“വിനുവേട്ടാ, തലയിലേക്ക് പോരുന്നോ…?” ഇത്തവണ ഫോണിൽ ആയിരുന്നില്ല. ഇ.മെയിൽ വഴിയായിരുന്നു ജിമ്മിയുടെ ചോദ്യം.
ആദ്യം ഒന്ന് അമ്പരന്നു. തായിഫ് മീറ്റ് കഴിഞ്ഞ് പിരിയുമ്പോൾ ഇനിയും ഇത് പോലെ ഇടയ്ക്കൊക്കെ ഒന്ന് കൂടണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചതാണ്. അന്ന് പിരിഞ്ഞതിന് ശേഷം ഒരു മാസമാകുന്നു. എങ്കിലും ഇതേത് സ്ഥലം…? തല…? ആദ്യമായിട്ടാണ് കേൾക്കുന്നത്.
ഉടൻ തന്നെ ‘റിപ്ലൈ’യിൽ ക്ലിക്ക് ചെയ്തു. കീമാൻ ആക്ടിവേറ്റ് ചെയ്ത് ടൈപ്പ് ചെയ്തു തുടങ്ങി.
“പോരുന്നോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ലെന്ന് അറിയാമല്ലോ… പക്ഷേ, ഈ ‘തല’ എന്ന് പറയുന്ന സംഭവം എന്താണ്…? എന്നാണ് യാത്ര?”
“വെള്ളിയാഴ്ച്ച… ജിദ്ദയിൽ നിന്ന് വടക്ക് കിഴക്ക് ഏകദേശം നൂറ്റിയമ്പത് കിലോമീറ്റർ ദൂരെയാണ് സ്ഥലം. മരുഭൂമിയിലെ ചെറിയൊരു ജനവാസപ്രദേശം…അതിന്റെ പേരാണ് തല…”
ഉടൻ തന്നെ ഹോം മിനിസ്റ്റർ നീലത്താമരയെ വിളിച്ച് ചോദിച്ചു.
“ഞാൻ എപ്പോഴേ റെഡി…” എന്ന മറുപടി വന്നതോടെ കാര്യങ്ങൾക്ക് പെട്ടെന്ന് തന്നെ തീരുമാനമായി.
“ജിമ്മി, അപ്രൂവൽ ആയി… തലയെങ്കിൽ തല… പോകുക തന്നെ. പിന്നെ ഒരു കാര്യം… ഇപ്രാവശ്യത്തെ കപ്പപ്പുഴുക്ക് സ്പോൺസേർഡ് ബൈ വിനുവേട്ടൻ ആന്റ് ഫാമിലി…”
“ഓ.കെ… അപ്പോൾ വെള്ളിയാഴ്ച്ച നമുക്ക് കാണാം…”
രണ്ട് ദിവസമേയുള്ളൂ വെള്ളിയാഴ്ച ആകാൻ. കഴിഞ്ഞ തായിഫ് യാത്രയിലെന്ന പോലെ മാർഗദർശി ജിമ്മിയുടെ സഹപ്രവർത്തകനായ ശ്രീ.ഷംസുദീനാണ്. കണ്ണ് കെട്ടി ജിദ്ദയുടെ പ്രാന്തപ്രദേശങ്ങളിൽ എവിടെ കൊണ്ട് വിട്ടാലും വഴി തെറ്റാതെ തിരിച്ചെത്താൻ ഒരു പ്രത്യേക കഴിവാണ് അദ്ദേഹത്തിനും കുടുംബത്തിനും. ഇനി മീറ്റിങ്ങ് പോയിന്റ്. വെള്ളിയാഴ്ച്ച രാവിലെ എട്ടര മണിക്ക് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലിന് മുന്നിൽ ഞങ്ങൾ രണ്ട് സംഘങ്ങളും എത്തിച്ചേരുക എന്ന കാര്യത്തിലും തീരുമാനമായി.
പൂർവാധികം ഉന്മേഷത്തോടെയാണ് എല്ലാവരും അന്നുണർന്നത്. തലേന്ന് വാങ്ങി വച്ച കപ്പ ഏഴ് മണിയായപ്പോഴേക്കും പ്രാതലിനൊപ്പം റെഡിയായി. എട്ട് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി. വെള്ളിയാഴ്ച്ച ആയത് കൊണ്ട് പാതകൾ വിജനമായിരിക്കും. രാത്രി മുഴുവനും ആർമ്മാദിച്ച് നടന്ന സ്വദേശികളും വിദേശികളും സുഖനിദ്രയിലായിരിക്കും സാധാരണ വെള്ളിയാഴ്ച്ചകളിൽ രാവിലെ പത്ത് മണി വരെയും.
