Friday, February 18, 2011

ഒരു വാരാന്ത്യ ഡയറി

വ്യാഴാഴ്ച ഹാഫ്‌ ഡേ ആണ്‌. ഇന്നെങ്കിലും ശരിയാക്കണം ഡിഷ്‌. പകല്‍ സമയങ്ങളില്‍ മാത്രമാണ്‌ മലയാളം ചാനലുകള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഓഫീസില്‍ നിന്ന് വന്ന് അല്‍പ്പം നാട്ടുവിശേഷങ്ങള്‍ അറിയാമെന്ന് വിചാരിച്ചാല്‍ ഒരു രക്ഷയുമില്ലാതായിട്ട്‌ നാളുകള്‍ കുറേയായി.

വിവരസാങ്കേതിക രംഗത്ത്‌ പുരോഗതി കൈവരിച്ച്‌ മുന്നേറിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയില്‍ മൂന്നാമത്തെ മൊബൈല്‍ കമ്പനി കൂടി സേവനം ആരംഭിച്ച അന്ന് തുടങ്ങിയതാണ്‌ ഈ ദുരവസ്ഥ. അവരുടെ സിഗ്നല്‍ Insat 2E യില്‍ നിന്ന് വരുന്ന സിഗ്നലുകളുമായി കൂട്ടിയിടിച്ച്‌ തകര്‍ന്ന് മലയാള ദൃശ്യമാദ്ധ്യമങ്ങളെ ഞങ്ങള്‍ക്ക്‌ അന്യമാക്കിയിരിക്കുന്നു.

മൂന്ന് നിലയില്‍ അധികം ഉയരമുള്ള കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഷുകളുടെ ഉടമകളാണ്‌ ഈ പ്രതിഭാസത്തിന്റെ ഇരകള്‍. ഡിഷ്‌ ഇന്‍സ്റ്റലേഷനില്‍ റാങ്ക്‌ നേടിയ 'മൊഹിന്ദിസുകളെ' കണ്‍സള്‍ട്ട്‌ ചെയ്തപ്പോള്‍ ലഭിച്ച ഉപദേശം നിരാശാജനകമായിരുന്നു. (മൊഹിന്ദിസ്‌ - ഏന്‍ജിനീയര്‍)

"ഇങ്ങളെ ഡിസ്സ്‌ എത്രാമത്തെ നെലേലാ...?"

"അഞ്ചാമത്തെ നിലയുടെ മേലെ ..."

"LNB ഏതാ...?"

"യൂറോസ്റ്റാറിന്റെ..."

"അപ്പോ ഇഞ്ഞി നോക്കണ്ട... ഡിസ്സ്‌ താഴെറക്കി ഫിറ്റ്‌ ചിജ്ജണം... അതിനിള്ള പാങ്ങ്‌ണ്ടാ അബ്‌ടെ?..."

അഞ്ചാമത്തെ നിലയുടെ മുകളില്‍ ഇരിക്കുന്ന ഡിഷ്‌ താഴെയിറക്കി ഫിറ്റ്‌ ചെയ്യാന്‍ ഫ്ലാറ്റുകളുടെ നാട്ടില്‍ ഞാന്‍ എവിടെപ്പോയി സ്ഥലം കണ്ടുപിടിക്കും?

"അതിനൊന്നും അവിടെ സ്ഥലസൗകര്യമില്ലല്ലോ ഭായ്‌... പകല്‍ കിട്ടുന്നുണ്ട്‌.. ഒന്ന് അഡ്ജസ്റ്റ്‌ ചെയ്താല്‍ മതിയാകും..."

"ഇല്ല മാഷെ... അതൊന്നും കിട്ടൂല... ഇങ്ങള്‌ ഈ ദുനിയാവില്‌ ആരെ മേണങ്കിലും കൊണ്ടോയി നോക്കിക്കോളീ... അതിലും കൂടുതല്‌ ക്ലിയറ്‌ കിട്ടൂല..."

