴുള്ള ആ പഴയ കാലം ഓര്‍ത്തു പോയി. ബസ്സിലെ മര്യാധകളും സ്ത്രീകളോടുള്ള ബഹുമാനവുമെല്ലാം കണ്ടറിഞ്ഞു. കൂട്ടത്തില്‍ ഒന്നു കൂടി പറയാന്‍ തോന്നുന്നു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ 9 ആം ക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചറുമായി ഈയിടെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു.അടുത്തു തന്നെ നേരില്‍ കാണാമെന്നു പറഞ്ഞിട്ടുണ്ട്. ഇതില്‍ പരം സന്തോഷം തരുന്ന നിമിഷങ്ങള്‍ വേറെ എന്തുണ്ട്..?
ReplyDeleteതീർച്ചയായും മുഹമ്മദ്ക്കാ... മറവിയുടെ ആഴങ്ങളിലെങ്ങോ പുതഞ്ഞ് പോയ വ്യക്തികളെ ഒരു സുദിനത്തിൽ കൺമുന്നിൽ കാണുന്നതിൽ പരം സന്തോഷം വേറെന്തുണ്ട്...
Deleteഹൊ,, സന്തോഷം തരുന്ന ഒരു പോസ്റ്റ്,, പഴയവരെ കണ്ടെത്തുന്നത് കൂടുതൽ സന്തോഷം തരുന്നു,, കാത്തിരിക്കുന്നു,,,,,,
ReplyDeleteവളരെ സന്തോഷം ടീച്ചർ...
Deleteരസകരമായ ഓര്‍മ, രസകരമായ വിവരണം.
ReplyDeleteവായിക്കാന്‍ കൊതിയാവുന്നു.
അധികം താമസിയാതെ എഴുതാൻ നോക്കാം സുകന്യാജീ...
Deleteആശ്വാസം. ഒടുവിൽ വഴി തെറ്റാതെ HIET കണ്ടു പിടിച്ചല്ലോ. ഇത് വരെ യാത്ര മുഷിപ്പിച്ചില്ല. ഇനി ഉള്ളത് അടുത്തത് വായിച്ചിട്ട് പറയാം. തുടരുക. ആശംസകളോടെ..
ReplyDeleteഇതുവരെയുള്ള യാത്ര ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ സന്തോഷം അക്ബർ...
Deleteആ തുടരും ഇഷ്ടപെട്ടില്ല അണ്ണോ..ബാക്കി എത്രയും പെട്ടെന്ന് പോരട്ടെ..
ReplyDelete“തുടരും” എന്നില്ലായിരുന്നുവെങ്കിൽ ഇത് ഇവിടെ തീരുമായിരുന്നില്ലേ പപ്പൻജീ...? അതുകൊണ്ട് സന്തോഷിക്കുകയല്ലേ വേണ്ടത്...?
Deleteജോലി കിട്ടിയശെഷം ഞാനും HIET യില്‍ കറസ്പോണ്ടന്‍സ് കോഴ്സിലൂടെ AMIE ക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പഴയ കാല സ്മരണകള്‍ സന്തോഷം നല്‍കുന്നുണ്ട്.
ReplyDeleteഅത് ശരി... അപ്പോൾ കേരളേട്ടനും HIET യിൽ കൈല് കുത്തിയിട്ടുണ്ടല്ലേ? നന്നായി... എനിക്കൊരു കൂട്ട് ആയി... :)
Deleteസൗഹൃദങ്ങൾ എന്നും ഓർമയിലെ തളിരിലകളാണ്..............
ReplyDeleteതീർച്ചയായും ഷാജു... ഒരിക്കലും വാടാത്ത തളിരിലകൾ...
Deleteകൗമാരന്ത്യത്തിലെന്നോ പിരിഞ്ഞു പോയ ചങ്ങാതിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ ആവേശത്തിലൊരുക്കിയ പോസ്റ്റ്.. ആ പുതുമ തന്നെയാണ് ഈ പോസ്റ്റിലൂടെ കണ്ണോടിയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും..വര്‍ഷങ്ങള്‍ക്കു ശേഷം യാദൃഛികമായി ഒരു സുഹൃത്തിന്റെ മുന്നില്‍ ചെന്നുപെട്ടാല്‍ എങ്ങിനെയൊക്കെയായിരിയ്ക്കും നമ്മള്‍ പ്രതികരിയ്ക്കുക. ഓര്‍ത്തുനോക്കിയാല്‍ രസമാണല്ലെ. മനസ്സിന്റെ മണിമുറ്റത്തു ഗതകാലസ്മരണകള്‍ ആകസ്മികമായി അണിയിച്ചൊരുക്കുന്ന പൂക്കളത്തിന്റെ ചന്തത്തില്‍ മതിമറന്ന് ആവേശത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിയ്ക്കും ചിലര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ കെട്ടുപോയ കോലം സമ്മാനിയ്ക്കുന്ന അപകര്‍ഷതാബോധത്താല്‍ ആള്‍ക്കൂട്ടത്തില്‍ മുഖം മറയ്ക്കാന്‍ ശ്രമിയ്ക്കും മറ്റു ചിലര്‍, വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെപോലെ....ഇങ്ങിനെ ബഹുജനം പലവിധം അല്ലെ.
