ഹോസ്റ്റൽ മുറിയുടെ
തടങ്കലിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കുള്ള മാറ്റം അത്യന്തം ആഹ്ലാദദായകമായിരുന്നു.
സുഭിക്ഷമായ ഭക്ഷണം ആയിരുന്നു അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പട്ടിണി കിടന്നവന് ചക്കക്കൂട്ടാൻ
കിട്ടിയത് പോലെ എന്ന നാടൻ ചൊല്ല് തികച്ചും അന്വർത്ഥമാക്കും വിധമായിരുന്നു ഞങ്ങളുടെ
ഓരോരുത്തരുടെയും ആക്രാന്തം. അത്താഴത്തിന് പതിനാറ് ചപ്പാത്തി വരെ അകത്താക്കുന്ന മിടുക്കന്മാർ
കൂട്ടത്തിലുണ്ടെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലായതോടെ “ഇനി എന്നാലെ ചപ്പാത്തി ചമൈയ്ക്ക
മുടിയാത്...” എന്ന പ്രഖ്യാപനവുമായി പാചകക്കാരി അമ്മ്യാർ ആദ്യ ഭീഷണി മുഴക്കി.
കോളേജിലേക്കുള്ള
രണ്ട് കിലോമീറ്റർ നടപ്പ് ആദ്യമൊക്കെ രസകരമായി തോന്നി. വേളാച്ചേരി തടാകത്തിന്റെ ഓരത്ത്
കൂടിയുള്ള പാത ആദമ്പാക്കം പോലീസ് സ്റ്റേഷൻ കഴിയുന്നതോടെ തിരക്കേറിയതായി മാറുന്നു. സൈക്കിൾ റിക്ഷകളും കാൽനടക്കാരും സൈക്കിൾ യാത്രികരും
ചേർന്ന് ഒരു പൂരത്തിനുള്ള ആൾക്കാർ എപ്പോഴും ആ വീതി കുറഞ്ഞ പാതയിലൂടെ ഒഴുകുന്നുണ്ടാകും.
സെന്റ് തോമസ് മൌണ്ട് റെയിൽവേ സ്റ്റേഷൻ താണ്ടി ആലന്തൂർ കഴിയുന്നതോടെ തിരക്കിന് അൽപ്പമൊരു
ശമനമാകുന്നു.
ഇടുങ്ങിയ റോഡിലെ
തിരക്കിനിടയിലൂടെ സൈക്കിളിൽ പറക്കുന്നവരിൽ അധികവും പ്ലസ് വൺ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളുമായിരുന്നു.
ഓരോ സൈക്കിൾ കിട്ടിയിരുന്നെങ്കിൽ നമുക്കും അവരുടെയിടയിൽ ചെത്താമായിരുന്നു എന്ന ആഗ്രഹം
ഞങ്ങൾക്ക് തോന്നിയതിൽ ആർക്കും എതിരഭിപ്രായമുണ്ടാകാൻ സാദ്ധ്യതയില്ല. പക്ഷേ, ബഡ്ജറ്റ്
അനുവദിക്കാത്തതു കൊണ്ട് തൽക്കാലം ഞങ്ങൾ ആ ആഗ്രഹത്തെ ആശ്വസിപ്പിച്ച് അടക്കി നിർത്തി.
പട്ടത്തി മുന്നോട്ട്
വച്ച നിബന്ധനകളെല്ലാം പാലിച്ച് നല്ല കുട്ടികളായി ജീവിതം തുടങ്ങിയിട്ട് രണ്ടാഴ്ച്ചകൾ
പിന്നിട്ടിരിക്കുന്നു. അത്താഴവും പഠനവും ഒക്കെ കഴിഞ്ഞ് ഉറക്കം ആദ്യമൊക്കെ വീടിനുള്ളിലായിരുന്നുവെങ്കിലും
ഒരാഴ്ച്ച കഴിഞ്ഞതോടെ ഞങ്ങൾ അത് ഓപ്പൺ ടെറസ്സിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.
ബംഗാൾ ഉൾക്കടിലിൽ
നിന്നും ഒഴുകിയെത്തുന്ന കുളിർകാറ്റേറ്റ് ആകാശത്തിന്റെ അനന്തതയിൽ മിഴിചിമ്മുന്ന അസംഖ്യം
നക്ഷത്രങ്ങളെയും നോക്കി ടെറസ്സിൽ മലർന്നു കിടക്കുന്നത് ഒരനുഭവം തന്നെയായിരുന്നു. ഓറിയോൺ,
ഗ്രേറ്റ് ബെയർ, സതേൺ ക്രോസ് എന്നിങ്ങനെയുള്ള നക്ഷത്ര സമൂഹങ്ങളെക്കുറിച്ച് ഞാൻ ഭാരത്
സ്കൌട്ട്സിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ച വിജ്ഞാനം അവരുമായി പങ്കു വച്ചു. അതിനെത്തുടർന്നാണ്
നക്ഷത്ര നിരീക്ഷണത്തിൽ എല്ലാവരും വ്യാപൃതരായി മാറിയതും ഒതേമ്മാടത്ത് ചന്ദ്രോത്ത് മനോജ്
എന്ന എന്റെ പ്രിയസുഹൃത്ത് ഓ.സി. മനോജ് പുതിയൊരു നക്ഷത്ര സമൂഹത്തെ കണ്ടുപിടിച്ചതും അതിന്
‘ക്രെങ്‌ക്ലിൻ’ എന്ന നാമകരണം ചെയ്തതും...!
പുതുതായി നക്ഷത്ര
സമൂഹങ്ങളെയൊന്നും പിന്നെ കണ്ടെത്താൻ സാധിക്കാതെ വിഷയദാരിദ്ര്യത്താൽ വലയുന്ന ഒരു രാത്രിയിലാണ്
മനോജും പ്രേമാനന്ദും കൂടി എല്ലാവരുടെയും മനസ്സിൽ ലഡ്ഡു പൊട്ടിച്ചുകൊണ്ട് പുതിയൊരു ആശയം
അവതരിപ്പിച്ചത്. കൈ നനയാതെ മീൻ പിടിക്കൽ അഥവാ ചെറിയ രീതിയിൽ ഒരു ധന സമ്പാദനം...!