എട്ട് മണിക്ക് ഇറങ്ങാമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും വാതിൽ പൂട്ടി ഇറങ്ങിയപ്പോൾ എട്ടേകാലായി. അല്ലെങ്കിലും ഇതൊക്കെയാണൊ ഒരു ലേറ്റ് എന്ന് പറയുന്നത്. ഏഴും എട്ടും മണിക്കൂറുകൾ… എന്തിന്… ദിവസങ്ങൾ പോലും ലേറ്റ് ആകുന്ന എയർ ഇന്ത്യയെ തോൽപ്പിക്കാൻ ഈ ലോകത്ത് ആർക്കെങ്കിലും കഴിയുമോ?
ഫ്ലാറ്റിന് മുന്നിലെ അക്കേഷ്യാ മരച്ചുവട്ടിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമീപത്ത് ചെന്നപ്പോഴാണ് രാവിലെ തന്നെ പണി കിട്ടിയ കാര്യം മനസ്സിലാക്കിയത്. ആ മരത്തിലെ സ്ഥിരതാമസക്കാരായ ഒരു കൂട്ടം പ്രാവുകളും തത്തകളും തങ്ങളുടെ പ്രഭാത കർമ്മങ്ങൾ സൌകര്യപൂർവം നിർവഹിച്ചിരിക്കുന്നത് വാഹനത്തിന്റെ വിൻഡ് സ്ക്രീനിലാണ്… !
എല്ലാം വൃത്തിയാക്കി പുറപ്പെടുമ്പോൾ സമയം 08:30 . രണ്ട് മിനിറ്റ് കഴിഞ്ഞതും ജിമ്മിയുടെ ഫോൺ. “ഗുഡ് മോണിങ്ങ്… എവിടെയെത്തി…?”
“ദാ… ഞങ്ങൾ എത്തിക്കഴിഞ്ഞു … അഞ്ച് മിനിറ്റ്…”
തിരക്കില്ലാത്ത ദിനമായതിനാൽ 15 മിനിറ്റ് കൊണ്ട് മീറ്റിങ്ങ് പോയിന്റിൽ എത്തിച്ചേർന്നു. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും ഞങ്ങൾ വൈകിയതിൽ ക്ഷമ ചോദിക്കുവാനുള്ള തയ്യാറെടുപ്പുമായി ചുറ്റുപാടും അരിച്ച് പെറുക്കിയെങ്കിലും ജിമ്മിയെയോ ഷംസുവിനെയോ കാണാനായില്ല.
|
ഇത്രയും വലിയ സൈക്കിൽ കണ്ടിട്ടുണ്ടോ? |
“ജിമ്മി, ഞങ്ങൾ എത്തി… എവിടെയാ നിങ്ങൾ നിൽക്കുന്നത്…?”
“അണ്ണനെവിടെയാ നിൽക്കുന്നത്…?”
“ഞങ്ങൾ ഹോസ്പിറ്റലിന്റെ മുന്നിലെ സർവീസ് റോഡിലുണ്ട്…”
“ശരി… ഇതാ അഞ്ച് മിനിറ്റ്… ഞങ്ങൾ എത്തി….”
എട്ടേ മുക്കാൽ മുതൽ ഒമ്പത് വരെയുള്ള അഞ്ച് മിനിറ്റ് ദൈർഘ്യം കടന്ന് പോയിട്ടും രണ്ട് കക്ഷികളുടെയും പൊടി പോലുമില്ല. ഇനി എന്തായാലും ഷംസുവിനെ വിളിച്ച് നോക്കാം.
“അഞ്ച് മിനിറ്റ്… ദാ, ഞങ്ങൾ സാധനങ്ങളൊക്കെ വണ്ടിയിൽ എടുത്ത് വച്ചോണ്ടിരിക്കുവാ…”
ബെസ്റ്റ്…
പക്ഷേ, ഒരു കാര്യം പറയാതെ വയ്യ… ആ അഞ്ച് മിനിറ്റ് അഞ്ച് മിനിറ്റ് തന്നെയായിരുന്നു. കൃത്യം 09:05 ആയപ്പോൾ ജിമ്മിയുടെ ടൊയോട്ട ഹയാസ് വാനും ഷംസുവിന്റെ ടൊയോട്ട എക്കോയും ഞങ്ങളുടെ പിന്നിൽ വന്ന് ഹാജർ വച്ചു.