ReplyDeleteപറഞ്ഞുപറഞ്ഞു കാടു കയറുന്നു ഞാന്‍, വിഷയത്തില്‍ നിന്നും അകന്നു പോകുന്നു. അതും തീര്‍ത്തും അപരിചിതമായ ഒരു ബ്ലോഗില്‍...
"കടല്‍ കടന്നൊരു മാത്തുക്കുട്ടി" കണ്ട് കാശും നേരവും പോയ ഹാങ്ങ്‌ഓവറില്‍ രണ്‍ജിത്തിനെ തെറിപറഞ്ഞും പ്രാന്‍ജിയേട്ടനെ മനസ്സില്‍ സ്തുതിച്ചും ബീവേറെജസിന്റെ അറ്റമില്ലാത്ത വരിയില്‍ ക്ഷമയോടെ നിന്ന് വാങ്ങിയ അമൃത് പകര്‍ന്നു നല്‍കിയ ലഹരി മനസ്സിലും ശരീരത്തിലും ബാക്കി....അല്ലെങ്കിലും ഒരു തുള്ളി സ്പിരിറ്റ് അകത്തുചെന്നാല്‍ എന്റെ ഒരു ഏനക്കേടാ ഇത്..കേക്കുന്നോര്‍ക്ക് ബോറാവുമോ എന്നൊന്നും ഓര്‍ക്കില്ല. വളുവളാ ഇങ്ങിനെ പറഞ്ഞോണ്ടിരിയ്ക്കും.....ഭാഗ്യം, എത്ര ഓവര്‍ ആയാലും വാളു വെയ്ക്കില്ല....അല്ലെങ്കില്‍തന്നെ കമന്റ് ബോക്‍സില്‍ എങ്ങിനെ വാളുവെയ്ക്കാനാ അല്ലെ....!
ഇനി പറഞ്ഞുവന്ന കാര്യത്തിലേയ്ക്കു കടക്കാം.. നന്നായി വിനുവേട്ടാ, എനിയ്ക്കിഷ്ടപ്പെട്ടു ഈ പോസ്റ്റ്. അവതരണത്തിലെ സത്യസന്ധതയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ....മദിരാശി പട്ടണം... വഴിയറിയാതെ ഉഴലുന്ന നായകന്‍.....മുന്നില്‍ "സുബ്രമണ്യപുരം" ലുക്കുള്ള ഒരു സുന്ദരി...."മല്ലുസിങ്ങിലെ" ചാക്കോച്ചനെപോലെ ആദ്യ നമ്പറില്‍ തന്നെ അവളെ വളയ്ക്കുന്ന നായകന്‍.. അവളുടെ തന്തപ്പിടിയാകട്ടെ ആ കോളേജ് പ്രിന്‍സിപ്പാളും..!..ഒടുവില്‍ ഒരു ന്യൂ ജെനറേഷന്‍ സിനിമ സ്റ്റയിലില്‍ ഒരു മദ്രാസ് ലോഡ്ജും...!.ഇങ്ങിനെ എഴുതിപ്പൊലിപ്പിച്ച് ആളാകാന്‍ ആയിരം സാധ്യതകള്‍ മുന്നിലുണ്ടായിട്ടും അതിനൊന്നും മുതിരാതെ അനുഭവങ്ങള്‍ സത്യസന്ധമായി പങ്കുവെയ്ക്കാനൊരുങ്ങുന്നു താങ്കള്‍.
.തുറെന്നെഴുതു....കൗമാരത്തിനും യൗവനത്തിനുമിടയില്‍ മനസ്സും ശരീരവും ചാഞ്ചാടിയിരുന്ന പ്രായമയിരുന്നില്ലെ അന്ന്, അതും മദിരാശി നഗരം..! മനുഷ്യരല്ലെ നമ്മളൊക്കെ..!!!.എന്തെങ്കിലുമൊക്കെ കാണാതിരിയ്ക്കില്ല...? ആശംസകള്‍.