വീഡിയോ കാസറ്റ്
ഷോപ്പിൽ നിന്നും ഒരു ദിവസത്തെ വാടകയ്ക്ക് ടി.വി.യും വി.സി.പി.യും എടുക്കുക. അതോടൊപ്പം,
ലഭ്യമായതിൽ ഏറ്റവും പുതിയ അഞ്ചാറ് ഹിന്ദി ചലച്ചിത്രങ്ങളുടെ കാസറ്റുകളും. എന്നിട്ട്
ആളൊന്നുക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിൽ പടം കാണുവാൻ കോളേജിലെ പത്തോ പന്ത്രണ്ടോ ഹിന്ദി
വിദ്യാർത്ഥികളെ ക്ഷണിക്കുക. മദിരാശിയിലെ തീയേറ്ററുകളിൽ ഹിന്ദി പടങ്ങളൊന്നും കാര്യമായി
വന്നു തുടങ്ങിയിട്ടില്ലാത്ത കാലമാണ്. ഇരുപത്തിയഞ്ചല്ല മുപ്പത് പറഞ്ഞാലും തരാൻ അവന്മാർ
തയ്യാറായിരിക്കും...
അന്ന് മൊബൈൽ
നെറ്റ് വർക്കും മൊബൈൽ ഫോണും കണ്ടുപിടിച്ചിരുന്നുവെങ്കിൽ ഐഡിയാ കമ്പനിക്കാർ പറഞ്ഞേനെ.. ‘വാട്ട് ആൻ ഐഡിയ സർജി....!” ടി.വി.ക്കും വി.സി.പി.ക്കും
കൂടി എഴുപത് രൂപ... കാസറ്റൊന്നിന് പത്ത് രൂപ... മൊത്തം ചെലവ് നൂറ്റിമുപ്പത് രൂപ...
പത്ത് പേർ കാണാൻ വന്നാൽ വരവ് ഇരുനൂറ്റിയമ്പത് രൂപ... എല്ലാ ചെലവും കഴിച്ച് ലാഭം നൂറ്റിയിരുപത്
രൂപ... പ്രദർശനം നടത്തേണ്ട ദിവസവും സമയവും ഞൊടിയിടയിൽ തീരുമാനിക്കപ്പെട്ടു. വാരാന്ത്യം
തുടങ്ങുന്ന വെള്ളിയാഴ്ച്ച വൈകിട്ട് ഏഴു മണി
മുതൽ പിറ്റേന്ന് കാലത്ത് എട്ടു മണി വരെ... ഒന്നിന് പിറകെ ഒന്നായി കണ്ടിന്യൂവസ് ഷോ...
ഏകകണ്ഠേന പാസ്സായ
പ്രമേയം പ്രാവർത്തികമാകണമെങ്കിൽ ഇനി പട്ടത്തിയുടെ
അനുമതി കൂടി വേണം. ഗവർണറുടെ ഒപ്പിനായി ബിൽ സമർപ്പിക്കുവാൻ എല്ലാവരും കൂടി വെല്ലൂരുകാരനായ
പ്രേമാനന്ദിനെ ഏൽപ്പിച്ചു. പട്ടത്തിയുടെ മകൻ സുരേഷിന്റെ ശിപാർശയുടെ ബലത്തിൽ ഗവർണർ ബില്ലിൽ
ഒപ്പു വച്ചതോടെ എല്ലാവരും വെള്ളിയാഴ്ച്ചയാവാൻ കാത്തിരുപ്പ് തുടങ്ങി.
മനോജും പ്രേമാനന്ദും
കൂടി കോളേജിലെ ഉത്തരേന്ത്യൻ വിദ്യാർത്ഥികളെ പ്രലോഭിപ്പിക്കുന്ന കാര്യം ഏറ്റെടുത്ത്
ഭംഗിയായി നടത്തി. ഇരുപത്തിയഞ്ച് രൂപയ്ക്ക്
ആറ് പടം കാണാൻ കഴിയുക എന്ന് പറഞ്ഞാൽ... മറ്റൊന്നും ആലോചിക്കാതെ അവന്മാർ രൊക്കം പണം
കൊടുത്ത് സീറ്റ് ഉറപ്പാക്കി. പത്തിന് പകരം പന്ത്രണ്ട് പേർ...! ആനന്ദലബ്ധിക്കിനിയെന്ത് വേണം..
അന്ന് രാത്രി
കണ്ട പടങ്ങളിൽ ഓർമ്മയുള്ളത് ജാക്കി ഷ്‌റോഫിന്റെ “ഹീറോ” മാത്രമാണ്. ഏതാണ്ട് പന്ത്രണ്ട്
മണിയായതോടെ ഉറക്കം തൂങ്ങിത്തുടങ്ങിയ എന്നെ സൈഡിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിട്ട് അവന്മാർ
പിന്നെയും കാഴ്ച്ച തുടർന്നു.
ആറ് പടങ്ങളും
ഓടിത്തീർന്നപ്പോൾ രാവിലെ ഒമ്പത് മണിയായിരുന്നു. പണം മുടക്കിയതിനാൽ പടങ്ങളെല്ലാം ഉറക്കമിളച്ച്
കണ്ട് ചുവന്ന് വീങ്ങിയ കണ്ണുകളുമായി ഭയ്യമാർ യാത്ര പറഞ്ഞു. കാസറ്റ് ഷോപ്പുകാരൻ വന്ന്
ടി.വി.യും അനുബന്ധ സാധനങ്ങളും എടുത്ത് കൊണ്ട് പോയതോടെ അല്പ നേരത്തെക്ക് തല ചായ്ക്കുവാൻ
എല്ലാവരും തീരുമാനിച്ചു.
ഏതാണ്ട് പതിനൊന്നര
മണിയോടെ ഉറക്കമുണർന്ന മനോജ് എല്ലാവരെയും വിളിച്ചുണർത്തി ഒരു വിളംബരമങ്ങ് നടത്തി... ലാഭം കിട്ടിയ പൈസ കൊണ്ട് നാം എല്ലാവരും സിനിമയ്ക്ക്
പോകുന്നു...! മാറ്റിനി, പിന്നെ ഫസ്റ്റ് ഷോ, അത് കഴിഞ്ഞ് സെക്കന്റ് ഷോ...! എന്ത് പറയണം
എന്നാലോചിച്ച് വരുമ്പോഴേക്കും ബാക്കി ദുഷ്ടമാരെല്ലാം കൂടി ഒരു ദാക്ഷിണ്യവുമില്ലാതെ
ആ തീരുമാനത്തെ പിന്താങ്ങിക്കഴിഞ്ഞിരുന്നു.