കഴിഞ്ഞ പ്രാവശ്യത്തെക്കാളും ചുള്ളനായി എല്ലാവരെയും ഞെട്ടിക്കാമെന്ന് കരുതി ടീ-ഷർട്ടും ജീൻസും ധരിച്ച് ഇറങ്ങി ചെന്ന ഞാനാണ് ഞെട്ടിയത്. മുണ്ടുകളുടെ രാജാവായ ബ്രഹ്മോസ് മുണ്ടും ചെക്ക് ഷർട്ടുമായി ഇറങ്ങി വരുന്ന ജിമ്മിയെ കണ്ടിട്ട്. സൌദി അറേബ്യയിൽ മുണ്ട് ധരിച്ച് 150 കിലോമീറ്റർ യാത്രയ്ക്ക് ഇറങ്ങുവാനുള്ള ധൈര്യം കാണിച്ച ജിമ്മിയെ സമ്മതിക്കണം.
തായിഫ് യാത്രയ്ക്ക് ശേഷം ഇപ്പോഴാണ് രണ്ട് പേരെയും വീണ്ടും കാണുന്നത്. കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങളുടെ ഗൈഡ് ഷംസുവിന്റെ വാഹനത്തിന് പിന്നിലായി ‘ചലോ തല” എന്ന വിനോദ യാത്രയുടെ തുടക്കമായി.
|
യാത്ര ഔപചാരികമായി ആരംഭിച്ചിരിക്കുന്നു... |
|
ആരാ ഈ പന്തുകൾ ഈ കമ്പിക്കിടയിൽ കൊണ്ട് വന്ന് വച്ചത്...? |
|
റോഡിന് നടുവിൽ ഒരു കപ്പൽ... |
മക്ക – മദീന എക്സ്‌പ്രസ് ഹൈവേയിലൂടെ വടക്കോട്ട് പ്രയാണം തുടർന്നു. പുതിയ റെയിൽവേ ലൈൻ വരുന്നതിന്റെ മുന്നോടിയായിട്ടാണെന്ന് തോന്നുന്നു, പലയിടങ്ങളിലും ‘ഡീ-ടൂർ എഹെഡ്’ എന്ന ബോർഡ് കാണാം. എയർപോർട്ടിനടുത്ത് എവിടെയോ ആണ് നിർദ്ദിഷ്ട റെയിൽവേ സ്റ്റേഷൻ വരുന്നതെന്ന് കേട്ടിരുന്നു.
|
വീണ്ടും ഡീ-ടൂർ... |
കുറേ ഏറെ ഓടിക്കാണണം. ഗൈഡിന്റെ വാഹനത്തിന്റെ വലത് ഇൻഡിക്കേറ്റർ ചിമ്മിത്തുടങ്ങിയത് ശ്രദ്ധയിൽ പെട്ടു. അതേ, എക്സ്‌പ്രസ് ഹൈവേയോട് തൽക്കാലം വിട പറയുകയാണ്. അധികമകലെയല്ലാതെ ‘ഉസ്ഫാൻ’ എന്ന സ്ഥലത്തേക്കുള്ള എക്സിറ്റ് 500 മീറ്റർ അകലെ എന്ന ബോർഡ് കാണാറായി.
ഉസ്ഫാൻ റോഡിലേക്ക് കയറിയതോടെ ജിദ്ദ നഗരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായി മരുഭൂമിയുടെ നടുവിലൂടെയുള്ള യാത്ര. അവിടവിടെയായി മൊട്ടക്കുന്നുകൾ. സാമാന്യം നല്ല റോഡ്. ഗൈഡിന്റെയും കുടുംബത്തിന്റെയും വാഹനം അത്യാവശ്യം നല്ല വേഗതയിൽ ഞങ്ങളെക്കാൾ ഒരു കിലോമീറ്ററെങ്കിലും മുന്നിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് അര കിലോമീറ്റർ പിന്നിലാണെങ്കിലും ജിമ്മിയുടെ വാഹനം റിയർ വ്യൂ മിററിൽ കാണാൻ സാധിക്കുന്നുണ്ട്.