സ്നേഹത്തോടെ, അബു അച്ചു(ഒപ്പ്)
ആദ്യം തന്നെ ഇത്രയും നീണ്ട ഒരു കമന്റിന് നന്ദി പറയട്ടെ പ്രിയ അജ്ഞാതാ...
Deleteശരിയാണ്... 1991 ൽ ആണ് ആ ചങ്ങാതിയെ ഞാൻ അവസാനമായി കണ്ടത്... പിന്നീട് അവരവരുടെ തിരക്കുകൾക്കിടയിൽ അറിയാതെ എപ്പോഴോ ഞങ്ങളിരുവരും പരസ്പരം കത്തുകൾ അയക്കുവാൻ മനഃപൂർവ്വമല്ലാത്ത ഉപേക്ഷ കാണിച്ചു. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുപിടിക്കുവാൻ ശ്രമിച്ചപ്പോഴേക്കും അവന്റെ താവളം മാറിക്കഴിഞ്ഞിരുന്നു...
പറഞ്ഞ് പറഞ്ഞ് കാട് കയറിയെങ്കിലും കമന്റ് എനിക്കിഷ്ടപ്പെട്ടു സുഹൃത്തേ... മദിരാശിയിലെ ജീവിതത്തിനിടയിൽ ഒരു പ്രണയം എന്റെ തലയിൽ വച്ചുകെട്ടുവാനുള്ള താങ്കളുടെ മോഹം കാണുമ്പോൾ ഒരു ചെറുപുഞ്ചിരി എന്റെ ചുണ്ടിൽ വിരിയുന്നു... എന്തായാലും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ എഴുതിപ്പൊലിപ്പിച്ച് ആളാകാൻ താങ്കൾ സൂചിപ്പിച്ചതുപോലെ ഞാൻ തുനിയുന്നില്ല... എന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല എന്ന വിശ്വാസം താങ്കളെ രക്ഷിക്കട്ടെ...
താങ്കളുടെ കമന്റ് ചുരുങ്ങിയത് ഒരു പത്ത് വട്ടമെങ്കിലും ഞാൻ വായിച്ചു. മദ്യപാനശീലം ഒട്ടുമില്ലാത്ത ഒരു വ്യക്തി അതേക്കുറിച്ചെഴുതുമ്പോൾ സംഭവിക്കാറുള്ള അതിഭാവുകത്വം ഞാൻ ഇതിനുമുമ്പും എവിടെയോ കണ്ടിട്ടുണ്ടല്ലോ... അതുപോലെ തന്നെ പറഞ്ഞ് പറഞ്ഞ് കാട് കയറുന്ന ഈ പ്രത്യേകതയും... താങ്കൾ സൂചിപ്പിച്ചതുപോലെ കേൾക്കുന്നോർക്ക് ബോറാവുമോ എന്ന് ചിന്തിക്കാതെയുള്ള അനുസ്യൂതമായ ഈ വാള് വയ്ക്കൽ...
തീർത്തും അപരിചിതമായ ബ്ലോഗ് അല്ലേ...? വേഷം കെട്ടൽ എന്റെയടുത്ത് വേണോ...? പത്ത് മാസമായി മാറാല കെട്ടിക്കിടക്കുന്ന ആ ബ്ലോഗൊന്ന് പൊടി തട്ടി മരുഭൂമിയിലെ ഈയ്യാം പാറ്റകളുടെ രണ്ടാം ഭാഗം എഴുതാൻ നോക്ക് എന്റെ കൊല്ലേരി തറവാടീ... :)
ഹ ഹ ഹ... നമ്മുടെ കൊല്ലേരി തറവാടിയെ പൊളിച്ചടുക്കിയപ്പോൾ എന്തൊരു സുഖം... :)
Deleteകൊല്ലേരീ... സുഖം തന്നെയല്ലേ? പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോൾ ഞങ്ങളെയൊക്കെ മറന്നത് ഒട്ടും ശരിയായില്ലാട്ടോ... ബ്ലോഗെഴുത്തൊക്കെ നിർത്തിയോ?
ഹഹഹ.. എന്നാലും കൊല്ലേരിയുടെ വാളിനെ ഇങ്ങനെ പൊളിച്ചടുക്കേണ്ടായിരുന്നു വിനുവേട്ടാ..
Deleteho paavam kolleri..veenu...
Deletealla veezhichu vinuvettan...