അങ്ങനെ നട്ടുച്ചയ്ക്ക്
എല്ലാവരും കൂടി ഒരു കിലോമീറ്റർ നടന്ന് സെന്റ് തോമസ് മൌണ്ട് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ്
കൌണ്ടറിന് മുന്നിൽ എത്താറായപ്പോൾ അതാ വരുന്നു അടുത്ത വിളംബരം. പ്രേമാനന്ദ് വക... “മച്ചാ...
വിത്തൌട്ട് പോയിടലാമാ...?” എന്ന് വച്ചാൽ ടിക്കറ്റെടുക്കാതെ
യാത്ര ചെയ്താലോ എന്ന്...!
“അതെല്ലാം
മുടിയാത്...” പെരുവിരലിലൂടെ മുകളിലേക്ക് കയറിയ
ഭയം മറച്ചു വയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ഇല്ല... ഇന്ന്
നമ്മൾ പോകുന്നത് കള്ളവണ്ടി കയറിയിട്ടാ...” മനോജും അനിലും പ്രേമാനന്ദിന്റെ അഭിപ്രായത്തെ
പിന്താങ്ങി.
“മച്ചാ...
ഒരു ത്രിൽ എല്ലാം വേണ്ടാമാ...?” ജയരാജിന്റെ വക പിരി കയറ്റൽ.
പിന്നെയുള്ള
ഒരു അത്താണിയായ ഷിബുവിനെ ഞാൻ നോക്കി. അച്ചനാവാനും
പെണ്ണു കെട്ടാനും ഞാൻ ഒരുക്കമാ എന്ന മട്ടിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു അവൻ...! ദുഷ്ടൻ...
“ഇല്ല... എന്തു
പറഞ്ഞാലും ശരി ഞാൻ ടിക്കറ്റ് എടുക്കും...” ഞാൻ കൌണ്ടറിന് നേർക്ക് നീങ്ങി.
“ഡാ.. നീയെങ്ങാനും
ടിക്കറ്റെടുത്താൽ...! പിന്നെ ഞങ്ങളുടെയൊപ്പം വരാമെന്ന് വിചാരിക്കണ്ട...!”
ഇതാണ് ഇംഗ്ലീഷ്
ക്ലാസിൽ വി.ജി. നാരായണൻ സാർ പഠിപ്പിച്ച ഡൈലെമ്മ... ദി റോഡ് നോട്ട് ടേക്കൺ... റോബർട്ട്
ഫ്രോസ്റ്റിന്റെ ആ കവിതയുടെ ആശയം ഇപ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്... ആ വഴി പോകണമോ
ഈ വഴി പോകണമോ... ആ വഴി പോയാൽ... ടി.ടി.ഇ പിടിച്ചാൽ... ഹോ... ആലോചിക്കാൻ വയ്യ... ഇനി
ഈ വഴി പോയാൽ... കൂട്ടത്തിൽ കൂടാത്ത കരിങ്കാലി എന്ന മുദ്ര സ്ഥിരമായി ചാർത്തപ്പെടും...
ഒരു എസ്.എഫ്.ഐ.ക്കാരനായ എനിക്ക് കരിങ്കാലി എന്ന വിശേഷണം ചാർത്തപ്പെടുകയോ...! ആലോചിക്കാനേ
വയ്യ...
വിളറി വരണ്ട
എന്റെ മുഖത്ത് അല്പമെങ്കിലും രക്തമയം പ്രത്യക്ഷപ്പെട്ടത് ചെട്ട്പ്പേട്ട് സ്റ്റേഷനിൽ
ഇറങ്ങി പ്ലാറ്റ്ഫോമിൽ നിന്നും തെക്കോട്ടുള്ള റെയിൽപ്പാതയിലൂടെ നടന്ന് റോഡിലെത്തിയപ്പോഴാണ്.
പൂനമല്ലി ഹൈറോഡിലെ ഈഗാ തിയേറ്ററിൽ കളിക്കുന്ന “നഖക്ഷതങ്ങൾ” മാറ്റിനി, പിന്നെ അധികം
അകലെയല്ലാത്ത സംഗം തിയേറ്ററിൽ പ്രദർശനം നടത്തുന്ന “രാം തേരി ഗംഗാ മൈലി” ഫസ്റ്റ് ഷോ,
ഷിബുവിന്റെ ആവശ്യപ്രകാരം ഹൊറർ മൂവിയായ “പോൾട്ടർഗീസ്റ്റ്“ സെക്കന്റ് ഷോ... അതിന് മൌണ്ട്
റോഡിന് സമീപത്തുള്ള കാസിനോ തീയേറ്ററിലെത്തണം. ഇതൊക്കെയാണ് അടുത്ത ഏതാനും മണിക്കൂറുകളിലെ
മിഷൻ ടാർഗറ്റ്.
ഒന്നിന് പിന്നാലെ മറ്റൊന്നിലേക്ക് ഓടിക്കിതച്ചെത്തി ടാസ്കുകൾ ഓരോന്നും
സമയബന്ധിതമായി തീർത്ത് പുറത്തിറങ്ങിയപ്പോൾ സമയം പാതിരാത്രിയായിരിക്കുന്നു. എല്ലാവർക്കും
അതു വരെയുണ്ടായിരുന്ന ആവേശമെല്ലാം ആറിത്തണുത്തത് അപ്പോഴായിരുന്നു. പകൽ സമയത്ത് ഏറ്റവും
തിരക്കേറിയ മൌണ്ട് റോഡ് തീർത്തും വിജനമായിരിക്കുന്നു. പന്ത്രണ്ട് മണി കഴിഞ്ഞതോടെ ബസ്
സർവീസ് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. എഗ്‌മൂറിൽ ചെന്ന് സബർബൻ ട്രെയിൻ പിടിക്കാമെന്ന്
വച്ചാലും രക്ഷയില്ല. പന്ത്രണ്ട് മണിക്കാണ് താംബരത്തേക്കുള്ള ലാസ്റ്റ് ട്രിപ്പ്. ഇവിടെ
നിന്നും GST റോഡ് അഥവാ അണ്ണാ ശാലൈ എന്നറിയപ്പെടുന്ന NH-45 ലൂടെ മൈലുകൾ താണ്ടിയാലേ സെന്റ്
തോമസ് മൌണ്ടിൽ എത്താൻ സാധിക്കൂ... !
“കവലപ്പെടാതെ
മച്ചാ... ഇപ്പടി നേരാ നടന്താൽ പോതും... തേയ്നാംപേട്ട്, നന്ദനം, സെയ്ദാപേട്ട്, ഗിണ്ടി...
അവ്വളവ് താൻ...” പ്രേമാനന്ദ് തന്റെ മദിരാശി
വിജ്ഞാനം പുറത്തെടുത്തു.