പെട്ടെന്നാണ് ഫോൺ ചിലച്ചത്. നാശം ... അവധി ദിനമായിട്ടും കമ്പനിയിൽ നിന്നാരെങ്കിലും ആയിരിക്കും എണ്ണിയാൽ തീരാത്ത സംശയങ്ങൾ ചോദിക്കാൻ. മരുഭൂമിയിൽ ട്രാഫിക്ക് പോലീസ് ഇല്ലാത്തതിനാൽ ധൈര്യമായി ഫോൺ എടുത്തു.
ങ്ഹേ... !!! ബിലാത്തിപ്പട്ടണം മുരളിഭായ്... !!!
“വിനുവേട്ടാ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ...?”
“മുരളിഭായ്... ഞങ്ങൾ വീണ്ടും ഒരു മീറ്റിനുള്ള യാത്രയിലാ... നിങ്ങളവിടെ തൃശൂരിൽ പെട്ടെന്നൊരു മീ റ്റ് തട്ടിക്കൂട്ടിയല്ലേ...?”
“ഞാനിവിടെ കുറേ മീറ്റുകളിൽ പങ്കെടുത്തു വിനുവേട്ടാ... നാളെ തിരിച്ച് പോകുകയാണ്... നമ്മുടെ കൊല്ലേരി തറവാടിയെ ഓടിച്ചിട്ട് പിടിച്ചൂട്ടോ...”
പിന്നീട് പറഞ്ഞതൊന്നും വ്യക്തമായിരുന്നില്ല. സിഗ്നൽ വീക്ക് ആയിക്കാണണം... ശേഷം ബിലാത്തിയിൽ വന്നിട്ട് പറയാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.
|
മരുഭൂമിയിലും ചില പച്ചപ്പുകൾ... |
|
മൊട്ടക്കുന്നുകൾ... |
|
നോക്കെത്താ ദൂരത്തേക്ക്... |
നോക്കെത്താദൂരത്ത് പരന്ന് കിടക്കുന്ന മരുഭൂമിക്ക് നടുവിലെ കിടിലൻ റോഡിലൂടെ നൂറ് - നൂറ്റിപ്പത്ത് എന്ന നിലയിൽ പെരുക്കുന്നതിനിടയിലാണത് ശ്രദ്ധിച്ചത്. റിയർ വ്യൂ മിററിൽ നോക്കിയപ്പോൾ ജിമ്മിയുടെ വാഹനം യൂ-ടേൺ എടുത്ത് തിരിച്ച് പോകുന്നു…! ഇതെന്ത് പറ്റി…? വഴി തെറ്റിയതാവാൻ വഴിയില്ല. കാരണം വഴി അറിയുന്ന ആൾ ഷംസു മാത്രമേയുള്ളല്ലോ. അദ്ദേഹമാണെങ്കിൽ നിങ്ങളൊക്കെ വേണമെങ്കിൽ വന്നാൽ മതി എന്ന മട്ടിൽ ഞങ്ങളെ നിർദ്ദാക്ഷിണ്യം പിന്തള്ളിക്കൊണ്ട് ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരിക്കുന്നു.
പതുക്കെ ചവിട്ടി സൈഡാക്കി മൊബൈൽ എടുത്തു.
“എന്ത് പറ്റി ജിം…? എന്താ തിരിച്ച് പോകുന്നത്…?”
“പേടിക്കണ്ട അണ്ണാ… ഒരു പട്ടി വന്ന് ഇടിച്ചു… അതിന് ജീവനുണ്ടോ എന്ന് നോക്കാൻ പോയതാ… പാവം … ചത്തു പോയി…”
സംഭവം അറിഞ്ഞപ്പോൾ പത്നി പറഞ്ഞു. “ഇന്നത്തെ കാലത്ത് ഇതു പോലെ മൃഗങ്ങളോട് സഹാനുഭൂതിയുള്ള ചെറുപ്പക്കാരെ കാണാൻ കിട്ടില്ല... നല്ല പയ്യൻ…”
ജിമ്മിയുടെ വാഹനം വീണ്ടും കണ്ണാടിയിൽ തെളിഞ്ഞപ്പോഴാണ് ആശ്വാസമായത്.