കണക്ക് മാഷ് ,ഇഞ്ചിനീര് ,കണക്ക
ReplyDeleteപിള്ള ,... ഹും..എല്ലാം ഇങ്ങനെ പോരട്ടെ
അല്ലാ ...ആരപ്പാ ആ ടൊന്റി 20 കളിപ്പിച്ച ആ ഗെഡീ ..?
ഹാ..സസ്പെൻസാ അല്ലേ ...
ചെന്നെയിൽ വെച്ചന്നുണ്ടായ ആ ചിന്ന ചിന്ന ആശകളും..
ആയതൊന്നും അന്ന് നടക്കാതെ പോയതും നല്ല ആശയസമ്പുഷ്ഠമായി
തന്നെ ഇതുപോൽ സത്യസന്ധമായി വിവരിച്ച് എല്ലാ ബൂലോഗരേയും ഒന്ന്
ആശിപ്പിക്കണം കേട്ടൊ വിനുവേട്ടാ ( അന്നത്തെ ചുള്ളന്റെ പ്രായം ..അതല്ലേ..! )
അതെ അതെ... സസ്പെൻസ്...
Deleteചിന്ന ചിന്ന ആശൈ... ചിറകടിക്കും ആശൈ... :)
thudarum ennu parayumpol pratheekshayode kathirikkam alle ..ennalum vayichu rasichu vannappol ee chathi ottum nannayilla. nha.....kshamayude nellippadi kanikkalle aasamsakalode,
ReplyDeleteആഴ്ച്ച തോറും ഓരോ ലക്കങ്ങൾ എഴുതി അവസാനം ഈ “തുടരും” എന്ന് എഴുതുന്നത് ഒരു ശീലമായിപ്പോയി ടീച്ചറേ... ബാക്കി അധികം വൈകാതെ എഴുതാം...
Deleteകണക്കു മാഷിന് പെട്ടെന്ന് ഒരു ഉൾ വിളി ഉണ്ടായി മദ്രാസിൽ ഉപരിപടനത്തിനുള്ള തീരുമാനം ഒരു വഴിതിരിവാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കാം അടുത്ത എപിസോടിനായി..
ReplyDeleteവഴിത്തിരിവ്... ഒരർത്ഥത്തിൽ അതേ... നമുക്ക് വഴിയേ കാണാം...
Deleteവിനുവേട്ടന്റെ കഴിഞ്ഞകാലം എങ്ങനെയിരിക്കുമെന്നറിയാൻ ചുമ്മാ ഒരാകാംക്ഷ....?
ReplyDeleteബാക്കി കൂടി പോരട്ടെ....
സമയം പോലെ എഴുതാം അശോകൻ മാഷേ... ശരിക്കും രസകരമായ കാലഘട്ടമായിരുന്നു ജീവിതത്തിൽ അത്...
Deleteവായനാസുഖമുള്ള അനുഭവവിവരണം.....
ReplyDeleteതുടരട്ടെ...
ആശംസകള്‍
സന്തോഷം തങ്കപ്പൻ ചേട്ടാ...
Deleteവിനുവേട്ടാ വായനാസുഖമുള്ള അനുഭവവിവരണം നന്നായിരിക്കുന്നു,
ReplyDeleteഓർമ്മകൾ ഒരുപാടു പുറകിലോട്ടു പോയി.
ആശംസകൾ.....
ആഹാ... പ്രകാശും എത്തിയോ... സന്തോഷായി...
Deleteഇത് കാണാന്‍ ഞാന്‍ എന്തെ വിട്ടുപോയി..
ReplyDeleteഉടനെ അടുത്ത ഭാഗം വിട്ടേക്കണം.. ഈ amie യുടെ പുറകെ പിടിക്കാന്‍ ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കിയതാ.. സാമ്പത്തികം ഉടനെ പിടിച്ചു പുറകോട്ടു വലിച്ചു. അല്ലേലും ഈ amie ഒന്നും അത്ര ശെരിയല്ല. (കിട്ടാത്ത മുന്തിരി ഒരെണ്ണം താഴെ കിടക്കുന്നു.. നോക്കട്ടെ)
അതേ ശ്രീജിത്ത്... നല്ല പുളിയുള്ള മുന്തിരിയാ...
Deleteതാംബരം എന്റെയും തട്ടകമായിരുന്നു
ReplyDeleteഅതുകൊണ്ട് പുറകെ വരുന്നുണ്ട്
ആശംസകള്‍
സന്തോഷം മാഷേ...
Deleteമദിരാശിയിൽ ഇതുവരെ കാലുകുത്താൻ സാധിച്ചിട്ടില്ല.. വിനുവേട്ടന്റെ ഓർമ്മകളിലൂടെയെങ്കിലും ആ പട്ടണത്തിൽ എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷം..