എത്ര എളുപ്പം...!
വെറും പതിമൂന്ന് കിലോമീറ്റർ...! പക്ഷേ, എന്തു ചെയ്യാം... വേറെ വഴിയില്ല.... പാമ്പ്
കടിക്കാനായിട്ട്, ഒറ്റ വാഹനം പോലുമില്ല വഴിയിൽ... എല്ലാവരും പരസ്പരം മുഖത്തോട് മുഖം
നോക്കിയിട്ട് എന്നാൽ ശരി, നടക്കാം എന്ന് തീരുമാനിച്ചു.
വിശാലമായ അണ്ണാശാലൈയുടെ
വിജനതയിലൂടെ നടന്ന് നടന്ന് അണ്ണാ ഫ്ലൈ ഓവറിന് മുന്നിൽ എത്തിയപ്പോൾ പ്രേമാനന്ദിന് വീണ്ടും
ജ്ഞാനോദയം.
“മച്ചാ...
ഏൻ ഇതോടെ മേലെ ഏറി പോണം...? ഇപ്പടി വാ... കീഴെ പോകലാം...” പറയുന്നത് വെല്ലൂരുകാരൻ... തമിഴൻ... എന്തിന് സംശയിക്കണം...
മേൽപ്പാലത്തിന് മുകളിലൂടെ നടക്കാമെന്ന ആഗ്രഹം ഉപേക്ഷിച്ച് പുള്ളിക്കാരന്റെയൊപ്പം ഞങ്ങൾ
നടന്നു.
സമയം ഒരു മണി
കഴിഞ്ഞിരിക്കുന്നു. കുളിർകാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു.
പാലത്തിനടിയിലൂടെ നടന്ന് പാലം അവസാനിച്ച് കുറേക്കഴിഞ്ഞിട്ടും തേയ്നാംപേട്ടിൽ എത്തിയിട്ടില്ല...
പ്രേമാനന്ദിന്റെ മുഖത്ത് അല്പം പരിഭ്രമം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അപ്പോഴാണ്
ഒരു കടയുടെ ബോർഡിൽ എഴുതിയിരിക്കുന്നത് പുള്ളി
ശ്രദ്ധിച്ചത് – നുങ്കമ്പാക്കം ഹൈറോഡ്... പാലത്തിനടിയിലൂടെ
നടന്ന ഞങ്ങൾ അറിയാതെ വലത്തോട്ട് തിരിഞ്ഞ് പോകുകയായിരുന്നു...!
“മച്ചാ...
സോറി... ഇത് നുങ്കമ്പാക്കം പോറ വഴി... ഇങ്കെയിരുന്ത് ലെഫ്റ്റ് തിരുമ്പിനാൽ GST റോഡ്
പുടിക്കലാം...”
എനിക്കിനി
എങ്ങോട്ടും നടക്കാൻ വയ്യ എന്ന് പറയണമെന്നുണ്ട്. ഏതാണ്ട് അത് തന്നെയായിരുന്നു മറ്റുള്ളവരുടെ
അവസ്ഥയും എന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ട്. എന്തിന്റെ കേടായിരുന്നു ഞങ്ങൾക്ക്..!
ആദ്ദ്യം കണ്ട
ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നടപ്പ് തുടർന്നു. വിശാലമായ റോഡ് തന്നെ. ഇരുവശത്തും
നല്ല തണൽ മരങ്ങൾ. തണുത്ത കാറ്റ് വീശുന്നത് കൊണ്ട് ക്ഷീണത്തിന് അല്പമൊരാശ്വാസം... അഞ്ച്
മിനിറ്റ് നടന്നു കാണും, പ്രേമാനന്ദ് ഇടിവെട്ടേറ്റവനെപ്പോലെ നിന്നു... പിന്നെ ദയനീയമായി
ഞങ്ങളെ നോക്കി. പിന്നെ ഒരു വശത്തുള്ള കെട്ടിടത്തിലേക്ക് കൈ ചൂണ്ടി.
“ഹനീഫാ ടെക്സ്ടൈൽസ്,
ഉസ്മാൻ റോഡ്, ടി. നഗർ”
മനോജും ഷിബുവും
അതിന് മുന്നിലെ ഫുട്ട്‌പാത്തിൽ ഇരുന്നു. അനിൽ
എന്റെയടുത്ത് വന്ന് ചെവിയിൽ പതുക്കെ പറഞ്ഞു.
“വഴി വീണ്ടും തെറ്റി...”
തമിഴനാണെങ്കിലും
മദിരാശിയിൽ ഒരു പരിചയവുമില്ലാത്ത ജയരാജ് അനന്തതയിലേക്ക്
കണ്ണും നട്ട് നിന്നു.
ആ പാലത്തിന്
മുകളിലൂടെ കയറി പോയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.
“സോറി മച്ചാ...
മന്നിക്കണം... വന്ത വഴിയേ തിരുമ്പി പോകവേണ്ടിയിരുക്ക്...
മറുപടിയും അന്ത ഫ്ലൈ ഓവർ കീഴെ പോയ് ചേരണം... അങ്കെയിരുന്ത് റൈറ്റ് പോകണം...”
സമയം ഒന്നേ
മുക്കാൽ. നായ്ക്കോലം കെട്ടിപ്പോയില്ലേ, കുരച്ചല്ലേ പറ്റൂ... നടക്കുക തന്നെ. ഫ്ലൈ ഓവറിനടിയിൽ
നിന്നും വലത്തോട്ട് തിരിഞ്ഞ് തെയ്നാംപേട്ടിലെത്തിയപ്പോൾ സമയം രണ്ടേകാൽ. പെട്ടെന്നാണ്
പിന്നിൽ നിന്നും വരുന്ന ഒരു വാഹത്തിന്റെ ശബ്ദവും ലൈറ്റും ശ്രദ്ധയിൽ പെട്ടത്. മറ്റൊന്നുമാലോചിച്ചില്ല,
പ്രേമാനന്ദ് കൈ കാട്ടി.
ഭാഗ്യം...
അത് ഞങ്ങൾക്കരികിൽ ചവിട്ടി നിർത്തി. എവിടെയോ ലോഡ് ഇറക്കിയിട്ട് വരുന്ന ഒരു ടിപ്പർ ലോറിയാണ്.
സെന്റ് തോമസ് മൌണ്ട് വരെ ഞങ്ങൾക്ക് ലിഫ്റ്റ് തരാമോ എന്ന പ്രേമാനന്ദിന്റെ താണ് കേണുള്ള
അപേക്ഷ നല്ലവനായ ആ ഡ്രൈവർ ചെവിക്കൊണ്ടു.