അങ്ങനെയാണ്‌ വ്യാഴാഴ്ച ഞാന്‍ തന്നെ പണി പഠിക്കാന്‍ തീരുമാനിച്ചത്‌. ഇതിന്‌ മുമ്പ്‌ സിഗ്നല്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴൊക്കെ അതിവിദഗ്‌ദ്ധമായി ഡിഷ്‌ ആംഗിളും LNB യും ഒക്കെ അഡ്‌ജസ്റ്റ്‌ ചെയ്തുള്ള അത്യാവശ്യം പ്രവൃത്തിപരിചയവും ആത്മവിശ്വാസമേകി.

ടി.വി യും റിസീവറും അനുബന്ധ ഉപകരണങ്ങളുമായി വൈകുന്നേരം ആറു മണിയോടെ അഞ്ചാമത്തെ നിലയുടെ മുകളിലേക്കുള്ള പതിനെട്ടാം പടി കയറി. റൂമിലേക്കുള്ള കേബിള്‍ ഡിസ്‌കണക്ട്‌ ചെയ്ത്‌ റിസീവറിലേക്ക്‌ കൊടുത്തു. LNB ലൂസ്‌ ചെയ്ത്‌ വിവിധ പൊസിഷനുകളില്‍ തിരിച്ചുനോക്കി. അതാ വരുന്നു മനോരമ ന്യൂസ്‌! കെ.സുധാകരന്റെ കരണം മറിച്ചില്‍ കൊണ്ടാടുകയാണ്‌ കൗണ്ടര്‍ പോയിന്റില്‍ വേണു ബാലകൃഷ്ണന്‍ ...

ഈ ദുനിയാവില്‍ ആരെ കൊണ്ടുപോയാലും കിട്ടാന്‍ പോകുന്നില്ല എന്ന് പറഞ്ഞവനെ ഇതൊന്ന് കാണിച്ചുകൊടുക്കണമായിരുന്നു. മനോരമ കിട്ടി. ഇനി ഏഷ്യാനെറ്റും ഇന്ത്യാവിഷനും കൂടി ഒപ്പിക്കണം. കൈരളിയും അമൃതയും ആര്‍ക്കും കിട്ടുന്നില്ല എന്ന് കേട്ടത്‌ കൊണ്ട്‌ അത്ര അത്യാഗ്രഹം തോന്നിയില്ല മനസ്സില്‍.

നേരം ഇരുണ്ടുകഴിഞ്ഞു. വടക്ക്‌ പടിഞ്ഞാറ്‌ നിന്ന് അത്യാവശ്യം വേഗതയോടെ വീശുന്ന തണുത്ത കാറ്റ്‌ ഒരു ശല്യം തന്നെയായി തോന്നി. ഒരു വിധം സിഗ്നല്‍ കിട്ടുന്ന പൊസിഷന്‍ കണ്ടെത്തി ഉറപ്പിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ലാന്റ്‌ ചെയ്യാനായി താഴ്‌ന്ന് പറന്ന് പോകുന്ന വിമാനങ്ങളുടെ തലയ്ക്ക്‌ മുകളിലൂടെ യാത്ര. അതോടെ ഇടമുറിയുന്ന സിഗ്നല്‍ ഏത്‌ ക്ഷമാശീലന്റെയും ക്ഷമ പരീക്ഷിക്കുന്ന വിധമായിരുന്നു.

മണിക്കൂര്‍ രണ്ട്‌ കഴിഞ്ഞിരിക്കുന്നു. ഏഷ്യാനെറ്റ്‌ കിട്ടുന്ന ലക്ഷണമില്ല. ഇങ്ങനെയുണ്ടോ ഒരു കാറ്റ്‌... മനുഷ്യന്‍ ഇവിടെ തണുത്ത്‌ വിറച്ച്‌ തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോള്‍ മനോരമയെങ്കില്‍ മനോരമ. അപ്പോഴേ 'മൊഹിന്ദിസ്‌' പറഞ്ഞതാണ്‌ ശരിയാവില്ല എന്ന്...