ReplyDeleteപതിവുപോലെ ലളിതവും രസകരവുമായ വിവരണം.. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു..
അത് ശരി... അപ്പോൾ ജിമ്മിന്റെ പാദസ്പർശം ഏൽക്കാത്ത ഒരു സ്ഥലത്തെങ്കിലും എനിക്ക് എത്താൻ പറ്റി... :)
Deleteവിനുവേട്ടന്റെ മദിരാശി ഓർമ്മകൾ
ReplyDeleteപലര്ക്കും എന്ന പോലെ എനിക്കും
കുറെ ഓർമ്മകൾ സമ്മാനിച്ചു..എഴുതാൻ
ഏറെ ഉണ്ട് ഓര്ത് നോക്കിയാൽ...കോളേജ്
പഠനത്തിനു ശേഷം ഉള്ള ആദ്യത്തെ ഇടക്കാല
പ്രവാസം ആയിരുന്നു എനിക്ക് മദിരാശി...
ഏതാണ്ട് മൂന്നു മാസം കൊണ്ട് ഇങ്ങനെ കുറെ
തമിൾ ഞാനും പഠിച്ചെടുത്തു..നിഷ്ക്കൽന്കർ ആയ
ഗ്രാമീണർ ആയിരുന്നു എനിക്ക് കൂട്ട്..
എന്തായലും വിശേഷങ്ങളക്കായി കാത്തിരിക്കുന്നു..
വിൻസന്റ് മാഷും മദിരാശിയിൽ ഉണ്ടായിരുന്നോ...? എവിടെയായിരുന്നു മാഷേ...?
Deletenalla thudakkam. nadatham thudaratte.
ReplyDeleteസന്തോഷം മുകിൽ...
Deleteആ ഫ്രണ്ടിനെ കാണാമല്ലോ എന്ന് കരുതി കൂടെ വന്നപ്പോ ദേ കത്തിപ്പാറ ജംഗ്ഷനിലെ റൌണ്ട് എബൌട്ടില്‍ ഇറക്കി വിട്ടിട്ട് വിനുവേട്ടന്‍ മുങ്ങിയിരിയ്ക്കുന്നു.
ReplyDeleteഇനി അടുത്ത പോസ്റ്റ് എപ്പോ വരുമോ ആവോ... അതുവരെ ഇവിടെ ബ്ലോഗ് സ്റ്റോപ്പില്‍ കാത്തിരിയ്ക്കുക തന്നെ :(
[അല്ല, ഒരു കാര്യം - അപ്പോ നീങ്കളാ അന്ത 'സെയ്താപ്പേട്ടെ റെജി' ???] ;)
തൽക്കാലം ആ ബസ് സ്റ്റോപ്പിൽ കാത്തിരിക്കൂ ശ്രീ... സമയം പോലെ ഞാൻ എഴുതാം...
Deleteപിന്നെ ആ ചോദ്യത്തിന്റെ ഉത്തരം... എന്ന സർ... നീങ്ക ഒരു മാതിരി... ‘നീയാണോടാ അലവലാതി ഷാജി’ എൻട്ര് കേൾക്കിറ മാതിരി... ? :)
ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം പെട്ടെന്നൊരു നാൾ അപ്രതീക്ഷിതമായി പഴയ ഒരു സുഹൃത്ത് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്തായിരിക്കും മാനസികാവസ്ഥ...
ReplyDeleteഇന്ന് രാവിലെ മെയിൽ ബോക്സിൽ കണ്ട മെസ്സേജ് ആണ് എന്നെ ഇവിടെ എത്തിച്ചത്...ഈ ഒരു അവസ്ഥയിലൂടെ രണ്ടു വർഷം മുൻപ് ഞാൻ കടന്നു പോയതുകൊണ്ട് വായിക്കാൻ വല്ലാത്ത ഒരാവേശം തോന്നി...ഇത്രയും ഇഷ്ടമായി..ബാക്കി കഥക്കായി കാത്തിരിക്കുന്നു .. വേഗമാകട്ടെ ..:)
തീർച്ചയായും അധികം വൈകാതെ എഴുതാം നോക്കാം...
Delete"Madirasi"
ReplyDeleteManoharam Vinuvetta, Ashamsakalode Kaathirikkunnu...!
സന്തോഷം സുരേഷ്...