“ഫ്രീയാ കൊണ്ടു
പോക മുടിയാത്... പതിനഞ്ച് രൂപാ കൊടുങ്ക...
മട്ടുമല്ലൈ, പിന്നാടി ഏറണം... ഉള്ളെ ഇടമില്ലൈ...”
ഒന്നൊന്നരയാൾ
പൊക്കമുള്ള ആ ടിപ്പറിന്റെ ടയറിൽ ചവിട്ടി ഒരു വിധം പൊത്തിപ്പിടിച്ച് എല്ലാവരും കയറി
ക്യാബിന്റെ പിന്നിലെ അഴികളിൽ പിടിച്ചതും ഡ്രൈവർ വണ്ടി എടുത്തു. വിജനമായ ഹൈവേയിലൂടെ
അതിവേഗം പായുന്ന ലോറിയുടെ ക്യാബിന് പിന്നിൽ മൃഗശാലയിലെ അഴികളിൽ പിടിച്ച് നിൽക്കുന്ന
കുരങ്ങന്മാരെപ്പോലെ ഞങ്ങൾ നിന്നു. വാഹനത്തിന്റെ വേഗതയിൽ മുഖത്തേക്ക് ആഞ്ഞടിക്കുന്ന
ശീതക്കാറ്റിൽ ക്യാബിനു മുകളിലെ മണ്ണും പൊടിയുമെല്ലാം കണ്ണിലേക്കടിച്ചു കയറി.
പതിനഞ്ച് രൂപയും
കൊടുത്ത് ആലന്തൂരിലേക്കുള്ള റോഡിന് മുന്നിൽ ഇറങ്ങി ആദമ്പാക്കത്തേക്ക് നടക്കുമ്പോൾ എന്റെ
മനസ്സിൽ തെല്ലൊരാശ്വാസം തോന്നി. നമ്മുടെ പരിധിയ്ക്കുള്ളിൽ എത്തിയിരിക്കുന്നു. സമയം
മൂന്നു മണിയോടടുക്കുന്നു...!
പോലീസ് സ്റ്റേഷന്റെ
വരാന്തയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന പാറാവുകാരുടെ മുന്നിലൂടെ നടന്ന് അവസാനം വീടിന്
മുന്നിലെത്തിയപ്പോഴാണ് പട്ടത്തിയുടെ കണ്ടീഷനുകളിലൊന്ന് പെട്ടെന്നോർമ്മ വന്നത് – രാത്രി
പത്ത് മണിക്ക് ഗേറ്റ് അടച്ചിരിക്കും...
അതെ... പട്ടത്തി
വാക്ക് പാലിച്ചിരിക്കുന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്... ഗേറ്റ്... അതൊരു പ്രശ്നമല്ല...
ചാടിക്കടക്കാം. പക്ഷേ, വീടിന്റെ മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയർകെയ്സ് സ്ഥിതി ചെയ്യുന്ന
റൂം ഞങ്ങൾ അവിടെ ഇല്ലാത്തത് കൊണ്ട് അവർ പുറമേ നിന്ന് അടച്ച് താഴിട്ട് പൂട്ടിയിരിക്കുന്നു...!
മതിൽ ചാടി
ഉള്ളിൽ കയറുന്നതിന് മുന്നോടിയായി എങ്ങനെ മുകളിലെത്താം എന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു
പിന്നെ. ഈ മൂന്ന് മണി നേരത്ത് വീട്ടുകാരെ വിളിച്ചുണർത്താൻ നിൽക്കാതെ സൺഷേഡിൽ തൂങ്ങി
പിടിച്ച് കയറി മുകളിലെത്താം എന്ന സൊലൂഷനിലാണ് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നത്.
ഓരോരുത്തരായി
മതിൽ ചാടിക്കൊണ്ടിരിക്കവെ എതിർഭാഗത്തെ വീട്ടിൽ താമസിക്കുന്ന ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ
ആൻഡ്രൂസ് സാറിന്റെ വീട്ടിലെ നായ കുരച്ച് തുടങ്ങി. നാശം.. ഇത് പട്ടത്തിയെയും കുടുംബത്തെയും
ഉണർത്തുമെന്നാണ് തോന്നുന്നത്.
കൂട്ടത്തിൽ
ഏറ്റവും ഉയരമുള്ള പ്രേമാനന്ദ് തന്നെയാണ് ആദ്യമായി സൺഷേഡിൽ പിടിച്ച് തൂങ്ങി അതിനു മുകളിൽ
കയറിയത്. പക്ഷേ, അതുകൊണ്ടായില്ലല്ലോ... അവിടെ നിന്നും വീണ്ടും പിടിച്ച് കയറി രണ്ടാം
നിലയുടെ ടെറസിന് മുകളിലെത്തിയാലേ രക്ഷയുള്ളൂ... തേങ്ങയുടെ മൂപ്പ് നോക്കുന്നത് പോലെ
അവൻ രണ്ടു മൂന്ന് വട്ടം മുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു. പിന്നെ ദയനീയമായി പറഞ്ഞു.
“മച്ചാ...
ഇതുക്ക് മേലെ ഏറ മുടിയാത്... അവ്വളവ് ഈസി ഇല്ലൈ... നാൻ കീഴെ വര്‌റേൻ...”
അവൻ അവിടെ
നിന്നും താഴെയിറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കതക് തുറന്ന് പട്ടരും പട്ടത്തിയും
മകൻ സുരേഷും കൂടി പുറത്തേക്കെത്തി നോക്കിയത്... കണ്ടത് മുകളിലേക്ക് നോക്കി നിൽക്കുന്ന
ഞങ്ങളെയും പിന്നെ, നിലം തൊടാതെ സൺഷേഡിൽ തൂങ്ങി നിൽക്കുന്ന പ്രേമാനന്ദിനെയും...!
പട്ടത്തി ഞങ്ങളെ
എല്ലാവരെയും രൂക്ഷമായി ഒന്ന് നോക്കി. പട്ടരാകട്ടെ, സ്റ്റെയർകേയ്സ് റൂമിന്റെ വാതിൽ തുറന്ന്
തന്നിട്ട് ഒന്നും മിണ്ടാതെ തിരികെ വീടിനുള്ളിലേക്ക് കയറിപ്പോയി. ഞങ്ങളെ നോക്കി ഒന്ന്
കണ്ണിറുക്കിയിട്ട് പിന്നാലെ സുരേഷും.