"ആഹാ... ഇവിടെയുണ്ടായിരുന്നുവല്ലേ...? മുകളിലേക്കുള്ള കതക്‌ തുറന്ന് കിടക്കുന്നത്‌ കണ്ടപ്പോള്‍ തോന്നി ഭായി ഇവിടെയുണ്ടാകുമെന്ന്"

അടുത്ത ഫ്ലാറ്റിലെ ഗോപന്‍ ആണ്‌. ഈ ഡിഷില്‍ നിന്ന് പുള്ളിക്കാരനും ഒരു കണക്ഷന്‍ എടുത്തിട്ടുണ്ട്‌.

"ചാനലുകളൊന്നും കിട്ടാതായിട്ട്‌ കുറേ നാളായി അല്ലേ...?"

"ങ്‌ഹാ... അതല്ലേ ഒന്ന് കേറി നോക്കാന്ന് വിചാരിച്ചത്‌..."

ഇലക്ഷനാ വരണേ... ഏഷ്യാനെറ്റ്‌ ന്യൂസ്‌ കണ്ടാലേ ന്യൂസ്‌ കണ്ട പോലെ ആവൂ..."

ഇന്ത്യാവിഷനിലെയും മനോരമയിലെയും ന്യൂസ്‌ ഒന്നും പിന്നെ ന്യൂസ്‌ അല്ലേ ആവോ... ഇരുട്ടത്ത്‌ LNB യും പിടിച്ച്‌ നില്‍പ്പ്‌ തുടങ്ങിയിട്ട്‌ സമയം കുറേയായി. സിഗ്നല്‍ സ്റ്റേബിള്‍ ആകുന്ന ലക്ഷണമില്ല. എനിക്ക്‌ ബോറടിക്കണ്ടല്ലോ എന്ന് കരുതി ആയിരിക്കും ഗോപന്‍ അടുത്ത വിഷയത്തിലേക്ക്‌ കടന്നു.

പിന്നെ എന്തൊക്കെയുണ്ട്‌ ഭായ്‌ വിശേഷങ്ങള്‍... ബഹ്‌റൈനിലും തുടങ്ങിയെന്നാ കേട്ടത്‌... ഇവിടെ വല്ലതും വന്നാല്‍ പിന്നെ നമ്മുടെയൊക്കെ കാര്യം പോക്കാ..."

പീച്ചി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന പോലെ ആശാന്‍ വിശേഷങ്ങള്‍ വിളമ്പി തുടങ്ങി. നേരത്തെ കിട്ടിയ മനോരമ എങ്കിലും ഒന്ന് പിടിച്ച്‌ ഈ ഒടുക്കത്തെ തണുപ്പില്‍ നിന്ന് രക്ഷപെടാന്‍ നോക്കുമ്പോള്‍ സിഗ്നല്‍ സ്ട്രെങ്ങ്‌ത്‌ വളരെ കുറവ്‌. ദൃശ്യങ്ങള്‍ മുറിഞ്ഞ്‌ പോകുന്നു.

"അല്ല, ഭായ്‌ വീട്‌ പണിയൊക്കെ എന്തായി...?"

"വാര്‍പ്പ്‌ കഴിഞ്ഞു..." വിശേഷങ്ങള്‍ ചോദിക്കാന്‍ പറ്റിയ സമയം എന്ന് മനസ്സില്‍ തോന്നിയെങ്കിലും മറുപടി പറഞ്ഞു.

"മനോരമ ചാനലൊക്കെ വേറെ ഒന്നുമില്ലെങ്കില്‍ കാണാമെന്നല്ലാതെ... ഏഷ്യാനെറ്റിന്റെ ന്യൂസ്‌ ആണ്‌ ന്യൂസ്‌..."

"ഓ, ശരി ശരി.. ഞാന്‍ ഇതൊന്ന് ഫിറ്റ്‌ ചെയ്തോട്ടെ" എന്നാണ്‌ പറയാന്‍ തോന്നിയതെങ്കിലും പറഞ്ഞില്ല.

"കുഞ്ഞാലിക്കുട്ടിയുടെ കാര്യം അറിഞ്ഞില്ലേ...?