Deleteകോഴിക്കോട്ടെ കച്ചോടം പൊലിഞ്ഞപ്പോൾ
ReplyDeleteബന്ധുക്കളുടേയും സുഹൃത്തുക്കളുടെ ഇടയിൽ നിന്നും
തൽക്കാലത്തേക്കൊന്ന് ഉൾവലിയാൻ ഇടം തേടിയത്
വടകരയിൽ നിന്നും കയറിയ മദ്രാസ് മെയിൽ തന്നെയായിരുന്നു.
മദ്രാസ് സെന്റ്റർ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദിവസമായിരുന്നു
പ്രസിദ്ധ പക്ഷിശാസ്ത്രജ്ഞൻ സലിൽ അലി മരിച്ചത്. നുങ്കമ്പക്കത്ത്
സുഹൃത്തിന്റെ കൂടെ കുറച്ചു ദിവസം താമസിച്ചതിൽ പിന്നെ ടി നഗറിലെ
ഒരു വീഡിയോ ഷോപ്പിൽ കുറച്ചു കാലം ജോലി ചെയ്തു.അവിടെ വെച്ചു
പ്രശസ്തരും അപ്രശസ്തരുമായ കുറേയധികം ആളുകളുമായി പരിചയപ്പെടാൻ
കഴിഞ്ഞു................
താങ്കളുടെ സരളമായ ഈ എഴുത്തു വായിച്ചപ്പോൾ അറിയാതെ ഞാനും
കുറച്ചു ദൂരം താണ്ടിപ്പോയി.നന്ദി. ബാക്കിഭാഗത്തിനായ് പ്രതീക്ഷയോടെ-
താങ്കളുടെ ഓർമ്മകളെ തൊട്ടുണർത്താൻ സഹായകരമായി ഈ എഴുത്ത് എന്നറിയുന്നതിൽ സന്തോഷം...
Deleteകാത്തിരിക്കുന്നു തുടര്‍ച്ച വായിക്കാന്‍
ReplyDeleteഉടൻ തന്നെ എഴുതാൻ നോക്കാം ഇലഞ്ഞിപ്പൂക്കൾ... വായനയ്ക്ക് നന്ദി...
Deleteഓര്‍മ്മകള്‍ രസകരമായി തന്നെ പറഞ്ഞു .തുടര്‍ന്നുള്ള തിന്നായി കാത്തിരിക്കുന്നു ..ഇതു പോലെ ചെറിയ അനുഭവം രണ്ടു മാസം മുന്‍പ് എനിക്കും ഉണ്ടായിരുന്നു .നാട്ടില്‍ നിന്നും എസ് .ആര്‍ .എം കോളേജില്‍ പഠിക്കുന്ന മോനെ കൂട്ടാനും അവിടെ ഷെയര്‍ ഉള്ള കമ്പനിയുടെ കാരിയങ്ങള്‍ അനേഷിക്കാനും വേണ്ടി ചെന്നയില്‍ പോയതായിരുന്നു .ഇക്ക നേരിട്ട് അവിടെ എത്താം ഖത്തറില്‍ നിന്നും ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു .അത് സ്ഥിതി ചെയ്യുന്നത് ഈ സെന്റ് തോമസ് മൌണ്ട് അടുത്താണ് ഞങള്‍ ഒരു പത്തു വട്ടം വണ്ടിയില്‍ കരങ്ങിയിട്ടും കണ്ടില്ല അതിന്‍റെ അടുത്ത് തന്നെ ഒരു ഓട്ടോ കിടക്കുന്നു അതിലെ ഡ്രൈവര്‍ക്ക് സ്ഥലം അറിയാമെന്നു കരുതി ചോദിച്ചു സെന്റ് തോമസ് മൌണ്ട് എവിടെ എന്ന് അയാള്‍ പെട്ടന്നു എണീറ്റ് ചോദിക്കുകയാ .അപ്പോള്‍ ഞാന്‍ എവിടെ എന്ന് ..എന്നാലും സ്നേഹിതനെ കാട്ടിതരാതെ നിങ്ങള്‍ അവിടെ ഇറങ്ങിയത് ഒട്ടും റെഡി ആയില്ല ..കാത്തിരിക്കുക അല്ലാതെ ..
ReplyDeleteഅടുത്ത ലക്കത്തിൽ സെന്റ് തോമസ് മൌണ്ടിന്റെ മുകളിലേക്കാണ് യാത്ര... പക്ഷേ, എഴുതാൻ കുറച്ച് സമയം വേണം... :)
Deleteഎത്രയോ നാളായി മദിരാശിയില്‍ എത്തിയിട്ട്. ഇപ്പോഴും വീട്ടില്‍ എത്തുന്ന ജോലിക്കാരോട് തമിള്‍ പേശാന്‍ എനിക്ക് പറ്റുന്നില്ല...