(തുടരും)
വാൽക്കഷണം ...
അന്നത്തെ ആ
ആറാൾ പടയുടെ ചിത്രം ഇതാ നിങ്ങൾക്കായി... ഇത് കാണാൻ സാദ്ധ്യതയുള്ള മനോജും ഷിബുവും ഇപ്പോൾ ഊറിച്ചിരിക്കുന്നുണ്ടാവും...
നിൽക്കുന്നവർ - ഇടത് നിന്ന് : ജയരാജ്, പ്രേമാനന്ദ്, അനിൽകുമാർ.
ഇരിക്കുന്നവർ - ഇടത് നിന്ന് : ഞാൻ, ഷിബു, മനോജ്.
കണ്ടീഷൻ നമ്പർ - 3 ലംഘിക്കപ്പെടുന്നു...
ReplyDeleteസാഹസികമായ സിനിമാ കാണൽ യാത്ര കൊള്ളാം. ബാക്കി കൂടി വരട്ടെ.
ReplyDeleteഅധികം താമസിയാതെ തീർച്ചയായും പ്രതീക്ഷിക്കാം ബിപിൻജീ...
Deleteഅന്ന് അതി ഒരു അനുഭവം മാത്രം ഇന്നോ...? മറ്റാർക്കം ആസ്വദിക്കാൻ കഴിയാത്ത ഒരു കൗമാരകാല ചിത്രങ്ങളിലൊന്ന്. എത്ര മനോഹരമായ ചിത്രങ്ങളായിരുന്നു അവ..!!
ReplyDeleteസത്യമാാണ് സാബു മാഷേ... ആ ഓർമ്മകൾക്ക് തന്നെ മധുരം....
Deleteഎന്ത് രസകരമായ എഴുത്ത്. വാടകയ്ക്ക് വി സി ആര്‍ എടുത്ത് സിനിമകള്‍ കാണുകയും ലാഭം ഉണ്ടാക്കുകയും ആ ലാഭം കൊണ്ട് പിന്നെയും സിനിമ. വിത്തൌട്ട് യാത്ര, ടിക്കറ്റ് എടുക്കാനുള്ള എഴുത്തുകാരന്റെ വിഫല ശ്രമം, വഴി തെറ്റിയത്, നടന്നു വലഞ്ഞത്, കൂട്ടില്‍ കയറിയുള്ള യാത്ര, അങ്ങനെയങ്ങനെ...
ReplyDeleteപഴയകാലത്തേക്ക് നടത്തി.
അതൊക്കെ ഒരു കാലം സുകന്യാജീ... ഇങ്ങിനിയെത്താതെ പോയ്‌മറഞ്ഞ നാളുകൾ...
DeleteNECHATHU BUTTONS OKKE THURANNNU ITTU..
ReplyDeleteANNATHE WAHT A STYLE...!!! ADI POLI
അത് മാത്രമല്ല വിൻസന്റ് മാഷേ... ബെൽബോട്ടവും... :)
Deleteആ ദൂരമത്രയും ഒന്നിച്ച് നടന്നതുപോലെ.. !!
ReplyDeleteലംഘിക്കപ്പെടാൻ ഇനിയുമുണ്ടല്ലോ കൽപനകൾ ബാക്കി... അവയ്ക്കായി കാത്തിരിക്കുന്നു.. ;)
ആറാൾപ്പടയുടെ ചിത്രം കിടു.. ഈ ചുള്ളന്മാരൊക്കെ ഇപ്പോളും വലയത്തിൽ തന്നെയുണ്ടോ?
(തേങ്ങയടിച്ചുകൊണ്ട് ഇന്നലെ രാത്രി തന്നെ കമന്റ്റിട്ടിരുന്നെങ്കിലും എന്തോ കാരണത്താൽ അതിവിടെ വെളിച്ചം കണ്ടില്ല..)
അതെ... ലംഘിക്കപ്പെടാൻ ഇനിയും കല്പനകൾ ബാക്കി...
Deleteആറാൾപ്പടയിൽ രണ്ടുപേരുമായി ഇപ്പോഴും കോൺടാക്റ്റ് ഉണ്ട്... മനോജുമായും ഷിബുവുമായും... അനിലിനെ ഇനി കോഴിക്കോട് പോയി കണ്ടുപിടിക്കണം...
ജിമ്മിച്ചന്‍ പറഞ്ഞതു പോലെ ആ ആറാളുടെയും കൂടെ നടന്നു തീര്‍ത്ത ഒരു ഫീല്‍...
ReplyDeleteപിന്നെ, എന്തെല്ലാമോ ഓര്‍മ്മകളെയും തിരിച്ചു കിട്ടി...
* പന്ത്രണ്ട് ചപ്പാത്തി ഒറ്റയടിയ്ക്ക് തിന്നുന്ന ഭീകരന്മാര്‍ ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു.
* തഞ്ചാവൂരെ താമസക്കാലത്ത് റൂമില്‍ നിന്ന് കോളേജിലേയ്ക്ക് ദിവസവും നാലു കിലോമീറ്റര്‍ വീതം അങ്ങോട്ടും ഇങ്ങോട്ടും നടക്കണമായിരുന്നു.
* ദി റോഡ് നോട്ട് ടേക്കൺ - എനിയ്ക്കും പ്രിയപ്പെട്ട ഒരു കവിതയായിരുന്നു, പ്രീഡിഗ്രിയ്ക്ക് പഠിച്ചിട്ടുണ്ട്
* ടെറസ്സിന്റെ മുകളിലും കോളേജിന്റെ മുറ്റത്തും ഇതേമാതിരി രാത്രി 3 മണിയ്ക്കൊക്കെ ആകാശവും നക്ഷത്രങ്ങളും നോക്കി കിടക്കുന്ന പരിപാടി ഞങ്ങള്‍ക്കുമുണ്ടായിരുന്നു.
* ആവേശത്തോടെ സിനിമ കാണാന്‍ പോയ ശേഷം തിരിച്ച് ബസ്സില്ലാത്തതിനാല്‍ യാതൊരു ആവേശവുമില്ലാതെ ഏന്തി വലഞ്ഞ് വല്ല വിധേനയും റൂമിലെത്തുന്ന പരിപാടി പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്.
- പിന്നെ, ആ ഫോട്ടോയില്‍ വിനുവേട്ടനെ പെട്ടെന്ന് തിരിച്ചറിഞ്ഞ്ഞൂട്ടോ - മറ്റുളളവരെ അറിയില്ലെങ്കിലും ആ ഫോട്ടോ കണ്ടപ്പോള്‍ എന്തോ ഒരു വല്ലാത്ത സന്തോഷം :)
- എല്ലാവരോടും ഞങ്ങള്‍ വായനക്കാരുടെ ആശംസകള്‍ അറിയിയ്ക്കണേ...