LNB യുമായി മല്ലിട്ട്‌ നടുവ്‌ വേദനിച്ചു തുടങ്ങിയിരിക്കുന്നു. ഗോപന്‍ തന്നാല്‍ കഴിയും വിധം എന്നെ ബോറടിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്‌. എനിക്കാണെങ്കില്‍ അതിനിടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നുമില്ല.

"ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങുമെന്നാണല്ലോ കേട്ടത്‌... അച്ചുമ്മാമന്‍ അവസാന മിനിറ്റില്‍ ഗോളുകള്‍ കുറേ അടിച്ചുകൂട്ടുന്നുണ്ട്‌..."

"ങും.." ടി.വി യില്‍ നിന്ന് ദൃഷ്ടി മാറ്റാതെ ഞാന്‍ മൂളി.

"ഇലക്ഷന്‍ അടുത്ത ഈ സമയത്ത്‌ വാര്‍ത്തകള്‍ ഒന്നും കാണാന്‍ പറ്റാത്തത്‌ കഷ്ടായിപ്പോയി..."

ടി.വി യും റിസീവറും കുന്തവും കുടച്ചക്രവും എല്ലാം കൂടി വലിച്ചെറിഞ്ഞ്‌ താഴേക്കിറങ്ങാനാണ്‌ തോന്നിയത്‌.

പെട്ടെന്നാണ്‌ മൊബൈല്‍ ശബ്ദിച്ചത്‌. ചാനല്‍ ശരിയാക്കാന്‍ പോയിട്ട്‌ മണിക്കൂര്‍ മൂന്ന് കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്തതതിനാല്‍ എന്താണെന്നറിയാനായി വാമഭാഗമാണ്‌.

"ശരിയാകുന്നില്ലെങ്കില്‍ കളഞ്ഞിട്ട്‌ വാ... സമയം പത്ത്‌ മണിയാകാറായി..."

"എന്നാല്‍ ശരി... ഇനി നാളെ നോക്കാം അല്ലേ...?"

അതെ... അത്‌ തന്നെയാണ്‌ ഇപ്പോള്‍ ഉത്തമം. ടൂള്‍ കിറ്റും പേറി താഴേക്കിറങ്ങുമ്പോള്‍ ഓര്‍ക്കുകയായിരുന്നു ആ ഏറനാടന്‍ 'മൊഹിന്ദിസിന്റെ' മുന്നറിയിപ്പ്‌. "ഇങ്ങള്‌ ഈ ദുനിയാവിലെ ആരെ മേണങ്കി കൊണ്ടോയി നോക്കിക്കോളീ... കിട്ടൂല..."

ഇല്ല... അങ്ങനെ പെട്ടെന്നൊന്നും തോല്‍ക്കില്ല ഞാന്‍ ... നാളെ വൈകുന്നേരം ഒന്നു കൂടി ശ്രമിച്ചിട്ട്‌ തന്നെ കാര്യം. ഇപ്രാവശ്യം അത്യാഗ്രഹമൊന്നുമില്ല... ഒരു ചാനലെങ്കില്‍ ഒരു ചാനല്‍ ... അറിഞ്ഞ്‌ പിടിച്ച്‌ എന്റെ ബോറടി മാറ്റാന്‍ ഗോപന്‍ വീണ്ടും എത്തുന്നതിന്‌ മുമ്പ്‌ സംഭവം എങ്ങനെയെങ്കിലും തീര്‍ക്കുക എന്നതാണ്‌ ഇനി എന്റെ ഒരേ ഒരു ലക്ഷ്യം.

Thursday, February 3, 2011

ജിദ്ദ - ചില പ്രളയക്കാഴ്ചകള്‍ - 1

ഒരു മഴദിനം കൂടി എന്ന പോസ്റ്റിന്റെ തുടര്‍ച്ചയായി പിന്നീട്‌ ലഭിച്ച ചില ചിത്രങ്ങള്‍ കൂടി...

പ്രളയക്കെടുതിയുടെ കാഠിന്യം എന്തായിരുന്നുവെന്ന് ഇതില്‍ നിന്ന് ഊഹിക്കാമല്ലോ...