ReplyDeleteഭാഷ പഠിക്കണമെങ്കിൽ അത് സംസാരിക്കുന്നവരുമായി ധാരാളം സംസാരിക്കുക തന്നെ വേണം... അല്ലാതെ ഒരു വഴിയുമില്ല കേട്ടോ...
Deleteതുടക്കം ഗംഭീരമായിരിക്കുന്നു വിനുവേട്ടാ. ഇനിയങ്ങോട്ടും ഇതിലും രസകരമായിരിക്കും സംഭവങ്ങൾ എന്നുകരുതുന്നു.
ReplyDeleteപിന്നെ ആ സെൻട്രൽ സ്റ്റേഷനു എതിർവശമുള്ള നീണ്ട ബസ്സ്റ്റോപ്.. ആദ്യം ട്രിപ്ലിക്കേനിലേക്കും പിന്നെ ആഡയാർ, തിരുവാണ്മിയൂർ, നീലാങ്കരൈ ഭാഗത്തേക്കും ഉള്ള ബസ്സുകൾക്കായി കാത്തുനില്പു്... കുറേ ഓർമകൾ..
ഞാൻ വർഷങ്ങളോളം പോയിരുന്ന വഴികളാണിവയെല്ലാം. പക്ഷെ അന്നൊന്നും കത്തിപ്പാറയിൽ ഫ്ലൈഓവർ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ കൊല്ലം ചെന്നൈയിൽ പോയിരുന്നു. പൂനമല്ലി റോഡിൽ നിന്നും അശോക് നഗറിലേക്കുള്ള റോഡിലേക്കു് തിരിയണം. കത്തിപ്പാറ ജങ്ങ്ഷൻ കണ്ടു് ഞെട്ടിപ്പോയി. റോളർ കോസ്റ്റർ പോലെ അവിടേയും ഇവിടേയും കുറേ ഫ്ലൈഓവർ ചേർന്ന ഒരു വലിയ കൺഫ്യൂഷൻ.
മൂന്നോ നാലോ വർഷം എന്നും പോയിരുന്ന ആ കത്തിപ്പാറ ജങ്ങ്ഷൻ താണ്ടാൻ എനിക്കു് ജിപിഎസ്സിന്റെ സഹായം വേണ്ടിവന്നു.
1987ൽ വിട പറഞ്ഞതാണ് മദിരാശിയോട്... പിന്നെ പോയിട്ടില്ല.... എന്നെങ്കിലും ഒന്ന് കൂടി സന്ദർശിക്കണമെന്നുണ്ട് ഒരിക്കൽക്കൂടി...
Deleteതമിഴ് ചുവയുള്ള മലയാളം ഓര്‍മ്മകള്‍.
ReplyDeleteസന്ദർശനത്തിന് നന്ദി...
Deleteവളരെ രസകരമായ അവതരണം. വായിക്കുമ്പോള്‍ തന്നെ ദൃശ്യങ്ങള്‍ മുന്നില്‍ തെളിയുന്ന പ്രതീതി. ആശംസകള്‍
ReplyDeleteഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം...
Deleteഈ പറഞ്ഞ HIET st Thomas മൌണ്ടിന് അടുത്തായിരുന്നോ? അവിടെ ഇപ്പോള്‍ എന്റെ brother in law ന്റെ മോനെ പഠിക്കാന്‍ വിട്ടിട്ടുണ്ട്. വിമാനം repair ചെയ്യാന്‍ പഠിക്കുന്നു.പക്ഷെ സ്ഥാപനം ഈ സെമെസ്റ്ററില്‍ ഇവിടെ നിന്നും മാറി.കുറേക്കൂടി അകലേക്ക്.കോളേജ് ബസ് ഇല്ലെങ്കില്‍ എങ്ങോട്ടും പോകാന്‍ കഴിയാത്ത ഒരു ക്യാമ്പസ് ആണിപ്പോള്‍.
ReplyDeleteഅതേ, ശരിയാണ്... എയർക്രാഫ്റ്റ് മെയ്‌ന്റനൻസ് എൻജിനീയറിങ്ങ് ആണ് അവരുടെ പ്രെസ്റ്റീജിയസ് കോഴ്സ്... ഇപ്പോൾ ക്യാമ്പസ് അവിടെ നിന്നും മാറ്റിയല്ലേ? പോരൂരിൽ ആണോ?
Deleteതൃശ്ശൂര്‍ വിശേഷം ന്ന് കണ്ടപ്പോള്‍ കയറിയതാ..ദേ കിടക്കുന്നു മദിരാശി വിശേഷങ്ങള്‍..പിന്നെ തുടര്‍ന്നില്ലേ??