ഇത്രയും വിശദമായ ഒരു ഓർമ്മക്കുറിപ്പിൽ വളരെ സന്തോഷം ശ്രീ... ഇത്തവണ നാട്ടിൽ ചെന്നപ്പോൾ ആൽബത്തിൽ നിന്നും ക്യാമറയിലാക്കിയ ചിത്രമായിരുന്നു അത്... അന്നേ തീരുമാനിച്ചതാണ് ആറാൾപ്പടയെ ബൂലോഗർക്ക് മുന്നിലെത്തിക്കണമെന്നത്...
Deleteഭാഗ്യം ഞാനൊക്കെ ആ ആറാൾ പടയിൽ പെടാത്തത് ,
ReplyDeleteആണെങ്കിൽ വിനുവേട്ടൻ മദിറാശീയം എന്നൊരു ത്രില്ലർ നോവലെഴുതിയേനെ ...
കണ്ടീഷൻ നമ്പർ - 3 ലംഘിക്കപ്പെടുത്തിയിട്ട്...
പിന്നെ
പണ്ടത്തെ അചഛന്റെ മുഖഛായ
തന്നേയാണ് ഇന്നത്തെ മോനും ഉള്ളത് കേട്ടോ
മുരളിഭായ് ഉണ്ടായിരുന്നെങ്കിൽ... തീർച്ചയായും അതൊരു സംഭവം തന്നെയാകുമായിരുന്നു... മുൻലക്കത്തിൽ അശോകേട്ടൻ പറഞ്ഞത് പോലെ പട്ടത്തി ചവിട്ടിക്കൂട്ടി എല്ലാത്തിനെയും നാടുകടത്തിയേനെ.... :)
Deleteഇത്തരം വികൃതികളൊക്കെ സിനിമയ്ക്കായി ഞങ്ങളും നടത്തിയിട്ടുണ്ട്. ധീര വീരപരാക്രമങ്ങൾ ...! ഇത് വായിച്ചപ്പോൾ അതെല്ലാം ഓർമ്മ വന്നു.
ReplyDeleteആ കാലഘട്ടത്തിലേക്ക് ഒരിക്കൽക്കൂടി പോകാൻ കഴിഞ്ഞെങ്കിൽ എന്ന് മോഹിച്ചുപോകുന്നു അശോകേട്ടാ...
Deleteസിനിമക്ക് പിന്നാലെ ഇങ്ങിനെ നടന്നിരുന്ന ഒരു കാലം പഴയ തലമുറക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായിരിക്കും..
ReplyDeleteവായിച്ചു ഓർമ്മകൾ അയവിറക്കി...
അതെ മാഷേ... ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി...
Deleteഅതൊക്കെ ഒരു കാലം.
ReplyDeleteബോബേ യിൽ ഇത് പോലെ 5 രൂപ കൊടുത്ത് സിനിമ കണ്ട സംഭവം ഓർ ത്ത് പോയി.
ഓർമ്മകളൊക്കെ പോസ്റ്റുകളായി ഇങ്ങ് പോരട്ടെ ഷാഹിദ്.... വായിച്ച് ഞങ്ങൾക്കും ചിരിക്കാമല്ല്ലോ...
Deleteവിനുവേട്ടാ....ഇതെന്നാ ഓർമ്മയാ??നാലഞ്ച് വർഷം മുൻപ് ബാംഗ്ലൂരൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന സ്ഥലങ്ങളൊക്കെ ഓർക്കണമെങ്കിൽ ഗൂഗിൾ മാപ്പ് നോക്കേണ്ട അവസ്ഥയിലാ ഞാൻ.എങ്ങനെയിതൊക്കെ ഓർത്തിരിയ്ക്കുന്നു?
ReplyDeleteപാതിരാത്രിയ്ക്കുള്ള നടത്തം.ഹോ.ഓർക്കാനും കൂടി വയ്യ.ഞാനാണെങ്കിൽ ആ വഴീലെവിടെയെങ്കിലും കിടക്കുവേ ഉള്ളൂ.
അടുത്ത ബ്ലോഗ് വരുന്നതിനു മുൻപ് അടുത്ത ഭാഗം വരുമോ??
ആ ഇടങ്ങളൊക്കെ ഇന്നും മനസ്സിൽ തെളിഞ്ഞ് നിൽക്കുന്നു... പക്ഷേ, മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നവിടെ എത്തിപ്പെട്ടാൽ ചിലപ്പോൾ ഗൂഗിൾമാപ്പ് നോക്കേണ്ടി വരും... കാരണം അത്രയ്ക്ക് മാറിപ്പോയി ചെന്നൈ എന്നാണ് കേട്ടത്...
Deleteപുതിയ ബ്ലോഗ് തുടങ്ങുന്നതിന് മുമ്പ് അടുത്ത ഭാഗം തീർച്ചയായും എഴുതുന്നതാണ് സുധീ...
മദിരാശീയം എന്ന് ഇംഗ്ലീഷിലെഴുതിയാൽ അക്കൂടെ രണ്ട് അക്ഷരം കൂടി വന്നാൽ ആകെ അർത്ഥം മാറിപ്പോയേനേ!/!/!!!!/!/ഹി.ഹി!
ReplyDeleteഓ, അങ്ങനെ... :)
Deleteഎത്ര രസകരമായ ഓര്‍മകള്‍...!!!
ReplyDeleteഅതാണ് ആ പ്രായത്തിന്‍റെയും ആ സൗഹൃദങ്ങളുടെയും ഒരു ത്രില്ല്.
ആ ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു.!
എഴുത്തിനെക്കുറിച്ച് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ....!!
വളരെ സന്തോഷം കല്ലോലിനി...
Deleteആ കാലമായതോണ്ട് രക്ഷപ്പെട്ടു. ഇന്നോ മറ്റോ ആയിരുന്നെങ്കിൽ വല്ല നൈറ്റ് പെട്രോൾ പോലീസ്കാരും പൊക്കിയെടുത്ത് എല്ലൂരി കൊല് കളിച്ചേനെ...
ReplyDeleteസംഗതി ഞെരിപ്പാണു.. ഫോട്ടമാണ് മാസ്റ്റർ പീസായത്..
സത്യമായിട്ടും അബൂതി... ഇന്നത്തെ കാലത്ത് വല്ലതുമായിരുന്നെങ്കിൽ... !