|
പേരിന് ഒരു ചെടി പോലുമില്ല ഈ മലകളിൽ... |
|
ജിമ്മിയുടെ വാഹനം... വഴി അറിയില്ലെങ്കിലും അതിനെ പിന്തുടരാം... |
|
മരുഭൂമിയിലാണെങ്കിലും എന്താ റോഡിന്റെ കണ്ടീഷൻ... |
|
എന്ത് രസമാണീ യാത്ര... |
|
ഞങ്ങളുടെ മകൻ നവീൻ |
ദൂരം കുറേയേറെ താണ്ടിയിരിക്കുന്നു. അല്പമകലെയായി കാണുന്ന പെട്രോൾ പമ്പിന്റെ മുന്നിൽ ഗൈഡിന്റെ വാഹനം ഞങ്ങൾക്കായി കാത്ത് കിടക്കുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്കായി എല്ലാവരും അവിടെ ഇറങ്ങി. വീണ്ടും കുശലാന്വേഷണങ്ങൾ. നഗരത്തിൽ നിന്ന് എത്രയോ അകലെ മലകളും മരുഭൂമിയും നിറഞ്ഞ ഈ പ്രദേശത്തും മനുഷ്യർ എത്തിപ്പെട്ടിരിക്കുന്നു. ഈ റോഡുകളും മറ്റും നിർമ്മിക്കുന്നതിനും എത്രയോ മുമ്പ് തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.
പെട്രോൾ പമ്പിനോട് അനുബന്ധിച്ച മിനി മാർക്കറ്റിലെ മലയാളിക്ക് ഞങ്ങൾ മലയാളികളെ കണ്ടപ്പോൾ സന്തോഷം.
“ഇങ്ങള് ഇവിടെ എങ്ങട്ടേയ്ക്കാ…?”
“തലയിലേക്കാ…”
“അവിടെ പരിചയക്കാരെ കാണാനേരിക്കും ല്ലേ…”
“ഹേയ്… പരിചയക്കാരൊന്നുമില്ല… വെള്ളിയാഴ്ചയല്ലേ… വെറുതെ ഒരു യാത്രക്കിറങ്ങിയതാ… കാഴ്ച്ചകൾ കാണാൻ…” ഗൈഡ് ഷംസു തന്റെ ആകർഷകമായ സംഭാഷണ ചാതുരി പുറത്തെടുത്തു.
“തലയിലിപ്പോ കാണാനും മാത്രം എന്താള്ളേ… അവിട്ന്ന് ഒരു പത്ത് കിലോമീറ്ററും കൂടി പോയാൽ ഒരു സ്ഥലംണ്ട്… ഡാമും വാഴത്തോട്ടവും ഒക്കെണ്ട്…ഖോവാർ എന്ന് പറയും… ”
ങ്ഹേ… ഈ മരുഭൂമിയിൽ അണക്കെട്ടോ… !!! വാഴത്തോട്ടമോ…?
“ജിമ്മിയേ… നമുക്ക് എന്നാൽ അങ്ങോട്ട് വിട്ടാലോ… എന്ത് പറയുന്നു അണ്ണാ… ?”
“ഞങ്ങൾ റെഡി…” വനിതാരത്നങ്ങളും പിന്തുണ പ്രഖ്യാപിച്ചു.
പുതിയ ഡെസ്റ്റിനേഷൻ പറഞ്ഞ് തന്ന പട്ടാമ്പിക്കാരന് നന്ദി പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. പല രൂപങ്ങളിലുമുള്ള കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകളാണ് റോഡിനിരുവശവും. സമയം പന്ത്രണ്ട് മണിയോടടുക്കുന്നു. വിശപ്പ് ചെറുതായി തലപൊക്കി തുടങ്ങിയിരിക്കുന്നു.