ReplyDeleteതുടരുന്നുണ്ട്... സമയക്കുറവിന്റെ പ്രശ്നം... ഉടൻ തന്നെ എഴുതാം...
Deleteമദിരാശി ചരിതം ഒന്നാം ഖണ്ഡം ഗംഭീരം...തുടര്‍ച്ച വരട്ടെ... :-)
ReplyDeleteസന്തോഷം സംഗീത്...
Deleteമദിരാശിയിൽ ഒരിയ്ക്കലേ പോയിട്ടുള്ളൂ. ഓർമ്മയിൽ ഇപ്പോളും ഉണ്ട് പച്ച നിറമുള്ള ബസും തമിഴ് അലയടിയ്ക്കുന്ന നഗര വീഥിയും. ലക്ഷ്യത്തിലേയ്ക്ക് എത്തുവാനുള്ള പാതയുടെ വിവരണം വളരെ ആസ്വാദ്യകരമാക്കിയിരിയ്ക്കുന്നു താങ്കളുടെ ഹൃദ്യമായ ശൈലി. ബാക്കി വായിക്കാൻ വീണ്ടും വരാം. ആശംസകൾ.
ReplyDeleteമദിരാശി ഓർമ്മകൾ എന്നും മനസ്സിൽ നിൽക്കുന്നതാണ്... എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം... ബാക്കി വീണ്ടും എഴുതിത്തുടങ്ങുന്നു...
Deleteമനസ്സിനെ സ്പര്‍ശിക്കുന്ന യാത്രകള്‍. മധുരിക്കും ഓര്‍മ്മകള്‍. ശൈലി ഇഷ്ടപ്പെട്ടു. വിനുവേട്ടാ... ആശംസകള്‍.
ReplyDeleteവളരെ സന്തോഷം സുധീർദാസ്... വീണ്ടും വരുമല്ലോ...
Deleteതുടര്‍ച്ചയ്ക്കായി ഇനിയും എത്ര കാലം കാത്തിരിക്കണം..? എഴുത്തുക വിനുവേട്ടാ
ReplyDeleteഅങ്ങനെ പാണ്ടികളുടെ നാട്ടിൽ വണ്ടിയിറങ്ങിയല്ലേ???
ReplyDeleteപുറകിലൂടെയാണെങ്കിലും അകത്ത് കയറാൻ പറ്റണേന്ന് അനാത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു.
സു സു സുധീ... :)
Deleteതുടക്കം തന്നെ കറക്കമാണല്ലോ അണ്ണാ...
ReplyDeleteപോരാത്തതീന് തെറിയും!!
ജീവിതവിജയത്തിന് രണ്ടും ഗുണം ചെയ്യും.. :)
ഒരു സംശയവുമില്ല പാച്ചൂ...
Deleteഭാഗം അഞ്ച് വായിക്കണമെങ്കിൽ ഭാഗം ഒന്നിൽ തുടങ്ങണമല്ലൊ.. അതോണ്ട് വായിച്ചു തുടങ്ങട്ടെ വിനുവേട്ടാ മദ്രാസ് വിശേഷങ്ങൾ :)
ReplyDeleteഅതെ, തീർച്ചയായും... വേഗം ചെല്ല് ഉറുമ്പേ...
Delete
ReplyDeleteനമ്പർ 20 മദ്രാസ് മെയിലിൽ വന്നിറങ്ങി, പെട്ടിയും കിടക്കയുമായി വെറുതേ രാവിലെ ഇരുപത് മിനിറ്റ് നടന്നു ,തമിഴ് നാടിന്റെ മണ്ണിൽ ആരോഗ്യപരമായ ശീലങ്ങളെ പറ്റിയുള്ള മലയാളിയെ പറ്റി , അവിടെയുള്ളവർക്ക് നല്ല ചിന്ത ഉണർത്തിയ , വിനുവേട്ടന് എന്റെ അഭിവാദ്യങ്ങൾ ... പിന്നല്ല, ഇത്രയും വലിയ ഒരു കാര്യം ചെയ്താണ് വെറുതേ രാവിലെ ഇരുപത് മിനിറ്റ് ഒരു കാര്യവുമില്ലാതെ നടന്നെന്നു പറഞ്ഞത് !!!! :)
എന്നാലും കാലം കാത്താലേ.... നടക്കേണ്ടി വന്നതിന്റെ വിഷമം ഇപ്പോഴുമുണ്ട് ഷഹീം... :)
Delete