Deleteഗതകാലസ്മരണകള്‍ രസകരമായി.
ReplyDeleteസിനിമാകൊട്ടകയിലെ പൂഴി കുറെചീത്ത കേള്‍പ്പിച്ചിട്ടുണ്ട് അമ്മയില്‍നിന്ന്.
ഓര്‍മ്മയില്‍ സെക്കന്‍ഡ്ഷോയും,കൂട്ടുകാരും.....
ആശംസകള്‍
മറവിയുടെ കയങ്ങളിലേക്ക് ആഴ്ന്നു പോയിരുന്ന ഓർമ്മകളെ തിരികെയെത്തിച്ചു എന്നറിഞ്ഞതിൽ സന്തോഷം തങ്കപ്പേട്ടാ...
Deleteവളരെ നന്നായി എഴുതിയിരിക്കുന്നു, ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോവാന്‍ എഴുത്തിനു കഴിയുന്നുണ്ട്. വഴിതെറ്റിയത് വായിച്ചപ്പോള്‍ പെട്ടെന്ന് ആടുജീവിതം ഓര്‍മ്മ വന്നു
ReplyDeleteനന്ദി ഷാജിത...
Deleteഅടിപൊളി ആയി. Conditions are formed to break എന്നല്ലേ..ഇനിയും എത്ര ലംഘിക്കപ്പെടാനിരിക്കുന്നു. മദിരാശീയം അഞ്ചും അടുപ്പിച്ച് വായിച്ചിട്ടിപ്പോ സസ്പെൻസ് താങ്ങാൻ വയ്യ.എത്രയും പെട്ടെന്ന് തന്നെ ബാക്കി പോരട്ടെ.. ഈ പ്രായത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ ആണെന്റേത്. അതു കൊണ്ടുതന്നെ ആ ത്രില്ലിൽ വായിച്ചു കൊണ്ടിരിക്കുന്നു :)
ReplyDeleteവളരെ സന്തോഷം കുഞ്ഞുറുമ്പേ... അധികം താമസിയാതെ അടുത്ത ലക്കം പോസ്റ്റ് ചെയ്യുന്നതാണ്...
Deleteവിനുവേട്ടാ ... വളരെ നല്ല എഴുത്തും, അതി മനോഹരമായ വിവരണവും ... ആറാൾ പടയുടെ വീരഗാഥകൾ ഇനിയും കൂടുതൽ അറിയാൻ ആകാംഷയോടെ ,മദിരാശീയം - 6 ഇനു വേണ്ടി ഞാൻ കാത്തിരിക്കുന്നു ... എന്റെ ആശംസകൾ.
ReplyDeleteതീർച്ചയായും ഉടനെ തന്നെയുണ്ടാകും ഷഹീം...
Deleteനേരം വെളുത്താല്‍ പട്ടത്തി നിങ്ങളുടെ സ്ഥാവര വസ്തുക്കള്‍ വെളിയിലെറിഞ്ഞ് എല്ലാവരേയും പുറത്താക്കും. സൂക്ഷിക്കുക.
ReplyDeleteഇല്ല.. ഇല്ല... കണ്ടീഷനുകൾ ഇനിയുമുണ്ടല്ലോ ലംഘിക്കപ്പെടാൻ... വളരെ സന്തോഷം കേരളേട്ടാ ഈ വഴി വന്നതിന്...
Deleteഇതൊക്കെ ചെയ്തിട്ട് "ഞങ്ങള്‍ ഇത്രയേ ചെയ്തുള്ളൂ"ന്ന്‍ ആ പട്ടത്തിയോട് പറഞ്ഞില്ലേ?
ReplyDeleteഹ ഹ ഹ... അതിനാണ് അവർ ഞങ്ങളെ... :)
Deleteഈ വിനുവേട്ടന്റെ ഒരു കാര്യം. വല്ലാത്ത ഒരു സസ്പെൻസിൽ കൊണ്ടുവന്നു് നിർത്തിയില്ലേ?
ReplyDeleteപക്ഷെ 3-ാം നിയമം തെറ്റിച്ചതുകൊണ്ടൊന്നും നിങ്ങളെ ആ വീട്ടീന്നു് പുറത്താക്കും എന്നു് വിശ്വസിക്കാൻ വയ്യ. അതുകൊണ്ടു്, ബാക്കികൂടി വേഗം എഴുതണം.
മൂന്നാം നിയമം തെറ്റിച്ചതു കൊണ്ടൊന്നും ആ വീട്ടിൽ നിന്ന് പുറത്താക്കില്ല എന്ന് ചിതലിന് പെട്ടെന്ന് പിടി കിട്ടിയല്ലേ...? ഊഹം ശരിയാണ് കേട്ടോ... :)
Deleteഈ ലക്കം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് വായിച്ചിട്ട് ഇതിലെ കഥാപാത്രവും എന്റെ ഉറ്റ സുഹൃത്തുമായ മനോജ് എഴുതിയ കമന്റ് ഇതാ...
ReplyDeleteReji, it is amazing that you still remember every minute detail so clearly. Through your wonderful narration , I am living those days again.
Thanks,
O.C.Manoj
ഈ നല്ല വാക്കുകൾക്ക് നന്ദി മനോജ്... മദിരാശീയം തീർച്ചയായും തുടരുക തന്നെ ചെയ്യും... ഇനിയുമുണ്ടല്ലോ കഥകൾ... :)
Deleteഹോ, എന്നാലും ആ നടപ്പ്!!! അതും പാതിരാത്രീൽ!! പൊലീസൊന്നും പിടിക്കാത്തത് നന്നായി
ReplyDeleteമദിരാശിയിലെ പോലീസുകാരൊക്കെ മര്യാദക്കാരാ അജിത്‌ഭായ്... രാത്രിയിൽ ലൈറ്റ് ഇല്ലാതെ സൈക്കിളിൽ വന്നാൽ കാറ്റഴിച്ച് വിടുമെന്ന ഒരു ദ്രോഹം മാത്രമേ അവർ ചെയ്യൂ... അതുകൊണ്ട് ആദമ്പാക്കം പോലീസ് സ്റ്റേഷന് മുന്നിൽ എത്തുമ്പോൾ ഞങ്ങൾ ഇറങ്ങി സൈക്കിൾ ഉരുട്ടിക്കൊണ്ട് വരും... സ്റ്റേഷൻ കഴിയുന്നതും വീണ്ടും ചാടിക്കയറി പറപ്പിക്കും...
Delete