|
എവിടെ നോക്കിയാലും ഇത് പോലത്തെ കാഴ്ചകളേയുള്ളൂ... |
‘തല’ എന്ന ചെറു പ്രദേശവും താണ്ടി മുന്നോട്ട്. ജിദ്ദയിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ വഴിയറിയാനുള്ള ബോർഡുകൾ മുഴുവനും അറബിയിൽ മാത്രമായത് കൊണ്ട് ഞങ്ങൾക്കതൊന്നും വായിക്കേണ്ടി വന്നില്ല. ഗൈഡിന് അറബി വായിക്കാനറിയാവുന്നത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ… അല്ലെങ്കിൽ പണി കിട്ടിയേനെ… ഈ മരുഭൂമിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ ഒറ്റപ്പെട്ട് പോയാലത്തെ അവസ്ഥ…
|
മുമ്പേ പോയ ഗൈഡിന്റെ പിന്നാലെ പോകുക തന്നെ... |
|
ഇതെന്താ റോഡിന്റെ നടുക്ക് ഉണ്ടാക്കി വച്ചിരിക്കുന്നത്...? |
|
ഇരുവശവും പരന്ന് കിടക്കുന്ന മണൽ മാത്രം... |
|
കരിമ്പാറക്കെട്ടുകൾ നോക്കൂ... രണ്ട് ആനകൾ മല കയറുന്നത് പോലെയില്ലേ? |
|
പല രൂപങ്ങളിലുള്ള കരിമ്പാറക്കെട്ടുകൾ... |
|
അതാണ് ഞങ്ങളുടെ ഗൈഡ് ഷംസുവിന്റെ എക്കോ... |
എന്തു കൊണ്ടോ… ഖോവാറിലേക്കുള്ള ചൂണ്ടുപലകയിൽ അറബിയോടൊപ്പം ഇംഗ്ലീഷുമുണ്ടായിരുന്നു. ഇടത്തോട്ട് തിരിഞ്ഞ് ഷംസു വണ്ടി സൈഡാക്കിയപ്പോൾ ഞങ്ങളും അത് തന്നെ ചെയ്തു. പരിസരത്തെങ്ങും ഒരു ജീവി പോലുമില്ല. ഡോർ തുറന്ന് പുറത്തിറങ്ങുന്നത് കണ്ട് ഞാനും ഇറങ്ങി അടുത്തേക്ക് ചെന്നു.
“എന്ത് പറ്റി മാഷേ…?”
“എന്റെ മോൻ എന്റെ മോൻ തന്നെയാണെന്ന് തെളിയിച്ചു... വണ്ടിയിൽ വാൾ വച്ചു… നേരത്തെ കണ്ട കടയിൽ നിന്ന് കുറച്ച് സ്ട്രോബെറി മിൽക്ക് വാങ്ങി കൊടുത്തിരുന്നു… അത് പ്രശ്നമായി…”
അപ്പോഴേക്കും ജിമ്മിയും അനീഷും എത്തി. വീണ്ടും കുശലാന്വേഷണങ്ങൾ.
“എന്നാലും ജിമ്മി, നിങ്ങൾ തിരിച്ച് പോയപ്പോൾ ഞങ്ങളൊന്ന് അമ്പരന്നു… എന്തിനായിരുന്നു തിരിച്ച് പോയത്…?”
“അത് പിന്നെ ഫ്രൈ ചെയ്യാൻ കൊള്ളാവുന്നതാണെങ്കിൽ എടുത്ത് വണ്ടിയിലിടാമെന്ന് കരുതി… പക്ഷേ തീരെ ചെറുതായിരുന്നു…”
ങ്ഹേ… !!! പട്ടിയിറച്ചി കഴിക്കുന്ന കൂട്ടത്തിലാണോ ജിമ്മി…? ഫിലിപ്പീനികൾ പട്ടിയിറച്ചി കഴിക്കുമെന്ന് കേട്ടിട്ടുണ്ട്… പക്ഷേ, ജിമ്മി… ഛേ…
“അല്ല, എന്ത് വന്നിടിച്ചെന്നാ പറഞ്ഞത്…?” ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഞാൻ ചോദ്യം എയ്തു.
“ഞാൻ പറഞ്ഞില്ലേ അണ്ണാ… ഒരു പക്ഷി… പക്ഷേ, ഫ്രൈ ചെയ്യാനും മാത്രം വലിപ്പമുണ്ടായിരുന്നില്ല…”
ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ജന്തുജാലങ്ങളോട് സഹാനുഭൂതിയുള്ള പയ്യൻ…
|
മരുഭൂമിയിലെ യാത്രയിൽ വളരെ ശ്രദ്ധിക്കണം ഒട്ടകങ്ങളെ... ഇടിച്ചാൽ പണി കഴിഞ്ഞു... നമ്മുടെ... |
|
ഇവിടെ ഒരു ക്വാറി തുടങ്ങാൻ ലൈസൻസ് കിട്ടിയിരുന്നെങ്കിൽ... |
|
ഒരു വടം കിട്ടിയിരുന്നെങ്കിൽ ... മല കയറാമായിരുന്നൂ.... |
ഷംസുവും കുടുംബവും മകനെ വൃത്തിയാക്കി കഴിഞ്ഞതോടെ ഞങ്ങളുടെ യാത്ര തുടർന്നു. ചെങ്കുത്തായ കയറ്റവും ഇറക്കവും കഴിഞ്ഞപ്പോൾ റോഡ് അവസാനിക്കുന്നതാണ് കണ്ടത്. അവിടവിടെയായി ചെറിയ പാർപ്പിടങ്ങൾ. റോഡ് അവസാനിച്ചിട്ടും ചരൽ പാതയിലൂടെ മുന്നോട്ട് പോകുന്ന ഷംസുവിന്റെ വാഹനത്തെ പിന്തുടരാൻ ഞങ്ങൾ അമാന്തിച്ചു. ഒരു സൈഡിൽ ഒതുക്കി, വഴി തെറ്റിയതിനാൽ തിരിച്ച് വരാൻ പോകുന്ന ഗൈഡിനെ കാത്ത് ഞങ്ങൾ പൊരി വെയിലിൽ ഇരുന്നു.
“നിങ്ങളെവിടെയാ….? വഴിയൊക്കെ ഇത് തന്നെ…. ഡാമും വാഴത്തോട്ടവും ഒക്കെ ഇവിടെയുണ്ട്… ഞങ്ങൾ അതിന് മുന്നിൽ നിൽക്കുകയാ…” ഷംസുവിന്റെ ഫോൺ.
പിന്നെ ഒട്ടും താമസിച്ചില്ല… ഉരുളൻ കല്ലുകൾ നിറഞ്ഞ മൺ പാതയിലൂടെ മുന്നോട്ട്. കഷ്ടിച്ച് അര കിലോമീറ്റർ താണ്ടിയപ്പോൾ കണ്ട കാഴ്ച്ച… !! മുല്ലപ്പെരിയാർ പോലെ ഒരു ഡാമും അതിന്റെ താഴ്വാരവും. ഇടത് വശത്തായി നിറയെ വൃക്ഷലതാതികൾ തലയുയർത്തി നിൽക്കുന്ന തോട്ടം. മരുഭൂവിന് നടുവിൽ തികച്ചും നയനാനന്ദകരമായ കാഴ്ച്ച. കടുത്ത വേനൽ ആയത് കൊണ്ട് ഡാമിൽ വെള്ളമില്ലത്രെ.
ഞങ്ങൾ എത്തിയപ്പോഴേക്കും തോട്ടത്തിന്റെ കാവൽക്കാരനായ സുഡാനിയെ ഷംസു ചാക്കിലാക്കി കഴിഞ്ഞിരുന്നു. ജിദ്ദയിൽ നിന്നും വരുന്ന കുടുംബങ്ങൾക്ക് വിശ്രമിക്കാനായി അദ്ദേഹം ആ തോട്ടം തന്നെ ഞങ്ങളെ ഏൽപ്പിച്ചു. ഒരൊറ്റ വ്യവസ്ഥയിൽ. തോട്ടത്തിലെ ഫലവർഗങ്ങൾ നശിപ്പിക്കരുത്. ശേഷം, തോട്ടം നോക്കാൻ ആളെ കിട്ടിയ ആഹ്ലാദത്തിൽ സുഡാനി തന്റെ വെള്ളിയാഴ്ച്ച ആഘോഷിക്കാനായി എങ്ങോ പോയ് മറഞ്ഞു.
|
ഈ വാഴത്തോട്ടത്തിലൊന്ന് ഓടിക്കളിച്ചാലോ... |
|
ജിമ്മിയുടെ കണ്ണിൽ പെടാതെ പെട്ടെന്ന് സ്ഥലം കാലിയാക്കണം... |
|
ഞങ്ങൾ സൌദിയിലെ വാഴകളാ... |
|
തെങ്ങാണെന്ന് വിചാരിച്ച് ഇങ്ങോട്ടൊന്നും വലിഞ്ഞ് കേറിയേക്കല്ലേ... ഞങ്ങൾ പനകളാ മക്കളേ... |
കേരളത്തിൽ നമ്മുടെയൊക്കെ വീടുകളുടെ പിന്നിലെ തൊടിയിൽ എത്തിപ്പെട്ട പ്രതീതി ആയിരുന്നു ഞങ്ങൾക്കെല്ലാവർക്കും. കുലച്ച് നിൽക്കുന്ന ഈന്തപ്പനകളും വാഴകളും. പപ്പായ മരങ്ങളും നാരകവും കൈയ്പ്പയും എന്ന് വേണ്ട കുറേയധികം ഫലവൃക്ഷങ്ങൾ. തോട്ടത്തിന് പുറത്തുള്ള കിണറ്റിൽ നിന്നാണ് ജലസേചനം. നനഞ്ഞ മണ്ണിന്റെ തണുപ്പിൽ ഓടി നടക്കുന്ന നാലഞ്ച് താറാവുകൾ. മരച്ചില്ലകളിൽ തൂക്കണാം കുരുവികളുടെ നിരവധി കൂടുകൾ. പക്ഷികളുടെ കലപില ശബ്ദം കൊണ്ട് മുഖരിതമായ അന്തരീക്ഷം. ഷംസുവിന്റെ മക്കൾക്കും ഞങ്ങളുടെ മകനും പുതിയൊരു ലോകമായിരുന്നു അത്. ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടത് പോലെ അവർ താറാവുകൾക്ക് പിറകേ ഓടാൻ തുടങ്ങി.
വെട്ടി വൃത്തിയാക്കി മുളക് തേച്ച് കൊണ്ടു വന്ന മത്സ്യം പൊരിക്കുക എന്ന കലാപരിപാടി ഏറ്റെടുത്തു കൊണ്ട് ഷംസു തന്റെ പ്രാവീണ്യം അവിടെയും തെളിയിച്ചു. മേമ്പൊടിയായി പണ്ടെന്നോ നാലാം തരത്തിൽ പഠിച്ച കവിതകളും ഒട്ടും ഓർമ്മപ്പിശകില്ലാതെ ഈണത്തിൽ ചൊല്ലി.
|
മോനേ... കണ്ട് പഠിച്ചോ.. വലുതാകുമ്പോൾ വാപ്പിച്ചിയെപ്പോലെയാകണ്ടേ...? |
|
അതൊന്ന് റെഡിയായിട്ട് വേണം ഒരു തട്ട് തട്ടാൻ... ജിമ്മിയുടെ ആത്മഗതം... |
|
സൌദിയിൽ ഇങ്ങനെ മുണ്ടും മടക്കിക്കുത്തി ... |
ഷംസുവിന്റെയും കുടുംബത്തിന്റെയും വക ചോറും കറികളും ഞങ്ങളുടെ വക കപ്പയും കൂടിയായപ്പോൾ സുഭിക്ഷമായ ശാപ്പാട്. ഇനി ഒന്ന് മയങ്ങിയിട്ടേ ഇവിടുന്ന് എങ്ങോട്ടെങ്കിലുമുള്ളൂ എന്നും പറഞ്ഞ് സൈഡായ കുട്ടപ്പ ബ്ലോഗറേയും കൂട്ടുകാരനേയും പ്രത്യേകം സ്മരിക്കാതെ വയ്യ.
|
ഈ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് കമന്റിലൂടെ അറിയിക്കുന്നവർക്ക് ജിമ്മിയുടെ വക പ്രത്യേക സമ്മാനം ഉണ്ടായിരിക്കും... |
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മനസ്സില്ലാ മനസ്സോടെ അവിടെ നിന്ന് മടക്കയാത്ര ആരംഭിക്കുമ്പോൾ വേറിട്ടൊരു അനുഭവത്തിന്റെ മാധുര്യമായിരുന്നു മനസ്സ് നിറയെ. വൈകുന്നേരം അഞ്ച് മണിയോടെ ജിദ്ദയുടെ വാഹനത്തിരക്കിൽ വീണ്ടും പ്രവേശിച്ചു. ഷംസുവിന്റെയും പത്നിയുടെയും സ്നേഹനിർഭരമായ ക്ഷണം സ്വീകരിച്ച് അവരുടെ വീട്ടിൽ നിന്ന് ചായയും കഴിച്ച് വീണ്ടും കാണാമെന്ന ഉറപ്പോടെ പിരിയുമ്പോൾ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ വിടവാങ്ങലിന് തയ്യാറെടുക്കുകയായിരുന്നു.
വാൽക്കഷണം : ഈ യാത്രയുടെ കൂടുതൽ ചിത്രങ്ങൾ ജിമ്മിയുടെ കുട്ടപ്പചരിതം ബ്ലോഗിൽ കാണാവുന്നതാണ്.